രാഷ്ട്രീയമാണ് സർവസ്വം എന്ന ചിന്ത ഇപ്പോൾ എനിക്കില്ല. രാഷ്ട്രീയത്തിനു നൽകേണ്ട വില മാത്രമേ ഞാൻ നൽകാറുള്ളൂ. സ്വാതന്ത്ര്യ സമരത്തിനുശേഷം പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലെ ഉള്ളവർ അധികാരത്തിന്റെ വഴിയിൽ പോയി. ജയപ്രകാശ് നാരായണനെപോലെ ഉള്ളവർ സാമൂഹിക മാർഗത്തിലേക്ക് പോയി. അരവിന്ദോ... CK Padmanabhan Interview . Cross Fire Exclusive

രാഷ്ട്രീയമാണ് സർവസ്വം എന്ന ചിന്ത ഇപ്പോൾ എനിക്കില്ല. രാഷ്ട്രീയത്തിനു നൽകേണ്ട വില മാത്രമേ ഞാൻ നൽകാറുള്ളൂ. സ്വാതന്ത്ര്യ സമരത്തിനുശേഷം പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലെ ഉള്ളവർ അധികാരത്തിന്റെ വഴിയിൽ പോയി. ജയപ്രകാശ് നാരായണനെപോലെ ഉള്ളവർ സാമൂഹിക മാർഗത്തിലേക്ക് പോയി. അരവിന്ദോ... CK Padmanabhan Interview . Cross Fire Exclusive

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയമാണ് സർവസ്വം എന്ന ചിന്ത ഇപ്പോൾ എനിക്കില്ല. രാഷ്ട്രീയത്തിനു നൽകേണ്ട വില മാത്രമേ ഞാൻ നൽകാറുള്ളൂ. സ്വാതന്ത്ര്യ സമരത്തിനുശേഷം പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലെ ഉള്ളവർ അധികാരത്തിന്റെ വഴിയിൽ പോയി. ജയപ്രകാശ് നാരായണനെപോലെ ഉള്ളവർ സാമൂഹിക മാർഗത്തിലേക്ക് പോയി. അരവിന്ദോ... CK Padmanabhan Interview . Cross Fire Exclusive

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ബിജെപിയിൽ വൻ ആരാധക വൃന്ദമുള്ള മുതിർന്ന നേതാവാണ് സി.കെ.പത്മനാഭൻ. ചെ ഗവാരയെ സ്നേഹിക്കുന്ന ഈ നേതാവിന് ക്ഷോഭിക്കുന്ന ചെറുപ്പക്കാരന്റെ പരിവേഷം കൂടി ബിജെപിയിൽ ഉണ്ട്. പാർട്ടി അച്ചടക്കം പാലിക്കുമ്പോൾതന്നെ തെറ്റുകളോടു കലഹിക്കാൻ മുൻ സംസ്ഥാന പ്രസിഡന്റ് മടി കാട്ടിയിട്ടില്ല.അതുകൊണ്ടുതന്നെ അണികൾക്ക് അദ്ദേഹം അവരുടെ പ്രിയങ്കരനായ സികെപിയാണ്. കേരള ബിജെപി അകപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സി.കെ.പത്മനാഭൻ മനസ്സു തുറക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന ഏക സീറ്റുപോയി. ശേഷം തുടർച്ചയായി ആരോപണങ്ങളിൽ പെട്ട് നേതൃത്വം ഉഴലുന്ന സ്ഥിതി, പ്രവർത്തകർ ആശയക്കുഴപ്പത്തിൽ. മുതിർന്ന നേതാവ് എന്ന നിലയിൽ ഇതെല്ലാം ഉണ്ടാക്കുന്ന വികാരങ്ങൾ എന്താണ്?

ADVERTISEMENT

അപ്രതീക്ഷിതമായ തോൽവിയാണ് ഉണ്ടായത്. അത് പാർട്ടിയെ സ്നേഹിക്കുന്ന ആത്മാർഥതയുള്ള പ്രവർത്തകർക്ക് വളരെ അധികം മനഃപ്രയാസം ഉണ്ടാക്കി എന്നതു ശരിയാണ്. എന്നാൽ തോൽവിയിൽനിന്നു പാഠങ്ങൾ പഠിച്ച് തിരുത്തി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷമുള്ള പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൽബിഹാരി വാജ്പേയി അടക്കമുള്ള ബിജെപി നേതാക്കൾ പരാജയപ്പെട്ടിരുന്നു. അതോടെ ബിജെപി അവസാനിച്ചെന്ന ശക്തമായ പ്രചാരണം ഉണ്ടായി.

