പൊളിച്ചടുക്കി ജയലളിതയുടെ മുറി; സ്റ്റാലിന് ബുള്ളറ്റ്പ്രൂഫ് കാറൊരുക്കി പ്രധാനമന്ത്രി
സ്റ്റാലിന്റെ വരവിനു മുന്നോടിയായി പ്രത്യേക നിർദേശ പ്രകാരം ഈ മുറിയിൽ നിന്ന് പച്ച നിറത്തിലുള്ള ടൈലുകൾ എല്ലാം പൊളിച്ചു നീക്കി. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്റെ പച്ച നിറത്തിനു സമമായ ടൈലുകളായിരുന്നു ലക്ഷങ്ങൾ ചെലവിട്ട് ഇവിടെ പതിപ്പിച്ചിരുന്നത്. ഇതിനൊപ്പം ഇതേ നിറത്തിലുള്ള കർട്ടനുകളും നീക്കി... MK Stalin
സ്റ്റാലിന്റെ വരവിനു മുന്നോടിയായി പ്രത്യേക നിർദേശ പ്രകാരം ഈ മുറിയിൽ നിന്ന് പച്ച നിറത്തിലുള്ള ടൈലുകൾ എല്ലാം പൊളിച്ചു നീക്കി. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്റെ പച്ച നിറത്തിനു സമമായ ടൈലുകളായിരുന്നു ലക്ഷങ്ങൾ ചെലവിട്ട് ഇവിടെ പതിപ്പിച്ചിരുന്നത്. ഇതിനൊപ്പം ഇതേ നിറത്തിലുള്ള കർട്ടനുകളും നീക്കി... MK Stalin
സ്റ്റാലിന്റെ വരവിനു മുന്നോടിയായി പ്രത്യേക നിർദേശ പ്രകാരം ഈ മുറിയിൽ നിന്ന് പച്ച നിറത്തിലുള്ള ടൈലുകൾ എല്ലാം പൊളിച്ചു നീക്കി. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്റെ പച്ച നിറത്തിനു സമമായ ടൈലുകളായിരുന്നു ലക്ഷങ്ങൾ ചെലവിട്ട് ഇവിടെ പതിപ്പിച്ചിരുന്നത്. ഇതിനൊപ്പം ഇതേ നിറത്തിലുള്ള കർട്ടനുകളും നീക്കി... MK Stalin
മനസ്സിൽ പല തവണ പറഞ്ഞുറപ്പിച്ച തീരുമാനങ്ങളോടെയാണ് തമിഴ്നാടിന്റെ തലൈവർ എം.കെ.സ്റ്റാലിൻ രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ വിമാനം ഇറങ്ങുന്നത്. ഇതിനു മുൻപു പിതാവ് കരുണാനിധിക്കു പിന്നിലായി നിന്നു സ്റ്റാലിൻ പലതവണ ഡൽഹിയിലെത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായി സ്റ്റാലിന്റെ ആദ്യ ഡൽഹി സന്ദർശനമാണിത്. അതു കൊണ്ടുതന്നെ ചില ആവശ്യങ്ങൾ കൃത്യമായി അറിയിക്കേണ്ടവരെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു സ്റ്റാലിൻ.
പറന്നിറങ്ങും മുതൽ കാവൽ
17നു രാവിലെ ഏഴിനാണ് സ്റ്റാലിൻ പുറപ്പെടുക. ചെന്നൈ വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിലിറങ്ങുന്ന സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയാണു കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സ്വീകരിക്കാൻ ഡൽഹിയിലെ തമിഴ്നാടിന്റെ പ്രതിനിധിയും മുൻ എംപിയുമായ എ.കെ.എസ്. വിജയനും സംഘവുമെത്തും. തമിഴ്നാട്ടിൽനിന്നുള്ള എംപിമാരും മുതിർന്ന മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ടാകും. ഇവിടെനിന്നു ചാണക്യപുരിയിലെ പൊതിഗൈ തമിഴ്നാട് ഹൗസിലേക്കു പോകാൻ തനിക്കു കരുണാനിധി ഉപയോഗിച്ചിരുന്ന അതേ കാർ വേണമെന്നാണു സ്റ്റാലിന്റെ നിർദേശം.
ടൊയോട്ടയുടെ ആൽഫ്രഡ് എന്ന ആഡംബര കാറാണ് ഡൽഹിയിൽ കരുണാനിധി ഉപയോഗിച്ചിരുന്നത്. ഈ കാർ ഇന്ത്യയിൽ ലഭ്യമല്ലാതിരുന്ന കാലത്ത് ഇറക്കുമതി ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണു കരുണാനിധി ഉപയോഗിച്ചിരുന്നത്. കരുണാനിധിയുടെ മരണ ശേഷം വാഹനം കൃത്യമായി പരിപാലിക്കാനും ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, സ്റ്റാലിനു വേണ്ടി ബുള്ളറ്റ് പ്രൂഫ് കാർ ഒരുക്കിയിട്ടുണ്ടെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഇതിൽ ഏതു തിരഞ്ഞെടുക്കുമെന്നതു കാത്തിരുന്നു കാണേണ്ടി വരും.
