കുറുക്കനെപ്പോലെ ഓരിയിട്ട് കൊലപാതകം; എവിടെയാണ് ആ കൊലയാളി ഒളിപ്പിച്ച നിധി?
വശങ്ങളിൽ മൂർച്ചയുള്ള നാണയമാണ് റുമാലിനുള്ളിൽ തിരുകിയിരുന്നത്. ഇരകളുടെ കഴുത്തിൽ ഈ റൂമാൽ മുറുക്കി കഴിഞ്ഞാൽ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. കഴുത്തിന്റെ കൃത്യം മധ്യഭാഗത്താണ് ബേഹ്‌റാമിന്റെ റുമാൽ പിടിമുറുക്കുന്നത്. അവിടെയാണ് റുമാലിൽ ഒളിപ്പിച്ച നാണയം. അത് ഇരയുടെ കഴുത്തിന്റെ മധ്യത്തിൽ... Thug Behram History
വശങ്ങളിൽ മൂർച്ചയുള്ള നാണയമാണ് റുമാലിനുള്ളിൽ തിരുകിയിരുന്നത്. ഇരകളുടെ കഴുത്തിൽ ഈ റൂമാൽ മുറുക്കി കഴിഞ്ഞാൽ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. കഴുത്തിന്റെ കൃത്യം മധ്യഭാഗത്താണ് ബേഹ്‌റാമിന്റെ റുമാൽ പിടിമുറുക്കുന്നത്. അവിടെയാണ് റുമാലിൽ ഒളിപ്പിച്ച നാണയം. അത് ഇരയുടെ കഴുത്തിന്റെ മധ്യത്തിൽ... Thug Behram History
വശങ്ങളിൽ മൂർച്ചയുള്ള നാണയമാണ് റുമാലിനുള്ളിൽ തിരുകിയിരുന്നത്. ഇരകളുടെ കഴുത്തിൽ ഈ റൂമാൽ മുറുക്കി കഴിഞ്ഞാൽ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. കഴുത്തിന്റെ കൃത്യം മധ്യഭാഗത്താണ് ബേഹ്‌റാമിന്റെ റുമാൽ പിടിമുറുക്കുന്നത്. അവിടെയാണ് റുമാലിൽ ഒളിപ്പിച്ച നാണയം. അത് ഇരയുടെ കഴുത്തിന്റെ മധ്യത്തിൽ... Thug Behram History
മലയാളം ഉൾപ്പെടെയുള്ള സിനിമകളിൽ ‘സീരിയൽ കില്ലർ’മാരായ സൈക്കോപാത്തുകൾ വാഴുന്ന കാലമാണ്. ചില സിനിമകളിൽ അത്തരം കൊലയാളികൾക്കു നായക പരിവേഷവുമുണ്ട്. എന്നാൽ ചലച്ചിത്രത്തിനുമപ്പുറം ചരിത്രപുസ്തകങ്ങള്‍ക്കും പറയാനുണ്ട് ചോര മരവിപ്പിക്കുന്ന പരമ്പരക്കൊലയാളികളുടെ യഥാർഥ കഥകൾ. അത്തരമൊരു കഥയാണ് ബേഹ്‌റാം തഗിന്റേത്. ഒരു പക്ഷേ, ബ്രിട്ടിഷ് സർക്കാരിന്റെ രേഖയിൽ പറഞ്ഞിട്ടുള്ള ഏറ്റവും പഴയ സീരിയൽ കൊലയാളിയുടെ കഥ. ഒന്നും രണ്ടുമല്ല, 150 ലേറെ പേരുടെ ജീവനെടുത്തിട്ടുണ്ട് അയാൾ തനിയെ; തോക്കോ കത്തിയോ കല്ലോ ഉപയോഗിച്ചല്ല, വെറും തൂവാല കൊണ്ടായിരുന്നു ബേഹ്റാമിന്റെ കൊലകളെല്ലാം. സ്ലീമാനാബാദിൽനിന്നുതന്നെ തുടങ്ങാം. മധ്യപ്രദേശിലെ ജബൽപുരിനടുത്താണ് സ്ലീമാനാബാദ് എന്ന ഗ്രാമം- ദേശീയപാത 30 ന്റെ ഓരത്ത്. ആ ഗ്രാമവും അവിടെയുള്ള പഴയ വൃക്ഷവും പറയുന്നത് രക്തദാഹിയായ കാളിക്കു വേണ്ടി 150 ലേറെ നിരപരാധികളുടെ ജീവനെടുത്ത തഗ് ബേഹ്‌റാമിന്റെയും അയാളെ തൂക്കിലേറ്റിയ സ്ലീമാന്റെയും കഥകൾ.
ആരാണ് ബേഹ്‌റാം?
