അവശ്യഘട്ടത്തിൽ അന്നത്തെ 25 ലക്ഷം പൗണ്ട് ബ്രിട്ടിഷ് രാജകുടുംബത്തിനു കടമായി കൊടുത്തു സഹായിക്കാൻ മാത്രം ധനികനായിരുന്നു നൈസാം മീർ ഉസ്മാൻ. ഒന്നാം ലോക മഹായുദ്ധ സമയത്തും അദ്ദേഹം വാരിക്കോരി ബ്രിട്ടിഷ് പട്ടാളത്തെ സഹായിച്ചു. നമ്പർ 110 സ്ക്വാഡ്രൺ റോയൽ...Mir Osman Ali Khan, Hyderabad Nizams, Nizam dymnasty, Hyderabad Nizam diamond, Manorama Online

അവശ്യഘട്ടത്തിൽ അന്നത്തെ 25 ലക്ഷം പൗണ്ട് ബ്രിട്ടിഷ് രാജകുടുംബത്തിനു കടമായി കൊടുത്തു സഹായിക്കാൻ മാത്രം ധനികനായിരുന്നു നൈസാം മീർ ഉസ്മാൻ. ഒന്നാം ലോക മഹായുദ്ധ സമയത്തും അദ്ദേഹം വാരിക്കോരി ബ്രിട്ടിഷ് പട്ടാളത്തെ സഹായിച്ചു. നമ്പർ 110 സ്ക്വാഡ്രൺ റോയൽ...Mir Osman Ali Khan, Hyderabad Nizams, Nizam dymnasty, Hyderabad Nizam diamond, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവശ്യഘട്ടത്തിൽ അന്നത്തെ 25 ലക്ഷം പൗണ്ട് ബ്രിട്ടിഷ് രാജകുടുംബത്തിനു കടമായി കൊടുത്തു സഹായിക്കാൻ മാത്രം ധനികനായിരുന്നു നൈസാം മീർ ഉസ്മാൻ. ഒന്നാം ലോക മഹായുദ്ധ സമയത്തും അദ്ദേഹം വാരിക്കോരി ബ്രിട്ടിഷ് പട്ടാളത്തെ സഹായിച്ചു. നമ്പർ 110 സ്ക്വാഡ്രൺ റോയൽ...Mir Osman Ali Khan, Hyderabad Nizams, Nizam dymnasty, Hyderabad Nizam diamond, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയാമോ, എട്ടു പതിറ്റാണ്ടു മുൻപ് ലോകം വിസ്മയത്തോടെ മാത്രം കണ്ടിരുന്ന ധനികരിലൊരാൾ ഇന്ത്യക്കാരനായിരുന്നു. അമേരിക്കയുടെ മൊത്തം ജിഡിപി 20,000 കോടി ഡോളറായിരുന്നപ്പോൾ അതിന്റെ രണ്ടു ശതമാനത്തിലേറെ ആസ്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. 1937 ഫെബ്രുവരി 22 ലെ ടൈം മാഗസിന്റെ മുഖചിത്രവും അദ്ദേഹമായിരുന്നു. വിമാനത്താവളം, വിമാനം, റേഡിയോ, വൈദ്യുതി, റെയിൽ, ബാങ്ക്, കൃഷി ഗവേഷണസ്ഥാപനം, ഉറുദു സർവകലാശാല തുടങ്ങി അദ്ദേഹം തുടങ്ങിവച്ച പലതും ഇന്ത്യയിൽ ആദ്യത്തേതും!

ഹൈദരാബാദിന്റെ ഭരണാധികാരി ‘നൈസാം ഏഴാമൻ’ അസഫ് ജാൻ മീർ ഉസ്മാൻ അലി ഖാൻ സിദ്ദിഖി ബഹാദൂറായിരുന്നു ആ പ്രതിഭ. ബ്രിട്ടിഷ് ഇന്ത്യയിലെ ഏറ്റവും വലുതും അതിസമ്പന്നവുമായിരുന്ന നാട്ടുരാജ്യത്തിന്റെ അധിപൻ. 1886 ഏപ്രിൽ ആറിനായിരുന്നു അസഫ് ജാൻ മീർ ഉസ്മാന്റെ ജനനം. 1967 ൽ അന്തരിക്കും വരെ അദ്ദേഹവുമായി ബന്ധപ്പെട്ട് ലോകം കേട്ട കഥകളെല്ലാം അസാധാരണം. 1911ലാണ് ആദ്യമായി അദ്ദേഹം ഭരണത്തിലേറുന്നത്. 2021ൽ അതിന് 110 വർഷം തികയുന്നു.

