ഒരു ഫെയ്സ്ബുക് കുറിപ്പിനു വന്ന കമന്റ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ നിർണായകമായ ഇടപെടലാകുക. എറണാകുളത്ത് ഏറെക്കാലമായി പൂട്ടിക്കിടന്ന പിവിഎസ് ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കോവിഡ്... covid 19 case kerala, corona virus, corona death, corona virus death news in malayalam

ഒരു ഫെയ്സ്ബുക് കുറിപ്പിനു വന്ന കമന്റ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ നിർണായകമായ ഇടപെടലാകുക. എറണാകുളത്ത് ഏറെക്കാലമായി പൂട്ടിക്കിടന്ന പിവിഎസ് ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കോവിഡ്... covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഫെയ്സ്ബുക് കുറിപ്പിനു വന്ന കമന്റ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ നിർണായകമായ ഇടപെടലാകുക. എറണാകുളത്ത് ഏറെക്കാലമായി പൂട്ടിക്കിടന്ന പിവിഎസ് ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കോവിഡ്... covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഒരു ഫെയ്സ്ബുക് കുറിപ്പിനു വന്ന കമന്റ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ നിർണായകമായ ഇടപെടലാകുക. എറണാകുളത്ത് ഏറെക്കാലമായി പൂട്ടിക്കിടന്ന പിവിഎസ് ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കോവിഡ് ആശുപത്രിയാക്കി മാറ്റിയ തീരുമാനത്തിന്റെ തുടക്കം ആ കമന്റിൽ നിന്നായിരുന്നു. വീശിയടിച്ച കോവിഡ് തരംഗത്തിനെതിരെയുള്ള എറണാകുളം ജില്ലയുടെ പ്രതിരോധത്തിനു പിന്നിൽ പിവിഎസ് സർക്കാർ കോവിഡ് ആശുപത്രി വഹിച്ച പങ്ക് വളരെ വലുത്.

കോവിഡ് ഒന്നാം തരംഗത്തിൽ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് എറണാകുളം ജില്ലയിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങളുടെയും കിടക്കകളുടെയും ആവശ്യം വന്നത്. സംസ്ഥാനത്തു സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളുള്ളത് എറണാകുളം ജില്ലയിലാണെങ്കിലും സർക്കാർ മേഖലയിൽ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളുടെ അഭാവം പ്രശ്നമായി.

ADVERTISEMENT

കൂടുതൽ ആശുപത്രികളുടെ ആവശ്യത്തെക്കുറിച്ച് കലക്ടർ എസ്. സുഹാസിന്റെ ഒരു ഫെയ്സ്ബുക് കുറിപ്പിനു ലഭിച്ച കമന്റാണു കോവിഡ് പ്രതിരോധത്തിനു വേണ്ടിയുള്ള നിർണായക ചുവടുവയ്പിലേക്കു ജില്ലയെ നയിച്ചത്. ഏറെക്കാലമായി പൂട്ടിക്കിടക്കുന്ന പിവിഎസ് ആശുപത്രി സർക്കാർ ഏറ്റെടുത്തു കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുകയെന്നതായിരുന്നു കമന്റായി ലഭിച്ച ആ നിർദേശം.

അന്നു മുതൽ അതിനു പിന്നാലെ ഓടിയ ഒരു സംഘം ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും ആത്മാർഥമായ പരിശ്രമം കൊണ്ടാണു പിവിഎസ് ഗവ. കോവിഡ് ആശുപത്രി രൂപമെടുക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയുടെ അനക്സായി പ്രവർത്തിച്ച  പിവിഎസ് ഗവ. കോവിഡ് അപെക്സ് സെന്റർ വിദഗ്ധ ചികിത്സ ആവശ്യമായ ഒട്ടേറെ കോവിഡ് ബാധിതരെ ജീവിതത്തിലേക്കു തിരികെയെത്തിച്ചു.

