തെറ്റുതിരുത്തൽ, പ്ലീനം... പാർട്ടി രേഖകൾ പലതും പറയും; കള്ളക്കടത്ത് സിന്ദാബാദ്...
ബിസിനസുകാരും രാഷ്‌ട്രീയക്കാരും തമ്മിലുള്ള കൂട്ടായ്‌മ വർധിച്ചതോടെ പണവും മറ്റു ബൂർഷ്വാ പതിവുകളും പ്രയോഗിക്കുന്ന കാര്യത്തിലും ആനുപാതികവർധന ഉണ്ടായി. ഇവ നമ്മുടെ കേഡർമാരെ കാർന്നുതിന്നുന്നു. ഇപ്പോഴുള്ള പാർട്ടി അംഗങ്ങളിൽ ... CPM Kerala . Gold Smuggling Kerala
ബിസിനസുകാരും രാഷ്‌ട്രീയക്കാരും തമ്മിലുള്ള കൂട്ടായ്‌മ വർധിച്ചതോടെ പണവും മറ്റു ബൂർഷ്വാ പതിവുകളും പ്രയോഗിക്കുന്ന കാര്യത്തിലും ആനുപാതികവർധന ഉണ്ടായി. ഇവ നമ്മുടെ കേഡർമാരെ കാർന്നുതിന്നുന്നു. ഇപ്പോഴുള്ള പാർട്ടി അംഗങ്ങളിൽ ... CPM Kerala . Gold Smuggling Kerala
ബിസിനസുകാരും രാഷ്‌ട്രീയക്കാരും തമ്മിലുള്ള കൂട്ടായ്‌മ വർധിച്ചതോടെ പണവും മറ്റു ബൂർഷ്വാ പതിവുകളും പ്രയോഗിക്കുന്ന കാര്യത്തിലും ആനുപാതികവർധന ഉണ്ടായി. ഇവ നമ്മുടെ കേഡർമാരെ കാർന്നുതിന്നുന്നു. ഇപ്പോഴുള്ള പാർട്ടി അംഗങ്ങളിൽ ... CPM Kerala . Gold Smuggling Kerala
കൊല്ലം ∙ സ്വർണക്കള്ളക്കടത്തു സംഘങ്ങളുമായും ക്വട്ടേഷൻ സംഘങ്ങളുമായും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മുതൽ ഭാരവാഹികൾ വരെയുള്ളവർക്കുള്ള അടുപ്പത്തിന്റെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരുമ്പോൾ മൂകസാക്ഷികളായി മാറുന്നത്, പാർട്ടി പലതവണയായി പുറപ്പെടുവിച്ചിട്ടുള്ള രേഖകൾ. തെറ്റുതിരുത്തൽ രേഖ മുതൽ പ്ലീനം വരെയുള്ള രേഖകൾ അച്ചടിച്ചൂട് ആറാതെ നിൽക്കുമ്പോഴാണു പാർട്ടിയെയും നേതൃത്വത്തെയും വെട്ടിലാക്കി ക്വട്ടേഷൻ- കള്ളക്കടത്തു കഥകൾ ഒന്നിനു പിറകെ ഒന്നായി വരുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തു തുടർ ഭരണം കയ്യാളിയ സിപിഎമ്മിന്, അണികൾക്കും ഒരുപരിധി വരെ നേതാക്കൾക്കും മേൽ നിയന്ത്രണം ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങൾക്ക് അടിവരയിടുക കൂടിയാണു പുതിയ സംഭവ വികാസങ്ങൾ. ആദ്യ പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ പാർട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതിന്റെ രേഖകളും പുറത്തുവന്നു.
അധികാരത്തിലേറുമ്പോൾ, ഭരണത്തിനുമേൽ പാർട്ടിയുടെ കർശന നിരീക്ഷണവും നിയന്ത്രണവും ഉണ്ടാകുന്ന പതിവ് അത്രമേൽ ഇന്നു ശക്തമല്ലെന്നത് പാർട്ടിയിൽ തന്നെ ചർച്ചയാണ്. പാർട്ടിയും ഭരണവും പാർട്ടി രീതികൾക്കു വിരുദ്ധമായി ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു പാർട്ടി സൈദ്ധാന്തികർ മുൻപു പലവുരു മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസിൽ പാർട്ടിക്കാരുടെ പങ്കു പുറത്തുവന്നതോടെയാണ്, മുന്നറിയിപ്പുകൾ അക്കമിട്ടു നിരത്തുന്ന പാർട്ടി രേഖകളും പ്രസക്തമാകുന്നത്.
