‘കേരളം വിജയിച്ച മാതൃകയെന്ന് പ്രചാരണം; കേന്ദ്രനയവും പാളി, ഇനി വരാം മൂന്നാം തരംഗം’
രണ്ടാംഘട്ടത്തിൽ ഉണ്ടായ അപകടരമായ അവസ്ഥയ്ക്ക് കാരണമായത് തിരഞ്ഞെടുപ്പ് റാലികളും ആൾക്കൂട്ടങ്ങളും ആയിരുന്നു. ഏറ്റവും കൂടുതൽ ആൾക്കൂട്ടത്തെ സൃഷ്ടിച്ച നേതാവിനെ ‘സൂപ്പർ സ്പ്രെഡർ’ ആയി കാണണം. ആരോഗ്യവകുപ്പും പൊലീസും ആ ഘട്ടത്തിൽ എവിടെയായിരുന്നു?.. Covid19 in Kerala
രണ്ടാംഘട്ടത്തിൽ ഉണ്ടായ അപകടരമായ അവസ്ഥയ്ക്ക് കാരണമായത് തിരഞ്ഞെടുപ്പ് റാലികളും ആൾക്കൂട്ടങ്ങളും ആയിരുന്നു. ഏറ്റവും കൂടുതൽ ആൾക്കൂട്ടത്തെ സൃഷ്ടിച്ച നേതാവിനെ ‘സൂപ്പർ സ്പ്രെഡർ’ ആയി കാണണം. ആരോഗ്യവകുപ്പും പൊലീസും ആ ഘട്ടത്തിൽ എവിടെയായിരുന്നു?.. Covid19 in Kerala
രണ്ടാംഘട്ടത്തിൽ ഉണ്ടായ അപകടരമായ അവസ്ഥയ്ക്ക് കാരണമായത് തിരഞ്ഞെടുപ്പ് റാലികളും ആൾക്കൂട്ടങ്ങളും ആയിരുന്നു. ഏറ്റവും കൂടുതൽ ആൾക്കൂട്ടത്തെ സൃഷ്ടിച്ച നേതാവിനെ ‘സൂപ്പർ സ്പ്രെഡർ’ ആയി കാണണം. ആരോഗ്യവകുപ്പും പൊലീസും ആ ഘട്ടത്തിൽ എവിടെയായിരുന്നു?.. Covid19 in Kerala
അത്യന്തം വിനാശകരമായ രണ്ടാം ഘട്ടത്തിൽനിന്ന് കോവിഡ് പിൻവാങ്ങിത്തുടങ്ങുന്നു. വരാനിരിക്കുന്നത് പ്രതീക്ഷാനിർഭരമായ കാലമാണോ അതോ മൂന്നാം ഘട്ടം അണിയറയിൽ ഒരുങ്ങുകയാണോ? എയ്ഡ്സ് (എച്ച്ഐവി), എബോള അടക്കമുള്ള പകർച്ചവ്യാധികളെ ലോകം നേരിട്ടു പരാജയപ്പെടുത്തിയത് എങ്ങനെയെന്നും ഈ രംഗത്ത് വിദഗ്ധരുടെ ഇടപെടൽ എത്രത്തോളം പ്രധാനമാണെന്നും ഇന്ത്യയും കേരളവും കോവിഡിന്റെ രണ്ടു ഘട്ടങ്ങളിൽ എത്രമാത്രം കാര്യക്ഷമമായി ഇടപെട്ടുവെന്നും വ്യക്തമാക്കുകയാണ് യുഎൻഡിപി (ഏഷ്യാ പസഫിക്) സീനിയർ അഡ്വൈസർ ആയിരുന്ന ജി. പ്രമോദ്കുമാർ. ‘മനോരമ ഓൺലൈനുമായി’ അദ്ദേഹം ചിന്തകൾ പങ്കുവയ്ക്കുന്നു...
കോവിഡിന്റെ അവസാനം എങ്ങനെയായിരിക്കും?