നൈസാം ഏഴാമൻ അസഫ് ജാൻ മീർ ഉസ്മാൻ അലി ഖാൻ സിദ്ദിഖി ബഹാദൂർ. ചിത്രം: വിക്കിപീഡിയ
ADVERTISEMENT

ബ്രിട്ടിഷുകാർക്ക് കടംകൊടുത്ത നാട്ടുരാജാവ്

‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യ’ത്തിന്റെ ഉടമകളായ ബ്രിട്ടിഷുകാരുമായി സന്ധിയിലായ ഒട്ടനേകം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു ഇന്ത്യയിൽ. പരിമിതവും നിർണിതവുമായ അധികാരങ്ങളോടെ അവർ സ്വന്തം പ്രദേശങ്ങൾ ഭരിച്ചു. അതിൽ കേവലം ഒരു നാട്ടുരാജാവ് മാത്രമായിരുന്നില്ല അവസാന നൈസാമായിരുന്ന അസഫ് ജാൻ മീർ ഉസ്മാൻ. ബ്രിട്ടിഷ് രാജകുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട നാട്ടുരാജാക്കന്മാര്‍ക്കു മാത്രമായി നൽകിയിരുന്നതായിരുന്നു ‘21 ഗൺ സല്യൂട്ട്’. അതു കിട്ടിയ അഞ്ചിൽ ഒരു നാട്ടുരാജാവായിരുന്നു അദ്ദേഹം. ഒരുപക്ഷേ അതിനും മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

എയർകോ.ഡിഎച്ച്9എ. ചിത്രം: വിക്കിപീഡിയ

അവശ്യഘട്ടത്തിൽ അന്നത്തെ 25 ലക്ഷം പൗണ്ട് ബ്രിട്ടിഷ് രാജകുടുംബത്തിനു കടമായി കൊടുത്തു സഹായിക്കാൻ മാത്രം ധനികനായിരുന്നു നൈസാം മീർ ഉസ്മാൻ. ഒന്നാം ലോക മഹായുദ്ധ സമയത്തും അദ്ദേഹം വാരിക്കോരി ബ്രിട്ടിഷ് പട്ടാളത്തെ സഹായിച്ചു. നമ്പർ 110 സ്ക്വാഡ്രൺ റോയൽ എയർഫോഴ്സി‌ന് ബോംബര്‍ വിമാനമായ എയർകോ ഡിഎച്ച്.9എ, റോയൽ നേവിക്ക് എൻ–ക്ലാസ് ഡിസ്ട്രോയർ കപ്പൽ തുടങ്ങിയവ അദ്ദേഹം വാങ്ങി നല്‍കി. തിരിച്ച് അവർ നൽകിയ പദവി അത്യപൂർവമായ ‘ബ്രിട്ടിഷ് ഗവണ്മെന്റിന്റെ വിശ്വസ്ത മിത്രം’ (Faithful Ally of the British Government) എന്നതായിരുന്നു. അതിന്റെ ഭാഗമായി ഹിസ് ഹൈനസ് (His Highness) എന്നത് രാജകുടുംബ ഉന്നതശ്രേഷ്ഠനെന്നു (His Exalted Highness) നൽകി ഉയർത്തി. തീർന്നില്ല, നമ്പർ 100 സ്ക്വാഡ്രണിനെ ഹൈദരാബാദ് സ്ക്വാഡ്രൺ എന്നും കപ്പലിന് എച്ച്എംഎഎസ് നൈസാം എന്നും പേരും നൽകി ആദരിച്ചു.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടിലെ മറ്റുപല മുസ്‌ലിം രാജാക്കന്മാരിൽനിന്നു വിഭിന്നമായി നൈസാമുമാർ ബ്രിട്ടിഷ് സാമ്രാജ്യത്വവുമായി നിലനിർത്തിയ സൗഹൃദം മീർ ഉസ്മാൻ അതിന്റെ ഉച്ചസ്ഥായിയിലെത്തിക്കുകയാണു ചെയ്തത്. എലിസബത്ത് രാജ്ഞിക്കു കല്യാണ സമ്മാനമായി വജ്രാഭരണങ്ങളുടെ ഒരു സെറ്റ്‌തന്നെ അദ്ദേഹം അയച്ചു. ആ ആഭരണങ്ങൾ രാജ്ഞി ഇപ്പോഴും അണിയുന്നുണ്ട്. ബ്രിട്ടിഷ് രാജകുടുംബം ഉള്ള കാലത്തോളം ‘നൈസാം ഓഫ് ഹൈദരാബാദ് നെക്ക്‌ലേസ്’ എന്ന പേരിൽ അവ പ്രശസ്തം.

