‘ശൈലജയെ ഒഴിവാക്കിയത് തെറ്റായ സന്ദേശം; ഏകാധിപത്യ പ്രവണതകൾ അപകടം’
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ഈ വിഷയത്തിൽ ഇടതുപക്ഷ ചിന്തകനും രാഷ്ടീയ നിരീക്ഷകനുമായ എൻ.എം.പിയേഴ്സൺ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു |pinarayi vijayan government, state cabinet, cpm, ldf, nm pearson, kk shylaja, a vijayaraghavan, udf,
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ഈ വിഷയത്തിൽ ഇടതുപക്ഷ ചിന്തകനും രാഷ്ടീയ നിരീക്ഷകനുമായ എൻ.എം.പിയേഴ്സൺ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു |pinarayi vijayan government, state cabinet, cpm, ldf, nm pearson, kk shylaja, a vijayaraghavan, udf,
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ഈ വിഷയത്തിൽ ഇടതുപക്ഷ ചിന്തകനും രാഷ്ടീയ നിരീക്ഷകനുമായ എൻ.എം.പിയേഴ്സൺ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു |pinarayi vijayan government, state cabinet, cpm, ldf, nm pearson, kk shylaja, a vijayaraghavan, udf,
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. ചരിത്രവിജയമാണ് ഇത്തവണ എൽഡിഎഫ് നേടിയത്. എന്നാൽ സിപിഎം മന്ത്രിമാരെ തീരുമാനിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഉയർന്ന വിമർശനങ്ങളും ഈ നേട്ടങ്ങളുടെ നിറം കെടുത്തുമോ? ഈ വിഷയത്തിൽ ഇടതുപക്ഷ ചിന്തകനും രാഷ്ടീയ നിരീക്ഷകനുമായ എൻ.എം.പിയേഴ്സൺ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.
നിരാശപ്പെടുത്തുന്ന തുടക്കം
ചരിത്രനേട്ടമാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ തുടർഭരണമെന്നതിന് മുഖ്യമന്ത്രി മാത്രം തുടരുകയെന്നാണോ അർഥം? ഈ മന്ത്രിസഭയിൽ കെ.കെ.ശൈലജ ഉണ്ടാകേണ്ടതായിരുന്നില്ലേ? യഥാർഥത്തിൽ ഇടതുമുന്നണിയെ തിരികെയെത്തിച്ച പ്രധാന ഘടകം കോവിഡ് കാലം കൈകാര്യം ചെയ്തതിലുള്ള മികവു തന്നെ ആയിരുന്നു. അതിന്റെ പ്രധാനനേട്ടം ആരോഗ്യ വകുപ്പിനും അതിനു നേതൃത്വം നൽകിയ മന്ത്രി കെ.കെ.ശൈലജയ്ക്കുമാണ്. അവർക്കു മുഖ്യമന്ത്രിയാകാൻ വരെ യോഗ്യതയുണ്ടെന്നു ജനം വിശ്വസിച്ചിരുന്നു.
അതുകൊണ്ട് കെ.ആർ.ഗൗരിയമ്മയ്ക്കും സുശീലാ ഗോപാലനും നേരിട്ട അവഗണന ശൈലജയും നേരിട്ടുവെന്നു ജനം ചിന്തിച്ചെന്നു വരാം. അത് ഒരു ഇടതുപക്ഷ സർക്കാരിനു നല്ലതല്ല. ഇത്തവണ ഭരണത്തുടർച്ചയ്ക്ക് ആദ്യത്തെ ഒരു വർഷമെങ്കിലും അവരുടെ സാന്നിധ്യം ആവശ്യമായിരുന്നില്ലേ? സ്വന്തം നിഴലിനൊപ്പം നിൽക്കുന്നവർ പോലും മന്ത്രിസഭയിൽ ഉണ്ടാകരുതെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നു ജനം കരുതാൻ ഇത് ഇടയാക്കില്ലേ? കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തന്നെക്കാൾ കെ.കെ.ശൈലജ പേരെടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നും അതു കൊണ്ടു തന്നെയാകണം ഇത്തവണ അവരെ മാറ്റി നിർത്തിയതെന്നും ആളുകൾ കരുതാൻ ഇടയുണ്ട്. കോവിഡിന്റെ ഭീതിയിൽ ജനം വലയുമ്പോൾ സത്യപ്രതിജ്ഞയ്ക്ക് കോടികൾ ചെലവഴിക്കേണ്ടതുണ്ടോ? ഈ സമീപനവും നിരാശപ്പെടുത്തുന്നതാണ്.
ആശാസ്യമല്ലാത്ത കാപ്റ്റൻ ശൈലി
ജനാധിപത്യത്തിൽ തികച്ചും ആശാസ്യമല്ലാത്ത ശൈലിയാണു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഘട്ടം മുതൽ പിണറായി വിജയനും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരും പിന്തുടർന്നത്. കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ചത് 200 പേർ വരെ പങ്കെടുത്ത പൊതുയോഗങ്ങളിൽ മാത്രമാണ്. എന്നാൽ ആയിരവും അയ്യായിരവും പേർ പങ്കെടുത്ത യോഗങ്ങൾ ക്യാപ്റ്റൻ പിണറായി വിജയനു വേണ്ടി മാറ്റിവച്ചു. പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ അപമാനിക്കപ്പെട്ടത്. പാർട്ടി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
മന്ത്രിസഭയിലെ ബന്ധു നിയമനം
ഈ മന്ത്രിസഭയിലെ രണ്ടു പുതുമുഖങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദുവും മുഖ്യമന്ത്രിയുടെ മരുമകൻ പി.എ.മുഹമ്മദ് റിയാസുമാണ്. സ്വന്തം നിലയിൽ കഴിവുള്ളവരും പ്രതിഭ തെളിയിച്ചവരുമാണിരുവരും. ഈ ബന്ധുത്വം അവർക്കു ബാധ്യതയാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് മാറിനിൽക്കണമെന്ന ഉന്നതമായ ചിന്തയല്ല അവരെ ഭരിക്കുന്നത്?
