ആശയക്കുഴപ്പമോ അസാധാരണ സംഭവമോ? എന്താണ് ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കിയത്?
സിഷ്വാങ്ബാനയിലെ മഴക്കാടുകളിൽനിന്ന് ഭക്ഷണവും ജീവിത സാഹചര്യവും തേടിയാകണം ആനകൾ പുറത്തിറങ്ങിയത്. | Elephants' long march | Xishuangbanna National Nature Reserve | Xishuangbanna Tropical Botanical Garden | Weibo | Nomadland | Dr Sreedhar Vijayakrishnan | New habitat | Elephant movements | Manorama Online |
സിഷ്വാങ്ബാനയിലെ മഴക്കാടുകളിൽനിന്ന് ഭക്ഷണവും ജീവിത സാഹചര്യവും തേടിയാകണം ആനകൾ പുറത്തിറങ്ങിയത്. | Elephants' long march | Xishuangbanna National Nature Reserve | Xishuangbanna Tropical Botanical Garden | Weibo | Nomadland | Dr Sreedhar Vijayakrishnan | New habitat | Elephant movements | Manorama Online |
സിഷ്വാങ്ബാനയിലെ മഴക്കാടുകളിൽനിന്ന് ഭക്ഷണവും ജീവിത സാഹചര്യവും തേടിയാകണം ആനകൾ പുറത്തിറങ്ങിയത്. | Elephants' long march | Xishuangbanna National Nature Reserve | Xishuangbanna Tropical Botanical Garden | Weibo | Nomadland | Dr Sreedhar Vijayakrishnan | New habitat | Elephant movements | Manorama Online |
കണ്ണൂർ∙ ചൈനയിലെ മ്യാൻമർ അതിർത്തിയിലുള്ള സിഷ്വാങ്ബാന സംരക്ഷിത വനമേഖലയിൽനിന്ന് 16 ആനകൾ യാത്ര ആരംഭിച്ച് ഒരു വർഷവും മൂന്നു മാസവും പിന്നിടുകയാണ്. 2020 മാർച്ചിൽ ആരംഭിച്ച യാത്ര ഇതിനോടകം പിന്നിട്ടത് 500 കിലോമീറ്ററോളം ദൂരം. എന്തുകൊണ്ടാണ് ഇത്തരമൊരു യാത്ര? ആവാസ വ്യവസ്ഥയിലുണ്ടായ പ്രതികൂല മാറ്റങ്ങളാകാം ചൈനയിലെ ആനകളുടെ ‘ലോങ് മാർച്ചിനു’ കാരണമെന്നു പറയുന്നു പ്രശസ്ത ആന ഗവേഷകനും ബെംഗളൂരു സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. ശ്രീധർ വിജയകൃഷ്ണൻ. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ഏഷ്യൻ എലഫന്റ് സ്പെഷലിസ്റ്റ് ഗ്രൂപ്പിൽ ഇതേക്കുറിച്ചു നടക്കുന്ന ചർച്ചകൾ വിശദമായി അറിയാൻ ശ്രമിക്കുന്ന ശ്രീധർ, ആനകൾ അനുഭവിക്കുന്ന സമ്മർദം ആനപ്പിണ്ടത്തിൽനിന്നു മനസിലാക്കാമെന്നു തെളിയിച്ച ശാസ്ത്രജ്ഞനാണ്. കോഴിക്കോട് തളി സ്വദേശിയായ ശ്രീധർ വിജയകൃഷ്ണൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു; ആനകളെക്കുറിച്ച്, അവയുടെ യാത്രയെക്കുറിച്ച്...
സിഷ്വാങ്ബാന സംഭവത്തെപ്പറ്റി കൂടുതൽ എന്തെങ്കിലും?
