പുനർജനിക്കുമോ 20,000 കോടി രൂപയുടെ പാക്കേജിൽ കേരളത്തിന്റെ സമ്പദ്ഘടന?
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും സമ്പദ്ഘടന വളരെ മോശം അവസ്ഥയിലേക്കു നീങ്ങിയെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് 20,000 കോടി രൂപയുടെ പാക്കേജ് കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ ഈ തുക കൊണ്ട് സമ്പദ്ഘടന പുനർ ജനിക്കുമോ എന്ന സംശയമുണ്ട്. വരുമാന സമാഹരണത്തിലുള്ള...Kerala Budget 2021 . Dr Mary George
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും സമ്പദ്ഘടന വളരെ മോശം അവസ്ഥയിലേക്കു നീങ്ങിയെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് 20,000 കോടി രൂപയുടെ പാക്കേജ് കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ ഈ തുക കൊണ്ട് സമ്പദ്ഘടന പുനർ ജനിക്കുമോ എന്ന സംശയമുണ്ട്. വരുമാന സമാഹരണത്തിലുള്ള...Kerala Budget 2021 . Dr Mary George
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും സമ്പദ്ഘടന വളരെ മോശം അവസ്ഥയിലേക്കു നീങ്ങിയെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് 20,000 കോടി രൂപയുടെ പാക്കേജ് കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ ഈ തുക കൊണ്ട് സമ്പദ്ഘടന പുനർ ജനിക്കുമോ എന്ന സംശയമുണ്ട്. വരുമാന സമാഹരണത്തിലുള്ള...Kerala Budget 2021 . Dr Mary George
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും സമ്പദ്ഘടന കൂടുതൽ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ 2021–22 വർഷത്തിലേക്കുള്ള പുതുക്കിയ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റിന്റെ വിവിധ വശങ്ങളെക്കുറിച്ച് ധനകാര്യ വിദഗ്ധ ഡോ. മേരി ജോർജ് ‘മനോരമ ഓൺലൈനി’നോടു സംവദിക്കുന്നു.
കോവിഡ് അടിയന്തരാവസ്ഥ!
ആരോഗ്യപരിരക്ഷയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്നത്. സമ്പദ്ഘടന കഴിഞ്ഞ വർഷത്തെപ്പോലെ ഏകദേശം മാന്ദ്യത്തിലാണ്. ഡോ. തോമസ് ഐസക് ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ കോവിഡിന്റെ രണ്ടാം വ്യാപനം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആ സാഹചര്യം മാറി. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും സമ്പദ്ഘടന വളരെ മോശം അവസ്ഥയിലേക്കു നീങ്ങിയെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് 20,000 കോടി രൂപയുടെ പാക്കേജ് കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ ഈ തുക കൊണ്ട് സമ്പദ്ഘടന പുനർജനിക്കുമോ എന്ന സംശയമുണ്ട്.
വരുമാന സമാഹരണത്തിലുള്ള ബുദ്ധിമുട്ടുകൾ നാം മനസ്സിലാക്കണം. ജിഎസ്ടി വരുമാനം, കേരളത്തിൽനിന്നു പിരിച്ചടുക്കാവുന്ന നികുതി– നികുതി ഇതര വരുമാനങ്ങൾ, എന്നിവ വലിയ പരിധിവരെ ദുർബലമായിരിക്കുന്ന സാഹചര്യമാണ്. ഈ ഘട്ടത്തിൽ ഈ തുക അത്ര മോശമെന്നു പറയാനാവില്ല. 2800 കോടി രൂപയാണ് ‘കോവിഡ് അടിയന്തരാവസ്ഥ’യെ മറികടക്കാൻ നീക്കിവച്ചിരിക്കുന്നത്. മെഡിക്കൽ കോളജുകളിൽ ഓക്സിജൻ ഉൽപാദനം വർധിപ്പിക്കുക, കൂടുതൽ വെന്റിലേറ്ററുകൾ അനുവദിക്കുക, കൂടുതൽ ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കുക തുടങ്ങിയവയ്ക്ക് ഈ തുക വിനിയോഗിക്കുമെന്നാണു പ്രതീക്ഷ.
