മോദിയുടെ ഇഷ്ടക്കാരെ ‘മറികടന്ന്’ സിബിഐ മേധാവി, ഉദ്ധവിന്റെ കണ്ണിലെ കരട്; ഇനിയെന്ത്?
രഹസ്യാന്വേഷണം, ഭരണനിർവഹണം, കുറ്റകൃത്യങ്ങളുടെ അന്വേഷണം എന്നിവയിലെല്ലാം മികവു തെളിയിച്ച ഉദ്യോഗസ്ഥനാണു സുബോധ് കുമാർ | Subodh Kumar Jaiswal, New CBI Chief, CBI In India, Narendra Modi and CBI Chief Appointment, CBI Chief Appointment Process, Sushant Singh Rajput Death, Manorama Online
രഹസ്യാന്വേഷണം, ഭരണനിർവഹണം, കുറ്റകൃത്യങ്ങളുടെ അന്വേഷണം എന്നിവയിലെല്ലാം മികവു തെളിയിച്ച ഉദ്യോഗസ്ഥനാണു സുബോധ് കുമാർ | Subodh Kumar Jaiswal, New CBI Chief, CBI In India, Narendra Modi and CBI Chief Appointment, CBI Chief Appointment Process, Sushant Singh Rajput Death, Manorama Online
രഹസ്യാന്വേഷണം, ഭരണനിർവഹണം, കുറ്റകൃത്യങ്ങളുടെ അന്വേഷണം എന്നിവയിലെല്ലാം മികവു തെളിയിച്ച ഉദ്യോഗസ്ഥനാണു സുബോധ് കുമാർ | Subodh Kumar Jaiswal, New CBI Chief, CBI In India, Narendra Modi and CBI Chief Appointment, CBI Chief Appointment Process, Sushant Singh Rajput Death, Manorama Online
ന്യൂഡൽഹി∙ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) നഷ്ടപ്പെട്ട വിശ്വാസ്ത്യത വീണ്ടെടുക്കുക എന്ന ശ്രമകരമായ ദൗത്യമുണ്ട് സുബോധ് കുമാർ ജയ്സ്വാളിനു മുന്നിൽ. സിബിഐയുടെ 33ാമത്തെ ഡയറക്ടറായി അദ്ദേഹം ചുമതലയേൽക്കുമ്പോൾ മുൻഗാമി ഋഷികുമാർ ശുക്ല തുടങ്ങിവച്ച പലതും പൂർത്തിയാക്കേണ്ടതുമുണ്ട്. മൂന്നു വർഷം മുൻപ്, 2018–19 കാലഘട്ടത്തിൽ സിബിഐയിലെ 2 മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുണ്ടായ ശീതസമരം ഏറെ ചർച്ചയായിരുന്നു– അന്നത്തെ സിബിഐ ഡയറക്ടർ അലോക് കുമാർ വർമയും ഡപ്യൂട്ടി മേധാവിയും സ്പെഷൽ ഡയറക്ടറുമായ രാകേഷ് അസ്താനയും തമ്മിലുള്ള പോരായിരുന്നു അത്.
ഇവരുടെ ഓരോ തീരുമാനങ്ങളും കോടതി കയറി. അതേ അസ്താന (ഇപ്പോൾ ബിഎസ്എഫ് മേധാവി) ഇക്കുറി സിബിഐ ഡയറക്ടറുടെ സാധ്യതാ പട്ടികയിലുണ്ടായിരുന്നു. മോദിയുടെ ഇഷ്ടക്കാരായ രാകേഷ് അസ്താനയും എൻഐഎ മേധാവിയായിരുന്ന വൈ.സി. മോദിയും ഡയറക്ടർ പദവിയിലെത്താൻ സാധ്യതയുണ്ടെന്നു കരുതിയവരേറെ. എന്നാൽ വിരമിക്കൽ പ്രായപരിധിയുമായി ബന്ധപ്പെട്ട കോടതി വിധികൾ എല്ലാം മാറ്റിമറിച്ചു. 6 മാസത്തിനകം വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിൽ തട്ടി കേരള ഡിജിപി ലോക്നാഥ് ബെഹ്റ, യുപി ഡിജിപി എച്ച്.സി. അവസ്തി എന്നിവരെല്ലാം വീണു. ഒടുവിൽ നറുക്കു വീണതു സുബോധ് കുമാറിന്.