സിഷ്വാങ്ബാനയിലെ മഴക്കാടുകളിൽനിന്ന് ഭക്ഷണവും ജീവിത സാഹചര്യവും തേടിയാകണം ആനകൾ പുറത്തിറങ്ങിയത്. പരിചിത സാഹചര്യങ്ങളിൽ അവരെ കാര്യമായി അലട്ടിയ സംഭവങ്ങളുണ്ടായിക്കാണണം. അവിടെനിന്നു പുറത്തിറങ്ങിയ ശേഷമുണ്ടായ മനുഷ്യരുടെ ഇടപെടലുകൾ കാരണം പരിഭ്രാന്തരായി വഴി തെറ്റിയതാകാനാണു സാധ്യത. ഏതായാലും അസാധാരണമായ യാത്രയാണിത്. ഈ യാത്രയെ, ഏഷ്യൻ ആനകളുടെ ഇന്നത്തെ അവസ്ഥയുമായി ചേർത്തു വച്ചാണു പഠിക്കേണ്ടത്.
യുനാനിലെ വരണ്ട, തുറന്ന മേഖലകളിലെ മുൾക്കാടുകളിലാണ് അവയിപ്പോഴുള്ളത്. എത്ര കാലം അവയ്ക്ക് അവിടെ തുടരാൻ കഴിയുമെന്നറിയില്ല. 2020 ഫെബ്രുവരിയിൽ തന്നെ അവ യാത്ര തുടങ്ങിയിരുന്നു. കുറച്ചു ദൂരം പോയ ശേഷം തിരിച്ചെത്തുകയും മാർച്ചിൽ വീണ്ടും യാത്ര പുനഃരാരംഭിക്കുകയും ചെയ്യുകയായിരുന്നു. സിഷ്വാങ്ബാന ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രഫ. അഹിംസ കാംപോസ് ആർക്കസുമായി ബന്ധപ്പെടാറുണ്ട്. സംഭവത്തിന്റെ ഗ്രൗണ്ട് റിപ്പോർട്ടൊന്നും കയ്യിലില്ല. ഇവരുമായുള്ള ചർച്ചയിൽനിന്നു ലഭിക്കുന്ന വിവരങ്ങളാണുള്ളത്.
സിഷ്വാങ്ബാനയിൽ മനുഷ്യ ഇടപെടലുകൾ കൊണ്ടുണ്ടായ സമ്മർദമാകാം ആനകൾ പുറത്തിറങ്ങാൻ കാരണം. നൈസർഗികമായ മഴക്കാടുകളിൽനിന്നു മുൾക്കാടുകളിലേക്ക് ചൈനയിലെ ആനകൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്ക് ആശയക്കുഴപ്പത്തിനു സാധ്യതയേറെയാണ്. ഊരാക്കുടുക്കിൽ പെട്ട അവസ്ഥയായിരിക്കാം അവയുടേത്. മനുഷ്യരുടെ ശല്യമില്ലാതെ, എവിടേക്കെങ്കിലും മാറി നടക്കാനായിരിക്കും അവർ ശ്രമിക്കുന്നത്. അതൊരു വെല്ലുവിളിയുയർത്തുന്ന സാഹചര്യമാണ്.
സമാനമായ യാത്രകൾ ലോകത്ത് വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ?
ഇന്ത്യയിലില്ല. ആഫ്രിക്കയിൽ ഇടയ്ക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്നു നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ അതിർത്തി കടന്ന് ആനകൾ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്. അതിനെ പക്ഷേ ചൈനയിലെ സംഭവവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ഛത്തീസ്ഗഢിൽ നിന്ന് ആനകൾ 3 വർഷം മുൻപു മധ്യപ്രദേശിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചുപോയിട്ടില്ല. മധ്യപ്രദേശിൽ മനുഷ്യരുടെ ശല്യം ഇല്ലാത്തതാകാം കാരണം.
ഏഷ്യൻ ആനകളുടെ പൊതുവായ അവസ്ഥ എന്താണ്?
ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളിലാണ് ഏഷ്യൻ ആനകളുള്ളത്. ഇതിൽ, ഏറ്റവും സ്ഥായിയായ ആനക്കൂട്ടങ്ങളുള്ളത് ഇന്ത്യയിലും ശ്രീലങ്കയിലുമാണ്. ചൈന, മലേഷ്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, തായ്‌ലൻഡ്, സുമാത്ര, ലാവോസ്, കംപോഡിയ, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലെ ആനക്കൂട്ടങ്ങൾ സ്ഥായിയല്ല. ലാവോസിലും വിയറ്റ്നാമിലുമൊക്കെ 25–30 എണ്ണം വീതമേയുള്ളു. ഏതു സമയത്തും അവ പൂർണമായി ഇല്ലാതാകാം. ചൈനയിലാകട്ടെ 200നും 250നും ഇടയിലാണ് ആകെയുള്ള ആനകൾ. ഭാവിയിൽ, ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമായി ഏഷ്യൻ ആനകൾ ഒതുങ്ങിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പശ്ചിമഘട്ടമാണ് ആനയെ സംരക്ഷിച്ചു നിർത്തുന്നത്. ഇന്ത്യയിൽതന്നെ, 1970നു ശേഷം ആനകളുടെ 50% ആവാസ വ്യവസ്ഥയും നശിച്ചുപോയതായാണ് ഔദ്യോഗിക കണക്ക്.
ആനത്താരകളെ പറ്റി?
മുറിഞ്ഞുപോയ ആവാസവ്യവസ്ഥകൾക്കിടയിലെ ഇടനാഴിയാണ് ആനത്താര. അവർ നടന്നു ശീലിച്ച ആവാസ വ്യവസ്ഥയിൽ പെട്ടതായിരുന്നു അത് ഒരുകാലത്ത്. പല കാരണങ്ങൾ കൊണ്ട് ആ ഇടം നഷ്ടപ്പെട്ടു. പക്ഷേ, അവർക്ക് അതുവഴി നടന്നേ പറ്റൂ. ആനക്കൂട്ടം 150 മുതൽ 200 വരെ ചതുരശ്ര കിലോമീറ്ററും കൂട്ടം തെറ്റിയ ഒറ്റയാൻ 800 ചതുരശ്ര കിലോമീറ്ററും വരെ സഞ്ചരിക്കും. അതാണ്, അവയുടെ ആവാസ വ്യവസ്ഥ. ആ വ്യവസ്ഥ തെറ്റിയാൽ അവ പ്രതികരിക്കും. മനുഷ്യരുടെ ഇടപെടലുകൾ ഒഴിവാക്കാനേ അവ ശ്രമിക്കൂ. മനുഷ്യനെ ആക്രമിക്കാറില്ല. അവയ്ക്കു വേണ്ടതു ഭക്ഷണമാണ്. ആനയടക്കമുള്ള ജന്തുജാലങ്ങൾക്കു സംസ്ഥാന അതിർത്തിയോ രാജ്യാതിർത്തിയോ ഇല്ല. അവ ഭക്ഷണം തേടി നടന്നു കൊണ്ടേയിരിക്കും.
ആന ശക്തിയും വലുപ്പവുമുള്ള ജീവികളാണ്. ധാരാളം ഭക്ഷണം ആവശ്യമുള്ളവരുമാണ്. എന്തിനാണു കൂട്ടംകൂടി നടക്കുന്നത്.?
ആനയടക്കം, കൂട്ടംകൂടി നടക്കുന്ന മൃഗങ്ങൾക്കു സുരക്ഷിതത്വം തന്നെ പ്രധാന കാരണം. കുട്ടികളെ നന്നായി സംരക്ഷിക്കുന്നവരാണ് ആനകൾ. ഒന്നര, രണ്ട് വയസുള്ള ആനക്കുട്ടികളെ കടുവയും മറ്റും ആക്രമിക്കാറുണ്ട്. വലിയ ആനകൾ വട്ടത്തിൽ നിന്ന്, കുട്ടിയാനകളെ ചെന്നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതു പലവട്ടം കണ്ടിരുന്നു.
