നെഹ്റു അയച്ച ദ്വീപുരക്ഷകൻ; ഇങ്ങനെയും ഉണ്ടായിരുന്നു ഒരു അഡ്മിനിസ്ട്രേറ്റർ അവിടെ!
ലക്ഷദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് ചില സങ്കൽപങ്ങളുണ്ടെന്നും അതനുസരിച്ചുള്ള വികസനപദ്ധതികളാണ് അഡ്മിനിസ്ട്രേറ്റർ അവിടെ നടപ്പാക്കുന്നതെന്നും ചിലർ നടത്തിയ പ്രസ്താവന വായിച്ച ദ്വീപുനിവാസികളുടെ മനസ്സിലൂടെ നെഹ്‌റുവിന്റെ കാലത്തെ ചില ചരിത്രനിമിഷങ്ങൾ കടന്നുപോയിക്കാണും... Moorkoth Ramunnni, Lakshadweep, Jawaharlal Nehru, Narendra Modi, Lakshadweep Adminsitrator
ലക്ഷദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് ചില സങ്കൽപങ്ങളുണ്ടെന്നും അതനുസരിച്ചുള്ള വികസനപദ്ധതികളാണ് അഡ്മിനിസ്ട്രേറ്റർ അവിടെ നടപ്പാക്കുന്നതെന്നും ചിലർ നടത്തിയ പ്രസ്താവന വായിച്ച ദ്വീപുനിവാസികളുടെ മനസ്സിലൂടെ നെഹ്‌റുവിന്റെ കാലത്തെ ചില ചരിത്രനിമിഷങ്ങൾ കടന്നുപോയിക്കാണും... Moorkoth Ramunnni, Lakshadweep, Jawaharlal Nehru, Narendra Modi, Lakshadweep Adminsitrator
ലക്ഷദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് ചില സങ്കൽപങ്ങളുണ്ടെന്നും അതനുസരിച്ചുള്ള വികസനപദ്ധതികളാണ് അഡ്മിനിസ്ട്രേറ്റർ അവിടെ നടപ്പാക്കുന്നതെന്നും ചിലർ നടത്തിയ പ്രസ്താവന വായിച്ച ദ്വീപുനിവാസികളുടെ മനസ്സിലൂടെ നെഹ്‌റുവിന്റെ കാലത്തെ ചില ചരിത്രനിമിഷങ്ങൾ കടന്നുപോയിക്കാണും... Moorkoth Ramunnni, Lakshadweep, Jawaharlal Nehru, Narendra Modi, Lakshadweep Adminsitrator
ലക്ഷദ്വീപിലെ ജനവാസം കുറഞ്ഞ ദ്വീപാണ് ബിത്ര. ഇരുന്നൂറോളം പേർ അധിവസിക്കുന്ന പച്ചത്തുരുത്ത്. എന്നാൽ ബിത്ര എന്ന പേരിൽ തലശ്ശേരിയിലൊരു വീടുണ്ടായിരുന്നു. ദ്വീപുനിവാസികൾക്കൊപ്പം മീൻ പിടിക്കാൻ കടലിൽ പോയി അവരുടെ ജീവിതവഴികൾ തൊട്ടറിഞ്ഞ ഒരാളുടെ വീട്. ദ്വീപുകാർക്കൊപ്പം ‘ബില്ലത്തിൽ’ കുളിച്ചും എലിനായാട്ടും കോൽക്കളിയും അവർക്കൊപ്പം ആസ്വദിച്ച, ലക്ഷദ്വീപ് ഒരിക്കലും മറക്കാത്ത അദ്ദേഹം ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നുവെന്നതാണ് സമകാലീന ചരിത്രത്തിൽ കൗതുകകരമായി മാറുന്നത്.
മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ലക്ഷദ്വീപ് വികസനം അറിഞ്ഞേൽപിച്ച മൂർക്കോത്ത് രാമുണ്ണിയുടെ കരങ്ങൾ മാറ്റിമറിച്ചത് പാവപ്പെട്ട ദ്വീപുനിവാസികളുടെ ദുരിതജീവിതചിത്രമാണ്. ലക്ഷദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചില സങ്കൽപങ്ങളുണ്ടെന്നും അതനുസരിച്ചുള്ള വികസന പദ്ധതികളാണ് അഡ്മിനിസ്ട്രേറ്റർ അവിടെ നടപ്പാക്കുന്നതെന്നും ചിലർ നടത്തിയ പ്രസ്താവന വായിച്ച ദ്വീപു നിവാസികളുടെ മനസ്സിലൂടെ ചില പഴയകാല ചരിത്രനിമിഷങ്ങൾ കടന്നുപോയിക്കാണും.
