അന്ന് പിന്നിലേക്കു മാറ്റപ്പെട്ട ഡോ.മോഹനൻ; ഇന്ന് വാക്സീൻ ഗവേഷണത്തിൽ മുൻനിരയിൽ
ഡിഗ്രിക്കു ഫിസിക്സിനാണു ബ്രണ്ണൻ കോളജിൽ ചേർന്നത്. എവിടെ നിന്നാണെന്നറിയില്ല, വികാസ് നാറോൻ എന്ന സുഹൃത്ത് പി.വി. മോഹനന്റെ ജീവിതത്തിലേക്കു കയറിവന്നു. തലശ്ശേരി പാലയാട് സ്വദേശി. അന്നു തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. വികാസാണ്, സുവോളജിയിലേക്കു മാറാൻ മോഹനനോടു പറഞ്ഞത്.... Dr PV Mohanan
ഡിഗ്രിക്കു ഫിസിക്സിനാണു ബ്രണ്ണൻ കോളജിൽ ചേർന്നത്. എവിടെ നിന്നാണെന്നറിയില്ല, വികാസ് നാറോൻ എന്ന സുഹൃത്ത് പി.വി. മോഹനന്റെ ജീവിതത്തിലേക്കു കയറിവന്നു. തലശ്ശേരി പാലയാട് സ്വദേശി. അന്നു തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. വികാസാണ്, സുവോളജിയിലേക്കു മാറാൻ മോഹനനോടു പറഞ്ഞത്.... Dr PV Mohanan
ഡിഗ്രിക്കു ഫിസിക്സിനാണു ബ്രണ്ണൻ കോളജിൽ ചേർന്നത്. എവിടെ നിന്നാണെന്നറിയില്ല, വികാസ് നാറോൻ എന്ന സുഹൃത്ത് പി.വി. മോഹനന്റെ ജീവിതത്തിലേക്കു കയറിവന്നു. തലശ്ശേരി പാലയാട് സ്വദേശി. അന്നു തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. വികാസാണ്, സുവോളജിയിലേക്കു മാറാൻ മോഹനനോടു പറഞ്ഞത്.... Dr PV Mohanan
കണ്ണൂർ ∙ ഇതൊരു ബാക്ക് ബെഞ്ചറുടെ കഥയാണ്. സ്കൂളിലും കോളജിലും ബാക്ക് ബെഞ്ചിലിരുന്ന ഒരു ശരാശരി വിദ്യാർഥി ചവിട്ടിക്കയറിയ പടവുകളുടെ കഥ. ഊട്ടിയിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ വാക്സീനെ പറ്റിയുള്ള ഡെമോൺസ്ട്രേഷനിടെ മുൻനിരയിൽനിന്നു മാറ്റി നിർത്തപ്പെട്ട പി.വി.മോഹനൻ എന്ന ആ വിദ്യാർഥി ഇന്നിരിക്കുന്നത് ഇന്ത്യയിൽ ഏതു കോവിഡ് വാക്സീൻ ഉപയോഗിക്കണമെന്നു നിർദേശിക്കാൻ കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം നിയോഗിച്ച എംപവേഡ് കമ്മിറ്റിയിൽ. കമോൺ ബാക്ക് ബെഞ്ചേഴ്സ്, പി.വി.മോഹനനിൽ നിന്നു ഡോ. പി.വി.മോഹനനിലേക്കുള്ള ആ കണ്ണൂരുകാരന്റെ യാത്രയുടെ കഥ കേട്ടിട്ടു പോകാം.
ആരാണു ഡോ. പി.വി.മോഹനൻ?
ടോക്സിക്കോളജിയിൽ രാജ്യത്തെ മുൻനിര ഗവേഷകരിലൊരാൾ. കോവിഡിനെതിരെ ഉപയോഗിക്കേണ്ട വാക്സീനുകൾ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച 9 അംഗ എംപവേഡ് കമ്മിറ്റി അംഗം. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ടോക്സിക്കോളജി വിഭാഗം മേധാവി, ബയോമെഡിക്കൽ ടെക്നോളജി വിഭാഗം ടെക്നിക്കൽ മാനേജർ, പിഎച്ച്ഡി പ്രോഗ്രാം അസോഷ്യേറ്റ് ഡീൻ എന്നീ പദവികൾ വഹിക്കുന്നു.
ജപ്പാനിലെ ടോക്കിയോ സർവകലാശാല, സുകുബയിലെ നാഷനൽ മെറ്റീരിയിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സയ്താമ ബയോ നാനോ ഇലക്ട്രോണിക്സ് റിസർച്ച് സെന്റർ, ചെന്നൈ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിലെ വിസിറ്റിങ് പ്രഫസർ. യുകെയിലെ റോയൽ സൊസൈറ്റി ഓഫ് ബയോളജിയിലും ഇന്ത്യയിലെ നാഷനൽ അക്കാദമി ഓഫ് സയൻസസിലും ഫെലോ.
ബയോടെക്നോളജിയിൽ ജപ്പാനിലേക്കുള്ള ഇന്ത്യക്കാരായ ഗവേഷണ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ. കേന്ദ്രസർക്കാരിന്റെ കീഴിൽ ശാസ്ത്ര, സാങ്കേതിക, വാക്സീൻ മേഖലകളിൽ 9 വിദഗ്ധ സമിതികളിൽ അംഗം. 5 പേറ്റന്റുകൾ, 3 ഡിസൈൻ റജിസ്ട്രേഷനുകൾ. ടോക്സിക്കോളജിയിൽ 231 ഗവേഷണ പ്രബന്ധങ്ങൾ. സൊസൈറ്റി ഓഫ് ടോക്സിക്കോളജിയുടെ ലൈഫ്ടൈം അചീവ്മെന്റ് പുരസ്കാരം അടക്കം ഒട്ടേറെ രാജ്യാന്തര, ദേശീയ പുരസ്കാരങ്ങൾ.
കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപം പാർവതി നിവാസിൽ പരേതനായ പി.വി.കുഞ്ഞമ്പു നായരുടെയും പാർവതിയമ്മയുടെയും മകൻ. ഭാര്യ ബിന്ദു. മകൾ ഡോ. അനുഷ്ക മോഹൻ. തെയ്യക്കാലത്തും ചെറുകുന്ന് ഉത്സവത്തിനുമൊക്കെ നാട്ടിലെത്തി, മുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട് ആരുടെയും ശ്രദ്ധയിൽ പെടാതെ നടന്നുപോകുന്ന നാട്ടുംപുറത്തുകാരൻ.
