പട്ടിണി, കടം, പലിശ, മരുന്ന്... ഗതികേടിന്റെ കനൽക്കാലമാണ് ലോക്ഡൗൺ; പലർക്കും
ലോക്ഡൗൺ മലയാളിക്ക് എങ്ങനെയായിരുന്നു? ബക്കറ്റ് ചിക്കൻ, ചക്കക്കുരു ഷേക്ക്, വയറു കുറയ്ക്കാൻ വ്യായാമം, ഫെയ്സ്ബുക്ക്- ഇൻസ്റ്റ റീൽ ഷൂട്ട്, വെബ് സീരീസുകൾ, വീണ്ടും തുടങ്ങിയ വായന, നല്ല പച്ചക്കറി തിന്നാനുള്ള ഉൽസാഹക്കൃഷി.... സമയവും സൗകര്യവുമുള്ളവർ അപ്രതീക്ഷിതമായി കിട്ടിയ ഒരൊഴിവുകാലം....| Lockdown | Kerala | Manorama News
ലോക്ഡൗൺ മലയാളിക്ക് എങ്ങനെയായിരുന്നു? ബക്കറ്റ് ചിക്കൻ, ചക്കക്കുരു ഷേക്ക്, വയറു കുറയ്ക്കാൻ വ്യായാമം, ഫെയ്സ്ബുക്ക്- ഇൻസ്റ്റ റീൽ ഷൂട്ട്, വെബ് സീരീസുകൾ, വീണ്ടും തുടങ്ങിയ വായന, നല്ല പച്ചക്കറി തിന്നാനുള്ള ഉൽസാഹക്കൃഷി.... സമയവും സൗകര്യവുമുള്ളവർ അപ്രതീക്ഷിതമായി കിട്ടിയ ഒരൊഴിവുകാലം....| Lockdown | Kerala | Manorama News
ലോക്ഡൗൺ മലയാളിക്ക് എങ്ങനെയായിരുന്നു? ബക്കറ്റ് ചിക്കൻ, ചക്കക്കുരു ഷേക്ക്, വയറു കുറയ്ക്കാൻ വ്യായാമം, ഫെയ്സ്ബുക്ക്- ഇൻസ്റ്റ റീൽ ഷൂട്ട്, വെബ് സീരീസുകൾ, വീണ്ടും തുടങ്ങിയ വായന, നല്ല പച്ചക്കറി തിന്നാനുള്ള ഉൽസാഹക്കൃഷി.... സമയവും സൗകര്യവുമുള്ളവർ അപ്രതീക്ഷിതമായി കിട്ടിയ ഒരൊഴിവുകാലം....| Lockdown | Kerala | Manorama News
ലോക്ഡൗൺ മലയാളിക്ക് എങ്ങനെയായിരുന്നു? ബക്കറ്റ് ചിക്കൻ, ചക്കക്കുരു ഷേക്ക്, വയറു കുറയ്ക്കാൻ വ്യായാമം, ഫെയ്സ്ബുക്ക്- ഇൻസ്റ്റ റീൽ ഷൂട്ട്, വെബ് സീരീസുകൾ, വീണ്ടും തുടങ്ങിയ വായന, നല്ല പച്ചക്കറി തിന്നാനുള്ള ഉൽസാഹക്കൃഷി.... സമയവും സൗകര്യവുമുള്ളവർ അപ്രതീക്ഷിതമായി കിട്ടിയ ഒരൊഴിവുകാലം ക്രിയാത്മകമായി ചെലവിട്ടതിന്റെ പട്ടികയിൽ ചിലതാണിത്. എന്നാൽ അതിനപ്പുറത്ത് കുറേ മനുഷ്യരുണ്ട്; കുറേയല്ല, കുറേയേറെ. ജീവിതത്തിന്റെ രണ്ടറ്റത്തിനുമിടയിൽ നൂൽപാലത്തിലൂടെ നടന്നിരുന്നവർ. ലോട്ടറി വിൽപനക്കാർ, വഴിയോരത്തു പഴങ്ങളും കടലയും വിൽക്കുന്നവർ, വഴിയരികിൽ തട്ടിട്ട് പുഴമീനും പറമ്പിലെ അൽപം പച്ചക്കറിയും വിൽക്കുന്നവർ, ഓട്ടോക്കാർ, ബസ് തൊഴിലാളികൾ, ചെരുപ്പുതുന്നുന്നവർ, ചെറിയ കടകളിലെ സഹായികൾ... എണ്ണമെടുത്താൽ നീണ്ടുപോകും ആ പട്ടിക.