300 ദിവസത്തോളമായി വിദഗ്ധ പരിചരണം ആവശ്യമുള്ള കോവിഡ് രോഗികളുടെ ചികിത്സയുമായി ജില്ലയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലായിരുന്നു പിവിഎസ്. ഇതുവരെ ചികിത്സിച്ചത് 1500 ൽ ഏറെ കോവിഡ് ബാധിതരെ. അവരിൽ ഭൂരിപക്ഷവും ഐസിയു പരിചരണം ആവശ്യമുള്ളവർ. കോവിഡ് പോസിറ്റീവായവർക്കു നടത്തിയത് 2019 ഡയാലിസിസുകൾ. കോവിഡ് പ്രതിരോധത്തിൽ പരിശീലനം നൽകിയത് ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ എഴുനൂറോളം പേർക്ക്.

കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുകയും സർക്കാർ തലത്തിൽ പുതിയ കോവിഡ് ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്തതോടെ പിവിഎസ് ആശുപത്രി ഈ മാസം പ്രവർത്തനം നിർത്തും. ഒന്നരക്കൊല്ലത്തോളം അടഞ്ഞു കിടന്ന ആശുപത്രി പൊതു– സ്വകാര്യ പങ്കാളിത്തത്തിന്റെ മികവ്, ജനകീയ പങ്കാളിത്തം, ചെറുപ്പക്കാരുടെ ടീംവർക്ക് എന്നിവ കൊണ്ടാണ് ഇക്കാലമത്രയും സജീവമായി പ്രവർത്തിച്ചത്. മറ്റു പല ആശുപത്രികളിലെയും കോവിഡ് ചികിത്സയെ കുറിച്ചു പരാതികളുണ്ടായപ്പോഴും പിവിഎസിന്റെ പ്രവർത്തനങ്ങളെ കുറിച്ചു രോഗികൾ നല്ലതു മാത്രമാണു പറഞ്ഞത്.

ADVERTISEMENT

ഒരു ദൗത്യം തുടങ്ങുന്നു

160 കോടി രൂപയുടെ ബാധ്യതയുമായി അടച്ചുപൂട്ടിക്കിടന്ന പിവിഎസ് ആശുപത്രി ചെന്നൈ കമ്പനി ലോ ട്രൈബ്യൂണൽ വിൽപനയ്ക്കായി ടെൻഡർ നടപടികളിലേക്കു കടക്കുന്ന സമയത്താണ് കോവിഡ് ഒന്നാം തരംഗം പടർന്നു തുടങ്ങുന്നത്. ആ ഘട്ടത്തിൽ ദുരന്ത നിവാരണ നിയമ പ്രകാരം പിവിഎസ് ആശുപത്രി സംസ്ഥാന സർക്കാർ ഏറ്റെടുത്തു.

ഡപ്യൂട്ടി കലക്ടർ സാബിർ, കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ്, കോവിഡ് നോ‍ഡൽ ഓഫിസർ ഡോ. എം.എം. ഹനീഷ്, ജോ. ആർടിഒ ജി. അനന്തകൃഷ്ണൻ, വില്ലേജ് അസിസ്റ്റന്റ് സുജേഷ് എന്നിവരടങ്ങുന്ന ടീമിനായിരുന്നു ആശുപത്രി ഏറ്റെടുക്കുന്നതിന്റെ ചുമതല. ഒന്നര വർഷത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്ന ആശുപത്രിയിലേക്ക് ആദ്യം പ്രവേശിച്ചത് ഓക്സിജൻ മാസ്ക് ധരിച്ച അഗ്നിശമന സേനാംഗങ്ങളാണ്.

പല ഘട്ടങ്ങളിലുള്ള ശുചീകരണം വേണ്ടി വന്നു ആശുപത്രി സജ്ജമാക്കാൻ. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എഐവൈഎഫ്, ഐഡിയൽ റിലീഫ് വിങ് തുടങ്ങി യുവജന സംഘടനകൾ പലതും ആശുപത്രി വൃത്തിയാക്കാൻ രംഗത്തെത്തി. അണുബാധ പൂർണമായും ഒഴിവാക്കാനായി ആശുപത്രിയുടെ മുക്കും മൂലയും അരിച്ചു പെറുക്കി വൃത്തിയാക്കി.