അതു വൈറസിന്റെ തന്ത്രത്തിനെ ആശ്രയിച്ചിരിക്കും. ദീർഘകാലം മനുഷ്യശരീരത്തിൽ നിലനിൽക്കണം എന്നതാണ് വൈറസിന്റെ പദ്ധതി. അതിനുവേണ്ടിയാണ് അത് സ്വയം മാറുന്നത് (വൈറസ് വകഭേദം). കോവിഡിന് എതിരെ ലോകമെമ്പാടും മനുഷ്യർ നടത്തുന്ന ചെറുത്തുനിൽപ് ഫലം കണ്ടുതുടങ്ങുമ്പോൾ മനുഷ്യനെ അപായപ്പെടുത്താതെ ശരീരത്തിൽ തുടരുക എന്ന നിലയിലേക്ക് വൈറസും മാറും. അങ്ങനെ വരുമ്പോൾ അത് മറ്റുള്ള പനികൾ പോലെ ആയി മാറും. വൈറസിനെ തുടച്ചുനീക്കാതെ അതിനോടൊപ്പം ജീവിക്കാൻ നമുക്ക് കഴിയും. അങ്ങനെ പകർച്ചവ്യാധി (പാൻഡമിക്) ക്രമേണ പ്രാദേശിക രോഗം (എൻഡമിക്) ആയി മാറും. ഡെങ്കി, എച്ച്‌വൺഎൻവൺ എന്നിവ പോലെ. ചില സ്ഥലങ്ങളിൽ ചില സമയത്ത് പൊട്ടിപ്പുറപ്പെടുന്ന രോഗം. ആളുകൾ മരിക്കുമെങ്കിലും അതു വ്യാപകമായി പടരില്ല. ചുരുക്കത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ വൈറസ് വകഭേദം വന്ന് അപകടകാരി അല്ലാതാവും.
ഒരു കാലപരിധി പ്രവചിക്കാൻ കഴിയുമോ?
പ്രവചനം എളുപ്പമല്ല. സ്പാനിഷ് ഫ്ലു, എബോള, എയ്ഡ്സ് എന്നീ മഹാമാരികളുടെ ചരിത്രം പരിശോധിച്ചാൽ ഒരു കുതിപ്പിനു ശേഷം ഇല്ലാതാവുന്നതാണ് കാണാൻ കഴിയുക. വൈറസിന്റെ ശക്തി നഷ്ടമാകുന്നത് 3 ഘടകങ്ങൾ കൊണ്ടാണ്. 1) ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിരോധ ഇടപെടൽ (കോവിഡിന്റെ കാര്യത്തിൽ മാസ്ക്, സാമൂഹിക അകലം, ലോക്ഡൗൺ) 2) വാക്സീൻ, ആർജിത പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) 3) വകഭേദങ്ങൾ വന്ന് വൈറസിന്റെ ദുർബലമാകൽ.
ക്വാറന്റൈൻ, മാസ്ക്, സാമൂഹിക അകലം, ലോക്ഡൗൺ തുടങ്ങിയ നടപടികളിലൂടെ കോവിഡിന്റെ ചങ്ങല മുറിക്കാനും (ചെയിൻ ബ്രേക്ക്) തീവ്രത കുറയ്ക്കാനും സാധിക്കുമെന്നത് ശരിതന്നെ. പക്ഷേ അതുകൊണ്ടുമാത്രം കോവിഡിന്റെ അവസാനം കുറിക്കാൻ സാധിക്കില്ല. ഇതെല്ലാം ദീർഘകാലം പിന്തുടരാൻ സാധ്യമല്ല എന്നതു തന്നെ കാരണം. ചില കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഈ മാർഗത്തിലൂടെ ഒരു പരിധിവരെ വിജയിച്ചെങ്കിലും രണ്ടാം ഘട്ടം വന്നപ്പോൾ അവരും വീണുപോയി. അതിനാൽ വിട്ടുവീഴ്ചയില്ലാതെ മേൽപ്പറഞ്ഞ മുൻകരുതലും വാക്സീനും എടുത്ത് രോഗബാധയും മരണവും പരമാവധി കുറച്ച ശേഷം വൈറസിന്റെ ശക്തി ദുർബലമാകുന്നതുവരെ കാത്തിരിക്കുക. മുൻകാല മഹാമാരികളെപ്പോലെ ഇതും കടന്നുപോകും.
കോവിഡ് പിൻവാങ്ങുന്നതിനു മുൻപ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ? അങ്ങനെയാണെങ്കിൽ എപ്പോഴാവാനാണ് സാധ്യത?
നേരത്തെ വന്നിട്ടുള്ള മഹാമാരികളുടെ ചരിത്രം നോക്കിയാൽ മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. 1918ലെ സ്പാനിഷ് ഫ്ലൂവിന്റെ സമയത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്ന പോസിറ്റിവിറ്റി (30 ശതമാനം വരെ) നിരക്ക് എത്തിയ സമയത്ത് നമ്മൾ കിണഞ്ഞ് പരിശ്രമിച്ചാണ് കോവിഡിന്റെ ചെയിൻ മുറിക്കാൻ ശ്രമിച്ചത്. അതിനാൽ ഗ്രാഫ് താഴോട്ടു വരും. അപ്പോഴും 20–30 ശതമാനം ആളുകളിലേ രോഗം വന്നിട്ടുള്ളൂ. ആർജിത പ്രതിരോധം ഉണ്ടാകണമെങ്കിൽ 60–70 ശതമാനം പേർക്കെങ്കിലും വരണം. ഒരുപാടു കാലം ലോക്ഡൗൺ തുടരാനും കഴിയില്ല. സ്വാഭാവികമായും ആളുകൾ നിയന്ത്രണങ്ങളിൽ ഇളവു വരുത്തും. അപ്പോൾ വീണ്ടും രോഗം തിരിച്ചുവരാം. കാരണം വരാത്ത ധാരാളം പേരുണ്ടല്ലോ. അങ്ങനെയാണ് രണ്ടാം തരംഗം ഉണ്ടായത്.