അപ്പോഴും ഒരു സംശയം ബാക്കിനിൽക്കുന്നു. 2017ലെ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ നയത്തിൽ പറയുന്നത് സംസ്ഥാന വരുമാനത്തിന്റെ 8 ശതമാനം ആരോഗ്യ മേഖലയിലേക്കു നീക്കിവയ്ക്കണമെന്നാണ് . ഇപ്പോൾ ജിഎസ്ടിയിലും മറ്റും വലിയ ഇടിവുണ്ടെന്നതു ശരിയാണെങ്കിലും ഈ തുക ഒരു വർഷവും നീക്കിവച്ചിരുന്നില്ല. ഈ വർഷവും അതു നീക്കിവച്ചിട്ടില്ല. ഈ വർഷം കോവിഡ് വർഷമാണെന്ന ആനുകൂല്യമുണ്ട്. എന്നാൽ വരും വർഷങ്ങളിൽ ഇതു സർക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിൽ കോവിഡ് വന്നപ്പോൾ ഓക്സിജൻ കിട്ടാതെയും ചികിത്സ കിട്ടാതെയും രോഗികൾ മരിക്കുന്ന അവസ്ഥ നാം കണ്ടതാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം തീർത്തും അപര്യാപ്തമാണെന്നു ചൂണ്ടിക്കാണിക്കുന്നതാണ് ഈ സത്യം. അതുകൊണ്ടുതന്നെ 2.800 കോടി രൂപ മാറ്റിവച്ചിരിക്കുന്നുവെന്നത് ആശ്വാസകരമാണ്.
18 മുതൽ 45 വരെ പ്രായമുള്ളവർക്ക് സൗജന്യ വാക്സിനേഷന് 1000 കോടി നീക്കിവച്ചതും സ്വാഗതാർഹമാണ്. ഒരുപക്ഷേ കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിനേഷനുള്ള ഫണ്ടോ വാക്സിനേഷനോ നൽകുമായിരിക്കാം. എങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ ഇങ്ങനെ ഒരു തീരുമാനമെടുത്തത് നന്നായി. നമ്മുടെ ഉൽപാദന മേഖലകൾ പുനരുദ്ധരിക്കപ്പെടണമെങ്കിൽ ഈ പ്രായത്തിലുള്ളവർ തൊഴിൽ സന്നദ്ധരായി രംഗത്തുണ്ടാകണം.
കാർഷിക രംഗം ഉണരുമോ?
കോവിഡ് പ്രതിസന്ധിയിലും കൃഷിമേഖലയിൽ നേട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ കുട്ടനാട്ടിലും പാലക്കാട്ടും കൊയ്ത നെല്ല് കൃത്യസമയത്തു സംഭരിക്കാതെ റോഡിൽ കിടക്കുന്നതു നാം കണ്ടതാണ്. കുടുംബശ്രീ വഴി പച്ചക്കറി കൃഷി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അവ സംസ്കരിക്കാനും ശീതികരിക്കാനുമുള്ള ഗോഡൗണുകളില്ല. അതിനുള്ള ഫണ്ടാണു നീക്കിവച്ചിരിക്കുന്നത്. നബാർഡ് വഴി നാലുശതമാനം പലിശ കുറച്ചു വായ്പ നൽകുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്.
കുടുംബശ്രീയെ കൃഷിമേഖലയിലേക്ക് ആകർഷിച്ച് കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധനവിനും ശ്രമം നടത്തിയിട്ടുണ്ട്. തോട്ട വ്യവസായത്തെ പരിരക്ഷിക്കാൻ തോട്ടങ്ങളെ മറ്റു വ്യവസായങ്ങൾക്ക് ഉപയോഗിക്കാൻ അവസരം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നതാണ്. ആ മേഖലയിൽ മത്സ്യ ഉൽപാദനം, പോൾട്രി, ഡയറി, സങ്കരക്കൃഷി തുടങ്ങിയ ആദായകരമായ മാർഗങ്ങളെപ്പറ്റിയും വിള വൈവിധ്യത്തെപ്പറ്റിയും ആലോചിക്കുന്നുണ്ട്.