ADVERTISEMENT

ആശുപത്രി ഏറ്റെടുക്കുന്നതിനു മുന്നോടിയായി വസ്തുവകകളുടെ കൃത്യമായ കണക്കെടുത്തു ചെന്നൈയിലെ കമ്പനി ലോ ട്രൈബ്യൂണലിൽ സമർപ്പിക്കേണ്ടിയിരുന്നു. വില്ലേജ് ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഇതിനു സഹായിച്ചത് ഇരുപതോളം സിഎ വിദ്യാർഥികളായിരുന്നു. 

കഠിന പ്രയത്നം, വെല്ലുവിളികൾ

ആശുപത്രി പ്രവർത്തനം തുടങ്ങാൻ വെല്ലുവിളികൾ ഏറെ. പ്ലമിങ് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ ഒട്ടേറെ. ലിഫ്റ്റും എസിയും പ്രവർത്തന രഹിതം. പൊതുമരാമത്തു വകുപ്പ് ജീവനക്കാരുടെ മേൽനോട്ടത്തിലായിരുന്നു പ്ലമിങ് പണികൾ. പ്രളയത്തിൽ മുങ്ങിയ സബ് സ്റ്റേഷനിലെ വെള്ളം പമ്പ് ചെയ്തു കളയാൻ മാത്രം 3 ദിവസമെടുത്തു. ഹെൻറി ആൻഡ് ഫാരിദ് എന്ന സ്ഥാപനത്തിലെ ഹെസെൽ എൻജിനീയേഴ്സ് ഒരു മാസത്തോളമെടുത്ത് ആശുപത്രി കെട്ടിടത്തിലെ വൈദ്യുതി അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.

മെഡിക്കൽ ഗ്യാസ് യൂണിറ്റ്, ഐസിയുവിലെ വെന്റിലേറ്റർ, കേന്ദ്രീകൃത യുപിഎസ് സംവിധാനം, എസി എന്നിവയെല്ലാം നന്നാക്കിയെടുത്തു. ജനറേറ്റർ ലഭ്യമായതോടെയാണ് ഒരു കാര്യം മനസ്സിലായത്– ആശുപത്രിയിലെ ജല വിതരണം ആകെ പ്രശ്നത്തിലാണ്. പ്രളയത്തിൽ ജലവിതരണ സംവിധാനം പൂർണമായും നശിച്ചിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാർ രണ്ടര ഇഞ്ചിന്റെ പുതിയ ലൈൻ വലിച്ചു വെള്ളമെത്തിച്ചു. കെഎസ്ഇബി വൈദ്യുതി എത്തിച്ചു.

മൂന്നു മാസത്തോളം സമയമെടുത്താണ് ആശുപത്രി പ്രവർത്തിക്കാവുന്ന ഘട്ടത്തിലെത്തിച്ചത്. പ്രവർത്തനരഹിതമായിരുന്ന 5 ലിഫ്റ്റുകളിൽ 3 എണ്ണം ശരിയാക്കി. ആശുപത്രി കെട്ടിടത്തിലെ 7,11,14 നിലകളാണ് ആദ്യം തുറന്നത്.

എവിടെ പണം?

ആശുപത്രി കെട്ടിടം പ്രവർത്തന യോഗ്യമായെങ്കിലും അടുത്ത വെല്ലുവിളി പണമായിരുന്നു. ഐഎംഎ കൊച്ചി മുൻ പ്രസിഡന്റും കോവി‍ഡ് കോ ഓർഡിനേറ്ററുമായ ഡോ. എം.ഐ. ജുനൈദ് റഹ്മാനും ഡോ. എം.എം.  ഹനീഷും ഫണ്ട് കണ്ടെത്താനുള്ള ഓട്ടം തുടങ്ങി. ജീവൻ രക്ഷാ ചാരിറ്റബിൾ സൊസൈറ്റിയുടെ ഒരു ലക്ഷം രൂപ ആദ്യ സംഭാവന. സിയാൽ സിഎസ്ആർ ഫണ്ടിൽനിന്നു ലഭിച്ച 15 ലക്ഷം രൂപ, ജിയോജിത്തിൽനിന്ന് 25 ലക്ഷം രൂപ… ഘട്ടം ഘട്ടമായി ഒട്ടേറെ പൊതു, സ്വകാര്യ കമ്പനികൾ പിവിഎസ് ആശുപത്രിക്കു സഹായവുമായെത്തി. 