ബാക്ക് ബെഞ്ചിൽനിന്നൊരു തുടക്കം
കണ്ണൂർ ചെറുകുന്ന് ഗവ. എൽപി സ്കൂൾ, ചെറുകുന്ന് ഗവ. ഹൈസ്കൂൾ, പയ്യന്നൂർ കോളജ്, തലശേരി ബ്രണ്ണൻ കോളജ്, എസ്എൻ കോളജ് എന്നിവിടങ്ങളിലാണു പഠിച്ചത്. ഡിഗ്രി വരെയും മോഹനൻ ബാക്ക് ബെഞ്ചിലായിരുന്നു. ‘ഞാൻ പഠിക്കാൻ ശരാശരിയായിരുന്നു. എസ്എസ്എൽസി വരെ പഠിക്കണമെന്നേയുണ്ടായിരുന്നുള്ളു. തോൽക്കുമെന്നറിയാം. അന്നത്തെ എസ്എസ്എൽസി ആണെന്നോർക്കണം. അക്കാലത്ത് നാട്ടിലൊക്കെ എസ്എസ്എൽസിയാണു വലിയ പഠിപ്പ്. പാസാകുന്നതു തന്നെ വലിയ കാര്യം. അന്നു ശരാശരി 30% പേരാണു പാസാകുന്നത്. ഇന്നത് 99% ആണ്. ഫസ്റ്റ് ക്ലാസ് എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു. എസ്എസ്എൽസിക്കു ശേഷമാണു പഠിക്കണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയതു തന്നെ.
ഭാഗ്യത്തിന് എസ്എസ്എൽസി പാസായി. ഫസ്റ്റ് ക്ലാസിനോടടുത്തു മാർക്കുണ്ടായിരുന്നു. ഏട്ടൻ രവീന്ദ്രനോടുള്ള പേടിയാണ് അത്രയെങ്കിലും പഠിക്കാൻ കാരണം. രവീന്ദ്രനെ അന്നും ഇന്നും പേടിയുണ്ട്. നേരെ നിന്നു സംസാരിക്കില്ല, ഇന്നും. രവീന്ദ്രൻ വരുന്നുവെന്നു കേട്ടാൽ ഉച്ചത്തിൽ വായിക്കും. എസ്എസ്എൽസിയും പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ പാസാകാനുള്ള കാരണം രവീന്ദ്രനാണ്. ഏട്ടനോട് എന്ത് ഉത്തരം പറയും എന്നതാണു കാരണം.
വീട്ടിൽ ആദ്യമൊക്കെ ചില സാമ്പത്തിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ആറോൻ കമ്പനിയിലെ അച്ഛന്റെ ജോലി പോയതു തന്നെ പ്രധാന കാരണം. ഞങ്ങൾ 6 മക്കളാണ്. നാരായണൻ, രവീന്ദ്രൻ, കൃഷ്ണൻ, മോഹനൻ, സരോജിനി, സവിത. 3 ഏട്ടന്മാരും ഗൾഫിൽ പോയതിനു ശേഷമാണു വീട്ടിലെ സ്ഥിതി മെച്ചപ്പെട്ടത്. സഹോദരങ്ങളെല്ലാം എന്നെ പിന്തുണച്ചിരുന്നു. രവിയേട്ടൻ പറഞ്ഞാൽ പിന്നെ എല്ലാവരും അനുസരിക്കും. അതാണ് അന്നത്തെ സിസ്റ്റം. ഇന്നും ഏറെക്കുറെ അങ്ങനെത്തന്നെ.
ആനന്ദകൃഷ്ണ ബസ് സർവീസ്
‘അക്കാലത്തു കണ്ണൂരിൽനിന്നു പയ്യന്നൂരിലേക്കുള്ള പ്രധാന ബസ് സർവീസാണ് ആനന്ദകൃഷ്ണ. ചുവപ്പിലും പച്ചയിലുമായി കുറെ ബസുകളുണ്ടവർക്ക്. ആനന്ദകൃഷ്ണ ബസിലാണു പയ്യന്നൂർ കോളജിലേക്കുള്ള ആദ്യ യാത്ര. രവിയേട്ടനൊപ്പം ആദ്യമായാണു ബസിൽ ഇരിക്കുന്നത്. ‘നന്നായി പഠിച്ചാൽ ഡോക്ടറാകാം’ എന്ന് ഏട്ടൻ. അതൊന്നും നമ്മളെ ഏശിയതേയില്ല. എസ്എസ്എൽസി പാസായതു തന്നെ വലിയ കാര്യം. ഇതൊക്കെ എന്ത് എന്ന മട്ടാണു നമ്മൾക്ക്. പ്രീഡിഗ്രിക്കു സെക്കൻഡ് ഗ്രൂപ്പെടുത്തതും രവിയേട്ടന്റെ നിർദേശപ്രകാരമാണ്.
അന്നു കെ.സി.വേണുഗോപാൽ പയ്യന്നൂർ കോളജിലുണ്ട്. അയാൾ ഫസ്റ്റ് ഗ്രൂപ്പ്, ഞാൻ സെക്കൻഡ് ഗ്രൂപ്പ്. കെഎസ്‌യു നേതാവെന്ന നിലയിൽ കെ.സിയെ അറിയാം. ഏറെക്കാലത്തിനു ശേഷം ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ച് കെ.സിയെ വീണ്ടും കണ്ടു. പരിചയം പുതുക്കി. മൂപ്പർക്ക് നമ്മളെ ഓർമ കാണാനിടയില്ല. 90 പേരുള്ള പ്രീഡിഗ്രി ക്ലാസ്. ഒപ്പം പഠിച്ചവരിൽ ആരെയും ഓർമയില്ല. പതിവുപോലെ ബാക്ക് ബെഞ്ച് തന്നെ നമുക്കു കിട്ടി. അതായിരുന്നു ഇഷ്ടവും. പ്രീഡിഗ്രി ഒന്നാം വർഷത്തിൽ ക്ലാസിലെ പഠിപ്പിസ്റ്റുകൾക്കൊക്കെ രണ്ടും മൂന്നുമൊക്കെയാണു ഫിസിക്സിൽ മാർക്ക്. എനിക്കും മറ്റു 3 പേർക്കും 10 മാർക്ക് വീതവും. അൽപം അഭിമാനം തോന്നിയ ഏക നിമിഷം.
ജോൺസി മാഷിന്റെ നേച്ചർ ക്ലബ്ബും മൈന മാസികയും പഠനവുമൊക്കെയായി 2 വർഷം പെട്ടെന്നു കടന്നുപോയി. ടി.പി.ശ്രീധരൻ മാഷെയും ഓർമിക്കുന്നു. പ്രീഡിഗ്രി റിസൽറ്റ് വന്നു. എന്റെ നമ്പർ കണ്ടില്ല. രവിയേട്ടനോട് എന്തു പറയുമെന്ന ആശങ്ക. മരത്തണലിൽ കുത്തിയിരുന്നപ്പോൾ, ഒരു സഹപാഠി വന്നു കാര്യമന്വേഷിച്ചു. അവൻ പാസായിട്ടുണ്ട്. അവൻ എന്റെ നമ്പറുമെടുത്തു വീണ്ടും പോയി പരിശോധിച്ചു. ഞാൻ ജയിച്ചിട്ടുണ്ടായിരുന്നു. നമ്പർ കാണാതെ പോയതാണ്.– മോഹനൻ പറഞ്ഞു.
