യോഗിയും മോദിയും തമ്മിൽ ഭിന്നതയില്ല; യുപിയിൽ നേതൃമാറ്റം ഉണ്ടാകില്ല: ബിജെപി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ ഭിന്നത രൂക്ഷമാകുന്നെന്ന അഭ്യൂഹങ്ങളെ തള്ളി ബിജെപി ദേശീയ ഉപാധ്യക്ഷൻ രാധാ മോഹൻ സിങ്. അഭ്യൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ള മാധ്യമ റിപ്പോർട്ടുകളിൽ കഴമ്പില്ലെന്നും പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ നടപ്പാക്കാൻ ഏറ്റവും അധികം കഴിവുള്ള ആളാണു യോഗി ആദിത്യനാഥെന്നും രാധാ മോഹൻ സിങ് പറഞ്ഞു.
പാർട്ടി തലത്തിലോ സർക്കാർ തലത്തിലോ നേതൃമാറ്റം ഉണ്ടാകേണ്ട ഒരു സാഹചര്യവും ഉത്തർപ്രദേശിൽ ഇല്ലെന്നും സംസ്ഥാന ഘടകത്തിന്റെ ചുമതല വഹിക്കുന്ന നേതാവു കൂടിയായ സിങ് പറഞ്ഞു. ‘മന്ത്രിസഭാ വിപുലീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തൽക്കാലം ആലോചനയിൽ ഇല്ല. സംസ്ഥാന സർക്കാരും ബിജെപിയും മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നു. അതിലാണു തൽക്കാലം ശ്രദ്ധിക്കുന്നത്’– സിങ് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ പാർട്ടി നേതൃത്വത്തിൽനിന്നു യോഗിയെ ഒഴിവാക്കണമെന്നു സംസ്ഥാന ഘടകത്തിൽ ആവശ്യം ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് അഭ്യൂഹങ്ങളുടെ തുടക്കം. ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ബിജെപി എംഎൽഎമാർവരെ യോഗിയുടെ നയങ്ങളോടു വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കും എന്നായിരുന്നു സീതാപ്പുർ എംഎൽഎ രാകേഷ് റാത്തോഡിന്റെ പ്രതികരണം.
പിന്നാലെ യോഗിയുടെ പിറന്നാൾ ദിനത്തിൽ മോദിയും കേന്ദ്രമന്ത്രി അമിത് ഷായും സമൂഹ മാധ്യമങ്ങളിൽ ആശംസകൾ അറിയിക്കാതിരിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്കു ചൂടുപിടിച്ചു. എന്നാൽ യോഗിയെ പ്രധാനമന്ത്രി നേരിട്ടു വിളിച്ചിരുന്നെന്നും കോവിഡ് കാലമായതിനാൽ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആര്‍ക്കും ജന്മദിനാശംസകൾ നേരാറില്ലെന്നുമാണു പ്രധാനമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ സൂചിപ്പിച്ചത്.
English Summary: BJP Vice President Radha Mohan Singh Dismisses Claims Over Modi Yogi Rift