വാതിൽ മഴുവിന് വെട്ടിപ്പൊളിച്ചു, ബോംബ് ചീളുകൾ ചിതറി; അപ്പുവിനൊപ്പം ഇനിയെല്ലാം ഓർമ
ബോംബേറിൽ എസ്‌ഐയുടെ കൈ പോയതറിഞ്ഞു ശരിക്കും വിഷമിച്ചിരുന്നു. കേസിന് കോടതിയിൽ പോകുമ്പോൾ എസ്‌ഐ പ്രഭാകരനെ കാണുമായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം അദ്ദേഹത്തെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, പോകാൻ മനസ്സ് അനുവദിച്ചില്ല.....Balussery Appu Naxalite, Manorama Online
ബോംബേറിൽ എസ്‌ഐയുടെ കൈ പോയതറിഞ്ഞു ശരിക്കും വിഷമിച്ചിരുന്നു. കേസിന് കോടതിയിൽ പോകുമ്പോൾ എസ്‌ഐ പ്രഭാകരനെ കാണുമായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം അദ്ദേഹത്തെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, പോകാൻ മനസ്സ് അനുവദിച്ചില്ല.....Balussery Appu Naxalite, Manorama Online
ബോംബേറിൽ എസ്‌ഐയുടെ കൈ പോയതറിഞ്ഞു ശരിക്കും വിഷമിച്ചിരുന്നു. കേസിന് കോടതിയിൽ പോകുമ്പോൾ എസ്‌ഐ പ്രഭാകരനെ കാണുമായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം അദ്ദേഹത്തെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, പോകാൻ മനസ്സ് അനുവദിച്ചില്ല.....Balussery Appu Naxalite, Manorama Online
വസന്തത്തിന്റെ ഇടിമുഴക്കം പ്രതീക്ഷിച്ചൊരു തലമുറയുണ്ടായിരുന്നു കേരളത്തിൽ. വിപ്ലവം വന്ന് സമത്വസുന്ദരമായൊരു നാടു പിറക്കുമെന്നു സ്വപ്നം കണ്ട യുവാക്കളുടെ തലമുറ. പക്ഷേ, തങ്ങൾ സ്വപ്നം കണ്ട സമത്വ സുന്ദര ലോകത്തിനായി സ്വന്തം ജീവിത സുഖമെല്ലാം ത്യജിച്ചിറങ്ങിയ ആ തലമുറയ്ക്കു ലഭിച്ചതാകട്ടെ പൊലീസിന്റെ അതിക്രൂരമായ മർദനവും. നേടാനുണ്ടായ വലിയൊരു ലോകത്തിനായി സ്വന്തം ജീവിതം ത്യജിച്ച നക്സലൈറ്റുകളുടെ പ്രതീകമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ബാലുശ്ശേരി അപ്പു. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ രണ്ടാം പ്രതി.
കേരളത്തിലെ നക്സലൈറ്റ് ചരിത്രം തേടിപ്പോയപ്പോൾ ഒരിക്കൽ ബാലുശ്ശേരി അപ്പുവിനെ കണ്ടുമുട്ടി. വിപ്ലവ പാതവിട്ട് ശ്രീ ശ്രീ രവിശങ്കറുടെ ആധ്യാത്മിക ലൈനിലായിരുന്നു അദ്ദേഹമപ്പോൾ. കുറ്റ്യാടി സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ബാലുശ്ശേരി അപ്പു പറഞ്ഞതിങ്ങനെയായിരുന്നു. ‘കുറ്റ്യാടി പൊലീസ് സ്‌റ്റേഷന്റെ വാതിൽ കോയിപ്പിള്ളി വേലായുധൻ മഴുകൊണ്ട് വെട്ടിപ്പൊളിച്ചു. സ്‌റ്റേഷനിലേക്ക് ആദ്യം ബോംബെറിഞ്ഞത് ഞാനായിരുന്നു. രണ്ടാമത്തെ ബോംബെറിഞ്ഞത് കുട്ടപ്പനും. ബോംബ് ചുമരിൽ തട്ടി പൊട്ടിച്ചിതറി. ചുമരിനരികിലെ മേശയിൽ കിടന്നിരുന്ന ആളുടെ ദേഹത്തേക്ക് ചീളുകൾ തെറിച്ചു.'
