കടലെടുക്കുന്ന ലക്ഷദ്വീപ്, ജലനിരപ്പുയരുന്നു; കേരളത്തിനും മുന്നറിയിപ്പായ തിരയിളക്കങ്ങൾ
ചെറിയ ദ്വീപുകളായ ചെത്ത്‌ലാത്ത്, അമിനി എന്നിവയുടെ തീരപ്രദേശങ്ങളിലെ ഭൂരിഭാഗവും കരപ്രദേശം നഷ്ടപ്പെടും. വലിയ ദ്വീപുകളായ കവരത്തി, മിനിക്കോയ് എന്നിവയിലും പ്രത്യാഘാതങ്ങളുണ്ടാകും. അറബിക്കടലിൽ ജലനിരപ്പ് ഉയരുന്നത് ഈ വലിയ ദ്വീപുകളുടെ 60% തീരവും കവർന്നേക്കാം... | Lakshadweep Islands | Sea Level Rise | Climate Change | Manorama News
ചെറിയ ദ്വീപുകളായ ചെത്ത്‌ലാത്ത്, അമിനി എന്നിവയുടെ തീരപ്രദേശങ്ങളിലെ ഭൂരിഭാഗവും കരപ്രദേശം നഷ്ടപ്പെടും. വലിയ ദ്വീപുകളായ കവരത്തി, മിനിക്കോയ് എന്നിവയിലും പ്രത്യാഘാതങ്ങളുണ്ടാകും. അറബിക്കടലിൽ ജലനിരപ്പ് ഉയരുന്നത് ഈ വലിയ ദ്വീപുകളുടെ 60% തീരവും കവർന്നേക്കാം... | Lakshadweep Islands | Sea Level Rise | Climate Change | Manorama News
ചെറിയ ദ്വീപുകളായ ചെത്ത്‌ലാത്ത്, അമിനി എന്നിവയുടെ തീരപ്രദേശങ്ങളിലെ ഭൂരിഭാഗവും കരപ്രദേശം നഷ്ടപ്പെടും. വലിയ ദ്വീപുകളായ കവരത്തി, മിനിക്കോയ് എന്നിവയിലും പ്രത്യാഘാതങ്ങളുണ്ടാകും. അറബിക്കടലിൽ ജലനിരപ്പ് ഉയരുന്നത് ഈ വലിയ ദ്വീപുകളുടെ 60% തീരവും കവർന്നേക്കാം... | Lakshadweep Islands | Sea Level Rise | Climate Change | Manorama News
കടലിനു നടുവിൽ തിളങ്ങുന്ന രത്നമാണു ലക്ഷദ്വീപ്. ഇന്ത്യയുടെ സൗന്ദര്യത്തിന്റെയും സാംസ്കാരിക തനിമയുടെയും അമൂല്യമുദ്ര. എഴുപതിനായിരത്തോളം മാത്രം ജനസംഖ്യയുള്ള, രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം. പ്രകൃതി മനോഹരമായ ലക്ഷദ്വീപും അവിടുത്തെ ജനതയും അഗ്നിപർവതം പോലെ പുകയുകയാണിപ്പോൾ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന വിവാദ നിയമ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപിൽ മാത്രമല്ല, രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നു. ഉയരുന്ന സമുദ്രനിരപ്പ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പാരിസ്ഥിതികമായും ദ്വീപിനെ ഭയപ്പെടുത്തുന്നു.
ആഗോള പ്രവചനങ്ങളോട് അടുത്തുനിൽക്കുന്ന തരത്തിൽ ലക്ഷദ്വീപ് പ്രദേശത്തെ സമുദ്രനിരപ്പ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അപകടകരമായി ഉയരുമെന്നാണു പഠനങ്ങൾ പറയുന്നത്. നേരിട്ടുള്ള മനുഷ്യ പ്രവർത്തനങ്ങൾ കൂടാതെ കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാര്യങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിൽ ആശങ്കയുണ്ടാക്കുന്നതായി മോംഗാബേ-ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഒപ്പം പിറന്നതിന്റെ സാഹോദര്യവും സ്നേഹവും സൂക്ഷിക്കുന്ന അയൽപക്കമായ കേരളത്തിനും കണ്ണടച്ചു കളയാവുന്നതല്ല ദ്വീപിലെ തിരയിളക്കങ്ങളെ.