എലിസബത്ത് രാജ്ഞിക്ക് നൈസാം സമ്മാനമായി നൽകിയ വജ്രമാലകളിലൊന്ന്. ചിത്രം: AFP
ADVERTISEMENT

കാലത്തിനും മുൻപേ...

1898ൽ, അന്നത്തെ വൈസ്രോയി എൽജിൻ പ്രഭു നൈസാമായ മെഹ്ബൂബ് അലി ഖാനെ കാണുന്നു. മകൻ മീർ ഉസ്മാന്റെ വിദ്യാഭ്യാസമാണ് വിഷയം. ഉറുദു, അറബിക്, പേർഷ്യൻ, ഇംഗ്ലിഷ് ഭാഷകൾ നന്നായറിയാം 13 വയസ്സുള്ള കുമാരൻ മീർ ഉസ്മാന്. കവിതകളിൽ, വിശേഷിച്ചു ഗസലുകളിൽ, നല്ല കമ്പമുണ്ട്. സാഹിത്യവും വായനയും ആണ് മുഖ്യ വിനോദം. ചർച്ചയ്ക്കൊടുവിൽ പേരുകേട്ട പരിശീലകൻ സർ ബ്രയാം ഈഗെർട്ട‌നെത്തന്നെ തരപ്പെടുത്തിത്തരാമെന്നായി വൈസ്രോയി. രാജ്യത്തിനുമപ്പുറം പേരുകേട്ടതാണ് സർ ബ്രയാന്റെ പെരുമ. അടുത്തവർഷംതന്നെ തിരഞ്ഞെടുക്കപ്പെട്ട ഉപദേഷ്ടാക്കളുമായി സർ ബ്രയാൻ തന്റെ മികച്ച പരിശീലനം തുടങ്ങി.

അതു പക്ഷേ ഒരസാധാരണ പാഠ്യപദ്ധതിയായിരുന്നു. പരിശീലനത്തിന്റെ പൂർണതയ്ക്കു വേണ്ടി രാജകുമാരനെ കൊട്ടാരത്തിന്റെ പാരമ്പര്യങ്ങളിൽനിന്നും കൊട്ടാരത്തിൽനിന്നും മാറ്റി അകലെ മറ്റൊരു സ്ഥലം തിരഞ്ഞെടുക്കാൻ അനുവാദം നൽകിയത് പരിശീലകർക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. രാജകുമാരന്റെ ലോകവീക്ഷണങ്ങളെയും കാഴ്ചപ്പാടിനെയും അപ്പാടെ സ്വാധീനിക്കാൻ പോന്നതായിരുന്നു ആ രണ്ടു വർഷ കോഴ്സ്. 1857ൽ അന്നത്തെ വൈസ്രോയി റിച്ചാർഡ് ബ്രൂക്ക് സ്ഥാപിച്ച മയോ കോളജിലായിരുന്നു തുടർപഠനം.

നൈസാം കുടുംബാംഗങ്ങൾക്കൊപ്പം. ചിത്രം: വിക്കിപീഡിയ

പൗരസ്ത്യ സംസ്കാരത്തിലും തനത് അറിവുകളിലും അവഗാഹം ഉണ്ടായിരുന്ന രാജകുമാരൻ പാശ്ചാത്യ പഠനംകൂടി കഴിഞ്ഞു പുറത്തു വന്നത് തീർത്തും പുതിയൊരാളായിട്ടായിരുന്നു. 1911ലാണ് നൈസാം ഏഴാമൻ സ്ഥാനമേൽക്കുന്നത്. അതിനും ഒരു വർഷം മുൻപു സ്ഥാനമേറ്റ ബ്രിട്ടിഷ് സാമ്രാജ്യാധിപൻ ജോർജ് അഞ്ചാമൻ രാജാവ് സ്വാഭാവികമായും നൈസാം ഏഴാമനെക്കുറിച്ചു കേട്ടിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ക്രിയാത്മക നിർദേശങ്ങളും ബ്രിട്ടിഷ് അധികാരികൾ മുഖവിലയ്ക്കെടുക്കാനും അനുവദിക്കാനും തുടങ്ങി.