‘പയ്യന്നൂർ കോളജിൽ ബോട്ടണി വിഭാഗത്തിലെ ഗോവിന്ദൻകുട്ടി മാഷെ ഓർമയുണ്ട്. എന്തു സംശയമുണ്ടായാലും മാഷോടാണു ചോദിക്കുക. നല്ല പരിഗണന തന്ന മാഷാണ്. എന്നെ എപ്പോഴും ഗൗനിച്ചിരുന്നു. മറ്റ് അധ്യാപകരുമായി ബന്ധമൊന്നുമില്ല. അവർക്ക് എന്നെയോ എനിക്ക് അവരെയോ ഓർക്കാൻ വേണ്ടി ഒന്നുമില്ലെന്നതാണു സത്യം.’
സ്റ്റുഡന്റ്സ് ഒൺലി കെഎസ്ആർടിസി
ആനന്ദകൃഷ്ണ ബസ് സർവീസാണു പാപ്പിനിശ്ശേരി, ചെറുകുന്ന് ഭാഗങ്ങളിലുള്ള വിദ്യാർഥികൾ പയ്യന്നൂർ കോളജിലെത്താൻ ആശ്രയിച്ചിരുന്നത്. സ്റ്റുഡന്റ്സ് ഒൺലി കെഎസ്ആർടിസി ബസിനു വേണ്ടി സമരം ചെയ്ത ബാച്ചാണു ഞങ്ങളുടേത്. ചെറുകുന്നിൽ ഒരു ഭാസ്കരനും കൂട്ടരുമൊക്കെയുണ്ടായിരുന്നു, സമരത്തിന്. കണ്ണൂരിൽ നിന്നുള്ള ബസ്, ചെറുകുന്നു മുതൽ പയ്യന്നൂർ കോളജ് വരെ സ്റ്റുഡന്റ്സ് ഒൺലിയായി ഓടിത്തുടങ്ങി.
വിദ്യാർഥികൾക്കു മാത്രമായൊരു െകഎസ്ആർടിസി ബസ്. പിള്ളേരുടെ ബഹളം കാരണം പലപ്പോഴും നാട്ടുകാർ പരാതി പറയുമായിരുന്നു.’ മോഹനൻ പിന്നീടിതുവരെ പയ്യന്നൂർ കോളജിൽ പോയിട്ടില്ല. പോകാൻ മോഹനനു തോന്നിയിട്ടില്ല. പൂർവ വിദ്യാർഥിയെ, ആരും ക്ഷണിച്ചതുമില്ല. സ്റ്റുഡന്റ്സ് ഒൺലിയും ആനന്ദകൃഷ്ണ ബസും നിരത്തൊഴിഞ്ഞു. നീണ്ട ഇടനാഴിയുമായി പയ്യന്നൂർ കോളജ് ഇന്നും കാത്തിരിക്കുന്നു, ‘അപൂർവ വിദ്യാർഥി’യെ.
പ്രീഡിഗ്രി പ്രണയം?
ഇല്ല. പെൺകുട്ടികളുടെ മുഖത്തു നോക്കാൻതന്നെ പേടിയാണ്. ആസകലം വിറച്ചു വീണുപോകുന്ന കാലം. കാരണം, എന്തു ചെയ്താലും രവിയേട്ടൻ വിവരമറിയും. ആൾക്കു ചില്ലറ കോൺഗ്രസ് പ്രവർത്തനമൊക്കെയുള്ളതിനാൽ എല്ലായിടത്തും ബന്ധങ്ങളുണ്ട്.
ഓട്ടോഗ്രാഫ്?
ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു പോയി.
തലശ്ശേരി ബ്രണ്ണൻ കോളജിൽ?
ഡിഗ്രിക്കു ഫിസിക്സിനാണു ചേർന്നത്. എവിടെ നിന്നാണെന്നറിയില്ല, വികാസ് നാറോൻ എന്ന സുഹൃത്ത് പി.വി. മോഹനന്റെ ജീവിതത്തിലേക്കു കയറിവന്നു. തലശ്ശേരി പാലയാട് സ്വദേശി. അന്നു തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. വികാസാണ്, സുവോളജിയിലേക്കു മാറാൻ മോഹനനോടു പറഞ്ഞത്. 20 പേരാണു ക്ലാസിൽ. ആദ്യമായി മുൻ ബെഞ്ചിൽ. മനസ്സ് അപ്പോഴും ബാക്ക് ബെഞ്ചിൽതന്നെയെന്നു ഡോ. മോഹനൻ. പഠനത്തോടു പഴയ മനോഭാവം തന്നെ: നമുക്കിതൊന്നും പറഞ്ഞതല്ല എന്ന മട്ട്. ‘മനോഭാവം മാറ്റാൻ പറ്റില്ലല്ലോ. അതൊരു സ്റ്റൈൽ ആയിപ്പോയി.’ ഡിഗ്രി കഴിഞ്ഞാൽ എന്തു ജോലിയാണു കിട്ടുകയെന്നറിയില്ല. 2 എട്ടന്മാർ ഗൾഫിലുണ്ട്. അവർ വന്നാൽ, അവർക്കൊപ്പം ഗൾഫിൽ പോകാം. അതായിരുന്നു മനസ്സിൽ.
ബ്രണ്ണനും മൃദുല ടീച്ചറും
ബ്രണ്ണനിലെ സുവോളജി അധ്യാപികയായിരുന്നു പാട്യം ഗോപാലന്റെ ഭാര്യ മൃദുല ടീച്ചർ. ‘നല്ല സ്േനഹമായിരുന്നു ഞങ്ങളോട്. എന്തു പ്രശ്നവും ടീച്ചറോടാണു ചർച്ച ചെയ്യുക. ആശ്വസിപ്പിച്ചു മടക്കി അയയ്ക്കും. കണ്ണൂർ എസ്എൻ കോളജിനടുത്താണു ടീച്ചർ താമസിക്കുന്നത്. ബസിൽ ഒരുമിച്ചായിരുന്നു കോളജിൽനിന്നു മടക്കം. പിന്നീട് എസ്എൻ കോളജിൽ പിജിക്കു പഠിക്കുമ്പോഴും ടീച്ചറായിരുന്നു മാനസിക പിന്തുണ. പിന്നീടു ശ്രീചിത്രയിൽ ജോലി കിട്ടിയ ശേഷം നാട്ടിലേക്കുള്ള യാത്രയിലും ടീച്ചറെ കാണാറുണ്ടായിരുന്നു. ദൈവത്തെ പോലെ എന്നും മനസാ വച്ചു തൊഴുന്ന ഗുരുനാഥ.
ബ്രണ്ണനിലെ ഭാസ്കരൻ മാഷ് സുഹൃത്തിനെ പോലെയായിരുന്നു. വല്ലാത്തൊരാത്മബന്ധമായിരുന്നു ഭാസ്കരൻ മാഷുമായി, മോഹനനും സംഘത്തിനും. ഒരു ദിവസം കോളജ് ലാബിൽ മൈക്രോസ്കോപ് മറ്റൊരു ടേബിളിലേക്കു മാറ്റിവയ്ക്കുന്നതു കണ്ട്, ഒരധ്യാപകൻ മോഹനനെ ശാസിച്ചു: നിന്റെ തറവാട് വിറ്റാലും അതിന്റെ ലെൻസിനുള്ള കാശു തികയില്ല. അതു നിശ്ശബ്ദമായി കേട്ടു നിന്ന ആ വിദ്യാർഥി, ഒന്നര കോടി രൂപ വിലയുള്ള ലെൻസു വച്ച മൈക്രോസ്കോപ്പാണ് ഇന്നു നിത്യം ഉപയോഗിക്കുന്നത്. മോഹനനു വേണ്ടിയുള്ള ലെൻസ് ആ സമയത്തു തന്നെ ദൈവം മാറ്റിവച്ചിരിക്കണം.