വിഗാർഡ്, വൈഎംസിഎ, ഐഎംഎ കൊച്ചി, ബിപിസിഎൽ, പെട്രോനെറ്റ് എൽഎൻജി, കൊച്ചിൻ ഷിപ്‌യാഡ്, അഗാപ്പെ, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്, കെഎസ്എഫ്ഇ, റോട്ടറി ക്ലബ്, മർച്ചന്റ്്സ് ചേംബർ, വ്യാപാരി വ്യവസായ സമിതി… തുടങ്ങി പേരു പറഞ്ഞതും അല്ലാത്തതുമായി ഒട്ടേറെ സ്ഥാപനങ്ങളും കമ്പനികളും സഹായവുമായി എത്തിയതോടെ തുടക്കത്തിൽ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ട് മറികടന്നു. മരുന്നുകൾ വാങ്ങാൻ വേണ്ടി മാത്രം ബിപിസിഎൽ നൽകിയത് 50 ലക്ഷം രൂപയാണ്. സഹായമായി ലഭിച്ചതു മാത്രം ഒന്നേകാൽ കോടി രൂപ.

ഡോക്ടർമാർ, നഴ്സുമാർ

കേരളത്തിലെ ആരോഗ്യ മേഖല ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയായിരുന്നു കോവിഡ് പ്രതിരോധം. അതുകൊണ്ടു തന്നെ ഐസിയു സേവന പരിചയമുള്ള നഴ്സുമാർ ആവശ്യമായിരുന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിച്ചു പരിചയമുള്ള ഇരുപതോളം നഴ്സുമാരെ ലഭിച്ചതു നേട്ടമായി. വിദേശ രാജ്യങ്ങളിൽ ജോലിക്കു പോകാനായി തയാറെടുത്തു കൊണ്ടിരുന്ന ഇവരുടെ യാത്ര കോവിഡ് പ്രതിസന്ധി മൂലം തടസ്സപ്പെട്ടിരുന്നു. ഇതോടെ പിവിഎസ് കോവിഡ് ആശുപത്രിയിലെ ആദ്യ നഴ്സിങ് ബാച്ചായി അവർ മാറി. ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സ് എം.കെ. പ്രസന്ന, ആർആർടി ടീം, 10 നഴ്സുമാർ എന്നിവർക്കൊപ്പം ഈ ടീം ജോലി തുടങ്ങി.

മൂവാറ്റുപുഴ ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ആശ വിജയന്റെ നേതൃത്വത്തിൽ അപെക്സ് മാനേജിങ് കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ക്രിട്ടിക്കൽ കെയർ വിദഗ്ധൻ ഡോ. സന്തോഷ് മോഹൻ എത്തിയതോടെ ഡോക്ടർമാരുടെ സംഘവും സജീവമാകാൻ തുടങ്ങി. കൂടുതലും ചെറുപ്പക്കാരായ ഡോക്ടർമാർ. ക്രിട്ടിക്കൽ കെയർ വിദഗ്ധരായ പത്തോളം ഡോക്ടർമാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. പലരും വീട്ടുകാര്യങ്ങളിൽ പോലും വിട്ടുവീഴ്ച ചെയ്തു പ്രവർത്തിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ പറയുന്നു.

