ഒരു രാജ്യം, രണ്ടു നിയമം; ജൂലൈ ഒന്നുമുതൽ ഇനി കിട്ടില്ല: എന്താണ് സോസേജ് യുദ്ധം?
യൂറോപ്യൻ യൂണിയനുമായുള്ള വിവാഹമോചനത്തിലെ (ബ്രെക്സിറ്റ്) ‘പ്രശ്നക്കാരന്‍ കുട്ടി’യെന്നാണ് വടക്കൻ അയർലൻഡ് വിശേഷിപ്പിക്കപ്പെടുന്നത്. Sausage War, Brexit, UK, European Union, Boris Johnson, Northern Ireland, EU, Ireland, Great Britain, Malayala Manorama, Manorama Online, Manorama News
യൂറോപ്യൻ യൂണിയനുമായുള്ള വിവാഹമോചനത്തിലെ (ബ്രെക്സിറ്റ്) ‘പ്രശ്നക്കാരന്‍ കുട്ടി’യെന്നാണ് വടക്കൻ അയർലൻഡ് വിശേഷിപ്പിക്കപ്പെടുന്നത്. Sausage War, Brexit, UK, European Union, Boris Johnson, Northern Ireland, EU, Ireland, Great Britain, Malayala Manorama, Manorama Online, Manorama News
യൂറോപ്യൻ യൂണിയനുമായുള്ള വിവാഹമോചനത്തിലെ (ബ്രെക്സിറ്റ്) ‘പ്രശ്നക്കാരന്‍ കുട്ടി’യെന്നാണ് വടക്കൻ അയർലൻഡ് വിശേഷിപ്പിക്കപ്പെടുന്നത്. Sausage War, Brexit, UK, European Union, Boris Johnson, Northern Ireland, EU, Ireland, Great Britain, Malayala Manorama, Manorama Online, Manorama News
ബ്രെക്സിറ്റിനു പിന്നാലെ വടക്കൻ അയർലൻഡുമായുള്ള വ്യാപാരക്കരാറിൽ ധാരണയിലെത്താനാകാതെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും. വിഷയത്തിൽ യൂറോപ്യൻ യൂണിയൻ ‘പ്രായോഗികതയും സാമാന്യ ബുദ്ധിയും’ കാണിക്കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. പുതിയ നിയമങ്ങൾ ഒറ്റവിപണിയെ (സിംഗിൾ മാർക്കറ്റ്) സംരക്ഷിക്കേണ്ടതുണ്ടെന്ന മറുപടിയാണ് വിട്ടുവീഴ്ച ചെയ്യണമെന്ന ബ്രിട്ടന്റെ ആവശ്യത്തിന് മേൽ യൂറോപ്യൻ യൂണിയൻ (ഇയു) നൽകുന്നത്. ഈ തർക്കം ഇരുഭാഗത്തുമുള്ള പരസ്പര വിശ്വാസത്തിലാണ് കരിനിഴൽ വീഴ്ത്തുന്നതും.
ഇയുവുമായി അതിർത്തി പങ്കിടുന്ന ബ്രിട്ടന്റെ ഏക മേഖലയാണ് വടക്കൻ അയർലൻഡ്. ഗ്രേറ്റ് ബ്രിട്ടന്‍ എന്നാൽ ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയിൽസ് എന്നിവയും അനുബന്ധ ദ്വീപുകളുമാണ്. ബ്രെക്സിറ്റ് യാഥാർഥ്യമായതോടെ ഈ മേഖലകൾക്ക് യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ബാധകമല്ല. എന്നാൽ വടക്കൻ അയർലൻഡിന് പ്രത്യേക പരിഗണനയുണ്ട്. വടക്കൻ അയർലൻഡ് കൂടി ചേരുമ്പോഴാണ് ബ്രിട്ടൻ എന്ന രാജ്യം യുണൈറ്റഡ് കിങ്ഡം (യുകെ) അഥവാ യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ് ആകുന്നത്. ഇയു അംഗരാജ്യമായ അയർലൻഡുമായി അതിർത്തി പങ്കിടുന്ന വടക്കൻ അയർലൻഡ് ഇയുവിന്റെ നിയമങ്ങൾ പാലിക്കണം. നേരത്തേയുണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായാണ് ഈ പരിഗണന. ഇവിടെയാണ് ഇയുവും യുകെയും തമ്മിൽ വടക്കൻ അയർലൻഡിന്റെ മേലുള്ള ‘സോസേജ് യുദ്ധ’മെന്നു വിശേഷിപ്പിക്കുന്ന പ്രശ്നങ്ങൾക്കു തുടക്കം.