തവളയും വികാസും പിന്നെ എഡിറ്ററും
രണ്ടാം വർഷത്തിലാണെന്നു തോന്നുന്നു, ‘തവള’ എന്ന പേരിൽ വികാസ് ഒരു കയ്യെഴുത്തു മാസികയിറക്കിയത്. ഞാനാണതിന്റെ എഡിറ്ററെന്നു വികാസ് പറഞ്ഞപ്പോൾ ചോദിച്ചുപോയി: ‘എന്താണ് എഡിറ്ററുടെ പണി?’ വികാസിന്റെ മറുപടി: എന്താണെന്ന് എനിക്കുമറിയില്ല. പക്ഷേ, നീയാണ് എഡിറ്റർ. ഞാൻ എഴുതും. മുഹമ്മദ് വരയ്ക്കും.’ 10 പേജ് ‘തവള’ പുറത്തിറങ്ങി. വികാസ് അന്നു മോഹനനെ വെറുതേ ഒരു എഡിറ്ററാക്കി. ലോകപ്രശസ്ത പ്രസിദ്ധീകരണ ശാലകളായ എൽസെവിയർ, സ്പ്രിങ്ങർ, കേംബ്രിജ് സ്കോളേഴ്സ് എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എഡിറ്ററായി മോഹനൻ പിന്നീട്. 9 പുസ്തകങ്ങൾ ഇതിനകം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു.
പ്രഗത്ഭരായ അധ്യാപകർ
ഡോ. എം. ലീലാവതിയായിരുന്നു അന്നു ബ്രണ്ണനിലെ പ്രിൻസിപ്പൽ. ഒഎൻവി, എം.എൻ. വിജയൻ, വിഷ്ണു നാരായണൻ നമ്പൂതിരി, ജോർജ് ഇരുമ്പയം തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരും കോളജിൽ അക്കാലത്തുണ്ടായിരുന്നു.
വിദ്യാർഥി രാഷ്ട്രീയം?
പ്രവർത്തിക്കാനൊന്നും പോകാറില്ലെങ്കിലും കെഎസ്‌യുവിനോടു നേരിയ ഇഷ്ടം അന്നുണ്ടായിരുന്നു. പക്ഷേ, എബിവിപിയോടും എസ്എഫ്ഐയോടും വിരോധമുണ്ടായിരുന്നില്ല താനും. ചുമ്മാ സമരവും ധർണയുമൊക്കെ നോക്കി നിൽക്കും മോഹനനും വികാസും. കർക്കിടകവാവിന് അവധി നൽകണമെന്നാവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ എബിവിപി വിളിച്ച മുദ്രാവാക്യം മോഹനന്റെ മനസിലുണ്ടിന്നും:
‘കാർന്നോരു വന്നു വിളിക്കുമ്പോൾ
ആരുണ്ടു വിളമ്പാൻ, ആരുണ്ടു തിന്നാൻ
മറുപടി പറയൂ പ്രിൻസിപ്പാളേ...’
‘ആർഎസ്എസ്–സിപിഎം സംഘർഷമുള്ള കാലം. വൈകിട്ടു ‘സുദിനം’ പത്രം നോക്കും, എത്ര പേർ കൊല്ലപ്പെട്ടുവെന്നറിയാൻ. എല്ലാ സംഘടനകളിലെ പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നു. കണ്ണൂരുകാരന്റെ രാഷ്ട്രീയം മനസ്സിലുണ്ട് അന്നും ഇന്നും. മുൻ എംഎൽഎ ജയിംസ് മാത്യു അക്കാലത്തു ബ്രണ്ണനിലുണ്ടായിരുന്നു. സബ് കലക്ടറായിരുന്ന അമിതാഭ് കാന്തിനെ പരിസ്ഥിതി ദിന പരിപാടിക്കു ക്ഷണിച്ചതു ഞാനും വികാസും ചേർന്നാണ്. പിന്നീട്, നിതി ആയോഗ് അധ്യക്ഷനായ ശേഷം അദ്ദേഹത്തെ നേരിട്ടു കണ്ടപ്പോഴതു പറയുകയും ചെയ്തു. അതൊക്കെയൊരു സന്തോഷമല്ലേ?’
കണ്ണപുരത്തുനിന്നു ബസിൽ കണ്ണൂരിൽ. അവിടെനിന്നു വീണ്ടും ബസ് കയറി ധർമടത്തിറങ്ങി, കോളജിലേക്കു നടക്കണം. 1984ൽ ബ്രണ്ണനിൽനിന്നു ഡിഗ്രി പാസായി. ബ്രണ്ണൻ കോളജിൽ 1981–84 സുവോളജി ബാച്ചിലെ ബാക്ക് ബെഞ്ചിൽനിന്നു മുൻനിരയിലേക്കു നടന്നുകയറിയവർ വേറെയുമുണ്ട്: തലശേരിയിലെ പ്രശസ്ത സ്കിൻ സ്പെഷലിസ്റ്റ് ഡോ. താജുദ്ദീൻ, നേത്രരോഗ വിദഗ്ധനായ കോഴിക്കോട്ടെ ഡോ. സുരേഷ് പുത്തലത്ത് എന്നിവരാണത്. മോഹനൻ പാട്ടു പാടില്ല, നൃത്തം ചെയ്യില്ല, ചിത്രം വരയ്ക്കില്ല, കഥയില്ല, എഴുത്തില്ല, അഭിനയമില്ല. ‘ഇല്ലാ’യ്മകൾ മാത്രം. പക്ഷേ, അതിലൊരു വല്ലായ്മയും മോഹനന് അന്നു തോന്നിയിതുമില്ല. അതായിരുന്നു പി.വി.മോഹനൻ.