അതിനാൽ വീണ്ടും മൂന്നാം തരംഗവും ഉണ്ടായെന്നു വരാം. അല്ലെങ്കിൽ വൈറസ് വകഭേദം വന്ന് ദുർബലമാകുകയോ പരമാവധി ആളുകളെ വാക്സീൻ നൽകുക വഴിയോ ഭൂരിപക്ഷം പേർക്ക് രോഗം വന്നതുകൊണ്ടുള്ള പ്രതിരോധം ഉണ്ടാവുകയോ വേണം. അതേസമയം തന്നെ ആർജിത പ്രതിരോധം എന്നതിനെ പൂർണമായും വിശ്വസിക്കാനും കഴിയില്ല. കോവിഡ് ഒരിക്കൽ വന്നവർക്ക് വീണ്ടും വരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. പ്രതിരോധം ഒരു നിശ്ചിത കാലയളവിലേക്ക് മാത്രം കിട്ടുന്നതും വൈറസിന് വകഭേദം വരുന്നതും ആണ് കാരണം.
ഇൻഫ്ലുവൻസയുമായി കോവിഡ് വ്യാപനത്തെ താരതമ്യപ്പെടുത്താൻ കഴിയുമോ? എന്തെങ്കിലും വ്യത്യാസം എടുത്തുപറയാനുണ്ടോ?
1918ലെ ഫ്ലൂവുമായി സമാനതയുണ്ട് കോവിഡിന്. അന്നും ആദ്യഘട്ടം മോശവും (bad) രണ്ടാം ഘട്ടം വിനാശകരവും (worse) ആയിരുന്നു. ഇപ്പോഴും അങ്ങനെയാണല്ലോ. നമ്മുടെ പൊതുജനാരോഗ്യ വിദഗ്ധരും സർക്കാരും ചരിത്രത്തിൽനിന്നു പാഠം ഉൾക്കൊള്ളണമായിരുന്നു. അതുണ്ടായില്ല. അതിനാലാണ് ആദ്യഘട്ടത്തോടെ രോഗം മാറിയെന്ന ധാരണയുണ്ടായത്. 1918ൽ മൂന്നാം ഘട്ടവും വളരെ മോശം ആയിരുന്നെങ്കിലും അത് അപ്രതീക്ഷിതമായി ഇടയ്ക്കുവച്ച് നിൽക്കുകയായിരുന്നു.
ജോൺ എം ബാരി എഴുതിയ പ്രശസ്തമായ ‘ദ് ഗ്രേറ്റ് ഇൻഫ്ലുവൻസ’ എന്ന പുസ്തകത്തിൽ ഗണിതശാസ്ത്ര ആശയമായ ‘reversion to the mean’ ഉപയോഗിച്ച് പരമാവധിയിൽനിന്ന് ശരാശരിയിലേക്കു കുറഞ്ഞുവരുന്ന കാര്യം പറയുന്നുണ്ട്. വൈറസിന്റെ ശക്തി കുറയുന്നതിനാലാണത്. ഒരു കുന്നിന്റെ മുകളിലെത്തി അവിടെനിന്ന് താഴേക്കു പതിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ മൂന്നാം ഘട്ടം ക്ഷയിച്ച ഒന്നായിരിക്കും. അതേസമയംതന്നെ ലോകത്ത് വാക്സീൻ ഉണ്ടായി എന്നതിനാൽ അമേരിക്ക പോലെയുള്ള രാജ്യങ്ങളിലെങ്കിലും വലിയൊരു മൂന്നാം തരംഗത്തിന് സാധ്യതയില്ല. അല്ലെങ്കിൽ പുതിയ വകഭേദം പുതിയ പാൻഡമിക് ആയി വരേണ്ടിവരും.
ഇൻഫ്ലുവൻസയുടെ കാലത്തു നിന്ന് (1918) കോവിഡ്‌കാലത്ത് എത്തുമ്പോൾ ഇതു നിയന്ത്രിക്കുന്നതിൽ എത്രത്തോളം വളർച്ച ലോകം നേടിയിട്ടുണ്ട്?