ഇനിയെന്നു തിയറ്ററിൽപോയി സിനിമ കാണാനാകുമെന്ന് ആശങ്കപ്പെട്ടപ്പോഴോ ഹോട്ടലിന്റെ ആംബിയൻസ് മിസ് ആവുന്നെന്നു കൊതി കൊണ്ടപ്പോഴോ ട്രിപ്പടിക്കാഞ്ഞിട്ട് എന്തൊരു മടുപ്പെന്നു പരാതി പറഞ്ഞപ്പോഴോ നമ്മളിൽ ചിലരെങ്കിലും ഓർത്തിട്ടുണ്ടാവും ആ തിയറ്ററിലെയും ഹോട്ടലിലെയുമൊക്കെ പാവം തൊഴിലാളികളെ. കുഞ്ഞുങ്ങളും പ്രായമായ അച്ഛനമ്മമാരും വിശന്നിരിക്കുന്നതു കാണാനാവാതെ, എന്തു ചെയ്യണമെന്നോ ആരോടു പറയണമെന്നോ അറിയാതെ, മരവിച്ചുനിൽക്കുന്ന പാവങ്ങൾ. സർക്കാരും സന്നദ്ധ, രാഷ്ട്രീയ സംഘടനകളും ചില നല്ല മനുഷ്യരുമൊക്കെ അവരിൽ പലർക്കും സഹായവുമായെത്തിയിട്ടുണ്ട്. പക്ഷേ അത്തരം സഹായങ്ങൾക്കു പരിധിയുണ്ട്. സഹായിക്കുന്നവർക്കു പരിമിതികളും.
∙ മഹാമാരിയുടെ യഥാർഥ ഇരകൾ
പട്ടിണിയാണെന്നു മറ്റുള്ളവരോടു പറയാൻ അഭിമാനം സമ്മതിക്കാത്തവർ, വായ്പകളും വീട്ടുവാടകയും കറന്റ് ബില്ലും മരുന്നുമൊക്കെ വിശപ്പിനേക്കാൾ വലിയ ദുഃസ്വപ്നമായവർ. അവരാണ് മഹാമാരിയുടെ യഥാർഥ ഇരകൾ. ഈ ദുരിതകാലം തീരണേയെന്നു നമ്മളൊക്കെ പ്രാർഥിക്കുമ്പോൾ, ഈ ദുരിതം തീരുമ്പോൾ ഞങ്ങൾ ബാക്കിയുണ്ടാവുമോ എന്നു നിസ്സഹായരായി ദൈവത്തോടു ചോദിക്കുന്നവർ. ആ പാവം മനുഷ്യരും ഇവിടെയുണ്ട്. പ്രാണഭയം കൊണ്ടു പുലിയെ ഓടിത്തോൽപിക്കുംപോലെ അവർ ലോക്ഡൗൺ കാലത്തെ മറികടന്നു. അടച്ചിട്ട ഒന്നരമാസം ഉണ്ടാക്കിയ ബാധ്യതകൾ ഭയപ്പെടുത്തുന്നെങ്കിലും അവർക്കു മുന്നോട്ടു തന്നെ പോയേ മതിയാവൂ.
∙ തുന്നിക്കൂട്ടിയേ പറ്റൂ, ജീവിതമായിപ്പോയില്ലേ...