എന്തുകൊണ്ട് ‘സോസേജ് യുദ്ധം’?
ഇയുവിന്റെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് അംഗങ്ങളല്ലാത്ത രാജ്യങ്ങളിൽനിന്ന് ഫ്രോസൺ ഫുഡ് (സോസേജ് പോലുള്ള ചിൽഡ് മീറ്റ്, ശീതീകരിച്ച മറ്റു ഭക്ഷണങ്ങൾ തുടങ്ങിയവ) ഒറ്റവിപണിയിൽ വിൽക്കാനാകില്ല. ബ്രിട്ടൻ ഇപ്പോൾ ഇയു അംഗരാജ്യമല്ല. അതിനാൽ തത്വത്തിൽ ഭാഗമാണെങ്കിൽക്കൂടി വടക്കൻ അയർലൻഡിലേക്ക് സോസേജ് പോലുള്ള ഫ്രോസൺ ഭക്ഷണം എത്തിക്കാൻ ബ്രിട്ടന് വിലക്കുണ്ട്. ജനുവരിയിൽ ബ്രെക്സിറ്റ് നിയമം പ്രാബല്യത്തിൽ വന്നപ്പോൾ വടക്കൻ അയർലന്‍ഡിന്റെ വിഷയത്തിൽ ആറു മാസം സാവകാശം നൽകിയിരുന്നു. ഈ ആറുമാസമെന്നത് ജൂണിൽ കഴിയും. ജൂലൈ 1 മുതൽ വടക്കൻ അയർലൻഡിൽ സോസേജ് കിട്ടില്ലേ?
വടക്കൻ അയർലൻഡും അയർലന്‍ഡും
ഭൂമിശാസ്ത്രപരമായി നോക്കിയാൽ വടക്കൻ അയർലൻഡ്, യൂറോപ്യൻ യൂണിയന്റെ അംഗരാജ്യമായ അയർലൻഡിന്റെ ഭാഗമാണ്. എന്നാൽ രാഷ്ട്രീയമായി നോക്കുമ്പോൾ യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗവും. നൂറു വർഷങ്ങൾക്കുമുൻപേ വടക്കൻ അയർലൻഡും അയർലൻഡും വേർപിരിഞ്ഞു. 32 കൗണ്ടികളിൽ റോമൻ കത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള 26 എണ്ണം വേർപിരിഞ്ഞ് അയർലൻഡ് എന്ന സ്വതന്ത്ര രാജ്യമായി. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് മേൽക്കോയ്മയുള്ള വടക്കൻ മേഖലയിലെ ആറു കൗണ്ടികൾ ബ്രിട്ടനോടു ചേർന്ന് വടക്കൻ അയർലൻഡ് ആയി തുടരുകയും ചെയ്തു.