മെഡിക്കൽ രംഗത്തും വാക്സീൻ നിർമാണത്തിലും അദ്ഭുതകരമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളിലും വീട്ടിലും ആയി നടക്കുന്ന ചികിത്സ വഴി ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിക്കാൻ കഴിഞ്ഞു. പെട്ടെന്ന് രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോൾ (sudden surge) ആശുപത്രികളിൽ സൗകര്യങ്ങളിൽ ഇല്ലാതെ വരുന്ന പ്രതിസന്ധി മാത്രമേ ഇപ്പോഴുള്ളൂ. ഈ പ്രതിസന്ധിയാകട്ടെ, പാവപ്പെട്ട രാജ്യങ്ങൾ മാത്രമല്ല, സമ്പന്ന രാജ്യങ്ങളും നേരിടുന്നതാണ്. സർക്കാർ പിന്തുണയോടെ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ധാരാളം മരണം നടന്നു.
അതേസമയം 1918ലെ പോലെ മനുഷ്യർ കൂട്ടത്തോടെ മരിച്ചുവീഴുന്ന അവസ്ഥ ഇപ്പോൾ ഇല്ല. വാക്സീൻ സാങ്കേതിക വിദ്യയുടെ വളർച്ച പ്രത്യേകം എടുത്തുപറയണം. മുൻപ് 5–10 വർഷം വാക്സീൻ നിർമാണത്തിനു വേണ്ടി വന്നിരുന്നെങ്കിൽ ഇപ്പോൾ ഒരു വർഷത്തിനുള്ളിൽ അതു സാധിക്കുന്നു. 3 ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷണം (three phases of trials) വേഗത്തിലാക്കാൻ കഴിയുന്നത് മനുഷ്യരാശി നേടിയ വൻവിജയമാണ്. ചില വാക്സീനുകൾ 95 ശതമാനം ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതാണ്.
രോഗം തീവ്രമാകുന്നതിന് ഇടയാക്കുന്ന സാഹചര്യങ്ങളും ഇൻഫ്ലുവൻസയുടെ കാലത്തു നിന്ന് വർധിച്ചിട്ടുണ്ടല്ലോ. ജനപ്പെരുപ്പം, യാത്രകൾ, വലിയ ജനക്കൂട്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തുടങ്ങിയവ?
തീർച്ചയായും. എച്ച്ഐവി കണ്ടെത്തിയ കാലത്ത് യാത്ര ചെയ്യുന്ന സമ്പന്നരായ ആണുങ്ങൾ (Mobile Men with Money) ആണ് കൂടുതൽ രോഗസാധ്യതയുള്ളവർ എന്ന് പറയുമായിരുന്നു. 1918ലെ ഫ്ലൂവിന്റെ കാലത്ത് യുദ്ധം, സൈനിക നീക്കം, സൈനിക താവളങ്ങൾ എന്നിവിടങ്ങളിലൂടെയാണ് വൈറസ് പകർന്നത്. ഇപ്പോൾ രാജ്യാന്തര യാത്രകൾ വ്യാപകമായതോടെ വേഗത്തിൽ പടരാൻ കാരണമായി. ചൈനയിൽനിന്ന് നേരിട്ടാണ് പല രാജ്യങ്ങളിലേക്കും രോഗം പടർന്നത്. വൈറസിന്റെ ഗുരതരാവസ്ഥ ശാസ്ത്രലോകം തിരിച്ചറിയുന്നതിനു മുൻപേതന്നെ മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞു.
ഇറ്റലിയിൽ നേരിട്ട് യാത്രക്കാർ വഴിയാണ് വന്നത്. യാത്രകൾ വൻതോതിൽ വർധിച്ചതിനാൽ സാംക്രമിക രോഗങ്ങൾ പടരുന്നത് തടയാൻ ഒരു മാർഗവുമില്ല എന്നതാണ് സത്യം. രോഗങ്ങളും ആളുകൾക്കൊപ്പം യാത്ര ചെയ്യുന്നു. അതുപോലെതന്നെയാണ് ജനസാന്ദ്രതയും രോഗവും തമ്മിലുള്ള ബന്ധം. മുംബൈയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 27,411 പേരും ചെന്നൈയിൽ 25,000 പേരും ആണ് താമസിക്കുന്നത്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന ന്യൂയോർക്കിൽ ഇതേസ്ഥാനത്ത് 10,900 പേരും ലണ്ടനിൽ 5700 പേരും മാത്രമാണ് ഉള്ളത്. കേരളത്തിൽ ശരാശരി ജനസാന്ദ്രത 859 മാത്രമാണ്. എന്നിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിലെത്തി!
ഇതുപോലുള്ള പാൻഡമിക്കുകൾ നേരിടുന്നതിന് നിലവിലുള്ള രാജ്യാന്തര സംഘടനകളുടെ തയാറെടുപ്പുകളും കരുതലുകളും എന്തൊക്കെയാണ്?