പിഞ്ഞിക്കീറിപ്പോയ പഴഞ്ചനൊരു തുകൽച്ചെരിപ്പുപോലെ ജീവിതം മുന്നിൽക്കിടക്കുകയാണ്. അതെങ്ങനെ തുന്നിക്കൂട്ടുമെന്നോർത്താവാം, അടച്ചിടലിനു ശേഷം തുറന്ന റോഡിലെ തിരക്കിലേക്കുനോക്കി അനക്കമറ്റിരിക്കുകയായിരുന്നു വേലു. ‘ഒന്നരമാസം ദുരിതമായിരുന്നു. ഇനി എന്താവുമെന്നറിയില്ല.’– വെയിലേറ്റു കരുവാളിച്ച മുഖത്ത് പ്രത്യേകിച്ചു ഭാവമൊന്നുമില്ലാതെയാണ് തമിഴ് ചുവയുള്ള മലയാളത്തിൽ, പതിഞ്ഞ ഒച്ചയിൽ വേലു പറഞ്ഞത്. പക്ഷേ കണ്ണിലൊരു നനവു കിനിയുന്നുണ്ട്.
തമിഴ്നാട്ടിലെ രാജപാളയം സ്വദേശിയാണ് വേലു. കോട്ടയം കഞ്ഞിക്കുഴിയിൽ തെരുവോരത്തു ചെരുപ്പുനന്നാക്കുന്നു. ആദ്യമിവിടെ വന്നത് 15 ാം വയസ്സിൽ. അന്ന് തിരുനക്കര അമ്പലത്തിനടുത്താണ് ചെരുപ്പു നന്നാക്കിയിരുന്നത്. കുറച്ചുവർഷത്തിനു ശേഷം നാട്ടിലേക്കു പോയി. അവിടെ കൃഷിപ്പണിയായിരുന്നു. വിവാഹം കഴിച്ചു. രണ്ടു പെൺമക്കളായി. കൃഷിപ്പണി കൊണ്ടു പിടിച്ചുനിൽക്കാനാവില്ല എന്നു വന്നപ്പോൾ 2003 ൽ വീണ്ടും കോട്ടയത്തെത്തി. ചെരുപ്പുതുന്നൽ തന്നെ ജോലി. കോവിഡിനു മുമ്പ് ദിവസം 250 –300 രൂപ കിട്ടുമായിരുന്നു. മിച്ചം പിടിച്ച പണം കൊണ്ട് രണ്ടു മക്കളെയും വിവാഹം കഴിപ്പിച്ചു. ഇപ്പോൾ ഇവിടെ കൊശമറ്റം കോളനിയിൽ ഭാര്യയോടൊപ്പം വാടകയ്ക്കു താമസിക്കുന്നു.
രണ്ടാമത്തെ ലോക്ഡൗണിൽ വല്ലാതെ ബുദ്ധിമുട്ടിലായെന്ന് വേലു പറയുന്നു. ‘ആദ്യത്തെ ലോക്ഡൗണിൽ കിറ്റു കിട്ടിയിരുന്നു. ഇത്തവണ ഇവിടെ റേഷൻ കാർഡില്ലാത്തതുകൊണ്ട് കിറ്റ് കിട്ടിയില്ല. കയ്യിൽ സമ്പാദ്യമൊന്നുമില്ല. അന്നന്നു കിട്ടുന്നതുകൊണ്ടു കഴിയും. ലോക്ഡൗണിൽ വീട്ടിൽത്തന്നെയിരിക്കേണ്ടിവന്നു. ഭാര്യ മുമ്പു വീട്ടുജോലിക്കു പോയിരുന്നു. ഇപ്പോൾ അതുമില്ല. ഒന്നും കഴിക്കാതെ എത്രനാൾ കഴിയാനാവും? കടം ചോദിക്കാൻ ആദ്യം മടിയായിരുന്നു. പക്ഷേ തീരെ പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ പലചരക്കു കടയിൽ കടം ചോദിച്ചു. അവസ്ഥ അറിയാവുന്നതുകൊണ്ട് കടക്കാരൻ അദ്ദേഹത്തിനു പറ്റുംപോലെ കുറച്ചു സാധനങ്ങൾ കടം തന്നു. കഴിഞ്ഞ മാസത്തെ വീട്ടുവാടക കൊടുക്കാനായില്ല. വീട്ടുടമസ്ഥൻ ചോദിച്ചിട്ടുമില്ല. അവരുടെ നല്ല മനസ്സുകൊണ്ടാണത്. എങ്കിലും ഇനിയും വാടക കൊടുക്കണമല്ലോ. കടയിലെ പറ്റും തീർക്കണം. അവരും അതുകൊണ്ടു ജീവിക്കുന്നതല്ലേ. പുതിയ മോഡൽ ചെരുപ്പുകളും മറ്റും ധാരാളം വന്നതോടെ ചെരുപ്പു നന്നാക്കാൻ വരുന്നവർ കുറവാണ്. പിന്നെ വല്ല ബാഗോ കുടയോ നന്നാക്കാൻ ആരെങ്കിലും വന്നാലായി.’