താളം തെറ്റിയ ടൂറിസം
ടൂറിസം മേഖലയിൽ 80 ശതമാനവും സ്തംഭിച്ചിരിക്കുകയാണ്. ഈ മേഖലയിൽ തൊഴിലെടുത്തിരുന്ന എല്ലാവരും ജീവിക്കാൻ വേണ്ടി മറ്റു മാർഗങ്ങൾ തേടിപ്പോയിരിക്കുകയാണ്. നമ്മുടെ അഭ്യന്തര വരുമാനത്തിന്റെ 15 ശതമാനത്തിനടുത്തു സംഭാവന ചെയ്യുന്ന മേഖലയാണിത്. അതിന്റെ സംരക്ഷണത്തിനായി ഇപ്പോഴത്തെ ധനസ്ഥിതിക്കനുസരിച്ച് 20,000 കോടിയിൽനിന്നു മാറ്റിവയ്ക്കാവുന്നത്ര തുക നീക്കിവച്ചിരിക്കുകയാണ്.
വ്യവസായ മേഖലയിൽ പുതിയ നിർദേശങ്ങളില്ല
വ്യവസായ സംരംഭങ്ങൾ, നോളജ് ഇക്കോണമി എന്നിവയ്ക്ക് ഒരുപാട് ഊന്നൽ ബജറ്റിലില്ല. പക്ഷേ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് കേരളത്തെ ഒരു നോളജ് ഹബ് ആക്കിമാറ്റാനുള്ള ദീർഘകാലനിക്ഷേപം ഉന്നത വിദ്യാഭ്യാസ രംഗത്തു വരുമെന്നു പ്രഖ്യാപിച്ചിരുന്നു. അതിന് അനുപേക്ഷണീയമായ പല വകയിരുത്തലുകളും ബജറ്റിൽ കാണാം. എല്ലാമേഖലകളെയും സ്പർശിച്ചു പോയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട കാര്യമാണ് വിഭവ സമാഹരണം. തോമസ് ഐസക് പറഞ്ഞതിൽ കൂടുതലായി ഒന്നും ധനമന്ത്രി ബജറ്റിൽ കൊണ്ടുവന്നിട്ടില്ല. നികുതി വർധനവോ ആനുകൂല്യമോ ഒന്നും നിർദേശിച്ചിട്ടില്ല.
ചില മേഖലകളിൽ ഒറ്റത്തവണ തീർപ്പാക്കലിന് ആംനെസ്റ്റി പോലെയുള്ള ചില നിർദേശങ്ങൾ മാത്രമാണുള്ളത്. കെ.എൻ.ബാലഗോപാൽ മന്ത്രിയായിട്ട് ചുരുക്കം ദിവസങ്ങളേ ആയിട്ടുള്ളൂ. അദ്ദേഹത്തിന് ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഒരു പക്ഷേ കഴിഞ്ഞിട്ടുണ്ടാവില്ല, വിഭവ സമാഹരണത്തിനു പരിമിതികൾ ഏറെയാണ്. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ വളരെ ആലോചിച്ച് വിഭവ സമാഹരണം എങ്ങനെ നടത്താം, ഏതൊക്കെ മേഖലകളിലേക്കു കടക്കാം, എങ്ങനെ കൃത്യമായി എല്ലാ മേഖലകളിലും വീതംവച്ചു നൽകാം തുടങ്ങിയ വിലയിരുത്തലും പ്രവർത്തനവും നടത്തുമെന്നാണു പ്രതീക്ഷ.
ഡോ. ഐസക് അവതരിപ്പിച്ച ബജറ്റിനെ അപേക്ഷിച്ച് നമ്മുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. അന്ന് ആഭ്യന്തര വരുമാനം സാധാരണ നിലയിലെത്തിയിരുന്നു. ഇപ്പോൾ കോവിഡ് വ്യാപനത്തോടെ അതു മാറി. 36,800 കോടിയോളം ഈ വർഷം നമുക്കു നിയമപരമായി വായ്പ എടുക്കാം. ഘട്ടംഘട്ടമായി കേന്ദ്രത്തിൽനിന്ന് കേന്ദ്ര വിഹിതം ലഭിക്കും. കോവിഡിൽനിന്നു മുക്തി നേടുന്നതിനുസരിച്ച് സമ്പദ്ഘടന മെച്ചപ്പെടും. വരുമാനത്തിലെ പിഴവുകൾ അടച്ചുകൊണ്ട് നികുതി– നികുതി ഇതര വരുമാനം വർധിപ്പിച്ച് ധനസമാഹരണം നടത്തി പദ്ധതികളിലേക്കു വിനിയോഗിക്കുന്ന സമീപനമാണു വേണ്ടത്.
English Summary: Economic Expert Dr. Mary George on Kerala Budget 2.O