ADVERTISEMENT

1930ൽ നൈസാം സ്ഥാപിച്ച ഹൈദരാബാദ് എയ്റോ ക്ലബാണ് രാജ്യത്ത് ആദ്യത്തെ എയർ ഷോ സംഘടിപ്പിച്ചത്. 1937ലായിരുന്നു അത്. നൈസാമിനു കീഴിലുള്ള ഡെക്കാൻ എയര്‍ലൈൻസ് വിമാനങ്ങളുടെ ആഭ്യന്തര–വിദേശ പറക്കലുകൾക്കായി ബീഗംപേട്ട് എന്ന വിമാനത്താവളവും അദ്ദേഹം നിർമിച്ചു–1930ൽ. ഡെക്കാൻ എയർലൈൻസ് ആയിരുന്നു രാജ്യത്തെ ആദ്യ സ്വകാര്യ എയർലൈൻ കമ്പനി. നൈസാമിനു സ്വന്തമായി നാണയമുണ്ടാക്കാനും (ഉസ്മാനിയ സിക്ക), ബാങ്ക് സ്ഥാപിക്കാനുമെല്ലാം (ബാങ്ക് ഓഫ് ഹൈദരാബാദ്) ബ്രിട്ടിഷുകാർ പ്രത്യേക അനുമതി നൽകി. ബ്രിട്ടിഷ് ഭരണകൂടം മറ്റാർക്കും കൊടുക്കാത്ത സവിശേഷാധികാരങ്ങളായിരുന്നു അവയെല്ലാം.

നൈസാമിന്റെ കാലത്തെ നാണയങ്ങൾ. ചിത്രം: വിക്കിപീഡിയ

വൈദ്യുതി, ആധുനിക രീതിയിലുള്ള വ്യവസ്ഥാപിത റോഡുകൾ തുടങ്ങി പലതും അദ്ദേഹം തുടങ്ങിവച്ചു. 1879ൽ പിതാവ് മെഹ്ബൂബ് അലി ഖാൻ തുടങ്ങിവച്ച, ബ്രിട്ടിഷ് ഇന്ത്യയിലെ മറ്റു റെയിൽവേകളെ ബന്ധിപ്പിച്ചുള്ള റെയിൽവേ പദ്ധതി പൂര്‍ത്തിയാക്കുന്നതിലും അദ്ദേഹം വിജയംകണ്ടു. 1918ൽ ഒരു രാജകീയ ഉത്തരവിലൂടെ (ഫർമാൻ) ലോകത്തിലെ ആദ്യ ഉറുദു മീഡിയം സർവകലാശാലയും നൈസാം ആരംഭിച്ചു- ഉസ്‌മാനിയ സർവകലാശാല. രാജ്യാന്തരതലത്തിൽ ഏറ്റവും മികച്ച ഒരു പഠനസ്ഥാപനമാണ് അതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. സർവകലാശാലയുടെ ദൗത്യവും ലക്ഷ്യങ്ങളുമെല്ലാം വളരെ വ്യക്തമായിത്തന്നെ ഫർമാനിൽ പ്രതിപാദിച്ചിരുന്നു.

അതേ വർഷംതന്നെ ഒരു കാർഷിക ഗവേഷണ കേന്ദ്രവും നൈസാം സ്ഥാപിച്ചു, അതാണ് ഇന്നത്തെ മാറാത്തവാഡ സർവകലാശാല. അക്കാലത്ത് രാജ്യത്ത് കാർഷിക വിദ്യാഭ്യാസം ഹൈദരാബാദിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1919ൽ, അന്നത്തെ രണ്ടു കോടി രൂപ ചെലവഴിച്ചു സ്ഥാപിച്ച ഉസ്മാനിയ ജനറൽ ഹോസ്പിറ്റൽ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ആശുപത്രികളിലൊന്നാണ്. അന്ന് ഇന്ത്യയിൽ ലഭ്യമായിരുന്ന ഏറ്റവും നല്ല ബ്രിട്ടിഷ് ആർക്കിടെക്ട് വിൻസെന്റ് ജെറോം, നവാബ് ഖാൻ ബഹാദൂർ മിർസ അക്ബർ ബെയ്ഗ് എന്നിവർ ഇന്തോ-സാരസെനിക് ശൈലിയിലാണ് ഇതു രൂപകൽപന ചെയ്തത്.

