കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളം ഒട്ടേറെ കസ്റ്റഡി മരണങ്ങള്‍ക്കും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും വേദിയായിരുന്നുവല്ലോ. ആ സംഭവങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ നൈതികത ചോദ്യം ചെയ്യപ്പെട്ടതുമാണ്. വര്‍ഗീസിന്റെ മരണത്തില്‍ വ്യാജ... Naxal Varghese

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളം ഒട്ടേറെ കസ്റ്റഡി മരണങ്ങള്‍ക്കും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും വേദിയായിരുന്നുവല്ലോ. ആ സംഭവങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ നൈതികത ചോദ്യം ചെയ്യപ്പെട്ടതുമാണ്. വര്‍ഗീസിന്റെ മരണത്തില്‍ വ്യാജ... Naxal Varghese

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളം ഒട്ടേറെ കസ്റ്റഡി മരണങ്ങള്‍ക്കും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും വേദിയായിരുന്നുവല്ലോ. ആ സംഭവങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ നൈതികത ചോദ്യം ചെയ്യപ്പെട്ടതുമാണ്. വര്‍ഗീസിന്റെ മരണത്തില്‍ വ്യാജ... Naxal Varghese

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നക്സലൈറ്റ് നേതാവായിരുന്ന എ. വര്‍ഗീസിനെ 51 വര്‍ഷം മുന്‍പു വയനാട്ടിലെ തിരുനെല്ലിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വെടിവച്ചു കൊലപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരമായി വര്‍ഗീസിന്റെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ കൈമാറിയത് ആരെയുമറിയിക്കാതെ. വയനാട് മാനന്തവാടി വെള്ളമുണ്ടയിലെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തിയ വിവരം ബാങ്കില്‍നിന്നു വിളിച്ചു പറഞ്ഞപ്പോളാണു വര്‍ഗീസിന്റെ സഹോദരങ്ങള്‍ അറിയുന്നത്. പിന്നാലെ വീട്ടില്‍ പൊലീസെത്തി നഷ്ടപരിഹാരത്തിനു രശീതി വാങ്ങിയതല്ലാതെ സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായില്ല.

വര്‍ഗീസ് വധമുള്‍പ്പെടെയുള്ള പൊലീസിന്റെ ‘ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍’ പൊതുസമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത് ഒഴിവാക്കാനാണു നഷ്ടപരിഹാരക്കൈമാറ്റം സര്‍ക്കാര്‍ ‘നിശബ്ദമായി’ നടത്തിയതെന്നു വര്‍ഗീസിന്റെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചതോടെ സംഭവം വിവാദമാവുകയാണ്. നേരത്തെ, ചാരക്കേസില്‍ ഭരണകൂട ഭീകരതയ്ക്കിരയായെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു. വര്‍ഗീസിന്റെ കാര്യത്തിലാവട്ടെ, നഷ്ടപരിഹാരത്തുക കൈമാറുന്നതു സംബന്ധിച്ചു സര്‍ക്കാരില്‍നിന്നു പേരിനൊരു അറിയിപ്പു പോലും കിട്ടിയിട്ടില്ലെന്നു നിയമനടപടികള്‍ക്കു നേതൃത്വം നല്‍കിയ അഭിഭാഷകനും വര്‍ഗീസിന്റെ സഹോദരപുത്രനുമായ എ. വര്‍ഗീസ് ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞു.

നമ്പി നാരായണൻ
ADVERTISEMENT

നമ്പിനാരായണനോടു കാണിച്ച മര്യാദ വര്‍ഗീസിനോടു കാണിക്കാത്തത് രാഷ്ട്രീയ വിവേചനവും രാഷ്ട്രീയ പകപോക്കലുമാണെന്നാണു ബന്ധുക്കളുടെ ആരോപണം. വര്‍ഗീസിനെയും വര്‍ഗീസിന്റെ ഓര്‍മകളെയും ഇടതുസര്‍ക്കാരും സിപിഎമ്മും ഇന്നും ഭയക്കുന്നു എന്നതിനു തെളിവാണിതെന്നും അവര്‍ പറയുന്നു. വിപുലമായ ചടങ്ങുകള്‍ നടത്താന്‍ കോവിഡ് പ്രോട്ടോക്കോള്‍ തടസ്സമാണെങ്കിലും, സര്‍ക്കാരിന്റെ ഒരു പ്രതിനിധിയെ വീട്ടിലേക്കയച്ച് ഔദ്യോഗികമായി സന്ദേശം കൈമാറാന്‍ പോലും തയാറാകാതിരുന്നത് അപമര്യാദയും വര്‍ഗീസിനോടുള്ള അനാദരവുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളമുണ്ട ഒഴുക്കുമ്മൂലയില്‍ വര്‍ഗീസിന്റെ പൈതൃകസ്വത്തായ 70 സെന്റും വീടും ഉപയോഗപ്പെടുത്തി ലെനിനിസ്റ്റ് ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കാന്‍ നഷ്ടപരിഹാരത്തുക വിനിയോഗിക്കുമെന്നു ബന്ധുക്കള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വര്‍ഗീസിന്റെ ബന്ധുക്കളും സിപിഐ (എംഎല്‍) റെഡ് ഫ്ലാഗ് (പി.സി.ഉണ്ണിച്ചെക്കന്‍ വിഭാഗം) സംസ്ഥാന നേതാക്കളുമടങ്ങിയ വര്‍ഗീസ് സ്മാരക ട്രസ്റ്റിനു കീഴിലാണ് ഇപ്പോള്‍ വീടും സ്ഥലവും.

