ബ്ലോഗും പൊളിഞ്ഞു, ചാനലുകാർക്കും വേണ്ട; ഡോണൾഡ് ട്രംപിനെ കണ്ടവരുണ്ടോ...?
തിരശീലയ്ക്കു പിന്നിൽ അദ്ദേഹം കൃത്യമായ ആസൂത്രണങ്ങളിൽ തന്നെയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇപ്പോഴും അദ്ദേഹത്തിന്റെ സ്വാധീനം ശക്തമായിത്തന്നെ തുടരുന്നു. അതുകൊണ്ടാണ്, ജനുവരി 6ന് പാർലമെന്റ് മന്ദിരത്തിലുണ്ടായ കലാപത്തിന്റെ പേരിൽ ട്രംപ് രണ്ടാമതും ഇംപീച് ചെയ്യപ്പെട്ടെങ്കിലും സെനറ്റിൽ കുറ്റവിമുക്തനായത്. മാത്രമല്ല.. Donald Trump, US, Manorama News
തിരശീലയ്ക്കു പിന്നിൽ അദ്ദേഹം കൃത്യമായ ആസൂത്രണങ്ങളിൽ തന്നെയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇപ്പോഴും അദ്ദേഹത്തിന്റെ സ്വാധീനം ശക്തമായിത്തന്നെ തുടരുന്നു. അതുകൊണ്ടാണ്, ജനുവരി 6ന് പാർലമെന്റ് മന്ദിരത്തിലുണ്ടായ കലാപത്തിന്റെ പേരിൽ ട്രംപ് രണ്ടാമതും ഇംപീച് ചെയ്യപ്പെട്ടെങ്കിലും സെനറ്റിൽ കുറ്റവിമുക്തനായത്. മാത്രമല്ല.. Donald Trump, US, Manorama News
തിരശീലയ്ക്കു പിന്നിൽ അദ്ദേഹം കൃത്യമായ ആസൂത്രണങ്ങളിൽ തന്നെയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇപ്പോഴും അദ്ദേഹത്തിന്റെ സ്വാധീനം ശക്തമായിത്തന്നെ തുടരുന്നു. അതുകൊണ്ടാണ്, ജനുവരി 6ന് പാർലമെന്റ് മന്ദിരത്തിലുണ്ടായ കലാപത്തിന്റെ പേരിൽ ട്രംപ് രണ്ടാമതും ഇംപീച് ചെയ്യപ്പെട്ടെങ്കിലും സെനറ്റിൽ കുറ്റവിമുക്തനായത്. മാത്രമല്ല.. Donald Trump, US, Manorama News
നാലഞ്ചു മാസം മുൻപു വരെ ലോകം എല്ലാ ദിവസവുമെന്നോണം ഉണർന്നത് ഡോണൾഡ് ട്രംപിന്റെ കിടിലൻ ഡയലോഗുകൾ കേട്ടായിരുന്നു. പ്രതിപക്ഷ ബഹുമാനമോ ജനാധിപത്യ മര്യാദയോ ഒട്ടുമില്ലാത്ത, ഏകാധിപത്യപരവും പലപ്പോഴും വിദ്വേഷപരവുമായ വാക്കുകളായിരുന്നു മിക്കതും. എങ്കിലും, ഉരുളയ്ക്കുപ്പേരി എന്ന പ്രയോഗത്തിന്റെ യഥാർഥ ആവിഷ്കാരമായിരുന്നു ട്രംപിന്റെ പ്രതികരണങ്ങൾ. ട്രംപ് പറയുന്നതിനോടു വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ കമന്റ് എന്താണെന്നറിയാനുള്ള കൗതുകം എല്ലാവരിലുമുണ്ടായിരുന്നു. പറയുന്ന ഓരോ ഡയലോഗിനും, അത് അവതരിപ്പിക്കുന്ന രീതിക്കും ‘ട്രംപ് ടച്ച്’ ഉണ്ടായിരുന്നു.