എന്തുകൊണ്ട് ആനക്കൂട്ടത്തെ വനിതകൾ നയിക്കുന്നു?
12–13 വയസാകുമ്പോഴേക്കും കൊമ്പനാനകൾ കൂട്ടം വിടും. പ്രത്യുൽപാദനത്തിനു വേണ്ടി മാത്രമേ അതു പിന്നീടു കൂട്ടുകൂടൂ. നല്ല ഓർമശക്തിയുള്ളവരാണ് ആനകൾ. കുട്ടികളോടുള്ള വാത്സല്യവും ശ്രദ്ധയും സംരക്ഷണവുമൊക്കെ കാരണം പെണ്ണാനകൾ കൂട്ടം വിട്ടുപോകാറില്ല. കൂട്ടത്തിനൊപ്പം തന്നെ നിൽക്കും. പ്രായം ചെല്ലുന്തോറും ആവാസവ്യവസ്ഥയെയും കൂട്ടത്തിലെ അംഗങ്ങളെയും നന്നായി ഇവയ്ക്കു പരിചയമുണ്ടാകും. തലമുറകളിലേക്കു താൻ പരിചയിച്ച കാടിനെപ്പറ്റിയുള്ള അറിവു കൈമാറാനും ഇവയ്ക്കു കഴിയും. ഇതോടെ, പെണ്ണാനകൾതന്നെ നേതൃസ്ഥാനത്തു തുടരും. ഒരു കൂട്ടത്തിന് ഒരേ നായിക തന്നെ എല്ലാക്കാലത്തും ആകണമെന്നുമില്ല. ചില സാഹചര്യങ്ങളിൽ, കൂട്ടത്തിൽ തന്നെയുള്ള മറ്റൊരു പെണ്ണാന നേതൃത്വം നൽകുന്നതും കണ്ടിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ചൊരു കുടമാറ്റം.
മനുഷ്യരുടെ ഇടപെടലുകൾ, ആവാസ വ്യവസ്ഥയിലെ ചുരുക്കം തുടങ്ങിയവ ആനയുടെ ജീവിത രീതിയിൽ മാറ്റം വരുത്തുന്നുണ്ടോ?
കാലത്തിനനുസരിച്ചു കാട്ടാനയും മാറുന്നുണ്ടെന്നു േവണം മനസ്സിലാക്കാൻ. ആനകളുടെ സ്വഭാവത്തിൽ മാറ്റമുണ്ട്. വാൽപാറയിൽ, കൃഷിക്കു നാശമുണ്ടാക്കാതെ തന്നെ അടിക്കടി കൃഷിയിടം കടന്നുപോകുന്ന ആനക്കൂട്ടങ്ങളുണ്ട്. കാട്ടിൽ 16 മണിക്കൂറോളം തീറ്റയെടുക്കുന്ന ആനകൾ, പകൽ നേരത്തു വിശ്രമിച്ച് രാത്രിയിൽ, കർഷകൻ ഉറങ്ങുന്ന നേരം നോക്കി കൃഷിയിടത്തിൽ ഇറങ്ങി വിളകൾ തിന്നുന്നതും നിരീക്ഷിച്ചിട്ടുണ്ട്. 16 മണിക്കൂർ അലഞ്ഞു തിരിഞ്ഞു തീറ്റയെടുക്കുന്നതിനേക്കാൾ എളുപ്പമാണു വനാതിർത്തിയിലെ കൃഷിയിടത്തിൽ യഥേഷ്ടമുള്ള വിളകൾ 4–5 മണിക്കൂറിൽ ശാപ്പിടുന്നതെന്ന് അവ മനസ്സിലാക്കിക്കാണണം.
കാട്ടാന എത്രത്തോളം ഇണങ്ങും?