കോട്ടയം നഗരത്തിൽ ചെരുപ്പു നന്നാക്കുന്നവരിലേറെയും തന്നെക്കാൾ ബുദ്ധിമുട്ടിലാണെന്നും വേലു പറയുന്നു. ‘പലരുടെയും വീട്ടിൽ കുട്ടികളും വയസ്സായവരുമൊക്കെയുണ്ട്. പലർക്കും ലോണും ചിട്ടിയുമുണ്ട്. അതൊക്കെ അടച്ചേപറ്റൂ. രോഗികളുണ്ട്. അവർക്കു മരുന്നു വാങ്ങാൻതന്നെ നല്ല ചെലവാകും. സംഘടനകളുമൊക്കെ കിറ്റ് കൊടുക്കുന്നുണ്ട്. അതുകൊണ്ടു ഭക്ഷണം കഴിക്കാം. പക്ഷേ മറ്റു കാര്യങ്ങളുമില്ലേ.’
വഴിയരികിൽ മതിലിലും പോസ്റ്റിലുമായി വലിച്ചുകെട്ടിയ കീറടാർപോളിൻ കഷണത്തിനു കീഴിലിരുന്ന് വേലു സംസാരിക്കുമ്പോൾ മുന്നിലൂടെ നഗരം തിരക്കിട്ടു പായുകയാണ്. ടാർ റോഡിലെ നനവിലൂടെ വെള്ളം തെറിപ്പിച്ചു പാഞ്ഞുപോകുന്ന ടയറുകൾ. അവയ്ക്കു വഴിയൊഴിഞ്ഞ്, സൈഡിലൂടെ നടന്നുപോകുന്ന, ചെളി പുരണ്ട, ഉപ്പൂറ്റി വിണ്ട കാലുകൾ...
∙ വിറ്റത് സ്വപ്നങ്ങൾ, ഇപ്പോൾ ദുഃസ്വപ്നങ്ങളിൽ
മൂന്നു വർഷമായി വീടിനു മുന്നിലെ ഇടവഴിയോരത്ത് ലോട്ടറി വിൽക്കുകയാണ് മാങ്ങാനം സ്വദേശി സതീഷ്. വർഷങ്ങൾക്കു മുമ്പ് നാടൻ പന്തുകളിക്കിടെ വലതുകാലിനു പരുക്കേറ്റതാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസയിൽ ചെറിയൊരു പിഴവ്. കാലിന്റെ പൊട്ടൽ പഴുത്തു. മരുന്നുവച്ച് മുറിവുണക്കി. കോട്ടയം ചന്തയിലെ ഒരു കടയിൽ സഹായിയായി നിൽക്കുകയായിരുന്നു അന്ന്. മുറിവുണങ്ങി തിരിച്ചു ജോലിക്കു കയറിയപ്പോൾ പൊടി തട്ടി വീണ്ടും പഴുത്തു. ഇപ്പോൾ ഒരു കാൽ മാത്രമേ നിലത്തു ശരിയായി കുത്താനാവൂ. ദിവസവും മുറിവ് ഡ്രസ് ചെയ്യണം. നടക്കാനോ നിൽക്കാനോ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് വഴിയോരത്ത് ഒരു പ്ലാസ്റ്റിക് കസേരയിട്ട് ലോട്ടറി വിൽക്കാൻ തുടങ്ങിയത്. അതുമാത്രമായിരുന്നു വരുമാനം. ഇടയ്ക്ക്, വിറ്റ ലോട്ടറികൾക്കു സമ്മാനമടിച്ചപ്പോൾ കിട്ടിയ ചെറിയ കമ്മിഷൻ കൊണ്ട് വീടിന്റെ ലോൺ അടച്ചിരുന്നു.