സിപിഎമ്മിൽ ഒരു കാലത്തു ശക്തമായിരുന്ന വിഭാഗീയതയുടെ ഉപോൽപന്നമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നു കൂട്ടിവായിക്കുന്നവരും പാർട്ടിയിലുണ്ട്. പാർട്ടി ഘടകങ്ങൾ പിടിക്കാൻ പ്രഖ്യാപിത ചേരികൾ അക്കാലത്തു നടത്തിയ നീക്കങ്ങളുടെ പേരിൽ ‘പാർട്ടി വിരുദ്ധ സ്വഭാവ രീതികൾ ’ വച്ചുപുലർത്തുന്നവരെ വരെ സംരക്ഷിക്കേണ്ടി വന്നു. അതു പാർട്ടി രേഖകൾ തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. വിഭാഗീയതയുടെ കനലൊടുങ്ങിയെന്നു നേതൃത്വം ആവർത്തിക്കുമ്പോഴും പാർട്ടി വിരുദ്ധ സ്വഭാവ രീതികള്‍ ശക്തിപ്പെടുന്നതല്ലാതെ ഇല്ലാതാകുന്നില്ലെന്നും കാണാം. കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമൊക്കെ മണിക്കൂറുകളെടുത്തു ചർച്ച ചെയ്തു തയാറാക്കിയ രേഖകളാണ് ഇതോടെ അപ്രസക്തമായിപ്പോകുന്നത്. തെറ്റുതിരുത്തൽ രേഖയുടെ ഗതിതന്നെ ഉദാഹരണം.
പാർട്ടി കോൺഗ്രസ് പറഞ്ഞു: അംഗങ്ങളെ ‘സൂക്ഷിക്കണം’
തെറ്റുതിരുത്തൽ രേഖയെക്കുറിച്ച് അറിയുന്നതിനു മുൻപ്, 2008 മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖ വായിക്കണം. ആ രേഖയിൽ ‘സംഘടന’ എന്ന അധ്യായത്തിൽ പാർട്ടി അംഗത്വ റിക്രൂട്ട്മെന്റ് കർക്കശമാക്കുന്നതിനെക്കുറിച്ചു പറയുന്നതു നോക്കുക: ‘വിഭാഗീയ താൽപര്യങ്ങൾക്കു വേണ്ടി കാൻഡിഡേറ്റ് മെംബർഷിപ്പ് എണ്ണം കൂട്ടിക്കാണിക്കുന്നതിനു വേണ്ടി ഗ്രൂപ്പു മെംബർമാരുടെ ലിസ്റ്റിൽ തിരിമറി നടത്തിയതിനെക്കുറിച്ചു പാർട്ടി കേന്ദ്രത്തിൽ കുറച്ചു പരാതികൾ കിട്ടിയിട്ടുണ്ട്. ഗ്രൂപ്പു മെംബർമാർക്കും കാൻഡിഡേറ്റ് മെംബർമാർക്കും രാഷ്ട്രീയവും സംഘടനാപരവുമായ വിദ്യാഭ്യാസം നൽകുന്നതിനുള്ള പോരായ്മകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്...’
തെറ്റു തിരുത്താനും രേഖ
ഇതേ രേഖയിൽ, 1996 ഒക്ടോബർ 29, 31 തീയതികളിൽ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ ക്യാംപെയ്നെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. തെറ്റുതിരുത്തൽ രേഖ ഇങ്ങനെ വായിക്കാം: ‘മുൻപൊരിക്കലും ഇല്ലാത്ത തോതിൽ അന്യവർഗ മൂല്യങ്ങളും ആശയങ്ങളും നമ്മുടെ പാർട്ടിയുടെ നേതാക്കളെയും കേഡർമാരെയും ബാധിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ തലങ്ങളിലും വ്യവസായികളും വ്യാപാരികളും രാഷ്‌ട്രീയ സംവിധാനവുമായി കെട്ടുപിണച്ചിലുണ്ട്. വിവിധ തലങ്ങളിൽ ബൂർഷ്വാ പാർട്ടികളുമായുള്ള കൂട്ടുകെട്ട്, വിശേഷിച്ചു തിരഞ്ഞെടുപ്പു ധാരണകൾ പാർട്ടി തുടർന്നുവരികയാണ്.
ബിസിനസുകാരും രാഷ്‌ട്രീയക്കാരും തമ്മിലുള്ള കൂട്ടായ്‌മ വർധിച്ചതോടെ പണവും മറ്റു ബൂർഷ്വാ പതിവുകളും പ്രയോഗിക്കുന്ന കാര്യത്തിലും ആനുപാതികവർധന ഉണ്ടായി. ഇവ നമ്മുടെ കേഡർമാരെ കാർന്നുതിന്നുന്നു. ഇപ്പോഴുള്ള പാർട്ടി അംഗങ്ങളിൽ 40 ശതമാനം 2001 നു ശേഷം ചേർന്നവരാണ്. ഇവരിൽ ഭൂരിപക്ഷവും പാർട്ടിയുടെ അടിസ്‌ഥാനവീക്ഷണം ആർജിച്ചിട്ടില്ല. ഈ സ്‌ഥിതിവിശേഷം എല്ലാത്തരത്തിലുമുള്ള ഫ്യൂഡൽ പെറ്റിബൂർഷ്വാ പ്രവണതകൾ പാർട്ടിയിൽ ഉയരാൻ ഇടയാക്കി. പാർട്ടിയുടെ ഉയർന്ന കമ്മിറ്റികളിൽ തൊഴിലാളി, ദരിദ്രകർഷക, കർഷകത്തൊഴിലാളി വിഭാഗങ്ങളിൽനിന്നു വരുന്നവർ 30% മാത്രമാണ്. ബാക്കി എഴുപതു ശതമാനവും ഇടത്തരക്കാരിൽനിന്നും മറ്റു വിഭാഗങ്ങളിൽനിന്നും വരുന്നു. ഇത് അന്യവർഗ സ്വാധീനങ്ങൾക്കുള്ള അടിത്തറ നൽകുന്നു.