ലോകാരോഗ്യ സംഘടന (WHO) ഇത്തരം രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെ തയാറെടുപ്പുകൾ നടത്തണമെന്നും എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നും രാജ്യങ്ങൾക്ക് നിർദേശം നൽകും. മാർഗനിർദേശങ്ങൾ, പ്രോട്ടോക്കോൾ, വാക്സീനുകൾക്ക് അനുമതി, മരുന്നുകൾ എന്നിവ തയാറാക്കും. ദരിദ്രരാജ്യങ്ങൾക്കായി പണസമാഹരണം നടത്തും. കോവിഡിനുള്ള കോവാക്സ് പദ്ധതി ദരിദ്ര രാജ്യങ്ങൾക്ക് വാക്സീൻ നൽകാൻ വേണ്ടിയുള്ളതാണ്. അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) അടക്കമുള്ള ലോകത്തെ പല ഗവേഷണസ്ഥാപനങ്ങളും സമാനമായ മുന്നറിയിപ്പുകൾ നൽകാറുണ്ട്. എച്ച്ഐവി/എയ്ഡ്സ് നിയന്ത്രിക്കുകയും നേരിടുകയും ചെയ്യാൻ യുഎൻഡിപിയുടെ സീനിയർ അഡ്വൈസർ ആയി ഒരു ദശകത്തിലേറെ ഏഷ്യാ പസിഫിക് മേഖലയിൽ ഞാൻ പ്രവർത്തിച്ചിരുന്നു. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്ന പ്രവർത്തനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച വിദഗ്ധരും ശാസ്ത്രജ്ഞരുമാണ് ഇടപെടുന്നത്.
ഇത്തരം അത്യാഹിതങ്ങൾ നേരിടാൻ രാജ്യാന്തര ഫണ്ട് നിലവിലുണ്ടോ? പേറ്റന്റ് ഒഴിവാക്കുന്നതുപോലുള്ള നയങ്ങൾ വരാൻ സാധ്യതയുണ്ടോ?
തീർച്ചയായും ഉണ്ട്. മഹാമാരികളും ദുരന്തങ്ങളും നേരിടാൻ പ്രത്യേക ഫണ്ടുകളുണ്ട്. ഈ ഫണ്ടിലേക്ക് രാജ്യങ്ങളെല്ലാം സംഭാവന ചെയ്യാറുമുണ്ട്. അതേസമയം, പേറ്റന്റ് മറ്റൊരു വിഷയമാണ്. ട്രിപ്സ് (TRIPS) കരാർ അനുസരിച്ചുതന്നെ പേറ്റന്റ് നിയന്ത്രണങ്ങൾ മാറ്റിവച്ച് അടിയന്തിര ഘട്ടങ്ങളിൽ മരുന്നു നിർമാണം നടത്താൻ രാജ്യങ്ങൾക്ക് അധികാരമുണ്ട്. പക്ഷേ അതു ചെയ്യാൻ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളും സാങ്കേതികവിദ്യയും വേണം. ചില വൻകിട മരുന്നുകമ്പനികൾ മറ്റു രാജ്യങ്ങളിലെ ചെറിയ കമ്പനികൾക്ക് ലാഭം പങ്കിടാം എന്ന ധാരണയിൽ സ്വയം അനുമതി നൽകാറുണ്ട്. അങ്ങനെ ആധുനിക ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാകാറുണ്ട്.
കോവിഡ് വാക്സീൻ നിർമാണത്തിന്റെ സാങ്കേതിക വിദ്യ നിർബന്ധമായും സൗജന്യമാക്കണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. സാധാരണ ഗതിയിൽ അതിനു തയാറാകാത്ത അമേരിക്ക പോലും കോവിഡ് വാക്സീൻ സാങ്കേതിക വിദ്യ കൈമാറുന്നതിനെ അനുകൂലിക്കുന്നുണ്ട്. വാസ്തവത്തിൽ മരുന്നുകമ്പനികൾക്ക് പ്രാദേശികമായി ഉൽപാദനം നടത്താൻ വേണ്ട സഹായം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. അതും വേഗത്തിൽ വേണം. വാക്സീൻ സാങ്കേതിക വിദ്യ കിട്ടുന്നത് ഭാവിയിൽ സമാനമായ വെല്ലുവിളികൾ നേരിടാനും നമുക്ക് സഹായകമാകും.
ഏതെല്ലാം മേഖലകളിലെ വിദഗ്‌ധരാണ് ഇത്തരം സന്ദർഭങ്ങളിൽ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കേണ്ടത്?
