എഡി 1000 മുതൽതന്നെ രോഗ പ്രതിരോധത്തിന് ഇന്ത്യയിലും ചൈനയിലും ഇന്നത്തെ വാക്സിനേഷൻ രീതികളുടെ ആദ്യ രൂപം നിലനിന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. | Vaccination History in India, COVID Vaccination Latest News, COVID Vaccination in India Updates, Vaccination History of the World, Edward Jenner, Manorama Online

എഡി 1000 മുതൽതന്നെ രോഗ പ്രതിരോധത്തിന് ഇന്ത്യയിലും ചൈനയിലും ഇന്നത്തെ വാക്സിനേഷൻ രീതികളുടെ ആദ്യ രൂപം നിലനിന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. | Vaccination History in India, COVID Vaccination Latest News, COVID Vaccination in India Updates, Vaccination History of the World, Edward Jenner, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഡി 1000 മുതൽതന്നെ രോഗ പ്രതിരോധത്തിന് ഇന്ത്യയിലും ചൈനയിലും ഇന്നത്തെ വാക്സിനേഷൻ രീതികളുടെ ആദ്യ രൂപം നിലനിന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. | Vaccination History in India, COVID Vaccination Latest News, COVID Vaccination in India Updates, Vaccination History of the World, Edward Jenner, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്സീൻ എന്ന വാക്കിനു പിന്നാലെയാണിന്നു ലോകം. കൊറോണ എന്ന വൈറസിനു മുന്നിൽ കീഴ്പ്പെടാതെ വീണ്ടുമൊരു വാക്സീൻ വിജയ കഥ എഴുതാനൊരുങ്ങുകയാണ് ശാസ്ത്രസംഘം. നിത്യജീവിതത്തിൽ വാക്സിനേഷൻ എന്ന വാക്ക് ഇത്രയേറെ പറയേണ്ടി വരുമ്പോൾ അതിന്റെ ചരിത്രവും സംഭവബഹുലമാണ്. ലോകം അംഗീകരിച്ച വാക്സിനേഷൻ ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ ഇന്ത്യയിലും ചൈനയിലും ഉൾപ്പെടെ വാക്സീൻ നൽകുന്ന രീതി നിലനിന്നിരുന്നു. ഏതെങ്കിലും പഴങ്കഥയിലെ പരാമർശമാണിതെന്നു തോന്നുന്നെങ്കിൽ തെറ്റി–പല ചരിത്രകാരന്മാരും അവരുടെ ലേഖനങ്ങളിൽ ഇതിനെ കുറിച്ചു പരാമർശിച്ചിട്ടുണ്ട‌െന്നതാണു യാഥാർഥ്യം.

വാക്സീൻ കണ്ടുപിടിച്ചതിന്റെ ‘ക്രെഡിറ്റ്’ പാശ്ചാത്യരാജ്യങ്ങളിലെ ഗവേഷകർ അവരുടേതാക്കി മാറ്റുകയായിരുന്നുവെന്ന പ്രബലവാദം ഇന്നും നിലവിലുണ്ട്. എഡി 1000 മുതൽതന്നെ രോഗ പ്രതിരോധത്തിന് ഇന്ത്യയിലും ചൈനയിലും ഇന്നത്തെ വാക്സിനേഷൻ രീതികളുടെ ആദ്യ രൂപം നിലനിന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. വസൂരി അഥവാ സ്മോൾ പോക്സ് ഇല്ലാതാക്കാൻ ആണ് ഏഷ്യൻ രാജ്യങ്ങളിൽ ആ രീതി ഉപയോഗിച്ചിരുന്നത്. രോഗം വന്നയാളുടെ ശരീരത്തിൽനിന്നു ശേഖരിച്ചിരുന്ന ചില പ്രത്യേക കോശങ്ങൾ രോഗം വന്നിട്ടില്ലാത്ത, ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ പ്രവേശിപ്പിക്കുന്നതായിരുന്നു ആ രീതി. 