18-ാം നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധിയാർജിച്ച പരമ്പരക്കൊലയാളിയാണ് ബേഹ്‌റാം തഗ്. തഗ്ഗുകള്‍ എന്നു പേരെടുത്ത കൊള്ളസംഘ പരമ്പരയിൽപ്പെട്ട കുപ്രസിദ്ധൻ. 931 പേരെ കൊലപ്പെടുത്തിയ കൊള്ളസംഘത്തിന്റെ തലവൻ. ബേഹ്‌റാം സീരിയൽ കൊലയാളിയാണെന്നതു മാത്രമല്ല ഒരു സൈക്കോപാത്തുമാണെന്നതാണ് കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അയാളെ അത്രയേറെ കുപ്രസിദ്ധനാക്കുന്നത്. 1765 ൽ മധ്യപ്രദേശിലെ ജബൽപുരിന് അടുത്ത ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലാണു ബേഹ്റാമിന്റെ ജനനം. ചെറുപ്പത്തിലേ അന്തർമുഖനായിരുന്നു ബേഹ്‌റാം. നാണം കുണുങ്ങിയായ ബേഹ്‌റാമിനു സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. മറ്റുള്ളവർ തന്റെ കാര്യത്തിൽ ഇടപെടുന്നതും അവന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ആളുകൾ എല്ലാം ഈ കൗമാരക്കാരനെ വെറുത്തു. അവിടെനിന്നാണ് സീരിയൽ കൊലയാളിയിലേക്കുള്ള ബേഹ്റാമിന്റെ മാറ്റം.
അലിയുമൊത്ത് ‘കൊള്ളക്കൂട്ട്’
ഗ്രാമത്തിൽ ഇടയ്ക്കിടെ വന്നു പോയിരുന്ന സയദ് അമീർ അലി എന്ന കൊള്ളത്തലവനുമായി ബേഹ്‌റാം അടുത്തു. അന്നു തഗുകളുടെ നേതാവായിരുന്നു അലി. ഗ്രാമത്തിൽ എല്ലാവരെയും വെറുപ്പിച്ചുള്ള ജീവിതത്തിൽ ബേഹ്‌റാമിനൊരു പിടിവള്ളിയായിരുന്നു അലിയുമായുള്ള കൂട്ട്. അവന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായതും ആ കൂടിക്കാഴ്ചയായിരുന്നു. ഇരുവരും തമ്മിൽ 25 വയസ്സിന്റെ വ്യത്യാസമുണ്ട്. എങ്കിലും ഇണപിരിയാനാകാത്ത സുഹൃത്തുക്കളായി. പത്താം വയസ്സിൽത്തന്നെ ആദ്യ കൊലപാതകം നടത്തിയെന്നാണ് അന്നത്തെ ബ്രിട്ടിഷ് സർക്കാരിനു ബേഹ്‌റാം നൽകിയ മൊഴി. അങ്ങനെ നാട്ടുകാർക്കെല്ലാം പേടി സ്വപ്‌നമായി അയാൾ വളർന്നു.
തൂവാലകൊണ്ട് ജീവനെടുത്തവൻ
25–ാം വയസ്സിൽ ബേഹ്റാം കൊള്ളസംഘത്തിന്റെ നേതൃനിരയിലെത്തി. കൈയിൽ കരുതിയിരുന്ന മഞ്ഞ റുമാലും (തൂവാല) അതിലൊളിപ്പിച്ച നാണയവും കൊണ്ട് ബേഹ്‌റാം എടുത്തത് നിരവധി ജീവനുകളാണ്. വശങ്ങളിൽ മൂർച്ചയുള്ള നാണയമാണ് റുമാലിനുള്ളിൽ തിരുകിയിരുന്നത്. ഇരകളുടെ കഴുത്തിൽ ഈ റുമാൽ മുറുക്കിക്കഴിഞ്ഞാൽ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. കഴുത്തിന്റെ കൃത്യം മധ്യഭാഗത്താണ് ബേഹ്‌റാമിന്റെ റുമാൽ പിടിമുറുക്കുന്നത്. അവിടെയാണ് റുമാലിൽ ഒളിപ്പിച്ച നാണയം. അത് ഇരയുടെ കഴുത്തിന്റെ മധ്യത്തിൽ (ആഡംസ് ആപ്പിളിൽ) ഉറയ്ക്കും. എത്ര കരുത്തനെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞുവീഴും ബേഹ്‌റാമെന്ന തന്ത്രശാലിയുടെ ശക്തിക്കു മുന്നിൽ. 931 പേരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബേഹ്‌റാം മൊഴി നൽകിയിരുന്നു. അതിൽ നൂറ്റിഅൻപതോളം കൊലകൾ നേരിട്ടാണു ചെയ്തത്.
