ഐഎൻഎസ് വിക്രാന്ത് 2022ല്‍ കമ്മിഷൻ ചെയ്യും: രാജ്നാഥ് സിങ്
Mail This Article
കൊച്ചി∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് 2022ല്‍ കമ്മിഷൻ ചെയ്യുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അടുത്ത വർഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുമ്പോൾ ആത്മനിർഭർ ഭാരതിന്റെ തിളക്കമാർന്ന നേട്ടമായിരിക്കും വിക്രാന്തിന്റെ കമ്മിഷനിങ്. എൻഡിഎ സർക്കാരാണു പദ്ധതിക്ക് അംഗീകാരം നൽകിയത്. കപ്പലിന്റെ അവലോകനം തൃപ്തികരമായിരുന്നു. പരിശോധിക്കാൻ ലഭിച്ച അവസരം സന്തോഷം നൽകുന്നതായും അദ്ദേഹം പറഞ്ഞു.
ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ സേനയുടെ ഭാഗമാകുമ്പോൾ സൈന്യത്തിനു ലഭിക്കുന്ന കരുത്തും വൈദഗ്ധ്യവും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെയും പോരാട്ട വീര്യത്തെയും വർധിപ്പിക്കും. സമുദ്ര മേഖലയിൽ രാജ്യത്തിന്റെ താൽപര്യങ്ങൾ സുരക്ഷിതമാക്കാനും കപ്പലിനു സാധിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അതിനപ്പുറവും നാവിക സേനയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നതിനു സഹായിക്കുന്ന കർണാടകയിലെ കാർവാർ പദ്ധതി സന്ദർശിച്ച് അവലോകനം നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ നാവിക സേനയുടെ ഏറ്റവും വലിയ നാവിക താവളമായിരിക്കും ഇത്. ഇന്ത്യൻ നാവിക ശേഷി ഉയർത്തുന്നതിനു പ്രതിജ്ഞാബദ്ധമാണ് സർക്കാർ എന്നതിന് ഉദാഹരണമാണ് കൊച്ചിയിലെയും കാർവാറിലെയും പദ്ധതികൾക്കു നൽകുന്ന പിന്തുണ. സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനു തദ്ദേശീയ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. രാജ്യത്തിനായി നിർമിക്കുന്ന 44 കപ്പലുകളിൽ 42 എണ്ണവും നമ്മുടെ കപ്പൽശാലകളിൽ തന്നെയാണു നിർമിക്കുന്നത്.
തദ്ദേശീയ വ്യോമവാഹിനിയുടെ രൂപകൽപന മുതൽ നിർമാണത്തിന് ഉപയോഗിക്കുന്ന ഉരുക്കും പ്രധാന ആയുധങ്ങളും സെൻസറുകളും വരെയുള്ള 75% ഭാഗങ്ങളും തദ്ദേശീയ ഉൽപന്നങ്ങളാണ്. ഇന്ത്യയുടെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) പ്രോജക്ട് 75 ഇന്ത്യയുടെ റിക്വസ്റ്റ് ഫോർ പ്രപ്പോസലിന് (ആർപിഎഫ്) അനുമതി നൽകിയത് തദ്ദേശ വികസന നിലപാടിനെ പിന്തുണയ്ക്കുന്നതാണ്. ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതിയാണു പ്രോജക്ട് 75 ഇന്ത്യ.
കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന ഈ പദ്ധതികളെല്ലാം നാവിക സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഏതു വെല്ലുവിളികളെയും നേരിടാൻ പ്രാപ്തമാക്കുന്നതുമാണ്. ഗൽവാനിൽ ഇന്ത്യ സ്വീകരിച്ച നിലപാടും സേനാ വിന്യാസവും രാജ്യം സമാധാനം തേടുകയും ഒപ്പം ഏതൊരു പോരാട്ടത്തിനും തയാറാണെന്നു വ്യക്തമാക്കുന്നതുമായിരുന്നു.
കോവിഡ് പോരാട്ടത്തിൽ നാവിക സേന നിർണായകമായ സംഭാവനകളാണു നൽകിയിട്ടുള്ളത്. ഓപ്പറേഷൻ സമുദ്രസേതു ഒന്ന് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനും ഓപ്പറേഷൻ സമുദ്രസേതു രണ്ട് ഓക്സിജനും മരുന്നുകളും വിദേശങ്ങളിൽനിന്നു രാജ്യത്ത് എത്തിക്കുന്നതിനും പ്രവർത്തിച്ചു. ടൗട്ടെ ചുഴലിക്കാറ്റിലും സേന നടത്തിയ സേവനപ്രവർത്തനങ്ങൾ രാജ്യത്തിനു ധൈര്യവും അഭിമാനവും നൽകുന്നതാണ്– രാജ്നാഥ് പറഞ്ഞു.
English Summary: INS Vikrant Commissioning will be a shining achievement for Atmanirbhar Bharat as India celebrates its diamond jubilee of independence next year says Rajnath Singh