‘താങ്കൾ ദ്വീപുദിവാസികളുടെ സംരക്ഷണം ഏറ്റെടുക്കണം’
ലക്ഷദ്വീപിലെ നാലാമത്തെ അഡ്മിനിസ്ട്രേറ്ററായി 1961ൽ മൂർക്കോത്ത് രാമുണ്ണിയെ ദ്വീപിലേക്ക് പറഞ്ഞയക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഓർമിപ്പിച്ചു; ‘300 വർഷത്തിനുള്ളിൽ ലഭിക്കാത്ത വികസനമായിരിക്കണം ദ്വീപിൽ 3 വർഷത്തിനുള്ളിൽ താങ്കളുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ടത്. ദ്വീപുനിവാസികളുടെ സംരക്ഷണവും താങ്കൾ ഏറ്റെടുക്കണം’.
ഇതുരണ്ടും സ്തുത്യർഹമായ രീതിയിൽത്തന്നെ നടപ്പാക്കിയ മൂർക്കോത്ത്, നെഹ്റുവിന്റെ അന്ത്യാഭിലാഷവും നിറവേറ്റിയാണ് ദ്വീപിനോടു വിട പറഞ്ഞത്. ഭാരതത്തിലെ പർവതങ്ങൾക്കും ഗിരിശൃംഖങ്ങൾക്കും മീതെ സമതലങ്ങളിലും പീഠഭൂമികളിലും നദികളിലും സമുദ്രങ്ങളിലും എന്റെ ചിതാഭസ്മം വിതറണമെന്ന നെഹ്‌റുവിന്റെ ആഗ്രഹപ്രകാരം മൂർക്കോത്തിന്റെ നേതൃത്വത്തിലാണ് കവരത്തിയിലെ സ്ഫടികസമാനമായ ബില്ലത്തിൽ ചിതാഭസ്മം നിമജ്ജനം ചെയ്തത്.
അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ ദ്വീപുനിവാസികളുടെ ജിവിതവും സംസ്കാരവും അട്ടിമറിക്കുന്ന തരത്തിലാണെന്ന പരാതി ഒറ്റക്കെട്ടായി ഉയർന്ന അവസരത്തിലാണ് ഇപ്പോൾ രാജ്യമൊട്ടുക്കും, ലക്ഷദ്വീപിനെ രക്ഷിക്കണമെന്ന മുദ്രാവാക്യമുയർന്നത്. ഇതേ ദ്വീപിൽ പണ്ടൊരു അഡ്മിനിസ്ട്രേറ്ററെ ദ്വീപുനിവാസികൾ നെഞ്ചേറ്റിയ കാലവുമുണ്ട്. അവരുടെ ജീവിതവഴിയിൽ ഇത്ര തിളക്കാർന്ന വെളിച്ചം വാരിവിതറിയ മറ്റൊരു ഭരണാധികായും ഇന്നോളമുണ്ടായിട്ടില്ലെന്ന് ഓരോ ദ്വീപുനിവാസിയും സാക്ഷ്യപ്പെടുത്തുന്ന ആ അഡ്മിനിസ്ട്രറ്റർ മൂർക്കോത്ത് രാമുണ്ണി ആയിരുന്നു.
തലശ്ശേരിയിലെ സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് പ്രസിഡൻസി കോളജിലായിരുന്നു രാമുണ്ണിയുടെ ഉപരിപഠനം. അവിടത്തെ വിദ്യാഭ്യാസശേഷം മദ്രാസ് ഫ്ലയിങ് ക്ലബിൽ ചേർന്ന് ലൈസൻസ് നേടിയ മൂർക്കോത്ത് രാമുണ്ണി കേരളത്തിലെ ആദ്യ എയർ ഫോഴ്സ് പൈലറ്റായി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരെ ഇന്ത്യൻ എയർ ഫോഴ്സ് വിമാനം പറത്തിയ എക മലയാളിയും അദ്ദേഹമായിരുന്നു.
ദ്വീപിലെ പ്രധാന ജീവിതമാർഗമായ കൊപ്ര വിൽപനയിലെ ചൂഷണം ഇല്ലാതാക്കാൻ എല്ലാ ദീപിലും സഹകരണ സംഘങ്ങൾക്ക് രൂപം നൽകി എല്ലാ വീട്ടുകാരെയും അതിൽ അംഗങ്ങളാക്കിയതാണ് അദ്ദേഹം സ്വീകരിച്ച ആദ്യനടപടി. ആകാശവാണിയിലൂടെ ഓരോരുത്തരുടെയും കൊപ്രയുടെ തൂക്കവും വിലയും അറിയിച്ച് വർഷങ്ങളായി ദ്വീപിലെ പാവങ്ങൾ അനുഭവിച്ചുവന്ന ചൂഷണം ഇല്ലാതാക്കി. അതായിരുന്നു അവരുടെ പുതിയ പുലരിയിലേക്കുള്ള ആദ്യ വാതായനം.
