കിമ്മിന്റെ ഈ തടി കുറഞ്ഞതോ കുറച്ചതോ? ഉത്തര കൊറിയയുടെ ‘എൻ വഴി തനി വഴി’
ലോകത്തെവിടെയും ആരാധകരുള്ളതു പോലെ ഉത്തര കൊറിയയിലും സൂപ്പർ സ്റ്റാർ രജനികാന്തിനു ഫാൻസുണ്ടോ? വിദേശ സിനിമകൾക്കു നിരോധനമുണ്ടെങ്കിലും ഉത്തര കൊറിയയുടെയും പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെയും രീതികളെല്ലാം | Kim Jong-Un | North Korea | Human Rights | US | China | Manorama News
ലോകത്തെവിടെയും ആരാധകരുള്ളതു പോലെ ഉത്തര കൊറിയയിലും സൂപ്പർ സ്റ്റാർ രജനികാന്തിനു ഫാൻസുണ്ടോ? വിദേശ സിനിമകൾക്കു നിരോധനമുണ്ടെങ്കിലും ഉത്തര കൊറിയയുടെയും പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെയും രീതികളെല്ലാം | Kim Jong-Un | North Korea | Human Rights | US | China | Manorama News
ലോകത്തെവിടെയും ആരാധകരുള്ളതു പോലെ ഉത്തര കൊറിയയിലും സൂപ്പർ സ്റ്റാർ രജനികാന്തിനു ഫാൻസുണ്ടോ? വിദേശ സിനിമകൾക്കു നിരോധനമുണ്ടെങ്കിലും ഉത്തര കൊറിയയുടെയും പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെയും രീതികളെല്ലാം | Kim Jong-Un | North Korea | Human Rights | US | China | Manorama News
ലോകത്തെവിടെയും ആരാധകരുള്ളതു പോലെ ഉത്തര കൊറിയയിലും സൂപ്പർസ്റ്റാർ രജനികാന്തിനു ഫാൻസുണ്ടോ? വിദേശ സിനിമകൾക്കു നിരോധനമുണ്ടെങ്കിലും ഉത്തര കൊറിയയുടെയും പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെയും രീതികളെല്ലാം സ്റ്റൈൽ മന്നന്റെ ഹിറ്റ് ഡയലോഗ് പോലെയാണ്– ‘എൻ വഴി തനി വഴി’. വിദേശ സിനിമകൾ കാണുകയോ കൈവശം വയ്ക്കുകയോ വിദേശ വസ്ത്രങ്ങളോ ഭാഷയോ ഉപയോഗിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ കിട്ടുമെന്നാണു രാജ്യത്തെ നിയമം. ലോകം ഇതേപ്പറ്റി ചർച്ച ചെയ്യുമ്പോഴാണു കിമ്മിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. കിമ്മിന്റെ ശരീരഭാരം നന്നായി കുറഞ്ഞെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾക്കു വീണ്ടും തിരി കൊളുത്തി ഈ ചിത്രങ്ങൾ.
∙ ‘പരസ്യ വധശിക്ഷ, കണ്ടില്ലെങ്കിൽ രാജ്യദ്രോഹം’
അടുത്തിടെയാണ് ഉത്തര കൊറിയ പുതിയ നിയമം അവതരിപ്പിച്ചത്. എല്ലാ തരത്തിലുമുള്ള വിദേശ സ്വാധീനം ഇല്ലാതാക്കുകയാണ് ഉദ്ദേശ്യം. വിദേശ സിനിമകളോ വസ്ത്രങ്ങളോ ഭാഷയോ ഉപയോഗിച്ചാൽ കഠിനമായ ശിക്ഷയാണു നിയമം അനുശാസിക്കുന്നത്. ചിലപ്പോൾ വധശിക്ഷ തന്നെ കിട്ടിയേക്കാം. കിമ്മിന്റെ സാമ്രാജ്യത്തിൽ വിധി എഴുതുന്നതും നടപ്പാക്കുന്നതും കിം ആയതുകൊണ്ട് ചോദ്യവും പറച്ചിലുമില്ല. ദക്ഷിണ കൊറിയൻ നാടകം കണ്ടതിനു പിടിക്കപ്പെട്ട ഒരാളെ സൈന്യം വധിക്കുന്നതു 11–ാം വയസ്സിൽ കാണേണ്ടി വന്നതിന്റെ ഞെട്ടൽ വർഷങ്ങളേറെ കഴിഞ്ഞിട്ടും പോയിട്ടില്ലെന്നു പറയുന്നു നടി യൂൻ മി-സോ.