പാർലമെന്ററി അവസരവാദം നമ്മുടെ പാർട്ടിയിൽ ഗണ്യമായി വർധിച്ചു എന്നാണ് സംസ്‌ഥാനങ്ങളിൽനിന്നുള്ള വിവരങ്ങൾ കാണിക്കുന്നത്. സ്‌ഥാനാർഥികളായി നിർത്തിയില്ലെങ്കിൽ സഖാക്കൾ വ്യക്‌തിഗതമായി കലാപമുണ്ടാക്കുന്ന പ്രവണത വളർന്നിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി നാമനിർദേശം ചെയ്യാത്തതിനു കലാപമുണ്ടാക്കിയ ഒരു സംസ്‌ഥാന കമ്മിറ്റി അംഗത്തെ ത്രിപുരയിൽ പുറത്താക്കേണ്ടിവന്നു. കൂടുതൽ ഭൗതികമായ പദവികളും മെച്ചപ്പെട്ട ജീവിതശൈലിയും നേടുക എന്ന ആഗ്രഹവുമായി ഈ പ്രവണത ബന്ധപ്പെട്ടിരിക്കുന്നു. എംപി, എംഎൽഎ എന്നീ നിലകളിൽ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ കൂടുതലാണ്. അതിനാൽ അവ നേടാൻ ആഗ്രഹവും മത്സരവും നടക്കുന്നു. എന്നിട്ടും ചില എംഎൽഎമാർ തങ്ങൾ പാർട്ടിക്ക് ഒടുക്കേണ്ട ലെവി നൽകുന്നില്ല.
അടുത്തകാലത്തെ ഒരു പ്രതിഭാസം തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളും പാർട്ടി കമ്മിറ്റികളും ബൂർഷ്വാ പാർട്ടികളുടെ രീതികൾ അവലംബിക്കുന്നതാണ്. പണം, മദ്യം, മറ്റ് അനാശാസ്യരീതികൾ എന്നിവ ഉപയോഗിക്കുന്നതു കൂടിയിരിക്കുന്നു. നമ്മുടെ പാർട്ടിയും അവ അനുകരിക്കുന്ന രീതിയുണ്ട്. തിരഞ്ഞെടുപ്പിൽ ഏതു മാർഗവും ഉപയോഗിച്ചു വിജയിക്കുക എന്നതു മാത്രമാകരുതു നമ്മുടെ ലക്ഷ്യമെന്ന് അംഗങ്ങളെ പാർട്ടി പഠിപ്പിക്കണം. എല്ലാ സംസ്‌ഥാനങ്ങളിൽനിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ത്രിതല പഞ്ചായത്തുകളിലും പ്രാദേശികമായ ഭരണസമിതികളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സ്വഭാവം സംബന്ധിച്ചു ഗൗരവമായ പ്രശ്‌നമുണ്ടെന്നാണ്. അഴിമതിയിലേക്കും പെരുമാറ്റദൂഷ്യത്തിലേക്കും അവർ ആകർഷിക്കപ്പെടുന്നു. അവരെ നിയന്ത്രിക്കാനുള്ള യത്നങ്ങൾ ചിലർ പാർട്ടിവിടുന്നതിന് ഇടയാക്കുന്നു; അവർ മറ്റു പാർട്ടികളിൽ ചേരുന്നു.
കേരളത്തിൽ വിഭാഗീയതയുടെ മൂലകാരണം പാർലമെന്ററിസവും സ്‌ഥാനാർഥികളെയും തിരഞ്ഞെടുക്കപ്പെടുന്ന പദവികളെയും നിശ്‌ചയിക്കുന്ന പാർട്ടി കമ്മിറ്റികളെ പിടിച്ചെടുക്കാനുള്ള സമരവുമാണെന്നു കേന്ദ്ര കമ്മിറ്റി കണ്ടെത്തിയിരുന്നു. വിഭാഗീയത എല്ലാത്തരത്തിലുമുള്ള തെറ്റായ പ്രവണതകൾ തഴച്ചുവളരാൻ ഇടമൊരുക്കുന്നു. കേരളത്തിൽ നീണ്ടുനിന്ന വിഭാഗീയത അതിന്റേതായ പ്രത്യാഘാതം ഉണ്ടാക്കി. പാർട്ടി സമ്മേളനങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ അധാർമിക രീതികൾ ഉപയോഗിക്കുന്ന ദൃഷ്‌ടാന്തങ്ങളുണ്ട്.