∙ കടലെടുക്കുമോ ഈ പവിഴപ്പുറ്റുകളെ?
‘എന്റെ വീട് കടലിനടുത്താണ്, തീരദേശത്തെ ദിനംപ്രതി കടലെടുക്കുന്നു. ഞങ്ങൾക്കു വികസനം വേണം. അതു ശാസ്ത്രീയവും സുസ്ഥിരവുമായിരിക്കണം. ദ്വീപുകൾക്കു ചുറ്റും സംരക്ഷണത്തിനായി കോൺക്രീറ്റ് മതിലുകളുണ്ട്. പക്ഷേ വേണ്ടതു കണ്ടൽക്കാടുകൾ പോലുള്ള പ്രകൃതി സംരക്ഷണമാണ്’– കവരത്തിയിലെ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ദ്വീപ് നിവാസിയും ഗവേഷകനുമായ ആർ.എം.ഹിദായത്തുല്ല പറയുന്നു. 2017 ൽ അറബിക്കടലിലെ ജനവാസമില്ലാത്ത പവിഴദ്വീപ് ഇല്ലാതായതു ശ്രദ്ധയിൽപ്പെട്ടതോടെയാണ്, ഉയരുന്ന സമുദ്രനിരപ്പ് ലക്ഷദ്വീപിനെയും ബാധിക്കുമെന്നു ഹിദായത്തുല്ല ചിന്തിച്ചത്.
ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്ര ഭാഗങ്ങൾ ഏറ്റവും വേഗത്തിൽ ചൂടാകുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള പരിസ്ഥിതി ദുർബലമായ ലക്ഷദ്വീപ് പുറമേയ്ക്കു മാത്രമല്ല അകമേയും അശാന്തമെന്നു സമുദ്ര പഠനങ്ങൾ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ മധ്യ വടക്കുഭാഗത്ത് മാലദ്വീപ് വരെ നീളുന്ന ചാഗോസ് – ലക്കാഡൈവ് റിഡ്ജ് എന്ന അഗ്നിപർവത ശൃംഖലയുടെ ഭാഗമാണു ലക്ഷദ്വീപ്. ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമായ മാലദ്വീപുകളും ചാഗോസ് ദ്വീപസമൂഹവും ഈ മേഖലയിലാണ്.
കടലിലെ പാറക്കൂട്ടങ്ങൾ (ശൈലസേതു- റീഫ്) ഇന്ത്യയിൽ പ്രധാനമായും മന്നാർ ഉൾക്കടൽ, പാക്ക് കടലിടുക്ക്, കച്ച് ഉൾക്കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവിടങ്ങളിലാണു കാണുന്നത്. ലക്ഷദ്വീപിലേത് പവിഴപ്പാറകളും മറ്റുള്ളവയെല്ലാം പാറക്കെട്ടുകളാണ്. രാജ്യത്തിന്റെ മധ്യ പടിഞ്ഞാറൻ തീരത്തും ചെറിയ തോതിൽ പവിഴപ്പുറ്റുണ്ട്. ഇന്ത്യയിലെ പവിഴപ്പുറ്റുകളുടെ നശീകരണം വളരെ വേഗത്തിലാണു നടക്കുന്നതെന്നു ഗവേഷകർ പറയുന്നു.
എക്കൽമണ്ണ് അടിയൽ, ഡ്രെഡ്ജിങ്, ഖനനം തുടങ്ങിയവ തീരപ്രദേശങ്ങൾക്കു സമീപത്തെ പവിഴപ്പുറ്റുകളെ നശിപ്പിക്കുന്നു. സ്ഫോടക വസ്തുക്കൾ പ്രയോഗിച്ചും ആഴത്തിൽ വലവീശിയും നടത്തുന്ന മത്സ്യബന്ധനവും റീഫുകളെ നശിപ്പിക്കുന്നു. 36 ദ്വീപുകളുള്ള ലക്ഷദ്വീപിൽ പത്തെണ്ണത്തിൽ മാത്രമാണു ജനവാസമുള്ളത്. ബാക്കി പവിഴ ദ്വീപുകളും റീഫുകളും മറ്റുമാണ്. ചതുരശ്ര കിലോമീറ്ററിൽ 2000 ലേറെ പേർ താമസിക്കുന്ന ദ്വീപ് ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള ഗ്രാമ പ്രദേശമാണ്.
