കാമുകിയുടെ സാരിയിൽ തുടങ്ങിയ മുംബൈ പക; ദാവൂദ് കാത്തിരിക്കുന്ന ‘ഒറ്റയാന്റെ’ മരണം
അബ്ദുൽ കുഞ്ഞിനായി ഛോട്ടാ രാജൻ മുംബൈ തെരുവുകളിലെങ്ങും വലവിരിച്ചു. ബാഡാ രാജന്റെ മരണത്തോടെ ഇല്ലാതാകുമെന്നു പ്രതീക്ഷിച്ച ഗോൾഡൻ ഗ്യാങ്ങിനെ ഛോട്ടാ രാജൻ ഇരട്ടി പ്രഹരശേഷിയുള്ള സംഘമാക്കി മാറ്റി. ഛോട്ടാരാജൻ തന്റെ തലകൊയ്യാനുള്ള വേട്ട തുടങ്ങിയതറഞ്ഞ് അപകടം മണത്ത കുഞ്ഞ്| Chota Rajan, Dawood Ibrahim, Tihar jail, Mumbai underworld, Mumbai crime
അബ്ദുൽ കുഞ്ഞിനായി ഛോട്ടാ രാജൻ മുംബൈ തെരുവുകളിലെങ്ങും വലവിരിച്ചു. ബാഡാ രാജന്റെ മരണത്തോടെ ഇല്ലാതാകുമെന്നു പ്രതീക്ഷിച്ച ഗോൾഡൻ ഗ്യാങ്ങിനെ ഛോട്ടാ രാജൻ ഇരട്ടി പ്രഹരശേഷിയുള്ള സംഘമാക്കി മാറ്റി. ഛോട്ടാരാജൻ തന്റെ തലകൊയ്യാനുള്ള വേട്ട തുടങ്ങിയതറഞ്ഞ് അപകടം മണത്ത കുഞ്ഞ്| Chota Rajan, Dawood Ibrahim, Tihar jail, Mumbai underworld, Mumbai crime
അബ്ദുൽ കുഞ്ഞിനായി ഛോട്ടാ രാജൻ മുംബൈ തെരുവുകളിലെങ്ങും വലവിരിച്ചു. ബാഡാ രാജന്റെ മരണത്തോടെ ഇല്ലാതാകുമെന്നു പ്രതീക്ഷിച്ച ഗോൾഡൻ ഗ്യാങ്ങിനെ ഛോട്ടാ രാജൻ ഇരട്ടി പ്രഹരശേഷിയുള്ള സംഘമാക്കി മാറ്റി. ഛോട്ടാരാജൻ തന്റെ തലകൊയ്യാനുള്ള വേട്ട തുടങ്ങിയതറഞ്ഞ് അപകടം മണത്ത കുഞ്ഞ്| Chota Rajan, Dawood Ibrahim, Tihar jail, Mumbai underworld, Mumbai crime
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലെ വാർത്തകൾ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ മേയ് 7ന് കുറച്ചു മണിക്കൂറുകൾ അയാൾ മനസ്സറിഞ്ഞ് സന്തോഷിച്ചിരിക്കും. കാരണം, ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും കരുത്തനായ ശത്രു ഡൽഹി എയിംസ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചു എന്ന വാർത്ത അന്ന് കുറച്ചു മണിക്കൂറുകൾ പ്രചരിച്ചിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം ആശുപത്രി അധികൃതർ വാർത്ത തിരുത്തി, രോഗി മരിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പിറക്കി. രാജേന്ദ്ര സദാശിവ് നിഖാൽജെ എന്നാണ് ആ രോഗിയുടെ ഔദ്യോഗിക നാമം. പക്ഷേ ലോകം അയാളെ മറ്റൊരു പേരിലാണ് അറിഞ്ഞത്– ‘ഛോട്ടാ രാജൻ’. 2015ൽ ഇന്തൊനീഷ്യയിൽ പിടിയിലായി തിഹാർ ജയിലിലായ രാജൻ മുൻകാലത്തെ അസംഖ്യം കൊലപാതകങ്ങൾക്കും ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ കേസുകൾക്കും വിചാരണ നേരിടുകയാണ്. എയിംസിൽതന്നെ കനത്ത സുരക്ഷാ വലയത്തിൽ ചികിത്സയിൽ തുടരുകയാണിപ്പോൾ.
ഒരുകാലത്ത് മുംബൈ അധോലോകത്തെ ഭായ് ഭായ് ആയിരുന്നു രാജനും ദാവൂദും. എന്നാൽ, തമ്മിൽ തെറ്റിയ അന്നുമുതൽ പരസ്പരം കൊല്ലാനായി പാഞ്ഞു നടക്കുകയായിരുന്നു ഇരുവരും. ഛോട്ടാ രാജനെ കൊല്ലുക എന്ന ലക്ഷ്യത്തിന് തൊട്ടടുത്തുവരെ ദാവൂദ് എത്തിയെങ്കിലും രാജൻ തലമുടിനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരിച്ച് ദാവൂദിനെ തൊടാൻ പറ്റിയില്ലെങ്കിലും തൊട്ടടുത്തയാളുകളെ വധിച്ച് രാജനും പകരം വീട്ടി. ഇവർ തമ്മിലുള്ള യുദ്ധത്തിൽ ജീവൻ നഷ്ടമായത് ഒട്ടേറെപ്പേർക്കാണ്. ദാവൂദിനെയും രാജനെയും ഭയക്കാത്ത വ്യവസായികളോ ബോളിവുഡ് നടൻമാരോ നിർമാതാക്കളോ മുംബൈയിൽ ഉണ്ടായിരുന്നില്ല. രാജ്യത്തെ നിയമങ്ങളെയെല്ലാം വെല്ലുവിളിച്ച് പ്രവർത്തിച്ചിരുന്ന ഇവരെ നിയന്ത്രിക്കുന്നതിൽ പൊലീസും സർക്കാരുകളും പരാജയപ്പെട്ടു. എന്നാൽ, ഇരുവർക്കും പിന്നാലെ പാഞ്ഞിരുന്ന രഹസ്യാന്വേഷണ വിഭാഗങ്ങൾ ഒരുഘട്ടത്തിൽ ഛോട്ടാ രാജനെ ഒഴിവാക്കി ദാവൂദിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തിനായിരുന്നു അത്? ആരായിരുന്നു ഛോട്ടാ രാജൻ?
രാജൻ നായർ വാങ്ങിയ സാരിയിൽനിന്നു തുടക്കം!
ഛോട്ടാ രാജനെക്കുറിച്ച് അറിയണമെങ്കിൽ ആദ്യം മറ്റൊരു രാജനെ അറിയണം. തൃശൂരിൽ ജനിച്ച് മുംബൈയിലേക്ക് കുടിയേറിയ മലയാളിയായ രാജൻ നായർ. 1970ന്റെ പകുതിയിൽ മുംബൈയിലെ താനെയിൽ ഹിന്ദുസ്ഥാൻ അപ്പാരൽസ് എന്ന റെഡിമെയ്ഡ് കമ്പനിയിലെ തുന്നൽക്കാരനായിരുന്നു രാജൻ നായർ. 14 മണിക്കൂർ ജോലി ചെയ്താൽ മുപ്പതോ നാൽപതോ രൂപയാണ് അന്നയാൾക്ക് കൂലി ലഭിച്ചിരുന്നത്. ഇതിനിടെ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ കാമുകിയുടെ ജന്മദിനത്തിന് അവൾക്ക് വിലപിടിപ്പുള്ള സമ്മാനം നൽകണമെന്നു രാജൻ ആഗ്രഹിച്ചു. കമ്പനിയിൽനിന്നു ശമ്പളം മുൻകൂർ ചോദിച്ചപ്പോൾ ബോസ് അയാളെ ചീത്ത വിളിച്ചു.
കയ്യിൽ പണമില്ലാത്തതിനാൽ മോഷണമല്ലാതെ വേറെ വഴിയില്ലെന്നു മനസിലാക്കിയ രാജൻ സ്വന്തം കമ്പനിയുടെ ഓഫിസിൽനിന്ന് ഒരു ടൈപ്പ്‌റൈറ്റർ മോഷ്ടിച്ച് മോഷണ സാധനങ്ങൾ വിൽക്കുന്ന ചോർബസാറിൽ വിറ്റു. 200 രൂപയാണ് അയാൾക്ക് കിട്ടിയത്. ആ തുകയ്ക്ക് കാമുകിക്ക് ഒരു സാരി വാങ്ങി നൽകാൻ മാത്രമേ അയാൾക്കു സാധിച്ചുള്ളൂ. പക്ഷേ അതോടെ അയാൾക്കു മറ്റൊരു കാര്യം മനസിലായി. ഓഫിസുകളിൽ പല തരത്തിലുള്ള ടൈപ്പ്റൈറ്ററുകൾ ഉണ്ട്. പുതിയ ഉപകരണങ്ങൾക്ക് കൂടുതൽ തുക കിട്ടും. അതോടെ രാജൻ അതൊരു നിത്യതൊഴിലാക്കി മാറ്റി. എന്നാൽ, ചോർബസാറിൽ മറ്റൊരു കേസിന്റെ അന്വേഷണത്തിനെത്തിയ പൊലീസുകാരൻ രാജനെ പിടികൂടി.