സ്വര്‍ണപ്പാത്രം കൊണ്ടു മൂടിവച്ച സത്യം

നക്സലൈറ്റ് നേതാവും പുല്‍പ്പള്ളി-തൃശ്ശിലേരി-തിരുനെല്ലി നക്സല്‍ ആക്രമണക്കേസുകളില്‍ പ്രതിയുമായിരുന്ന വയനാട് മാനന്തവാടി വെള്ളമുണ്ട അരീക്കാട്ട് വര്‍ഗീസ് മുപ്പത്തിരണ്ടാം പിറന്നാളിനു തൊട്ടുതലേന്ന്, 1970 ഫെബ്രുവരി 18നാണു തിരുനെല്ലിക്കാട്ടില്‍ വെടിയേറ്റു മരിച്ചത്. കാട്ടില്‍ നക്സലൈറ്റുകളെ തിരയാനിറങ്ങിയ സിആര്‍പിഎഫ് സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദം. വര്‍ഗീസ് അംഗമായിരുന്ന സിപിഐ (എംഎല്‍) ഔദ്യോഗിക വിഭാഗവും ഏറ്റുമുട്ടല്‍ കൊലപാതകമായാണു വര്‍ഗീസിന്റെ മരണത്തെ വിശേഷിപ്പിച്ചത്.

എന്നാല്‍, ഒളിവില്‍ കഴിയവേ ഫെബ്രുവരി 18നു രാവിലെ തിരുനെല്ലി ക്ഷേത്രത്തിനു സമീപം ശിവരാമന്‍ നായര്‍ എന്ന കര്‍ഷകത്തൊഴിലാളിയുടെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന വര്‍ഗീസിനെ സിആര്‍പിഎഫും ലോക്കല്‍ പൊലീസും ചേര്‍ന്നു പിടികൂടി കാട്ടിലേക്കു കൊണ്ടു പോകുന്നതിനു ദൃക്സാക്ഷികളുണ്ടായിരുന്നു. വര്‍ഗീസിനെ കസ്റ്റഡിയില്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നുവെങ്കിലും ആരോപണം നിഷേധിക്കുകയാണു സി.അച്യുതമേനോന്‍ സര്‍ക്കാര്‍ ചെയ്തത്. അന്നു പ്രതിപക്ഷത്തായിരുന്ന സിപിഎം ഇക്കാര്യം നിയമസഭയിലുന്നയിച്ചെങ്കിലും, നക്സലൈറ്റുകളുടെ ഔദ്യോഗിക മുഖപത്രംതന്നെ ഏറ്റുമുട്ടല്‍ കൊലപാതകമെന്നു സ്ഥിരീകരിച്ചതായി അന്നത്തെ ആഭ്യന്തരമന്ത്രി സി.എച്ച്. മുഹമ്മദ് കോയ ചൂണ്ടിക്കാട്ടിയതോടെ എതിര്‍പ്പുകള്‍ പാഴായി.

രാമചന്ദ്രൻ നായർ
ADVERTISEMENT

ജുഡിഷ്യല്‍ അന്വേഷണം വേണമെന്നു പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതും സ്വീകരിക്കപ്പെട്ടില്ല. സിപിഎം നേതാവ് പാട്യം ഗോപാലന്‍ എംപി ഇക്കാര്യം പിന്നീട് പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു. എങ്കിലും ഈ വിഷയം സഭയ്ക്കു പുറത്ത് ഉന്നയിച്ച് ബഹുജനസമ്മര്‍ദമുണ്ടാക്കാന്‍ പാര്‍ട്ടിയില്‍നിന്നു ശ്രമങ്ങളുണ്ടായില്ല. അച്യുതമേനോന്‍ സര്‍ക്കാരിന് വര്‍ഗീസിന്റെ പിതാവ് നല്‍കിയ പരാതിയും അവഗണിക്കപ്പെട്ടു. പിന്നീട് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ, ജുഡിഷ്യല്‍ അന്വേഷണമാവശ്യപ്പെട്ടു വര്‍ഗീസിന്റെ സഹോദരന്‍ എ. തോമസ് നല്‍കിയ നിവേദനത്തിനും മറുപടിയുണ്ടായില്ല. അന്നത്തെ പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിക്കും നിവേദനം നല്‍കിയെങ്കിലും, ഏറ്റുമുട്ടലിലാണു വര്‍ഗീസ് കൊല്ലപ്പെട്ടതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണു മറുപടി ലഭിച്ചത്.

വര്‍ഗീസിനെ കസ്റ്റഡിയില്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന റിട്ട. സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കൊല്ലം പുനലൂര്‍ സ്വദേശി പി. രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നതിനെ തുടര്‍ന്ന് 1998ലാണു വര്‍ഗീസ് വധം വീണ്ടും ചര്‍ച്ചയായത്. തിരുനെല്ലിയിലെ കര്‍ഷകത്തൊഴിലാളിയുടെ കുടിലില്‍ നിന്നു പിടിയിലായ വര്‍ഗീസിനെ 1970 ഫെബ്രുവരി 18ന് അന്നത്തെ ഉത്തരമേഖലാ ഡിഐജി പി. വിജയന്റെയും തലശ്ശേരി ഡിവൈഎസ്പിയായിരുന്ന കെ. ലക്ഷ്മണയുടെയും ആജ്ഞ പ്രകാരം താന്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ മൊഴി. വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനും തിരുനെല്ലി-തൃശ്ശിലേരി കേസുകളില്‍ കൂട്ടുപ്രതിയുമായിരുന്ന നക്സല്‍ നേതാവ് എ. വാസുവിനോട് 1977ല്‍തന്നെ കോഴിക്കോട്ടു വച്ച് രാമചന്ദ്രന്‍ നായര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