എഡ്വേഡ് ജെന്നർ
ADVERTISEMENT

വസൂരി വന്നയാളുടെ ശരീരത്തിൽനിന്നു പൊറ്റയായ കോശം അടർത്തിയെടുത്ത് ഉണക്കി അത് മൂക്കിലൂടെ മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിപ്പിച്ചിരുന്ന രീതി ചൈനയിൽ ഉണ്ടായിരുന്നതായും രേഖകളിലുണ്ട്. ഇന്ത്യയിൽ അന്നത്തെ കാലത്തെ കുത്തിവയ്പ് രീതിയായിരുന്നു പ്രയോഗിച്ചിരുന്നത്. പക്ഷേ, ശാസ്ത്ര ചരിത്രത്തിൽ വാക്സീനിന്റെ പിതാവ് ബ്രിട്ടിഷ് ഗവേഷകനായ എഡ്വേഡ് ജെന്നർ ആണ്. ഗോവസൂരി പിടികൂടിയിരുന്ന പാൽക്കാരെ പിന്നീട് വസൂരി ബാധിക്കുന്നില്ലെന്ന കാര്യം ജെന്നർ നിരീക്ഷിച്ചിരുന്നു. പശുവിന്റെ അകിടില്‍നിന്നായിരുന്നു പലര്‍ക്കും ഗോവസൂരി ബാധിച്ചിരുന്നത്. അതുമായി ബന്ധപ്പെടുത്തി അദ്ദേഹം രണ്ടും കൽപിച്ച് ഒരു പരീക്ഷണത്തിനൊരുങ്ങി.

സാറാ നെൽമ്സ് എന്ന പാൽക്കാരിക്ക് ആയിടെ ഗോവസൂരി ബാധിച്ചിരുന്നു. അവരുടെ ശരീരത്തില്‍നിന്നെടുത്ത പഴുപ്പ് ജെന്നർ, തോട്ടക്കാരന്റെ എട്ടുവയസ്സുള്ള മകൻ ജെയിംസ് ഫിലിപ്സിന്റെ കൈകളിൽ മുറിവുണ്ടാക്കി കടത്തിവിട്ടു. ജയിംസ് പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ തുടർനാളുകളിൽ കാണിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു ശേഷം, വസൂരി ബാധിച്ചയാളുടെ ശരീരത്തിൽനിന്നെടുത്ത സ്രവം ജെന്നർ കുട്ടിയിൽ കുത്തിവച്ചു. ജയിംസിന് യാതൊരു കുഴപ്പവും സംഭവിച്ചില്ല. അവൻ അതിനോടകം വസൂരിക്കെതിരെ രോഗപ്രതിരോധ ശേഷി കൈവരിച്ചുകഴിഞ്ഞിരുന്നു. 1796ലായിരുന്നു ഈ സംഭവം. പിന്നീട് ഇരുപതോളം പേരിൽ ജെന്നർ ഈ രീതി പ്രയോഗിച്ചു വിജയിച്ചു. 

തുടക്കത്തിൽ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഉൾപ്പെടെ അംഗീകരിക്കാൻ തയാറായിരുന്നില്ല. 1798ൽ ഇതു സംബന്ധിച്ച വിശദമായ പ്രബന്ധം ജെന്നർ പുറത്തുവിട്ടു. വൈകാതെ ആധുനിക വാക്സിനേഷൻ രീതിയുടെ പിതാവായും അദ്ദേഹം മാറുന്ന നിലയിലേക്കെത്തി കാര്യങ്ങൾ. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവെന്ന നിലയിലും ജെന്നർ പ്രശസ്തനായി. വാക്സിനേഷന് ആ പേരു നൽകിയതും മറ്റാരുമല്ല– ‘വാക്ക’ എന്നാൽ ലാറ്റിൻ ഭാഷയിൽ പശു എന്നാണർഥം. ഗോവസൂരിക്കാകട്ടെ ‘വാക്സീനിയ’ എന്നും. ഇവ രണ്ടും ചേർത്തായിരുന്നു വസൂരിക്കെതിരെയുള്ള തന്റെ പ്രതിരോധ കണ്ടെത്തലിന് ജെന്നർ വാക്സിനേഷൻ എന്ന പേരു നൽകിയത്.

