മദ്യമില്ല, ലോട്ടറിയില്ല, വരുമാനവുമില്ല; രക്ഷയാകുമോ ബാലഗോപാലിന്റെ ആദ്യ ബജറ്റ്?
ബജറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ബാലഗോപാൽ എന്ന ധനമന്ത്രിയുടെ സഞ്ചാരം ശരിയായ ദിശയിലാണെന്നുള്ള സൂചനയാണു നൽകുന്നത്. | KN Balagopal's Budget Speech, Kerala Budget 2021, Kerala Economy, Kerala Finance Minister, Budget Allocation, CPI (M), Kerala Budget Key Features, Manorama Online
ബജറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ബാലഗോപാൽ എന്ന ധനമന്ത്രിയുടെ സഞ്ചാരം ശരിയായ ദിശയിലാണെന്നുള്ള സൂചനയാണു നൽകുന്നത്. | KN Balagopal's Budget Speech, Kerala Budget 2021, Kerala Economy, Kerala Finance Minister, Budget Allocation, CPI (M), Kerala Budget Key Features, Manorama Online
ബജറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ബാലഗോപാൽ എന്ന ധനമന്ത്രിയുടെ സഞ്ചാരം ശരിയായ ദിശയിലാണെന്നുള്ള സൂചനയാണു നൽകുന്നത്. | KN Balagopal's Budget Speech, Kerala Budget 2021, Kerala Economy, Kerala Finance Minister, Budget Allocation, CPI (M), Kerala Budget Key Features, Manorama Online
ധനമന്ത്രി ബാലഗോപാൽ ഒരു ധനകാര്യ വിദഗ്ധനാണെന്ന് അദ്ദേഹം പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധന സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു എന്നതിനാലാണ് അദ്ദേഹത്തിന് ധനമന്ത്രിയുടെ പണി നൽകിയതെന്നാണ് പാർട്ടിയുടെ വിശദീകരണം. അതോ, മാധ്യമങ്ങൾ പല പേരുകൾ ഉയർത്തികാട്ടിയപ്പോൾ, എന്നാൽ അവന്മാർക്ക് ഒരു പണി കൊടുക്കാം എന്ന് പിണറായി വിചാരിച്ചതിന്റെ ഫലമോ?
വന്നതെല്ലാം നല്ലതിന് എന്നാണല്ലോ പ്രമാണം. അത് ഇവിടെ ശരിയായി വരുന്നുണ്ട്. ബജറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ബാലഗോപാൽ എന്ന ധനമന്ത്രിയുടെ സഞ്ചാരം ശരിയായ ദിശയിലാണെന്നുള്ള സൂചനയാണു നൽകുന്നത്. അതീവ ദുർബലമായ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം പുഷ്ടിപ്പെടുത്തണമെങ്കിൽ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഊർദ്ധൻ വലിക്കുന്ന സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന ജീവൻരക്ഷാ മരുന്നാണ് അദ്ദേഹം നിർദേശിക്കുന്നത്.
ദുർഘടാവസ്ഥയിൽ പെട്ട കുടുംബ കാരണവർ
കയ്യിലാണെങ്കിൽ അഞ്ചു പൈസയില്ല. തരാനുള്ളവരാണെങ്കിൽ തരുന്നുമില്ല. പോരാത്തതിന് രോഗവും ദുരിതവും. ഇങ്ങനെയുള്ള ദുർഘടാവസ്ഥയിൽ പെട്ട ഒരു കുടുംബ കാരണവരുടെ അവസ്ഥയിലാണ് നമ്മുടെ ധനമന്ത്രി. ജിഎസ്‌ടി വിഹിതമോ, മറ്റു നിയമപരമായി ലഭിക്കേണ്ട പണമോ കേന്ദ്രത്തിൽനിന്ന് ഉടനെ ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. തള്ളിനു യാതൊരു കുറവുമില്ലെങ്കിലും, കുത്തിന് പിടിച്ചാൽപോലും കൊടുക്കാനുള്ളവന് തിരിച്ചുകൊടുക്കാൻ പറ്റാത്ത നിലയിലാണ് കേന്ദ്രം. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലെ കുറേ പണം ഇടക്കാല ലാഭ വിഹിതം എന്നു പറഞ്ഞു മേടിച്ചെടുത്തും വിദേശ വിപണിയിൽനിന്ന് കടമെടുത്തുമാണ് കേന്ദ്രം വണ്ടി ഓടിക്കുന്നത്.