കുറ്റസമ്മതം വാസുവിന് എഴുതിക്കൊടുത്തുവെങ്കിലും ആ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടില്ല. വാസു ഇക്കാര്യം പല തവണ പ്രസംഗങ്ങളില്‍ വെളിപ്പെടുത്തുകയും മുന്‍ നക്സല്‍ നേതാവ് കെ. വേണു ഉള്‍പ്പെടെയുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നു. മാധ്യമം ദിനപത്രത്തില്‍ കുറിപ്പ് ഏല്‍പിച്ചെങ്കിലും അവര്‍ പ്രസിദ്ധീകരിക്കാന്‍ തയാറായില്ലെന്നും വാസു പറയുന്നു. കെ. വേണു പിന്നീട് സമകാലിക മലയാളം വാരികയിലെഴുതിയ ആത്മകഥാപരമ്പരയില്‍ വിഷയം പരാമര്‍ശിച്ചതോടെയാണു രാമചന്ദ്രന്‍ നായരുടെ കുറ്റസമ്മതം വീണ്ടും വാര്‍ത്തയായത്. തുടര്‍ന്നു മാധ്യമം വാരിക കുറിപ്പ് പ്രസിദ്ധീകരിച്ചു. അതിനൊപ്പം മലയാള മനോരമ രാമചന്ദ്രന്‍ നായരെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ ആധികാരികമായ വെളിപ്പെടുത്തല്‍ സഹിതം അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ വര്‍ഗീസ് വധം വീണ്ടും വിവാദക്കൊടുങ്കാറ്റുയര്‍ത്തി.

കെ.അജിത

അന്വേഷണം ആവശ്യപ്പെട്ടു വര്‍ഗീസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് സിബിഐക്കു വിട്ടു. റിട്ട. സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പി. രാമചന്ദ്രന്‍ നായര്‍, അതിനകം ഐജിയായി വിരമിച്ചിരുന്ന കെ. ലക്ഷ്മണ, ഡിജിപിയായി വിരമിച്ച പി. വിജയന്‍ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി സിബിഐ കേസെടുത്തു. മൂന്നു പേരും അറസ്റ്റിലായി. കേസിന്റെ വിചാരണക്കാലയളവില്‍ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞു. 2010 ഒക്ടോബര്‍ 27ന് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി ലക്ഷ്മണയെ കുറ്റക്കാരനെന്നു കണ്ടെത്തി ജീവപര്യന്തം തടവുവിധിച്ചു. പി. വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു.

ADVERTISEMENT

‘സ്വര്‍ണപ്പാത്രം കൊണ്ടു മൂടിവച്ചാലും സത്യം ഒരു നാള്‍ പുറത്തുവരിക തന്നെ ചെയ്യും’ എന്ന് ഈശാവാസ്യോപനിഷത് സൂക്തം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു സിബിഐ പ്രത്യേക കോടതി ജഡ്ജ് എസ്. വിജയകുമാറിന്റെ ഉത്തരവ് (ശിക്ഷാവിധി ഹൈക്കോടതിയും ശരിവച്ചതിനെ തുടര്‍ന്നു ലക്ഷ്മണയുടെ അപ്പീല്‍ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്) ഇതിനിടെ, രണ്ടര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ലക്ഷ്മണയെ 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശിക്ഷാഇളവു നല്‍കി മോചിപ്പിച്ചു. 75 വയസ്സു കഴിഞ്ഞ തടവുകാര്‍ക്ക് ഇളവനുവദിക്കാനുള്ള പ്രത്യേക തീരുമാനപ്രകാരമായിരുന്നു ലക്ഷ്മണയുടെ മോചനം.

വര്‍ഗീസിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞ സാഹചര്യത്തില്‍ കുടുംബത്തിനു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണു സഹോദരങ്ങള്‍-ജോസഫ്, മറിയം, തോമസ്, അന്നക്കുട്ടി എന്നിവര്‍-50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. വര്‍ഗീസ് ‘കൊടുംകുറ്റവാളിയും കുപ്രസിദ്ധ ക്രിമിനലു’മാണെന്നും, പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നുമായിരുന്നു കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതുപ്രകാരം 2016 ജൂലൈയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായി.

പിണറായി വിജയൻ

തുടര്‍ന്നു സര്‍ക്കാര്‍ നിലപാട് തിരുത്തി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ തയാറാക്കിയ സത്യവാങ്മൂലം അതേപടി കോടതിയില്‍ സമര്‍പ്പിച്ചതാണെന്നായിരുന്നു സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം. നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും തുക നിശ്ചയിക്കാന്‍ സെക്രട്ടറിതല കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം, വര്‍ഗീസിന്റെ നാലു സഹോദരങ്ങള്‍ക്കുമായി 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ 2021 ഫെബ്രുവരി 24നു മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

‘അവര്‍ ഇപ്പോഴും വര്‍ഗീസിനെ ഭയക്കുന്നു’