അയൽക്കാരെയെല്ലാം വീടിനു പുറത്തേക്കിറക്കി. ‘നിങ്ങൾ വധശിക്ഷ കാണാൻ തയാറായില്ലെങ്കിൽ രാജ്യദ്രോഹമായി കണക്കാക്കപ്പെടും’ എന്നായിരുന്നു ഭീഷണി. ‘നിയമവിരുദ്ധമായ വിഡിയോകൾ കടത്തുകയും കാണുകയും ചെയ്യുന്നതിനുള്ള ശിക്ഷ മരണമാണെന്ന് എല്ലാവരെയും ഓർമിപ്പിക്കുകയായിരുന്നു സൈന്യം. സൈനികർക്കു മുന്നിൽ പേടിച്ചു കണ്ണടച്ച ആ സാധു മനുഷ്യനെ എനിക്ക് നല്ല ഓർമയുണ്ട്, അയാളുടെ മുഖത്തു കണ്ണീർ ധാരയായി ഒഴുകിയിരുന്നു. അവർ അയാളെ തൂണിൽ കെട്ടിയിട്ടു വെടിവച്ചു കൊന്നു. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും മാറിയിട്ടില്ല.’– സോളിലെ വീട്ടിലിരുന്നു ബിബിസിയോടു സംസാരിക്കുമ്പോൾ യൂൻ മി-സോയുടെ മുഖത്തെ ഭയം മാറിയിരുന്നില്ല. നാടുവിട്ട യൂൻ ഫാഷൻ ഉപദേശകയായും ജോലി ചെയ്യുന്നുണ്ട്.
∙ കിമ്മിന് ‘അപകടകരമായ വിഷങ്ങൾ’
ഇന്റർനെറ്റോ സമൂഹമാധ്യമങ്ങളോ ഇല്ലാത്ത രാജ്യം. ഇതെല്ലാമുണ്ടായിട്ടും കോവിഡ് ലോക്ഡൗണിൽ നമ്മൾ എത്രമാത്രം വീർപ്പുമുട്ടി? അതുംപോരാഞ്ഞു രാജ്യത്തുള്ള ടിവി ചാനലുകളിൽ കാണാനാവുക ഭരണനേതാക്കളുടെ പ്രസംഗങ്ങളും അവർ നിർദേശിക്കുന്ന പരിപാടികളും മാത്രം. സ്വാതന്ത്ര്യം എന്നതു സ്വപ്നത്തിൽ പോലുമില്ലാത്ത ജനതയെന്ന ദുര്യോഗമാണ് ഉത്തര കൊറിയക്കാർക്ക്. വെളിച്ചങ്ങളുമൊന്നുമില്ലാതെ കഴിയുന്ന ജനങ്ങളെ കൂടുതൽ ഇരുട്ടിലാക്കാൻ കിം ഭരണകൂടം തീരുമാനിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. ‘പിന്തിരിപ്പൻ ചിന്ത’യ്ക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഇല്ലാതാക്കണമെന്ന ‘സദുദ്ദേശ്യത്തോടെയാണ്’ നിയമമെന്നു സർക്കാർ പറയുന്നു.