കമ്യൂണിസ്‌റ്റ് പാർട്ടിയുടെ മുഖ്യ ആസ്‌തി അതിന്റെ കേഡർമാരാണ്. പ്രതിബദ്ധതയുള്ള ആയിരക്കണക്കിനു കേഡർമാർ നമുക്കുണ്ട്. എന്നാൽ, ചില നേതാക്കളും കേഡർമാരും കമ്യൂണിസ്‌റ്റ് നിലവാരവും മൂല്യങ്ങളും അനുസരിച്ചു ജീവിക്കുന്നതിൽ പരാജയപ്പെട്ടാൽ പാർട്ടിയുടെ പ്രതിച്‌ഛായ മങ്ങാൻ ഇടവരുന്നു. ധൂർത്തുള്ള ജീവിതശൈലി, മിനിമം ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വീടു പണിയൽ, ആഘോഷങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയവ വർധമാനമായ തോതിൽ നടക്കുന്നു. പാർട്ടിക്കുള്ളിൽ ഇതു സംബന്ധിച്ച് ഒരു ചോദ്യവും ഉന്നയിക്കപ്പെടുന്നില്ല. തങ്ങളുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളുമായി പൊരുത്തപ്പെടാത്ത ആസ്‌തികൾ സമ്പാദിക്കുകയും ചെലവിടുകയും ചെയ്യുന്ന സഖാക്കളുടെ ദൃഷ്‌ടാന്തങ്ങളുണ്ട്. മക്കൾ, ജാമാതാക്കൾ മുതലായ ഉറ്റബന്ധുക്കളും ഇങ്ങനെ സമ്പാദിക്കുന്ന ഉദാഹരണങ്ങളുണ്ട്.
ചില സന്ദർഭങ്ങളിൽ ബിസിനസുകാർ നേതാക്കളിൽനിന്നു ലഭിച്ച ആനുകൂല്യങ്ങൾക്കു പ്രതിഫലമായി അവരുടെ കുടുംബാംഗങ്ങൾക്കു ജോലി നൽകിയ സംഭവങ്ങളുണ്ട്. കഴിവിനപ്പുറം ആസ്‌തിയോ വരുമാനമോ കരസ്‌ഥമാക്കുമ്പോൾ ജനങ്ങൾ അതറിയുന്നു. പരാതികൾ അന്വേഷിക്കാൻ പാർട്ടി കമ്മിറ്റികൾ മടികാട്ടുന്നു. ബിസിനസുകാർ, കമ്പനികൾ, വൻകിട വ്യാപാരികൾ, കരാറുകാർ തുടങ്ങിയവരുടെ ആതിഥ്യം സ്വീകരിക്കുന്നതിനെതിരെ മാർഗനിർദേശങ്ങൾ നൽകിയിരുന്നെങ്കിലും അവ ലംഘിച്ച സന്ദർഭങ്ങളുണ്ട്. മുൻകാലങ്ങളിൽ നേതൃകമ്മിറ്റികളിലെ അംഗങ്ങൾ വീടു പണിയുമ്പോഴും കാറോ മറ്റ് ആസ്‌തികളോ വാങ്ങുമ്പോഴും പാർട്ടി കമ്മിറ്റികളുടെ അനുമതി തേടാറുണ്ടായിരുന്നു. ഇപ്പോൾ മിക്ക സ്‌ഥലങ്ങളിലും അതു ചെയ്യാറില്ല. ഇതു പുനഃസ്‌ഥാപിക്കണം.
പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും സമ്മേളനങ്ങൾ ചിലയിടങ്ങളിൽ നടക്കുമ്പോൾ വലിയ ചെലവു വരുത്തുന്നു. നേതാക്കളുടെ വലിയ പോസ്‌റ്ററുകളും കട്ടൗട്ടുകളും വയ്‌ക്കുന്നു; ഏറെ ദുർവ്യയമുള്ള സ്വീകരണങ്ങൾ സംഘടിപ്പിക്കുന്നു. ബൂർഷ്വാ നേതാക്കളെ അനുമോദിക്കുന്ന രീതിയിലാണു പാർട്ടി നേതാക്കൾ സ്വീകരിക്കപ്പെടുന്നത്. ഫണ്ടുകളിൽ നിയന്ത്രണമോ ഉത്തരവാദിത്തമോ ഇല്ലാതെ എൻജിഒകൾ നടത്തുന്നതിന്റെ ഉദാഹരണങ്ങളുണ്ട്. എൻജിഒ നടത്തിപ്പിനെക്കുറിച്ചു പരിശോധന വേണം. സ്വകാര്യമേഖല സമൂഹത്തിന്റെ സകല മണ്ഡലങ്ങളെയും കടന്നാക്രമിച്ചിരിക്കുന്നു. പാർട്ടി ശക്‌തമായ സ്‌ഥലങ്ങളിൽ ഈ നിക്ഷിപ്‌ത താൽപര്യക്കാർ നമ്മുടെ സഖാക്കളെ സ്വാധീനിക്കാൻ ശ്രമിച്ച ചില സന്ദർഭങ്ങളുണ്ട്. റിയൽ എസ്‌റ്റേറ്റുകാരും മദ്യ കോൺട്രാക്‌ടർമാരും നമ്മുടെ സഖാക്കളുമായും തദ്ദേശസ്‌ഥാപന പ്രതിനിധികളുമായും ഉറ്റബന്ധം സ്‌ഥാപിക്കുന്നു. സംസ്‌ഥാന സർക്കാരുകൾ അഴിമതിക്കുള്ള സാധ്യത കൂട്ടുന്നു...’