സി.കെ.പത്മനാഭൻ

വളരെ വിവേക പൂർണമായ ഒരു പരിപാടി ആസൂത്രണം ചെയ്താണ് ബിജെപി നേതൃത്വം അതു തരണം ചെയ്തത്. ഗാന്ധി നഗറിൽ അഞ്ചുദിവസം നീണ്ട ഒരു പഠന ശിബിരം പാർട്ടി നടത്തി. അതിൽ പങ്കെടുത്ത ആളാണ് ഞാൻ. വ്യക്തി തൊട്ട് സംഘടന വരെ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു ഇഴകീറിയുള്ള ചർച്ച നടന്നു. സമരാത്മകവും രചനാത്മകവുമായ ദ്വിതല പദ്ധതി അവിടെ തയാറാക്കി. അതു പ്രാവർത്തികമാക്കിയതോടെയാണ് കൂടുതൽ ശക്തിയിലേക്കു ബിജെപി വളർന്നതും പ്രഗത്ഭമായ നേതൃനിര രൂപപ്പെട്ടതും. കേരള ഘടകത്തിനും ഈ രീതി പിന്തുടരാൻ സാധിക്കും.

സീറ്റ് മാത്രമല്ല നഷ്ടപ്പെട്ടത് വോട്ട് വിഹിതത്തിലും ഇടിവു വന്നു. എവിടെയാണ് പിഴച്ചത്?

ഇതുപോലെ ഒരു അനുകൂല സാഹചര്യം അടുത്തെങ്ങും ബിജെപിക്ക് കേരളത്തിൽ ലഭിച്ചിട്ടില്ല. ഇനി ലഭിക്കാൻ സാധ്യത കുറവുമാണ്. കേന്ദ്രത്തിൽ ശക്തമായ ബിജെപി സർക്കാർ, കേരളത്തിൽ പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ ബിജെപിയുടെ ശക്തമായ പോരാട്ടങ്ങൾ, മുഖ്യ പ്രതിപക്ഷമായ യുഡിഎഫിനെക്കുറിച്ച് കാര്യമായ മതിപ്പില്ല. ഇതെല്ലാം ബിജെപിക്ക് വൻ മുന്നേറ്റത്തിന് പര്യാപ്തമായ സാഹചര്യം ഒരുക്കിയിരുന്നു.

ADVERTISEMENT

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള നേതാക്കളുടെ വൻ പട തന്നെ എത്തി. ഭൗതിക സാഹചര്യങ്ങൾ എല്ലാം അനുകൂലമായിരുന്നു. എന്നിട്ടും ബിജെപിയുടെ വോട്ട് കുറഞ്ഞു. എന്തുകൊണ്ടാണ് അത് സംഭവിച്ചത് എന്നു ഞങ്ങൾ പരിശോധിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളിൽ പോരായ്മ ഉണ്ടാകാം, സംഘടനാതല വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാകാം, നേതൃത്വം നൽകുന്ന വ്യക്തികളുടെ പാളിച്ചകൾ കാരണമാകാം. കോവിഡ് കാല പരിമിതികൾ ഉള്ളതിനാൽ എല്ലാം മനസ്സിലാക്കാനും പരിമിതികളുണ്ട്. ഓൺലൈൻ ചർച്ചകളാണല്ലോ കൂടുതലും നടക്കുന്നത്.

ജനങ്ങൾക്കിടയിൽ ബിജെപിയുടെ പ്രതിച്ഛായ മെച്ചമല്ല എന്ന വിചാരമുണ്ടോ? കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് എന്തുകൊണ്ടാണ് കേരളത്തിൽ സ്വീകാര്യത നേടാൻ കഴിയാത്തത്?