ഭരിക്കുന്നത് ഉപദേശികളും ഉദ്യോഗസ്ഥന്മാരും
കഴിഞ്ഞ സർക്കാരിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചത് ഉദ്യോഗസ്ഥരുടെയും ഉപദേശികളുടെയും ഭരണമാണ്. ഇത് ഏറ്റവും കൂടുതൽ കണ്ടതു മുഖ്യമന്ത്രി കൈകാര്യം ചെയ്ത വകുപ്പുകളിലാണ്. വിമർശനവും അഴിമതി ആരോപണവും ഉയർന്നത് ഈ വകുപ്പുകൾക്കെതിരെയാണ്. പൊലീസ് വകുപ്പും ഐ ടി യുമൊക്കെ ഇത്തരത്തിൽ പഴി കേട്ടവയാണ്. ഈ സർക്കാരിനു വെല്ലുവിളിയാകാൻ പോകുന്ന വകുപ്പുകളിലൊന്നു ധനകാര്യമായിരിക്കും. നമ്മുടെ വികസന പ്രവർത്തനങ്ങൾക്കെല്ലാം അത്താണിയായി വിശേഷിപ്പിച്ചത് കിഫ്ബിയാണ്. അതിനെപ്പറ്റി അറിയുന്ന ആരും മന്ത്രിസഭയിൽ ഇല്ല. മുഖ്യമന്ത്രിക്കും അതേപ്പറ്റി അറിയുമെന്നു തോന്നുന്നില്ല. അതു കൊണ്ടു തന്നെ മന്ത്രി ആരായാലും ഒരു വർഷമെങ്കിലും ഉദ്യോഗസ്ഥ ഭരണമായിരിക്കും. തോമസ് ഐസക്കിനെയൊക്കെ ഒപ്പം നിർത്തി ഇതു കൈകാര്യം ചെയ്യാനാകുമോയെന്നാക്കെ കണ്ടറിയണം. അതു പാർട്ടി വിചാരിച്ചാൽ നടക്കും. അതിനിവിടെ പാർട്ടി എവിടെ? കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തിയാലും വലിയ മാറ്റമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ കാര്യത്തിൽ ചെയ്ത പ്രധാന കാര്യം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്നതാണ്. എന്നാൽ അടിസ്ഥാന സൗകര്യം ഒരുക്കൽ മാത്രമല്ല വിദ്യാഭ്യാസം. ആശയങ്ങളെ സമഗ്രമായി മനസ്സിലാക്കി പഠിക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇപ്പോൾ പത്താം ക്ലാസ് പാസായ പല കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിയുണ്ട്. പുതിയ സർക്കാർ അതിനു മാറ്റം വരുത്തണം.
ക്രിയാത്മകമാകണം പ്രതിപക്ഷം
ജനാധിപത്യത്തിൽ ഒരു സർക്കാരിനെ നിയന്ത്രിക്കേണ്ട ചുമതല പ്രതിപക്ഷത്തിനുണ്ട്. പത്രസമ്മേളനം മാത്രമല്ല അതിന്നുള്ള മാർഗം. ക്രിയാത്മകമായി ഇടപെടണം. സർക്കാരിന്റെ തെറ്റു ചൂണ്ടിക്കാട്ടണം. ജനത്തിനിടയിൽ ഇറങ്ങി പ്രവർത്തിക്കണം. കഴിഞ്ഞ തവണ ആദ്യ മൂന്നു വർഷവും പ്രതിപക്ഷം കാര്യമായിട്ടൊന്നും ചെയ്തതായി തോന്നിയിട്ടില്ല.
സ്തുതിപാഠകർ എപ്പോഴും കൂടെയുണ്ടാവില്ല
ഇപ്പോൾ എൽഡിഎഫ് വിജയലഹരിയിലാണ്. വിജയിക്കുന്നവർക്കൊപ്പം ജനമുണ്ടാകും. കഴിഞ്ഞ കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുൾപ്പെടെ ജനത്തിനിടയിൽ പ്രവർത്തിച്ചതിന്റെ നേട്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതു മനസ്സിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടത്. സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ജനം ആഗ്രഹിക്കുന്നില്ല. പിഎസ്‌സി നിയമനങ്ങളും അർഹതയ്ക്കുള്ള അംഗീകാരവും എല്ലാപേരുടെയും അവകാശവും സാമൂഹികനീതിയുമാണ്. അതിനു പകരം പഴയതുപോലെയുള്ള ശൈലിയും ഏകാധിപത്യ പ്രവണതയും തുടർന്നാൽ അപകടമാണ്. ഇപ്പോൾ കൂടെ നിൽക്കുന്നവർ പോലും ഉണ്ടാകില്ല. അത്തരം ഘട്ടത്തിൽ താങ്ങാകേണ്ടത് പാർട്ടി സംവിധാനമാണ്. ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിച്ച് അതിനെ തകർക്കാൻ ശ്രമിക്കരുത്.
English Summary: Special interview with political analyst NM Pearson