തെറ്റുതിരുത്തൽ രേഖയുടെ പ്രസക്തഭാഗങ്ങൾ ചൂണ്ടിക്കാട്ടിയ ശേഷം 2008 ലെ പാർട്ടി കോൺഗ്രസ് ഇതുകൂടി പറഞ്ഞു: ‘പാർട്ടിയുടെ വിപ്ലവ സ്വഭാവത്തിനും കമ്യൂണിസ്റ്റ് മാനദണ്ഡങ്ങളും ധാർമികതയും സംരക്ഷിക്കുന്നതിനും ഉന്നതമായ മുൻഗണന നൽകണം. പുതിയ കേന്ദ്ര കമ്മിറ്റി സർവതല സ്പർശിയായ ഒരു തെറ്റുതിരുത്തൽ ക്യാംപയിനു മുൻകയ്യെടുക്കണം...’
ഇതുപക്ഷേ എത്രമാത്രം അരങ്ങേറിയെന്നതു സമീപകാല ചരിത്രം.
പ്ലീനവും പറഞ്ഞു: കുറച്ച് ഒതുങ്ങണം
1996ലെ തെറ്റുതിരുത്തൽ രേഖയും പാർട്ടി കോൺഗ്രസ് രേഖകളും ഇങ്ങനെ മൂകസാക്ഷിയായി നിൽക്കുമ്പോഴാണ് 2013 നവംബർ 27 മുതൽ 29 വരെ പാലക്കാട് സംസ്ഥാന പ്ലീനം അരങ്ങേറുന്നത്. പ്ലീനം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പത്രത്തിൽ അച്ചടിച്ചു വരും മുൻപ് ഉന്നത നേതാക്കൾതന്നെ അതു ലംഘിച്ചതിന്റെ വാർത്തകൾ പുറത്തായതു നേതൃത്വത്തെ ചില്ലറയൊന്നുമല്ല വെട്ടിലാക്കിയത്. പ്ലീനം രേഖ പറയുന്നതിങ്ങനെ:
∙ കമ്യൂണിസ്റ്റ് മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനാവണം
പാർട്ടി അംഗങ്ങളിൽ മദ്യപാന ശീലം വർധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചു പരിശോധിക്കാത്തതിന്റെ ഫലമായി ഇതു പോലുള്ള ദുശ്ശീലങ്ങൾ വർധിക്കുന്നതിന് ഇടയാക്കിട്ടുണ്ട്. മദ്യപാന ശീലമുള്ള സഖാക്കളെ തിരുത്താൻ പ്രേരിപ്പിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു സഖാവിനു തിരുത്താനും ആ ദുശ്ശീലം ഒഴിവാക്കാനുമാവുന്നില്ലെങ്കിൽ ആ സഖാവിനെ പാർട്ടിയംഗത്വത്തിൽനിന്ന് ഒഴിവാക്കേണ്ടതാണ്. മദ്യപന്മാരെ ഒരു കാരണവശാലും പാർട്ടിയംഗത്വത്തിൽ തുടരാൻ അനുവദിക്കരുത്. പാർട്ടി മെംബർഷിപ്പിൽ മദ്യപാനശീലം ഒഴിവാക്കുന്നതിനൊപ്പംതന്നെ പാർട്ടിയോടൊപ്പമുള്ളവരിലും ഈ ദുശ്ശീലം പടരാതിരിക്കാനുള്ള ജാഗ്രത പാർട്ടിയാകെ പുലർത്തേണ്ടതാണ്.
പാർട്ടിയോടൊപ്പം അണിനിരക്കുന്ന യുവതലമുറ മദ്യത്തിനടിപ്പെടാതിരിക്കാനുള്ള കരുതലും ജാഗ്രതയും പാർട്ടിക്കാകെ ഉണ്ടാവേണ്ടതാണ്. ഇതിന്റെ ഭാഗമായി പൊതുചടങ്ങുകളിൽ മദ്യം വിളമ്പുന്നതു പാർട്ടിക്കു നിയന്ത്രിക്കാനാവുന്ന പ്രദേശങ്ങളിൽ പാർട്ടി തടയേണ്ടതാണ്. പാർട്ടിയംഗങ്ങളിൽ ഇത്തരമൊരു ദുശ്ശീലം അകറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്നുള്ളവരാരുംതന്നെ ഇതിന് അടിമപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി കമ്മിറ്റികളിൽ അപൂർവം ചിലർക്കു മദ്യപാന ശീലം ഉണ്ടെന്ന പരാതി പാർട്ടി അണികളിൽ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട കർശന പരിശോധനയും തീരുമാനവും എടുക്കേണ്ടതാണ്.