സ്ത്രീകളെ കൊല്ലില്ല
വ്യാപാരികളുടെയും സഞ്ചാരികളുടെയും തീർഥാടകരുടെയും സംഘത്തെയാണ് തഗുകൾ പ്രധാനമായും ഉപദ്രവിച്ചിരുന്നത്. സ്ത്രീകൾ, കുട്ടികൾ, മുസ്‌ലിം സൂഫികൾ, പാവങ്ങൾ, സംഗീതജ്ഞർ, കുഷ്ഠരോഗികൾ, വിദേശികൾ എന്നിവരെ ഉപദ്രവിക്കില്ല. ഇന്നത്തെ ഇന്ത്യയുടെ മധ്യഭാഗത്തെ കാടുകളും മലകളും കേന്ദ്രീകരിച്ചായിരുന്നു ബേഹ്‌റാമിന്റെ സംഘത്തിന്റെ താവളം. ബ്രിട്ടിഷ് ഇന്ത്യയിലെ ഔധ് (അവധ്) മേഖലയാണ് ഇന്നത്തെ ഇന്ത്യയുടെ ഹൃദയം. അവിടെയാണ് ബേഹ്‌റാമും സംഘവും തേർവാഴ്ച നടത്തിയത്. ഏകദേശം 200 പേരാണ് ബേഹ്‌റാമിന്റെ സംഘത്തിലുണ്ടായിരുന്നത്. ആർക്കും പിടികൊടുക്കാതെയാണ് ഇവരുടെ യാത്ര. കോഡ് ഭാഷയിലാണ് ആശയവിനിമയം. ഇരകളെ വിശേഷിപ്പിച്ചിരുന്നത് ‘റാമോസ്’ എന്ന പേരിലും. നാലു വശവും കാണാവുന്ന മലകളുടെ മുകളിലാണ് ഇവർ ഇരിപ്പുറപ്പിച്ചിരുന്നത്. താഴ്‌വാരത്തിലെ ഗ്രാമങ്ങളിലുള്ളവരുടെ സഹായവും ഇവർക്കുണ്ടായിരുന്നു.
വ്യാപാരികളുടെയും മറ്റും സംഘങ്ങളിലേക്ക് വേഷപ്രച്ഛന്നരായി കടന്നു ചെല്ലുന്നതാണ് തഗ് സംഘത്തിന്റെ രീതി. പിന്നീട് വ്യാപാരികളുടെ വിശ്വാസം പിടിച്ചുപറ്റും. രാത്രിയിൽ അവർ ഉറങ്ങുമ്പോൾ കുറുക്കന്റെ ശബ്ദത്തിൽ കരഞ്ഞ് ബേഹ്റാമിനെയും മറ്റു സംഘാംഗങ്ങളെയും വിവരം അറിയിക്കും. പിന്നീടാണ് അരുംകൊല. മൃതദേഹങ്ങളെല്ലാം ഏതെങ്കിലും കിണറ്റിലോ ഗർത്തത്തിലോ തള്ളും. ചിലപ്പോഴൊക്കെ ബ്രിട്ടിഷ് സൈനിക സംഘങ്ങളെയും ബേഹ്റാമിന്റെ സംഘം ലക്ഷ്യമിട്ടു. അതോടെയാണ് ഈസ്റ്റിന്ത്യാ കമ്പനി ഉണർന്നു പ്രവർത്തിച്ചത്. തഗുകളെക്കുറിച്ച് അന്വേഷിക്കാനും വിവരം ശേഖരിക്കാനും മാത്രമായി ജയിംസ് പാറ്റൺ എന്ന ഓഫിസറെത്തന്നെ അവർ നിയോഗിച്ചു.
ബ്രിട്ടിഷുകാർക്കും പേടിസ്വപ്നം
പാറ്റണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തഗുകളെ നേരിടാൻ ബ്രിട്ടിഷ് പൊലീസ് തീരുമാനിച്ചത്. ബേഹ്‌റാമിനെ പിടികൂടാൻ പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിച്ചു. ഇങ്ങനെ നിയമിച്ച 5 ഉദ്യോഗസ്ഥർക്കും ബേഹ്‌റാം മറുപടി നൽകിയത് തന്റെ റുമാൽകൊണ്ട്. ഈ ഉദ്യോഗസ്ഥരുടെ അതിദാരുണ മരണം ബേഹ്‌റാമിന് ഇംഗ്ലണ്ടിലും പേരുണ്ടാക്കി. അങ്ങനെയാണ് ബേഹ്‌റാമിനെ പൂട്ടാൻ മുൻ സൈനികനായ വില്യം ഹെൻറി സ്ലീമാൻ നിയോഗിക്കപ്പെട്ടത്. നർസിങ്പുർ ജില്ലാ മജിസ്‌ട്രേറ്റായാണ് സ്ലീമാൻ ഇന്ത്യൻ ജീവിതം തുടങ്ങിയത്. ബേഹ്‌റാമിനെ പിടികൂടാനുള്ള പൂർണ സ്വാതന്ത്ര്യം ഗവർണർ ജനറലായിരുന്ന വില്യം ബെൻറിക് നൽകിയതോടെ സ്ലീമാനും കൂടുതൽ കരുത്താർജിച്ചു.