അക്കാര്യത്തിൽ കാര്യമായ ആത്മപരിശോധന ആവശ്യമാണ്. ഗൗരവമുള്ള പരിശോധനയുടെ ഘട്ടമായി ഇതിനെ മാറ്റിയെടുക്കാൻ സാധിക്കണം. രാഷ്ട്രീയത്തിൽ നിഷേധാത്മകവും ഭാവാത്മകവുമായ രണ്ടു വശങ്ങളുണ്ട്. എപ്പോഴും നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ജനങ്ങളുടെ വിശ്വാസം കുറയും. സമരവും പ്രകടനവും നടത്താൻ മുന്നിട്ടിറങ്ങുന്നവർക്ക് വൈകാരികമായ സംതൃപ്തി ലഭിച്ചേക്കാം. പക്ഷേ ജനങ്ങളോട് പ്രതിബദ്ധതയും ഉത്തരവാദിത്ത ബോധവും ഉള്ള പ്രസ്ഥാനം എന്ന പ്രതിച്ഛായ കൂടി ആർജിച്ചെടുക്കണം.

സി.കെ.പത്മനാഭൻ

സമരങ്ങൾ വേണ്ടി വരും, ഒപ്പം ക്രിയാത്മക സമീപനം കൂടി വേണം. പ്രതിയോഗികൾ ശരിയായ ഒരു കാര്യം ചെയ്താൽ അതു ശരിയാണ് എന്നു പറയാൻ സാധിക്കണം. എല്ലാറ്റിനെയും കണ്ണടച്ച് എതിർത്താൽ എതിർക്കാൻ മാത്രമേ അറിയൂ എന്ന പ്രതീതി വരും. ശരി ചെയ്തതിനെ ശരിയായി അംഗീകരിക്കുമ്പോൾ മാത്രമേ തെറ്റ് ചൂണ്ടിക്കാട്ടുമ്പോഴും അതിൽ വസ്തുതയുണ്ടെന്നു ജനത്തിനു തോന്നൂ.

ADVERTISEMENT

ജനങ്ങൾക്ക് പിണറായി വിജയനോടുള്ള താൽപര്യമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ധർമടത്ത് അദ്ദേഹത്തിനെതിരെ സ്ഥാനാർഥി കൂടിയായിരുന്ന താങ്കൾ അതുകൊണ്ടാണോ പിന്നീട് തുറന്നു പറഞ്ഞത്?

തീർച്ചയായും. ക്രിയാത്മകതയുടെ തത്വം മുറുകെ പിടിക്കാൻ സാധിക്കണം. അപ്പോഴേ ജനങ്ങൾക്കു ബഹുമാനം തോന്നൂ. അന്ധമായി എല്ലാത്തിനെയും എതിർക്കുന്നതു ബാലിശ സമീപനമാണ്.

മുതിർന്ന നേതാക്കൾ അടക്കം പാർട്ടിയിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ച ഉണ്ടായോ?

പഴയ തലമുറയിൽ പെട്ട ഒട്ടേറെ നേതാക്കൾ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെ അനുഭവസമ്പത്തിനെ ആദരവോടെ കണ്ട് പാർട്ടി പ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തുമ്പോഴേ പാർട്ടി ഒന്നാണ് എന്ന ബോധം ഉണ്ടാകൂ. അവരെല്ലാം കാലഹരണപ്പെട്ടവരാണ് എന്ന ചിന്ത പാടില്ല. അവരുടെ അഭിപ്രായം കേൾക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക എന്ന രീതി വന്നാൽ അതുതന്നെ പാർട്ടിക്ക് മുന്നോട്ടു പോകാനുള്ള ഇന്ധനമായി മാറും.

അദ്വാനിയെയും ജോഷിയെയും നടതള്ളി എന്നു താങ്കൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കേരളത്തിലും ചിലരെ അങ്ങനെ നടതള്ളി എന്നാണോ?

അങ്ങനെ നടതള്ളാനൊന്നും ആർക്കും സാധിക്കില്ല. അനുഭവസമ്പത്തുള്ള നേതാക്കളുടെ സാന്നിധ്യം നിശ്ബദമാകാം. പക്ഷേ ആ നിശബ്ദതയ്ക്ക് വലിയ അർഥമുണ്ട്.