രാജൻ നായർ ബഡാ രാജനാകുന്നു
മൂന്നു വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട രാജൻ നായർ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആളാകെ മാറി. ഘാട്കോപ്പറിലെ വീട്ടിലെത്തിയ അയാൾ ‘ഗോൾഡൻ ഗാങ്’ എന്ന സംഘം രൂപീകരിച്ചു. കച്ചടക്കാരിൽനിന്നും ടാക്സി ഡ്രൈവർമാരിൽനിന്നും പണം പിടിച്ചുപറിക്കലായിരുന്നു ഗാങ്ങിന്റെ പ്രധാന തൊഴിൽ. അതോടെ വിളിപ്പേര് ബഡാ രാജൻ എന്നായി മാറി. വൈകാതെ രാജന്റെ സഹായിയായി അബ്ദുൽകുഞ്ഞ് എന്ന യുവാവ് സംഘത്തിൽ എത്തി. അയാൾ രാജന്റെ ഏറ്റവും വിശ്വസ്തനായിത്തീർന്നു. പല കാര്യങ്ങളിലും രാജനേക്കാൾ കുഞ്ഞ് മുന്നിലായിരുന്നു. തിലക്നഗർ കേന്ദ്രീകരിച്ച് ‘സബ്ഗാങ്’ തുടങ്ങിയ കുഞ്ഞ് താമസിക്കാതെ രാജനെ വെല്ലുവിളിച്ചു. ഒരു പടികൂടി കടന്ന് രാജൻ ആർക്കുവേണ്ടി കള്ളനായോ അതേ കാമുകിയെ അബ്ദുൽ കുഞ്ഞ് വിവാഹം കഴിക്കുകയും ചെയ്തു.
അപമാനിതനായ രാജന്റെയുള്ളിൽ പക ആളിക്കത്തി. 1979ൽ അബ്ദുൽ കുഞ്ഞിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് പൊലീസ് ജയിലിലാക്കിയപ്പോൾ രാജൻ ഉണർന്നു പ്രവർത്തിച്ചു. കുഞ്ഞിന്റെ സംഘത്തെ കടന്നാക്രമിച്ച രാജനും കൂട്ടാളികളും അവരെ തരിപ്പണമാക്കി. പഴയ കാമുകിയെ തട്ടിയെടുക്കാൻ ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല. ഈ സമയത്ത് രാജനൊപ്പം വലംകയ്യായി ചെമ്പൂർ സ്വദേശിയായി മറ്റൊരു യുവാവ് എത്തി, രാജേന്ദ്ര സദാശിവ് നിഖാൽജെ. പിൽക്കാലത്തു ഛോട്ടാരാജനെന്ന പേരിൽ ഇന്ത്യയെ വിറപ്പിച്ച അധോലോക നായകന്‍. രാജൻ നായരും രാജേന്ദ്രനും സജീവമായിരുന്ന നാളുകളിലൊന്നിൽ, ജയിലിലായിരുന്ന അബ്‌ദുൽ കുഞ്ഞ് വിക്രോലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി പൊലീസിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് രക്ഷപ്പെട്ടു.
ദാവൂദ് ബഡാ രാജനെ തേടിയെത്തുന്നു
മുംബൈയിൽ അന്നു കുപ്രസിദ്ധനായിത്തീർന്നിരുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഒരുദിവസം ബഡാ രാജനെ കാണാനെത്തി. തന്റെ സഹോദരൻ സബീറിനെ കൊലപ്പെടുത്തിയ കരീം ലാലയുടെ പത്താൻ സംഘത്തിലെ അമീർ സാദയെ കൊല്ലാൻ ഒരാളെ വേണമെന്നതായിരുന്നു ദാവൂദിന്റെ ആവശ്യം. ദാവൂദ് തന്നിൽനിന്ന് എന്തെങ്കിലും സഹായം ആവശ്യപ്പെടുമെന്ന് ബഡാ രാജൻ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. അമീർ സാദയെ കൊല്ലുന്ന കാര്യം ദാവൂദ് ബഡാരാജനെ ഏൽപ്പിച്ചു. ദിവസങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ അതിനുപറ്റിയ ആളെ ബാഡാരാജൻ കണ്ടെത്തി. അലസനായി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഡേവിഡ് പർദേശിക്കാണു നറുക്കു വീണത്. അമീർ സാദയെ കോടതിയിൽ കൊണ്ടുവരുമ്പോൾ വെടിവച്ചു കൊല്ലാനായിരുന്ന പദ്ധതി. കൊങ്കൺ മേഖലയിലെ ഒരു ഉൾഗ്രാമത്തിൽ പർദേശിക്കായി ദാവൂദിന്റെ ചെലവിൽ വെടിവയ്ക്കാൻ പരിശീലനം നൽകി.
1983 സെപ്റ്റംബർ 6, അമീർസാദയുടെ അവസാനദിനമായി ബഡാരാജൻ തീരുമാനിച്ചു. സിറ്റി കോടതിയുടെ അകത്തളത്തിൽ അയഞ്ഞ വസ്ത്രത്തിനുള്ളിൽ തോക്കുമായി നിന്ന പർദേശിയെ ആരും ഗൗനിച്ചില്ല. വെടിവച്ചു കഴിഞ്ഞാൽ അപ്പോൾ ഒന്നാം നിലയിൽനിന്ന് താഴെ നിർത്തിയിട്ടിരിക്കുന്ന ജീപ്പിലേക്ക് ചാടണമെന്നായിരുന്നു അയാൾക്ക് കിട്ടിയിരുന്ന നിർദേശം. ജഡ്ജി അമീർസാദയുടെ പേരു വിളിച്ചു. അയാൾ കോടതിയിലേക്ക് കയറിയപ്പോൾ പർദേശി ഉന്നം പിടിച്ചു. തടസ്സമായി വന്ന പൊലീസുകാരന്റെ തല ഒഴിവായ സെക്കൻഡിൽ തന്നെ അയാൾ കാഞ്ചി വലിച്ചു. കോടതിയുടെ നടുത്തളത്തിൽ അമീർസാദ മരിച്ചു വീണു. എന്നാൽ, പെട്ടെന്നുള്ള അമ്പരപ്പിൽ പർദേശി ഓടാൻ മറന്നു. നിമിഷങ്ങൾക്കകം ഓടിത്തുടങ്ങിയെങ്കിലും പൊലീസ് വെടിവച്ചു വീഴ്ത്തി. പരുക്ക് സാരമല്ലായിരുന്നതിനാൽ മരിച്ചില്ല. എന്നാൽ, പർദേശിയുടെ മൊഴിയിൽ ദാവൂദും ബഡാരാജനും പൊലീന്റെ പിടിയിലായി. ദാവൂദ് തന്റെ സ്വാധീനമുപയോഗിച്ച് പുറത്തിറങ്ങിയപ്പോൾ ബഡാ രാജൻ അഴിക്കുള്ളിലായി.
ബഡാ രാജന്റെ അന്ത്യം
പത്താൻഗ്യാങ് അടങ്ങിയിരുന്നില്ല. ബഡാരാജനു നേരെ കാഞ്ചി വലിക്കാൻ കഴിയുന്നൊരാൾക്കുവേണ്ടി അവർ അന്വേഷണം ആരംഭിച്ചു. ഒടുവിൽ അതെത്തി നിന്നത് രാജന്റെ പഴയ ശത്രു അബ്ദുൽ കുഞ്ഞിലായിരുന്നു. അയാളാകട്ടെ കൃത്യം നേരിട്ടു നിർവഹിക്കാതെ ഓട്ടോറിക്ഷക്കാരനായ ചന്ദ്രശേഖർ സഫാലികയെ വാടകയ്ക്കെടുത്തു. ബഡാരാജന്റ നിർബന്ധിത ഹഫ്ത പിരിവിൽ ബുദ്ധിമുട്ടിയിരുന്നയാളായിരുന്നു സഫാലിക. ആ വൈരാഗ്യത്തെ അബ്ദുൽകുഞ്ഞ് ബുദ്ധിപൂർവം ഉപയോഗിച്ചു. 1983 സെപ്റ്റംബർ 30ന് ആസാദ് മൈതാൻ പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലെ എസ്പ്ലനേഡ് കോടതിയിൽ രാജന്റെ വിചാരണ നടക്കുന്നു. ഒരു നാവികന്റെ വേഷത്തിൽ സ്ഥലത്ത് എത്തിയ സഫാലിക കോടതിക്കുള്ളിൽ വച്ച് വെടിയുതിർക്കാൻ ഭയന്നു. എന്നാൽ, വിചാരണയ്ക്കുശേഷം പുറത്തിറങ്ങുമ്പോൾ സകല ധൈര്യവും സംഭരിച്ച് സഫാലിക ബഡാരാജനു നേരേ വെടിയുതിർത്തു. നെറ്റിയിലും കഴുത്തിലും മുഖത്തുമേറ്റ 4 വെടിയുണ്ടകൾ രാജന്റെ ജീവനെടുത്തു. രക്ഷപ്പെടാൻ ശ്രമിക്കാതിരുന്ന സഫാലികയെ പൊലീസ് അപ്പോൾ തന്നെ പിടികൂടുകയും ചെയ്തു.
