മരമൊന്നിന് 15 ലക്ഷം വരെ, മുതൽമുടക്കിന്റെ എട്ടിരട്ടി ലാഭം; എന്താണീ കച്ചവട രഹസ്യം?
60 ഇഞ്ചെങ്കിലും ഉള്ള തേക്കു മരങ്ങൾക്കാണ് വില. ഒരു ക്യുബിക് അടി തേക്കിന്റെ വില ശരാശരി 4000 രൂപ മുതൽ 5000 രൂപ വരെ വരും. പശ്ചിമഘട്ട മല നിരകളിലെ ഈട്ടിത്തടിയാണ് രാജ്യാന്തര മാർക്കറ്റിൽ പ്രിയങ്കരം. | Teak business| Indian rosewood | Nilambur teak | Kerala forest department | Parambikulam | Tree felling | Manorama Online
60 ഇഞ്ചെങ്കിലും ഉള്ള തേക്കു മരങ്ങൾക്കാണ് വില. ഒരു ക്യുബിക് അടി തേക്കിന്റെ വില ശരാശരി 4000 രൂപ മുതൽ 5000 രൂപ വരെ വരും. പശ്ചിമഘട്ട മല നിരകളിലെ ഈട്ടിത്തടിയാണ് രാജ്യാന്തര മാർക്കറ്റിൽ പ്രിയങ്കരം. | Teak business| Indian rosewood | Nilambur teak | Kerala forest department | Parambikulam | Tree felling | Manorama Online
60 ഇഞ്ചെങ്കിലും ഉള്ള തേക്കു മരങ്ങൾക്കാണ് വില. ഒരു ക്യുബിക് അടി തേക്കിന്റെ വില ശരാശരി 4000 രൂപ മുതൽ 5000 രൂപ വരെ വരും. പശ്ചിമഘട്ട മല നിരകളിലെ ഈട്ടിത്തടിയാണ് രാജ്യാന്തര മാർക്കറ്റിൽ പ്രിയങ്കരം. | Teak business| Indian rosewood | Nilambur teak | Kerala forest department | Parambikulam | Tree felling | Manorama Online
കേരളത്തിൽ ഇന്നു വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈട്ടിയും തേക്കും. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ ഈട്ടി, തേക്ക് മരങ്ങൾ പട്ടയ ഭൂമിയിൽനിന്ന് വെട്ടിയിറക്കിയെന്ന വാർത്തകൾ പുറത്തു വരുമ്പോൾ ഇതിനു പിന്നിലെ കച്ചവട രഹസ്യം എന്താണെന്ന് എല്ലാവരും ചിന്തിക്കും. ചെറിയ മുതൽമുടക്കിൽ എട്ടിരട്ടി വരെ ലാഭം കിട്ടുന്നതാണ് ഈട്ടി, തേക്ക് കച്ചവടം. മരം നട്ടു പരിപാലിക്കുന്ന കർഷകനോ പട്ടയ ഉടമയ്ക്കോ അല്ല ഈ ലാഭം എന്നു മാത്രം. മരം മുറിച്ചു കൊണ്ടു പോയി മില്ലുകളിൽ എത്തിക്കുന്ന ഇടനിലക്കാരുടെ പോക്കറ്റിലേക്കാണ് ലക്ഷങ്ങൾ ഒഴികിയെത്തുന്നത്.
തേക്ക്
60 ഇഞ്ചെങ്കിലും ഉള്ള തേക്കു മരങ്ങൾക്കാണ് വില. മുറിക്കുന്നവർക്ക് പ്രിയങ്കരമായിട്ടുള്ളതും അത്തരം മരങ്ങൾതന്നെ. തേക്ക് മരം ഈ വണ്ണത്തിൽ എത്താൻ ചുരുങ്ങിയത് 50 വർഷമെങ്കിലും എടുക്കും. ഒരു ക്യുബിക് അടി തേക്കിന്റെ വില ശരാശരി 4000 രൂപ മുതൽ 5000 രൂപ വരെ വരും. കയറ്റുമതി ചെയ്യുന്ന ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള തേക്കിന് ക്യുബിക് മീറ്റർ വില ഒന്നര ലക്ഷത്തിന് അടുത്തെത്തും. വനം വകുപ്പിനു കീഴിൽ മിക്ക ജില്ലകളിലും തേക്ക് നട്ടു വളർത്തുന്നുണ്ട്. 40–50 വർഷം കഴിഞ്ഞാൽ മുറിച്ച്, വീണ്ടും നടുന്ന രീതിയിലാണ് പരിപാലനം. പക്ഷെ, വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിൽ (ഉദാ: പറമ്പിക്കുളം) ഇങ്ങനെ മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ല.