ആദ്യമായി വാക്സീൻ ഇന്ത്യയിൽ‌

ADVERTISEMENT

ജെന്നർ കണ്ടെത്തി നാലു വർഷത്തിനു ശേഷം വസൂരിയുടെ പ്രതിരോധ മരുന്ന് ഇന്ത്യയിലും എത്തി– 1802ൽ. ബോംബെയിലെ മൂന്നു വയസ്സുകാരി അന്ന ഡസ്റ്റ്ഹാളിന് ആണ് ഇന്ത്യയിൽ ആദ്യമായി അധുനിക വാക്സീൻ നൽകിയത്. 1802 ജൂൺ 14ന് ആയിരുന്നു അത്. പിന്നീട് പുണെ, ഹൈദരാബാദ്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കും വാക്സിനേഷനെത്തി. ‌ടിക്കദാർസ് എന്നു വിളിച്ചിരുന്നവരാണ് പഴയ രീതിയിലുള്ള വാക്സിനേഷൻ ഇന്ത്യയിൽ നടത്തിയിരുന്നത്. പുതിയ വാക്സീൻ എത്തിയിട്ടും പലയിടത്തും പഴയ രീതി തുടർന്നിരുന്നു. 

ഇന്ത്യയുടെ പോളിയോ വാക്സിനേഷൻ യജ്ഞത്തിൽനിന്ന്. 2007ലെ ചിത്രം. NOAH SEELAM / AFP

പരിഷ്കൃത വാക്സീൻ സംബന്ധിച്ച് ഇന്ത്യയിൽ പല തർക്കങ്ങളും പ്രതിസന്ധികളും ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. വാക്സീൻ സ്വീകരിച്ചവരിൽ ചിലർ മരിച്ചതും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായതുമെല്ലാം തിരിച്ചടിയായി. അതിലും വലിയ പ്രതിസന്ധി മറ്റൊന്നായിരുന്നു. പശുവിന്റെ ശരീരത്തിൽനിന്നാണ് വാക്സീൻ ഉൽപാദിപ്പിക്കുന്നത് എന്നത് ചില വിഭാഗക്കാരെ പ്രകോപിപ്പിച്ചു. വിശുദ്ധമായി കരുതുന്ന മൃഗത്തിൽനിന്ന് ഉൽപാദിപ്പിക്കുന്നത് എന്നതായിരുന്നു തർക്കത്തിനു കാരണം. കൂടാതെ വാക്സീൻ എടുക്കാൻ പരിശീലനം നേടിയവർ വളരെ കുറച്ചു പേരേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇവർക്ക് സർക്കാർ പണം നൽകിയിരുന്നുമില്ല, വാക്സീൻ എടുക്കാൻ ചെറിയ തുക ഇവർ ഈടാക്കിയിരുന്നതും താരതമ്യേന നിർധനരായവരെ വാക്സീനേഷനിൽനിന്ന് അകറ്റി നിർത്തി. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ആണ് ഇന്ത്യയിൽ വിവിധ രോഗങ്ങള്‍ക്കു വാക്സീൻ നൽകുന്നത് കർശനമാക്കിയതും കേന്ദ്രീകൃതമാക്കുന്നതും. 1892ൽ വാക്സിനേഷൻ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വന്നു. 1932ലെ രേഖകളിൽ ബ്രിട്ടിഷ് ഇന്ത്യയുടെ 80% ഭാഗങ്ങളിൽ നിയമം കർശനമാക്കി നടപ്പാക്കിയിരുന്നതായി പറയുന്നുണ്ട്. പശുക്കളിൽനിന്നുള്ള കോശദ്രാവകമാണ് വാക്സിനേഷന് ഉപയോഗിച്ചിരുന്നത്. ഇതു വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് അന്നു പ്രായോഗികമല്ലാത്തതിനാൽ ഫാമുകളെയാണ് ആശ്രയിച്ചിരുന്നത്. 