∙ റിയൽ എസ്റ്റേറ്റ് മുതലാളിമാർ ആവരുത്
റിയൽ എസ്റ്റേറ്റ് വ്യാപാരം വ്യാപിച്ചതോടെ ഗ്രാമങ്ങളിലടക്കം റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൂടിവരികയാണ്. റിയൽ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ചു പരിശോധിച്ചപ്പോൾ ചിലയിടങ്ങളിൽ ചില സഖാക്കൾ റിയൽ എസ്റ്റേറ്റ് ബന്ധം മറച്ചുവച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ നേരിട്ടു പങ്കെടുക്കാതെതന്നെ ജനങ്ങളിൽ സ്വാധീനമുള്ളവരെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ ഭാഗമാക്കുന്നുണ്ട്. ഇത്തരക്കാരുടെ സ്വാധീനം സ്വത്തു വാങ്ങുന്നതിനും അതിന്റെ ഭാഗമായി ചിലപ്പോൾ ഉയരാനിടയുള്ള പ്രശ്നങ്ങൾ തടയുന്നതിനും ഉപയോഗിക്കുകയാണ്. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ നേരിട്ടു പങ്കെടുക്കുന്നവരും പരോക്ഷമായി സഹായിക്കുന്നവരുമായ പാർട്ടി സഖാക്കളെക്കുറിച്ചു പരിശോധിക്കേണ്ടതും തിരുത്തേണ്ടതുമാണ്.
റിയൽ എസ്റ്റേറ്റ് പ്രവർത്തനത്തിന്റെ ഭാഗമായി ബ്രോക്കർമാരാകുന്നവരുണ്ട്. അത്തരക്കാരിൽ ചിലർ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാൻ തയാറാവുന്നു. റിയൽ എസ്റ്റേറ്റിന്റെ പരിധിയിൽ വരുന്ന പ്രവർത്തനമായതിനാൽ ഇത്തരക്കാരെക്കുറിച്ചും പരിശോധിക്കേണ്ടതും തിരുത്തലിനു വിധേയമാക്കേണ്ടതുമാണ്. ഇതുപോലെ തന്നെ പാർട്ടി സഖാക്കൾക്കു ചേരാത്ത പ്രവൃത്തിയാണ് നിലംനികത്തുന്നതിനും മറ്റും കൂട്ടുനിൽക്കൽ. എറണാകുളം പോലുള്ള ജില്ലകളിൽ ഇതു വ്യാപകമാണ്. ധനമോഹത്തിനടിപ്പെട്ടുപോകുന്ന ഇത്തരം സഖാക്കളെ തിരുത്തുന്നതിനു ഗൗരവമായ പരിശോധനയും തെറ്റുതിരുത്തൽ നടപടിയും ബന്ധപ്പെട്ട ഘടകങ്ങളും മേൽഘടകങ്ങളും സ്വീകരിക്കേണ്ടതാണ്.
∙ സഖാക്കൾ ‘ബ്ലേഡ്’ ആകരുത്
നാട്ടിലാകെ വ്യാപിക്കുന്ന മറ്റൊരു ദുർവൃത്തിയാണ് ബ്ലേഡ് കമ്പനിയെന്നറിയപ്പെടുന്ന കൊള്ളപ്പലിശയ്ക്കു പണം കടം കൊടുക്കൽ. ചിലേടങ്ങളിലെങ്കിലും ചില സഖാക്കൾ ഇതിന്റെ ഭാഗമാകുന്നുണ്ട്. അത്തരക്കാർ പൂർണമായും ആ പ്രവർത്തനങ്ങളിൽനിന്നും വിട്ടു നിൽക്കുന്നില്ലെങ്കിൽ അവരെ പാർട്ടിയിൽനിന്ന് ഒഴിവാക്കേണ്ടതാണ്. ചിലർ മര്യാദപ്പലിശ വാങ്ങുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ടു തങ്ങൾ നടത്തുന്ന പ്രവർത്തനത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ന്യായീകരണങ്ങളൊന്നും പാർട്ടിക്കു സ്വീകരിക്കാനാവില്ല.
കമ്യൂണിസ്റ്റുകാർ പലിശയ്ക്കു പണം കൊടുക്കേണ്ടവരല്ല. മദ്യപാന ശീലം, റിയൽ എസ്റ്റേറ്റ് പ്രവർത്തനം, ബ്ലേഡ് കമ്പനി ബന്ധം തുടങ്ങിയവയുള്ള സഖാക്കളെ കണ്ടില്ലെന്നു നടിച്ച് ഫലത്തിൽ തെറ്റിനു കൂട്ടുനിൽക്കുന്ന വിവിധ ഘടകങ്ങളുടെ നേതൃത്വമുണ്ട്. തെറ്റിനു കൂട്ടുനിൽക്കലും തെറ്റു ചെയ്യുന്നതുപോലെ തന്നെ ഗൗരവമായ കുറ്റമാണ്. അത്തരത്തിലുള്ള സഖാക്കളെക്കുറിച്ചും പരിശോധിച്ച് ഉചിതമായ തീരുമാനം പാർട്ടി ഘടകങ്ങൾ എടുക്കേണ്ടതാണ്.