വര്‍ഗീസിന്റെ സഹോദരന്‍ അരീക്കാട്ട് തോമസിന്റെ മകനും മാനന്തവാടിയിലെ അഭിഭാഷകനുമായ എ. വര്‍ഗീസാണു കുടുംബത്തിനു വേണ്ടി നിയമനടപടികള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ ‘നിശബ്ദമായി’ കൈമാറിയതു സംബന്ധിച്ച് അഡ്വ. വര്‍ഗീസ് മനോരമ ഓണ്‍ലൈനിനോടു പ്രതികരിക്കുന്നു:
‘ആദിവാസി വിമോചന പോരാളിയായിരുന്ന വര്‍ഗീസിന്റെ കൊലപാതകത്തിനു നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഞങ്ങള്‍-വര്‍ഗീസിന്റെ ബന്ധുക്കള്‍- ആഗ്രഹിച്ചിരുന്നില്ല. ആ ധീരപോരാളിയുടെ ജീവനു വിലയിടാന്‍ ഒരു ഭരണകൂടത്തിനും കഴിയുകയുമില്ല. ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു വര്‍ഗീസ് എന്ന വസ്തുതയ്ക്ക് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടത് എന്ന ഭരണകൂടഭാഷ്യം പതിറ്റാണ്ടുകളായി പ്രചാരത്തിലുണ്ടെങ്കിലും, വര്‍ഗീസിനെ പൊലീസ് പിടിച്ചുകൊണ്ടു പോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നു തന്നെയാണ് അക്കാലത്തെ വയനാട്ടിലെ സാമൂഹിക രാഷ്ടീയ സാഹചര്യങ്ങള്‍ അറിയാവുന്നവരെല്ലാം വിശ്വസിച്ചിരുന്നത്. സിബിഐ കോടതിയുടെ വിധിന്യായത്തില്‍ ചൂണ്ടിക്കാണിക്കുന്നതു പോല, അക്കാലത്ത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും മനുഷ്യാവകാശബോധവും വേണ്ടത്ര ശക്തിപ്പെട്ടിട്ടില്ലായിരുന്നു എന്നതുകൊണ്ട് ആ സത്യം അനൗപചാരികമായ സംസാരങ്ങളിലും അഭ്യൂഹങ്ങളിലുമായി ഒതുങ്ങിനിന്നുവെന്നു മാത്രം.

മന്ദാകിനി നാരായണൻ

വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങളുടെ അപ്പാപ്പന്‍-വര്‍ഗീസിന്റെ പിതാവ് വര്‍ക്കി- അക്കാലത്തുതന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു. അതെല്ലാം അവഗണിക്കപ്പെടുകയാണുണ്ടായത്. അന്നു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണയുടെ ഭീഷണിക്കും ആജ്ഞയ്ക്കും വഴങ്ങി താന്‍ വര്‍ഗീസിനെ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് റിട്ട. സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ പുറത്തു വന്നതിനെ തുടര്‍ന്നാണു വര്‍ഗീസിന്റെ സഹോദരങ്ങള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.

‘ഇടതു സർക്കാർ ഇതു ചെയ്യരുതായിരുന്നു’

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി തന്നെയാണു നഷ്ടപരിഹാരത്തിന്റെ സാധ്യതയും ചൂണ്ടിക്കാട്ടിയത്. അതുപ്രകാരം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം തടസ്സവാദങ്ങള്‍ ഉന്നയിക്കുകയും വര്‍ഗീസിനെ കൊടുംക്രിമിനല്‍ മാത്രമായി ചിത്രീകരിക്കുകയും ചെയ്തെങ്കിലും പിന്നീടു ബഹുജനവികാരം മനസ്സിലാക്കി നഷ്ടപരിഹാരത്തിനു തയാറാവുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണു സര്‍ക്കാരിനു നിവേദനം നല്‍കിയത്. നിവേദനം പരിഗണിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. കെ. ജയകുമാര്‍ അധ്യക്ഷനായിരുന്ന ആ സമിതിയാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്.

നഷ്ടപരിഹാരം അനുവദിക്കാന്‍ 2021 ഫെബ്രുവരി 24നു മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 50 ലക്ഷം രൂപ നാലു സഹോദരങ്ങള്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനം മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞിരുന്നു. അക്കൗണ്ടില്‍ പണം എത്തിയതായി ഏതാനും ദിവസം മുന്‍പ് ബാങ്കില്‍ നിന്ന് അറിയിപ്പു ലഭിച്ചപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. സര്‍ക്കാരില്‍നിന്ന് അതു സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഞങ്ങള്‍ക്കു കിട്ടിയിട്ടില്ല. അതിനിടയില്‍ വീട്ടില്‍ പൊലീസെത്തി രശീതി ഒപ്പീടീച്ചു വാങ്ങുകയും ചെയ്തു.

നക്‌സൽബാരി ഗ്രാമം. ചിത്രം: AFP

വര്‍ഗീസിന്റെ കൊലപാതകത്തിനു ഞങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ഒരു രാഷ്ട്രീയ നടപടിയായിരുന്നു. ആ ആവശ്യം അംഗീകരിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാകുമ്പോള്‍, വര്‍ഗീസ് മുന്നോട്ടുവച്ച രാഷ്ട്രീയം അംഗീകരിക്കപ്പെടുക കൂടിയാണു ചെയ്യുന്നത്. ദുര്‍ബലരായ മനുഷ്യര്‍ക്കുമേല്‍ ഭരണകൂടരൂപങ്ങള്‍ നടത്തിപ്പോരുന്ന അധിനിവേശത്തിനും ആധിപത്യത്തിനുമെതിരായ ചെറുത്തുനില്‍പ്പായിരുന്നു വര്‍ഗീസിന്റെ രാഷ്ട്രീയം. ഉന്മൂലനവും സായുധസമരവും ആ രാഷ്ട്രീയത്തിന്റെ ആ കാലത്തെ പ്രയോഗരൂപങ്ങള്‍ മാത്രമായിരുന്നു. ആ സമരങ്ങള്‍ക്ക് അതിന്റേതായ വിമോചനമൂല്യവും ഫലവും വലിയൊരു പരിധിവരെ ഉണ്ടായിട്ടുണ്ടെന്നു പില്‍ക്കാല കേരള ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ രാഷ്ട്രീയമാണ് ഇവിടെ, ഈ നഷ്ടപരിഹാര വിധിയിലൂടെ ശരിവയ്ക്കപ്പെടുന്നത്.