സമ്പന്ന നാട്ടുരാജ്യം

അന്നത്തെ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യമായിരുന്നു ഹൈദരാബാദ്. 1.6 കോടിയോളം പ്രജകളെയും 2.14 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച ഭരണ പ്രദേശത്തെയും ലോകോത്തര നിലവാരത്തിൽ തന്നെ പരിപാലിച്ചു അദ്ദേഹം. നൈസാം ഭരണമേൽക്കുന്നതിനും മൂന്നു വർഷം മുൻപ്, 1908ൽ, രാജ്യത്തുണ്ടായ മഹാപ്രളയം അരലക്ഷത്തിലേറെ പേരുടെ ജീവൻ കവർന്നിരുന്നു. ഇത്തരം ദുരന്തങ്ങൾ എങ്ങിനെ തടയാം എന്നതിനെപ്പറ്റി ആ സമയത്തുതന്നെ നൈസാം ആലോചിച്ചിരുന്നു. അതിന്റെ തുടർച്ചയായിരുന്നു അധികാരമേറ്റതിനു തൊട്ടുപിന്നാലെ ആരംഭിച്ച രണ്ട് കൃത്രിമ അണക്കെട്ടുകൾ- ഉസ്മാൻ സാഗറും ഹിമായത് സാഗറും. ഈ അണക്കെട്ടുകൾ പ്രളയത്തെ തടഞ്ഞെന്നു മാത്രമല്ല കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുകയും ചെയ്തു.

ഹൈദരാബാദിലെ ചാർമിനാർ. ചിത്രം: AFP

ഓരോ വർഷവും ബജറ്റിൽ 11% വിദ്യാഭ്യാസത്തിനു ചെലവഴിച്ച നൈസാം വിദ്യാഭ്യാസം പാവപ്പെട്ടവർക്കും പണക്കാർക്കും ഒരുപോലെ നിർബന്ധമാക്കി. രാജ്യത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വലിയ തുകകൾ സംഭാവനകൾ നൽകി. അതിലൊന്നും യാതൊരു വിവേചനവുമുണ്ടായിരുന്നില്ല. അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്ക് അഞ്ചു ലക്ഷം രൂപയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് മൂന്നു ലക്ഷവും സംഭാവന നൽകിയപ്പോൾ ബനാറസ് ഹിന്ദു സർവകലാശാലയ്ക്കു നൽകിയത് 10 ലക്ഷം! നൈസാമിന്റെ ഭാഷാപരിജ്ഞാനവും പ്രശസ്തമാണ്. പരിഭാഷകരെയും പരിഭാഷകളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മികച്ച കൃതികളുടെ പരിഭാഷയ്ക്കായി ഒരു സ്ഥാപനംതന്നെ തുടങ്ങി.

1919ൽ ഹൈദരാബാദ് എക്സിക്യൂട്ടിവ് കൗൺസിൽ സ്ഥാപിച്ച് ഭരണവികേന്ദ്രീകരണത്തിന്റെ മികച്ച മാതൃകയും അവതരിപ്പിച്ചു നൈസാം. ഇക്കാര്യത്തിൽ ബ്രിട്ടിഷുകാരുടെ സക്രിയമായ ഇടപെടലും താൽപര്യവും ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിമാർക്കായിരുന്നു കൗൺസിലിനെ നയിക്കാനുള്ള ചുമതല. ഭരണ മികവ് മാത്രമായിരുന്നു ഈ പദവിക്കു മാനദണ്ഡം. മഹാരാജ സർ കിഷൻ പെർഷാദ് 1926 മുതൽ 1937 വരെ പ്രധാനമന്ത്രിയായിരുന്നപ്പോൾ സർ സയ്യിദ് അലി ഇമാം മുതൽ മിർ ലെയ്ക്ക് അലി വരെയുഉള്ളവർ രണ്ടു മുതൽ അഞ്ചു വർഷം വരെ കൗൺസിലിനെ നയിച്ചു.