∙ മാതൃകയാവണം, കുറച്ചൊക്കെ വിനയം വേണം
എല്ലാതലങ്ങളിലുമുള്ള പാർട്ടി സഖാക്കൾ മാതൃകാപരമായ ജീവിതം നയിക്കുന്നതിനൊപ്പം ബഹുജനങ്ങളുമായി വിനയത്തോടെ ഇടപഴകുകയും വേണം. ഒരു കാരണവശാലും ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനം ഒരു പാർട്ടി അംഗത്തിൽനിന്ന് ഉണ്ടാകാൻ പാടില്ല. താനൊരു ബഹുജന സേവകനാണെന്ന തിരിച്ചറിവോടെ വേണം ആരോടും പെരുമാറാൻ. പരാതിയുമായി സമീപിക്കുന്ന ആൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കാനാവണം. ഒരു കാരണവശാലും തട്ടിക്കയറരുത്. പരുഷമായി ഇടപെടരുത്. പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ ബന്ധപ്പെട്ടവരെ ഇടപെടുവിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ആർക്കും സമീപിക്കാവുന്ന പൊതുപ്രവർത്തകനായി പാർട്ടി അംഗം ഉയരണം. എല്ലാ കാര്യങ്ങളിലും സുതാര്യതയും സത്യസന്ധതയും പുലർത്തിപ്പോവണം. ഒരുകാര്യത്തിലും വഞ്ചനയോ കാപട്യമോ കാണിക്കാൻ പാടില്ല. ഒരു പൊതുപ്രവർത്തകന്‍ എന്ന നിലയ്ക്ക് ഓരോ പാർട്ടി അംഗത്തെയും സമൂഹവും നാട്ടുകാരും വിലയിരുത്തുന്നുണ്ട് എന്ന തിരിച്ചറിവു വേണം. ആരോടും അപമര്യാദയായി പെരുമാറാൻ പാടില്ല. പാർട്ടിയെക്കുറിച്ചുള്ള മതിപ്പ് പാർട്ടിയുടെ പ്രതീകമായ പാർട്ടി അംഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കൂടി നിൽക്കുന്നതാണെന്ന ബോധ്യത്തോടെ നീങ്ങാൻ ഓരോ പാർട്ടി അംഗത്തിനും കഴിയണം.
∙ നാട്ടുകാർ കാണുന്നുവെന്ന് ഓർമ വേണം
എല്ലാ പാർട്ടി ഘടകങ്ങളും പൊതുവിൽ സ്വീകരിക്കേണ്ട സമീപനമാണ് പാർട്ടി സഖാക്കളിൽ ആരെങ്കിലും വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുണ്ടോയെന്നു പരിശോധിക്കൽ. ബഹുജനമധ്യത്തിൽ പ്രവർത്തിക്കുന്ന ഓരോ പാർട്ടി സഖാവും ബഹുജനങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തലിനു വിധേയമാകുന്നുണ്ട്. ഇക്കാര്യം എല്ലാ പാർട്ടി ഘടകങ്ങളും ഓർക്കേണ്ടതാണ്. ഏതെങ്കിലുമൊരു സഖാവ് വരവിൽക്കവിഞ്ഞു സമ്പാദ്യമുണ്ടാക്കിയാൽ ആ സഖാവിനെക്കുറിച്ച് അറിയാവുന്നവരിലെല്ലാം സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇതിനുള്ള വരുമാനം എവിടെനിന്നു വന്നു എന്നുള്ളതാണ്. ഇത് ആ സഖാവിനെ മാത്രമല്ല, പാർട്ടിയെയാകെ അപകീർത്തിപ്പെടുത്തുന്നു. ഇത്തരക്കാരെക്കുറിച്ചു തങ്ങളുടെ കൺമുമ്പിലുള്ള തെളിവുകൾ പാർട്ടി ഘടകങ്ങളും അതിന്റെ നേതാക്കളും കണ്ടില്ലെന്നു നടിക്കരുത്.
ഇത്തരത്തിൽ മൗനാനുവാദം നൽകുന്നത് ഈ ദുഷ്പ്രവണത പടരുന്നതിനിടയാക്കും. ഇതിലൂടെ ഒട്ടേറെ പാർട്ടി സഖാക്കളുടെ ഗുണമേന്മ തകർന്നു വഴിപിഴച്ചവരായിപ്പോകും. ഇതിന്റെെയല്ലാം ഫലം പാർട്ടിയുടെ യശ്ശസ് തകരലുമാണ്. പാർട്ടിക്കകത്തു നടമാടിയിരുന്ന വിഭാഗീയതയുടെ ഭാഗമായി ഇത്തരം ദുർവൃത്തർ പലേടങ്ങളിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതു തടയുന്നതിന് ഓരോ പാർട്ടി ഘടകവും ജാഗ്രത പാലിക്കുന്നതിനൊപ്പം മെംബർഷിപ് സ്ക്രൂട്ടിനിയുടെ ഘട്ടത്തിൽ ഓരോ സഖാവും നൽകുന്ന സ്വത്തുവിവരം കർശനമായ പരിശോധനയ്ക്കു വിധേയമാക്കണം. ഇതിനായി എല്ലാ പാർട്ടി ഘടകങ്ങളും മെംബർഷിപ് സ്ക്രൂട്ടിനിയുടെ ഘട്ടത്തിൽ ഒരു സബ് കമ്മിറ്റിയെ നിയോഗിച്ച് ഓരോ സഖാവിന്റെയും സ്വത്തുവിവരം സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്....’