‘പൊളിച്ചടുക്കി’ ജയലളിതയുടെ സ്യൂട്ട് റൂം
ജയലളിത നവീകരിച്ചു നിർമിച്ച ചാണക്യപുരിയിലെ തമിഴ്നാട് ഹൗസിലെത്തുന്ന സ്റ്റാലിനു പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. തമിഴ്നാട് ഹൗസിലെത്തുമ്പോൾ ജയലളിത താമസിച്ചിരുന്ന അതേ സ്യൂട്ട് മുറിതന്നെ തനിക്കും വേണമെന്നു സ്റ്റാലിൻ മുൻകൂട്ടി അറിയിച്ചിരുന്നു. ജയലളിതയ്ക്കു ശേഷം ആദ്യമായാണ് മറ്റൊരു മുഖ്യമന്ത്രി ഈ മുറി ഉപയോഗിക്കുന്നത്. മുൻപ് ഒ.പനീർസെൽവവും എടപ്പാടി പളനിസ്വാമിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ മറ്റു മുറികളാണ് ഉപയോഗിച്ചിരുന്നത്.
സ്റ്റാലിന്റെ വരവിനു മുന്നോടിയായി പ്രത്യേക നിർദേശ പ്രകാരം ഈ മുറിയിൽ നിന്ന് പച്ച നിറത്തിലുള്ള ടൈലുകൾ എല്ലാം പൊളിച്ചു നീക്കി. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്റെ പച്ച നിറത്തിനു സമമായ ടൈലുകളായിരുന്നു ലക്ഷങ്ങൾ ചെലവിട്ട് ഇവിടെ പതിപ്പിച്ചിരുന്നത്. ഇതിനൊപ്പം ഇതേ നിറത്തിലുള്ള കർട്ടനുകളും നീക്കി. ജയലളിത ഉപയോഗിച്ചിരുന്ന തടി ഉപകരണങ്ങളും മാറ്റണമെന്നു നിർദേശിച്ചിട്ടുണ്ട്.
തീരുമാനിച്ചുറപ്പിച്ച്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ 17നു വൈകിട്ട് അഞ്ചിനാണ് സ്റ്റാലിൻ കാണുക. മോദിയെ കൂടാതെ നിർമല സീതാരാമൻ, രാജ്നാഥ് സിങ്, അമിത്ഷാ, പിയൂഷ് ഗോയൽ തുടങ്ങിയവരെയും സോണിയാ ഗാന്ധി, രാഹുൽഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരുമായും ചർച്ചകൾ നടത്തുന്ന സ്റ്റാലിൻ ഡൽഹി സന്ദർശനത്തെ അതീവ പ്രാധാന്യത്തോടെയാണു കൈകാര്യം ചെയ്യുന്നത്. നീറ്റ് പരീക്ഷ തമിഴ്നാട്ടിൽ നടത്തില്ലെന്ന കാര്യം ഔദ്യോഗികമായി സ്റ്റാലിൻ പ്രധാനമന്ത്രിയെ അറിയിക്കും.
നീറ്റ് പരീക്ഷ വഴി വിദ്യാർഥികൾക്കിടയിൽ അസമത്വം ഉണ്ടാകുന്നതായും ഇതിനു പകരമായി 12–ാം ക്ലാസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാനാണു തമിഴ്നാടിന്റെ തീരുമാനമെന്നും അറിയിക്കും. ചെങ്കൽപ്പെട്ടിലെ വാക്സീൻ നിർമാണ യൂണിറ്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് ആരായും. നിലപാട് അനകൂലമായാലും പ്രതികൂലമായാലും പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണു സ്റ്റാലിൻ. 18ന് അദ്ദേഹം ചെന്നൈയിൽ മടങ്ങിയെത്തും.
‘ഒൻഡ്രിയ അരസ് പോതും’
കേന്ദ്ര സർക്കാരിനെ വിശേഷിപ്പിക്കാൻ ഒൻഡ്രിയ അരസ് (യൂണിയൻ ഗവൺമെന്റ്) എന്ന പദമാണ് ഇപ്പോൾ സ്റ്റാലിന്റെ പ്രത്യേക നിർദേശ പ്രകാരം തമിഴ്നാട് സർക്കാർ ഉപയോഗിക്കുന്നത്. ഈ വാക്ക് സർക്കാർ രേഖകളിൽ മുൻപ് ഉപയോഗിച്ചിരുന്നില്ലെങ്കിലും ഡിഎംകെ അധികാരത്തിൽ എത്തിയതോടെ ഔദ്യോഗിക രേഖകളിലും ഇതേ പദം ഉപയോഗിച്ചു തുടങ്ങി. സർക്കാർ ഉത്തരവുകൾ, പാർട്ടി സമ്മേളനങ്ങൾ, വാർത്താ സമ്മേളനം എന്നിവയ്ക്കും ‘ഒൻഡ്രിയ അരസ്’ എന്ന വാക്കു തന്നെയാണ് ഉപയോഗിക്കുക.
മുഖ്യമന്ത്രിമാരായിരുന്ന അണ്ണാ ദുരൈയുടെയും കരുണാനിധിയുടെയും കാലത്ത് ഇതേ വാക്കാണ് ഉപയോഗിച്ചിരുന്നത്. ഇടയ്ക്ക് ഇതിനു പകരം ‘മത്തിയ അരസ്’ (കേന്ദ്ര സർക്കാർ) എന്ന പദം ഉപയോഗിച്ചു തുടങ്ങിയെങ്കിലും സ്റ്റാലിൻ പഴയ പ്രയോഗം തിരിച്ചു കൊണ്ടു വന്നു. ഭാഷാ രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള ദ്രാവിഡ മണ്ണിൽ ഈ തീരുമാനം ഉണ്ടാക്കിയ സ്വാധീനവും ചില്ലറയല്ല.
English Summary: Tamil Nadu CM MK Stalin to Visit Delhi