വിധി മാറ്റിയെഴുതിയ അപേക്ഷാ ഫോമുകൾ
ഇതു നടന്നതു വികാസിന്റെ ധർമടത്തെ വീട്ടിൽ. എൽഎൽബിക്കു ചേരാൻ വേണ്ടി കോഴിക്കോട്ടു നിന്ന് അപേക്ഷാ ഫോമും വാങ്ങിയെത്തിയതാണു മോഹനൻ. സുവോളജി ഡിഗ്രിക്ക് ഒപ്പം പഠിച്ചൊരു കൂട്ടുകാരനാകട്ടെ, എസ്എൻ കോളജിൽ എംഎസ്‌സിക്കു ചേരാനുള്ള അപേക്ഷ വാങ്ങിയാണെത്തിയത്. അവിടെയിരുന്നു 3 പേരും ചർച്ച തുടങ്ങി. വികാസിന്റെ മാതാപിതാക്കളും ഇടപെട്ടു. ഒടുവിൽ, തീരുമാനമായി. മോഹനനും വികാസും എംഎസ്‌സിക്ക് അപേക്ഷിക്കും. മൂന്നാമത്തെ കൂട്ടുകാരൻ എൽഎൽബിക്കും. മോഹനനും ആ കൂട്ടുകാരനും അപേക്ഷകൾ പരസ്പരം കൈമാറി. മൂന്നാമത്തെ കൂട്ടുകാരൻ എൽഎൽബിക്കു േശഷം പൊലീസിൽ ചേർന്നു. വികാസും മോഹനനും എംഎസ്‌സിക്കും. പാരസൈറ്റോളജിയാണു വിഷയം. മോഹനൻ ബാക്ക് ബെഞ്ചറായില്ല. ക്ലാസിൽ റൗണ്ട് ടേബിളാണ്, ആകെ 10 പേരെയുള്ളു.
ഞങ്ങൾ 5 പേരായിരുന്നു കൂട്ട്. വികാസ്, മോഹനൻ, സുരേന്ദ്രൻ, രവീന്ദ്രൻ, ജയപ്രകാശ്. സെന്റ് തെരേസാസ്, പ്രൊവിഡൻസ് എന്നിവിടങ്ങളിൽ നിന്നു വന്ന, ഒഴുക്കോടെ ഇംഗ്ലിഷ് മൊഴിയുന്ന പെൺകുട്ടികൾക്കായിരുന്നു ക്ലാസിൽ േമധാവിത്തം. അവർ അധികൃതരുടെ കണ്ണിലുണ്ണികളായി. സെമിനാറിലും റെക്കോഡ് എഴുത്തിലുമൊക്കെ കയ്യടി നേടി.
എസ്എൻ കോളജിലെ അധ്യാപകരെ പറ്റി മോഹനനും സഹപാഠികൾക്കുമൊക്കെ നല്ലതേ പറയാനുള്ളു. എന്നിട്ടും 2 തവണ മോഹനന്റെ കണ്ണുകൾ നിറഞ്ഞു. ഒന്ന്, സെമിനാർ അവതരിപ്പിക്കുന്നതിനിടെ. മറ്റൊന്ന്, സ്റ്റഡി ടൂറിന്റെ ഭാഗമായി ഊട്ടിയിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സീൻ സംബന്ധിച്ച ഡെമോൺസ്ട്രേഷനിടെ. രണ്ടിടത്തും മാറ്റനിർത്തപ്പെട്ടവന്റെ വേദനയായിരുന്നു മോഹനന്. ഇന്ന്, ഇന്ത്യയിലെ 139 കോടി ജനങ്ങൾക്ക് ഏതു വാക്സീൻ വേണമെന്നു തീരുമാനിക്കുന്ന കേന്ദ്ര സർക്കാരിന്റെ എംപവേഡ് കമ്മിറ്റിയിലെ അംഗമാണു മോഹനൻ. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ വച്ച് ഏറ്റ മുറിവിനു കാലം നൽകിയ മറുമരുന്ന്.
ഒന്നും ഏശിയില്ലെന്നു മോഹനൻ
കുത്തിവരയ്ക്കലുകൾക്കു വിധേയമായെങ്കിലും അന്നത്തെ തന്റെ റെക്കോഡ് ബുക്കുകൾ തന്നെയാണ് ഏറ്റവും മികച്ചതെന്നു പൂർണബോധ്യമുണ്ടായിരുന്നുവെന്നു ഡോ. മോഹനൻ. അന്നത്തെ മിടുക്കരായ, എന്നും എക്സലന്റ് കിട്ടുന്ന സഹപാഠികളുടെ റെക്കോഡ് നോക്കിയാണു ഞാൻ വരച്ചിരുന്നത്. മാത്രമല്ല, നിശിതമായ വിമർശനം കാരണം അവ കൂടുതൽ െമച്ചപ്പെടുകയും ചെയ്തു. അന്നത്തെ പ്രശ്നങ്ങളൊന്നും തന്നെ ഏശിയിട്ടില്ലെന്നും മോഹനൻ. ‘സെമിനാറിനു ശേഷം കാന്റീനിൽ നിന്നൊരു ബോണ്ട കഴിച്ചപ്പോൾ പകുതി വിഷമം മാറി. വൈകിട്ടു വീട്ടിലെത്തി, കുളിച്ച്, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലൊന്നു പോയി വന്നാൽ എല്ലാം ക്ലീൻ. ഒന്നും മനസ്സിലുണ്ടാവില്ല. വികാസടക്കമുള്ള കൂട്ടുകാർക്ക് എന്നെച്ചൊല്ലി വിഷമമുണ്ടായിരുന്നു. ഞാൻ ചിരിച്ചു തള്ളും – ഇതൊന്നും നമ്മളെ ഏശുന്നതല്ലല്ലോ.’
മൃദുല ടീച്ചറും ഈ കാലഘട്ടം തരണം ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു. മോഹനനെയും കൂട്ടുകാരെയും ആശ്വസിപ്പിച്ചയച്ചു അവർ. ഇതിനു മറ്റു ചില ഉപകഥകൾ കൂടിയുണ്ട്. ‘ പഠനത്തിനു പാരസൈറ്റിനെ കിട്ടാൻ കോളനിയിൽ പോയി ഫീക്കൽ മാറ്റർ സാംപിൾ ശേഖരിക്കണം. അതുമായി വരുമ്പോഴാണു കോളജിന്റെ പടിക്കൽ എസ്എഫ്ഐയോ കെഎസ്‌യുവോ സമരം നടത്തുന്നുണ്ടാവുക. ഞങ്ങൾ 5 പേർ– ഞാൻ, വികാസ്, ജയപ്രകാശ്, രവീന്ദ്രൻ, സുരേന്ദ്രൻ– അതും നോക്കിനിൽക്കും. തിരിച്ചെത്താൻ വൈകും. ചീത്ത കിട്ടും. പ്രീഡിഗ്രി സ്റ്റുഡന്റിന്റെ നിലവാരമെങ്കിലും കാണിക്കണമെന്നായിരുന്നു ശാസന. കാന്റീനടുത്തൊരു കല്ലുണ്ട്. കുറേനേരം അതിലിരിക്കും. ചീത്ത ചോദിച്ചു വാങ്ങുകയായിരുന്നുവെന്നു സാരം.’