കെ.സുരേന്ദ്രൻ

രണ്ടു സീറ്റിൽ മത്സരിക്കാനുള്ള സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തീരുമാനം പിഴവായിരുന്നോ?

സുരേന്ദ്രൻ മഞ്ചേശ്വരത്തു മാത്രം മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു. അക്കാര്യത്തിൽ ഒരു സംശയവും എനിക്ക് ഇല്ല. രണ്ടിടത്ത് മത്സരിക്കുന്നതും മറ്റും ആളുകളുടെ മനസ്സിൽ തെറ്റായ സന്ദേശം നൽകാനേ ഉപകരിക്കൂ.

കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിക്ക് ബന്ധമില്ലെന്നു നേതൃത്വം പറയുന്നു .പക്ഷേ ബിജെപി നേതാക്കളെ പലരെയും ചോദ്യം ചെയ്യുന്നു. പാർട്ടിക്ക് ബന്ധമില്ലായിരിക്കാം, പക്ഷേ ചില നേതാക്കൾക്ക് പൂർണമായും ഒഴി‍ഞ്ഞുമാറാൻ കഴിയുമോ?

അവിടെ കുറച്ച് പണം പിടിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ട്. സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതും കണ്ണികളെ നിരീക്ഷിക്കുന്നതും പൊലീസിന്റെ രീതി ആണല്ലോ. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. കൂടുതൽ ഒന്നും പറയാനില്ല.

തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സ്ഥാനാർഥി കൂടിയായ താങ്കൾക്ക് എന്താണ് അഭിപ്രായം? ധർമടത്ത് അക്കാര്യത്തിൽ താങ്കൾക്ക് എന്തെങ്കിലും റോൾ ഉണ്ടായിരുന്നോ?

എനിക്ക് അക്കാര്യത്തിൽ‍ റോൾ ഉണ്ടായിരുന്നില്ല. സ്ഥാനാർഥി എന്ന നിലയിൽ വോട്ടു തേടുക എന്നതു മാത്രമായിരുന്നു എന്റെ ഉത്തരവാദിത്തം. ഒരു സാധാരണ സ്ഥാനാർഥി ചെയ്യുന്ന കാര്യങ്ങളിൽ കൂടുതലായി സാമ്പത്തിക കാര്യങ്ങളിൽ ഞാൻ ഇടപെട്ടിട്ടില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല.

കോർകമ്മിറ്റിയിലോ ഭാരവാഹിയോഗത്തിലോ തിരഞ്ഞെടുപ്പു ഫണ്ടിന്റെയോ ചെലവാക്കിയതിന്റെയോ കണക്ക് അവതരിപ്പിച്ചിട്ടില്ലല്ലോ? സാമ്പത്തിക തിരിമറി സംഭവിച്ചോ?

കണക്കെല്ലാം ആളുകൾ പറഞ്ഞിട്ടുണ്ടാകും. കോർകമ്മിറ്റി യോഗത്തിൽ ഞാൻ പിന്നീട് പോയിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് ഇന്റേണൽ ഓഡിറ്റ് പാർട്ടിയിൽ നടത്താറുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുത്തേണ്ട ഘടകങ്ങളെ ബോധ്യപ്പെടുത്താറുമുണ്ട്. അതു ചെയ്യുമായിരിക്കും.

പി.എസ്.ശ്രീധരൻ പിള്ളയോടൊപ്പം സി.കെ.പത്മനാഭൻ. ചിത്രം: മനോരമ

കോർകമ്മിറ്റി യോഗങ്ങളി‍ൽനിന്നു താങ്കൾ വിട്ടു നിൽക്കുന്നതു പ്രതിഷേധ സൂചകമാണോ? അല്ലെങ്കിൽ മടുത്തോ?