ദ്വീപിന്റെ ആവശ്യമറിഞ്ഞുള്ള പ്രവർത്തനങ്ങൾ
മീൻപിടിത്തത്തിലെ പ്രയാസം നേരിട്ടു മനസ്സിലാക്കിയ മൂർക്കോത്ത് ആന്ധ്രയിൽനിന്ന് 25 യന്ത്രവൽകൃത ബോട്ടുകൾ ലക്ഷദ്വീപിലെത്തിച്ചു. ദീപുനിവാസികളുടെ ദുരിതജീവിതത്തിന്റെ കൂടപ്പിറപ്പുകളായ മന്തും കുഷ്ഠവും തുടച്ചുനീക്കാൻ കൃത്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട്ടുനിന്ന് ജർമൻകാരനായ ഡോക്ടറെയാണ് കുഷ്ഠരോഗത്തിനു മികച്ച ചികിത്സ നൽകാൻ ദ്വീപിലെത്തിച്ചത്.
ഇന്നു നിർമാണത്തിലിരിക്കുന്ന സ്കൂൾകെട്ടിടം ഉപേക്ഷിച്ച് വിവാദമുയർന്നിരിക്കുന്ന ദ്വീപിൽ മികച്ച അധ്യാപകരെ കേരളത്തിൽനിന്നെത്തിച്ചും പുതിയ സ്കൂൾകെട്ടിടങ്ങൾ നിർമിച്ചും വിദ്യാഭ്യാസ നിലവാരമുയർത്തിയത് മൂർക്കോത്ത് രാമുണ്ണിയുടെ നടപടികളായിരുന്നു. ദ്വീപുനിവാസികളുടെ ജീവിതത്തിൽ നിർണായകമായി മാറിയ ഭൂപരിഷ്കരണ നയം നടപ്പാക്കിയതും മൂർക്കോത്തിന്റെ കാലത്താണ്.
അന്നുവരെ കൈവശമല്ലാതിരുന്ന സ്വന്തം ഭൂമി ഓരോരുത്തരുടെയും പേരിൽ പതിച്ചുനൽകി. ജന്മിമാരുടെ ഭൂമിയിൽനിന്ന് നാലിൽ മൂന്നു ഭാഗവും കുടിയാനു പതിച്ചുനൽകി. ഈ നടപടികളെല്ലാം പ്രതിഷേധമോ എതിർപ്പോ ഒന്നുമില്ലാതെയാണ് നടപ്പായത്. മൂർക്കോത്തിന്റെ വ്യക്തിമാഹാത്മ്യവും അദ്ദേഹത്തിന് ആ ജനതയ്ക്കിടയിലുണ്ടായിരുന്ന സവിശേഷസ്ഥാനവും കൂടിയാണ് അതിനു സഹായകമായത്.
ദ്വീപുകാരുടെ ഭൂമി പുറത്തുള്ളവർക്കു വിൽക്കാൻ പാടില്ലെന്ന സുപ്രധാനനിയമംകൂടി നടപ്പാക്കിയാണ് മൂർക്കോത്ത് ദ്വീപ് വിട്ടത്. നെഹ്റുവിന്റെ പ്രത്യേക നിർദേശവും ഇക്കാര്യത്തിലുണ്ടായിരുന്നു എന്നറിയുമ്പോൾ എത്ര ദീർഘവീക്ഷണത്തോടെയാണ് കാര്യങ്ങൾ നടപ്പാക്കിയതെന്നും തിരിച്ചറിയാം.
തലശ്ശേരിയിലെ ആ വീടിന് ബിത്ര എന്നല്ലാതെ ദ്വീപുനിവാസികളിലൊരാളായി ജീവിച്ച, അവരുടെ ജീവിതം തൊട്ടറിഞ്ഞ മൂർക്കോത്ത് രാമുണ്ണി എന്ന അഡ്മിനിസ്ടേറ്റർ മറ്റെന്തു പേരിടാനാണ്, അല്ലേ? കാലം ആ വീടും പേരും തലശ്ശേരിയിൽനിന്നു മായ്ച്ചെങ്കിലും ദ്വീപും ദ്വീപുനിവാസികളും നിലനിൽക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ സ്മരണകൾക്ക് അന്ത്യമില്ല.
English Summary: When Moorkoth Ramunni Transformed Lakshadweep Island into a Real Heaven