ഛോട്ടാ രാജന്റെ കാലം
ഇന്ത്യൻ അധോലോക ചരിത്രത്തിൽ ദാവൂദ് ഇബ്രാഹിമിന് ഒപ്പം കുപ്രസിദ്ധി നേടിയ ഛോട്ടാ രാജന്റെ യുഗം ആരംഭിച്ചത് ബഡാ രാജന്റെ വധത്തോടെയായിരുന്നു. സത്താറയിലെ ലോണാർ ഗ്രാമത്തിൽ ജനിച്ച ഛോട്ടാ രാജനു മൂന്നു സഹോദരൻമാരും രണ്ടു സഹോദരിമാരുമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ അയാൾ ചെമ്പൂരിലെ തിയറ്ററുകളിൽ കള്ളടിക്കറ്റുകൾ വിറ്റുകൊണ്ടാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു നടന്നുകയറിയത്. 1979ൽ കള്ള ടിക്കറ്റ് വിൽക്കുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടായപ്പോൾ ലാത്തിവീശിയ പൊലീസുകാരിൽ ഒരാളെ സാരമായി പരുക്കേൽപിച്ചതാണ് ഛോട്ടാ രാജന് കുപ്രസിദ്ധി നേടിക്കൊടുത്ത ആദ്യ സംഭവം. അങ്ങനെ പതിയെ പതിയെ വളർന്ന് അയാൾ ബഡാരാജന്റെ സംഘത്തിൽ എത്തിപ്പെടുകയും അബ്ദുൽ കുഞ്ഞ് ചതിച്ചപ്പോൾ ബഡാരാജന്റെ വലംകയ്യായായി മാറുകയും ചെയ്തു.
അബ്ദുൽ കുഞ്ഞിനായി ഛോട്ടാ രാജൻ മുംബൈ തെരുവുകളിലെങ്ങും വലവിരിച്ചു. ബാഡാ രാജന്റെ മരണത്തോടെ ഇല്ലാതാകുമെന്നു പ്രതീക്ഷിച്ച ഗോൾഡൻ ഗ്യാങ്ങിനെ ഛോട്ടാ രാജൻ ഇരട്ടി പ്രഹരശേഷിയുള്ള സംഘമാക്കി മാറ്റി. ഛോട്ടാരാജൻ തന്റെ തലകൊയ്യാനുള്ള വേട്ട തുടങ്ങിയതറഞ്ഞ് അപകടം മണത്ത കുഞ്ഞ് പത്താൻ സംഘത്തിലെ ആലംസേബിനോട് സംരക്ഷണത്തിനായി യാചിച്ചു. എന്നാൽ, ആവശ്യം കഴിഞ്ഞതിനാൽ അവർ നിഷ്കരുണം ആട്ടിയോടിച്ചു. ഛോട്ടാരാജൻ അബ്ദുൽ കുഞ്ഞിനെ കൊല്ലാനായി നിരന്തരം പിന്തുടർന്നെങ്കിലും കൃത്യമായ അവസരം ഒത്തുകിട്ടിയില്ല. ബഡാരാജനേക്കാൾ പ്രഹരശേഷിയുണ്ട് ഛോട്ടാ രാജനെന്നു മനസിലാക്കിയ കുഞ്ഞ് രക്ഷപ്പെടാനായി കണ്ട ഏക വഴി പൊലീസിനു പിടികൊടുക്കുക എന്നതായിരുന്നു. 1983 ഒക്ടോബർ 9ന് കുഞ്ഞ് കീഴടങ്ങി.
പഴയതൊന്നും മറക്കാത്ത ഛോട്ടാ രാജൻ
പൊലീസ് കസ്റ്റഡി പോലും ഛോട്ടാ രാജനു ഭേദിക്കാനാകുമെന്ന ഭയം അബ്ദുൽ കുഞ്ഞിനെ വല്ലാതെ അലട്ടി. 1984 ജനുവരിയിൽ ജയിലിൽനിന്നു വിക്രോളി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുമ്പോൾ അയാൾ പൊലീസിന് പണം നൽകി രഹസ്യമായി സ്വന്തം കാറിൽ കോടതിയിലെത്തി. എന്നാൽ അതൊന്നും ഛോട്ടാ രാജന്റെ കണ്ണുകളെ വെട്ടിക്കാൻ പര്യാപ്തമായിരുന്നില്ല. തിരികെ ജയിലേക്ക് പോകുന്ന വഴി ചെമ്പൂരിലെ ട്രാഫിക് സിഗ്നലിൽ വച്ചു കുഞ്ഞിന്റെ കാറിനെ രണ്ടു കാറുകൾ വളഞ്ഞു. തുടരെ തുടരെ വെടിയുതിർത്തെങ്കിലും അയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ആ വർഷംതന്നെ ഏപ്രിൽ 25നു കുഞ്ഞിനെ പൊലീസ് കസ്റ്റഡിയിൽ ചികിത്സയ്ക്കായി ജെജെ ആശുപത്രിയിൽ എത്തിച്ചു. രണ്ട് പൊലീസുകാർക്കൊപ്പം ഡോക്ടറുടെ കാബിനിലേക്ക് കയറുമ്പോൾ പുറത്ത് കാത്തിരുന്ന രോഗികളിൽ ഒരാൾ കയ്യിലെ പ്ലാസ്റ്ററിൽ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് കുഞ്ഞിനു നേരെ വെടിയുതിർത്തു. പക്ഷേ, അവിടെയും ഭാഗ്യം അയാളെ തുണച്ചതിനാൽ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുൽ കുഞ്ഞിനെ കൊല്ലാനായി ഛോട്ടാരാജൻ ദൃഢനിശ്ചയത്തോടെ നടത്തുന്ന നീക്കങ്ങൾ ദാവൂദിന്റെ ശ്രദ്ധയാകർഷിച്ചു. മുസഫർഖാനയിലെ ഓഫിസിലേക്കു രാജനെ വിളിപ്പിച്ച് തന്റെ സംഘത്തോടൊപ്പം ചേരാൻ ദാവൂദ് ആവശ്യപ്പെട്ടു. അതോടെ അധോലോകത്ത് ദാവൂദ്– രാജൻ യുഗത്തിന് തുടക്കമായി.
ഇതിനിടെ ജയിൽ മോചിതനായ അബ്ദുൽ കുഞ്ഞ് ഛോട്ടാ രാജൻ ഇനി ഉപദ്രവിക്കില്ലെന്ന് വിശ്വസിച്ചു. കാലക്രമേണ അയാൾ പഴയ കാര്യങ്ങൾതന്നെ മറന്നു തുടങ്ങി. ബഡാ രാജൻ കൊല്ലപ്പെട്ട് 4 വർഷത്തിനുശേഷം 1987ൽ ചെമ്പൂരിലെ ചെറിയൊരു മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അബ്ദുൽ കുഞ്ഞ്. കളിക്കിടെ ഒപ്പം ചേർന്ന പുതിയൊരു സംഘം നിമിഷനേരം കൊണ്ടു കുഞ്ഞിനെ വളഞ്ഞ് വെടിവച്ചും വെട്ടിയും കൊലപ്പെടുത്തി. പഴയതെല്ലാം മറന്നത് അബ്ദുൽ കുഞ്ഞ് മാത്രമായിരുന്നു, ഛോട്ടാരാജൻ കണക്ക് ഓർത്തുവച്ചിരുന്നു.