പ്രതിഷേധം ഒന്നുമില്ല. കോവിഡ് മൂലം യാത്രകൾ ഞാൻ പരമാവധി കുറച്ചു. തിരഞ്ഞെടുപ്പിനു മുൻപായി ഒരു ഹിമാലയൻ യാത്രയ്ക്ക് പദ്ധതി ഇട്ടിരുന്നു. രാഷ്ട്രീയമാണ് സർവസ്വം എന്ന ചിന്ത ഇപ്പോൾ എനിക്കില്ല. രാഷ്ട്രീയത്തിനു നൽകേണ്ട വില മാത്രമേ ഞാൻ നൽകാറുള്ളൂ. സ്വാതന്ത്ര്യ സമരത്തിനുശേഷം പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലെ ഉള്ളവർ അധികാരത്തിന്റെ വഴിയിൽ പോയി. ജയപ്രകാശ് നാരായണനെപോലെ ഉള്ളവർ സാമൂഹിക മാർഗത്തിലേക്ക് പോയി. അരവിന്ദോ (അരവിന്ദ മഹർഷി) തിരഞ്ഞെടുത്തത് ആത്മീയ വഴിയാണ്. പുതുച്ചേരിയിൽ ആശ്രമം സ്ഥാപിച്ചു. പല ധാരകൾ നമുക്ക് മുന്നിലുണ്ട്. പണം, പദവി, പ്രശസ്തി എന്നീ മൂന്നു കാര്യങ്ങൾക്കു മാത്രം പ്രാധാന്യം നൽകിയാൽ അതു രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും കേടാണ്. എല്ലാത്തിനും മിതത്വം വേണം.

സി.കെ.പത്മനാഭനെ പോലെ പ്രമുഖനായ നേതാവ് രാഷ്ട്രീയ മുഖ്യധാരയിൽനിന്നു പിൻവാങ്ങാൻ പോകുകയാണ് എന്നാണോ?

രാഷ്ട്രീയത്തിൽനിന്നു മാറാൻ തീരുമാനിച്ചിട്ടില്ല. പക്ഷേ അതാണ് എല്ലാം എന്ന ചിന്ത എനിക്ക് തീരെയില്ല. തിരഞ്ഞെടുപ്പിനു മുൻപ് ആഗ്രഹിച്ച ആ യാത്രയുടെ ഒരു തലത്തിലാണ് എന്റെ മനസ്സ് ഇപ്പോഴും നിൽക്കുന്നത്. അതുകൊണ്ട് മറ്റു കാര്യങ്ങളിലും വാദപ്രതിവാദങ്ങളിലും എല്ലാം ഉള്ള താൽപര്യം മൊത്തത്തിൽ എനിക്ക് ഇല്ലാതായി കഴിഞ്ഞു.

താങ്കളെപ്പോലെ പാർട്ടിയിലും പുറത്തും സ്വാധീനമുള്ള നേതാവ് പ്രതീക്ഷിക്കുന്ന വിധത്തിൽ ബിജെപിയിലെ പ്രശ്നങ്ങളിൽ ഇടപെടാൻ മടിക്കുന്നത് ഈ പിൻവാങ്ങൽ ചിന്ത മൂലമാണോ? അതോ ഇടപെടാൻ അനുവദിക്കാറില്ലേ?

ഇടപെടാൻ അനുവദിക്കാത്ത പ്രശ്നമൊന്നുമില്ല. ഒരാളുടെയും അനുവാദം ഞാൻ തേടാറുമില്ല. പക്ഷേ ഓരോരുത്തർക്കും ഓരോ ദൗത്യമുണ്ട്. എല്ലാം മാറ്റിമറിച്ചു കളയാം എന്ന വിചാരത്തോടെ ഒരാൾ ഇടപെട്ടിട്ടു കാര്യമില്ല. എല്ലാവർക്കും അതു തോന്നണം. ഇങ്ങനെ പോയാൽ പോരാ, ഒരുമിച്ചു നിൽക്കണം എന്ന് എല്ലാവരും വിചാരിക്കണം. ബിജെപിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുണ്ട്. അതു ചെറിയ കാര്യമാണോ?

സി.കെ.പത്മനാഭൻ

സീറ്റു കിട്ടിയില്ല എന്നതു സത്യമാണ്. പക്ഷേ ഇത്രയും പേർ നമുക്ക് വോട്ടു ചെയ്തെങ്കിൽ അവരോട് നമുക്ക് ഒരു ബാധ്യതയുണ്ട്. അതു വഴിയിൽ ഉപേക്ഷിക്കരുത്. പരാജയത്തിൽ പിന്തിരിഞ്ഞു പോകേണ്ട കാര്യമില്ല. ഉത്തരവാദിത്ത ബോധത്തോടെ ലക്ഷക്കണക്കിനു പ്രവർത്തകരുടെ പ്രതീക്ഷ നിറവേറ്റാൻ ശ്രമിക്കണം.