ആരാണ് സുബോധ് കുമാർ?
രഹസ്യാന്വേഷണം, ഭരണനിർവഹണം, കുറ്റകൃത്യങ്ങളുടെ അന്വേഷണം എന്നിവയിലെല്ലാം മികവു തെളിയിച്ച ഉദ്യോഗസ്ഥനാണു സുബോധ് കുമാറെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 1985 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയിൽ (റോ) 10 വർഷം സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിൽ 6 വർഷം ഡപ്യൂട്ടേഷനിലുണ്ടായിരുന്നു. ‘സിബിഐയിൽ മുൻപു പ്രവർത്തിച്ചു പരിചയമില്ലെങ്കിലും വിവിധ വിഭാഗങ്ങളിലെ പരിചയസമ്പത്ത് സിബിഐയിലും അദ്ദേഹത്തിനു തുണയാകും. പുതിയ ആശയങ്ങളിലൂടെ മികവുയർത്താനും സിബിഐയ്ക്കു സാധിക്കും. ഇദ്ദേഹത്തിന്റെ മുൻഗാമി ഋഷി കുമാർ ശുക്ലയും സിബിഐ പ്രവർത്തിപരിചയമില്ലാതെയാണു ഡയറക്ടർ പദവിയിലെത്തിയത്’ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണമിങ്ങനെ.
1962 സെപ്റ്റംബർ 22നു ധൻബാധിലാണു സുബോധ് കുമാറിന്റെ ജനനം. സിഎംആർഐ ഡി നോബ്ലി സ്കൂളിൽ പഠനം. ചണ്ഡിഗഡ് ഡിഎവി കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദം നേടി. പഞ്ചാബ് സർവകലാശാലയിൽനിന്ന് എംബിഎയും. 23–ാമത്തെ വയസിലാണ് ഐപിഎസ് നേടി സേനയിൽ പ്രവേശിക്കുന്നത്. മഹാരാഷ്ട്ര കേഡറുകാരനായി. അമരാവതിയിൽ അഡീഷനൽ സൂപ്രണ്ടായി 1986ൽ ആദ്യ നിയമനം. ഗഡ്ചിരോലി ജില്ലയിലെ എസ്പിയായിരിക്കെ ഒട്ടേറെ നക്സൽ വിരുദ്ധ ഓപറേഷനുകൾക്കു നേതൃത്വം നൽകി. അബ്ദുൾ കരീം തെൽഗിയുടെ കുപ്രസിദ്ധമായ വ്യാജ മുദ്രക്കടലാസ് തട്ടിപ്പ് അന്വേഷിക്കാൻ ഹൈക്കോടതി 2003ൽ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നൽകി. പിന്നീട് ഈ കേസ് സിബിഐയ്ക്കു വിട്ടു.
മുംബൈ ഭീകര വിരുദ്ധ സേനയുടെ ഭാഗമായിരുന്ന ഇദ്ദേഹം 2008ലാണു ‘റോ’യിൽ ഡപ്യൂട്ടേഷനിലെത്തുന്നത്. 10 വർഷത്തിനു ശേഷം 2018 ജൂലൈയിലാണു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പ്രത്യേക ആവശ്യപ്രകാരം സംസ്ഥാന സേനയിലേക്കു തിരികെയെത്തുന്നത്. 1996 മുതൽ 2002 വരെയുള്ള സമയത്തു എസ്പിജിയിലും ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിരുന്നു. 35 വർഷത്തെ സർവീസിൽ 16 വർഷവും സുബോധ് കുമാർ കേന്ദ്ര ഡപ്യൂട്ടേഷനിലായിരുന്നു. 2018 ജൂലൈയിൽ മുംബൈ പൊലീസ് കമ്മിഷണറായ സുബോധ് കുമാർ 2019 മാർച്ചിൽ മഹാരാഷ്ട്ര ഡിജിപിയായി. ഈ സമയത്താണു എൽഗാർ പരിഷത്ത്, ഭീമ– കൊറെഗാവ് സംഭവങ്ങൾ അന്വേഷിക്കുന്നത്. ഈ രണ്ടു കേസുകളും പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറി.