ഇന്ത്യയിലെ പ്ലേഗ് ലാബ്!

ADVERTISEMENT

1850 വരെ ബ്രിട്ടനിൽനിന്നായിരുന്നു ഇന്ത്യയിലേക്ക് വാക്സീൻ എത്തിയിരുന്നത്. 1832ൽ മുംബൈയിലും 1879ൽ മദ്രാസിലും വാക്സീൻ ഉൽപാദിപ്പിക്കാൻ ശ്രമിച്ചിരുന്നു. 1890ൽ മദ്രാസ് പ്രൊവിൻസിലെ ശ്രമം വിജയിച്ചുവെന്നും പറയപ്പെടുന്നു. പിന്നീടാണ് വാക്സീൻ കേടാകാതെ സംഭരിക്കുന്നതും കടത്തുന്നതുമെല്ലാം പ്രതിസന്ധിയായത്. ഗ്ലിസറിന്റെ സഹായത്തോടെയാണ് ഈ പ്രതിസന്ധി മറികടന്നത്. ഗ്ലിസറിനേറ്റ് ചെയ്താണ് ഇവ മറ്റു സ്ഥലങ്ങളിലേക്ക് കേടാകാതെ എത്തിച്ചതെന്നു രേഖകളിലുണ്ട്. 1925 ആയപ്പോഴേക്കും ബോറിക് ആസിഡ് ആയി ഈ സുരക്ഷാഘടകം. 

ഈ കാലഘട്ടത്തിൽ ബംഗാളിൽ കോളറ വ്യാപിച്ചു. 1893ൽ ബ്രിട്ടിഷ് ഡോക്ടർ ഹാഫ്കിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ കോളറ വാക്സിനേഷനും നൽകി. 1896ൽ പ്ലേഗ് വ്യാപകമായി. ഈ വർഷമാണ് രാജ്യത്ത് രോഗവ്യാപന നിയന്ത്രണനിയമം പ്രാബല്യത്തിലാകുന്നത്. ഡോ.ഹാഫ്കിന് മുംബൈയിൽ ലാബ് സൗകര്യമൊരുക്കിയ ഭരണകൂടം അദ്ദേഹത്തോട് പ്ലേഗിനുള്ള വാക്സീൻ ഉൽപാദിപ്പിക്കാൻ ആവശ്യപ്പെട്ടു. 1897ൽ അദ്ദേഹം ആ ശ്രമത്തിൽ വിജയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ ആദ്യത്തെ ആധുനിക വാക്സീൻ അതായിരുന്നു. 1899ൽ വരെ ഈ ലാബ് അറിഞ്ഞിരുന്നത് പ്ലേഗ് ലാബ് എന്നായിരുന്നു. പിന്നീട് ബോംബെ ബാക്ടീരിയോളജിക്കൽ ലാബ് എന്നും അതിനു ശേഷം ഹാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നും പേരു മാറി.

വീടുകളിലെത്തിയുള്ള പൾസ് പോളിയോ വാക്സിനേഷനിൽനിന്ന്. 2012ലെ ഡൽഹി കാഴ്ച. ചിത്രം: SAJJAD HUSSAIN / AFP

