‘അവർ കോടികൾ പ്രതീക്ഷിച്ചു; പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിൽക്കാൻ വരെ പറഞ്ഞു’
സിനിമാതാരമായതു കൊണ്ടു ഞാൻ കോടിക്കണക്കിനു രൂപയുമായി മത്സരിക്കാൻ വരുന്നു എന്നാണ് ചിലർ വിചാരിച്ചത്. ഞാനൊരു സാധാരണ സിനിമാക്കാരനാണ്. എനിക്ക് കോടികളൊന്നും ചെലവഴിക്കാൻ സാധിക്കില്ല. പക്ഷേ ഒരു തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള പണം ചെലവാക്കിയിട്ടുണ്ട്. പണം കുറേ ചെലവാകും എന്നു പറഞ്ഞു... Dharmajan Bolgatty
സിനിമാതാരമായതു കൊണ്ടു ഞാൻ കോടിക്കണക്കിനു രൂപയുമായി മത്സരിക്കാൻ വരുന്നു എന്നാണ് ചിലർ വിചാരിച്ചത്. ഞാനൊരു സാധാരണ സിനിമാക്കാരനാണ്. എനിക്ക് കോടികളൊന്നും ചെലവഴിക്കാൻ സാധിക്കില്ല. പക്ഷേ ഒരു തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള പണം ചെലവാക്കിയിട്ടുണ്ട്. പണം കുറേ ചെലവാകും എന്നു പറഞ്ഞു... Dharmajan Bolgatty
സിനിമാതാരമായതു കൊണ്ടു ഞാൻ കോടിക്കണക്കിനു രൂപയുമായി മത്സരിക്കാൻ വരുന്നു എന്നാണ് ചിലർ വിചാരിച്ചത്. ഞാനൊരു സാധാരണ സിനിമാക്കാരനാണ്. എനിക്ക് കോടികളൊന്നും ചെലവഴിക്കാൻ സാധിക്കില്ല. പക്ഷേ ഒരു തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള പണം ചെലവാക്കിയിട്ടുണ്ട്. പണം കുറേ ചെലവാകും എന്നു പറഞ്ഞു... Dharmajan Bolgatty
കോഴിക്കോട്∙ രണ്ട് കോൺഗ്രസ് നേതാക്കൾ ചേർന്നു തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തെന്നു ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന നടൻ ധർമജൻ ബോൾഗാട്ടി കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. ഈ രണ്ടു നേതാക്കൾ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും ധർമജൻ ആരോപിച്ചിരുന്നു. ‘എഐസിസി, കെപിസിസി ഫണ്ടുകളും ഞാൻ നൽകിയ പണവും മാത്രമാണ് തിരഞ്ഞെടുപ്പിന് ചെലവാക്കിയത്. അപ്പോൾ പിരിച്ച പണമെവിടെ? ഞാൻ നൽകിയ പണവും താഴേത്തട്ടിൽ എത്തിയിട്ടില്ലെന്നു പരാതിയുണ്ട്. ആദ്യം എനിക്കെതിരെ കള്ള ഒപ്പിട്ടു പരാതി അയച്ചതും ഇവർ തന്നെ...’– വിവാദത്തെപ്പറ്റി മനോരമ ഓൺലൈനോട് ധർമജൻ സംസാരിക്കുന്നു.
തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ വിഷമമാണോ ഈ പരാതിയുടെ പിന്നിൽ?
ഒരിക്കലുമല്ല. തോൽവി എന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സ്ഥാനാർഥിയും സിനിമാക്കാരനും ആകുന്നതിനു മുൻപ് ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായിരുന്നു ഞാൻ. അന്നു തിരഞ്ഞെടുപ്പുകളിൽ പണിയെടുത്തത് പണം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. അതുകൊണ്ടാണ് മനഃപ്രയാസം. ബാലുശ്ശേരിയിലെ പണപ്പിരിവിന്റെ കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഞാൻ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. പിന്നെയും ഒരു മാസം കഴിഞ്ഞല്ലേ ഫലം വന്നതും ഞാൻ തോറ്റതുമെല്ലാം. ഇപ്പോൾ ആ പരാതി രേഖാമൂലം നൽകിയെന്നേയുള്ളു. തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നെങ്കിലും ഞാൻ ഈ പരാതി നൽകുമായിരുന്നു. കാരണം എനിക്ക് അത്രയേറെ മനഃപ്രയാസമുണ്ടായി.