ബേഹ്റാമിന്റെ ‘ഗുരു’ സയദ് അമീർ അലിയെ കുറിച്ചുള്ള വിവരങ്ങൾ സ്ലീമാൻ സമാഹരിച്ചു. തുടർന്നു നടന്ന റെയ്ഡിൽ അലിയുടെ കുടുംബാംഗങ്ങളെ അറസ്റ്റു ചെയ്തു. ഇതോടെ കുരുക്കിലായ അലിയാണ് ബേഹ്‌റാമിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. കൂടാതെ, ബേഹ്‌റാം എന്ന കൊള്ളക്കാരുടെ ചക്രവർത്തിക്ക് എതിരായ കേസിൽ അലി മാപ്പുസാക്ഷിയുമായി. 1838 ലാണ് ബേഹ്‌റാമും സംഘവും അറസ്റ്റിലായത്. തുടർന്നു നടന്ന വിചാരണയിൽ കൊലപാതക കഥകൾ ഓരോന്നായി പുറത്തെത്തി. 1840ൽ ബേഹ്‌റാമിനെയും സംഘത്തെയും തൂക്കിലേറ്റി. വധശിക്ഷ നടപ്പാക്കിയ വലിയ വൃക്ഷം ഇന്നും ജബൽപുർ ദേശീയപാതയുടെ ഓരത്തുണ്ട്. തൂക്കിലേറ്റുമ്പോൾ ബേഹ്റാമിന് പ്രായം 75 വയസ്സ്.
കാളിക്കു വേണ്ടി ഈ കൊലകൾ
പ്രത്യേക രീതിയിൽ പ്രവർത്തിക്കുന്ന കൊള്ള സംഘമാണ് തഗുകൾ. 14-ാം നൂറ്റാണ്ടിലാണ് തഗുകളെ ലോകം അറിഞ്ഞു തുടങ്ങിയത്. തഗുകളുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനിയാണ് ബേഹ്‌റാം. ഏറ്റവും കൂടുതൽ അരുംകൊലകൾ നടത്തിയാണ് ബേഹ്‌റാം പേരെടുത്തത്. കൊള്ളസംഘത്തോടൊപ്പം ചേർന്നു വൈകാതെതന്നെ ‘തഗുകളുടെ രാജാവ്’ എന്ന പേരും ബേഹ്റാം സ്വന്തമാക്കിയിരുന്നു. ഓരോ കൊള്ളയുടെയും പങ്ക് കാളീദേവിക്കു സമർപ്പിക്കുന്നതാണ് തഗുകളുടെ രീതി. എന്നാൽ, സയിദ് അമീർ അലിയും അദ്ദേഹത്തിന്റെ അരുമ ശിഷ്യൻ ബേഹ്‌റാമുമാണ് കൊള്ളയ്‌ക്കൊപ്പം കൊലയെയും തഗുകളുടെ രീതിയിൽ ചേർത്തത്. രക്തദാഹിയായ കാളീദേവിക്കുള്ള നിവേദ്യമാണ് ഓരോ ഇരയുടെയും ജീവനെന്നാണ് ഇരുനേതാക്കളും അവകാശപ്പെട്ടിരുന്നത്.
ബേഹ്‌റാമിനെ തൂക്കിലേറ്റിയ ഗ്രാമത്തിന് വില്യം ഹെൻറി സ്ലീമാന്റെ പേരാണ് അധികൃതർ നൽകിയത്–സ്ലീമാനാബാദ്. ഇന്നും മാറ്റമില്ല ആ പേരിന്. ആ ഗ്രാമത്തിലെ കാറ്റിൽ പോലും അലയുന്നുണ്ട് ഇന്നും ബേഹ്‌റാമിന്റെയും സ്ലീമാന്റെയും സാഹസിക കഥകൾ. ഒന്നുകൂടിയുണ്ട്. ബേഹ്റാമും സംഘവും കൊള്ളയടിച്ച സ്വർണവും വെള്ളിയും രത്നവുമൊന്നും ഇന്നേവരെ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. ചോരയുടെ മണമുള്ള ആ നിധി എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നും അജ്ഞാതം!
English Summary: Story of Thug Behram, the Handkerchief Serial Killer of British India