എൻഡിഎ വിട്ടു പോയ ഘടകകക്ഷി നേതാവായ സി.കെ.ജാനുവിന് തിരിച്ചുവരാൻ പണം ഓഫർ ചെയ്യേണ്ടി വരികയും അതു കൊടുക്കുകയും ചെയ്തു എന്ന ആരോപണം ബിജെപി സംസ്ഥാന പ്രസിഡന്റ് നേരിടുകയാണല്ലോ?

അധികാരമുള്ള ഏജൻസികൾ അക്കാര്യം അന്വേഷിക്കുകയല്ലേ. അതിലൂടെ സത്യം പുറത്തു വരട്ടെ. അതിന് ആരും തടസ്സം നിൽക്കില്ല.

മഞ്ചേശ്വരത്ത് അപരനായ സ്ഥാനാർഥിയെ മാറ്റാനും പണം നൽകി എന്നാണ് ആരോപണം. ബിജെപി പ്രസിഡന്റ് ഒരു തരത്തിൽ പരസ്യ വിചാരണ നേരിടുകയല്ലേ?

അങ്ങനെ ഒരു സ്ഥിതി വന്നു എന്നത് യാഥാർഥ്യമാണ്. ആ ആക്ഷേപവും അന്വേഷിച്ചു വസ്തുത പുറത്തു വരട്ടെ. ഓരോരുത്തർക്കും ഓരോ രീതിയുണ്ട്. ആ ശൈലിയിൽ പ്രവർത്തിക്കുമ്പോൾ ചിലപ്പോൾ തെറ്റു പറ്റാം, ചിലപ്പോൾ ശരിയാകാം. അതെല്ലാം സംഭവിക്കുന്നതാണ്. തിരഞ്ഞെടുപ്പിൽ തോറ്റതോടെ എല്ലാം കൂടി കുത്തിയിളക്കി സംസ്ഥാന അധ്യക്ഷന്റെ മാത്രം തലയിൽ കെട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ല. അദ്ദേഹം ഊർജസ്വലതയോടെ പ്രവർത്തിക്കുന്നുണ്ട്. പാപഭാരമെല്ലാം ഒരാളിൽ ചാർത്താൻ ചില കേന്ദ്രങ്ങളിൽ നടക്കുന്ന ശ്രമത്തോട് യോജിപ്പില്ല. സുരേന്ദ്രനാണ് എല്ലാ കുഴപ്പത്തിനും കാരണം എന്ന് ആരോപിച്ച് അദ്ദേഹത്തെ മാറ്റണമെന്ന വാദത്തോടും യോജിപ്പില്ല.

പക്ഷേ തിരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസ് നേതൃമാറ്റം നടത്തി. ബിജെപിക്കും ആ സമീപനം ബാധകമല്ലേ? ഒരു മാറ്റവും ഉണ്ടായില്ലെങ്കിൽ പ്രവർത്തകരുടെ നിരാശ തുടരില്ലേ?

എല്ലാം പരിശോധിച്ച് വേണ്ടതു ചെയ്യുമെന്നാണ് ഞാൻ വിചാരിക്കുന്നത്. കേന്ദ്ര നേതാക്കന്മാർക്കെല്ലാം അക്കാര്യത്തിൽ വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ട്. ജനങ്ങളിൽ വിശ്വാസം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം എന്ന് അവർക്കു നന്നായി അറിയാം. അവർ അതു ചെയ്യും. ഒരാൾ മാറിയതുകൊണ്ട് മാത്രം പ്രവർത്തകരുടെ പ്രയാസം മാറുമെന്നു കരുതാനും കഴിയില്ല.

കെ.സുരേന്ദ്രൻ, സി.കെ.ജാനു

പാർട്ടിക്കു വേണ്ടി കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്നതു സാധാരണ പ്രവർത്തകരാണ്. വീടുകളിൽ ഉൾപ്പെടെ അവർ ഇതിനു വേണ്ടി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധി ഇതെല്ലാം അവർ അനുഭവിക്കുന്നു. അവരുടെ വികാരവും വേദനയും കണക്കിലെടുക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന സംവിധാനം വേണം. അവരെ ഉണർത്താൻ അതാണു വേണ്ടത്.