പൂച്ചയെയും നായയെയും പോലെ ആനയെയും നാട്ടാനയാക്കാൻ കഴിയുമെന്ന ധാരണ തെറ്റാണ്. പൂച്ചയും നായയും ആയിരക്കണക്കിനു വർഷങ്ങളിൽ, തലമുറകളായി മനുഷ്യനൊപ്പംതന്നെ ജീവിച്ച്, പെറ്റു പെരുകി വളർന്നവരാണ്. അവയുടെ ജീനുകളിൽ അതിനനുസരിച്ചുള്ള മാറ്റം വന്നുകഴിഞ്ഞു. ആന അങ്ങനെയല്ല. എവിടെയും രണ്ടു തലമുറയെങ്കിലും നാട്ടിൽ ജനിച്ചു വളർന്ന ആനകളില്ല, തമിഴ്നാടിന്റേതു പോലുള്ള വനംവകുപ്പ് ക്യാംപുകളിലല്ലാതെ. കാട്ടാനയുടെ എല്ലാ സ്വഭാവങ്ങളും ജീനിൽ കൊണ്ടുനടക്കുന്നവയാണ് നമ്മൾ കാണുന്ന നാട്ടാനകൾ. അവയെങ്ങനെയാണു മെരുങ്ങുക? പരിശീലനം കിട്ടിയ കാട്ടാനകൾ എന്നു വേണമെങ്കിൽ പറയാമെന്നു മാത്രം.
ആണാനകൾ കൂട്ടമായി നടക്കുന്നതു പുതിയ പ്രവണതയാണോ?
അല്ല. അതൊരു തെറ്റിദ്ധാരണയാണ്. ആണാനകൾ ഒരുമിച്ചു നടക്കുന്ന കാര്യം വളരെ മുൻപു തന്നെ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.
ആനകൾ നേരിടുന്ന വെല്ലുവിളികൾ?
ഇന്ത്യയിൽ മാത്രം പ്രതിവർഷം 150നും 200നും ഇടയിൽ ആനകൾ മനുഷ്യ–വന്യജീവി സംഘർഷ കാരണങ്ങളാൽ കൊല്ലപ്പെടുന്നുണ്ട്. ട്രെയിനിടിച്ചും റോഡുകളിൽ വാഹനമിടിച്ചും വെടിയേറ്റും വിഷം തീണ്ടിയുമൊക്കെയാണു മരണം.
ആനകളുടെ എണ്ണം വർധിക്കുകയാണെന്നാണല്ലോ റിപ്പോർട്ടുകൾ?
കൂടുന്ന മേഖലകൾ മാത്രമല്ല, കുറയുന്ന മേഖലകളുമുണ്ട്. ആനകളുടെ കണക്കെടുപ്പു കുറച്ചു കൂടി ശാസ്ത്രീയമാകേണ്ടതുണ്ട്. നിബിഡ വനങ്ങൾക്കും തുറസ്സായ മുൾക്കാടുകൾക്കും മറ്റും അതിനനുസൃതമായ ശാസ്ത്രീയ രീതികൾ തുടരണം. എന്നാൽ എല്ലായിടത്തും ഒരേ തരത്തിലുള്ള കണക്കെടുപ്പു രീതി അശാസ്ത്രീയമാണ്.
ആനക്കൂട്ടത്തിനു സ്വന്തം ആവാസ വ്യവസ്ഥയിലേക്കു തിരിച്ചു വരാൻ കഴിയുമോ?