ദാവൂദിന്റെ രണ്ടാമൻ
പത്താൻ സംഘത്തിന്റെ നേതാവായ കരീം ലാലയുടെ അനന്തരവൻ സമദ് ഖാൻ ക്രൂരമായ കൊലപാതകങ്ങളുടെ പേരിൽ കുപ്രസിദ്ധനായിരുന്നു. തന്റെ ഇരകളെ മണിക്കൂറുകളോളം വേദനിപ്പിച്ചശേഷം കൊല്ലുന്നതായിരുന്നു അയാളുടെ ശൈലി. സമദിന്റെ പ്രവൃത്തികൾ തുടർച്ചായി തലവേദന സൃഷ്ടിച്ചതോടെ കരീംലാല അയാളുമായി തനിക്കു ബന്ധമില്ലെന്ന് വ്യക്തമാക്കി ഉറുദു ദിനപ്പത്രത്തിൽ പരസ്യം നൽകി. ഇതോടെ അമ്മാവനുമായി തെറ്റിയ സമദ് ദാവൂദുമായി അടുപ്പം സ്ഥാപിച്ചു. എന്നാൽ, തന്റെ സ്വതസിദ്ധമായ അഹന്തയ്ക്ക് കുറവുവരുത്താൻ അയാൾക്ക് കഴിഞ്ഞില്ല.
സമദിനെ തീരെ ബോധിക്കാതിരുന്ന ദാവൂദിന്റെ സഹോദരൻ നൂറ ബാറിലിരുന്ന് അയാളെക്കുറിച്ച് കുറ്റം പറഞ്ഞത് സമദ് അറിഞ്ഞു. അപ്പോൾ തന്നെ നൂറയുടെ വീട്ടിലെത്തി ദാവൂദിന്റെ കൂട്ടാളികളുടെ മുന്നിലിട്ട് അയാളെ തല്ലി അവശനാക്കുക എന്ന മണ്ടത്തരം സമദ് കാണിച്ചു. എന്നാൽ, വിവരം അറിഞ്ഞ ദാവൂദ് കാര്യമായി പ്രതികരിച്ചില്ല. ഇത് തന്നോടുള്ള ബഹുമാനം കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച സമദിന് ആത്മവിശ്വാസം കൂടി. 1984 ഒക്ടോബർ 4ന് കാമുകി ശിൽപയെ കണ്ടശേഷം ഫ്ലാറ്റിൽ നിന്ന് ലിഫ്റ്റിൽ താഴേക്ക് വരുമ്പോൾ ദാവൂദ്, ഛോട്ടാരാജൻ, അലി ആന്തുലെ, അൻവർ ഹമീദ് എന്നിവർ സമദിനെ കാത്തു താഴെ നിന്നിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്ന നിമിഷം സമദിനെ അവർ അതിനുള്ളിലിട്ട് വെടിവച്ച് കൊന്നു.
സമദിന്റെ കൊലപാതകത്തോടെ ദാവൂദിനെതിരെ പൊലീസ് കുരുക്ക് മുറുക്കി. 1986ൽ ഒരു ദിവസം ക്രൈംബ്രാഞ്ച് ദാവൂദിന്റെ ‘ഡി കമ്പനി’ ഓഫിസ് റെയ്ഡ് ചെയ്തു. നിമിഷങ്ങൾക്ക് മുൻപ് വിവരം ചോർന്നുകിട്ടിയ ദാവൂദ് ഡൽഹിയിലേക്കും അവിടെനിന്ന് ദുബായിലേക്കും രക്ഷപ്പെട്ടു. അതു ദാവൂദിന്റെ അവസാനമായിട്ടുള്ള രാജ്യം വിടലായിരുന്നു. ദുബായിൽ വൈറ്റ് ഹൗസ് എന്ന പേരിൽ വലിയ ബംഗ്ലാവ് വാങ്ങിയ ദാവൂദ് അവിടെയിരുന്ന് മുംബൈയിലെ ബിസിനസുകളും അധോലോക പ്രവർത്തനവും നിയന്ത്രിച്ചു തുടങ്ങി. വിശ്വസ്തരായ അനുചരന്മാരോട് മുഴുവൻ ദുബായിലേക്ക് എത്താൻ അയാൾ സന്ദേശം നൽകി. ആദ്യമെത്തിയത് ഇളയ സഹോദരൻ അനീസ് ഇബ്രാഹിം, അനിൽപ്രതാബ്, സുനിൽ സാവന്ത്, മനീഷ് ലാല, അലി ആന്തുലെ എന്നിവരായിരുന്നു. ഏറ്റവും വിശ്വസ്തരായ ഛോട്ടാ രാജൻ 1987ലും ഛോട്ടാ ഷക്കീൽ 1988ലും ആണ് എത്തിച്ചേർന്നത്. ദുബായിൽ ഛോട്ടാരാജനായിരുന്നു ദാവൂദിന്റെ വലംകൈ. സംഘത്തിൽ ഛോട്ടാ ഷക്കീലിന് മൂന്നാം സ്ഥാനമായിരുന്നു.
ബിആർഎ സംഘത്തെ പൊളിക്കുന്നു
ദാവൂദിന് ഒപ്പമെത്തിയില്ലെങ്കിലും അതേ കാലത്തുതന്നെ വളർന്നു വന്ന കുപ്രസിദ്ധ സംഘമായിരുന്നു ബിആർഎ. ബാബു ഗോപാൽ റഷീം, രാംനായ്ക്, അരുൺ ഗാവ്‌ലി എന്നിവരുടെ പേരിന്റെ ചുരുക്കെഴുത്തായിരുന്നു ബിആർഎ. ഇതിൽ രാംനായ്ക് ആയിരുന്നു സംഘത്തിന്റെ നെടുംതൂൺ. നായ്ക്കും ദാവൂദിന്റെ സുഹൃത്ത് ശരത് ഷെട്ടി എന്ന അണ്ണയും തമ്മിൽ മുംബൈയിലെ ഒരു വസ്തുവിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. ഏതാണ്ട് 50 കോടി രൂപ അന്ന് വില വരുന്ന ഈ വസ്തുവിന്റെ തർക്കം പറഞ്ഞു തീർക്കാൻ ഇരുവരെയും ദാവൂദ് ദുബായിലേക്ക് വിളിപ്പിച്ചു. രാമനായിക്കിനോട് ദാവൂദിനു ബഹുമാനമായിരുന്നെങ്കിലും സ്ഥലം ഷെട്ടിക്ക് വിട്ടുകൊടുക്കാനും അതിന്റെ വില രാംനായ്ക്കിനു നൽകാനും ദാവൂദ് നിർദേശിച്ചു. ഇതോടെ കുപിതനായ നായ്ക്ക് മുംബയിലേക്ക് തിരിച്ചുപോയി.
സ്ഥലം വിട്ടുകൊടുക്കരുതെന്നും ദാവൂദിനെ പാഠം പഠിപ്പിക്കണമെന്നും അരുൺ ഗാവ്‌ലി അഭിപ്രായപ്പെട്ടു. എന്നാൽ, വൈകാതെ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ രാംനായ്ക് കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടൽ ദാവൂദിന്റെ പണം വാങ്ങി പൊലീസ് നടത്തിയതാണെന്ന് ആരോപണമുയർന്നു. അടുത്ത ഊഴം ബിആർഎ സംഘത്തിലെ രണ്ടാമൻ ബാബു റഷീമിന്റേതായിരുന്നു. ഒരു കേസിൽ ജേക്കബ് സർക്കിൾ ലോക്കപ്പിലായിരുന്ന ബാബു റഷീമിനെ വിജയ് ഉദേക്കർ കഞ്ചാറി എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം ജയിൽ കയറി വെടിവച്ച് കൊന്നു. ഛോട്ടാ രാജനാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ ബിആർഎ സംഘത്തിൽ ഗാവ്‌ലി മാത്രമായി.
അരുൺ ഗാവ്‌ലിയുമായി ‘യുദ്ധം’
മുംബൈയിലെ ദാവൂദ് സംഘത്തിനു കനത്ത നാശം വിതയ്ക്കാൻ ഗാവ്‌ലി പദ്ധതിയിട്ടു. ദാവൂദ് സംഘത്തിലെ പ്രധാനിയും ഷാർപ് ഷൂട്ടറുമായ സതീഷ് രാജേയെയാണ് ഗാവ്‌ലി ഇരയായി കണ്ടെത്തിയത്. 1988 നവംബർ 1ന് കനത്ത സുരക്ഷയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന രാജേയെ ഗാവ്‌ലി സംഘം തടഞ്ഞു. വാഹനത്തിന്റെ ഗ്ലാസ് ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചശേഷം അതിനുള്ളിലൂടെ വെടിയുതിർത്ത് രാജേയെ കൊന്നു. ദാവൂദ് ഒന്നു പതറിയെങ്കിലും തിരിച്ചടിക്കാൻ തീരുമാനിച്ചു. ചുമതല പതിവുപോലെ ഛോട്ടാരാജന് തന്നെ. ഗാവ്‌ലി സഹോദരതുല്യനായി കണക്കാക്കുന്ന അശോക് ജോഷിയെയാണ് രാജൻ ഉന്നമിട്ടത്.