ആശുപത്രി ക്യാംപസിൽത്തന്നെ താമസ സൗകര്യവും സജ്ജമാക്കിയതോടെ വിദഗ്ധ ‍ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും ഉറപ്പാക്കാനായി. സംസ്ഥാനത്ത് ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ക്യാംപസിൽത്തന്നെ താമസ സൗകര്യവും ലഭ്യമാക്കി പ്രവർത്തിച്ച കോവിഡ് ആശുപത്രി മറ്റൊന്നില്ല എന്നു തന്നെ പറയാം. ആരോഗ്യ വകുപ്പിൽനിന്നു ഡപ്യൂട്ടേഷനിൽ നിയോഗിക്കപ്പെടുന്നവർക്കൊഴികെ താൽക്കാലികമായി നിയമിക്കുന്ന ജീവനക്കാർക്കെല്ലാം ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) മുഖേനയായിരുന്നു  വേതനം.

22 ൽ നിന്ന് 165 ലേക്ക്

ആശുപത്രി പ്രവർത്തനം തുടങ്ങുമ്പോൾ 22 സ്റ്റാഫ് നഴ്സുമാരാണ് ഉണ്ടായിരുന്നത്. പിന്നീടത് ഘട്ടം ഘട്ടമായി ഉയർന്നു 165 നഴ്സുമാരിലെത്തി.  2 നഴ്സിങ് സൂപ്രണ്ട്, 6 ഹെഡ് നഴ്സുമാർ, 165 നഴ്സുമാർ– ഇവരായിരുന്നു പിവിഎസ് കോവിഡ് ആശുപത്രിയുടെ യഥർഥ ശക്തി. ദിവസം 6 മണിക്കൂർ വീതം 4 ഷിഫ്റ്റ്. പിപിഇ കിറ്റ് ധരിച്ചാണു ഡ്യൂട്ടി. ഒരേ സമയം 40 പേർ ഡ്യൂട്ടിയിൽ. 14 ദിവസം തുടർച്ചയായി ഡ്യൂട്ടിയ്ക്കു ശേഷം 7 ദിവസം വിശ്രമം. ഇവർക്കുള്ള ഭക്ഷണവും താമസവുമെല്ലാം ആശുപത്രി കോംപൗണ്ടിൽ തന്നെയാണു സജ്ജമാക്കിയിരുന്നതെന്ന് ആർഎംഒ ഡോ. അൻവർ ഹസ്സൈൻ പറഞ്ഞു.

പാഠം 1: കൊറോണയെ എങ്ങനെ നേരിടാം?

കൊറോണ വൈറസിനെയും കോവിഡിനെയും എങ്ങനെ നേരിടാമെന്നതിന്റെ പാഠങ്ങൾ എറണാകുളം ജില്ലയിലെ ഡോക്ടർമാരും നഴ്സുമാരും പഠിച്ചത് പിവിഎസ് ആശുപത്രിയിൽ നിന്നാണ്. യു. അനുപമയുടെ നേതൃത്വത്തിലുള്ള പരിശീലന വിഭാഗത്തിന്റെ പ്രാഥമിക ഓറിയന്റേഷനു ശേഷമാണു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുൾപ്പെടെയുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകുന്ന അപെക്സ് ട്രെയിനിങ് സെന്റർ കൂടിയായി പിവിഎസ്. അഞ്ഞൂറിലേറെ ആരോഗ്യ പ്രവർത്തകർക്കാണു പരിശീലനം നൽകിയത്. 

പ്രോട്ടീൻ പൗഡറും പാലും മുട്ടയും

മെനു കേട്ടു ഞെട്ടേണ്ട. പിവിഎസ് ആശുപത്രിയിൽ രോഗികളുടെ ഭക്ഷണ കാര്യത്തിൽ ഒരു കോംപ്രമൈസും ഉണ്ടായിരുന്നില്ല. 4 ഡയറ്റിഷ്യൻമാരാണു രോഗികളുടെ ഭക്ഷണ കാര്യങ്ങൾ നോക്കുന്നത്. ട്യൂബ് വഴി ഭക്ഷണം നൽകേണ്ടവർക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം. എറണാകുളം ജനൽ ആശുപത്രിയിൽ നിന്നാണു ഭക്ഷണം പ്രത്യേകം എത്തിക്കുന്നത്. കൂടാതെ ഫുഡ് സപ്ലിമെന്റായി പ്രോട്ടീൻ പൗഡർ, എഗ്ഗ് വൈറ്റ്, പാൽ എന്നിവയും.