കുറഞ്ഞ ഹരിതഗൃഹവാതക സാന്ദ്രതയുള്ള സാഹചര്യത്തിൽ പോലും ലക്ഷദ്വീപിനു ചുറ്റുമുള്ള സമുദ്രനിരപ്പ് ‘അപകടകരമായ രീതിയിൽ’ ഉയരുമെന്നു പ്രതീക്ഷിക്കുന്നതായി വേവ് ഓഷ്യൻ ഡൈനാമിക്സ് വിദഗ്ധൻ പ്രസാദ് കെ. ഭാസ്‌കരൻ പറയുന്നു. ഭൂമിയിലെ ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളിലൊന്നാണു പവിഴപ്പുറ്റുകള്‍ അടങ്ങുന്ന ആവാസ വ്യവസ്ഥ. കടല്‍പരപ്പിന്റെ ഒരു ശതമാനം മാത്രം വിസ്തൃതിയുള്ള ഇവയിൽ സമുദ്രത്തിലെ നാലിലൊന്നോളം വളരുന്ന ജീവജാലങ്ങളെ കാണാം.
കരയിലെ ഉഷ്ണമേഖലാ വനങ്ങള്‍ കഴിഞ്ഞാല്‍ ജൈവ വൈവിധ്യത്തില്‍ പവിഴപ്പുറ്റുകളാണു രാജാക്കന്മാര്‍. കടലിലെ മഴക്കാടുകളെന്നും നിത്യഹരിത വനങ്ങളെന്നുമെല്ലാം വിളിപ്പേരുണ്ട്. പെട്രോളിയം, ഔഷധങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, വിലയേറിയ ചെമ്പവിഴ രത്‌നം തുടങ്ങിയവയും പവിഴപ്പുറ്റിന്റെ സംഭാവനകളാണ്. കടലില്‍നിന്നു കരയെ സംരക്ഷിക്കുന്ന കരുത്തുറ്റ ഭിത്തികളാകുന്നതിനൊപ്പം നിറവൈവിധ്യവും വാണിജ്യ പ്രാധാന്യവുമുള്ള നിരവധി മത്സ്യങ്ങളുടെ വിളനിലവുമാണു പവിഴപ്പുറ്റുകള്‍.
∙ രണ്ടു തലമുറ കഴിയുമ്പോൾ കഥ മാറും
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, അതായതു അടുത്ത രണ്ടു തലമുറകൾ കഴിയുമ്പോഴേക്കും ദ്വീപിനു പാരിസ്ഥിതികമായി വലിയ മാറ്റമുണ്ടാകാമെന്നു പ്രസാദ് മുന്നറിയിപ്പ് നൽകുന്നു. ആഗോളതലത്തിൽ സമുദ്രനിരപ്പ് ഉയരുന്നതു വരുംവർഷങ്ങളിൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ചെറിയ ദ്വീപുകൾക്കു വലിയ ഭീഷണിയാണെന്നു പ്രസാദ് ഉൾപ്പെടെ ഖരഗ്പുർ ഐഐടിയിലെ നാലു ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.
കാലാവസ്ഥാ മോഡൽ പ്രവചനങ്ങൾ മാതൃകയാക്കി നടത്തിയ പഠനത്തിൽ, ലക്ഷദ്വീപിലെ ചെറിയ ദ്വീപുകളിൽ സംഭവിക്കാനിടയുള്ള വെള്ളപ്പൊക്കം സംബന്ധിച്ച സൂചനകൾ സംഘത്തിനു ലഭിച്ചു. വിവിധ സാഹചര്യങ്ങളിൽ ഓരോ വർഷവും സമുദ്രനിരപ്പ് 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ ഉയരുമെന്നാണു കണ്ടെത്തിയത്. 2080–2100 കാലഘട്ടത്തിൽ 0.78 മീറ്ററാണു സമുദ്രനിരപ്പ് കൂടുക.
ഐപിസിസി (ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) പ്രവചിക്കുന്ന ആഗോള സമുദ്രനിരപ്പ് ഉയർച്ചയേക്കാൾ (0.8–2.0 മീറ്റർ) കുറവാണിത്. എങ്കിലും ദ്വീപുകൾ ഒട്ടും സുരക്ഷിതമല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഹരിതഗൃഹവാതക സാന്ദ്രത കണക്കാക്കുന്ന ശാസ്ത്ര സങ്കേതമാണ് ആർസിപി (റപ്രസന്റേറ്റീവ് കോൺസൻട്രേഷൻ പാത്ത്‍വേ). ആർസിപി 2.6, ആർസിപി 4.5, ആർസിപി 6.0, ആർസിപി 8.5 എന്നീ നാലെണ്ണമാണു കാലാവസ്ഥാ മോഡലുകളിൽ ഉപയോഗിക്കുന്നത്.