രണ്ടു കോൺഗ്രസ് നേതാക്കൾ മാത്രമാണോ ഈ മനഃപ്രയാസത്തിനു കാരണം?
രണ്ടു കോൺഗ്രസ് നേതാക്കളും അവരുടെ കൂടെയുള്ള ചിലരുമാണ് ബാലുശ്ശേരിയിൽ എനിക്കെതിരെ നീങ്ങിയത്. ഞാൻ സ്ഥാനാർഥിയാകുന്നു എന്നു വാർത്ത വന്നപ്പോൾ യുഡിഎഫിന്റെ മണ്ഡലം ചെയർമാൻ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ യുഡിഎഫ് മണ്ഡലം കൺവീനർ ഒപ്പിട്ടില്ല, പരാതിയിൽ ഉള്ളത് തന്റെ ഒപ്പല്ലെന്നും മണ്ഡലം കൺവീനർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലം ചെയർമാൻ തന്നെയാണ് വ്യാജ ഒപ്പിട്ടത്. ഇതേ വ്യക്തിയാണ് പിന്നീട് എന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയത്. തോൽക്കാൻ വേറെ കാരണം വേണോ? മണ്ഡലത്തിലെ കെപിസിസി സെക്രട്ടറിയുടെ പിന്തുണയും ഇയാൾക്കുണ്ടായിരുന്നു. ഇവർക്ക് മറ്റൊരാളെ സ്ഥാനാർഥിയാക്കാൻ ആഗ്രഹമുണ്ടായിരുന്നു. ആ വ്യക്തി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നു പൂർണമായും വിട്ടുനിന്നു.
ബാലുശ്ശേരിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് കുറവായിരുന്നു എന്നൊരു ആക്ഷേപമുണ്ട്?
സിനിമാതാരമായതു കൊണ്ടു ഞാൻ കോടിക്കണക്കിനു രൂപയുമായി മത്സരിക്കാൻ വരുന്നു എന്നാണ് ചിലർ വിചാരിച്ചത്. ഞാനൊരു സാധാരണ സിനിമാക്കാരനാണ്. എനിക്ക് കോടികളൊന്നും ചെലവഴിക്കാൻ സാധിക്കില്ല. പക്ഷേ ഒരു തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള പണം ചെലവാക്കിയിട്ടുണ്ട്. പണം കുറേ ചെലവാകും എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താനാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോൾ ഈ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. പ്രചാരണം തുടങ്ങിയപ്പോൾ നിരന്തരം പണം ആവശ്യപ്പെട്ടു. ഒരു സിനിമാതാരത്തിന്റെ കയ്യിൽനിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാൽ പോരേ എന്നാണ് ഒരു നേതാവ് ചോദിച്ചത്. എന്നാൽ ഞാൻ ഒരാളുടെ കയ്യിൽനിന്നും തിരഞ്ഞെടുപ്പിനായി പണം വാങ്ങിയിട്ടില്ല. പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റു പണം നൽകാൻ വരെ അവർ എന്നോടു പറഞ്ഞു.
പിരിച്ചെടുത്ത പണം നേതാക്കൾ കൈക്കലാക്കി എന്നായിരുന്നല്ലോ പ്രധാന പരാതി. ഇത് തിരഞ്ഞെടുപ്പിൽ ചെലവഴിച്ചിട്ടില്ല എന്നുറപ്പാണോ?