അയൽരാജ്യമായ ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള വിഡിയോ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റമാക്കി. ഇങ്ങനെ വിഡിയോ കണ്ടവർക്ക് 15 വർഷം ജയിൽശിക്ഷ കിട്ടും. കൈവശമുള്ള വിഡിയോയുടെ എണ്ണം കൂടിയാൽ വധശിക്ഷ. സൈന്യത്തിനു തോന്നിയാൽ ആരെയും വധിക്കാം, ആരും ചോദിക്കില്ല. യുവാക്കൾക്കിടയിലെ ‘അസ്വാഭാവിക, സോഷ്യലിസ്റ്റ് വിരുദ്ധ, വ്യക്തിപരമായ പെരുമാറ്റം’ തടയാൻ ആഹ്വാനം ചെയ്തു രാജ്യത്തെ യൂത്ത് ലീഗിനു കിം കഴിഞ്ഞദിവസം കത്തെഴുതിയതു രാജ്യത്തെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
വിദേശ ഭാഷയിലെ സംസാരം, ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ ഇവയെ ‘അപകടകരമായ വിഷങ്ങൾ’ എന്നാണു കിം വിശേഷിപ്പിച്ചത്. ദക്ഷിണ കൊറിയയിലെ പ്രമുഖ സംഗീത ട്രൂപ്പായ കെ-പോപ്പിലെ അംഗങ്ങളെപ്പോലെ മുടി മുറിച്ചതിനും കണങ്കാലിനു മുകളിലെത്തും വിധം ട്രൗസറിന്റെ വക്ക് തുന്നിയതിനും മൂന്നു കൗമാരക്കാരെ ദുർഗുണ പരിഹാര പാഠശാലയിലേക്കാണ് അയച്ചത്. ഉത്തര കൊറിയയിലെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി എൻകെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആണവായുധങ്ങളും മിസൈലുകളുമായി ലോകത്തെ വിറപ്പിക്കുന്ന കിം, ആയുധങ്ങളില്ലാത്ത യുദ്ധമാണു രാജ്യത്തിനുള്ളിൽ നടത്തുന്നതെന്നു നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. പുറത്തുനിന്നുള്ള വിവരങ്ങൾ ജനങ്ങൾക്കു ലഭിക്കുന്ന എല്ലാ വഴിയും തടയുകയാണു കിം. രാജ്യത്തിന്റെ ദയനീയാവസ്ഥ ലോകം അറിയാതിരിക്കാൻ സമ്പൂർണ അടച്ചിടൽ ഭരണകൂടത്തിന് ആവശ്യമാണെന്നതാണു യാഥാർഥ്യം.
ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാണെന്നാണു റിപ്പോർട്ടുകൾ. മനുഷ്യാവകാശം എന്നതു കേട്ടുകേൾവി പോലുമില്ലാത്ത രാജ്യം. ഏഷ്യയിലെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നായ ദക്ഷിണ കൊറിയയിലെ സോളിനോടു ചേർന്ന അതിർത്തികളിൽ, കിം സർക്കാരിന്റെ പ്രതിച്ഛായ കൂട്ടുന്ന പ്രചാരണ പരിപാടികൾ മുടക്കം കൂടാതെ നടക്കുന്നുമുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം അതിർത്തി പൂർണമായി അടച്ചതോടെ രാജ്യം ഒറ്റപ്പെട്ടു. അയൽരാജ്യമായ ചൈനയായിരുന്നു വലിയ വ്യാപാര പങ്കാളി. കോവിഡിനു പിന്നാലെ ചൈനയിൽനിന്നുള്ള വിതരണവും വ്യാപാരവും നിലച്ചു.