1904–1908 കാലഘട്ടത്തിൽ ടൈഫോയ്ഡ് വാക്സീൻ ഇന്ത്യയിൽ പരീക്ഷിച്ചു.1907ൽ ആന്റി റാബിസ് വാക്സീനുമെത്തി.1920 കാലഘ‌ട്ടത്തിലാണ് ഇന്ത്യയിൽ ഡിഫ്ത്തീരിയ വാക്സീൻ ലഭ്യമായത്. 1948ൽ ഗിണ്ടിയിലെ ബിസിജി വാക്സീൻ ലാബ് ആരംഭിച്ചു. സ്കൂളുകളിലുൾപ്പെടെ ബിസിജി വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കപ്പെട്ടത് ആ വർഷമാണ്. ക്ഷയരോഗനിയന്ത്രണപരിപാടികളുടെ ഭാഗമായി പിന്നീട് ഇത് ക്യാംപെയിനായി മാറി. 1975ൽ ആണ് ഇന്ത്യയിൽ അവസാന വസൂരി കേസ് റിപ്പോർട്ട് ചെയ്തത്. 1980ൽ വസൂരിരഹിതമേഖലയായി രാജ്യത്തെ പ്രഖ്യാപിച്ചു. ഈ നേട്ടമാണ് പ്രതിരോധ ക്യാംപെയ്നുകൾ ഇന്ത്യയിൽ സജീവമാക്കിയത്. 

1978 മുതൽ ഇന്ത്യ രോഗപ്രതിരോധ മേഖലയിൽ സജീവമായുണ്ട്. എക്സ്പാൻഡെഡ് പ്രോഗ്രാം ഓഫ് ഇമ്യൂണൈസേഷൻ (ഇപിഐ) ആരംഭിക്കുന്നത് അങ്ങനെയാണ്. ബിസിജി, ഒപിവി, ഡിപിടി, ടൈഫോയ്ഡ് വാക്സീനുകളായിരുന്നു ലക്ഷ്യം. 1985ൽ മീസൽസ് വാക്സീനും ഇതിലേക്കു ചേർത്തു.1990–91 കാലഘട്ടത്തിൽ ആധുനികതയുടെ കടന്നുവരവോടെ വാക്സീനുകളുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമായി. 1993–94 കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലും പോളിയോ വാക്സീൻ ക്യാംപെയ്ൻ നടത്തി. ഇതും പിന്നീട് മറ്റു സ്ഥലങ്ങളിൽ പ്രചാരത്തിലാക്കി; 2011ൽ ആണ് ഇന്ത്യയിൽ അവസാനമായി പോളിയോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

2002 കാലഘട്ടത്തിലാണ് ഹെപ്പറ്റൈറ്റിസ് വാക്സീൻ എത്തുന്നത്. 2011ൽ എച്ച്ഐബി വാക്സീൻ എത്തി. 2011ൽ ആണ് ഇന്ത്യ ദേശീയ വാക്സീൻ നയം പ്രഖ്യാപിക്കുന്നത്. 2012–13 വർഷം ഇയർ ഓഫ് ഇന്റൻസിഫിക്കേഷൻ ഓഫ് റുട്ടീൻ ഇമ്യൂണൈസേഷനായി പ്രഖ്യാപിച്ചിരുന്നു. വാക്സിനേഷന്റെ കാര്യത്തിൽ പുറകിലുള്ള 239 ജില്ലകളിൽ വാക്സിനേഷൻ മെച്ചപ്പെടുത്തുകയായിരുന്നു പദ്ധതി. പിന്നീട് ജപ്പാൻ ജ്വരത്തിനുള്ള വാക്സീൻ കണ്ടെത്തുന്നത് 2013ൽ ആണ്. ഇങ്ങനെ രോഗപ്രതിരോധ രംഗത്ത് കൃത്യമായ നിലപാടും നയവും പാലിച്ചുപോരുന്നുണ്ട് ഇന്ത്യ. ഉയർന്ന ജനസംഖ്യ വെല്ലുവിളി ഉയർത്തുമ്പോഴും ആരോഗ്യരംഗത്ത് കഴിയുന്നത്ര നേട്ടം നിലനിർത്തിപ്പോരുന്നുമുണ്ട്. ഇപ്പോൾ ആ നേട്ടത്തിനു മുന്നിലാണ് കോവിഡ് വന്നു നിൽക്കുന്നത്. ഇതും നാം അതിജീവിക്കുക തന്നെ ചെയ്യും. നമ്മുടെ ചരിത്രം അതായതിനാൽ തന്നെ.

English Summary: From Smallpox to COVID19; History of Vaccination in India