നഷ്ടപരിഹാരമെന്നത് കേവലം ഒരു രൂപ മാത്രമായിരുന്നെങ്കില്‍ പോലും അതിന്റെ രാഷ്ട്രീയം വ്യത്യാസപ്പെടുന്നില്ല. ഭരണകൂടം സ്വന്തം ഭീകരത ഏറ്റുപറഞ്ഞ് അതിനു പരസ്യമായി പ്രായശ്ചിത്തം ചെയ്യുകയാണ്. ആ പ്രായശ്ചിത്തത്തിന് അതിന്റേതായ രാഷ്ട്രീയ മൂല്യമുണ്ട്. അതുകൊണ്ടുതന്നെ, ഹര്‍ജിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയെന്ന സാങ്കേതിക നടപടിക്കപ്പുറത്ത്, പരസ്യവും പ്രത്യക്ഷവുമായി അതു നിര്‍വഹിക്കുകയെന്ന രാഷ്ട്രീയ ഉത്തരവാദിത്തവും ഭരണകൂടത്തിനുണ്ട്-ഒരു ഇടതുപക്ഷ സര്‍ക്കാരിനു പ്രത്യേകിച്ചും.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളം ഒട്ടേറെ കസ്റ്റഡി മരണങ്ങള്‍ക്കും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും വേദിയായിരുന്നുവല്ലോ. ആ സംഭവങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ നൈതികത ചോദ്യം ചെയ്യപ്പെട്ടതുമാണ്. വര്‍ഗീസിന്റെ മരണത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിനു സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നതും ദേശീയതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ സാഹചര്യത്തില്‍, വര്‍ഗീസിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരക്കൈമാറ്റം വീണ്ടും വാര്‍ത്തയാവാതിരിക്കാന്‍ സർക്കാര്‍ ജാഗ്രത പാലിക്കുകയായിരുന്നുവെന്നാണു മനസ്സിലാവുന്നത്.

സുപ്രീംകോടതി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഭരണകൂടഭീകരതയ്ക്കിരയായെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇതേ ഇടതുമുന്നണിയുടെ സര്‍ക്കാര്‍ സെക്രട്ടേറിയറ്റില്‍ ഔപചാരികമായ ചടങ്ങു നടത്തിയാണ് തുക കൈമാറിയത്. അതേ യുക്തിയും മര്യാദയും വര്‍ഗീസിന്റെ കാര്യത്തില്‍ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വലിയ പരിപാടികള്‍ നടത്തുന്നതിനു തടസ്സമുണ്ടെന്നും, പണമിടപാടുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ എന്നും മറ്റും സാങ്കേതിക ന്യായീകരണങ്ങള്‍ നിരത്താനുണ്ടാവാം. എങ്കിലും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടു തന്നെ എത്രയോ ചെറുതും വലുതുമായ ഔദ്യോഗിക പരിപാടികള്‍ ഇന്നും കേരളത്തില്‍ നടക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അവയില്‍ പങ്കെടുക്കുന്നു.

എന്നിട്ടും വര്‍ഗീസിന്റെ കുടുംബത്തിലേക്ക് ഒരു വില്ലേജ് ഓഫിസറെയെങ്കിലും അയച്ച് ആ നഷ്ടപരിഹാരക്കൈമാറ്റത്തിന്റെ ഔദ്യോഗിക സന്ദേശം കൈമാറാന്‍ സര്‍ക്കാര്‍ മടിച്ചത് എന്തു കൊണ്ടാണ്? ഉത്തരം ഒന്നു മാത്രം: വര്‍ഗീസും വര്‍ഗീസിന്റെ രാഷ്ട്രീയവും വര്‍ഗീസിന്റെ സമരവും വര്‍ഗീസിന്റെ രക്തസാക്ഷിത്വവും ഒരിക്കല്‍ക്കൂടി കേരള സമൂഹത്തില്‍ ചര്‍ച്ചയ്ക്കു വരുന്നതിനെ ഭരണകൂടം ഭയക്കുന്നു. ആരാണ് യഥാര്‍ഥ ഇടതുപക്ഷം എന്ന ചോദ്യത്തെ അഭിമുഖീകരിക്കാന്‍ അവര്‍ മടിക്കുന്നു. അതെ, അവര്‍ ഇപ്പോഴും വര്‍ഗീസിനെ ഭയപ്പെടുന്നുണ്ട്...’

അഭിനന്ദനം അര്‍ഹിക്കാത്ത മനക്കരുത്തുകള്‍!

‘സര്‍ക്കാരിനു വേണമെങ്കില്‍ ഈ നഷ്ടപരിഹാരത്തുക ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാമായിരുന്നു. പക്ഷേ ഇദ്ദേഹത്തിന്റെ മനക്കരുത്തിനെ അഭിനന്ദിക്കാനായാണ് ഇന്ന് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചു തുക കൈമാറുന്നത്’ - 2018 ഒകടോബര്‍ 9നു സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ നോക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണിത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായി നിയമനടപടിയും കസ്റ്റഡി മര്‍ദനവും അപകീര്‍ത്തിയും നേരിട്ടു ദീര്‍ഘകാലം ശാരീരിക-മാനസിക പീഡകളനുഭവിച്ച മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീംകോടതിവിധി പ്രകാരം നഷ്ടപരിഹാരമായി അനുവദിച്ച 50 ലക്ഷം രൂപ കൈമാറുന്ന ചടങ്ങിലായിരുന്നു ഈ പ്രസംഗം.