കേന്ദ്ര ധനമന്ത്രിയെ ടിവിയിൽ കണ്ടിട്ടോ അവരുടെ പ്രസ്താവനകൾ പത്രത്തിൽ വായിച്ചിട്ടോ നാളുകൾ ഏറെയായി. സംസ്ഥാനത്തിന്റെ തനതു വരുമാന മാർഗമായ മദ്യക്കച്ചവടമില്ല, ലോട്ടറിയില്ല, വസ്തു ഇടപാടുകളില്ല. ചുരുക്കത്തിൽ സർക്കാരിന്റെ വരുമാന മാർഗങ്ങളെല്ലാം പൂർണമായി അടഞ്ഞ നിലയിലാണ്. എന്നാൽ ചെലവുകൾ കൂടുന്നതല്ലാതെ, കുറയുന്നില്ല. ഒബ്ലിഗേറ്ററി പേയ്‌മെന്റുകളായ, ശമ്പളവും പെൻഷനും വായ്പകളുടെ പലിശയും കൊടുത്തേ മതിയാകു. മഹാമാരിയെ നേരിടുന്നതിനുള്ള ഭീമമായ ചെലവുകൾ, ഇതൊന്നും പോരാഞ്ഞിട്ട് അപ്രതീക്ഷിതമായി അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ.
ഓവർഡ്രാഫ്റ്റ് എടുത്തും വിപണിയിൽനിന്നുള്ള വായ്പകളും വികസന പ്രവർത്തനങ്ങൾ ചവിട്ടിപ്പിടിച്ചും ആണ് ബാലഗോപാൽ ഇപ്പോൾ സംഗതികൾ ഒരു വിധം കൊണ്ടുപോകുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും കേന്ദ്രംതന്നെ സൗജന്യമായി വാക്‌സീൻ നൽകണം എന്ന് സുപ്രീം കോടതി നിർദേശിച്ചാൽ ധനമന്ത്രിക്ക് ഒന്നു ശ്വാസം വിടാനാകും. ഇത്ര അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമ്പോഴാണ് ബാലഗോപാൽ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. അദ്ദേത്തിന്റെ മുൻഗാമി തോമസ് ഐസക്ക് 2021-22 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് അവതരിപ്പിച്ചിട്ടാണ് പടിയിറങ്ങിയത്. ഇത് പൂർണമായി പൊളിച്ചെഴുതാൻ പുതിയ ധനമന്ത്രി തുനിയുകയില്ല.
എന്നാൽ അടുത്ത 10 മാസത്തേക്കുള്ള ബജറ്റ് ആയതിനാലും ഐസക് ബജറ്റ് അവതരിപ്പിച്ചതിൽനിന്നും കാര്യങ്ങൾ പലതും മാറിയതിനാലും പുതിയതായി ചില കാര്യങ്ങൾ അദ്ദേഹം കൊണ്ടുവരാനാണു സാധ്യത. അതോടൊപ്പം വരുന്ന അഞ്ചു വർഷം താൻ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം എങ്ങോട്ടു നയിക്കും എന്നൊരു സൂചനയും അദ്ദേഹം നൽകിയേക്കും. അദ്ദേഹത്തിന്റെ പ്രഥമ പരിഗണന സംസ്ഥാനത്തിന്റെ സാമ്പത്തിക നില അൽപമെങ്കിലും മെച്ചപ്പെടുത്തുക എന്നുള്ളതാണ്. അതിന് കിട്ടാനുള്ള പണത്തിനായിട്ടു കേന്ദ്രവുമായി ഗുസ്തിപിടിച്ചിട്ടു കാര്യമില്ല. കയ്യിൽ പണമില്ലാത്തവനെ പണം കിട്ടാനായിട്ട് ഇടി കൊടുത്തിട്ടു വല്ല പ്രയോജനവും ഉണ്ടോ?
പുതിയ നികുതി, സർചാർജ്?
സംസ്ഥാനത്തു പുതിയ നികുതിയോ സർചാർജോ ഏർപ്പെടുത്താമെന്നു വെച്ചാൽ അകെ പൊളിഞ്ഞിരിക്കുന്ന ജനത്തിന് നൽകുന്ന വലിയൊരു ശിക്ഷയായിരിക്കും അത്. പിന്നെ, അദ്ദേഹത്തിന്റെ മുന്നിൽ ഒരേ ഒരു വഴിയേ ഉള്ളൂ. ഖജനാവിൽനിന്നുള്ള പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് കുറയ്ക്കുക. അതിന് അദ്ദേഹത്തിന് അടിയന്തരമായി ചെയ്യാവുന്ന കാര്യം കിറ്റുകൾ അത്യാവശ്യക്കാർക്കായി മാത്രം നിജപ്പെടുത്തുക. സർക്കാരിന്റെ എല്ലാ നിർമാണ പ്രവർത്തങ്ങളും മൺസൂൺ കഴിയുന്നതുവരെ നിർത്തിവയ്ക്കുക എന്നതാണ്. ഇത്രയും ചെയ്‌താൽതന്നെ ഖജനാവിൽനിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറയും. അപ്പോൾ ശമ്പളവും പെൻഷനും സർക്കാരിന് വലിയ ബുദ്ധിമുട്ടില്ലാതെ സമയത്തു കൊടുക്കാൻ കഴിയും. ഇപ്പോൾ വിപണി ചലിപ്പിക്കുന്നത് മുഖ്യമായും സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ്.