എന്നാൽ വടക്കൻ അയർലൻഡിലെ ന്യൂനപക്ഷമായ കത്തോലിക്ക വിശ്വാസികൾ തൊഴിലുൾപ്പെടെ വിവിധ മേഖലകളിലെ വേർതിരിവിനെതിരെ പലകാലങ്ങളായി പ്രതിഷേധിച്ചു പോന്നു. മാറ്റങ്ങൾക്കായി ശബ്ദമുയർത്തിയ വിഭാഗവും എതിർ വിഭാഗവും സായുധ സേനയെ രൂപീകരിച്ച് അക്രമങ്ങൾക്കും സംഘർഷത്തിനും വഴിയിട്ടു. 1960കളിലായിരുന്നു ഇത്. 1969ൽ ബ്രിട്ടിഷ് സൈന്യമിറങ്ങി, ആദ്യഘട്ടത്തിൽ സമാധാനം പുനഃസ്ഥാപിച്ചു. എന്നാൽ അയർലൻഡുമായി ചേരണമെന്ന് ആവശ്യപ്പെടുന്ന സായുധ വിഭാഗം സംഘർഷം തുടർന്നുപോന്നു. 30 വർഷത്തോളം നീണ്ട സംഘർഷങ്ങളിൽ 3600ൽ ഏറെപ്പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇതു കൂടുതലും വടക്കൻ അയർലൻഡിൽ ജീവിച്ച സാധാരണക്കാരുടേതായിരുന്നു.
തുടർന്ന് അയർലൻഡിന്റേത് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി 1990കളിൽ വടക്കൻ അയർലൻഡിലെ സായുധ സംഘവുമായി സമാധാന കരാറിലെത്തി. 1998ലെ ഗുഡ് ഫ്രൈഡെ ഒത്തുതീർപ്പിന്റെ ഭാഗമായി സായുധവിഭാഗം ആയുധങ്ങൾ ഉപേക്ഷിച്ച് വടക്കൻ അയർലൻഡിന്റെ മുഖ്യധാര രാഷ്ട്രീയത്തിലേക്കിറങ്ങി. കത്തോലിക്ക – പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ അധികാര കൈമാറ്റങ്ങളും മറ്റുമായി വടക്കൻ അയർലൻഡ് ഭരിക്കാനിറങ്ങി. ഭൂരിപക്ഷാഭിപ്രായം എതിരാകുന്നതുവരെ വടക്കൻ അയർലൻഡ് എന്നത് എന്നും ബ്രിട്ടന്റെ ഭാഗമായി നിൽക്കുമെന്നതായിരുന്നു ഗുഡ് ഫ്രൈഡേ കരാറിലെ പ്രധാന തത്വം. എന്നാൽ ഭാവിയിലെ ഹിതപരിശോധനയോ അയർലൻഡുമായുള്ള കൂടിച്ചേരലോ ഇതിൽ തള്ളിക്കളഞ്ഞുമില്ല.
സമാധാനം പൂർണമായി കൊണ്ടുവന്നുവെന്നു പറയാനാകില്ല. ഐറിഷ് റിപ്പബ്ലിക്കൻ സൈന്യമെന്ന ചെറു സായുധ സംഘം അങ്ങിങ്ങായി ചെറിയതോതിൽ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഐറിഷ് ഭാഷയുടെ സ്ഥാനം, ബ്രിട്ടന്റെ ഭരണനേതൃത്വവുമായുള്ള ഭിന്നത, ബ്രെക്സിറ്റ് തുടങ്ങി വിവിധ കാര്യങ്ങളിൽ വടക്കൻ അയർലൻഡും ബ്രിട്ടിഷ് നേതൃത്വവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.
കാര്യങ്ങൾ സങ്കീർണമാക്കിയ ബ്രെക്സിറ്റ്
യൂറോപ്യൻ യൂണിയനുമായുള്ള വിവാഹമോചനത്തിലെ (ബ്രെക്സിറ്റ്) ‘പ്രശ്നക്കാരന്‍ കുട്ടി’യെന്നാണ് വടക്കൻ അയർലൻഡ് വിശേഷിപ്പിക്കപ്പെടുന്നത്. 2016ൽ വെറും 52 ശതമാനത്തിന്റെ മാത്രം പിന്തുണയോടെ ഇയു എന്ന 27 അംഗ സംഘത്തിൽനിന്ന് വിട്ടുപോരാൻ ബ്രിട്ടൻ തീരുമാനമെടുത്തപ്പോൾത്തന്നെ അതിന്റെ അലയൊലികൾ വടക്കൻ അയർലൻഡിലും ഉയർന്നു.