മുഖ്യമന്ത്രി മാത്രമല്ല, മറ്റു മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ‘നീതി വൈകിയാലും അതു നടപ്പാവുക തന്നെ ചെയ്യും. അത്തരത്തില്‍ നീതിക്കായി പോരാടുന്നവര്‍ക്കു പിന്തുണ നല്‍കുകയാണു ശരിയായ പൗരന്റെയും സര്‍ക്കാരിന്റെയും കടമ’ എന്ന നമ്പിനാരായണന്റെ വാക്കുകളും അന്നു ദര്‍ബാര്‍ ഹാളില്‍ മുഴങ്ങി. ഭരണകൂടഭീകരതയ്ക്കിരയായ നമ്പിനാരായണന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു മാസത്തിനകം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി 2018 സെപ്റ്റംബര്‍ 14നാണ് ഉത്തരവിട്ടത്. ഒരു മാസം പോലും തികയുന്നതിനു മുന്‍പ്, ഒക്ടോബര്‍ 9നു സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി കൈമാറി.

നമ്പി നാരായണൻ, പിണറായി വിജയൻ

(നമ്പിനാരായണന്‍ നല്‍കിയ സിവില്‍ കേസ് ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പിന്നീട് ഒരു കോടി 30 ലക്ഷം രൂപ കൂടി അദ്ദേഹത്തിനു നല്‍കുകയുണ്ടായി).
24 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണു നമ്പിനാരായണനു നീതി ലഭിച്ചത്. നിരപരാധിത്വം തെളിയിക്കാനും നീതി കിട്ടാനും വേണ്ടി, സമാനതകളില്ലാത്ത ചെറുത്തുനില്‍പായിരുന്നു അക്കാലമത്രയും അദ്ദേഹം നടത്തിയത്. വര്‍ഗീസിന്റെ പോരാട്ടങ്ങളുടെ ശരിതെറ്റുകള്‍ക്കപ്പുറത്ത്, ഭരണകൂടത്തിന് പൗരന്റെ ജീവനെടുക്കാൻ അവകാശമില്ലെന്നു തെളിയിക്കാന്‍ വയനാടന്‍ മലയോരത്തെ ഒരു കുടിയേറ്റ കര്‍ഷക കുടുംബം നാലു പതിറ്റാണ്ടിലേറെയാണ് പൊരുതേണ്ടി വന്നത്. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ ആ സഹോദരങ്ങളുടെ മനക്കരുത്തിനു പക്ഷേ, അഭിനന്ദിക്കപ്പെടാന്‍ അര്‍ഹതയില്ല!

വര്‍ഗീസിലെ ശരിതെറ്റുകള്‍

തൊടുപുഴയില്‍നിന്നു 1940കളില്‍ വയനാടന്‍ മലയോരത്തക്കു കുടിയേറിയ കര്‍ഷകനായിരുന്നു അരീക്കാട്ട് വര്‍ക്കി. വര്‍ക്കിയുടെ ആറു മക്കളില്‍ അഞ്ചാമന്‍ വര്‍ഗീസ്. ആറാം ക്ലാസ് വരെ വെള്ളമുണ്ട യുപി സ്‌കൂളില്‍ പഠിച്ചു. മാനന്തവാടി ഹൈസ്‌കൂളില്‍നിന്നു പത്താംക്ലാസ് പാസായി. സ്‌കൂള്‍ പഠനകാലത്തേ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിരുന്നു വര്‍ഗീസ്. ബൊളീവിയന്‍ കാടുകളിലിരുന്ന് ലോകയുവതയുടെ ആവേശമായി മാറിയ ചെ ഗവാരയുടെ ആരാധകന്‍. അന്നു കണ്ണൂര്‍ ജില്ലയുടെ ഭാഗമാണ് വയനാട്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥി സംഘടനയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജില്ലാ നേതാക്കളുമായി വര്‍ഗീസിന് അടുപ്പമുണ്ടായി.

അക്കാലത്ത് പത്താംക്ലാസ് കഴിഞ്ഞാല്‍ പിന്നെ പഠിക്കാന്‍ തലശ്ശേരി ബ്രണ്ണന്‍ കോളജ് മാത്രമാണുള്ളത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഇഎംഎസും എകെജിയും വര്‍ഗീസിന്റെ പിതാവുമായി ബന്ധപ്പെട്ട് ‘അവനെ ഞങ്ങള്‍ക്കു വിട്ടുതരാന്‍’ ആവശ്യപ്പെടുകയായിരുന്നുവെന്ന് സഹോദരന്‍ തോമസ് പറഞ്ഞിട്ടുണ്ട്. അങ്ങനെ കണ്ണൂരിലേക്കു കൊണ്ടു പോയി. ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ചു. കണ്ണൂരില്‍ പാര്‍ട്ടി ഓഫിസ് സെക്രട്ടറിയായി. അക്കാലത്താണ് എം.വി. രാഘവനുമായി വര്‍ഗീസ് സൗഹൃദത്തിലാവുന്നത്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വര്‍ഗീസ് സിപിഎമ്മിനൊപ്പം നിന്നു. ’65ല്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ഒളിവിലോ ജയിലിലോ ആയപ്പോള്‍ ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതു വര്‍ഗീസായിരുന്നു. പിന്നീട് കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണു പാര്‍ട്ടി വര്‍ഗീസിനെ വയനാട്ടിലേക്കു വിട്ടത്.