റേഷൻ കടക്കാരെ പേടിച്ചു പലരും ഇപ്പോൾ റേഷൻ കടകളുടെ പരിസരത്തു കൂടെപോലും നടക്കാറില്ല. നമ്മുടെ തലവെട്ടം കണ്ടാൽ റേഷൻകടക്കാരൻ കിറ്റ് എടുത്തു നമ്മുടെ തലയിൽവച്ചു തരും. കടയിൽ ഇരുന്നു കിറ്റിന് ഏന്തെങ്കിലും സംഭവിച്ചാൽ അങ്ങനെയുള്ള ഓരോ കിറ്റിനും 500 രൂപ വീതം അവർ സർക്കാരിലേക്ക് അടയ്ക്കണം എന്നാണ് അവരുടെ ആവലാതി. കിറ്റിലുള്ള സാധനങ്ങളോ? മിക്ക വീടുകളിലും കിട്ടിയ കിറ്റുകൾ തുറന്നുപോലും നോക്കാതെ സ്ഥലം മെനക്കെടുത്തി കൂട്ടി ഇട്ടിരിക്കുകയാണ്. കീശയിൽ അൽപമെങ്കിലും പണമുള്ളവന് കിറ്റ് ആവശ്യമില്ല. അവൻ പൊതുവിപണിയെ ആശ്രയിക്കാൻ തയാറാണ്. അവിടെ പൈസ ചെന്നാലേ സർക്കാരിന്റെ കീശയിൽ പണം വീഴൂ.
കിറ്റുകളുടെ എണ്ണം കുറയ്ക്കാൻ അനുവദിക്കുമോ?
ഇപ്പോൾ നമുക്ക് കിട്ടുന്ന സാധാരണ കിറ്റിൽ 500 രൂപയുടെ സാധനങ്ങൾ തരുന്നെന്നാണ് സർക്കാരിന്റെ അവകാശവാദം. നമുക്കറിയാമല്ലോ സാധനങ്ങളുടെ ഗുണം വച്ചു നോക്കിയാൽ അതിന് 150-200 രൂപയ്ക്ക് അപ്പുറം പോകില്ലെന്ന്. ബാക്കി വരുന്ന 300-350 രൂപ ഏതൊക്കെയോ കൈകളിൽ എത്തുന്നു. ഈ കൈകൾ കിറ്റുകളുടെ എണ്ണം കുറയ്ക്കാൻ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ബാലഗോപാലിന്റെ ഇതു സംബന്ധിച്ചുള്ള തീരുമാനം. മഴക്കാലത്ത് ഏതായാലും നിർമാണ പ്രവർത്തനങ്ങൾ മര്യാദയ്ക്കു നടക്കില്ല. അതുകൊണ്ട് മഴക്കാലത്ത് പ്രവർത്തികൾ നിർത്തിവയ്ക്കുന്നതല്ലേ ഉചിതം! ചെയ്യാത്ത പണിക്കു കരാറുകാർ പണം ചോദിക്കാൻ വരില്ലല്ലോ. ഖജനാവിൽ കിടക്കുന്ന ആ പണംകൊണ്ട് സർക്കാരിന് അതിന്റെ അത്യാവശ്യ കാര്യങ്ങൾ നടത്താം.
ഇതൊക്കെ ഇപ്പോൾ നിന്നു പിഴക്കാനുള്ള ബാലഗോപാലിന്റെ മുട്ടുശാന്തിയാണ്. സമ്പദ്ഘടന കരകയറ്റാൻ ഭാവനാപൂർണമായ പല നടപടികളും അദ്ദേഹം വരുംനാളുകളിൽ കൈക്കൊള്ളേണ്ടി വരും. താഴെത്തട്ടിലുള്ള ജനവിഭാഗത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ ബുദ്ധിപരമായ വികേന്ദ്രീകരണവും കാർഷിക മേഖലയിലെ ഘടനാപരമായ മാറ്റവും വലിയൊരളവു വരെ സഹായിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭകരമായ നടത്തിപ്പും നിർമാണങ്ങളിലെ നിയന്ത്രണവും സൗജന്യ സേവനങ്ങളുടെ നിയന്ത്രണവും സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയെ സ്വന്തം കാലിൽ നിൽക്കാൻ വളരെയേറെ സഹായിക്കും. ഇതൊക്കെ നടത്തിയെടുക്കണമെങ്കിൽ പാർട്ടിയും മുന്നണിയും ബാലഗോപാലിനൊപ്പം നിന്നാലേ സാധ്യമാകൂ.
English Summary: Kerala Finance Minister KN Balagopal's First Budget On June 4th; What Are The Expectations?
(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)