ഹൈദരാബാദ് ഹൈക്കോടതി, ജൂബിലി ഹാൾ, നൈസാമിയ ഒബ്സർവേറ്ററി, മൊസാം ജാഹി മാർക്കറ്റ്, കച്ചിഗുഡ റെയിൽ‌വേ സ്റ്റേഷൻ, ആസഫിയ ലൈബ്രറി (ഇന്നത്തെ ഹൈദരാബാദ് സ്റ്റേറ്റ് സെൻ‌ട്രൽ ലൈബ്രറി), ഹൈദരാബാദ് നഗരത്തിലെ മിക്കവാറും എല്ലാ പൊതു കെട്ടിടങ്ങളും സ്ഥാപനങ്ങളും, ഇപ്പോൾ അറിയപ്പെടുന്ന ടൗൺ ഹാൾ, അസംബ്ലി ഹാൾ, ഹൈദരാബാദ് മ്യൂസിയം (ഇപ്പോൾ സ്റ്റേറ്റ് മ്യൂസിയം എന്നറിയപ്പെടുന്നു), ഉസ്മാനിയ ജനറൽ ഹോസ്പിറ്റൽ, നൈസാമിയ ഹോസ്പിറ്റൽ തുടങ്ങി നിരവധി കെട്ടിടങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്താണു നിർമിച്ചത്. ഡൽഹിയിൽ ഹൈദരാബാദ് ഹൗസ് നിർമിച്ചതും നൈസാം തന്നെ. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ, ആധുനിക ഹൈദരാബാദിന്റെ ശിൽപി എന്നത് മീർ ഉസ്മാനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെറിയ വിശേഷണമായിരിക്കും. നൂറു വർഷങ്ങൾക്കു മുൻപ് അദ്ദേഹവും പൂർവ നൈസാമുമാരും ആരംഭിച്ച സ്ഥാപനങ്ങളുടെയും മറ്റും പേരിലാണ് ഇന്നും ഹൈദരാബാദ് അറിയപ്പെടുന്നതെന്നു ചുരുക്കം.

നൈസാം ഏഴാമൻ അസഫ് ജാൻ മീർ ഉസ്മാൻ അലി ഖാൻ സിദ്ദിഖി ബഹാദൂർ.

വൈരുധ്യങ്ങളുടെയും നായകൻ

ഉമ്മ സെഹ്റ ബീഗവുമായ ഉള്ള നൈസാമിന്റെ വൈകാരിക ബന്ധം വിശേഷപ്പെട്ടതായിരുന്നു. ഉമ്മയായിരുന്നു എല്ലാം. അവർക്കു മുൻപിൽ മീർ ഉസ്മാൻ വെറുമൊരു കുഞ്ഞായി പരിണമിക്കും. എന്നെന്നും ഉമ്മ ഒപ്പമുണ്ടാകാൻ അവരെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. മരണ ശേഷം അവരുടെ ഖബർ നിത്യവും സന്ദർശിച്ചും നൈസാം ഓർമ പുതുക്കി. പുകൾപെറ്റ ഗോൽക്കൊണ്ട വജ്ര ഖനികളുടെ അധിപരാണ് നൈസാം രാജകുടുംബം. 19–ാം നൂറ്റാണ്ടുവരെ ഹൈദരാബാദ് വജ്ര വ്യവസായത്തിന്റെ ലോകോത്തര കേന്ദ്രമായി പ്രശോഭിച്ചു. കോഹിനൂർ വജ്രം മുതൽ ലോക പ്രശസ്ത വജ്രങ്ങളെല്ലാം നൈസാമിന്റെ കൊട്ടാരത്തിൽനിന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സഞ്ചരിച്ചത്. ഒരു അമേരിക്കൻ ഡോളറിന് 3.3 രൂപ വിലയുള്ളപ്പോൾ 660 കോടി രൂപയുമായി ലോകത്തിലെ ഏറ്റവും ധനാഢ്യനായും പേരെടുത്തിരുന്നു നൈസാം മീർ ഉസ്മാൻ.

അന്ന് കുബേരന്മാരും പ്രഭുക്കളും രാജ്യാധിപരും സ്വപ്നം കണ്ടിരുന്ന 185 കാരറ്റ് ‘ജേക്കബ് ഡയമണ്ട്’ പേപ്പർ വെയിറ്റ് ആയിവച്ച് അദ്ദേഹം ലോകത്തെ ഞെട്ടിച്ചു. നൈസാം ആറാമൻ ഉപയോഗിക്കില്ലെന്നു പറഞ്ഞു മാറ്റിവച്ച വജ്രം മകൻ കണ്ടെത്തി പേപ്പർ വെയിറ്റാക്കിയതാണെന്നാണു ചരിത്രം. വിശേഷാൽ അതിഥികൾ സന്ദർശിക്കുമ്പോഴല്ലാതെ രാജകീയ വസ്ത്രങ്ങൾ അദ്ദേഹം ധരിച്ചിരുന്നില്ല. അധികാരത്തിലിരുന്ന 36 വർഷവും മിക്കവാറും സമയത്ത് ലളിതമായ ഒരേ തൊപ്പിതന്നെയായിരുന്നു ധരിച്ചിരുന്നത്. 280 കാരറ്റ് ഡയമണ്ട് എലിസബത്ത് രാജ്ഞിക്കു സമ്മാനമായി കൊടുത്ത അദ്ദേഹം വലിക്കുന്ന ബീഡിയുടെ അവസാന പുകവരെ വലിച്ചശേഷം മാത്രമേ വലിച്ചെറിഞ്ഞിരുന്നുള്ളൂ. അടുത്തുള്ള പള്ളിയിൽ സാധാരണക്കാരായ പ്രജകളോടും അനുചരന്മാരോടുമൊപ്പം ഒരേ നിരയിൽ തോളോടുതോൾ ചേർന്നു പ്രാർഥിച്ചത് ലോകനേതാക്കൾ അദ്‌ഭുതത്തോടെയാണ് പറഞ്ഞു പരത്തിയത്.