∙ സിനിമ പൂത്തുലയുന്ന ചൈനീസ് അതിർത്തി
ഉത്തര കൊറിയയിലെ പുതിയ നിയമത്തെക്കുറിച്ച് അതിന്റെ പകർപ്പ് കിട്ടിയ ഡെയ്‌ലി എൻകെയുടെ എഡിറ്റർ ഇൻ ചീഫ് ലീ സാങ് യോങ് വിവരിക്കുന്നത് ഇങ്ങനെ. ‘വിദേശ സ്വാധീനവുമായ ബന്ധപ്പെട്ട കേസിൽ തൊഴിലാളിയെ പിടികൂടിയാൽ, അയാൾ ജോലിയെടുക്കുന്ന ഫാക്ടറിയുടെ തലവനെയും ശിക്ഷിക്കും. കുട്ടികളെയാണു പിടിക്കുന്നതെങ്കിൽ അവരുടെ മാതാപിതാക്കൾക്കും ശിക്ഷ നൽകാമെന്ന് ഉത്തരവിൽ പറയുന്നു. പരസ്പര നിരീക്ഷണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണു ഭരണകൂടം ചെയ്യുന്നത്.
ദക്ഷിണ കൊറിയയെക്കുറിച്ചും വിദേശ രാജ്യങ്ങളെപ്പറ്റിയും യുവതലമുറയ്ക്ക് ഉണ്ടായേക്കാവുന്ന സ്വപ്നങ്ങളെയും മോഹങ്ങളെയും തകർക്കുകയാണു ലക്ഷ്യം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സംസ്കാരങ്ങൾ സജീവമായാൽ ഉത്തര കൊറിയയിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ് ഉണ്ടാകുമെന്ന് അവർ ഭയപ്പെടുന്നു.’– ലീ സാങ് യോങ് പറഞ്ഞു.
സിനിമകൾ പൂത്തുലയുന്ന ചൈനീസ് അതിർത്തിയെ കുറിച്ചാണു ദക്ഷിണ കൊറിയൻ സംഗീതജ്ഞനും നടനുമായ ചോയ് ജോങ്–ഹൂൺ വിവരിക്കുന്നത്. ‘ചൈനീസ് അതിർത്തിയിലൂടെയാണു വിദേശ സിനിമകളും വിഡിയോകളും കൂടുതലും എത്തുന്നത്. വർഷങ്ങളായി, യുഎസ്ബി വഴി നാടകങ്ങളും സിനിമകളും കടത്തുന്നു. എൻക്രിപ്റ്റ് പാസ്‌വേഡ് ഉപയോഗിച്ച് ഉള്ളടക്കം മറച്ചുവച്ചാണ് ആളുകൾ ഉപയോഗിക്കുന്നത്. അധികൃതർ യുഎസ്ബി പിടിച്ചെടുത്തു തെറ്റായ പാസ്‌വേഡ് തുടർച്ചയായി ടൈപ്പ് ചെയ്യുന്നതോടെ യുഎസ്ബിയിലെ ഉള്ളടക്കങ്ങൾ ഡിലീറ്റ് ആകും. പ്രത്യേക കംപ്യൂട്ടറിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന തരത്തിലും യുഎസ്ബിയിലെ ഉള്ളടക്കം ഒരുക്കാറുണ്ട്. മറ്റൊരു ഉപകരണത്തിൽ കണക്ട് ചെയ്യാനോ മറ്റൊരാൾക്കു നൽകാനോ കഴിയില്ല.’– ചോയ് ജോങ്–ഹൂൺ പറയുന്നു.
∙ ‘എന്റെ ലോകം അവസാനിക്കുന്നതായി തോന്നി’
പ്യോങ്‌യാങ് ഭരണകൂടം ജനങ്ങളുടെ നീക്കം ശ്രദ്ധിക്കാൻ തുടങ്ങിയതു പിന്നീടാണ്. 2002 ൽ ഒരു സർവകലാശാലയിൽ റെയ്ഡ് നടത്തി 20,000 ത്തിലധികം സിഡികൾ കണ്ടെത്തിയതു നാട്ടുകാർക്കും സൈന്യത്തിനും ഒരു പോലെ ഞെട്ടലുണ്ടാക്കി. ഒരു സർവകലാശാലയിൽ മാത്രം ഇത്രയും സിഡികളെങ്കിൽ രാജ്യത്തുടനീളം വിദേശ വിഡിയോകളുടെ വമ്പൻ ശേഖരം ഉണ്ടായിരിക്കുമെന്ന തിരിച്ചറിവിലാണു കിം സർക്കാർ ശിക്ഷ കഠിനമാക്കാൻ തുടങ്ങിയത്.