സാധാരണ രോഗികൾക്ക് ദിവസവും രാവിലെ 7 നു മുൻപു ബ്രേക്ക്ഫാസ്റ്റ്– അപ്പം, ഇടിയപ്പം, ഇഡ്ഡലി, മുട്ടക്കറി, സാമ്പാർ, ചമ്മന്തി, വെജിറ്റബിൾ സ്റ്റ്യൂ തുടങ്ങിയവ. 11 നു സ്പെഷൽ ഫീഡായി പാൽ, മുട്ട തുടങ്ങിയവ. ഉച്ചഭക്ഷണത്തിന് ഒന്നിടവിട്ട ദിവസങ്ങളിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനും. വൈകിട്ട് 4 നു ചായയും ലഘു ഭക്ഷണവും. രാത്രി 7 നു ചപ്പാത്തിയോ കഞ്ഞിയോ. 

ഓരോ ആഴ്ചയും മൂന്നു വീതം ഡയറ്റിഷ്യൻമാർ രോഗികളെ സന്ദർശിക്കും. രോഗികളുടെ റജിസ്റ്ററും ടേസ്റ്റ് റജിസ്റ്ററും പ്രത്യേകമായി സൂക്ഷിക്കും. ഭക്ഷണ സാംപിൾ ഡയറ്റിഷ്യൻമാർ പരിശോധിച്ച ശേഷം ടേസ്റ്റ് റജിസ്റ്ററിൽ രേഖപ്പെടുത്തും. ഭക്ഷണ പൊതികളിൽ രോഗികളുടെ പേരുകൾ രേഖപ്പെടുത്തിയ ശേഷമാണു നൽകിയിരുന്നത്.

(Photo: SAM PANTHAKY / AFP)

പരിശോധനയിലും മുന്നിൽ പിവിഎസ്

ലാബിലുള്ളത് 17 ടെക്നിഷ്യൻമാർ. അഗാപ്പെ സ്പോൺസർ ചെയ്ത 2 കോടിയോളം രൂപ വില വരുന്ന ഉപകരണങ്ങളാണു ലാബിലുള്ളത്. ബെക്ക്മാൻ ഫുൾ ഓട്ടോ അനലൈസർ, മിസ്പാ ക്ലിനിയ ഫുള്ളി ഓട്ടമാറ്റിക് അനലൈസർ, മിസ്പാ റെവോ, മിസ്പാ ഐ2,ഐ3, എജിഡി ഇലക്ട്രോലൈസ് അനലൈസർ, മിൻഡ്രൈ ഹെമറ്റോളജി അനലൈസർ, ഡി10 എച്ച്ബിഎ 1സി അനലൈസർ തുടങ്ങി രാജ്യാന്തര നിലവാരത്തിലുള്ള ഉപകരണങ്ങളാണു ലാബിലുള്ളത്.

ഇതിനകം ഒന്നേകാൽ കോടി രൂപ ചെലവു വരുന്ന പരിശോധനകൾ ഇവിടെ നടത്തിയിട്ടുണ്ട്. നടത്തിയത് 85,000 പരിശോധനകൾ. ഒരു രോഗിക്കു മാത്രം 60 പരിശോധനകളെങ്കിലും നടത്തേണ്ടതുണ്ട്. ഫോർട്ട് കൊച്ചി, അഡ്‌ലക്സ്, സിയാൽ തുടങ്ങിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുള്ള സാംപിളുകളും പരിശോധിക്കുന്നതു പിവിഎസിലായിരുന്നു.