പറഞ്ഞിട്ടെന്തുകാര്യം, നാലഞ്ചു മാസമായി ആളെ അങ്ങനെയൊന്നും കാണാനില്ല. 2021 ജനുവരി ആറിന് യുഎസ് പാർലമെന്റ് മന്ദിരത്തിലുണ്ടായ റിപ്പബ്ലിക്കൻ കലാപത്തിനു പ്രേരണക്കാരനായി എന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ ട്രംപിനെ വിലക്കി. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ തലവനാണ് എന്നതൊന്നും അതേ രാജ്യം തന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമങ്ങൾക്കു തടസ്സമായില്ല. രാഷ്ട്രീയനേതാക്കൾ ഏറ്റവും ശക്തമായ സമൂഹമാധ്യമം ആയി ഉപയോഗിക്കുന്ന ട്വിറ്റർ, ട്രംപിന് ആജീവനാന്ത വിലക്കാണ് ഏർപ്പെടുത്തിയത്. ഭാവിയിൽ ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയാൽ പോലും വിലക്ക് നീക്കില്ലെന്നാണ് ട്വിറ്ററിന്റെ നിലപാട്.
ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ടുകളിലൊന്നായിരുന്നു ട്രംപിന്റേത്. 8.8 കോടി പേരാണ് ട്വിറ്ററിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. ട്വിറ്ററിൽ ട്രംപ് ഒരു തീപ്പൊരിയിട്ടാൽ നിമിഷങ്ങൾക്കകം അത് ലോകമെങ്ങും പടരുമായിരുന്നു എന്നു ചുരുക്കം. ട്വിറ്ററിന്റെ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോം ആയ സ്നാപ്ചാറ്റും ട്രംപിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. ഫെയ്സ്ബുക് അനിശ്ചിതകാല വിലക്കാണ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴത് 2023 ജനുവരി 6 വരെ എന്നു മാറ്റിനിശ്ചയിച്ചു. അതിനു ശേഷം കാര്യങ്ങൾ വിലയിരുത്തി ട്രംപ് ‘മര്യാദക്കാരനായി’ എന്നു ബോധ്യപ്പെട്ടാൽ ഫെയ്സ്ബുക്കിലേക്കു പുനഃപ്രവേശിപ്പിക്കും.
ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും വിലക്ക് തന്നെ. യുട്യൂബ് ഏർപ്പെടുത്തിയ വിലക്ക് എത്ര കാലത്തേക്കെന്നു വ്യക്തമാക്കിയിട്ടില്ല. സമൂഹസുരക്ഷയ്ക്കുള്ള ഭീഷണി അവസാനിച്ചാൽ വിലക്ക് നീക്കുന്നത് ആലോചിക്കുമെന്നാണ് യുട്യൂബ് വ്യക്തമാക്കിയത്. ജനുവരി ആറിനു ശേഷം രണ്ടാഴ്ച കൂടി വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നതിനാൽ ട്രംപിന്റെ വാക്കുകൾ മാധ്യമങ്ങളിൽ തുടർന്നു. പിൻഗാമി ജോ ബൈഡന് ഉചിതമായ രീതിയിൽ അധികാരം കൈമാറാൻപോലും തയാറാകാതെ വിമാനം കയറി സ്ഥലംവിട്ടതാണു ട്രംപ്. സമൂഹമാധ്യമങ്ങളിൽ ഇടമുണ്ടായിരുന്നെങ്കിൽ ബൈഡന്റെ ഒന്നാം ദിനം മുതൽ ട്രംപിന്റെ ഓരോ വെടിക്കെട്ട് വരുമായിരുന്നു. ബൈഡന്റെ ഓരോ തീരുമാനത്തിനും ഓരോ പ്രസ്താവനയ്ക്കും ട്രംപിന്റെ മറുമൊഴി പ്രതീക്ഷിക്കാമായിരുന്നു.
ട്വിറ്ററിലും ഫെയ്സ്ബുക്കിലും യുട്യൂബിലുമൊക്കെ ഇടം നഷ്ടപ്പെട്ടതോടെ ലോകത്തോട് സംവദിക്കാൻ സ്വന്തം നിലയിൽ ഒരു ബ്ലോഗ് മേയിൽ ട്രംപ് തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളൊക്കെ തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ സെൻസറിങ് ഏർപ്പെടുത്തുകയാണെന്നു പറഞ്ഞ ട്രംപ്, ‘സ്വാതന്ത്ര്യത്തിന്റെ വഴിവിളക്ക്’ എന്നൊക്കെ വിശേഷിപ്പിച്ചാണ് സ്വന്തം ബ്ലോഗ് തുടങ്ങിയത്. പക്ഷേ, 29 ദിവസംകൊണ്ട് ആ ബ്ലോഗ് പൂട്ടിക്കെട്ടി. ട്രംപ് തന്നെ നിർദേശിച്ചതനുസരിച്ചാണ് ബ്ലോഗ് നിർത്തിയത്. ബ്ലോഗിലേക്ക് കാര്യമായി ആരും തിരിഞ്ഞു നോക്കുന്നില്ല എന്നതായിരുന്നു കാരണം.