ആർസിപി 2.6, 4.5, 8.5 സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മോഡലുകളിൽനിന്നു ലഭിച്ച പ്രൊജക്‌ഷൻ റിപ്പോർട്ട് പ്രകാരം സംഭവിക്കാനിടയുള്ള വെള്ളപ്പൊക്കത്തെ സംഘം മാപ്പ് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ എല്ലാ ദ്വീപുകളും സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങളുടെ ഇരയാകാൻ സാധ്യതയുണ്ടെന്നാണു മാപ്പിങ്ങിൽ മനസ്സിലായത്. തലസ്ഥാനമായ കവരത്തിയുടെ തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുമെന്നാണു പ്രവചനം.
1973-2010 കാലഘട്ടത്തിൽ പ്രതിവർഷം 1.72 മില്ലിമീറ്റർ എന്ന തോതിലാണ് അറബിക്കടലിൽ ജലനിരപ്പ് ഉയർന്നത്. ലക്ഷദ്വീപ് ദ്വീപുകളിൽ 1981-2005 കാലഘട്ടത്തിലെ ഡേറ്റ സൂചിപ്പിക്കുന്നത്, സമുദ്രനിരപ്പിൽ പ്രതിവർഷം 0.5 മില്ലിമീറ്റർ ഉയർച്ചയാണ്. സമുദ്രജലത്തിലെ സാന്ദ്രതയിലുള്ള വ്യത്യാസം, സമുദ്രതാപവും അതിന്റെ സഞ്ചാരവും, സമുദ്രചംക്രമണ സവിശേഷതകൾ എന്നിവയാണു വ്യത്യാസത്തിനു കാരണം. ഭാവിയിലുണ്ടാകാവുന്ന ഉയർന്ന സമുദ്രനിരപ്പ് വ്യത്യസ്ത അളവിൽ എല്ലാ ദ്വീപിലും വെള്ളപ്പൊക്ക സാഹചര്യം സൃഷ്ടിക്കുമെന്നും ഗവേഷകർ പറയുന്നു.
ചെറിയ ദ്വീപുകളായ ചെത്ത്‌ലാത്ത്, അമിനി എന്നിവയുടെ തീരപ്രദേശങ്ങളിലെ ഭൂരിഭാഗം കരപ്രദേശവും നഷ്ടപ്പെടും. വലിയ ദ്വീപുകളായ കവരത്തി, മിനിക്കോയ് എന്നിവയിലും പ്രത്യാഘാതങ്ങളുണ്ടാകും. അറബിക്കടലിൽ ജലനിരപ്പ് ഉയരുന്നത് ഈ വലിയ ദ്വീപുകളുടെ 60% തീരവും കവർന്നേക്കാം. എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളിലും ആന്ത്രോത്ത് ദ്വീപിൽ കുറഞ്ഞ വെള്ളപ്പൊക്കമേയുണ്ടാകൂ എന്നും പ്രവചിക്കുന്നു.
∙ പ്രഫുൽ പട്ടേൽ കൊളുത്തിയ തീ
വികസനത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും വേണ്ടി പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിൽ സ്വകാര്യ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ചു, പ്രമുഖ വകുപ്പുകളുടെയെല്ലാം ചുമതല ഏറ്റെടുത്തു, മദ്യവിരുദ്ധ മേഖലയായ ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ മദ്യം അനുവദിച്ചു, സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസം ഒഴിവാക്കി, കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, കുറ്റകൃത്യനിരക്ക് കുറവുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് ഏർപ്പെടുത്തി, 2 മക്കളിൽ കൂടുതലുള്ളവർക്കു പഞ്ചായത്തിലേക്കു മത്സരിക്കുന്നതിനു വിലക്കേർപ്പെടുത്തി തുടങ്ങിയ നടപടികളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടായത്.