കോവിഡ് രോഗികളുടെ ഡയാലിസിസ് യൂണിറ്റ്

ജില്ലയിൽ കോവിഡ് ബാധിതരായ വൃക്കരോഗികൾക്ക് ഏറെ കരുതലായ ഡയാലിസിസ് യൂണിറ്റാണു പിവിഎസിലേത്. ജില്ലയിൽ കളമശേരി മെഡിക്കൽ കോളജിലും പിവിഎസിലും മാത്രമാണു കോവിഡ് രോഗികൾക്കു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നത്. 13 ജീവനക്കാർ, 8 മെഷിനുകൾ. ഇതുവരെ ചെയ്തത് 2019 ഡയാലിസിസുകൾ. തുടർച്ചയായി ഡയാലിസിസ് നടത്താൻ കഴിയുന്ന സിആർആർടി മെഷിനുമുണ്ട്.

പടുത്തുയർത്തിയത് പുതിയ സംസ്കാരം

പിവിഎസ് ഗവ. കോവിഡ് ആശുപത്രിയിലൂടെ ആരോഗ്യ രംഗത്ത് ഒരു പുതിയ സംസ്കാരമാണു സൃഷ്ടിച്ചതെന്ന് കോവിഡ് നോഡൽ ഓഫിസർ ഡോ. എം.എം. ഹനീഷ് പറഞ്ഞു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട അനുകരണീയമായ ഒരു സമാന്തര മോഡലാണു പിവിഎസ് ആശുപത്രി. സർക്കാരിലെ എല്ലാ വകുപ്പുകളും ഒരുമിച്ചു നിന്നു പ്രവർത്തിച്ചു. സർക്കാരിനൊപ്പം പൊതുജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കൈകോർത്തപ്പോൾ രൂപപ്പെട്ട പുതിയ മാതൃകയാണു പിവിഎസ്– ഡോ. ഹനീഷ് പറഞ്ഞു.

ഇത്രയേറെ പ്രത്യേകതകളുണ്ടായിട്ടും, ഇനിയുമൊരു കോവിഡ് തരംഗം വരാനുള്ള സാധ്യത മുന്നിൽ നിൽക്കുമ്പോഴും പിവിഎസ് ആശുപത്രി എന്തുകൊണ്ടാണു പ്രവർത്തനം നിർത്തുന്നത്?

കോവിഡ് ബാധിതരായ കൂടുതൽ രോഗികൾക്കു സർക്കാർ തലത്തിൽ ഐസിയു പരിചരണം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണു പിവിഎസ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ, ഇപ്പോൾ ആ സാഹചര്യം ഏറെ മാറി. എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് കോവിഡ് രോഗികളുടെ ചികിത്സയ്ക്കു മാത്രമായി നീക്കിവച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ ചികിത്സാ കേന്ദ്രവും സജ്ജമായി. അമ്പലമുകൾ ബിപിസിഎൽ ക്യാംപസിൽ 1000 ഓക്സിജൻ കിടക്കകൾക്കുള്ള സംവിധാനമുണ്ട്. ഇനിയൊരു തരംഗം വന്നാലും അതിനെ നേരിടാനായി നമ്മുടെ ആരോഗ്യ രംഗം ശക്തിപ്പെട്ടു.

പിവിഎസ് ഗവ. കോവിഡ് ആശുപത്രി ഒരു മാതൃകയും സംസ്കാരവും സൃഷ്ടിക്കുകയാണു ചെയ്തത്. ഇനി മറ്റു സ്ഥലങ്ങളിൽ അതു പകർത്തിയാൽ മതി. ഇവിടെ നിന്നുള്ള ടീമാണ് ഇനി മറ്റു കേന്ദ്രങ്ങളിലേക്കും പോകുന്നത്. അതുകൊണ്ടു തന്നെ പിവിഎസ് സൃഷ്ടിച്ച ചികിത്സാ സംസ്കാരം ഇവിടെ തുടരുക തന്നെ ചെയ്യും– ഡോ. ഹനീഷ് പറഞ്ഞു.

English Summary: PVS hospital turns Covid care centre