സ്വന്തം നിലയിൽ ഒരു സമൂഹമാധ്യമ പ്ലാറ്റ്ഫോം ട്രംപിന്റെ മനസ്സിലുണ്ട്. അത് യാഥാർഥ്യമാക്കാനുള്ള സജീവമായ ശ്രമങ്ങളിലാണ് ട്രംപിന്റെ വിശ്വസ്തർ. ബ്ലോഗ് നിർത്തിയതും പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം പ്രവർത്തനങ്ങൾ സജീവമാക്കാനാണെന്നു പറയപ്പെടുന്നു. ഇതേസമയം, ബ്ലോഗിന് ജനപ്രീതിയില്ലെന്നു കണ്ടാൽ ഭാവിയിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിനെയും അതു ബാധിച്ചേക്കാമെന്നു കരുതി പിന്മാറിയതാണെന്ന നിഗമനവുമുണ്ട്.
ജനുവരി 20ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി, മേരിലാൻഡിലെത്തി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ഫ്ലോറിഡ സംസ്ഥാനത്തേക്കു പോയതാണ് ട്രംപ്. അവിടെ കോടീശ്വരന്മാരുടെ ഇഷ്ടകേന്ദ്രമായ പാം ബീച്ച് തുരുത്തിൽ തന്റെ സ്വന്തം മാർഎലാഗോ എസ്‌റ്റേറ്റിൽ താമസിക്കുകയാണിപ്പോൾ. ഗോൾഫ് കളി, ജങ്ക്ഫുഡ്, ടിവി കാണൽ... ഇതൊക്കെയാണ് ഓരോ ദിവസത്തെയും പ്രധാന പരിപാടികൾ. പ്രസ്താവനകൾ ഇടയ്ക്കിടെ ഇറക്കുന്നുണ്ട്. പക്ഷേ, അതൊന്നും കാര്യമായി ഏശുന്നില്ല. അമേരിക്കൻ ടെലിവിഷൻ ചാനലുകളിലൂടെ തന്റെ അഭിപ്രായം അറിയിക്കുന്നുമുണ്ട്. എങ്കിലും ചാനലുകളും ട്രംപിന് വലിയ ഇടമൊന്നും കൊടുക്കുന്നില്ല.
റിപ്പബ്ലിക്കൻമാരുടെ സ്വന്തം ഫോക്സ് ടെലിവിഷൻ പോലും അവസാനം ട്രംപിന്റെ കണ്ണിലെ കരടായിരുന്നു. എങ്കിലും ഫോക്സിലും ന്യൂസ്മാക്സിലുമാണ് ഇപ്പോഴും ട്രംപ് ബാക്കിയുള്ളത്. അതുവഴി ബൈഡനെതിരെയുള്ള തന്റെ വിമർശനങ്ങൾ തുടരുന്നു. കോവിഡ്, വാക്സീൻ നയങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകളെ ട്രംപ് ന്യായീകരിക്കുന്നു. ബൈഡന്റെ കുടിയേറ്റ നയത്തെ അതിനിശിതമായി വിമർശിക്കുന്നു. സ്വന്തമായി ടെലിവിഷൻ ചാനൽ എന്നതും ട്രംപിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. മുൻപ് റിയാലിറ്റി ഷോ അവതാരകന്റെ വേഷവും അണിഞ്ഞിട്ടുള്ള ട്രംപിന് ചാനൽ സാന്നിധ്യമില്ലാത്ത ജീവിതം ദുസ്സഹമാകുന്നുണ്ടാകാം.