എഐസിസി, കെപിസിസി ഫണ്ടുകളും ഞാൻ നൽകിയ പണവും മാത്രമാണു തിരഞ്ഞെടുപ്പിൽ ചെലവാക്കിയത്. 4 എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ മണ്ഡലത്തിൽ പ്രധാന നേതാക്കൾ ഇരുന്നാണ് തിരഞ്ഞെടുപ്പിന്റെ ബജറ്റ് തയാറാക്കിയത്. ഈ തുകയിൽ എഐസിസി, കെപിസിസി ഫണ്ട് കഴിച്ചുള്ള തുക ഞാനാണ് നൽകിയത്. പിരിച്ച പൈസ ഒരിടത്തും ചെലവാക്കിയില്ല. ഞാൻ കൊടുത്ത പൈസ പോലും ബൂത്ത് കമ്മിറ്റികൾക്കു ലഭിച്ചിട്ടില്ലെന്ന് പിന്നീട് അറിഞ്ഞു. ഫണ്ട് എത്താത്തതുകൊണ്ട് ചില ബൂത്തുകളിൽ പ്രവർത്തനം നടന്നിട്ടില്ല.
തിരഞ്ഞെടുപ്പിന് ആവശ്യത്തിന് ഫണ്ട് ഉണ്ടായിരുന്നെങ്കിൽ പിന്നെ പിരിവ് എന്തിനായിരുന്നു?
ഞാൻ ഒരാളുടെ കയ്യിൽനിന്ന് തിരഞ്ഞെടുപ്പിനായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഞാൻ മറ്റൊരു ജില്ലയിൽനിന്നു വന്നയാളാണ്. ഇവിടെ പ്രാദേശിക ബന്ധങ്ങളില്ല. മുൻ തിരഞ്ഞെടുപ്പുകൾക്കെല്ലാം നേതൃത്വം നൽകിയിരുന്നത് ഈ കെപിസിസി സെക്രട്ടറിയായിരുന്നു. എവിടെ നിന്നെല്ലാമാണ് പാർട്ടിക്ക് സംഭാവന ലഭിക്കുക എന്ന് അദ്ദേഹത്തിനാണ് അറിയുക. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എന്റെ പേരിൽ പണപ്പിരിവ് നടത്തിയത്. ഇതിൽ നിന്ന് ഒരു രൂപ പോലും തിരഞ്ഞെടുപ്പിന് ചെലവാക്കിയിട്ടില്ല എന്നുറപ്പാണ്.
തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ചും പരാതികളുണ്ടായിരുന്നു?
തിരഞ്ഞെടുപ്പ് ഫണ്ട് വീതംവയ്ക്കൽ മാത്രമായിരുന്നു കമ്മിറ്റി ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചതിനു ശേഷം ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ല. ദിവസേനയുള്ള അവലോകനമോ, പ്ലാനിങ്ങോ നടന്നിട്ടില്ല. സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്ത് തയാറാക്കാൻ പോലും കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. ആദ്യത്തെ 3 ദിവസത്തെ പര്യടനത്തിൽ പല സ്ഥലങ്ങളും ഒഴിവായതായി പരാതിയുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ അടുത്ത ദിവസം മുതൽ ശരിയാക്കാം എന്നായിരുന്നു മറുപടി. എന്നാൽ പിറ്റേദിവസം മുതൽ പര്യടനമേ വേണ്ടെന്നുവച്ചു. പകരം കുടുംബസംഗമങ്ങൾ മാത്രമായി. പാർട്ടി പ്രവർത്തകർ മാത്രമാണ് കുടുംബസംഗമങ്ങളിൽ പങ്കെടുക്കുക. അതു കൊണ്ടു മറ്റു ജനങ്ങളുമായി ഇടപഴകാനോ വോട്ടർഭ്യർഥിക്കാനോ സാധിച്ചില്ല.
കോൺഗ്രസ് നേതൃത്വവും തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയോട് അവഗണന കാണിച്ചോ?
രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് ജില്ലയിൽ പ്രചാരണത്തിനു വന്നിട്ടും ബാലുശ്ശേരിയിലേക്ക് വന്നില്ല. ശശി തരൂർ എംപിയുടെ പരിപാടി നിശ്ചയിച്ചെങ്കിലും നടത്താനായില്ല. അതേ സമയം ഇവിടെ വരാൻ ഉത്തരവാദിത്തപ്പെട്ട പല നേതാക്കളും കോഴിക്കോട് നോർത്തിലെ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന്റെയും സ്റ്റേജിൽ വെറുതെയിരിക്കുന്നതിന്റെയും വിഡിയോ പ്രവർത്തകർ കാണിച്ചപ്പോൾ വിഷമമായി. ഇത് പട്ടികജാതി മണ്ഡലത്തോടു കാണിച്ച അവഗണനാണ്. ഇതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
സിനിമാരംഗത്തുള്ളവരും പ്രതീക്ഷിച്ചതുപോലെ ബാലുശ്ശേരിയിൽ പ്രചാരണത്തിനു വന്നില്ലല്ലോ?
ഞാൻ പ്രചാരണത്തിനു വരാൻ ആരോടും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ അടുത്ത സുഹൃത്തുക്കളൊക്കെ വന്നു. രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, തെസ്നിഖാൻ, ഹരീഷ് കണാരൻ, നിർമൽ പാലാഴി, സുരഭി ലക്ഷ്മി എന്നിവരൊക്കെ വന്നിരുന്നു. സിനിമയും രാഷ്ട്രീയവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. സിനിമാക്കാർ വന്നാൽ ഒരു ആവേശമൊക്കെ ഉണ്ടാവും എന്നല്ലാതെ വോട്ടിനെ അതു കാര്യമായി ബാധിക്കില്ല.
പക്ഷേ ഇന്നസന്റ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ധർമജൻ ഉൾപ്പെടെ പോയിരുന്നു?
സിനിമാക്കാർ മത്സരിക്കുമ്പോൾ രാഷ്ട്രീയം നോക്കാതെ പോകുന്നതായിരുന്നു പതിവ്. ബാലുശ്ശേരിയിൽ പ്രചാരണത്തിനു വരാൻ ഞാൻ പക്ഷേ ആരോടും ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ യുഡിഎഫിന്റെ സ്ഥാനാർഥിയാണ് എന്നതും പ്രചാരണത്തിനു വരാതിരിക്കാൻ കാരണമായിട്ടുണ്ടാകും.
ജാതീയമായും അധിക്ഷേപിച്ചെന്ന് പരാതിയുണ്ടല്ലോ?
ഞാൻ പുലയവിഭാഗത്തിൽ പെട്ട ആളായതിനാൽ വോട്ടുകിട്ടില്ലെന്നാണ് ഇവർ പറഞ്ഞത്. സ്ഥാനാർഥിയാക്കാൻ അവർ ഉദ്ദേശിച്ചയാൾ മറ്റൊരു സമുദായക്കാരനായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപു നടന്ന ഒരു യോഗത്തിലാണ് ഇവർ ആദ്യമായി ഈ വാദം അവതരിപ്പിച്ചത്. ഞാൻ സ്ഥാനാർഥിയാകുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഒരു വശത്ത് എനിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോഴും മറുവശത്ത് ഇവർ എന്റെ പേരിൽ പണപ്പിരിവ് നടത്തുകയായിരുന്നു.
ഈ രണ്ടു കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം മാത്രമാണോ തോൽവിക്കു കാരണം?
ഈ രണ്ടു നേതാക്കളും അവരുടെ കൂടെ നിൽക്കുന്നവരും എനിക്കെതിരെ പ്രവർത്തിച്ചു. ബാലുശ്ശേരിയിൽ സംഘടനാ പ്രശ്നങ്ങളും ഉണ്ടായിരുന്നു. 25% ബൂത്ത് കമ്മിറ്റികളും പേരിനു മാത്രമായിരുന്നു. പലയിടത്തും കോൺഗ്രസ്–ലീഗ് തർക്കം നിലനിന്നിരുന്നു. അതു പരിഹരിക്കാൻ നേതാക്കൾ തയാറായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി സീറ്റിൽ ലീഗ് സ്ഥാനാർഥി മത്സരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ കാര്യമായി പ്രവർത്തിച്ചില്ലെന്ന വികാരം ലീഗ് പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. എങ്കിലും ഭൂരിഭാഗം കോൺഗ്രസ്, ലീഗ് പ്രവർത്തകരും വളരെ ആത്മാർഥതയോടെയാണ് പ്രവർത്തനത്തിറങ്ങിയത്.