'പിന്നീടാകെ ബഹളമായി. ഓടിക്കോ എന്ന് ആരോ വിളിച്ചുപറയുന്നതുകേട്ടു. പൊലീസ് തിരിച്ചു വെടിവച്ചു. കൂട്ടത്തിൽ ആർക്കോ വെടിയേറ്റിരുന്നു. പിന്നീടാണ് അറിഞ്ഞത് സ്‌റ്റേഷൻ ആക്രമണത്തിനു മുൻപന്തിയിലുണ്ടായിരുന്ന വേലായുധനാണ് മരിച്ചതെന്ന്. പൊലീസ് വെടിവയ്പ്പിൽ ആദ്യമായി കൊല്ലപ്പെടുന്ന നക്‌സലൈറ്റ് ആയിരുന്നു വേലായുധൻ. പൊലീസ് പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്ന എ.വർഗീസിനും മുൻപ് രക്‌തസാക്ഷിയായ നക്‌സലൈറ്റ്. 1969 ഡിസംബർ 18നു പുലർച്ചെ രണ്ടുമണിയോടെ നടന്ന കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ രണ്ടാംപ്രതിയായിരുന്നു ഞാൻ.
1968 നവംബർ 22ന് പുലർച്ചെ മൂന്നുമണിയോടെയാണ് തലശേരി പൊലീസ് സ്‌റ്റേഷൻ ആക്രമിക്കപ്പെടുന്നത്. കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ ആയുധവുമേന്തിയെത്തി നടത്തിയ കലാപം പക്ഷേ, വൻ പരാജയമായിപ്പോയി. തലശേരി സ്‌റ്റേഷൻ ആക്രമിച്ച്, ആയുധങ്ങൾ ശേഖരിച്ച് ചുരം കടന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ എംഎസ്‌പി ക്യാംപ് ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ തലശേരി സ്‌റ്റേഷൻ ആക്രമിക്കാനെത്തിയവർ അൽപസമയത്തിനുള്ളിൽ പിന്തിരിഞ്ഞോടുകയായിരുന്നു. കലാപത്തിനു നേതൃത്വം നൽകിയ കുന്നിക്കൽ നാരായണൻ ഡിസംബർ എട്ടിന് തൃശൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്‌ടർ രാജഗോപാലൻനായരുടെ മുന്നിൽ കീഴടങ്ങുകയും ചെയ്തു.
തലശേരി സ്‌റ്റേഷൻ ആക്രമണവും കുന്നിക്കലിന്റെ കീഴടങ്ങലും നക്‌സലൈറ്റുകളിൽ വിഭാഗീയത ശക്‌തമാക്കി. കേരളത്തിലെ നക്‌സലൈറ്റുകൾ മൂന്നു ഗ്രൂപ്പായി തിരിഞ്ഞു. കുന്നിക്കൽ നാരായണൻ, മന്ദാകിനി, അജിത, ഞാൻ, വേലപ്പൻ എന്നിവരൊക്കെയുള്ള ഒരു ഗ്രൂപ്പ്, വർഗീസ്, എ. വാസു, വെള്ളത്തൂവൽ സ്‌റ്റീഫൻ, മുണ്ടൂർ രാവുണ്ണി എന്നിവരൊക്കെയുള്ള രണ്ടാമത്തെ ഗ്രൂപ്പ്, അമ്പാടി ശങ്കരൻകുട്ടി മേനോന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഗ്രൂപ്പ്. അമ്പാടിയുടെ നേതൃത്വത്തിലുള്ളവരെ ആദ്യത്തെ രണ്ടു ഗ്രൂപ്പുകൾ തീരെ അംഗീകരിച്ചിരുന്നില്ല. കേരളത്തിലെ ഒരു പ്രവർത്തനത്തിലും അവർ ഉണ്ടായിരുന്നില്ല എന്നതുതന്നെ കാര്യം.