1988 ഡിസംബർ 6ന് കാറിൽ പുണെ നഗരത്തിലേക്ക് പോകുകയായിരുന്ന ജോഷിയെ ഛോട്ടാ രാജൻ ഉൾപ്പെടെ 15 പേരുടെ സംഘം വഴിയിൽ തടഞ്ഞു വെടിവച്ചുകൊന്നു. ജോഷിയുടെ ഡ്രൈവറായിരുന്നു ഒറ്റുകാരൻ. ഇതോടെ ഗാവ്‌ലി– ദാവൂദ് സംഘങ്ങളുടെ നിരന്തര പോരാട്ടത്തിന് തുടക്കംകുറിച്ചു. ഇരുപക്ഷത്തും ആളുകൾ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ജോഷിയുടെ മരണശേഷം ഗാവ്‌ലിയുടെ ഉപദേശകന്റെ സ്ഥാനം വഹിച്ചിരുന്നത് മൂത്ത സഹോദരൻ പാപ്പ ഗാവ്‌ലിയായിരുന്നു. ഛോട്ടാ രാജൻ നിയോഗിച്ച ഉന്നംപിഴയ്ക്കാത്ത വെടിവയ്പ്പുകാരിൽ ഒരാൾ പാപ്പ ഗാവ്‌ലിയെ വെടിവച്ചു കൊന്നതോടെ അരുൺ ഗാവ്‌ലി താൽക്കാലത്തേക്ക് തളർന്നു.
ഈ സമയംകൊണ്ട് അയാളുടെ സംഘത്തെ ദാവൂദും ഛോട്ടാ രാജനും നിലംപരിശാക്കാൻ തുടങ്ങി. ഗതികെട്ട ഗാവ്‌ലി രണ്ടുംകൽപിച്ചുള്ള തിരിച്ചടിക്ക് ഒരുങ്ങി. ദാവൂദിനു വരുത്തുന്ന നഷ്ടം കനത്തതായിരിക്കണമെന്ന് അയാൾ തീരുമാനിച്ചു. അതിനായി ഗാവ്‌ലി തിരഞ്ഞെടുത്തത് ഹോട്ടലുടമായിയ ഇബ്രാഹീം പാർക്കാറെയായിരുന്നു. ദാവൂദിന് ഏറ്റവും പ്രിയപ്പെട്ട സഹോദരി ഹസീനയുടെ ഭർത്താവായിരുന്നു പാർക്കർ. 1992 ജൂലൈ 26ന് സ്വന്തം ഹോട്ടലിൽ വച്ച് പാർക്കറെ ഗാവ്‌ലി സംഘം വെടിവച്ച് കൊന്നു. ഇതു ദാവൂദിനെ തളർത്തിക്കളഞ്ഞു. അയാൾക്ക് കുടുംബാംഗങ്ങളുടെ മുഖത്തു നോക്കാൻ കഴിയാത്ത സ്ഥിതിയായി.
ആശുപത്രിയിലെ കൊലപാതകം
ഡി കമ്പനിയിൽ നാൾക്കുനാൾ ഛോട്ടാ രാജന്റെ സ്വാധീനം വർധിച്ചു വന്നു. ദാവൂദിന്റെ തലച്ചോറുതന്നെ ഛോട്ടാരാജനായിരുന്നു. സംഘത്തിന് ഒരു കോർപറേറ്റ് ഘടനയുണ്ടാക്കി രാജൻ. ഓരോ ഡിപ്പാർട്മെന്റുകളും ഓരോരുത്തരെ ഏൽപ്പിച്ചു. എല്ലാ ഡിപ്പാർട്മെന്റിലും മേൽനോട്ടം നടത്തുന്ന സിഇഒ റോളിലായിരുന്നു രാജൻ. റഷ്യയിലെ ‘സൊളൻട് സെവിസ്ക്യ’ ഗാങ്ങിന്റെ മാതൃകയിലാണ് രാജൻ ഡി കമ്പനിയുടെ ഘടനയും വിഭാവനം ചെയ്തത്. സ്വന്തം വിശ്വസ്തരെ അയാൾ ഗാങ്ങിൽ ചേർത്തുകൊണ്ടേയിരുന്നു. ഏതാണ്ട് 5000 ആളുകൾ ആ സമയത്ത് ഡി കമ്പനിക്ക് വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ കാറാച്ചി, തുർക്കി, സൈപ്രസ് എന്നിവിടങ്ങളിലെ അധോലോക സംഘവുമായി ഛോട്ടാ രാജൻ ബന്ധമുണ്ടാക്കി.
മുംബൈയിൽ വ്യവസായികളിൽനിന്നും സിനിമാക്കാരിൽനിന്നും മാത്രമല്ല സർക്കാർ ഏജൻസികളിൽനിന്നു വരെ രാജന്റെ ആളുകൾ പണം പിടിച്ചുവാങ്ങി, പല സിനിമകൾക്കും പണം മുടക്കി. തൊണ്ണൂറുകളിൽ മാസം 80 ലക്ഷം രൂപ വരെയാണ് സംഘം ഹഫ്ത പിരിച്ചിരുന്നത്. കൂടാതെ ബെനാമി പേരിലായി 122 ഹോട്ടലുകളും പബുകളും നടത്തിയിരുന്നു. പിരിച്ചെടുക്കുന്ന പണത്തിന്റെ വീതം സംഘത്തിലുള്ളർക്കു കൃത്യമായി നൽകുകയും ഒരുതുക ജയിലിൽ കിടക്കുന്നവരുടെ ഭക്ഷണ ചെലവിലേക്കായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. സംഘത്തിലെ എല്ലാവരുമായും രാജന് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു.
രാജന്റെ വളർച്ച ഡി കമ്പനിക്കുള്ളിൽതന്നെ ശരത് ഷെട്ടി, ഛോട്ടാ ഷക്കീൽ, സുനിൽ സാവന്ത് എന്നിവരിൽ അസൂയ ഉണ്ടാക്കുന്നതിനു കാരണമായി. മുംബൈയിലോ ഇന്ത്യയ്ക്കു പുറത്ത് മറ്റു രാജ്യങ്ങളിലോ ഛോട്ടാ രാജന്റെ അനുമതി ഇല്ലാതെ ഒരു ബിസിനസും തുടങ്ങാൻ കഴിയില്ല എന്നതായിരുന്നു അവരുടെ എതിർപ്പിന് പ്രധാന കാരണം. മൂവരും ചേർന്ന്, ഗാങ്ങിനുള്ളിൽ രാജൻ ഗാങ് നടത്തുന്നതായി ദാവൂദിനോട് പരാതിപ്പെട്ടു. താഴെയുള്ളവർക്കു രാജനോടാണ് കൂറെന്നും അയാൾ സംഘം പിളർത്തുമെന്നും അവർ വാദിച്ചു. ആദ്യമൊന്നും ദാവൂദ് അത് അംഗീകരിച്ചുകൊടുത്തില്ല. എന്നാൽ, സഹോദരി ഹസീനയുടെ ഭർത്താവ് ഇബ്രാഹിം പാർക്കറുടെ കൊലയാളികളെ വകവരുത്താൻ രാജൻ ഉൽസാഹം കാണിക്കുന്നില്ല എന്ന അവരുടെ പരാതി ദാവൂദിനെ ഉലച്ചു. അപ്പോൾതന്നെ രാജനെ ഫോണിൽ വിളിച്ച് ദാവൂദ് കാര്യം തിരക്കി.
കൊലയാളികൾ മുംബൈ ജെജെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവിടെ കനത്ത സുരക്ഷാ സംവിധാനമുള്ളതിനാൽ പുറത്തിറങ്ങിയാൽ ഉടൻ കൊല്ലാമെന്നും രാജൻ അറിയിച്ചു. എന്നാൽ, തങ്ങൾക്ക് ഒരു അവസരം തരണമെന്നും ആശുപത്രിയിൽ തന്നെ അവരെ വകവരുത്താമെന്നും സൗത്യ എന്ന സുനിൽ സാവന്ത് വാക്ക് നൽകി. ദാവൂദ് അവരുടെ ആവശ്യം അംഗീകരിച്ചു. അങ്ങനെ ആദ്യമായി ഛോട്ടാ രാജന്റെ ബുദ്ധി ഉപയോഗിക്കാതെ അവർ ഒരു കൊലപാതകം നടത്താനായി ഇറങ്ങിത്തിരിച്ചു.