കഴിയും. കഴിയാതെ പോയ സംഭവങ്ങളുമുണ്ട്. മയക്കുവെടിവച്ചു പിടിച്ച ശേഷം തിരികെ വിടുന്ന ആനകൾ, അതേ മേഖലയിലേക്കു തിരിച്ചു വരാറുണ്ട്. അതേസമയം, വഴി തെറ്റിയവരുമുണ്ട്. തിരിച്ചു വരുന്ന വഴിയിൽ, മനുഷ്യരുടെ ഇടപെടലുണ്ടായാൽ വഴി തെറ്റും. ആനയേക്കാൾ, ആനയ്ക്കു പുറത്തുള്ള മനുഷ്യരുടെ ഇടപെടലുകളാണ് ഇതിൽ നിർണായകമാവുക. തലമുറകളായി വനത്തിൽ ജീവിക്കുന്ന സമൂഹങ്ങൾ ഇക്കാര്യത്തിൽ നല്ല ഉദാഹരണമാണ്. ആനയുടെ സഞ്ചാരപഥത്തിൽനിന്ന് അവർ കൃത്യമായി മാറി നിൽക്കും. പാരസ്പര്യത്തിന്റെ ഈ അലിഖിത നിയമം പാലിച്ചു വനത്തിനകത്തു ജീവിക്കുന്നവർ മിക്കപ്പോഴും ആനയുടെ ആക്രമണത്തിനിരയാകാറുമില്ല.
കൂട്ടംകൂടി നടക്കുന്ന ആനകളുടെ ആശയവിനിമയം എങ്ങനെയാണ്?
പലതരത്തിലുണ്ട്. കുറുകലും ചിന്നംവിളിയും കൂവലുമൊക്കെയുണ്ടവർക്ക്. കൂടാതെ, ഭൂമിയിൽ ചവിട്ടിയുള്ള ആശയവിനിമയവുമുണ്ട്. കൂട്ടത്തിൽ പെട്ടയാൾ ഒറ്റപ്പെട്ടു പോകുമ്പോഴൊക്കെ ഈ ആശയവിനിമയ രീതികൾ അവലംബിക്കാറുണ്ട്. നമുക്കു കേൾക്കാൻ കഴിയാത്ത ശബ്ദവീചികൾ പുറപ്പെടുവിച്ചുള്ള ആശയവിനിമയവും ആനകൾക്കറിയാം. വഴി കണ്ടുപിടിക്കാനും കൂട്ടത്തെ പിന്തുടരാനുമൊക്കെ അവയെ സഹായിക്കുന്നത് ഇത്തരം കമ്യൂണിക്കേഷൻ രീതികളാണ്. മടക്കയാത്രയ്ക്കു കെമിക്കൽ കമ്യൂണിക്കേഷനുമുണ്ട്. പോയ വഴി ഏതെന്നു തിരിച്ചറിയാനാണിത്.
നമ്മൾ ഭയന്നില്ലെങ്കിൽ, നമുക്കു നേരെ ‘ചാർജ്’ ചെയ്തു വരുന്ന മൃഗങ്ങൾ ആക്രമിക്കാൻ മുതിരില്ലെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ അടക്കം പ്രചരിക്കുന്നുണ്ടല്ലോ?
‘ഫിയർ ഫാക്ടർ’ ചില ജന്തുക്കളുടെ കാര്യത്തിൽ ശരിയാണ്. ഇര ഭയന്നോ എന്ന് അവയ്ക്കു തിരിച്ചറിയാൻ കഴിയും. പക്ഷേ, ആനകളുടെ കാര്യത്തിൽ ഇതു കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. അതൊരു ഭാഗ്യപരീക്ഷണമാണ്. ധൈര്യം കാണിക്കാൻ അനങ്ങാതെ നിന്ന്, ആനയുടെ കൈയിൽ പെടാതിരിക്കലാണു ബുദ്ധി. അത്തരം വിഡിയോകളുടെ പശ്ചാത്തലം നമുക്കു കൃത്യമായി അറിയില്ല. ആനകൾ നേരത്തെ ആക്രമണമേറ്റ ആനയാണെങ്കിൽ, ആളെ തിരിച്ചറിഞ്ഞു വഴിമാറിപ്പോയേക്കാം. ആ പ്രതികരണത്തിനിടയാക്കിയ സാഹചര്യം വ്യക്തമാകേണ്ടതുണ്ട്.
ആനപ്പക?