ലോക്ഡൗൺ സതീഷിന്റെയും കുടുംബത്തിന്റെയും ജീവിതം തകിടംമറിച്ചു. ഹൃദ്രോഗിയായ അമ്മയ്ക്ക് മാസം തോറും മരുന്നു വേണം. ഇടയ്ക്കിടെ മെഡിക്കൽ കോളജിൽ ചെക്കപ്പിനു പോകണം. ബസിൽ കയറാനാവാത്തതുകൊണ്ട് ഓട്ടോ വിളിച്ചേ പറ്റൂ. അതിനു പണമില്ലാത്തതുകൊണ്ട് ചെക്കപ്പിന്റെ തീയതി കഴിഞ്ഞിട്ടും പോയില്ലെന്നു സതീഷ് പറയുന്നു. വീട്ടുസാധനങ്ങൾ വാങ്ങാൻപോലും കാശില്ല. ലോട്ടറി വാങ്ങാൻ വച്ചിരുന്ന പണമെടുത്ത് കുറച്ചുദിവസം തള്ളിനീക്കി. മകൻ മൂന്നാം ക്ലാസിലാണ്. അവന്റെ ക്ലാസ് തുടങ്ങി. ഒരു പഴയ മൊബൈൽ ഫോണുണ്ട്. പക്ഷേ റീചാർജ് ചെയ്യാൻ നിവൃത്തിയില്ല. ഒരു സുഹൃത്തും അയൽക്കാരിയുമൊക്കെ സഹായിക്കുന്നതുകൊണ്ട് ക്ലാസ് മുടങ്ങുന്നില്ല. എന്നാലും കറന്റ് ചാർജും മരുന്നും അടക്കമുള്ള ചെലവുകൾ സതീഷിനെ ഭയപ്പെടുത്തുന്നുണ്ട്. ‘അഞ്ചുപൈസ കയ്യിലില്ല. കടം ചോദിക്കാൻ വയ്യ. എങ്ങനെ തിരിച്ചുകൊടുക്കും? പിന്നെ, ആരോടു ചോദിക്കാൻ. അടുപ്പമുള്ള എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്.’ പക്ഷേ ഇനി വിൽക്കാൻ ലോട്ടറി വാങ്ങണമെങ്കിലും ആരോടെങ്കിലും കടം വാങ്ങിയേപറ്റൂ സതീഷിന്.
പഞ്ചായത്തിന്റെ കിറ്റ് കിട്ടിയത് അൽപം ആശ്വാസമായിരുന്നു. അപ്പുറത്തെ വീട്ടിലെ പ്ലാവിൽ കുറച്ചു ചക്കയുണ്ടായിരുന്നതുകൊണ്ട് കുറച്ചുനാൾ പിടിച്ചുനിന്നെന്ന് സതീഷ്. ‘എനിക്കും ഭാര്യയ്ക്കും അമ്മയ്ക്കും അതുമതി. പക്ഷേ മോന്റെ കാര്യത്തിലാണ് സങ്കടം’ – സതീഷിന്റെ മുഖത്ത് അപ്പോഴും നിറംകെട്ട ഒരു ചിരിയുണ്ട്. തോൽക്കാൻ വയ്യല്ലോ എന്നാണോ അതിന്റെയർഥം?
∙ ഓട്ടമില്ല, നെട്ടോട്ടമാണിപ്പോൾ ജീവിതം
‘ആരോടും കടം ചോദിക്കാൻ വയ്യ. ചോദിച്ചാൽത്തന്നെ, തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്തപ്പോൾ ആരു കടംതരാൻ.’ – ഇടത്തരക്കാരന്റെ നിസ്സഹായത മുഴുവനുണ്ട് ഷിജുവിന്റെ വാക്കുകളിൽ. കോട്ടയം – പുതുപ്പള്ളി റൂട്ടിൽ മക്രോണി കവലയിലെ ഓട്ടോ ഡ്രൈവറാണ് ഷിജു. ‘ഒന്നരമാസമായി വീട്ടിലിരിപ്പായിരുന്നു. വേറെന്തുചെയ്യാൻ. കിറ്റ് കിട്ടി. പക്ഷേ അതുകൊണ്ടു മാത്രമായില്ലല്ലോ. രണ്ടുമാസമായി കറന്റ് ബില്ല് അടച്ചിട്ട്. ഇതുവരെ അവർ ഫ്യൂസൂരാൻ വന്നില്ല. അവരും മനുഷ്യരല്ലേ. അവർക്കും നമ്മുടെ അവസ്ഥ മനസ്സിലാവും. സാധാരണക്കാരാണ് ഏറെ വലഞ്ഞത്. പലരും അഭിമാനം കൊണ്ട് മറ്റാരോടും ബുദ്ധിമുട്ടുകൾ പറയുന്നില്ലെന്നുമാത്രം.’ – ഷിജു പറയുന്നു.