സാങ്കേതികമായി രണ്ടു രാജ്യങ്ങളായി മാറിയെങ്കിലും ഇരു അയർലൻഡുകളും ഒറ്റ രാജ്യം പോലെയാണ് മുന്നോട്ടുപോകുന്നത്. ജനത്തിനു പരസ്പരം സ്വാതന്ത്ര്യത്തോടെ അതിർത്തി കടക്കാം, ചരക്കുകളുടെ സുഗമമായ കൈമാറ്റവും ഇവിടെ മികച്ചരീതിയിൽ നടന്നുപോന്നു. ബ്രിട്ടനിലും അയർലൻഡിലും ഒരുപോലെ വടക്കൻ അയർലൻഡുകാർക്ക് പ്രവേശിക്കാം, കറങ്ങാം, ജീവിക്കാം.
ബ്രെക്സിറ്റിനു പിന്നാലെ അതിർത്തിയിൽ കർശന പരിശോധന ഏർപ്പെടുത്തിയെങ്കിലും വടക്കൻ അയർലൻഡിന്റെ സമാധാനക്കരാർ മുൻനിർത്തി അവിടുത്തെ അതിർത്തിയിൽ എല്ലാം പഴയപടിയെന്ന് ഇയുവും യുകെയും അംഗീകരിച്ചു. എന്നാൽ വടക്കൻ അറ്റ്‌ലാന്റിക്കിലെ ദ്വീപുരാജ്യമായ ബ്രിട്ടനിലേക്കുള്ള ചരക്കുകൾ എവിടെ പരിശോധിക്കപ്പെടുമെന്ന ചോദ്യമുയർന്നു. അതിർത്തിയെന്നാൽ ബ്രിട്ടന് അത് ഐറിഷ് കടലാണ്. ഇതിനുള്ള നീക്കം തുടങ്ങിയപ്പോഴേ അതു മരണമണിയാണെന്ന് രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞു. ഒറ്റ ദ്വീപിൽ രണ്ടു രാജ്യങ്ങളായി കിടക്കുന്ന അയർലൻഡും വടക്കൻ അയർലന്‍ഡും തമ്മിൽ കൂടുതൽ അടുക്കാനും വടക്കൻ അയർലൻഡ് വൻകരയിൽനിന്നു വിട്ട് ഐക്യ അയർലൻഡ് രൂപീകരിക്കണമെന്ന ആവശ്യത്തിന് ശക്തികൂടുമെന്നും അവർ ഭയന്നു.
ബ്രെക്സിറ്റിൽ വടക്കൻ അയർലൻഡ്
ബ്രെക്സിറ്റിന്റെ തുടക്കം മുതൽ വടക്കൻ അയർലൻഡിന്റെ സമാധാന കരാർ (ഗുഡ് ഫ്രൈഡേ ധാരണ) സംരക്ഷിക്കുന്നതിന് പരമപരിഗണന വേണമെന്ന് ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. അതായത്, യൂറോപ്യൻ യൂണിയന്റെ ഭാഗമായ റിപ്പബ്ലിക് ഓഫ് അയർലൻഡും യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡും തമ്മിലുള്ള അതിർത്തികൾ തുറന്നുതന്നെ കിടക്കുമെന്നും ക്യാമറകൾ സ്ഥാപിക്കലും, അതിർത്തി ചെക്പോസ്റ്റുകളും ഒഴിവാക്കണമെന്നും ഇരുകൂട്ടരും തീരുമാനിച്ചു. രണ്ട് അയർലൻഡും ഇയുവിന്റെ ഭാഗമായിരുന്നപ്പോൾ ഈ ധാരണയ്ക്ക് യാതൊരു പിഴവും പറ്റിയിരുന്നില്ല.