ക്ലാസിൽ ഉഴപ്പിയെങ്കിലും 5 പേരും പഠിത്തം ഉഴപ്പിയില്ല. രാത്രിയിലും അവധി ദിവസങ്ങളിലും അവർ വീടുകളിൽ ഒരുമിച്ചിരുന്നു പഠിച്ചു. ‘മലയാളത്തിലാണു ഞങ്ങൾ പഠിച്ചിരുന്നത്. മലയാളത്തിൽ കേട്ടാൽ എനിക്കു നന്നായി ഗ്രഹിക്കാൻ കഴിയും. എന്നിട്ട് ഇംഗ്ലിഷിലേക്കു മാറ്റുകയാണു ചെയ്യുന്നത്. പിജി കഴിയും വരെ ഇംഗ്ലിഷായിരുന്നു പ്രശ്നം. ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യുന്നവർ മിടുക്കരും മറ്റുള്ളവർ മോശക്കാരും എന്ന ചില അധ്യാപകരുടെ മനോഭാവം മാറണം. എന്റെ കീഴിൽ ഇന്നു വിദ്യാർഥികൾ ഗവേഷണം നടത്തുന്നുണ്ട്. രണ്ടു തരത്തിൽ ആരെയും കണ്ടിട്ടില്ല. യുഎസിലും ഫ്രാൻസിലും യുകെയിലും 6 മാസത്തെ ഗവേഷണം നടത്താനുള്ള സൗകര്യം ചെയ്തു കൊടുക്കാറുണ്ട്. 10–15 ഗവേഷണ പ്രബന്ധങ്ങളെങ്കിലും നൽകാറുണ്ടവർക്ക്. അവരുടെ ആശയം ഒരിക്കലും മാറ്റിയിട്ടില്ല. അതിന് ഈസും വാസും വേറും ചേർക്കുക മാത്രമേ ചെയ്യാറുള്ളു. എന്റെ ശൈലിയിലേക്കു കൊണ്ടുവന്നാൽ പിന്നെ അവർക്ക് എഴുതാൻ താൽപര്യമുണ്ടാകില്ല, എഴുതില്ല.’ മോഹനൻ പറഞ്ഞു.
ഒച്ചയെടുത്തു, ആദ്യമായി
‘സെൻഡ് ഓഫ് പരിപാടിക്കാണ് ആദ്യമായി സ്റ്റേജിൽ കയറിയത്. അതും വികാസിന്റെ പരിപാടി തന്നെ. അധ്യാപകരെ കളിയാക്കിക്കൊണ്ട്, പാട്ടുപാടിയുള്ള സ്കിറ്റ്. ഞാൻ അന്നാദ്യമായി, സ്കിറ്റിന്റെ ഭാഗമായി പൊട്ടിത്തെറിച്ചു. ശബ്ദമുയർത്തി സംസാരിച്ചു.’ ഇന്ന്, ടോക്സിക്കോളജി സംബന്ധിച്ച രാജ്യാന്തര ശാസ്ത്ര സമ്മേളനങ്ങളിൽ പിറകിൽ ചെന്നിരുന്നാലും സംഘാടകർ മോഹനനെ ആനയിച്ചു മുന്നിലിരുത്തുന്നു. കാലം മായ്ക്കാറേയുള്ളു, ഒന്നും മറക്കാറില്ല. ബ്ലാക്ക് ബോർഡുകൾ പിന്നീടു മോഹനനു മുന്നിലെ വൈറ്റ് ബോർഡുകളായി. അതിൽ മോഹനൻ വർണമഷിപ്പേനകൾ കൊണ്ടു സ്വന്തം ജീവിത ചിത്രം വരച്ചു.
10 പേരും എംഎസ്‌സിക്ക് ഒന്നാം ക്ലാസോടെ പാസായി. എസ്എൻ കോളജിന്റെ എപ്പിസോഡ്, ഒരു ട്വിസ്റ്റോടെയാണ് അവസാനിക്കുന്നത്. വികാസ് പറഞ്ഞ ആ ട്വിസ്റ്റ് ഇങ്ങനെ: ആരെക്കൊണ്ടു മോഹനൻ ബുദ്ധിമുട്ടിയോ, അവർ എംഎസ്‌സിക്കു ശേഷം മോഹനനുൾപ്പെടെയുള്ള ആ ബാച്ചിനു വീട്ടിൽ സൽക്കാരം നൽകി. മാത്രമല്ല, പിന്നീടു വന്നൊരു ബാച്ചിലെ, പാവപ്പെട്ടൊരു വിദ്യാർഥിക്കു സകല പിന്തുണയും പ്രോത്സാഹനവും നൽകി, ഐപിഎസുകാരനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മനുഷ്യമനസ്സിന്റെ സങ്കീർണതകൾ ആർക്കു നിർവചിക്കാൻ കഴിയും?
പ്രണയം?
‘പിജി കഴിയും വരെയില്ല. അതിനേക്കാൾ വലിയ തലവേദനകൾ ഓരോ കോഴ്സിനുമുണ്ടാകുമ്പോൾ എന്തു പ്രണയം?’
പലവഴികളിലേക്ക്...
അങ്ങനെ പിജി കഴിഞ്ഞു. മോഹനൻ ഗൾഫിലേക്കായിരിക്കും എന്നാണു കൂട്ടുകാർ കരുതിയത്. അവർ 5 പേർ പലവഴിക്കു പിരിഞ്ഞു. വികാസ് ഹയർ സെക്കൻഡറി അധ്യാപകൻ, എഴുത്തുകാരൻ. രവീന്ദ്രൻ ഇൻഷുറൻസ് കമ്പനി മാനേജർ. ജയപ്രകാശ് കാനറ ബാങ്ക് മാനേജരായി. സുരേന്ദ്രൻ മരുന്നു കമ്പനിയുടെ റീജനൽ മാനേജരാണ്. ഉഷ കോളജ് അധ്യാപിക. ഞങ്ങൾ 5 പേരും ഇപ്പോഴും ബന്ധമുണ്ട്.
ഈസും വാസും പിന്നെ ഞാനും
‘ഇംഗ്ലിഷാണ് അന്നൊക്കെ പ്രധാന പ്രശ്നം. നമ്മളുടേത് ഈസും വാസും വച്ചുള്ളൊരു കളിയാണ്. ടെക്സ്റ്റും ഡിക്‌ഷ്ണറിയും വച്ചാണു കോളജ് കാലത്തെ പഠനം. ലെറ്റസ് കൺസിഡർ, മേ എന്നിവയൊക്കെ അങ്ങനെയാണു പഠിച്ചത്. അന്നത്തെ സിസ്റ്റം അതാണ്. കണക്കു മാഷും സയൻസ് മാഷുമൊക്കെ ഇംഗ്ലിഷ് പഠിപ്പിച്ചിരുന്ന സിസ്റ്റം. മക്കളെ തല്ലിപ്പഠിപ്പിക്കണമെന്നു രക്ഷിതാക്കൾ അധ്യാപകരോടു പറയുന്ന കാലം. വിവേചനം എന്നു പറയാൻ കഴിയില്ല. പഠിക്കുന്ന കുട്ടികളോട് അന്നത്തെ ചില അധ്യാപകർ പ്രത്യേക താൽപര്യം കാണിച്ചിരുന്നുവെന്നതു സത്യമാണ്. അതു സ്വാഭാവികവുമാണെന്നു പിന്നീടു തോന്നിയിട്ടുണ്ട്.