നൈസാം പേപ്പർ വെയ്റ്റാക്കിയതെന്നു പറയപ്പെടുന്ന ജേക്കബ് ഡയമണ്ട്. ചിത്രം: വിക്കിപീഡിയ

തന്റെ രാജ്യത്തേക്കു വൈദ്യുതി കൊണ്ടുവന്നെങ്കിലും കൊട്ടാരത്തിൽ മിക്കപ്പോഴും അത് ഉപയോഗിക്കാറില്ല. ഒരിക്കൽ അദ്ദേഹത്തിനു ഡോക്ടർമാർ ഇസിജി നിർദേശിച്ചു. കൊട്ടാരത്തിൽ കറന്റില്ലെങ്കിൽ യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയില്ല. ചിലർ തമാശയായിപറയുന്നത്, ഡോക്ടർമാർക്ക് ചികിത്സയുടെ ഭാഗമായ കൗൺസലിങ്ങിനേക്കാൾ അധികസമയം ചെലവഴിക്കേണ്ടി വന്നത് വൈദ്യുതി കണക്‌ഷൻ കിട്ടേണ്ട ആവശ്യകത നൈസാമിനെ ബോധ്യപ്പെടുത്താനായിരുന്നത്രെ!

വിചിത്രങ്ങളെന്നു തോന്നിപ്പിക്കുന്ന ഒട്ടനേകം സ്വഭാവങ്ങൾക്കും ഉടമയായിരുന്നു നൈസാം ഏഴാമൻ. ‘ടൈം’ മാഗസിന്റെ കവർ സ്റ്റോറിൽ ഒരു സംഭവം എടുത്തു പറയുന്നുണ്ട്. ഒരു കച്ചവടക്കാരൻ ഒരിക്കൽ ഐസ്ക്രീമിന്റെ വിലയായി അന്നത്തെ 20 പൈസയിൽ താഴെ നൈസാമിനോട് ആവശ്യപ്പെട്ടു. വില അധികമാണെന്ന് പറഞ്ഞു രാജാവ് മുഖം തിരിച്ചു. ഇതൊക്കെ കാരണം, ലോകത്തിലെ ഏറ്റവും ധനികൻ ഏറ്റവും വലിയ പിശുക്കനുമാണെന്നു പലരും വിധിയെഴുതി. 100 കോടി ഡോളർ ബ്രിട്ടിഷുകാർക്കു കൊടുക്കാൻ കെൽപുള്ളപ്പോൾതന്നെയായിരുന്നു ഇതെല്ലാം എന്നതാണു വിരോധാഭാസം!

ഇന്ത്യ പിടിച്ചെടുത്ത നാട്ടുരാജ്യം!

1947ലെ ഇന്ത്യാ വിഭജനം നൈസാമിന്റെ തേരോട്ടത്തിനു അനിവാര്യമായ അന്ത്യമുണ്ടാക്കി. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി നൂറ്റാണ്ടുകളായി നൈസാമുമാർ അനുഭവിച്ചിരുന്ന പദവി വേണ്ടെന്നു വയ്ക്കാൻ അദ്ദേഹത്തിനായില്ല. അഭ്യുദയകാംക്ഷികളുടെ അഭ്യർഥന അത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതാവാനും തരമുണ്ട്. ഇന്ത്യയിലും പാക്കിസ്ഥാനിലുമല്ലാതെ സ്വന്തമായൊരു കോമൺവെൽത്ത് രാജ്യം എന്ന അദ്ദേഹത്തിന്റെ സ്വപ്നം അംഗീകരിക്കാൻ ബ്രിട്ടിഷുകാർക്കു പോലും നിർവാഹമുണ്ടായിരുന്നില്ല. എത്ര പ്രതിഭാശാലിയായ നേതൃത്വമാണെങ്കിലും ഭൂമിശാസ്ത്രപരമായികൂടി അതിന് അതിരുകളുണ്ടായിരുന്നു. മാത്രമല്ല അന്നത്തെ ഇന്ത്യൻ പൊതുവികാരം എല്ലാംകൊണ്ടും അതിന് എതിരുമായിരുന്നു.