ജിനേഷും അതേ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയാണ്. നട്ടം തിരിഞ്ഞുപോയെന്ന് ജിനേഷ്. ഒരു നിവൃത്തിയുമില്ല. മക്കൾ പഠിക്കുന്നുണ്ട്. അവരുടെ ഫോൺ ചാർജ് ചെയ്യാൻ പണം വേണം. കറന്റ് ബില്ല് നല്ലൊരു തുകയാവും. വീട്ടിൽ സുഖമില്ലാത്ത ആളുകളുണ്ട്. അവർക്കു മരുന്നുവേണം. വായ്പകളുണ്ട്. സാധാരണക്കാരൻ എന്തുചെയ്യും?
ഷിജുവും ജിനേഷും പറയുന്നത് അവരുടെ മാത്രം കാര്യമല്ല. സ്വന്തമായി ടാക്സിയോ ഓട്ടോയോ ഉള്ളവരിലേറെയും വാഹനവായ്പയെടുത്താണ് വണ്ടി വാങ്ങിയത്. അതിന്റെ അടവുകളും മുടങ്ങി. ‘സാഹചര്യം ഇതായതുകൊണ്ട് ഫിനാൻസുകാർ തൽക്കാലം ബുദ്ധിമുട്ടിക്കുന്നില്ലെന്നതാണ് പലർക്കും ആശ്വാസം’ – ഷിജു പറയുന്നു.
∙ വറചട്ടിയിൽ വീണ ജീവിതങ്ങൾ
അരികു തേഞ്ഞ ചട്ടുകം കൊണ്ട് ഇരുമ്പുചട്ടിയിൽ ചൂടറിഞ്ഞുപഴുത്ത മണലിൽ കടലയിളക്കുകയാണ് പരീതുകുട്ടി. ചട്ടിയിലെ ഉപ്പുമണമുള്ള ചൂടടിച്ച് മുഖം ചെമ്പു പോലെ. ‘ലോക്‌ഡൗൺ വന്നപ്പോൾ ഒന്നുരണ്ടാഴ്ച പിടിച്ചുനിന്നു. തീരെ നിവൃത്തിയില്ലാതെ വന്നപ്പോ രണ്ടും കൽപിച്ച് കച്ചോടത്തിനിറങ്ങി. രണ്ടോ മൂന്നോ പൊതി വിൽക്കും. എന്നാലും അത്രേമായല്ലോ. നമ്മടെ ഗതികേട് അറിയാവുന്നതുകൊണ്ട് പൊലീസുകാരും ഒന്നും പറഞ്ഞില്ല. ഒരുപാടുനേരം നിൽക്കരുതെന്നു മാത്രം പറഞ്ഞു’.
ഇല്ലിക്കൽ സ്വദേശി പരീതുകുട്ടി കോട്ടയം അനശ്വര തിയറ്ററിനടുത്ത് കടലക്കച്ചവടം നടത്തുകയാണ്. നാൽപതിലേറെ വർഷമായി തുടങ്ങിയിട്ട്. മൂന്നുമക്കൾ. രണ്ടു പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു. മകൻ ബികോമിനു പഠിക്കുന്നു. കഴിഞ്ഞ ലോക്ഡൗണിൽ അത്ര ബുദ്ധിമുട്ടു തോന്നിയില്ല. കയ്യിലുള്ള അൽപം സമ്പാദ്യം കൊണ്ടു പിടിച്ചുനിന്നു. പിന്നെ വഴിയോരക്കച്ചവടക്കാരുടെ സംഘടന വഴി 10,000 രൂപ വായ്പ കിട്ടി. അതിന്റെ തിരിച്ചടവ് ഇപ്പോഴുമുണ്ട്.