സാംക്രമിക രോഗങ്ങൾ ആരോഗ്യപ്രശ്നം മാത്രമല്ലല്ലോ. അതിന്റെ പ്രത്യാഘാതങ്ങൾ ജനജീവിതത്തിന്റെ പല മേഖലകളെയും ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ബഹുമുഖ തലത്തിലുള്ള പരിഹാരങ്ങളാണ് വേണ്ടത്. വിവിധ മേഖലകളിലെ വിദഗ്ധർ അതിൽ പങ്കെടുക്കണം. ആരോഗ്യം, കമ്യൂണിക്കേഷൻ, ട്രാൻസ്പോർട്ട്, പൊലീസ്, കച്ചവടക്കാർ, വിനോദമേഖലകളിലുള്ളവർ, സാമൂഹിക പ്രവർത്തകർ, വിദ്യാഭ്യാസ രംഗത്തുള്ളവർ എന്നിവർ ഒരുമിച്ച് നിൽക്കണം. വിവിധ രംഗങ്ങളിലെ ഉന്നത വിദഗ്ധർ ആയിരിക്കണം ഈ സമിതിയിൽ വരേണ്ടത്.
എയ്ഡ്സ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരു ആരോഗ്യപ്രശ്നം എന്ന നിലയിൽ ആണ് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്തത്. അതു പോരാ എന്നു വന്നപ്പോഴാണ് യുഎൻ എയ്ഡ്സ് (UNAIDS) എന്ന പേരിൽ പല മേഖലകളിലുള്ളവർ ഇതിൽ പങ്കാളികളായത്. സമാനമായ സമിതികൾ കോവിഡിനെ നേരിടാൻ, പ്രധാനമന്ത്രിയോ പ്രസിഡന്റോ ആരാണോ ഭരണത്തലവൻ അവരുടെ ഓഫിസുകളിൽ രൂപീകരിക്കണം. കേരളത്തിൽ അത്തരമൊരു സമിതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ആണ് സജ്ജമാക്കേണ്ടത്. ആ സമിതിയിലുള്ളവർ അതത് മേഖലകളിലെ ഏറ്റവും നല്ല വിദഗ്ധർ തന്നെയായിരിക്കണം. സാംക്രമിക രോഗത്തെപ്പറ്റി പഠിച്ചിട്ടുള്ള ഏറ്റവും പ്രഗത്ഭനായ വ്യക്തി ഇതേപ്പറ്റി ജനങ്ങളോട് വിശദീകരിക്കുകയും വേണം. രാഷ്ട്രീയക്കാരല്ല അതു ചെയ്യേണ്ടത്.
സാംക്രമിക രോഗങ്ങൾ വരുമ്പോൾ മുൻകൂട്ടി കാണേണ്ട കാര്യങ്ങൾ?
കോവിഡ് പോലുള്ള രോഗങ്ങൾ സമൂഹത്തെ മൊത്തത്തിൽ പിടിച്ചുലയ്ക്കുകയാണ് ചെയ്യുന്നതെന്ന് നമ്മൾ കണ്മുന്നിൽ കാണുകയാണല്ലോ. ലോക്ഡൗണും ആശുപത്രി നിയന്ത്രണങ്ങളും ഉണ്ടാകുമ്പോൾ പതിവായി ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, ജുവനൈൽ ഡയബറ്റിസ് ഉള്ളവർ, കിടപ്പു രോഗികൾ തുടങ്ങി സമൂഹത്തിലെ വലിയൊരു വിഭാഗം അപകടം നേരിടും. ഇവരുടെ കാര്യം മുൻകൂട്ടി കണ്ട് വിദഗ്ധർ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ധാരാളം മരണം സംഭവിക്കും. ഇങ്ങനെയാണ് ഓരോ മേഖലയിലും ഉള്ള പ്രതിസന്ധി അതതു രംഗത്തെ വിദഗ്ധർ മുൻകൂട്ടി കാണേണ്ടത്.
ഇന്ത്യയുടെ വാക്സീൻ പദ്ധതികൾ എങ്ങനെയാവും നമ്മെ രക്ഷിക്കുക?
നമ്മൾ രണ്ടു ആഭ്യന്തര കമ്പനികളെ മാത്രം ആശ്രയിച്ചു എന്നത് ഒരു പരാജയമാണ്. വളരെ വേഗം കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകിയാൽ മാത്രമേ ഫലപ്രാപ്തി നേടാനാകൂ. സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികൾ മാത്രം വിചാരിച്ചാൽ എല്ലാവർക്കും വാക്സീൻ നൽകാൻ ചുരുങ്ങിയത് 2 വർഷമെങ്കിലും വേണ്ടിവരും. സ്പുട്നിക് ഇന്ത്യയിൽ ഉൽപാദനം തുടങ്ങിയാലും ലഭിച്ചുതുടങ്ങാൻ മാസങ്ങളെടുക്കും. മറ്റ് കമ്പനികളുമായി കരാറിൽ ഏർപ്പെടുകയും ഇന്ത്യയിൽ അവർക്ക് ഉൽപാദനം തുടങ്ങാൻ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും വേണ്ടിയിരുന്നു. അതേസമയം ഇറക്കുമതി ചെയ്യാനുള്ള സംസ്ഥാനങ്ങളുടെ ശ്രമം നല്ലതാണ്. പക്ഷേ ആവശ്യത്തിന് വാക്സീൻ കിട്ടുമോ എന്ന് സംശയമാണ്.