നക്‌സൽ ബാരി റെയിൽവേ സ്റ്റേഷൻ

അക്കാലത്ത് ആദിവാസികളടങ്ങുന്ന കര്‍ഷകത്തൊഴിലാളികളുടെ ജീവിതം നരകതുല്യമായിരുന്നു. എഴുപതുകള്‍ വരെ വയനാട്ടില്‍ അടിമവ്യവസ്ഥ നിലനിന്നിരുന്നുവെന്നോര്‍ക്കുക. ആദിവാസി കുടുംബങ്ങളെ, കുഞ്ഞുങ്ങളെയടക്കം, ഒരു വര്‍ഷത്തേക്ക് ജന്മി നിസ്സാര വിലയ്ക്കു വാങ്ങുകയാണു ചെയ്യുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളും വയോധികരുമെല്ലാം ജന്മിക്കു വേണ്ടി പണിയെടുക്കണം. ജോലിക്കു കൂലിയില്ല. കളളനാഴിയില്‍ അല്‍പം നെല്ലു കിട്ടും. ജോലി കഴിഞ്ഞ് കുടിലില്‍ പോയി അതു കുത്തി അരിയെടുത്ത് കഞ്ഞിയുണ്ടാക്കിക്കുടിക്കണം. എഴുത്തും വായനയും പഠിക്കാന്‍ അനുവാദമില്ല. മുണ്ടുടുക്കാന്‍ പാടില്ല. സ്വന്തം ഭാഷ സംസാരിച്ചുകൂടാ. അവരുടെ പെണ്‍കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ സ്വാതന്ത്ര്യമില്ല. ജന്മിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും, ചോദ്യം ചെയ്യുന്ന തൊഴിലാളികളെ നിലയ്ക്കു നിര്‍ത്താനും പ്രത്യേക പൊലീസ് ക്യാംപുകള്‍.

ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വര്‍ഗീസ് തിരിച്ചറിഞ്ഞു, കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയിട്ടും ജന്മിത്തചൂഷണങ്ങള്‍ കുറയുന്നില്ല. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളേക്കാള്‍, ഭൂപ്രഭുക്കളും ജന്മികളുമായിരുന്നു പാര്‍ട്ടിയുടെ പുതിയ സുഹൃത്തുക്കള്‍. പാര്‍ട്ടിയില്‍ പുതിയ വര്‍ഗം ഉയര്‍ന്നു വന്നു. ആദിവാസികളുടെ വിമോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ടു സാധ്യമല്ലെന്നു വര്‍ഗീസ് തിരിച്ചറിഞ്ഞു. അദ്ദേഹം ആദിവാസികളെ സംഘടിപ്പിച്ചു. നിഷേധികളായി വളരാന്‍ അവരെ പഠിപ്പിച്ചു. ജോലിക്കു കൂലി ചോദിച്ചു വാങ്ങാന്‍ ധൈര്യവും പ്രേരണയും നല്‍കി. കൂലിപ്പണിക്കാര്‍ക്കു നെല്ല് അളന്നു കൊടുക്കുന്നതിലെ തട്ടിപ്പിന്റെ ആയുധമായിരുന്ന കള്ളനാഴി ഒഴിഞ്ഞ് പുതിയ നാഴി വന്നു. അതിനു വര്‍ഗീസ് നാഴിയെന്നു പേരു വീഴുക വരെ ചെയ്തു.

ജോലിക്കു കൂലി നെല്ലുപോരാ, കണക്കു പറഞ്ഞ് കാശ് കിട്ടണം എന്ന് വര്‍ഗീസ് ജന്മിമാരുടെ മുഖത്തുനോക്കിപ്പറഞ്ഞു. ആദിവാസികള്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങി. അവര്‍ എഴുത്തും വായനയും പഠിച്ചു. പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടു പോകാനെത്തിയ ജന്മിമാരുടെ ശിങ്കിടികളോട് അവര്‍ ചെറുത്തുനിന്നു.

1967ല്‍ ബംഗാളില്‍ ചാരുമജുംദാറിന്റെയം കനു സന്യാലിന്റെയും നേതൃത്വത്തില്‍ നക്സല്‍ബാരി കര്‍ഷകത്തൊഴിലാളി കലാപം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴങ്ങിയിരിക്കുന്നുവെന്നു ചൈനയിലെ പെക്കിങ് റേഡിയോ പ്രഖ്യാപനം നടത്തി. നക്സല്‍ബാരിയുടെയും ചൈനയില്‍ നിന്നെത്തിയ മാവോ സൂക്തങ്ങളുടെയും ആവേശമുള്‍ക്കൊണ്ട് കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് കേരളത്തിലെ നക്സല്‍ പ്രസ്ഥാനം പുറപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്.

സിപിഎം വിട്ട വര്‍ഗീസ്, കുന്നിക്കലിനോടൊപ്പം ചേര്‍ന്നു. വര്‍ഗശത്രുക്കളായ ജന്മികളെ ഉന്മൂലനം ചെയ്യുകയെന്ന മജുംദാര്‍ ലൈനിനോടല്ല, ഭരണകൂടരൂപങ്ങളെ നേരിട്ട് ആക്രമിക്കുകയെന്ന രീതിയോടായിരുന്നു കുന്നിക്കലിനും കൂട്ടര്‍ക്കും താല്‍പര്യം. 1967 ഒടുവില്‍ കുന്നിക്കലിന്റെയും മകള്‍ അജിതയുടെയും വര്‍ഗീസിന്റെയും എ.വാസുവിന്റെയും തേറ്റമല കൃഷ്ണന്‍കുട്ടിയുടെയും കിസാന്‍ തൊമ്മന്റെയും ഫിലിപ് എം.പ്രസാദിന്റെയും ചോമന്‍മൂപ്പനടക്കമുള്ള ആദിവാസി സഖാക്കളുടെയും മറ്റും നേതൃത്വത്തില്‍ തലശ്ശേരി-പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍. പരാജയപ്പെട്ട തലശ്ശേരി ആക്ഷനും, ഭാഗിക വിജയം നേടിയ പുല്‍പ്പള്ളി ആക്ഷനുമൊടുവില്‍ വര്‍ഗീസൊഴികെ ഒട്ടുമിക്ക സഖാക്കളും ജയിലിലായി.