ഇത്തവണ ശരിക്കും പെട്ടുപോയി. കയ്യിൽ കാര്യമായി സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. സർക്കാർ മാസം തോറും തരുന്ന കിറ്റ് കിട്ടും. ഇത്തവണ കോൺഗ്രസുകാർ അരി തന്നു; ഡിവൈഎഫ്ഐക്കാർ പച്ചക്കറി കിറ്റും. പക്ഷേ അതു തീർന്നപ്പോൾ ബുദ്ധിമുട്ടായി. ആരോടും ചോദിക്കാൻ വയ്യ. ചോദിച്ചാൽ തരാൻ ആരുടെയും കയ്യിൽ ഒന്നുമില്ല. പട്ടിണി കിടക്കാൻ പറ്റില്ലല്ലോ. മറ്റു ജോലിക്കൊന്നും പോകാനും വയ്യ. അങ്ങനെ രണ്ടും കൽപിച്ച് കച്ചവടത്തിനിറങ്ങി. ആഴ്ചയിൽ മൂന്നു ദിവസം കച്ചവടം. കട തുറന്നതുകണ്ട് പൊലീസുകാർ വന്നെങ്കിലും അവസ്ഥ മനസ്സിലായതുകൊണ്ടാവും അവർ അടപ്പിച്ചില്ല. സാമൂഹിക അകലം പാലിക്കണം, സൂക്ഷിക്കണം, ഒരുപാടു നേരം തുറന്നു വയ്ക്കരുത് എന്നു പറഞ്ഞിട്ടു പോയി.
സാധാരണ ദിവസങ്ങളിൽ രണ്ടായിരത്തിലേറെ രൂപയുടെ കച്ചവടം നടക്കും, അഞ്ഞൂറു രൂപയോളം ലാഭം കിട്ടും. അടച്ചിട്ടപ്പോൾ വഴിയിൽ ആളില്ലല്ലോ. പത്തോളം കടലവിൽപനക്കാരുണ്ട് കോട്ടയം നഗരത്തിൽത്തന്നെ. എല്ലാവരും കഷ്ടപ്പാടിലാണ്. ചിലരുടെ നില തീർത്തും മോശം. അവരിൽ ചിലരൊക്കെ വാടകവീട്ടിലാണ്. പലരും രോഗികൾ. പലർക്കും മറ്റു തൊഴിലൊന്നും അറിയില്ല. അറിഞ്ഞാൽത്തന്നെ ലോക്ഡൗണിൽ എന്തുചെയ്യാൻ.
വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്നത് നമ്മളിൽ പലർക്കും പറഞ്ഞുപഴകിയ ഒരു പഴഞ്ചൊല്ലാണ്. ഇവർക്കു പക്ഷേ അത് നേർസത്യവും.
∙ ജീവിതത്തിന്റെ പഞ്ചറൊട്ടിക്കാനുള്ള പാച്ചിൽ
കോട്ടയം നഗരത്തിലും പരിസരത്തും തന്റെ പഴയ ബൈക്കിൽ പറന്നെത്തി പഞ്ചറൊട്ടിക്കുന്നയാളാണ് പഞ്ചർ കോയക്ക എന്ന സി.പി. കുഞ്ഞുമൊയ്തീൻ കുട്ടി. താഴത്തങ്ങാടി സ്വദേശിയായ കുഞ്ഞുമൊയ്തീൻ കുട്ടി വർഷം ഇരുപതായി ഈ പണി തുടങ്ങിയിട്ട്. മകളുടെ കല്യാണം കഴിഞ്ഞു. മകൻ പ്ലസ്ടു കഴിഞ്ഞ് ഒരു ഓട്ടമൊബീൽ കോഴ്സ് പഠിച്ചു. കർണാടകയിൽ ഒരു ജോലി ശരിയായി പോകാൻ തയാറെടുത്തപ്പോഴാണ് രണ്ടാം ലോക്ഡൗൺ വന്നത്. ‘‘ആകെ ബുദ്ധിമുട്ടിപ്പോയി. വണ്ടി വഴിയിലിറങ്ങാതെ നമുക്കു പണി കിട്ടില്ലല്ലോ. വീട്ടുചെലവ്, ഒരു ലോണിന്റെ തിരിച്ചടവ് എല്ലാംകൂടി പെട്ടുപോയി. ഒരാശ്വാസമായത്, നഴ്സുമാരും മറ്റും വണ്ടിയിൽ പോകുമ്പോൾ പഞ്ചറായിട്ട് വിളിച്ചതാണ്. അങ്ങനെ പോകാൻ പൊലീസുകാരും സമ്മതിച്ചിരുന്നു. പക്ഷേ അതുകൊണ്ടുമാത്രം എന്താവാൻ.’’