സുനിൽ സാവന്തും ഷക്കീലും പദ്ധതി തയ്യാറാക്കി. 1992 സെപ്റ്റംബർ 12ന് വെളുപ്പിന് 3.30ന് ജെജെ ആശുപത്രിയിൽ തോക്കുകളുമായി എത്തിയ സംഘം വൻ ആക്രമണം അഴിച്ചുവിട്ടു. പാർക്കറുടെ കൊലപാതകി ഹൽഡങ്കറും 2 പൊലീസുകാരും വെടിയേറ്റു മരിച്ചു. മുംബൈ നഗരം നടുങ്ങി വിറച്ചു. അതിഗംഭീര വിജയത്തിൽ ദാവൂദ് മതിമറന്ന് ആഘോഷിച്ചു. കൊലപാതകത്തിനു ശേഷം ദുബായിൽ തിരിച്ചെത്തി സുനിൽ സാവന്തിനെയും ഛോട്ടാ ഷക്കീലിനെയും അയാൾ അഭിനന്ദനം കൊണ്ട് മൂടി. ഈ ആഘോഷത്തിൽ ഛോട്ടാ രാജൻ പങ്കെടുത്തെങ്കിലും അയാൾ നിശബ്ദനായി ഒരു മൂലയിലിരുന്നു മദ്യപിക്കുകയായിരുന്നു.
വിശ്വാസം വീണ്ടെടുക്കാൻ ശ്രമം
ജെജെ ആശുപത്രി ആക്രമണത്തിനു ശേഷം മാസങ്ങൾക്കുള്ളിലാണു മുംബൈ സ്ഫോടന പരമ്പര. 257 പേർ മരിച്ച സ്ഫോടനം പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത് ദാവൂദ് ഇബ്രാഹിം വഴി നടപ്പാക്കിയതായിരുന്നു. കൊടുംകുറ്റവാളിയായ ദാവൂദിനെ വിട്ടുകിട്ടാൻ ഇന്ത്യ യുഎഇയ്ക്കു മേൽ സമ്മർദം ചൊലുത്തി. ശിവസേന തലവൻ ബാൽ താക്കറെ പാർട്ടി പത്രമായ സാമ്നയുടെ എഡിറ്റോറിയലിൽ ദാവൂദിനെ ദേശദ്രോഹി എന്ന് വിളിച്ചു. ഛോട്ടാരാജന് സത്യമറിയാമായിരുന്നെങ്കിലും തന്റെ കൂറു തെളിയിക്കാൻ ദാവൂദ് നിരപരാധിയാണെന്നു പത്രമോഫിസുകളിലേക്ക് നേരിട്ട് ഫോണിൽ വിളിച്ചുപറഞ്ഞു. ഒരുപടികൂടി കടന്ന് ‘താക്കറെ സ്വന്തം ബിസിനസിലും രാഷ്ട്രീയത്തിലും മാത്രം ശ്രദ്ധിച്ചാൽ മതി, അധോലോകത്തിന്റെ കാര്യത്തിൽ ഇടപെടരുത്, താക്കറെയുടെ ഗുഡ് സർട്ടിഫിക്കറ്റ് ദാവൂദിന് ആവശ്യമില്ല’ എന്നു ലേഖനമെഴുതി ഇംഗിഷ് പത്രങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
താക്കറെയുമായുള്ള രാജന്റെ ഏറ്റുമുട്ടൽ ദാവൂദിനെ സന്തോഷിപ്പിച്ചെങ്കിലും കാര്യങ്ങൾ വൈകിയിരുന്നു. ഒപ്പമുള്ള മറ്റുള്ളവരും ഛോട്ടാ രാജനുമായി ഏതു നിമിഷവും ഒരു സംഘർഷം ദാവൂദ് പ്രതീക്ഷിച്ചു. നിർണായകമായ തീരുമാനമെടുക്കാൻ ദാവൂദ് തീരുമാനിച്ചു. ദുബായിൽ ഉല്ലാസ നൗകയിൽ നടത്താൻ തീരുമാനിച്ച സുപ്രധാന മീറ്റിങ്ങിലേക്ക് സംഘത്തിലുള്ളവരോടെല്ലാം എത്തിച്ചേരാൻ ദാവൂദ് നിർദേശം നൽകി. തൊട്ട് മുൻപു നടന്ന പല യോഗങ്ങളിലും തന്നെ പങ്കെടുപ്പിച്ചില്ലെന്ന അസ്വസ്ഥത രാജനുണ്ടായിരുന്നു. മനസ്സില്ലാ മനസോടെ യോഗത്തിന് പോകാൻ ഒരുങ്ങുമ്പോൾ രാജന് ഒരു ഫോൺകോൾ ലഭിച്ചു. ഒരു സുഹൃത്തായിരുന്നു അപ്പുറത്ത്. ‘നാന, താങ്കളെ കൊല്ലാനാണ് അവരുടെ പദ്ധതി’ എന്ന് അയാൾ രാജനെ അറിയിച്ചു. കൊലപാതകങ്ങൾ ആസൂത്രണം ചെയ്തും നടത്തിയും തഴക്കം വന്ന രാജൻ ഇത്തരത്തിലൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. എന്നാൽ, സുഹൃത്ത് പറഞ്ഞത് പൂർണമായും വിശ്വസിച്ചുമില്ല.
എസ്കേപ് ഫ്രം ദുബായ്
യോഗത്തിനു പോകാനായി കാറെടുത്ത് പുറത്തിറങ്ങിയ രാജൻ വഴിനീളെ അസ്വസ്ഥനായി എന്തു ചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. നൗകയിലേക്ക് പോകാതെ ഹൈവേകളിലൂടെ 3 മണിക്കൂറോളം കാറോടിച്ച ഛോട്ടാ രാജൻ ഒടുവിൽ നിർണായക തീരുമാനമെടുത്തു. അയാൾ കാർ അബുദാബിയിലെ ഇന്ത്യൻ എംബസിയിലേക്ക് തിരിച്ചു. വന്നിരിക്കുന്നത് ഛോട്ടാ രാജൻ തന്നെയാണെന്ന് ഉറപ്പാക്കിയത് എംബസിയിൽ ജോലി ചെയ്തിരുന്ന ‘റോ’ ഉദ്യോഗസ്ഥനായിരുന്നു. അവർ ഉടൻ ഇന്ത്യയിലേക്ക് വിളിച്ച് സംസാരിച്ചു. തന്നെ സുരക്ഷിതാനായി ഇന്ത്യയിലെത്താൻ സഹായിച്ചാൽ ദാവൂദിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കൈമാറാം എന്നതായിരുന്നു രാജന്റെ വാഗ്ദാനം.
മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണങ്ങൾക്കൊടുവിൽ രാജനെ സഹായിക്കാൻ എംബസി തയാറായി. വീട്ടിൽ തിരിച്ചെത്തിയ രാജൻ കിട്ടാവുന്ന രേഖകൾ എല്ലാം സംഘടിപ്പിച്ചു വീണ്ടും എംബസിയിലെത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജൻ ദുബായ് വിട്ടു. ആദ്യം നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിലും അവിടെനിന്ന് മറ്റൊരു ഐഡി ഉപയോഗിച്ച് മലേഷ്യയിലെ ക്വാലാലംപൂരിലേക്കും അയാൾ പറന്നു. എല്ലാ പിന്തുണയുമായി ഇന്ത്യൻ രഹസ്യാനേഷ്വേണ സംഘടനയായ റോ ഉണ്ടായിരുന്നു. രാജനു പിന്നീട് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ഏതുവിധേനയും ദാവൂദിനെയും അയാളുടെ സാമ്രാജ്യത്തെയും അവസാനിപ്പിക്കുക.
ദാവൂദിനെ അവസാനിപ്പിക്കാൻ വഴിതേടി നടന്നിരുന്ന രഹസ്യാന്വേഷണ ഏജൻസികളും ഛോട്ടാ രാജനെ ഒരു അവസരമായി കണ്ടു. രാജൻ പോയത് ദാവൂദ് വൈകിയാണ് അറിഞ്ഞത്. അക്ഷരാർഥത്തിൽ അത് അയാളെ ഞെട്ടിച്ചു. കാരണം, തന്റെ എല്ലാ ശക്തിയും ദൗർബല്യവും അറിയാവുന്നയാളാണു രാജൻ. ദൗർബല്യങ്ങൾക്കു മേൽ ഛോട്ടാ ഉന്നം വച്ചാൽ അതോടെ എല്ലാം അവസാനിക്കുമെന്ന് ദാവൂദ് ഭയന്നു. ഇതും ഇന്ത്യ യുഎഇക്കു മേൽ ദാവൂദിനെ വിട്ടുകിട്ടാൽ സമ്മർദ്ദം ചൊലുത്തിയതുമെല്ലാം അയാളെ പാക്കിസ്ഥാനിലെ കറാച്ചി എന്ന സുരക്ഷിത താവളത്തിലേക്ക് പാലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചു. പാക് ചാരസംഘടനയായ ഐഎസ്ഐ വേണ്ട സഹായങ്ങളും നൽകി.