ബാക്ക് ബെഞ്ചിലിരിക്കുന്ന, അന്നത്തെ ശരാശരി വിദ്യാർഥികളെയും അധ്യാപകർ നന്നായി ശ്രദ്ധിച്ചിരുന്നുവെങ്കിൽ അവർ ഒന്നു കൂടി മുന്നോട്ടു പോകുമായിരുന്നു എന്നു പറയാനേ പറ്റൂ. 40 വർഷം മുൻപത്തെ കാര്യമാണ്. പുതിയ തലമുറ ഇത്തരം മുറകളൊന്നും കേട്ടിട്ടു പോലുമുണ്ടാകില്ല. നമുക്കു ത്രിഭാഷാ പഠന രീതി അത്യാവശ്യമാണ്. ഭരണഭാഷ മലയാളം തന്നെ. മലയാളം അത്യാവശ്യമാണു താനും. ഒപ്പം ഇംഗ്ലിഷും ഹിന്ദിയും വേണം. ഇംഗ്ലിഷ് അറിയാത്തതു കാരണം അവഗണിക്കപ്പെടുന്നവരുടെ മുഴുവൻ കഴിവുകളും പുറത്തു വരുന്നില്ല. പ്രീഡിഗ്രിക്കും ഡിഗ്രിക്കും എത്തുമ്പോൾ ഇംഗ്ലിഷ് പറയാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ ഒട്ടേറെയുണ്ട്. ഇംഗ്ലിഷിലാണു ചോദ്യങ്ങൾ, ഇംഗ്ലിഷിലാണ് ഉത്തരമെഴുതേണ്ടതും. പലരും ഇംഗ്ലിഷിൽ തട്ടി പഠനം നിർത്തിപ്പോവുന്നു. ഉത്തരേന്ത്യയിൽ ഹിന്ദിയിൽ സിവിൽ സർവീസ് പരീക്ഷയെഴുതാം. ’
പക്ഷേ, മോഹനൻ ആരാ മോൻ? ആ ഇംഗ്ലിഷിനെയും വരച്ച വരയിൽ നിർത്തി. അതിനു തുടക്കമിട്ടതു ബെംഗളൂരുവിൽ നിന്നാണ്.
‘സംതിങ് കണക്ടഡ് ടു പോയിസൺ’
ഗൾഫിലേക്ക്, ഏട്ടന്മാരുടെ കൂടെ പോകാൻ വേണ്ടി പാസ്പോർട്ടെടുക്കാനായാണു ബെംഗളുരുവിൽ െചന്നത്. ഒരു ഏട്ടൻ അന്ന് അവിടെ മഫത്‌ലാലിലാണ്. അപ്പോഴാണു റാലീസ് ഇന്ത്യയിൽ റിസർച് ഫെലോയുടെ ഒഴിവുണ്ടെന്നു കേട്ടത്. അവിടെച്ചെന്നപ്പോൾ ഇന്റർവ്യൂ. ഇംഗ്ലിഷിൽ ആദ്യത്തെ മുഴുനീള ഇന്റർവ്യൂ.
വേർ ആർ യൂ ഫ്രം?
കണ്ണൂർ, കേരള.
ആർ യൂ എ കമ്യൂണിസ്റ്റ്?
നോ
കോൺഗ്രസ്?
നോ.
യൂ ആർ ഫ്രം കേരള, ദെൻ യൂ ഷുഡ് ബി എ കമ്യൂണിസ്റ്റ് ഓർ കോൺഗ്രസ് മാൻ.
നതിങ് ലൈക് ദാറ്റ്.
(ജോലി കിട്ടുമോയെന്ന ആശങ്കയിൽ നിൽക്കുന്ന യുവാവിനെന്തു രാഷ്ട്രീയം?)
ആർ യു വെജ്?
നോ.
ആർ യു നോൺ വെജ്?
യെസ്.
ഡു യൂ നോ വാട്ടീസ് ടോക്സിക്കോളജി?
ഡോൺട് നോ.
സംതിങ് യൂ കണക്ട്.
സംതിങ് കണക്ടെഡ് ടു പോയ്സൺ.
ഓ ഗുഡ്. ദാറ്റ്സ് ഇനഫ്.
പിന്നീട് ഇന്റർവ്യൂവിന്റെ ഗതിമാറി. മോഹനനു ജോലി കിട്ടി. 1987 മാർച്ചിലായിരുന്നു അത്. ബെംഗളൂരു മോഹനന്റെ ഈസും വാസും മാറ്റിമറിച്ചു. ഇംഗ്ലിഷിൽ നന്നായി സംസാരിക്കാൻ തുടങ്ങി. എഴുത്തും മെച്ചപ്പെട്ടു. അതിനിടെയാണു ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവുണ്ടെന്ന പത്രപ്പരസ്യം കാണുന്നത്. വെള്ളക്കടലാസിൽ ഒരപേക്ഷ. സർക്കാർ ജോലിക്കായി, മോഹനൻ നൽകിയ ആദ്യത്തെ അപേക്ഷ, അവസാനത്തെയും. പങ്കെടുത്ത ആദ്യത്തെ ഇന്റർവ്യൂ. അവസാനത്തെയും. അതു ലഭിച്ചു.
ശ്രീചിത്രയിൽ...
1989 മാർച്ച് 27. ശ്രീചിത്രയിൽ സയന്റിഫിക് അസിസ്റ്റന്റായി ചേർന്നു. ഡോ. എം.എസ്. വല്യത്താനാണ് അന്നു ഡയറക്ടർ. അടിമുതൽ മുടി വരെ വിറച്ചു കൊണ്ടാണു മുന്നിലേക്കു ചെന്നത്. ഇംഗ്ലിഷിൽ, നീണ്ട ഉപദേശങ്ങൾ. എല്ലാം യെസ് മൂളലോടെ കേട്ടു. ‘എന്റെ വളർച്ചയിൽ അദ്ദേഹത്തിനും പിന്നീടു ഡയറക്ടറായ ഡോ. കെ. മോഹൻദാസിനും നല്ല പങ്കുണ്ട്. രണ്ടു പേരും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു, സംരക്ഷിച്ചു.’ മോഹനൻ പറഞ്ഞു. ശ്രീചിത്രയിൽ നാലാം വർഷം സയന്റിസ്റ്റായി. 1993ൽ വിവാഹം.
കേരള സർവകലാശാലയിൽ നിന്ന് 1997ൽ ടോക്സിക്കോളജിയിൽ പിഎച്ച്ഡി. 2002ൽ, ജപ്പാനിലെ സുകുബ സർവകലാശാലയിൽ നിന്ന് ന്യൂറോ ടോക്സിസിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ബിരുദം. ജപ്പാനിൽ വച്ചാണ് ആദ്യമായി ബീയർ കഴിക്കുന്നത്. അതും ഒരു ഗ്ലാസ്. ഇന്നും അതേ ഒരു ഗ്ലാസ് മാത്രം. 2 വർഷത്തെ പോസ്റ്റ് ഡോക്ടറൽ പഠനത്തിനായി സുകുബയിൽ അന്ന് 12 മലയാളികളുണ്ടായിരുന്നു. മറ്റെല്ലാവരും ജപ്പാൻ, യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാലുറപ്പിച്ചപ്പോൾ മോഹനൻ മാത്രം ഇന്ത്യയിലേക്കു മടങ്ങി. വീണ്ടും ശ്രീചിത്രയിൽ.