ഈട്ടി
പശ്ചിമഘട്ട മല നിരകളിലെ ഈട്ടിത്തടിയാണ് രാജ്യാന്തര മാർക്കറ്റിൽ പ്രിയങ്കരം. പ്രധാനമായും സംഗീത ഉപകരണങ്ങൾ നിർമിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽനിന്ന് ഈട്ടി കയറ്റുമതി ചെയ്യാൻ ലൈസൻസ് ഉള്ളത് പത്തിൽ താഴെ മില്ലുടമകൾക്കു മാത്രം. ഈട്ടിയുടെ കാതലിന് അനുസരിച്ചാണ് വില കൂടുന്നത്. കയറ്റുമതി ചെയ്യാൻ പറ്റുന്ന നിലവാരത്തിലുള്ള ഈട്ടി ക്യുബിക് അടിക്ക് 7000 രൂപ വരെ വില വരും. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഈട്ടിക്ക് ക്യുബിക് മീറ്ററിന് അഞ്ചു ലക്ഷത്തിന് അടുത്ത് വിലയുണ്ട്.
വയനാട്ടിൽ വനം വകുപ്പ് പിടിച്ചെടുത്ത തടിയിൽ ഏറെയും കയറ്റുമതി നിലവാരത്തിലുള്ളതായിരുന്നു. ശരാശരി വില ക്യുബിക് മീറ്ററിന് 2.25 ലക്ഷം രൂപ വില മതിക്കും. അതായത് ഒരു കൂറ്റൻ മരത്തിന് ചുരുങ്ങിയത് 15 ലക്ഷമെങ്കിലും വിലയുണ്ടാകും. ഈ മരം നിന്നിരുന്ന ഭൂ ഉടമകളായ ആദിവാസികൾക്ക് കിട്ടിയതാകട്ടെ 35,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ മാത്രവും. ഈട്ടിയുടെ നിറവും കാതലിലെ വടുക്കളുടെ എണ്ണവും അനുസരിച്ചാണ് വില വർധിക്കുക. കടുത്ത വയലറ്റ് നിറത്തിലുള്ള തടിക്ക് പലപ്പോഴും മോഹ വില ലഭിക്കാറുണ്ടെന്ന് മില്ലുടമകൾ പറയുന്നു.
അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണു കേരളത്തിൽനിന്ന് പ്രധാനമായും ഈട്ടി കയറ്റുമതി ചെയ്യുന്നത്. ചൈനയിലേക്കു പോവുന്നതിന് നിലവാരം വലിയ പ്രശ്നമല്ല. പക്ഷേ, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മികച്ച നിലവാരത്തിലുള്ളതു മാത്രമേ സ്വീകരിക്കൂ. ഇവർക്കു നൽകിയതിന്റെ രണ്ടാം തരമോ മൂന്നാം തരമോ ആയിരിക്കും മിക്കപ്പോഴും ചൈനയിലേക്കു കയറ്റുമതി ചെയ്യുക.
നാദവും ശ്രുതിയും
ഗിറ്റാറിന്റെ നാദവും ശ്രുതിയും വരെ നിർണയിക്കുന്നത് ഈട്ടിത്തടിയുടെ നിലവാരമാണെന്നാണ് മില്ലുടമകൾ പരിചയത്തിൽനിന്നു പറയുന്നത്. വടുക്കളുടെ ഇഴയടുപ്പവും വയലറ്റ് നിറവും എത്രത്തോളം കൂടുന്നോ, അത്രത്തോളം ഉപകരണം ശ്രുതിമധുരമായിരിക്കും എന്നാണ് ഇവരുടെ പക്ഷം.
വയനാടൻ ബെൽറ്റിലെ പണമരം
രാജ്യാന്തര വിപണിയിൽ ഏറ്റവും പ്രിയങ്കരമായിട്ടുള്ളത് വയനാട്, ഹൂബ്ളി തുടങ്ങിയ പശ്ചിമ ഘട്ട നിരകളിലുള്ള ഈട്ടിയാണ്. എബണി എന്ന കരിമരത്തിനാണ് ഈട്ടിയേക്കാൾ വിലയെങ്കിലും ഇവിടെ ലഭ്യമല്ല. ചില വിദേശ കച്ചവടക്കാർ പ്രത്യേകം നിഷ്കർഷിക്കപ്പെടുമ്പോൾ, ആ ഓർഡർ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രമേ കരിമരം അന്വേഷിക്കാറുള്ളൂ. ഛത്തീസ്ഗഡിൽനിന്നാണ് കരിമരം കൊണ്ടുവരുന്നത്. കേരളത്തിൽനിന്ന് വളരെ അപൂർവമായി കരിമരുത് എന്ന ലോറൽ മരവും സിൽവർ ഓക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
ലാഭവും പണിയും കൂടുതൽ
ഈട്ടിയും തേക്കും തേടി കണ്ടെത്തിക്കഴിഞ്ഞാൽ കച്ചവടക്കാരന്റെ ലാഭവും അതിനനുസരിച്ച് പണിയും കൂടുതലാണ്. ഈട്ടിത്തടി മുറിക്കാനായി പരുവപ്പെടുത്തിയെടുക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് മില്ലുടമകൾ പറയുന്നു. ഫർണിച്ചർ നിർമാണത്തിനാണ് തേക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ചിതലരിക്കാത്ത കട്ടിയുള്ള കാതലും എണ്ണമയവും തേക്കിനെ വിപണിയിൽ പ്രിയങ്കരമാക്കുന്നു.