ബാങ്കോക്കിലെ ‘ഉന്നം തെറ്റിയ’ വെടിവയ്പ്
ഡി കമ്പനിയിൽ നിന്ന് പിരിഞ്ഞശേഷം ഏതാണ്ട് 6 വർഷം ഛോട്ടാരാജൻ പൂർണമായും ഓട്ടത്തിലായിരുന്നു. തന്നെ വകവരുത്താൻ ഏതു നിമിഷവും ദാവൂദ് സംഘത്തിലെ പുതിയ രണ്ടാംസ്ഥാനക്കാരൻ ഛോട്ടാ ഷക്കീലിന്റെ ആളുകൾ എത്തുമെന്ന് രാജന് ഉറപ്പുണ്ടായിരുന്നു. എന്നാൽ പണത്തിനോ മറ്റു കാര്യങ്ങൾക്കോ രാജനു പഞ്ഞമില്ലായിരുന്നു. എല്ലാം ഏകോപിപ്പിക്കാൻ രഹസ്യാന്വേഷണ സംഘടനകളുടെ സഹായം അയാൾക്ക് കിട്ടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ക്വാലലംപൂരിൽ ഒരു രഹസ്യകേന്ദ്രത്തിലായിരുന്നു രാജന്റെ താമസം. പല പേരുകളിലുള്ള ഇന്ത്യൻ പാസ്പോർട്ടുകൾ ഉപയോഗിച്ച് അയാൾ മലേഷ്യ, കംബോഡിയ, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ തടസ്സമില്ലാതെ യാത്ര ചെയ്തു.
വിജയ് ദാമൻ എന്ന പേരിൽ ലഭിച്ച ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് രാജൻ ബാങ്കോക്കിലെ ചരൺ കോർട്ടിൽ ഒരു വലിയ ഫ്ലാറ്റ് സംഘടിപ്പിച്ചു. ചുറ്റും കനത്ത സുരക്ഷാ വേലികൾ തീർത്ത ആ സമുച്ചയത്തിൽ അയാൾ സുരക്ഷിതനാണെന്ന് സ്വയം വിശ്വസിച്ചു. ബാങ്കോക്കിലെ അജ്ഞാത വാസത്തിനിടയിൽ അവിടുത്തെ ബിസിനസ് അവസരങ്ങൾ മനസ്സിലാക്കാൻ അയാൾ തായ്‌ലൻഡിൽ ചുറ്റിക്കറങ്ങി. എന്നാൽ, വൈകാതെ രാജന് രഹസ്യാന്വേഷണ ഏജൻസികളുടെ സന്ദേശം ലഭിച്ചു ‘വീടിന് പുറത്ത് പോകരുത്, സഞ്ചാരം നിയന്ത്രിക്കുക, ഷക്കീലിന്റെ ആളുകൾ ബാങ്കോക്കിൽ എത്തിയിരിക്കുന്നു’. തായ്‌ലൻഡിലെ സിം കാർഡ് പോലും ഉപയോഗിക്കാതെ മലേഷ്യൻ ഫോൺതന്നെ ഇപ്പോഴും ഉപയോഗിക്കുന്ന അയാളെ ഷക്കീൽ എങ്ങനെ കണ്ടെത്തിയെന്നറിയാതെ രാജൻ അമ്പരന്നു.
ഭാര്യ സുജാതയ്ക്കും ഏറ്റവുമടുപ്പക്കാരനായ രോഹിത് വർമയ്ക്കുമല്ലാതെ ഒരാൾക്കു പോലും രാജൻ ബാങ്കോക്കിലാണെന്ന കാര്യം അറിയില്ലായിരുന്നു. മാസങ്ങളായി ഷക്കീലിന്റെ ആളുകൾ തന്നെ തിരയുന്നു എന്ന് അറിഞ്ഞ രാജൻ കൂടുതൽ കരുതലെടുത്തു. എന്നാൽ, ദിവസങ്ങളോളം ഒന്നും സംഭവിച്ചില്ല. അതോടെ തനിക്കു ലഭിച്ച വിവരം തെറ്റാണെന്നു രാജൻ വിശ്വസിച്ചു. എന്നാൽ യാഥാർഥ്യം തിരിച്ചായിരുന്നു ഛോട്ടാരാജന്റെ താമസസ്ഥലം കണ്ടെത്തിയ ഷക്കീൽ, മുന്നാ ജിംഗാദിന്റെ നേതൃത്വത്തിൽ 6 ഷാർപ് ഷൂട്ടർമാരെ പാക്കിസ്ഥാൻ വഴി ബാങ്കോക്കിലേക്ക് അയച്ചു. ചരൺ കോർട്ടിൽ രാജന്റെ വീടിന് അടുത്തു തന്നെ ഹിറ്റ് ടീം മറ്റൊരു വീട് വാടകയ്ക്കെടുത്തു. പദ്ധതി അവസാനഘട്ടത്തിലെത്തിയപ്പോൾ കൂടുതൽ ആളുകളെ കറാച്ചിയിൽനിന്നു ഷക്കീൽ അയച്ചു. ഒപ്പം തായ് ഷൂട്ടർമാരെയും സംഘടിപ്പിച്ചു.
2000 സെപ്റ്റംബർ 14ന് ആക്രമണം നടത്താനുള്ള അന്തിമ ഉത്തരവ് ഷക്കീൽ ഹിറ്റ് ടീമിന് നൽകി. രാജനൊപ്പം വലംകയ്യും സംരക്ഷകനുമായ രോഹിത് വർമ, അദ്ദേഹത്തിന്റെ ഭാര്യ സംഗീത, രണ്ടുവയസ്സുള്ള മകൾ എന്നിവരാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. വൈകിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയ ജിംഗാദിന്റെ നേതൃത്വത്തിലുള്ള സംഘം വാതിൽ തുറന്ന രോഹിത് വർമയെ ആദ്യം വെടിവച്ചു കൊന്നു. ഭാര്യയെയും മകളെയും വീട്ടുജോലിക്കാരിയെയും മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. വെടിയൊച്ച കേട്ട രാജൻ കിടപ്പറയുടെ വാതിൽ അകത്തുനിന്ന് പൂട്ടി രക്ഷപ്പെടാനുള്ള പഴുതുകൾ തിരഞ്ഞുകൊണ്ടിരുന്നു.
അടച്ചിട്ട മുറിയിലാണ് രാജൻ എന്നു മനസിലാക്കിയ അക്രമികൾ വാതിലിലൂടെ തുരുതുരാ വെടിവച്ചു. ഒരു വെടിയുണ്ട രാജന്റെ വയറിൽ തുളഞ്ഞുകയറി. ജനൽ തുറന്ന് രാജൻ രണ്ടാം നിലയിൽനിന്ന് പുറത്തെ പൂന്തോട്ടത്തിലേക്കു ചാടി. കതക് തകർത്ത് അകത്ത് കയറിയ അക്രമികൾ രാജൻ താഴെ ചെടികൾക്കിടയിൽ മറഞ്ഞുകിടക്കുന്നത് അറിയാതെ അയാൾ രക്ഷപ്പെട്ടെന്നു കരുതി സ്ഥലം കാലിയാക്കി. അവിടെ കിടന്നുതന്നെ തായ് പൊലീസിനെ ബന്ധപ്പെട്ട രാജൻ ഒരുവിധത്തിൽ ആശുപത്രിയിലെത്തിച്ചേർന്നു. അവിടെ ജീവനായി നിലവിളിച്ച അയാൾ ആശുപത്രിയിലും ദാവൂദ് ബോംബ് വർഷിക്കുമെന്നു ഭയന്നു നിലവിളിച്ചു.
ഒറ്റുകൊടുത്തത് ആര്?
ഛോട്ടാ രാജൻ മരിച്ചു എന്ന വാർത്തയാണ് ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ലഭിച്ചത്. ഛോട്ടാ ഷക്കീലാണ് പിന്നിലെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് ഷക്കീൽ നടത്തിയ വെളിപ്പെടുത്തലിൽ ഒപ്പമുണ്ടായിരുന്ന രോഹിത് വർമ തന്നെയാണു രാജനെ ഒറ്റിയതെന്നു വ്യക്തമാക്കി. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഉടമയായിരുന്ന മലയാളി വ്യവസായി തക്കിയുദ്ദീൻ വാഹിദിനെ ഛോട്ടാ രാജനുവേണ്ടി കൊലപ്പെടുത്തിയത് ഇതേ രോഹിത് വർമയായിരുന്നു. വിദേശ കാര്യമന്ത്രാലയം തായ് സർക്കാരുമായി നടത്തിയ ആശയവിനിമയത്തിൽ രാജൻ മരിച്ചിട്ടില്ലെന്നും അപകടനില തരണം ചെയ്തെന്നും അറിയിച്ചു.