സിപിഐ (എംഎൽ) അഖിലേന്ത്യാ നേതൃത്വവുമായി കുന്നിക്കൽ നാരായണൻ ഒരുമയിലായിരുന്നില്ല. ഈ സമയത്താണ് ശങ്കരൻകുട്ടി മേനോൻ കൊൽക്കത്തയിൽ പോയി ചാരുമജുംദാറെ കണ്ട് കേരളത്തിൽ പ്രവർത്തിക്കാൻ താൽപര്യം അറിയിച്ചത്. അങ്ങനെയാണ് ശങ്കരൻകുട്ടി മേനോൻ പാർട്ടിയുടെ ഔദ്യോഗിക നേതാവായി എത്തുന്നത്. പിന്നീട് മജുംദാർ കേരളം സന്ദർശിച്ചതും ഇദ്ദേഹത്തോടൊപ്പമായിരുന്നു. തലശേരി–പുൽപ്പള്ളി ആക്രമണകേസുകളിൽ പ്രതിചേർക്കപ്പെട്ട മന്ദാകിനി നാരായണന് 1969 ജനുവരിയിൽ ജാമ്യം ലഭിച്ചു. ഏപ്രിൽ 16ന് അജിതയ്‌ക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരമായിരുന്നു അജിതയ്‌ക്കു ജാമ്യം ലഭിച്ചത്. കുന്നിക്കൽ നാരായണൻ, കെ.പി. നാരായണൻ തുടങ്ങിയ നേതാക്കളെല്ലാം അപ്പോഴും ജയിലിൽ തന്നെയായിരുന്നു.
നേതാക്കൾ ജയിലിലും ഒളിവിലും ആയതോടെ കേരളത്തിൽ നക്‌സലൈറ്റ് പ്രവർത്തനം നിലച്ചമട്ടായി. പ്രവർത്തകരെ വീണ്ടും ഊർജ്‌ജസ്വലരാക്കണമെന്ന ലക്ഷ്യത്തോടെ ഒളിവിലുള്ളവരുടെ രഹസ്യ യോഗങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്താംക്ലാസ് കഴിഞ്ഞ ഉടൻ തന്നെ കോഴിക്കോട്ടെത്തി കുന്നിക്കലിനൊപ്പം ചേർന്നു പ്രവർത്തിച്ച ആളാണ് ഞാൻ. 1968ൽ നടന്ന തലശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലും പങ്കെടുത്തു. കോഴിക്കോട്ടുകാരനായ മറ്റൊരു അപ്പുവും കുന്നിക്കലിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം സ്‌റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ പൊലീസ് തിരഞ്ഞത് ആ അപ്പുവിനെയായിരുന്നു. അതുകൊണ്ടുതന്നെ എന്നെത്തേടി പൊലീസ് എത്തിയില്ല.
അടയ്‌ക്കാക്കുണ്ടിൽനിന്നു രക്ഷപ്പെട്ട് കരിങ്കൽക്കുഴിയിലെത്തിയ വർഗീസിനെ കോഴിക്കോട്ടേക്കു കൂട്ടിക്കൊണ്ടുവരാൻ ചുമതലപ്പെടുത്തിയത് എന്നെയായിരുന്നു. നേതാക്കളും പ്രവർത്തകരും പലയിടത്തായാൽ പ്രസ്‌ഥാനം തകർന്നുപോകുമെന്ന ആശങ്കയിൽ ഞാൻ മുൻകൈയെടുത്ത് വീടിൽ ഒരു രഹസ്യയോഗം വച്ചു. ജാമ്യത്തിലിറങ്ങിയ മന്ദാകിനി, അജിത, വർഗീസ്, എം.എൻ. രാവുണ്ണി എന്നിവരെ അപ്പു രഹസ്യമായി സന്ദർശിച്ച് യോഗവിവരം അറിയിച്ചു. കോഴിക്കോട്ടെത്തിയ വർഗീസ് കുറച്ചുദിവസങ്ങൾക്കു ശേഷം വയനാട്ടിലേക്കു പോയിരുന്നു. വർഗീസിനെ വയനാട്ടിൽ പോയി കണ്ടാണ് യോഗവിവരം അറിയിക്കുന്നത്.