ഫട്നാവിസുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന സുബോധ് കുമാർ പക്ഷേ, മഹാരാഷ്ട്ര വികാസ് അഘാഡിയുമായി അത്ര സുഖത്തിലായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയിൽ ആഭ്യന്തര വകുപ്പുമായി അൽപം ഇടയുകയും ചെയ്തിരുന്നു. 2021 ജനുവരി 8നാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) മേധാവിയായി നിയമിതനാകുന്നത്.
പരീക്ഷയും പരീക്ഷണവും
ആദ്യ പരീക്ഷ സുബോധിന്റെ മുൻ ബോസ് അനിൽ ദേശ്മുഖുമായി ബന്ധപ്പെട്ടതാണ്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് പല പൊലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പണം സമാഹരിച്ചിരുന്നതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സിബിഐയുടെ പരിഗണനയിലാണ്. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങാണു ബാറുകളിൽനിന്നു 100 കോടി പ്രതിമാസം പിരിച്ചുകിട്ടാൻ ദേശ്മുഖ് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടന്ന ആരോപണം ഉന്നയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും വലിയ തോതിൽ പണം വാങ്ങിയെന്ന ആരോപണവും നിലവിലുണ്ട്.
പരംബീർ സിങ്ങിന്റെ 3 വർഷം സീനിയറാണു സുബോധ്. ഏപ്രിൽ 5നാണു വിഷയത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. 2 തവണ സിബിഐ സംഘം അനിൽ ദേശ്മുഖിനെ ചോദ്യം ചെയ്തു. ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതിൽ തീരുമാനമെടുക്കേണ്ട ചുമതല ഇനി സുബോധ് കുമാറിനാണ്. 2003ലെ തെൽഗി സംഭവത്തിനു ശേഷം മഹാരാഷ്ട്രയിൽ സംഭവിച്ച വലിയ രാഷ്ട്രീയ വിവാദങ്ങളിലൊന്നായിരുന്നു അനിൽ ദേശ്മുഖിന്റെ അഴിമതിയുമായി ബന്ധപ്പെട്ടത്. 2003 സംഭവത്തിലും സുബോധ് ശ്രദ്ധാകേന്ദ്രമായിരുന്നുവെന്നതു മറ്റൊരുകാര്യം. വിഷയം അന്വേഷിക്കാൻ ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഭാഗമായിരുന്നു സുബോധ്. മുൻ കമ്മിഷണർ ആർ.എസ്. ശർമ, അന്നു ജോയിന്റ് കമ്മിഷണറായിരുന്ന ശ്രീധർ വാഗൽ, ഡപ്യൂട്ടി കമ്മിഷണറായിരുന്ന പ്രദീപ് സാവന്ത് എന്നിവരെ സുബോധ് കുമാർ അറസ്റ്റ് ചെയ്തു. മൂവരും സുബോധിനേക്കാൾ സീനിയറായിരുന്നുവെന്നും ഓർമിക്കണം.