ഫണ്ടില്ലാതെ പ്രവർത്തനം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിൽ സ്ഥാനാർഥിയുടെ അറിവോടെയാണ് പിരിവ് നടത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പറയുന്നത്?
ഫണ്ടില്ലാത്തതിന്റെ ഒരു പ്രശ്നവും ബാലുശ്ശേരിയിൽ ഉണ്ടായിരുന്നില്ല. എന്റെ അറിവോടെ ഒരു രൂപ പോലും പിരിച്ചിട്ടുമില്ല. എഐസിസി, കെപിസിസി ഫണ്ടുകൾ തിരഞ്ഞെടുപ്പ് കമ്മിറ്റി നേരിട്ടാണ് വാങ്ങിയത്. കമ്മിറ്റി രൂപീകരിക്കുന്നതിനു മുൻപുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേരിട്ടു പണം നൽകി. കമ്മിറ്റി രൂപീകരിച്ചതിനു ശേഷം ഞാനും പണം നൽകിയത് കമ്മിറ്റിക്കാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി തന്നെയാണ് ഫണ്ട് കൈകാര്യം ചെയ്തത്.
സന്ധ്യ കഴിഞ്ഞാൽ ധർജൻ എവിടെയാണെന്ന് അറിയില്ലെന്നാണ് കൺവീനറുടെ മറ്റൊരു ആക്ഷേപം. രാവിലെ ആറിന് കോളനികളിൽ സന്ദർശനം നടത്തണമെന്ന എന്ന കമ്മിറ്റിയുടെ നിർദേശവും പാലിച്ചെന്നു പറയുന്നു?
രാത്രി പത്തിനു ശേഷമാണ് ഞാൻ പര്യടനത്തിനു ശേഷം താമസ സ്ഥലത്ത് എത്തിയിരുന്നത്. എന്റെയൊപ്പം സജീവമായി ഉണ്ടായിരുന്ന പ്രവർത്തകരുടെ കൂടെയിരുന്ന് ഓരോ ദിവസത്തെയും പ്രവർത്തനം അവലോകനം ചെയ്യാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഒരു ദിവസം പോലും ഇതു ചെയ്തിട്ടില്ല എന്നോർക്കണം. എല്ലാം കഴിഞ്ഞു കിടക്കുമ്പോൾ ഒരു മണി കഴിയും. രാവിലെ ആറിന് പര്യടനത്തിനിറങ്ങാൻ സാധിച്ചില്ല എന്നതു ശരിയാണ്. എങ്കിലും പരമാവധി 7.30ന് ഞാൻ പര്യടനം തുടങ്ങിയിരുന്നു. ബാലുശ്ശേരിയിൽ എത്ര കോളനികളുണ്ട്. അത് എവിടെയൊക്കെയാണ് എന്ന് കൊച്ചിയിൽനിന്ന് വന്ന എനിക്കാണോ അറിയുന്നത്? അവിടെയെല്ലാം സ്ഥാനാർഥിയെ എത്തിക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമല്ലേ.
തിരഞ്ഞെടുപ്പിനു ശേഷം ധർമജൻ ബാലുശ്ശേരിയിലേക്കു വന്നില്ലെന്നാണ് മറ്റൊരു പരാതി. വോട്ടെണ്ണൽ ദിവസം പോലും എത്തിയില്ല. അക്രമത്തിൽ പരുക്കേറ്റ പ്രവർത്തകരെ സന്ദർശിച്ചില്ല എന്നൊക്കെ ആക്ഷേപമുണ്ട്?