രാത്രിയോടെ എല്ലാവരും എത്തി. മന്ദാകിനി, അജിത, വർഗീസ്, എ.വാസു, വെള്ളത്തൂവൽ സ്‌റ്റീഫൻ, രാവുണ്ണി, സേതുരത്നം എന്നിങ്ങനെ പിടിയിലാകാത്ത നേതാക്കളെല്ലാം യോഗത്തിനുണ്ടായിരുന്നു. തലശേരി–പുൽപ്പള്ളിക്കു ശേഷം ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു യോഗം. ജയിലിൽ കഴിയുന്നവരെ പുറത്തിറക്കാൻ കേസ് നടത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു കുന്നിക്കൽ വിഭാഗം യോഗത്തിൽ ആവശ്യപ്പെട്ടത്. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിനാൽ ഒരു കാരണവശാലും കേസ് നടത്തരുതെന്നും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിപ്ലവ പ്രവർത്തനം ശക്‌തമാക്കണമെന്നുമായിരുന്നു രാവുണ്ണി, വർഗീസ് എന്നിവർ നേതൃത്വം നൽകിയ മറുവിഭാഗം ആവശ്യപ്പെട്ടത്.
തലശേരി–പുൽപ്പള്ളിയുടെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് ഭരണകൂടത്തിന് ശക്‌തമായൊരു തിരിച്ചടി നൽകണമെന്ന ആശയവുമായി എത്തിയവർ ഇങ്ങനെയൊരു പ്രശ്‌നത്തിന്റെ പേരിൽ തർക്കമായി. അതോടെ രാവുണ്ണിയും വർഗീസും യോഗത്തിൽ നിന്നിറങ്ങിപ്പോയി. ഇനിയൊരിക്കലും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കി യോഗം പിരിഞ്ഞു. കേസ് നടത്തേണ്ടവർ കേസ് നടത്തുക, വിപ്ലവം നടത്തേണ്ടവർ വിപ്ലവവും എന്ന് പിരിഞ്ഞുപോകുമ്പോൾ വർഗീസ് അഭിപ്രായപ്പെട്ടു. കുന്നിക്കലിനൊപ്പം ഒന്നിച്ചു നിൽക്കാൻ തന്നെയായിരുന്നു ഞാൻ തീരുമാനിച്ചത്. അജിതയെയും മന്ദാകിനിയെയും ഒരു കാറിൽ വീട്ടിലെത്തിച്ചു.
കുന്നിക്കലിനെയും മറ്റും പുറത്തിറക്കാൻ കേസ് നടത്താൻതന്നെ ഞങ്ങൾ തീരുമാനിച്ചു. എങ്കിലും തലശേരി ആക്രമണത്തിന്റെ ഒന്നാംവാർഷികത്തിന് സർക്കാരിന് തിരിച്ചടി നൽകണമെന്ന ആശയമായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ ഭൂരിഭാഗം പേർക്കും. ഈ സമയത്ത് കോഴിക്കോട്ടെ പേരാമ്പ്രയിൽ ഞങ്ങളുടെ പ്രവർത്തനം ശക്‌തമായി ഉണ്ടായിരുന്നു. പാലേരി ചെമ്പേരി വീട്ടിൽ കടുങ്ങ്വോൻ ആയിരുന്നു അവരിൽ നേതാവ്. വയനാട്ടിൽനിന്ന് വേലപ്പൻ മാഷും ഇടയ്‌ക്കെത്തും. പെരുവണ്ണാമൂഴി സ്വദേശിയായ കർഷകത്തൊഴിലാളി കോയിപ്പിള്ളി വേലായുധൻ, വി.കെ. കുഞ്ഞിരാമൻനായർ എന്നിവരൊക്കെ എന്തിനും തയാറായി കൂടെയുണ്ടായിരുന്നു.
തലശേരിയുടെ വാർഷികത്തിൽ മറ്റൊരു പൊലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ പാർട്ടിയിൽ തീരുമാനമായി. കായണ്ണ പൊലീസ് സ്‌റ്റേഷൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ജന്മിമാരുടെ ചൂഷണം ഏറ്റവുമധികം ഉള്ളത് കുറ്റ്യാടിയാണെന്ന് ബോധ്യപ്പെട്ടപ്പോൾ ആക്രമണം അവിടേക്കു മാറ്റാൻ തീരുമാനിച്ചു. സ്‌റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ ശേഖരിച്ച് രണ്ട് ജന്മിമാരുടെ വീട് കൊള്ളയടിച്ച്, വയനാട്ടിലേക്കു പോകുക എന്നതായിരുന്നു പ്ലാൻ. കടുങ്ങ്വോന്റെ വീട്ടിലായിരുന്നു രഹസ്യ യോഗം ചേർന്നിരുന്നത്. വിപ്ലവം നടത്താൻ കുടുംബം തടസ്സമാകുമെന്നുകണ്ട് അദ്ദേഹം ഭാര്യയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു.