കേരളത്തിനും ലക്ഷദ്വീപിനും പൊക്കിൾക്കൊടി ബന്ധമുള്ളതിനാലാണു പ്രതിഷേധത്തിന്റെ മുൻനിരയിൽ മലയാളികളുണ്ടായതും അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്കെതിരെ കേരള നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയതും. പതിനെട്ടാം നൂറ്റാണ്ടിൽ കണ്ണൂരിലെ അറക്കൽ രാജവംശത്തിന്റെ കീഴിലായിരുന്ന ഈ ദ്വീപുകളെ പിന്നീടു ടിപ്പു സുൽത്താൻ അധീനപ്പെടുത്തുകയായിരുന്നു. 1799 ൽ ഇംഗ്ലിഷുകാർ ടിപ്പുവിനെ തോൽപിച്ച ശേഷം അവ മദ്രാസ് പ്രസിഡൻസിയിലെ കോഴിക്കോട് ആസ്ഥാനമായ മലബാർ ജില്ലയുടെ ഭാഗമാക്കി.
1952 ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ, അന്നു ‘പടിഞ്ഞാറൻ തീരത്തെ ദ്വീപുകൾ’ എന്നറിയപ്പെട്ടിരുന്ന ലക്ഷദ്വീപ്, മിനിക്കോയ്, അമിൻദിവി എന്നിവ ചേവായൂർ അസംബ്ലി നിയോജക മണ്ഡലത്തിന്റെയും അതടങ്ങുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെയും ഭാഗമായിരുന്നു. 1956 ൽ കേരളപ്പിറവിദിനത്തിൽ തന്നെയാണു കേന്ദ്രഭരണ പ്രദേശമായി ലക്ഷദ്വീപും നിലവിൽവന്നത്. പ്രഫുൽ പട്ടേൽ ദ്വീപിൽ കാലെടുത്തുവച്ചപ്പോൾ ആദ്യമായി ചെയ്തതു കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുക എന്നതായിരുന്നു. അതിന്റെ ഫലമായി, 2020 ഡിസംബർ വരെ കോവിഡ് ഇല്ലാതിരുന്ന ദ്വീപുകളിൽ സ്ഥിതി രൂക്ഷമായി.
കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുലിനു കേന്ദ്രം ലക്ഷദ്വീപിന്റെ അധികച്ചുമതലകൂടി നൽകുകയായിരുന്നു. 1956 നവംബർ ഒന്നുമുതൽ ഇതുവരെ 35 അഡ്മിനിസ്ട്രേറ്റർമാർ ലക്ഷദ്വീപിന്റെ ചുമതല വഹിച്ചിട്ടുണ്ടെങ്കിലും മുൻഗാമികൾ ആലോചിക്കുകപോലും ചെയ്യാത്തവിധം, കടുത്ത ജനവിരുദ്ധ നടപടികളാണ് ഇദ്ദേഹത്തിന്റേതെന്നു ദ്വീപുവാസികൾ പറയുന്നു. ടൂറിസമടക്കമുള്ള മേഖലകളുടെ വികസനത്തിനു വേണ്ടിയുള്ള പരിഷ്കാരങ്ങളെന്നാണു ഭരണകൂടത്തിന്റെ ന്യായീകരണം.
∙ ‘ജൈവായുധ’ത്തിൽ രാജ്യദ്രോഹക്കേസ്
അഡ്മിനിസ്ട്രേറ്ററുടെയും കേന്ദ്ര സർക്കാരിന്റെയും നടപടികൾക്കെതിരെ ഓൺലൈനായും അല്ലാതെയും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടെ ചാനൽ ചർച്ചയിൽ, കേന്ദ്രസർക്കാർ ദ്വീപു ജനതയ്ക്കെതിരെ ‘ജൈവായുധം’ പ്രയോഗിക്കുന്നു എന്ന പരാമർശം നടത്തിയ സിനിമാ സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുത്തു. ശക്തമായ നടപടിയുമായി മുന്നോട്ടു പോകാൻ പൊലീസിനു മുകളിൽനിന്നു നിർദേശവും കിട്ടിക്കഴിഞ്ഞു. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദറാണു പരാതിക്കാരൻ.