എന്നാൽ തെളിവുകളുടെ അഭാവത്തിൽ 2007ൽ പുണെ പ്രത്യേക കോടതി മൂവരെയും കുറ്റവിമുക്തരാക്കിയെന്നതു മറ്റൊരു ചരിത്രം. സുബോധ് കുമാർ ജയ്സ്വാളിന്റെ മികവിനെക്കുറിച്ചു കോടതിയും സംശയം പ്രകടിപ്പിച്ചു. ‘ജയ്സ്വാളിനെപ്പോലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഒന്നര വർഷത്തെ അന്വേഷണത്തിനിടയിൽ തെൽഗിക്കെതിരെ ഒന്നും ചെയ്തില്ല. ജൻവേക്കർ സഹോദരന്മാരെ അറസ്റ്റ് ചെയ്യാനോ ഈ കുറ്റകൃത്യത്തിനു പിന്തുണ നൽകിയ പൊലീസ് കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിക്കാനോ അദ്ദേഹത്തിനായില്ല. ഫലത്തിൽ തെൽഗിയെ സഹായിച്ചവർ കേസിൽ സാക്ഷികളായി മാറിയിരിക്കുന്നു’ കോടതി വിമർശിച്ചതിങ്ങനെ. അന്നു മഹാരാഷ്ട്ര പൊലീസിൽ ഡിഐജി റാങ്കിലായിരുന്നു സുബോധ് കുമാർ.
ശിവസേനയുടെ കണ്ണിലെ കരട്
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന എക്സിക്യുട്ടീവ് പ്രസിഡന്റുമായ ഉദ്ധവ് താക്കറെയുമായി ദീർഘനാളായി പോരടിച്ചിരുന്നു സുബോധ് കുമാർ. ആദ്യ സംഭവം 2006ൽ. അന്ന് സെൻട്രൽ റീജനൽ അഡീഷനൽ കമ്മിഷണർ. സീ ടിവിയുടെ മുംബൈ ഓഫിസ് അക്രമിച്ച ശിവസേനാ പ്രവർത്തകരെ സുബോധ് അറസ്റ്റ് ചെയ്തു. ഉദ്ധവ് ഇടപെട്ട് സുബോധിനെ സ്ഥലംമാറ്റി. 2 വർഷത്തിനു ശേഷം അന്നത്തെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖറിന്, സുബോധിനെതിരെ കത്തെഴുതാൻ എംപിയായിരുന്ന സഞ്ജയ് റാവത്തിനു നിർദേശം നൽകി.
പോര് പാരമ്യത്തിലെത്തിയതു കഴിഞ്ഞ ഡിസംബറിലാണ്. ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് ഉദ്ധവ് ശുപാർശ ചെയ്യുകയും ഇതു നടപ്പാക്കാൻ ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ ഡിജിപി തള്ളി. അതു തന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും മുഖ്യമന്ത്രി ഇടപെടേണ്ടതില്ലെന്നുമായിരുന്നു നിലപാട്. കാര്യമെന്തായാലും സ്ഥലംമാറ്റം നടപ്പായി. ഡിജിപിയുടെ അഭിപ്രായം നോട്ടിൽ പ്രത്യേകം രേഖപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഭീകര വിരുദ്ധ സേനയുടെ മേധാവി സഞ്ജയ് ബാർവെ അറിയാതെ 12 ഉദ്യോഗസ്ഥരെ ഭീകര വിരുദ്ധ സേനയിലേക്കു മാറ്റിയത് ഇരുവരും തമ്മിലുള്ള തർക്കത്തിനു കാരണമായിരുന്നു. മുംബൈ പൊലീസ് കമ്മിഷണറും സുബോധിനെതിരെ രംഗത്തെത്തി. എന്തായാലും 2021 ഫെബ്രുവരിയിൽ കേന്ദ്ര ഡപ്യൂട്ടേഷൻ വീണ്ടും വാങ്ങി സിഐഎസ്എഫ് ഡയറക്ടർ ജനറൽ പദവിയിലേക്കു സുബോധ് വണ്ടികയറി. സുബോധിനെ സിബിഐ പദവിയിലേക്കു പരിഗണിക്കരുതെന്നു കാട്ടി മുംബൈ പൊലീസിൽ അസിസ്റ്റന്റ് കമ്മിഷണറായിരുന്ന രാജേന്ദ്ര ത്രിവേദി മേയ് 18നു പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.