രണ്ടാം തരംഗത്തിൽ ഇന്ത്യൻ ഗവൺമെന്റിനു പാളിച്ച പറ്റിയത് എന്തുകൊണ്ടായിരിക്കാം?
ഗവൺമെന്റ് ഇത്രയും വർധന പ്രതീക്ഷിച്ചിരുന്നില്ലെന്ന് തീർച്ചയാണ്. ആദ്യഘട്ടം പോലെ ആയിരിക്കും എന്നാവും കരുതിയിരിക്കുക. യൂറോപ്പിലും ബ്രസീലിലും രണ്ടാം തരംഗം ഉണ്ടായതിന്റെ അനുഭവത്തിൽ ഒരുക്കം നടത്താൻ വേണ്ടത്ര സമയം കിട്ടിയിരുന്നു. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സൗകര്യങ്ങൾ ഒരുക്കാമായിരുന്നു. അതിനു പകരം തിരഞ്ഞെടുപ്പു ജയിക്കാനുള്ള തിരക്കിലായിരുന്നു കേന്ദ്ര ഭരണാധികാരികൾ. അതിന്റെ വില നാം കൊടുക്കേണ്ടിവന്നു. ആദ്യ ഘട്ടത്തിലെ പോലെ തന്നെയായിരുന്നു രണ്ടാം ഘട്ടത്തെയും നേരിട്ടത്.
ലോകത്തെതന്നെ ഏറ്റവും ഭീകരമായിരുന്നു നമ്മുടെ രണ്ടാം ഘട്ടം. ബ്രസീലിലും ഇതേ അവസ്ഥയുണ്ടായി. ബ്രസീലിലെ മനാവുസിൽ ഓക്സിജൻ കിട്ടാതെ ധാരാളം പേർ മരിച്ച സംഭവമുണ്ടായി. മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായി. മികച്ച വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിലെ വീഴ്ച നമുക്ക് ഉണ്ടായി. കേന്ദ്ര സർക്കാരിന്റെ എൻജിഒകളോടുള്ള നയവും തിരിച്ചടിയായി. ഏറ്റവും കൂടുതൽ ഫണ്ട് വന്നിരുന്നത് ഈ മേഖലകളിലെ പഠനത്തിനു വേണ്ടിയായിരുന്നു. ഫണ്ട് ഇല്ലാതായതോടെ പഠനങ്ങൾക്ക് നിലച്ച അവസ്ഥയിലാണ്.
കേരളത്തിൽ നിയന്ത്രണത്തിൽ ഉണ്ടായ പാളിച്ചകൾ?
കേന്ദ്ര സർക്കാരിനുണ്ടായതിനു സമാനമായ പാളിച്ച കേരളത്തിലും ഉണ്ടായി. മാധ്യമങ്ങളുടെ പുകഴ്ത്തലും ഈ അലംഭാവത്തിനു കാരണമായിട്ടുണ്ടാകാം. ആദ്യ ഘട്ടത്തിലെ കാര്യം നോക്കൂ. രോഗവ്യാപനം ഉണ്ടാകുന്നതിനു മുൻപാണ് നമ്മൾ ‘വിജയം’ ആഘോഷിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കുതിച്ചുയരുമ്പോൾ ഇവിടെ തുടക്കമാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതു തിരിച്ചറിയാതെ കേരളം വിജയിച്ച മാതൃകയാണെന്ന പ്രചാരണമുണ്ടായി. വലിയ താമസമില്ലാതെ മറ്റു സംസ്ഥാനങ്ങളുടെ അതേ അവസ്ഥ ഇവിടെയുമുണ്ടായി.
പൊതു–സ്വകാര്യമേഖലകളിൽ മികച്ച സൗകര്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. രോഗങ്ങൾക്ക് ചികിത്സ തേടണമെന്ന അവബോധവും മലയാളികൾക്കുണ്ട്. കോവിഡ് അപകടം ചെയ്യുന്നത് മറ്റു രോഗങ്ങൾ ഉള്ളവരിലാണല്ലോ. അത്തരം രോഗങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിയന്ത്രിച്ചുനിർത്തുന്നവരാണ് മലയാളികൾ. 60–70 ശതമാനത്തോളം പേർ സ്വന്തം പണം മുടക്കി ചികിത്സ നടത്തുന്നവരും. അതിനാൽ ആദ്യഘട്ടത്തിൽ മരണനിരക്ക് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. അങ്ങനെ നോക്കുമ്പോൾ ആദ്യ ഘട്ടത്തിലേത് ‘ജനങ്ങളുടെ വിജയ’മായാണ് കാണേണ്ടത്.