ഒളിവില്‍ പോയ വര്‍ഗീസ്, മജുംദാര്‍ ലൈനിലേക്ക് ആകൃഷ്ടനായി. അങ്ങനെയാണ് 1970 ഫെബ്രുവരി 9നു രാത്രിയും 10നു പുലര്‍ച്ചെയുമായി തൃശ്ശിലേരി-തിരുനെല്ലി ഉന്മൂലനങ്ങള്‍ക്കു വര്‍ഗീസും സംഘവും പദ്ധതിയിട്ടത്. തൃശ്ശിലേരിയിലെ വാസുദേവ അഡിഗയും തിരുനെല്ലിയിലെ ചേക്കുവും ആ രാത്രിയില്‍ നക്സലൈറ്റുകളുടെ തോക്കിനിരയായി (ആദിവാസികളെ ചൂഷണം ചെയ്തു സമ്പത്തുണ്ടാക്കുന്ന ജന്മിയാണ് അഡിഗയെന്നും, തൊഴിലാളിസമരങ്ങളെ ഒറ്റുകൊടുക്കുന്ന പൊലീസ് ഏജന്റും കൊള്ളപ്പലിശക്കാരനുമാണ് ചേക്കു എന്നുമായിരുന്നു കലാപകാരികളുടെ വിലയിരുത്തല്‍). ആക്ഷനു പിന്നാലെ വയനാട്ടില്‍ പൊലീസും സിആര്‍പിഎഫും കാടിളക്കി നക്സല്‍ വേട്ടയ്ക്കിറങ്ങി.

തിരുനെല്ലിയിലെ ആക്ഷന്‍ കഴിഞ്ഞ് കാട്ടിലേക്കു മടങ്ങിയ നക്സല്‍ സംഘം ചിന്നിച്ചിതറി. ഒറ്റപ്പെട്ടുപോയ പലരും പിടിയിലായി. ചിലര്‍ ഒറ്റുകൊടുക്കപ്പെട്ടു. ചാരു മജുംദാറിനെക്കണ്ട് വിപ്ലവ വിജയം അറിയിക്കാന്‍ ബംഗാളിലേക്കു പോകാനിരിക്കുകയായിരുന്ന വര്‍ഗീസും ഒരാഴ്ചയിലേറെ കാട്ടില്‍ കുടുങ്ങി. ബംഗാള്‍ യാത്രയ്ക്കുള്ള ഒരുക്കത്തിനായി ഫെബ്രുവരി 17നു രാത്രി മലയിറങ്ങി അതീവരഹസ്യമായി തിരുനെല്ലിയിലെത്തിയതായിരുന്നു വര്‍ഗീസ്. സുഹൃത്തായ ശിവരാമന്‍ നായരുടെ കുടിലില്‍ ഉറങ്ങിക്കിടന്ന് ഉണരാന്‍ വൈകി. ഉണര്‍ന്നത് പൊലീസിന്റെ തോക്കിന്‍കുഴലിനു മുന്‍പിലേക്കായിരുന്നു. അന്നു വൈകിട്ട് തിരുനെല്ലിക്കാട്ടിലൊരു പാറയിടുക്കില്‍ സിആര്‍പിഎഫിന്റെ വെടിയൊച്ചയും ‘വിപ്ലവം ജയിക്കട്ടെ, മാവോ ഐക്യം നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യവും ഒന്നിച്ചു മുഴങ്ങി. ഇടതു നെഞ്ചില്‍ വെടിയേറ്റ വര്‍ഗീസ് ഉറുമ്പരിച്ചു കിടന്നു.

വര്‍ഗീസിന്റെ വഴികള്‍ ശരിയോ തെറ്റോ എന്നു കേരളം അന്നും ഇന്നും ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്കിലും, വയനാട്ടിലെ ആദിവാസികള്‍ നിവര്‍ന്നു നില്‍ക്കാന്‍ പഠിച്ചത് വര്‍ഗീസിലൂടെയാണെന്നു ചരിത്രം പറയും. ക്രൂരനായ കൊലപാതകിയും കൊള്ളത്തലവനുമായിരുന്നു വര്‍ഗീസ് എന്നു വിശ്വസിക്കുന്നവരുമുണ്ട്. വര്‍ഗീസിന്റെ സമരവും മരണവും കേരള ചരിത്രത്തിലെ ഏറ്റവും വിമോചനമൂല്യമുള്ള രാഷ്ട്രീയ പ്രവൃത്തികളായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ അതിലേറെയുണ്ട്. രണ്ടു കൂട്ടര്‍ക്കും അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. ചെ ഗവാരയുടെ പിന്മുറക്കാര്‍ ‘ഏറ്റുമുട്ടലുകളില്‍’ കൊല്ലപ്പെടേണ്ടവര്‍ തന്നെയെന്നു വിശ്വസിക്കുന്നൊരു ഇടതുഭരണകൂടത്തിന് പക്ഷേ, വര്‍ഗീസിനെ വിലയിരുത്തുക വയ്യ. വര്‍ഗീസിന്റെ ഓര്‍മകളെപ്പോലും അവര്‍ക്ക് ഭയപ്പെടാതെയും വയ്യ.

English Summary: Why Kerala Left Front is Still Fearful of Naxal Varghese and His Ideologies?