വോട്ടെടുപ്പ് കഴിഞ്ഞു രണ്ടാം ദിവസമാണ് ഞാൻ ‘ തിരുമാലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്കു പോകുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ചിത്രീകരണം പൂർത്തിയാക്കേണ്ട സിനിമയായിരുന്നു. ഒരു പുതുമുഖ സംവിധായകന്റെ സ്വപ്ന പദ്ധതി. ഞാൻ സ്ഥാനാർഥിയായതോടെ ചിത്രീകരണം നീണ്ടു. എനിക്കു വേണ്ടി മാറ്റിവച്ച വേഷത്തിൽ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോളാൻ ഞാൻ പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാമെന്നാണ് സംവിധായകൻ പറഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളിൽ എത്താമെന്ന് ഞാൻ വാക്കു കൊടുത്തു. നേപ്പാളിലെ ഒരു ഉൾനാട്ടിലായിരുന്നു ചിത്രീകരണം. 11 കിലോമീറ്ററോളം റോഡു പോലുമില്ലാത്ത സ്ഥലത്തുകൂടി വേണം യാത്ര ചെയ്യാൻ.
നേപ്പാളിലെ കാലാവസ്ഥയിൽ എനിക്കു പനി പിടിച്ചു. ഇതിനിടെ നേപ്പാളിൽ ലോക്ഡൗണും പ്രഖ്യാപിച്ചു. ഭക്ഷണസാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥ. വോട്ടെണ്ണൽ ദിവസം എങ്ങനെയെങ്കിലും നാട്ടിൽ പോകാൻ ശ്രമിക്കാമെന്നു കൂടെയുള്ളവർ പറഞ്ഞെങ്കിലും ഞാൻ തയാറായില്ല. ഞാൻ പോയാൽ മടങ്ങിവരും വരെ 60 പേർ വെറുതേയിരിക്കേണ്ടിവരും. പനി കൂടി ഞാൻ തളർന്നിരുന്നു. നേപ്പാളിലെ കൊടുംതണുപ്പിൽ കൂടുതൽ അവശനായി. ഭക്ഷണത്തിന്റെ കാര്യവും കഷ്ടം. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നല്ല, എങ്ങനെയെങ്കിലും ജീവനോടെ തിരിച്ചെത്താൻ കഴിയണേ എന്നായിരുന്നു എന്റെ പ്രാർഥന. എന്നിട്ടും നാട്ടിൽ വോട്ടെണ്ണുന്ന ദിവസവും രാവിലെ ആറിന് ഞാൻ ചിത്രീകരണത്തിനിറങ്ങി. എങ്ങനെയെങ്കിലും ചിത്രീകരണം പൂർത്തിയാക്കി മടങ്ങുകയായിരുന്നു ലക്ഷ്യം.
മേയ് അഞ്ചിനാണ് നാട്ടിലെത്തിയത്. 10 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. അപ്പോഴേക്കും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിനിടെയിൽ ഞാൻ എങ്ങനെയാണ് ബാലുശ്ശേരിയിൽ എത്തുക. വീട്ടിൽ നമ്മൾ ഇല്ലാത്ത സമയം എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ പ്രിയപ്പെട്ട ചിലരെ ആ കാര്യം നമ്മൾ ഏൽപ്പിക്കില്ലേ? അതു പോലെ ബാലുശ്ശേരിയിലും കാര്യങ്ങൾ അന്വേഷിക്കാനും വേണ്ടതു ചെയ്യാനും ഞാൻ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതു വലിയ നേതാക്കൾ ഒന്നുമല്ല. പക്ഷേ കാര്യങ്ങൾ ഉത്തരവാദിത്തോടെ ചെയ്യുമെന്ന് എനിക്കുറപ്പുള്ളവരാണ്. അക്രമത്തിൽ പരുക്കേറ്റവർക്ക് വൈദ്യസഹായവും നിയമസഹായവും എത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുമുണ്ട്. ലോക്ഡൗൺ കഴിഞ്ഞാൽ ഞാൻ ബാലുശ്ശേരിയിൽ എത്തും.
ചില വ്യക്തികൾ തെറ്റിദ്ധരിപ്പിച്ചാണ് ധർമജനെക്കൊണ്ട് പരാതി നൽകിപ്പിച്ചത് എന്നാണ് മറ്റൊരു ആക്ഷേപം?
ആരുടെയും പ്രേരണ കൊണ്ടല്ല. എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിയാണിത്. ആ പരാതിയിൽ ഞാൻ ഉറച്ചുനിൽക്കുന്നു.
English Summary: Dharmajan Bolgatty's Serious Allegations Against Congress Leaders in Balussery