വർക്‌ഷോപ്പുകാരും വണ്ടിയിലെത്തി പഞ്ചറൊട്ടിക്കുന്നവരുമൊക്കെ ലോക്ഡൗൺ കാലത്ത് വല്ലാതെ വലഞ്ഞെന്നും കോയ പറയുന്നു. അടച്ചിട്ട വർക് ഷോപ്പുകളുടെ ഉടമസ്ഥരുടെയും ജോലിക്കാരുടെയും അവസ്ഥ വളരെ കഷ്ടത്തിലാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തുറന്നിട്ടു കാര്യമില്ല. വലിയ പണികൾക്കു ദിവസങ്ങളെടുക്കും. അവരെന്തുചെയ്യും? അതിൽ ഭൂരിഭാഗവും ഇതിൽനിന്നുള്ള വരുമാനം കൊണ്ടു മാത്രം ജീവിക്കുന്നവരാണ്. പലർക്കും കുട്ടികളെ പഠിപ്പിക്കാനും വീടു പുതുക്കാനും മറ്റും ലോണുമുണ്ട്. അതെല്ലാം മുടങ്ങി. ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ല. കിറ്റുകൾ മാത്രമാണ് ആശ്വാസം. ഇതിനിടെ അസുഖങ്ങൾ വന്നവരുണ്ട്. ലോക്ഡൗൺ കഴിഞ്ഞത് ആശ്വാസമാണെന്നും കോയ പറയുന്നു.
മേൽവിവരിച്ചത് കേരളത്തിലെ ഒരു ചെറുനഗരത്തിലും അതിന്റെ പരിസരത്തും ജീവിക്കുന്ന ചില മനുഷ്യരെപ്പറ്റി മാത്രമാണ്. ഇവരെപ്പോലെ എത്രയോ പേരാണ് ഓരോ നഗരത്തിലും പട്ടണത്തിലും ഗ്രാമത്തിലും; ലക്ഷക്കണക്കിനു മനുഷ്യർ. വിശന്നു വയറു കായുമ്പോഴും കടം വാങ്ങാൻ അഭിമാനം സമ്മതിക്കാത്തവർ, കുഞ്ഞുങ്ങൾക്കെങ്കിലും വയറുനിറച്ച് എന്തെങ്കിലും കൊടുക്കാനായെങ്കിലെന്നു ചങ്കുനീറ്റുന്നവർ, കിറ്റ് കൊണ്ടു വിശപ്പടക്കുമ്പോഴും വായ്പകളും ബാധ്യതകളും തലയ്ക്കുമേൽ കല്ലുമലപോലെ നിൽക്കുന്നവർ, മരുന്നു വാങ്ങാൻ കാശില്ലാത്തതുകൊണ്ട് ജീവൻതന്നെ തുലാസിലായവർ..... ലോക്‌ഡൗണുകൾ ഇവർക്ക് നടന്നുതന്നെ താണ്ടേണ്ട കനൽക്കൂനയാണ്.
സർക്കാരും രാഷ്ട്രീയ–യുവജന പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമൊക്കെ സഹായവുമായി രംഗത്തുണ്ട്. പക്ഷേ അവരുടെ പരിധികൾക്കും പരിമിതികൾക്കുമപ്പുറം, പ്രതിസന്ധികളുടെ ചതുപ്പിലാണ് അത്തരം മനുഷ്യർ. ആരാണ് അവർക്കൊരു പിടിവള്ളി നീട്ടുക?
English Summary: It is testing time for common man, who gets badly affected by Covid Lockdown