തനിക്കെതിരെ ചുമത്തിയിരിക്കുന്നതു കള്ളക്കേസാണെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ആയിഷ സുൽത്താന പറയുന്നു. പ്രഫുൽ പട്ടേലിന്റെ നയങ്ങളെയാണു ജൈവായുധം എന്നു വിശേഷിപ്പിച്ചത്. രാജ്യത്തിനെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോ പരാമർശം ഉണ്ടായിട്ടില്ല. ചാനൽ ചർച്ചയിൽ, മലയാളം ശരിക്കു സംസാരിക്കാനറിയാത്ത തനിക്കു ചെറിയൊരു നാവുപിഴ മാത്രമാണുണ്ടായത്. തിരിച്ചറിഞ്ഞയുടൻ വിഡിയോയും കുറിപ്പും പുറത്തുവിട്ടു പരാമർശം തിരുത്തിയെന്നും ആയിഷ പറഞ്ഞു.
ആയിഷയ്ക്കു പൂർണ പിന്തുണ നൽകുന്നതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രഖ്യാപിച്ചു. ഇതിനിടെ, ലക്ഷദ്വീപിൽ തദ്ദേശീയ മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചു നിരീക്ഷണത്തിനും തുറമുഖങ്ങൾ, ജെട്ടികൾ, കപ്പലുകളുൾപ്പെടെയുള്ള യാനങ്ങൾ എന്നിവയ്ക്കു രണ്ടാംതല സുരക്ഷ ഏർപ്പെടുത്താനുമുള്ള വിവാദ തീരുമാനങ്ങൾ പിൻവലിച്ചു. മഞ്ച്, ബോട്ട് എന്നിവ ദ്വീപിലെത്തുന്നതു സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കാനും യാനങ്ങൾ നങ്കൂരമിടുന്ന സ്ഥലങ്ങളിലും ഹെലിപ്പാഡുകളിലും സിസിടിവി ക്യാമറാ നിരീക്ഷണം ശക്തമാക്കാനും കൊച്ചിക്കു പുറമെ ബേപ്പൂർ, മംഗളൂരു തുറമുഖങ്ങളിലും യാത്രക്കാരെയും ബാഗേജും പരിശോധിക്കാനുമായിരുന്നു നിർദേശം.
∙ ദ്വീപ് വികസനത്തിനു വേണ്ടത് സന്തുലനം
ദ്വീപുകളിലെ വികസനത്തിന്റെ പേരു പറഞ്ഞാണു പല നിയമങ്ങളും ഇപ്പോൾ നടപ്പാക്കുന്നത്. എന്നാൽ, രണ്ടായിരാമാണ്ടിലെ മാപ്പ് അടിസ്ഥാനമാക്കിയാണു പഠനം നടത്തിയതെന്നും പ്രവചിച്ച നാശനഷ്ടങ്ങളിൽ പലതും ഇതിനകം സംഭവിച്ചിരിക്കാമെന്നും പ്രസാദിന്റെ സഹഗവേഷകരായ ഐഷ ജെന്നത്ത്, ആതിര കൃഷ്ണൻ, സൈകത് കുമാർ പോൾ എന്നിവർ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം നേരിയ തോതിൽ സമുദ്രനിരപ്പ് ഉയരുന്നതുതന്നെ തീരദേശത്തെ മണ്ണൊലിപ്പിന്റെ വേഗം കൂട്ടുകയും കൂടുതൽ ഭൂമി നഷ്ടപ്പെടുത്തുകയും ചെയ്യും.
എളുപ്പത്തിൽ നശിക്കുന്ന തീരപ്രദേശങ്ങളിൽനിന്ന് ഉൾനാടൻ കുടിയേറ്റത്തിനും വഴിയൊരുങ്ങും. മുൻപു സംരക്ഷിത പ്രദേശങ്ങൾ ആയിരുന്നവ ഇതോടെ ഇല്ലാതാകും. പാരിസ്ഥിതിക ആശങ്കകളും ദ്വീപുകളിലെ ജനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ചുള്ള സന്തുലന വികസന പദ്ധതികളാണ് ആവശ്യമെന്നു പഠനങ്ങൾ ഊന്നിപ്പറയുന്നു. വികസന പ്രവർത്തനങ്ങൾക്കായി തീരദേശ നിയന്ത്രണ മേഖലയുടെ വിജ്ഞാപനത്തിൽ സാങ്കേതികതയ്ക്കപ്പുറം പ്രകൃതിയെ കൂടി പരിഗണിക്കണം.