തലമുറ മാറിയിട്ടും തീരാതെ തേക്ക് ഭ്രമം
ഇറക്കുമതി ചെയ്യുന്ന ബർമ്മാ തേക്കും പിങ്കോടയും പാഡോക്കും റബർ തടിയും മറ്റും ഉള്ളപ്പോൾ എന്തിനാണിപ്പോഴും മലയാളിക്ക് ഇത്രയേറെ തേക്ക് ഭ്രമം? കാശുകാരനെങ്കിൽ തേക്കിലായിരിക്കണം വീട്ടിലെ മരസാമാനങ്ങളും കട്ടിളയും വാതിലും ജനാലയുമെല്ലാമെന്നതാണ് മലയാളിയുടെ ആഗ്രഹം. വാതിലിനും ജനൽപാളികൾക്കും തേക്ക് വേണമെന്നു പറഞ്ഞാൽ മനസിലാക്കാം. ഇതിന് പ്ലൈവുഡും മറ്റും ആരും ഉപയോഗിക്കാറില്ല. വീട്ടിലേക്കു കയറുന്ന മുൻവാതിൽ തേക്കിൽ തന്നെ വേണമെന്നു നിർബന്ധമുള്ളവരുമുണ്ട്. തേക്കിന്റെ വില ഇങ്ങനെ കൂടി നിൽക്കാനും തേക്കു മുറിക്കുന്നതു വിവാദങ്ങളിൽ ചെന്നു ചാടാനും കാരണം ഈ ഭ്രമമാണ്. മറ്റു സംസ്ഥാനങ്ങളിലൊന്നും മരംമുറിയുടെ കാര്യത്തിൽ ഇങ്ങനെയൊരു നിർബന്ധമില്ലതാനും!
തേക്ക്തന്നെ പല നിലവാരത്തിലുണ്ട്. എ ക്ലാസ് തേക്കാണ് ഏറ്റവും ഗുണമുള്ളതും വില കൂടിയതും. തേക്കിന്റെ പ്രായവും പ്രധാനമാണ്. അധികം മഴ ലഭിക്കാത്തിടത്തു വളരുന്ന മുറ്റിയ തേക്ക് കൊണ്ടുണ്ടാക്കുന്ന ഫർണിച്ചറിനു കാരിരുമ്പിന്റെ കരുത്തുണ്ടാവും. ദീർഘകാലം ഈട് നിൽക്കും. അക്കേഷ്യ മരത്തിന്റെ തടികൊണ്ടു ഫർണിച്ചറുണ്ടാക്കാം. ഈട്ടിത്തടി ഫർണിച്ചർ ഉണ്ടാക്കാനാണുപയോഗിക്കുക. പക്ഷേ വെറും വാകമരത്തിന്റെ തടിക്ക് കറുത്ത നിറം ചേർത്ത് ഈട്ടിയാണെന്നു പറഞ്ഞു പറ്റിക്കുന്നവരുണ്ട്.
വീട്ടിലെ കബോർഡുകളും അടുക്കളയിലെ കബോർഡുകളും വസ്ത്രങ്ങൾ വയ്ക്കാനുള്ള ഭിത്തി അലമാരകളും (വാർഡ്റോബ്) ഇക്കാലത്ത് പലതരം പുതിയ മെറ്റീരിയലുകൾകൊണ്ടാണു നിർമിക്കുക. കംപ്രസ്ഡ് വുഡും പ്ലൈവുഡും നുവുഡുമെല്ലാം അതിലുൾപ്പെടും. ഫർണിച്ചർ ഈട് നിൽക്കണമെന്നത് പഴഞ്ചൻ രീതിയാണ്. പുതുതലമുറ യൂസ് ആൻഡ് ത്രോ സംസ്ക്കാരത്തിലാണ്. 5 വർഷമോ 10 വർഷമോ കൂടുമ്പോൾ വീട് നവീകരിക്കുന്നു. പഴയ അടുക്കളയും ഭിത്തി അലമാരകളും ഫർണിച്ചറുമെല്ലാം മാറ്റി പുതിയതുണ്ടാക്കും, പുതിയ ഡിസൈനിൽ. അതിനാൽ തേക്ക്, ഈട്ടി സാമാനങ്ങളുടെ ആവശ്യമേയില്ല. എന്നിട്ടും തേക്കിനോടുള്ള മലയാളിഭ്രമം തീരുന്നില്ലെന്നു മാത്രം!
English Summary: Why do Malayali People Like Teak and Indian Rosewood Tree?