സർദാർ പട്ടേലിനൊപ്പം നൈസാം ഏഴാമൻ.

1948ൽ ഇന്ത്യൻ സൈന്യം ‘ഓപറേഷൻ പോളോ’യിലൂടെ ഹൈദരാബാദ് സംസ്ഥാനം ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു, നൈസാമിന് കീഴടങ്ങേണ്ടി വന്നു. ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലായിരുന്നു അതിനു നേതൃത്വം നൽകിയത്. സ്വാതന്ത്ര്യാനന്തരം 1950നും 1956നും ഇടയിൽ ഹൈദരാബാദ് സംസ്ഥാനത്തെ രാജപ്രമുഖായി, ഗവർണർക്കു തുല്യമായ അധികാരങ്ങളോടു കൂടിയും നൈസാം ജീവിച്ചു. നൈസാമിലെ നായകൻ സ്വാതന്ത്ര്യാനന്തരവും വെറുതെ ഇരുന്നില്ല. 1951ൽ അദ്ദേഹം നൈസാം ഓർത്തോപീഡിക് ഹോസ്പിറ്റലിന്റെയും ഇന്നത്തെ നൈസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും നിർമാണം ആരംഭിച്ചു. 1965 ഒക്ടോബറിൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ നാഷനൽ ഡിഫൻസ് ഗോൾഡ് സ്കീം വഴി 425 കിലോഗ്രാം സ്വർണം നൈസാം ഇന്ത്യയിൽ നിക്ഷേപിച്ചു. നൈസാം 5,000 കിലോ സ്വർണം ദാനം ചെയ്തു എന്നൊരു ഊഹം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗിക രേഖകളിലൊന്നും ആ വിവരമില്ല.

പ്രജാതൽപരനായിരുന്നു സുൽത്താനെങ്കിലും ജന്മിമാർക്ക് അദ്ദേഹം അതിരറ്റ അധികാരങ്ങൾ നൽകിയിരുന്നു എന്നൊരു ആരോപണം നിലനിൽക്കുന്നുണ്ട്. അത് കർഷകർക്ക് അവകാശപ്പെട്ട ഭൂമി നേടിയെടുക്കാനുള്ള കലാപം (തെലങ്കാന കലാപം) ആയി വളർന്നു. 1951ൽ ഗാന്ധിയൻ ആചാര്യ വിനോബ ഭാവെ ആരംഭിച്ച ഭൂദാൻ പ്രസ്ഥാനത്തിന് (ലാൻഡ് ഗിഫ്റ്റ് മൂവ്‌മെന്റ്) ഭൂരഹിതരായ കർഷകർക്കിടയിൽ വിതരണം ചെയ്യുന്നതിന് 14,000 ഏക്കർ നൈസാം സംഭാവന ചെയ്തു, ചരിത്രപരമായ ഒരു തിരുത്തെന്നവണ്ണം. അധികാരമില്ലാത്ത സുൽത്താൻ ആയിട്ടാണെങ്കിലും ‘നൈസാം ഗസറ്റ്’ എന്ന സ്വന്തം പ്രസിദ്ധീകരണത്തിൽ രാജകീയ വിളംബരങ്ങൾ (ഫർമാൻ) വിളംബരം ചെയ്തിരുന്നു അദ്ദേഹം–1967ൽ മരണം വരെ.

നൈസാമിന്റെ ഭൗതികശരീരം അവസാനമായി കാണാനെത്തിയവർ.

മസ്ജിദ്-ഇ ജൂഡി എന്ന പള്ളിയിൽ ഉമ്മയുടെ ഖബറിന് അരികിലായി തന്നെ സംസ്‌കരിക്കണമെന്ന് നൈസാം ആവശ്യപ്പെട്ടിരുന്നു. 1967 ഫെബ്രുവരി 24 വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രിയപ്പെട്ട രാജാവിനെ അവസാനമായി ഒരു നോക്കു കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിനു പേരാണ് ട്രെയിനുകളിലും ബസുകളിലും കാളവണ്ടികളിലുമായി ഹൈദരാബാദിലേക്ക് വന്നത്. പത്തു ലക്ഷം പേർ പങ്കെടുത്ത നൈസാമിന്റെ ശവസംസ്കാരം ഇന്ത്യയുടെ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ അനുശോചന പ്രവാഹമായും വിലയിരുത്തപ്പെടുന്നു.

English Summary: Life Story of Mir Osman Ali Khan, Asaf Jah VII