വെറും സങ്കൽപം. ആന ആരോടും പക വയ്ക്കുന്ന ജീവിയല്ല. ഭക്ഷണം മാത്രമാണ് അതിനു ലക്ഷ്യം. മനുഷ്യർ വിഷയമേയല്ല. മനുഷ്യൻ അതിന്റെ ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന പ്രശ്നങ്ങളോടാണ് അതു പ്രതികരിക്കുന്നത്. അല്ലാതെ, മനുഷ്യനോടല്ല. ആന ആരെയും പതിയിരുന്നു കൊല്ലാറില്ല. ആന അക്രമാസക്തമാകുന്ന സാഹചര്യമാണു നമ്മൾ പഠിക്കേണ്ടത്. ‘കൊലകൊല്ലി’ തുടങ്ങിയ പ്രയോഗങ്ങൾ മാറ്റണം. ആന കുത്താൻ വരുമ്പോൾ വട്ടത്തിലോടിയാൽ മതിയെന്ന ധാരണയും മാറ്റണം. ആളെ പിടിക്കണമെന്ന് ആന ഉറപ്പിച്ചാൽ അതു ചെയ്തിരിക്കും. നേരത്തെ പറഞ്ഞല്ലോ, അതിന്റെ ചുറ്റുപാടുകളോടാണ് അതു പോരാടുന്നത്. മനുഷ്യനോടല്ല. ആനയിൽ നിന്ന് 70–80 മീറ്റർ അകലം പാലിക്കുന്നതാണ് എന്നും നല്ലത്. അഥവാ നമുക്കു നേരെ വന്നാൽ ഓടി രക്ഷപ്പെടാൻ സാവകാശം കിട്ടും. ആന ഓടി വരുന്നതു കണ്ടു ഭയന്ന്, അനങ്ങാൻ പറ്റാതെ മരവിച്ചു നിന്നുപോയവരുണ്ട്. അവരൊക്കെ ഇരകളായിട്ടുമുണ്ട്.
ആനയുടെ ഓർമശക്തി?
നല്ല ഓർമശക്തിയുണ്ടെന്നതു ശരിയാണ്. ഒരിക്കൽ വാൽപ്പാറയിൽ നാട്ടിലിറങ്ങിയ ആനക്കൂട്ടത്തെ ജനം ഓടിച്ചുവിട്ടു. പരിഭ്രാന്തരായി, നല്ല വേഗത്തിൽ ഓടിയ ആനക്കൂട്ടത്തിന്റെ വഴിയിലൊരു പാലമുണ്ട്. എന്നാൽ, പാലം കണ്ണിൽ പെടുന്നതിനു മുൻപു തന്നെ ആനക്കൂട്ടം വേഗം കുറച്ചു. പാലത്തിനടുത്തേക്കു നടന്നെത്തി, തുമ്പിക്കൈ കൊണ്ട് പാലം പരിശോധിച്ച ശേഷം ഓരോരുത്തരായി പാലം കടന്നു. അതിനു ശേഷം വീണ്ടും വേഗത്തിൽ ഓട്ടം തുടങ്ങി.
ആനകളനുഭവിക്കുന്ന സമ്മർദവും ആനപ്പിണ്ടവും തമ്മിലുള്ള ബന്ധത്തെ പറ്റി പഠിച്ചിരുന്നല്ലോ?