ഡിസംബർ 15ന് രാത്രി സ്‌റ്റേഷൻ ആക്രമിക്കാൻ തീരുമാനിച്ചു. കടുങ്ങ്വോനായിരുന്നു എല്ലാം പ്ലാൻ ചെയ്‌തിരുന്നത്. സ്‌റ്റേഷൻ ആക്രമിക്കാനുള്ള ബോംബുണ്ടാക്കിയത് കുട്ടപ്പനായിരുന്നു. ആക്‌ഷനിൽ പങ്കെടുക്കുന്ന പലർക്കും പരസ്‌പരം അറിയില്ലായിരുന്നു. വേലപ്പൻമാഷ്, ഞാൻ, കടുങ്ങ്വോൻ എന്നിവർക്കു മാത്രമേ ആക്‌ഷനെക്കുറിച്ച് കൃത്യമായി വിവരമുണ്ടായിരുന്നുള്ളൂ. രാത്രിയോടെ അക്‌ഷൻ നടപ്പാക്കാൻ എല്ലാവരും തയാറായി. അന്നേരമാണ് സ്‌റ്റേഷൻ നിരീക്ഷിക്കാൻ പോയ ആൾ തിരിച്ചെത്തുന്നത്. അയാളുടെ മുഖത്ത് പേടിയുണ്ടായിരുന്നു. സ്‌റ്റേഷൻ ആക്രമണ വിവരം എങ്ങനെയോ പുറത്തറിഞ്ഞിട്ടുണ്ട്. സ്‌റ്റേഷൻ നിറയെ പൊലീസാണ്. അവർ ഉടൻ ഇവിടെയെത്താൻ സാധ്യതയുണ്ട്. എത്രയും പെട്ടെന്നു രക്ഷപ്പെടണം.
ഇതുകേട്ടതോടെ ഞങ്ങൾ വളയംകോട് മലയിലേക്ക് പാലായനം ചെയ്‌തു. അവിടെയെത്തിയപ്പോഴേക്കും സംഘത്തിൽ അഞ്ചുപേരുടെ കുറവുണ്ടായിരുന്നു. വഴിമധ്യേ അവർ പേടിച്ചു രക്ഷപ്പെടുകയായിരുന്നു. അടുത്തദിവസം കടുങ്ങ്വോൻ മലയിറങ്ങി. സ്‌റ്റേഷൻ പരിസരം നിരീക്ഷിച്ച് തിരിച്ചെത്തി. ആക്‌ഷൻ വിവരം ചോർന്നിട്ടുണ്ടായിരുന്നില്ല എന്നുറപ്പാക്കി. രണ്ടുദിവസം മലയിൽ കഴിച്ചുകൂട്ടി. 17ന് അർധരാത്രിയോടെ ആക്‌ഷൻ നടപ്പാക്കാൻ തീരുമാനിച്ചു. വേലായുധൻ സ്‌റ്റേഷൻ വാതിൽ വെട്ടിപ്പൊളിച്ചു. ഞാനും കുട്ടപ്പനും അകത്തേക്ക് ബോംബെറിഞ്ഞു. എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു. ബോംബ് പൊട്ടി മേശപ്പുറത്തുകിടക്കുന്ന ആൾക്കു പരുക്കേറ്റു. പെട്ടെന്ന് പൊലീസ് വെടിവച്ചു. അതോടെ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ പിന്തിരിഞ്ഞോടാൻ തുടങ്ങി. ആരോ വെടിയേറ്റു വീഴുന്നതു കണ്ടിരുന്നു. പലരും പലദിക്കിലേക്കും ഓടി. പുഴ നീന്തിക്കടന്ന് ഞാനും രക്ഷപ്പെട്ടു.