എന്നാൽ ബ്രെക്സിറ്റിനു പിന്നാലെ പുതിയ ധാരണ കൊണ്ടുവരേണ്ട സാഹചര്യം ഉടലെടുത്തു. ഇയുവിന്റെ ഭാഗമല്ലാത്ത രാജ്യങ്ങളിൽനിന്ന് ഇയു രാജ്യങ്ങളിലേക്ക് എത്തുന്ന ചില ചരക്കുകളുടെ പരിശോധനയിലും മറ്റും സ്വീകരിച്ചിരുന്ന പൊതു നിയമങ്ങൾ വടക്കൻ അയർലൻഡിനെയും ബ്രിട്ടനെയും ബാധിച്ചു. ചില ഉൽപ്പന്നങ്ങൾ അപ്പാടെ വടക്കൻ അയർലൻഡിൽ വിൽക്കാൻ പറ്റാതായി. ഇതിനെ അഭിമുഖീകരിക്കാനായി ഇയുവും യുകെയും വടക്കൻ അയർലൻഡ് പ്രോട്ടോക്കോൾ എന്ന ധാരണ രൂപീകരിച്ച് 2021 ജനുവരി 1ന് നടപ്പിലാക്കി.
ഈ പ്രോട്ടോക്കോൾ പ്രകാരം വടക്കൻ അയർലന്‍ഡിന് ഇയുവിന്റെ ഇത്രയും നാള്‍ പിന്തുടർന്ന പല നയങ്ങളും പിന്തുടരാം. അതിർത്തി പരിശോധനയില്ലാതെ ലോറികൾക്ക് ചരക്കുകളുമായി അയർലൻഡിലേക്കും തിരിച്ചും പായാം. എന്നാൽ യുകെയുടെ ഭാഗമായ ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയിൽസ് എന്നീ മേഖലകളിലുള്ളവർക്കു പിന്തുടർന്നുവന്ന പലതും പൊടുന്നനെ അവസാനിപ്പിക്കേണ്ടിവന്നു. ഇതേത്തുടർന്ന് ഗ്രേറ്റ് ബ്രിട്ടനും വടക്കൻ അയർലൻഡും തമ്മിൽ പുതിയൊരു ‘അതിർത്തി’ രൂപപ്പെട്ടു. ഒരേ രാജ്യം രണ്ടു നിയമം എന്ന അവസ്ഥ.
ഉയർന്നത് സാങ്കൽപിക അതിർത്തി
വടക്കൻ അയർലൻഡിലേക്ക് അയയ്ക്കുന്ന ചരക്കുകൾ അവിടുത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മറ്റും പരിശോധന നടത്തിയിട്ടേ വിൽപ്പന അനുവദിക്കൂയെന്ന സ്ഥിതിയാണ് ഇതോടെ വന്നത്. ഒരു ‘സാങ്കൽപ്പിക അതിർത്തി’ ഐറിഷ് കടലിൽ ഉണ്ടാക്കിയെന്ന വിമർശനമാണ് ഇതോടെ ഉയർന്നത്.
ഗ്രേറ്റ് ബ്രിട്ടനിൽനിന്നു വരുന്ന ശീതീകരിച്ച മാംസം, പാൽ, മത്സ്യം, മുട്ട തുടങ്ങിയവ ഇയുവിന്റെ ഗുണനിലവാരത്തിലുള്ളതാണോ എന്നാണ് പരിശോധിക്കുന്നത്. ബോർഡർ കൺട്രോൾ പോസ്റ്റിലൂടെ വേണം എല്ലാ പരിശോധനകളും നടന്നുപോകാൻ. ഇത്രയും നാൾ ഇല്ലാതിരുന്ന വ്യവസ്ഥകൾ പൊടുന്നനെ കൊണ്ടുവന്നത് ജനത്തിനിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ബ്രെക്സിറ്റിന്റെ അനന്തരഫലം ജനജീവിതത്തിൽ നേരിട്ട് അനുഭവപ്പെടുന്നതിന്റെ കുഴപ്പങ്ങളായിരുന്നു എങ്ങും.