പിണറായി സർക്കാരിനു പിന്നാലെയും മുന്നറിയിപ്പ്
കൊൽക്കത്ത പ്ലീനം അംഗീകരിച്ച സംഘടനാ രേഖ ഇന്നും പാർട്ടി രേഖകൾക്കൊപ്പം പാർട്ടി സഖാക്കളുടെ പക്കൽ എത്താറുണ്ട്. അതിനൊപ്പം പാർട്ടി അണികൾക്കും നേതാക്കൾക്കും പെരുമാറ്റച്ചട്ടം നിർദേശിക്കുന്ന മറ്റനേകം രേഖകളും പാർട്ടി ഓഫിസുകളിൽ ഉണ്ടാകും. 2016 നവംബർ 18, 19, 20 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സംഘടനാ രേഖ പറയുന്നതും ഇതിനൊപ്പം ഓർക്കണം. പിണറായി വിജയന്റെ നേതൃത്വത്തിൽ ആദ്യ എൽഡിഎഫ് സർക്കാര്‍ അധികാരമേറ്റതിനു പിന്നാലെ 2016 നവംബർ 18,19,20 തീയതികളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച സംഘടനാ രേഖ പാർട്ടിയും ഭരണവും അതേപടി തള്ളിക്കളഞ്ഞതിന്റെ ഫലമാണു നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കള്ളക്കടത്തു മുതൽ ഒടുവിലത്തെ കരിപ്പൂർ സംഭവം വരെയെന്ന ചർച്ച സിപിഎമ്മിൽ സജീവമായിക്കഴിഞ്ഞു.
പാർട്ടിക്ക് അധികാരം കിട്ടുമ്പോൾ, അടുത്തുകൂടുന്ന ‘ശക്തികളെ’ക്കുറിച്ചു സംഘടനാ രേഖ കൃത്യമായ മുന്നറിയിപ്പു നൽകിയിരുന്നു. സംഘടനാ രേഖ ഇങ്ങനെ പറയുന്നു: ‘അഴിമതി സമൂഹത്തിൽ വ്യാപകമാകുകയാണ്. പഞ്ചായത്ത് മെംബർ മുതൽ മുഖ്യമന്ത്രി സ്ഥാനം വരെയുള്ള പാർട്ടി എന്ന നിലയിൽ നമ്മെ സ്വാധീനിക്കാൻ പല കേന്ദ്രങ്ങളും ശ്രമിക്കും. ഇതിൽ നിതാന്ത ജാഗ്രതയും പരിശോധനയും ഉണ്ടാകണം. ജനപ്രതിനിധികളും നേതാക്കളും മാതൃകാപരമായ ജീവിതശൈലി സ്വായത്തമാക്കണം. ഇതിൽ വ്യതിയാനങ്ങളുണ്ടാകുമ്പോൾ യഥാസമയത്തു പരിശോധിച്ചു തിരുത്തണം. കുഴൽപണ ഇടപാടും ലഹരിമരുന്നു മാഫിയയും വ്യാപകമായി വരുന്നുണ്ട്. പണ സമ്പാദനത്തിന് ഇത്തരം പ്രവർത്തനത്തിൽ പങ്കാളികളാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കും. ഇത്തരക്കാരുമായി അകലം പാലിക്കാൻ പാർട്ടി ഘടകങ്ങൾക്കു കഴിയണം. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയത്തു പരിശോധിച്ചു തിരുത്തിക്കണം.’
പാർട്ടി പിറക്കും മുൻപേ മുന്നറിയിപ്പു വന്നു
1964 ലാണ് കമ്യൂണിസ്റ്റു പാർട്ടി പിളർന്നു സിപിഎം രൂപം കൊള്ളുന്നതെങ്കിലും തെറ്റുകൾ തിരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി വളരെ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. വരുംകാലത്തു സംഭവിച്ചേക്കാവുന്ന വലിയ തെറ്റുകളെ അകറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയ ആ രേഖ ഇന്നും പ്രസക്തമാണ്. 1946 മാർച്ചിൽ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ കേരളഘടകം പ്രസിദ്ധീകരിച്ച 54 പേജുള്ള രേഖ അവസാനിക്കുന്നത് ഇങ്ങനെയാണ്:
‘ഈ തെറ്റുകൾ തിരുത്തണമെങ്കിൽ അവയുടെ മൂലകാരണം എന്തെന്നു നാം ശരിയായി മനസ്സിലാക്കണം. ലെനിനിന്റെയും സ്റ്റാലിന്റെയും ഇന്റർനാഷനലിന്റെയും വ്യക്തമായ നിർദേശങ്ങൾക്കു വിപരീതമായ ഈ ധാരണ നമുക്കുണ്ടാവാനും ഇത്ര ഭയങ്കരമായ തെറ്റുകൾ നമുക്കു പറ്റാനുമുള്ള യഥാർഥ കാരണം, അതിന്റെ വർഗാടിസ്ഥാനം നാം മനസ്സിലാക്കിയേ കഴിയൂ...’
English Summary: CPM Plenum and Other Party Reports are in Vain to Prevent Illegal Activities in Kerala