രണ്ടാംഘട്ടത്തിൽ ഉണ്ടായ അപകടരമായ അവസ്ഥയ്ക്ക് കാരണമായത് തിരഞ്ഞെടുപ്പ് റാലികളും ആൾക്കൂട്ടങ്ങളും ആയിരുന്നു. ഏറ്റവും കൂടുതൽ ആൾക്കൂട്ടത്തെ സൃഷ്ടിച്ച നേതാവിനെ ‘സൂപ്പർ സ്പ്രെഡർ’ ആയി കാണണം. ആരോഗ്യവകുപ്പും പൊലീസും ആ ഘട്ടത്തിൽ എവിടെയായിരുന്നു? ശീലങ്ങൾ മാറ്റാൻ വിമുഖതയുള്ളവരാണ് നമ്മൾ. രോഗത്തെ പ്രതിരോധിക്കാൻ വേണ്ട കാര്യങ്ങൾ സ്വീകരിക്കുന്നതിലെ വിമുഖത തിരഞ്ഞെടുപ്പുകാലത്ത് കണ്ടത്. അതും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി.
കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എന്തൊക്കെ മാറ്റങ്ങൾ വേണം?
തമിഴ്നാട് മോഡലിൽ ഒരു പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് (DPH) രൂപീകരിക്കുന്ന കാര്യം നമ്മൾ ഗൗരവത്തോടെ ചിന്തിക്കേണ്ട സമയം കൂടിയാണിത്. സാംക്രമിക രോഗങ്ങളും അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നേരിടാൻ അത് അത്യാവശ്യമാണ്. തമിഴ്നാട്ടിൽ ഇപ്പോഴും സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടാൽ ഈ ഡയറക്ടറേറ്റിലെ വിദഗ്ധർ അവിടെയെത്തി കാരണം കണ്ടെത്തും. 1950കളിൽ തിരു–കൊച്ചിയിൽ നന്നായി പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് ഉണ്ടായിരുന്നു. സംസ്ഥാന രൂപീകരണത്തിനു പിന്നാലെ ഡിപിഎച്ചിനെ ഹെൽത്ത് സർവീസ് ഡയറക്ടറേറ്റുമായി ലയിപ്പിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ ഡിപിഎച്ച് രൂപീകരിക്കുകയും അവിടെ വിദഗ്ധരേയും പരിശീലനം നേടിയവരേയും നിയമിക്കുകയും വേണം.
ആരോഗ്യമേഖലയിൽ സർക്കാരിന്റെ മറ്റ് എന്തൊക്കെ ഇടപെടലുകളാണ് വേണ്ടത്?
ആരോഗ്യരംഗത്ത് പൊതുമേഖലയുടെ പ്രാധാന്യം കൂടിയാണ് കോവിഡ് നമ്മെ പഠിപ്പിച്ചത്. കേരളത്തിൽ സർക്കാർ മേഖലയിലെ ആരോഗ്യസംവിധാനങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ വൻ പ്രതിസന്ധിയിലേക്കു വീഴുമായിരുന്നു. സാർവത്രിക സൗജന്യ ചികിത്സ (യൂണിവേഴ്സൽ ഹെൽത്ത് കെയർ) നമ്മളും നടപ്പാക്കണം. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ കേരള സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതി ആശാസ്യമല്ല. ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് അതു നമ്മെ കൊണ്ടുചെന്നെത്തിക്കും. സ്വകാര്യ ആശുപത്രികളേയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളേയും നമ്മുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കുകയല്ല വേണ്ടത്.
അമേരിക്കയിലെ കാര്യം നോക്കുക. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ടാണ് അവിടെ ചികിത്സ നടക്കുന്നത്. വൻ ചികിത്സാ ചെലവുകാരണം നട്ടംതിരിയുന്ന അവസ്ഥയാണ് അവിടെ. അമേരിക്കയിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ചികിത്സ അപ്രാപ്യമാണ്. ഈ വിഭാഗത്തിലുള്ളവർക്ക് രോഗം വന്നാൽ മരിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. യൂണിവേഴ്സൽ ഹെൽത്ത് കെയർ സമ്പ്രദായം വേണമെന്ന് അവിടെ ഇപ്പോൾ ചർച്ച നടക്കുകയാണ്. തായ്‌ലൻഡിൽ സാർവത്രിക സൗജന്യ ചികിത്സ മികച്ച രീതിയിൽ നടപ്പാക്കുന്നു. തായ്‌ലൻഡിനു കഴിയുമെങ്കിൽ കേരളത്തിന് എന്തുകൊണ്ട് അതു സാധിക്കില്ല? ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരുകൾ ജനങ്ങൾക്കു വേണ്ടി ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നാണിത്.
English Summary: Interview with UNDP Senior Adviser in Asia Pacific G Pramod Kumar on Covid and other Pandemics