നാരദ മുതൽ കേരളം വരെ
സിബിഐ അന്വേഷണങ്ങൾക്കു മുൻകൂർ അനുമതി വാങ്ങണമെന്നാണു പഞ്ചാബ്, കേരളം, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാൾ, രാജസ്ഥാൻ, മിസോറം എന്നീ സംസ്ഥാനങ്ങളുടെ ഉത്തരവ്. സിബിഐ കേസുകളിൽ രാഷ്ട്രീയം കലരുന്നതിന്റെ പ്രത്യാഘാതം. ഈ സംസ്ഥാനങ്ങളിലെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിബിഐ ഇനി എങ്ങനെ കൈകാര്യം ചെയ്യുമെന്നതു കണ്ടറിയണം. ബംഗാളിൽ നാരദാ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവൻ ചാറ്റർജി എന്നിവരെ അറസ്റ്റ് ചെയ്തതിന്റെ രാഷ്ട്രീയ കോലാഹലം അവസാനിച്ചിട്ടില്ല. ബംഗാളിൽ ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലും തുടർ നടപടികൾ വരാനിരിക്കുന്നു.
കഴിഞ്ഞ ജൂണിലാണു ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. അന്നു സുബോധായിരുന്നു മഹാരാഷ്ട്ര ഡിജിപി. മരണം ആത്മഹത്യയാണെന്നു വ്യക്തമാക്കി മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. കേന്ദ്രം അന്വേഷണം സിബിഐയെ ഏൽപിച്ചു. വിഷയത്തിൽ പുരോഗതിയില്ലെന്നു മഹാരാഷ്ട്ര സർക്കാർ ഇപ്പോൾ കുറ്റപ്പെടുത്തുന്നുണ്ട്. പല കാര്യങ്ങളിലും സുബോധ് കർക്കശക്കാരനെന്നാണു ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തന്റെ നിലപാട് ഇദ്ദേഹം മുൻപേ പറഞ്ഞിട്ടുണ്ട്. കേസന്വേഷണങ്ങളിൽ കൈകടത്തുന്ന സ്വഭാവവുമില്ല. സിബിഐ മേധാവിയുടെ പദവിയിൽ ഇതെങ്ങനെ പാലിക്കപ്പെടുന്നുവെന്നതാണു ചോദ്യം. ഐപിഎസ് ഉദ്യോഗസ്ഥരും കേഡർ ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരത്തിനും കുറവൊന്നുമില്ല.
ഐപിഎസ് ഉദ്യോഗസ്ഥർ ഡൽഹിയിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാനുള്ള വേദിയായി സിബിഐയെ കാണുന്നുവെന്നാണു കേഡർ ഉദ്യോഗസ്ഥരുടെ പരാതി. സേനയിൽ തങ്ങളുടെ ഉയർച്ചയ്ക്കു വേഗമില്ലെന്നും മിക്ക യൂണിറ്റുകളുടെയും പദവികളുടെയും തലപ്പത്ത് ഐപിഎസ് ഉദ്യോഗസ്ഥരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം വർഷങ്ങളായി ഒരേ യൂണിറ്റിൽ സേവനം ചെയ്യുന്ന കേഡർ ഉദ്യോഗസ്ഥർ അതിന്റെ സൗകര്യം ആവോളം ആസ്വദിക്കുന്നുണ്ടെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതി. സ്ഥലം വിട്ടുപോകാൻ ഇവർ തയാറല്ലെന്നും ഐപിഎസുകാർ വാദിക്കുന്നു. ഇങ്ങനെ പലതുണ്ട് പുതിയ സിബിഐ ഡയറക്ടറുടെ മുന്നിലെ വെല്ലുവിളികൾ.
English Summary: Who is Subodh Kumar Jaiswal, New Chief of CBI, What are the Challenges Before Him?