അതിലോലമായ ആവാസവ്യവസ്ഥയുള്ള ഇവിടെ വ്യവസായങ്ങളുടെയും ടൂറിസത്തിന്റെയും ക്രമാതീതമായ വളർച്ച ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കൂ. കാലാവസ്ഥാ വ്യതിയാനം ദ്വീപിലുണ്ടാക്കുന്ന സ്വാധീനത്തെപ്പറ്റിയുള്ള ആശങ്കകൾ അംഗീകരിച്ച ഭരണകൂടമാണു ലക്ഷദ്വീപിലേത് എന്നതും ഇപ്പോഴത്തെ പരിഷ്കാരങ്ങളും കൂട്ടിവായിക്കേണ്ടതാണ്. 2012ൽ ദ്വീപിനെ രക്ഷിക്കാനായി കാലാവസ്ഥാ കർമപദ്ധതി ആവിഷ്കരിച്ചിരുന്നു. കൊടുങ്കാറ്റ്, തിരമാലകളുടെ ആക്രമണം, പവിഴപ്പുറ്റുകളുടെ നാശം എന്നിവ മൂലം മണ്ണൊലിപ്പ് സംഭവിക്കുന്നുവെന്നും സമുദ്രനിരപ്പ് ഉയരുന്നതു കാര്യങ്ങൾ മോശമാക്കുമെന്നും ഇതിൽ എടുത്തുപറയുന്നുണ്ട്.
പൊതുവേ ശാന്തമായ അറബിക്കടലിൽ കാലാവസ്ഥാ വ്യതിയാനം മൂലം ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുകയാണ്. ചുഴലിക്കാറ്റിൽ ശക്തിയേറിയ തിരമാലകൾ കരയിലടിക്കുന്നതും തീരങ്ങളുടെ നാശത്തിനു കാരണമാണ്. മനുഷ്യന്റെ ഇടപെടലിനെ തുടർന്ന്, കടൽത്തീരം പിൻവാങ്ങലും തിരിച്ചുവരലും എന്ന സ്വാഭാവികചക്രം തടസ്സപ്പെടുന്നു. അതിനാൽ തീരപ്രദേശങ്ങളിൽ നഷ്ടപ്പെടുന്ന അതേ വേഗത്തിൽ കര ഉണ്ടായിവരുന്നുമില്ല– ഗവേഷകർ അഭിപ്രായപ്പെടുന്നു.
∙ പവിഴപ്പുറ്റിനെ വെളുപ്പിക്കുന്ന ബ്ലീച്ചിങ്
കടലിനു ചൂടേറുമ്പോൾ, പവിഴപ്പുറ്റുകൾ വെള്ളനിറം പ്രാപിക്കുന്ന പ്രക്രിയയ്ക്കു പറയുന്ന പേരാണു ബ്ലീച്ചിങ്. സമുദ്ര ജലത്തിന്റെ താപനില കൂടുമ്പോൾ പവിഴങ്ങൾ അവയുടെ ശരീരത്തിലെ ജീവകലകളിൽ താമസിക്കുന്ന, സുഹൃത്തുക്കളും അന്നദാതാക്കളുമായ സൂക്ഷ്മജീവികളെ തള്ളിപ്പുറത്താക്കുന്നു. ഇതോടെ നിറം നഷ്ടപ്പെടുന്ന പവിഴങ്ങൾ വൈകാതെ പട്ടിണിയിലായി നാശമടയുന്നു. അതിജീവിക്കുന്ന പവിഴങ്ങളിലാകട്ടെ വളർച്ചയും വംശവർധനയും തടസ്സപ്പെടും.
ദൃഢമായ പവിഴപ്പുറ്റുകള്‍ ദുര്‍ബലമായി ഇല്ലാതാകുന്നതോടൊപ്പം, അവയെ ആശ്രയിച്ചു കഴിയുന്ന നിരവധി ജീവജാലങ്ങളും അനാഥരാകുന്നു. മനുഷ്യരുടെ ആഹാരവും ജീവനോപാധിയുമായ നിരവധി മത്സ്യ ഇനങ്ങളുടെ ഭക്ഷണവും പാര്‍പ്പിടവും നഷ്ടമാകുന്നു. ചിലപ്പോൾ അവയുടെ വംശനാശവും സംഭവിക്കുന്നു. 1998, 2010, 2016 വർഷങ്ങളിൽ മൂന്നു പ്രധാന ബ്ലീച്ചിങ് സംഭവങ്ങൾ ലക്ഷദ്വീപിലുണ്ടായി. 1998 ലെ സംഭവത്തിനു ശേഷം പവിഴപ്പുറ്റുകൾ പഴയപടി ആയെങ്കിലും 2010 ലെ ബ്ലീച്ചിങ്ങിനു ശേഷം വീണ്ടെടുക്കൽ മന്ദഗതിയിലായിരുന്നു.