ടോക്സിക്കോളജിയിലേക്കു കാലെടുത്തു വച്ച ബെംഗളൂരുവിലെ അതേ റാലീസ് ഇന്ത്യയിൽ, ലാബ് പരിശോധനാ സമിതി അംഗമായി 2004 മാർച്ചിൽ മോഹനൻ വീണ്ടുമെത്തി. 2013മുതൽ 2018 വരെ, ഗുഡ് ലാബ് പ്രാക്ടീസിനായുള്ള രാജ്യാന്തര സമിതിയിലെ ഇന്ത്യൻ പ്രതിനിധിയായി. വിവിധ രാജ്യങ്ങളിലെ ഗവേഷണ ലാബുകളുടെ ഗുണനിലവാരം പരിശോധിക്കുകയാണു സമിതിയുടെ ചുമതല. ലാബുകളിലെ ഡേറ്റ പരസ്പരം അംഗീകരിക്കുന്നതിന്റെ ഭാഗമായുള്ള നിലവാര പരിശോധനയും ഗവേഷണ, പരീക്ഷണ രീതികളുടെ ഏകീകരണവുമാണു ഗുഡ് ലാബ് പ്രാക്ടീസ് പദ്ധതിയുടെ ലക്ഷ്യം.
വികാസിനു പറയാനുള്ളത്:
വലിയ പഠിപ്പിസ്റ്റൊന്നുമായിരുന്നില്ല. ശരാശരി വിദ്യാർഥി. പക്ഷേ, അവന്റെ ഉള്ളിലൊരു തീയുണ്ടെന്നു തോന്നിയിരുന്നു. പെട്ടെന്നു വികാരാധീനനാകുന്ന ടൈപ്പല്ല മോഹനൻ. ഉള്ളിൽ നല്ല ധൈര്യമുണ്ടായിരുന്നു. ഏതു പ്രശ്നത്തിലും കുലുങ്ങില്ല. നല്ല സ്നേഹമുള്ളവൻ. നമുക്കും സ്നേഹിക്കാൻ തോന്നുന്ന വ്യക്തിത്വം. കൃത്യമായ നിലപാടുണ്ടായിരുന്നു. തത്വദീക്ഷയുള്ളവനുമായിരുന്നു.
ഏറ്റവും സംതൃപ്തിയുള്ള ജോലി?
‘കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. രാവിലെ ഏഴരയ്ക്ക് എന്നും ഓഫിസിലെത്തും. 700–800 പേജുള്ള രേഖകളാണു ലഭിക്കുന്നത്. പഠിച്ച്, പിറ്റേന്നു തന്നെ അഭിപ്രായം രേഖപ്പെടുത്തി തിരിച്ചയയ്ക്കണം. വാക്സീൻ സമിതിയിൽ ഉൾപ്പെടുത്തിയ ശേഷം, അവധിയെടുത്തിട്ടില്ല. വാക്സീൻ സമിതിയടക്കം 9 സമിതികളുടെ യോഗങ്ങൾ മാസത്തിൽ 2 എണ്ണം വച്ചുണ്ടാകും. എല്ലാ യോഗത്തിലും കൃത്യമായി കാര്യങ്ങൾ പഠിച്ച്, നോട്ടു കുറിച്ചെടുത്താണു പങ്കെടുക്കുക. അതിലൊരു വിട്ടുവീഴ്ചയുമില്ല.’
ജീവിതത്തെ പറ്റി എന്തു തോന്നുന്നു?
‘ജീവിതത്തിൽ സന്തോഷവും സംതൃപ്തിയുമുണ്ട്. നൊബേൽ ജേതാക്കളായ ഹരോൾഡ് ക്രോട്ടോയുടെയും മകോട്ടോ കൊബയാഷിയുടെയും മുന്നിൽ ജപ്പാനിൽ വച്ച് പ്രസംഗിക്കാൻ സാധിച്ചു.’
ധർമടം ബേസിക് മാപ്പിള സ്കൂളിലെ അനുഭവം?
കോവിഡ് തുടങ്ങിയ ശേഷം, ശാസ്ത്ര ദിനത്തിൽ പ്രസംഗിക്കാൻ ധർമടം ബേസിക് മാപ്പിള സ്കൂളിൽ പോയിരുന്നു. വികാസിന്റെ ഭാര്യ അവിടെ അധ്യാപികയാണ്. അവർ ആവശ്യപ്പെട്ടിട്ടാണു പോയത്. കുട്ടികളുടെ ചോദ്യങ്ങൾ കേട്ട് അമ്പരന്നു പോയി. വാക്സീനെ പറ്റി അവർ വിശദമായി ചോദ്യങ്ങളുന്നയിച്ചു. നമ്മുടെ കുട്ടികൾ എത്ര വിവരമുളളവരാണ്!
ഇന്ത്യയിലെ വാക്സിനേഷനെപ്പറ്റി?
ഇന്ത്യയിലെ വാക്സിനേഷൻ വലിയ കാര്യം തന്നെയാണ്. മറ്റു രാജ്യങ്ങൾ പോലെയല്ല ഇന്ത്യ. 139 കോടി ജനങ്ങളുണ്ട്. വലിയ ശ്രമം തന്നെയാണു നടക്കുന്നത്. 62 കോടി ജനങ്ങളുള്ള യുഎസുമായോ അതുപോലുള്ള രാജ്യങ്ങളുമായോ താരതമ്യം ചെയ്യാൻ കഴിയില്ല. ഇന്ത്യ വലിയ തീയാണ്. അത് ആദ്യം അണയ്ക്കുകയാണു വേണ്ടത്. വാക്സീന്റെ ദേശസാൽക്കരണം ശരിയല്ല. വികസിത രാജ്യങ്ങൾ ഇന്ത്യയെ പൂർണമായി വാക്സിനേഷനു സഹായിക്കുകയാണു വേണ്ടത്. വലിയ തീ ആദ്യമണച്ചാൽ, ചെറിയ തീ പെട്ടെന്നണയ്ക്കാം.
വീണ്ടും ബാക്ക് ബെഞ്ചിലേക്ക്...
ഏറെക്കാലത്തിനു ശേഷം, എസ്എൻ കോളജിൽ മോഹനൻ വീണ്ടുമെത്തി. സുവോളജി ക്ലബ് ഉദ്ഘാടനത്തിനാണെത്തിയത്. സബ്ജക്ടിനെ പറ്റി പറയാനാണു സംഘാടകർ ആവശ്യപ്പെട്ടത്. പക്ഷേ, മോഹനൻ തമാശരൂപത്തിൽ പറഞ്ഞതെല്ലാം, ബാക്ക് ബെഞ്ചുകാരെ പറ്റിയായിരുന്നു.
ഒരിക്കൽ കൂടി നമുക്കാ ബാക്ക് ബെഞ്ചിലിരിക്കാം. ബാക്ക് ബെഞ്ചിലിരുന്നവരെ ഓർക്കാം...
English Summary: Inspiring Life Story of Kerala Scientist Dr Mohanan PV