‘പിതാവ് ചൈനയിൽനിന്നു കടത്തിയ ദക്ഷിണ കൊറിയൻ പോപ്പ് സംഗീതത്തിന്റെ ചില ഡിവിഡികൾ ഒരു സുഹൃത്തിന് നൽകിയതിനാണ് എന്നെ പിടിച്ചത്. 2009 ൽ കസ്റ്റഡിയിൽ എടുക്കുമ്പോൾ എനിക്ക് 16 വയസ്സായിരുന്നു. പ്രായപൂർത്തിയായ ഒരാളെപ്പോലെയാണ് എന്നോടു പെരുമാറിയത്. ചോദ്യം ചെയ്യാനായി രഹസ്യ മുറിയിലേക്കു കൊണ്ടുപോയി. എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല. തുടർച്ചയായി നാലുദിവസം കുത്തുകയും അടിക്കുകയും ചെയ്തു. എന്റെ ലോകം അവസാനിക്കുന്നതായി തോന്നി. വിഡിയോ എങ്ങനെ ലഭിച്ചുവെന്നും എത്ര പേരെ കാണിച്ചുവെന്നും ചോദിച്ചു. അച്ഛന്റെ പേര് പറഞ്ഞില്ല. എനിക്കറിയില്ല എന്നുമാത്രം പറഞ്ഞു’ – ഇപ്പോൾ സോളിൽ താമസിക്കുന്ന കിം ഗിയൂം-ഹ്യോക്ക് പറഞ്ഞു.
പ്യോങ്‌യാങിലെ ഉന്നത കുടുംബക്കാരായതിനാലും കാവൽക്കാർക്കു കൈക്കൂലി കൊടുക്കാൻ പിതാവിനു കഴിഞ്ഞതിനാലും മാത്രം എങ്ങനെയോ കിം ഗിയൂം-ഹ്യോക്കിനു പുറത്തിറങ്ങാനായി. ലോകത്ത് എന്താണു സംഭവിക്കുന്നതെന്ന് അറിയാൻ വലിയ ആഗ്രഹമുള്ളതിനാൽ എങ്ങനെയും വഴികളുണ്ടാക്കി വിഡിയോകൾ കാണാൻ ആളുകൾ ശ്രമിക്കുന്നു. തന്റെ രാജ്യത്തെക്കുറിച്ചുള്ള സത്യം പഠിക്കാൻ തീരുമാനിച്ചതോടെ ജീവിതം മാറിമറഞ്ഞതായി ഗിയൂം-ഹ്യോക്കും പറയുന്നു.
ബെയ്ജിങ്ങിൽ പഠിക്കാൻ അവസരം കിട്ടിയ അപൂർവം ആളുകളിലൊരാളാകാനും ഇന്റർനെറ്റ് പരിചയപ്പെടാനും ഗിയൂം-ഹ്യോക്കിനായി. ‘ഉത്തര കൊറിയയെ കുറിച്ച് ഇന്റർനെറ്റിലുള്ള വിവരണങ്ങൾ വായിച്ചപ്പോൾ പാശ്ചാത്യർ നുണ പറയുകയാണെന്നു കരുതി. വിക്കിപീഡിയ കള്ളം പറയുകയാണെന്നു പക്ഷേ വിശ്വസിക്കാനുമായില്ല. നിരവധി ഡോക്യുമെന്ററികൾ കണ്ടു. ധാരാളം വായിച്ചു. അവർ പറയുന്നതിൽ കാര്യമുണ്ടെന്നു മനസ്സിലായി. പിന്നെ അവിടെ തുടരാൻ മനസ്സ് സമ്മതിച്ചില്ല. ഒടുവിൽ സോളിലേക്കു പലായനം ചെയ്തു’– ഗിയൂം വ്യക്തമാക്കി.