2010ലെ ബ്ലീച്ചിങ്ങിൽനിന്നു കരകയറുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോഴാണു 2016 ൽ വീണ്ടും എൽ നിനോ പ്രതിഭാസമുണ്ടായത്. 2018ലെ ഓഖി ഉൾപ്പെടെയുള്ള ചുഴലിക്കാറ്റുകളും പവിഴപ്പുറ്റുകളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ബ്ലീച്ചിങ്ങിന്റെ ഇടവേള കുറയുന്നതും വ്യവസായികാടിസ്ഥാനത്തിൽ മീൻപിടിക്കുന്നതും പവിഴപ്പുറ്റുകളുടെ അതിജീവനത്തെ ബാധിക്കുന്നുണ്ട്.
∙ 2100 ൽ 630 ദശലക്ഷം മനുഷ്യർ ഇരകളാകും
സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതം 2050 ഓടെ, നേരത്തേ വിചാരിച്ചതിലും മൂന്നിരട്ടി ആളുകളെ ബാധിക്കുമെന്നാണു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. തീരപ്രദേശത്തെ വെള്ളപ്പൊക്കം അടുത്ത 30 വർഷത്തിനുള്ളിൽ ലോകത്താകെ 300 ദശലക്ഷം കുടുംബങ്ങളെ ബാധിക്കും. കാർബൺ ബഹിർഗമനം കുറയുന്നില്ലെങ്കിൽ 2100 ആകുമ്പോഴേക്കും ഇരകളുടെ എണ്ണം 630 ദശലക്ഷമായി ഉയരും.
2019ൽ നേച്ചർ കമ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച ക്ലൈമറ്റ് സെൻട്രലിന്റെ പഠനമനുസരിച്ച്, 2050 ഓടെ പ്രതിവർഷം 300 ദശലക്ഷം ആളുകൾക്കാണു വെള്ളപ്പൊക്ക ദുരിതം നേരിടേണ്ടി വരിക. ഉയർന്ന വേലിയേറ്റത്തെ തുടർന്നു സ്ഥിരമായി സമുദ്രനിരപ്പ് ഉയരുന്നത് 150 ദശലക്ഷം ആളുകളുടെ വാസസ്ഥലം ഇല്ലാതാക്കും. നേരത്തേ 80 ദശലക്ഷം പേരെ ബാധിക്കുമെന്നു പ്രവചിച്ചിരുന്ന സ്ഥാനത്താണ് ഈ കൂടിയ കണക്കെന്നത് ആശങ്കയുണ്ടാക്കുന്നു.
21-ാം നൂറ്റാണ്ടിൽ സമുദ്രനിരപ്പ് 2 മുതൽ 7 അടി വരെയോ അതിൽ കൂടുതലോ ഉയർന്നേക്കാമെന്നാണ് അനുമാനം. ചൈന, ബംഗ്ലദേശ്, ഇന്ത്യ, വിയറ്റ്നാം, ഇന്തൊനീഷ്യ, തായ്‍ലൻഡ് എന്നീ രാജ്യങ്ങളാണു വലിയ ഭീഷണി നേരിടുന്നത്. ഇവിടങ്ങളിൽ മുൻപു കരുതിയതിനേക്കാൾ 54 ദശലക്ഷം ആളുകളെ അധികമായി ബാധിക്കും, മൊത്തം 237 ദശലക്ഷം മനുഷ്യർ ദുരിതത്തിലാകും. ഈ കണക്കുകൾ, മാസ്മരിക അഴകുള്ള ലക്ഷദ്വീപ് കടൽ കയറി കൺമുന്നിൽ ഇല്ലാതാകുന്നതു തടയാൻ നാമേവരും ഒത്തുപിടിക്കണമെന്ന ഓർമപ്പെടുത്തലാകുന്നു.
English Summary: Lakshadweep Islands facing threat from future sea level rise and climate change- Analysis report