എംഎസ്‌സിക്കു പഠിക്കുമ്പോഴായിരുന്നു അത്. മനുഷ്യവാസകേന്ദ്രത്തിലൂടെ നീങ്ങുകയോ മനുഷ്യവാസ മേഖലയിൽ ജീവിക്കുകയോ ചെയ്യുന്ന കാട്ടാനകളനുഭവിക്കുന്ന മാനസിക സമ്മർദത്തെപ്പറ്റിയായിരുന്നു പഠനം. ആനപ്പിണ്ടത്തിൽനിന്നു ഹോർമോണുകൾ വേർതിരിച്ചെടുത്തു. ഓരോ ആനകളുടെയും പിറകെ നടന്ന്, അവ പോകുന്ന ഇടങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, ഭക്ഷിക്കുന്ന സാധനങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തി. ഏതു സാഹചര്യത്തിലാണ് ആനകളിൽ സ്ട്രെസ് ഹോർമോൺ മെറ്റൊബൊളൈറ്റ്സിന്റെ അളവ് കൂടുതലെന്നാണു പഠിച്ചത്. ആനകൾ ഓടിച്ചുവിടുമ്പോൾ, ഹോർമോണിന്റെ അംശം വർധിക്കുന്നതായാണു കണ്ടെത്തിയത്. ഇതിന്റെ തുടർച്ചയെന്നോണമാണു പിടിയാനകളുടെ സവിശേഷ സ്വഭാവങ്ങളെപ്പറ്റിയുള്ള പഠനം.
ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം എങ്ങനെ കുറയ്ക്കാം?
വൈദ്യുത വേലി നല്ലൊരു പരിഹാരമാണ്. പക്ഷേ, അതിന്റെ പരിപാലനമാണു വിഷയം. സർക്കാരോ സംഘടനകളോ വേലി വച്ചു കൊടുക്കും. പക്ഷേ, പിന്നീടവ കാടുകയറി നശിക്കും. ശ്രീലങ്കയിൽ, വൈദ്യുതി വേലി ഫലപ്രദമാണെന്നു നേരിട്ടു കണ്ടിട്ടുണ്ട്. വിളഞ്ഞു നിൽക്കുന്ന നെൽപാടത്തിനരികിൽ, വൈദ്യുതി വേലി കണ്ട് തിരിച്ചുപോയ 70 അംഗ ആനക്കൂട്ടത്തെ നിരീക്ഷിച്ചിട്ടുണ്ട്. അവിടെ, വില്ലേജ് തല സമിതികൾ വൈദ്യുത വേലി കൃത്യമായി കാടുവെട്ടിയും മറ്റും പരിപാലിക്കുന്നു. ഇതു നമുക്കും ചെയ്യാവുന്നതേയുള്ളു.
ആനയെ ആകർഷിക്കുന്ന വിളകൾ കൃഷി ചെയ്യാതിരിക്കുന്നതു പരിഹാരമാണോ?
ആനയെ പേടിച്ചു മറ്റൊരു വിള പരീക്ഷിക്കാൻ കർഷകരോടു പറയുന്നതു പ്രായോഗികമല്ല. ഗവേഷണത്തിനിടെ, 2011ൽ ഞാനൊരു കർഷകനെ കണ്ടിരുന്നു. കരിമ്പും ചോളവും ആന തിന്നതിനെ തുടർന്ന്, ആനയെ ഒഴിവാക്കാനായി ഉള്ളി കൃഷി ചെയ്തു. അപ്പോൾ മാനുകൾ വന്ന് ഉള്ളി തിന്നു. അതു വിട്ട്, ഉരുളക്കിഴങ്ങു വച്ചു. അപ്പോൾ, കാട്ടുപന്നിയാണെത്തിയത്. ഏതു വിളയായാലും വനത്തോടു ചേർന്നുള്ള പ്രദേശത്തെ കാർഷിക വിളകൾ ഏതെങ്കിലും വന്യമൃഗത്തിന്റെ തീറ്റയാകും. സന്തുലിതമായ സമീപനമാണു വേണ്ടത്.
ആന ഗവേഷണത്തിലേക്കു തിരിയാൻ പ്രത്യേകിച്ചു കാരണമുണ്ടോ?
ഓർമ വച്ച കാലം മുതൽ ആനക്കഥകൾ കേട്ടും ആനകളെ കണ്ടും വളർന്നതു തന്നെയാകണം കാരണം.
English Summary: Interview with Dr. Sreedhar Vijayakrishnan on Elephants' Long March in China