ശീതീകരിച്ച മാംസം ഉൾപ്പെടെയുള്ളവയ്ക്ക് ആറുമാസത്തെ ഗ്രേസ് പീരിയഡ് അനുവദിക്കപ്പെട്ടപ്പോൾ ബ്രിട്ടനിൽനിന്നെത്തുന്ന പാലും മുട്ടയും ഉൾപ്പെടെയുള്ളവ പരിശോധനയില്ലാതെ വിൽക്കുന്നതിൽ സൂപ്പർ മാർക്കറ്റുകൾക്ക് മൂന്നു മാസത്തെ കാലാവധിയും അനുവദിച്ചു. വിതരണത്തെ ബാധിക്കാതെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള സമയമാണ് അനുവദിച്ചത്.
എന്നാൽ കാര്യങ്ങൾ ആറുമാസത്തിനുള്ളിൽ പരിഹരിക്കപ്പെടില്ലെന്നു വ്യക്തമായതോടെ ഈ ഗ്രേസ് പീരിയഡ് ഒക്ടോബർ വരെ നീട്ടാൻ മാർച്ചിൽ യുകെ ഒറ്റയ്ക്കു തീരുമാനിച്ചു. പിന്നാലെ ഗ്രേറ്റ് ബ്രിട്ടനിൽനിന്ന് വടക്കൻ അയർലൻഡിലേക്കുള്ള പാർസലുകൾ, മരങ്ങൾ തുടങ്ങിയവയുടെ വ്യാപാരം അനായാസമാക്കാൻ ചില ഏകപക്ഷീയ നടപടികളും യുകെ എടുത്തു. ഇതു ഇയുവിനെ ചൊടിപ്പിച്ചു. ഗ്രേസ് പീരിയഡ് നീട്ടുന്നത് രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്ന നിലപാടെടുത്ത ഇയു യുകെയ്ക്കുമേൽ പിഴ ചുമത്താൻ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുകയും ചെയ്തു.
സോസേജ് വിഷയം എന്താകും?
ജൂലൈ ഒന്നുമുതൽ വടക്കൻ അയർലൻഡിൽ ഇനി സോസേജ് ലഭിക്കില്ലേ? യുകെയ്ക്ക് ഇനി ഇളവുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഇയു. സ്വിറ്റ്സ്വർലൻഡ് മോഡലിലുള്ള (സ്വിസ് സ്റ്റൈൽ) അഗ്രി ഫുഡ് ഇടപാട് ബ്രിട്ടൻ അംഗീകരിക്കണമെന്നാണ് ഇയു ആവശ്യപ്പെടുന്നത്. അതായത് ഗ്രേറ്റ് ബ്രിട്ടനിൽനിന്നുള്ള ചരക്കുകൾ ഇയു രാജ്യങ്ങളിലേക്ക് അയയ്ക്കുമ്പോൾ ഇയുവിന്റെ ഗുണനിലവാരത്തിന് അനുസരിച്ചായിരിക്കണമെന്നതാണിത്.
സ്വിറ്റ്സ്വർലൻഡും ഇയുവും തമ്മിൽ ഇത്തരമൊരു ധാരണയുണ്ട്. എപ്പോഴൊക്കെ ഇയു നയങ്ങളിൽ മാറ്റം വരുത്തുന്നോ അപ്പോഴൊക്കെ സ്വിറ്റ്സ്വർലൻഡും അവരുടെ നയത്തിൽ മാറ്റം വരുത്തും. സുഗമമായ ചരക്കുനീക്കം നടക്കുന്നതിനു വേണ്ടിയാണിത്. എന്നാൽ ബ്രിട്ടന് ഈ നീക്കത്തോട് വിയോജിപ്പാണ്. ഇത്തരം ധാരണങ്ങൾ. യുഎസുമായുള്ളത് ഉൾപ്പെടെയുള്ള വ്യാപാര കരാറുകളെ ബാധിക്കുമെന്ന ആശങ്കയാണ് അവർ പങ്കുവയ്ക്കുന്നതും.
English Summary: Explainer - Aftereffects of Brexit, What is sausage war all about?