∙ കിം മെലിഞ്ഞോ? എന്തുപറ്റി?
കഴിഞ്ഞ ശനിയാഴ്ച ഔദ്യോഗിക മാധ്യമങ്ങളിൽ ഒരു മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം കിം പ്രത്യക്ഷപ്പെട്ടപ്പോൾ ഏവരും അമ്പരന്നു. അമിതവണ്ണം കുറഞ്ഞ കിമ്മിനെയാണു ലോകം കണ്ടത്. കിമ്മിന്റെ ഭാരവും ആരോഗ്യവും ദക്ഷിണ കൊറിയയുടെ നാഷനൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) ഉൾപ്പെടെയുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ ചിത്രത്തിനു പെട്ടെന്നു പ്രാധാന്യം വർധിച്ചു.
ഈ വർഷം ഏപ്രിൽ 30, ജൂൺ 5 തീയതികളിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതടക്കമുള്ള കിമ്മിന്റെ ചിത്രങ്ങളും വിഡിയോകളും താരതമ്യപ്പെടുത്തിയുള്ള വിശകലനങ്ങളും സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കിം മനഃപൂർവം ഭാരം കുറച്ചതാണെങ്കിൽ രാജ്യത്തു കൂടുതൽ പിടിമുറുക്കുന്നതിന്റെ ലക്ഷണമായി കാണാമെന്നു മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പൊളിറ്റിക്കൽ സയൻസ് അസോഷ്യേറ്റ് പ്രഫസർ വിപിൻ നാരംങ് അഭിപ്രായപ്പെട്ടു.
എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ മൂലം പെട്ടെന്നു ശരീരഭാരം കുറയുന്ന അവസ്ഥയാണെങ്കിൽ, കിമ്മിന്റെ പിൻഗാമിക്കായുള്ള ഒരുക്കം അണിയറയിൽ തുടങ്ങിയിട്ടുണ്ടാകും. പുറത്തേക്കുള്ള വിവരങ്ങൾ കുറവായതിനാൽ അവിടത്തെ ഭരണത്തിലെ അസ്ഥിരത ലോകത്തിനു പ്രശ്നം സൃഷ്ടിക്കാമെന്നും നാരംങ് ചൂണ്ടിക്കാട്ടി. ആഡംബര വാച്ച് കയ്യിൽ കൂടുതൽ മുറുക്കി കെട്ടിയതിന്റെ ചിത്രങ്ങളോടെയാണു കിം തടി കുറഞ്ഞെന്ന വിവരം എൻകെ ന്യൂസ് പ്രസിദ്ധീകരിച്ചത്. സ്വിസ് കമ്പനിയായ ഐഡബ്ല്യുസി ഷാഫ്‌ഹൗസന്റെ 12,000 ഡോളർ വിലയുള്ള പോർട്ടോഫിനോ ഓട്ടമാറ്റിക് വാച്ചാണു കിം കെട്ടാറുള്ളത്.
∙ ഹൃദ്രോഗ ചരിത്രമുള്ള കിം കുടുംബം
2011 നവംബറിൽ അധികാരത്തിൽ വന്നശേഷം കിമ്മിന് 140 കിലോഗ്രാം (308 പൗണ്ട്) തൂക്കമുണ്ടെന്നാണ് അനുമാനം. പ്രതിവർഷം ശരാശരി 6 മുതൽ 7 കിലോഗ്രാം വരെ അല്ലെങ്കിൽ ആകെ 50 കിലോഗ്രാം തൂക്കം കൂടിയെന്നാണു വിശ്വസിക്കുന്നതെന്ന് എൻഐഎസ് 2020 നവംബറിൽ പറഞ്ഞിരുന്നു. ‘കിമ്മിന്റെ ശരീരഭാരം കുറയുന്നത് നേരിട്ടൊന്നും അർഥമാക്കുന്നില്ലെങ്കിലും രഹസ്യവിവരങ്ങൾ ശേഖരിക്കുന്നവർ അന്വേഷിക്കുന്ന മറ്റു കാര്യങ്ങളിലേക്കു സൂചനകൾ നൽകും’– ദക്ഷിണ കൊറിയയിലെ യുഎസ് സ്‌പെഷൽ ഓപ്പറേഷൻ കമാൻഡിലെ ഇന്റലിജൻസ് ഓഫിസർ മൈക്ക് ബ്രോഡ്ക പറഞ്ഞു.
ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നതാണിത്. അടുത്ത രണ്ടു മാസങ്ങളിലെ സംഭവങ്ങൾ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബ്രോഡ്ക പറയുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചരിത്രമുള്ളതാണു കിം കുടുംബം. ഉത്തരകൊറിയയിലെ മുൻ ഭരണാധികാരികളായ കിം ഇൽ സങ്, കിം ജോങ് ഇൽ എന്നിവർ ഹൃദയാഘാതത്തെ തുടർന്നാണു മരിച്ചതെന്നാണു റിപ്പോർട്ട്. ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ കിമ്മിനെ അലട്ടുന്നതായി കഴിഞ്ഞ വർഷം രാജ്യാന്തര മാധ്യമങ്ങൾ പറഞ്ഞിരുന്നു. പക്ഷേ, മുപ്പതുകളുടെ മധ്യത്തിലുള്ള കിമ്മിന് പ്രായത്തിന്റെ ആനുകൂല്യം ലഭിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.
കിമ്മിൽ കേന്ദ്രീകരിക്കുന്നതിനു പകരം രാജ്യഭരണത്തിൽ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ പങ്ക് കൂട്ടുന്നതിൽ ഉത്തരകൊറിയ കഴിഞ്ഞ വർഷം മുതൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കിമ്മിനു കീഴിലുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥർക്ക് 2020ൽ പൊളിറ്റ്ബ്യൂറോ പ്രസീഡിയം കൂടുതൽ പ്രാധാന്യം നൽകി. കിം ഭരണത്തിൽ പാർട്ടിക്കു കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനു 2021 ജനുവരിയിൽ നിയമങ്ങൾ ഭേദഗതി ചെയ്തു.
കിമ്മിനെ വിഗ്രഹവൽക്കരിക്കുന്ന ചിത്രീകരണങ്ങൾ അവസാനിപ്പിച്ചു പകരം പാർട്ടി കേന്ദ്ര കമ്മിറ്റിയെ പ്രതിഷ്ഠിക്കുന്ന പ്രചാരണത്തിനും തുടക്കമിട്ടു. എങ്കിലും നിലവിൽ ഉത്തരകൊറിയയുടെ തലയും തലച്ചോറുമായി തലയുയർത്തി നിൽക്കുന്നതു കിം തന്നെയാണ്. അതിനാൽ കിം മെലിഞ്ഞാലും തടിച്ചാലും ചുമ്മാ നോക്കിയിരിക്കാൻ രാജ്യാന്തര സമൂഹത്തിനു സാധിക്കില്ല. പ്രത്യേകിച്ചും അമേരിക്കയെ ശത്രുവാക്കി പ്രഖ്യാപിച്ച് ഉത്തര കൊറിയ യുദ്ധപ്രഖ്യാപനം നടത്തിയിട്ടുള്ളതിനാൽ. തലയ്ക്കു മുകളിൽ പതിക്കാവുന്ന ‘കിം മിസൈൽ’ തടുക്കാൻ ഏവരും ഒരുങ്ങിയിരിക്കുന്നു; അതിനുള്ള സാധ്യത കുറവെങ്കിലും.
English Summary: Kim Jong Un look thinner and his waging war on foreign films- Analysis