മുംബൈ പൊലീസിന്റെ നേതൃത്വത്തിൽ രാജനെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമം നടന്നെങ്കിലും കാര്യമായി പുരോഗതിയുണ്ടായില്ല. 2000 നവംബർ 24ന് ദുരൂഹ സാഹചര്യത്തിൽ രാജനെ ആശുപത്രിയിൽ നിന്ന് കണാതായി. അതീവ സുരക്ഷിതത്വമുള്ള ആശുപത്രിയുടെ നാലാം നിലയിൽ നിന്നാണ് അയാൾ രക്ഷപ്പെട്ടത്. മുറിവുകൾ പൂർണായി ഉണങ്ങുകയോ ആരോഗ്യം വീണ്ടെടുക്കുകയോ ചെയ്തിരുന്നില്ല. തായ് പൊലീസിന്റെ വ്യാഖ്യാനമനുസരിച്ച് പർവതാരോഹകരുടെ സഹായത്തോടെയാണ് അയാൾ രക്ഷപ്പെട്ടത്. മുറിയിൽ നിന്ന് 200 കിലോ കയർ കണ്ടെടുക്കുകയും ചെയ്തെന്നു പറയപ്പെടുന്നു. എന്നാൽ, രാജന്റെ തായ്‌ലൻഡിലെ അഭിഭാഷകൻ വെളിപ്പെടുത്തിയത് തായ് പൊലീസ് മേധാവിക്ക് 5 ലക്ഷം ഡോളർ കൈക്കൂലി നൽകിയാണ് അയാൾ രക്ഷപ്പെട്ടതെന്നായിരുന്നു.
ദാവൂദും ഭയന്ന ആ വിവാഹസൽക്കാരം
തായ്‌ലൻഡിൽനിന്നു രാജൻ രക്ഷപ്പെട്ടതെന്ന് എവിടേക്കെന്ന് ഇന്നും കാര്യമായി വിവരങ്ങളില്ല. ഒരു പക്ഷേ അത് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതർക്ക് അറിയാവുന്ന അതീവരഹസ്യമായിത്തന്നെ അവശേഷിക്കുകയും ചെയ്യും. രാജൻ പോയതു കംബോഡിയ വഴി ഓസ്ട്രേലിയയിലേക്കെന്നും അതല്ല മലേഷ്യയ്ക്കാണെന്നും പറയപ്പെടുന്നു. പിന്നീട് ഛോട്ടാ രാജൻ ചർച്ചയിൽ വരുന്നത് വർഷങ്ങൾക്ക് മുൻപ് രാജനെ ദാവൂദുമായി തെറ്റിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ശരത് ഷെട്ടി എന്ന അണ്ണാ ദുബായിൽ കൊല്ലപ്പെട്ടപ്പോഴായിരുന്നു. ഛോട്ടാ ഷക്കീലും അനീസ് ഇബ്രാഹിമും കഴിഞ്ഞാൽ ദാവൂദിന്റെ അടുത്തയാളായിരുന്നു ഷെട്ടി. ദുബായിലെ ഇന്ത്യാ ക്ലബിൽ നിന്ന് പുറത്തേക്കു വരുമ്പോൾ 2003 ജനുവരി 19ന് ഷെട്ടിയെ രാജന്റെ ആളുകൾ വെടിവച്ച് കൊന്നു. തനിക്കെതിരായ വധശ്രമത്തിന് ഛോട്ടാരാജൻ നൽകിയ മറുപടിയായിരുന്നു അത്. പിന്നീട് വീണ്ടും രാജൻ വിസ്മൃതിയിലാണ്ടു.
2005ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകൻ ജൂനൈദ്, ദാവൂദിന്റെ മകൾ മഹ്റൂഖ് എന്നിവർ തമ്മിലുള്ള വിവാഹത്തിന്റെ സൽക്കാരം നടത്തിയതു ദുബായിലായിരുന്നു. ചടങ്ങിനു ദാവൂദ് എത്തുമെന്നു കണക്കുകൂട്ടിയ രഹസ്യാന്വേഷണ വിഭാഗം അവിടെവച്ച് ദാവൂദിനെ വധിക്കാൻ തീരുമാനിച്ചു. നേരിട്ട് ചെയ്യാതെ കൃത്യം നടത്താൻ ഛോട്ടാ രാജന്റെ സംഘത്തെ ഉപയോഗിക്കാനായിരുന്നു പദ്ധതി. രാജൻ തന്റെ മികച്ച വെടിവയ്പുകാരായ ഫാരിദ് തനാഷെ, വിക്കി മൽഹോത്ര എന്നിവരെ ഇന്ത്യയിലേക്ക് രഹസ്യമായി അയച്ചു. എന്നാൽ, രഹസ്യാന്വേഷണ സംഘവും മുംബൈ ക്രൈംബ്രാഞ്ചും തമ്മിലുള്ള കിടമൽസരത്തിന്റെ ഭാഗമായി മുൻപ് കേസിൽ ഉൾപ്പെട്ടിരുന്ന ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പദ്ധതി പൊളിയുകയും ചെയ്തു. പക്ഷേ, താൻ കൊല്ലപ്പെടുമെന്ന് ഭയന്ന ദാവൂദിനാകട്ടെ സ്വന്തം മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ധൈര്യവുമുണ്ടായില്ല.
2011 ജൂൺ 11ന് ഛോട്ടാ രാജന്റെ ആളുകൾ മിഡ് ഡേ റിപ്പോർട്ടർ ജ്യോതിർമൊയി ഡേ എന്ന ജെ. ഡേയെ വെടിവച്ചു കൊന്നതാണ് രാജന്റെ പേരിലുള്ള ഒടുവിലത്തെ കേസ്. മുംബൈ അധോലോകത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്ത് കൊണ്ടുവന്നിരുന്ന ഡേ എന്നും അധോലോകത്തിന്റെ കണ്ണിലെ കരടായിരുന്നു. പിന്നീട് ഛോട്ടാ രാജനെപ്പറ്റി കാര്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായി 2015 ഒക്ടോബർ 26ന് ഛോട്ടാ രാജൻ ഇന്തൊനീഷ്യയിലെ ബാലിയിൽ അവിടുത്തെ പൊലീസിന്റെ പിടിയിലായി. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്ന് വിമാനത്തിൽ വന്നിറങ്ങുമ്പോൾ ഇന്റർപോൾ നൽകിയ വിവരം അനുസരിച്ചായിരുന്നു അറസ്റ്റ്. പിന്നീട് രാജനെ ഇന്ത്യയ്ക്ക് കൈമാറി.
ദാവൂദിൽനിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിൽ ശാരീരികമായി തളർന്ന രാജൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ കീഴടങ്ങിയതാണെന്നും വാദമുയർന്നു. എന്നാൽ ഏജൻസികൾ ഇത് പാടെ നിഷേധിച്ചു. ഇപ്പോൾ തിഹാർ ജയിലിലാണ് വാസമെങ്കിലും ഏതാണ്ട് 4000 കോടി രൂപയുടെയെങ്കിലും ബെനാമി സ്വത്ത് ഛോട്ടാ രാജനു സ്വന്തമാണെന്നു കണക്കാക്കുന്നു. ഏതാണ്ട് ഇരുപതോളം കൊലപാതക കേസുകളാണ് ഔദ്യോഗികമായി രാജന്റെ പേരിലുള്ളത്. അവശനായി ആശുപത്രിയിൽ കഴിയുന്ന ഛോട്ടാ രാജൻ ഒരുകാലത്ത് കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായും പിന്നീട് ദാവൂദ് നേരിട്ട ഏറ്റവും കരുത്തനായ ശത്രുവായും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിശ്വസ്തനായും പല വേഷങ്ങൾ മാറിമാറിയണിഞ്ഞിരുന്നു ഛോട്ടാരാജൻ. ആ അധോലോക നായകന്റെ കഥകൾ അത്ര ‘ഛോട്ടാ’ ആയിരുന്നില്ലെന്നു ചുരുക്കം.
വിവരങ്ങൾക്കു കടപ്പാട്: ഡോംഗ്രി ടു ദുബായ്– എസ്. ഹുസൈൻ സെയ്ദി.
English Summary: Don Dawood Ibrahim's Rival, Underworld Gangster Chhota Rajan's Real Life Story