ജയിക്കാൻ കഴിയാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അവഗണന ഉണ്ടോ?

അവഗണനയൊന്നും ഉണ്ടെന്നു കരുതുന്നില്ല. കേരളത്തിന്റെ കാര്യത്തിൽ യഥാ സമയം വേണ്ടതു ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ബിജെപിയിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടോ?

അങ്ങനെ രണ്ടു വിഭാഗങ്ങൾ ചേരി തിരിഞ്ഞു നിൽക്കുന്ന സ്ഥിതി സംഘടനയ്ക്കുള്ളിൽ ഇല്ല.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ആർഎസ്എസിന്റെ അധിനിവേശം ബിജെപിയിൽ ഉണ്ടോ? സംഘത്തിന് രാഷ്ട്രീയ താൽപര്യം കൂടി വരുന്നുണ്ടോ? അങ്ങനെ വിചാരിക്കുന്നവർ കൂടി വരികയാണല്ലോ?

സംഘവും ബിജെപിയും തമ്മിലുള്ള ബന്ധം ആരംഭ കാലം മുതലുള്ളതാണ്. രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടവർ അപഥ സഞ്ചാരം നടത്തുന്നു എന്നെല്ലാം വന്നാൽ സംഘം അതിൽ ഉചിതമായി ഇടപെടാറുണ്ട്. അങ്ങനെ ഇടപെടാനുള്ള ധാർമികമായ ശക്തി ആ കാലഘട്ടത്തിൽ സംഘത്തിന്റെ അധികാരികൾക്ക് ഉണ്ടായിരുന്നു. ഒറ്റക്കാര്യമേ ഇക്കാര്യത്തിലെല്ലാം ഉള്ളൂ. എന്തിനും ഒരു ധാർമികത വേണം. ആ ധാർമിക ഘടകം പോയാൽ പിന്നെ കേമത്തം പറഞ്ഞിട്ടു കാര്യമില്ല.

ആ ധാർമിക ശക്തി ആർഎസ്എസിനു ചോർന്നിട്ടുണ്ടോ?

അതു സംഘത്തിന്റെ ആളുകൾതന്നെ ആത്മപരിശോധന നടത്തേണ്ടതാണ്. എനിക്ക് അങ്ങനെ പറയാൻ സാധിക്കില്ല. ഞാനൊക്കെ പ്രവർത്തിക്കുന്ന കാലത്ത് സംഘത്തെ നയിച്ചിരുന്ന ഭാസ്കർറാവുജി, അനന്തേട്ടൻ, ഗോപാലൻ അടിയോടി തുടങ്ങിയവരെല്ലാം ധാർമികതയുടെ മൂർത്തികളായിരുന്നു. ബിജെപിയിൽ മാത്രമല്ല, സംഘത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്നവർക്കു തകരാർ സംഭവിച്ചാൽ അവരെ സ്നേഹപൂർവം വിളിച്ചിരുത്തി ശാസിച്ചു തിരുത്താനുള്ള ധാർമിക ശക്തി ഇവർക്കെല്ലാം ഉണ്ടായിരുന്നു. എന്നെപ്പോലുള്ളവർ അതു കണ്ടും അനുഭവിച്ചും വന്നവരാണ്. അതുപോലെ ഉള്ള അധികാരികളുടെ ശിക്ഷണത്തിലും വാത്സല്യത്തിലും വളർന്നവരാണ് ഞങ്ങളെല്ലാം.

അപ്പോൾ ആദ്യം ആർഎസ്എസ് ധാർമിക ശക്തി വീണ്ടെടുക്കണമെന്നാണോ താങ്കൾക്ക് നിർദേശിക്കാനുള്ളത്?

എനിക്ക് പ്രത്യേകമായ ഒരു നിർദേശം നൽകാൻ ഇല്ല. രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങൾ താങ്കളോടു പറഞ്ഞതാണ്.

English Summary: Cross Fire Exclusive Interview with BJP Leader CK Padmanabhan