ഇതിനർഥം ട്രംപ് പൂർണമായും അപ്രസക്തനായി എന്നല്ല. മറിച്ച്, തിരശീലയ്ക്കു പിന്നിൽ അദ്ദേഹം കൃത്യമായ ആസൂത്രണങ്ങളിൽ തന്നെയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇപ്പോഴും അദ്ദേഹത്തിന്റെ സ്വാധീനം ശക്തമായി തുടരുന്നു. അതുകൊണ്ടാണ്, ജനുവരി 6ന് പാർലമെന്റ് മന്ദിരത്തിലുണ്ടായ കലാപത്തിന്റെ പേരിൽ ട്രംപ് രണ്ടാമതും ഇംപീച് ചെയ്യപ്പെട്ടെങ്കിലും സെനറ്റിൽ കുറ്റവിമുക്തനായത്. മാത്രമല്ല, പാർലമെന്റ് കലാപത്തെക്കുറിച്ച് സംയുക്ത അന്വേഷണത്തിനുള്ള നീക്കവും സെനറ്റിൽ ഇക്കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തടഞ്ഞു.
റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ആറുപേർ ട്രംപിനെതിരെ നിലയുറപ്പിച്ചെങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ അതു മതിയായില്ല. മൂന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ കൂടി ട്രംപിനെതിരെ നിലയുറപ്പിച്ചിട്ടുണ്ട്. ഇനി മൂന്നുപേരെക്കൂടി കിട്ടിയാൽ ട്രംപിനെതിരെ സംയുക്ത അന്വേഷണം യാഥാർഥ്യമാക്കാമെന്നാണ് ഡമോക്രാറ്റുകളുടെ പ്രതീക്ഷ. മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ പിടി അയഞ്ഞിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം നോർത്ത് കാരലൈനയിൽ റിപ്പബ്ലിക്കൻ കൺവൻഷനെത്തിയ ട്രംപിനെ ‘നമ്മുടെ പ്രസിഡന്റ്’ എന്നു വിളിച്ചാണ് അവിടത്തെ റിപ്പബ്ലിക്കൻ പാർട്ടി അധ്യക്ഷൻ മൈക്കൽ വാറ്റ്ലി സ്വാഗതം ചെയ്തത്.
മറുവശത്ത് ഡസൻ കണക്കിന് കേസ് ട്രംപിനെതിരെയുണ്ട്. ഇതൊക്കെ പക്ഷേ, അദ്ദേഹത്തിന് ‘ടൈംപാസ്’ മാത്രമായിരിക്കും. നെഗറ്റീവ് പബ്ലിസിറ്റിയെ ഇത്രയധികം പ്രയോജനപ്പെടുത്തിയ മറ്റൊരു നേതാവില്ല. അതുകൊണ്ട് കേസുകൾ അദ്ദേഹത്തിനു പൂച്ചെണ്ടുകളാകാം. റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്റെ വിശ്വസ്തരായ നേതാക്കളുമായി ട്രംപ് നിരന്തരം ആശയവിനിമയത്തിലാണ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർഥിയാകുമെന്നു മാത്രമല്ല, പതിവുശൈലിയിൽ ബാക്കി കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ജയിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ലല്ലോ!
വീണ്ടും വൈറ്റ്‌ഹൗസിലെത്തുമ്പോൾ ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ ആ ഭാഗത്തേക്ക് അടുപ്പിക്കില്ലെന്നും അത്താഴവിരുന്ന് നൽകില്ലെന്നും പ്രഖ്യാപിച്ചു. അടുത്ത വർഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ സ്വാധീനശേഷിയുടെ വിലയിരുത്തൽ കൂടിയാകും. പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധി സഭയുടെ മുഴുവൻ സീറ്റിലേക്കും (435) ഉപരിസഭയായ നൂറംഗ സെനറ്റിലെ 34 സീറ്റിലേക്കും 50 സംസ്ഥാനങ്ങളിൽ 36 എണ്ണത്തിന്റെ ഗവർണർ സ്ഥാനത്തേക്കും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പാണ് 2022 നവംബർ എട്ടിന് നടക്കുന്നത്. തെക്കൻ ഫ്ലോറിഡയിലെ പാംബീച്ച് തുരുത്തിൽനിന്ന് യുഎസ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു സ്ഥാനത്തേക്ക് ട്രംപ് വീണ്ടും തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായിരിക്കും 2022ലെ തിരഞ്ഞെടുപ്പ്.
English Summary: Blog Page Shuts Down, Social Media Banned; Where is Donald Trump Now?