ബോംബേറിൽ എസ്‌ഐയുടെ കൈ അറ്റുതൂങ്ങി. നേരം പുലരുമ്പോഴേക്കും കുറ്റ്യാടിക്കാരൻ കലന്തൻഹാജി മൈക്കെടുത്ത് അനൗൺസ് ചെയ്‌ത് വിവരം നാടുമുഴുവൻ അറിയിച്ചിരുന്നു. സ്‌റ്റേഷനു മുന്നിൽ വേലായുധന്റെ മൃതദേഹം കിടക്കുന്നതാണ് രാവിലെ നാട്ടുകാർ കാണുന്നത്. മലയിൽ ഒളിച്ചിരിക്കുകയായിരുന്ന കടുങ്ങ്വോൻ അടുത്തദിവസം ഉച്ചയോടെ പിടിയിലായി. കൊല്ലപ്പെട്ട വേലായുധനാണ് ആക്‌ഷനു നേതൃത്വം നൽകിയതെന്നും കൂടുതലൊന്നും അറിയില്ലെന്നും കടുങ്ങ്വോൻ പറഞ്ഞു. തൊട്ടടുത്ത ദിവസം വേലപ്പൻമാഷ് വയനാട്ടിലെ വെള്ളമുണ്ടയിൽ വച്ച് പിടിയിലായി. പിടിയിലായവരെയെല്ലാം പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. എസ്‌ഐയുടെ കൈ നഷ്‌ടപ്പെട്ടതിന്റെ പ്രതികാരം മുഴുവൻ പിടിയിലായവരുടെ ദേഹത്തു തീർത്തു.
ആറുമാസത്തിനു ശേഷമാണു ഞാൻ പിടിയിലാകുന്നത്. ആക്‌ഷനു കൂടെയുണ്ടായിരുന്ന പൊക്കൻ, കണ്ണൻ എന്നിവർക്കൊപ്പം ഒളിലിൽ കഴിയുകയായിരുന്നു. മർദനത്തിന് ഒരുകുറവും ഉണ്ടായിരുന്നില്ല. കേസിൽ വേലപ്പൻമാഷായിരുന്നു ഒന്നാം പ്രതി. ഞാൻ രണ്ടാംപ്രതിയും കടുങ്ങ്വോൻ മൂന്നാംപ്രതിയും. ഒരാളെ വെറുതെവിട്ടു. എട്ടുവർഷത്തേക്കായിരുന്നു കോടതി തടവിനു ശിക്ഷിച്ചത്. ഏഴാം വർഷം പുറത്തിറങ്ങി. അടിയന്തരാവസ്‌ഥയ്‌ക്കു ശേഷമാണ് ജയിലിൽ നിന്നിറങ്ങുന്നത്. പൊലീസുകാരെ ആക്രമിക്കാൻ ഞങ്ങൾക്കു പദ്ധതിയുണ്ടായിരുന്നില്ല. ആയുധം ശേഖരിക്കുക, രക്ഷപ്പെടുക എന്നതായിരുന്നു തീരുമാനം.
ബോംബേറിൽ എസ്‌ഐയുടെ കൈ പോയതറിഞ്ഞു ശരിക്കും വിഷമിച്ചിരുന്നു. കേസിന് കോടതിയിൽ പോകുമ്പോൾ എസ്‌ഐ പ്രഭാകരനെ കാണുമായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം അദ്ദേഹത്തെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, പോകാൻ മനസ്സ് അനുവദിച്ചില്ല. പിന്നീടൊരിക്കൽ അറിഞ്ഞു അദ്ദേഹം മരിച്ചെന്ന്. പൊലീസ് ജോലി ഉപേക്ഷിച്ച് അദ്ദേഹം അധ്യാപകനായിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങി പിന്നീട് പ്രവർത്തനത്തിനൊന്നും പോയില്ല. കടുങ്ങ്വോനും വേലപ്പൻമാഷും സിപിഎമ്മിലേക്കു തിരിച്ചുപോയി. കടുങ്ങ്വോൻ ലോട്ടറിയൊക്കെ വിറ്റാണിപ്പോൾ ജീവിക്കുന്നത്. ജയിൽമോചിതനായശേഷം ഞാൻ വിവാഹിതനായി...’ ബാലുശ്ശേരി അപ്പു പറഞ്ഞുനിർത്തി.
പ്രത്യാശയോടെ ജീവിച്ച ഒരു തലമുറയുടെ പ്രതീകമായിരുന്നു ബാലുശ്ശേരി അപ്പു. പ്രസ്ഥാനം പല വഴിക്കായി. പ്രതീക്ഷകൾ അസ്ഥാനത്തായി. വിപ്ലവം വരുമെന്നു സ്വപ്നം കണ്ട ആ തലമുറയൊന്നൊന്നായി കൊഴിഞ്ഞുതീരുകയാണ്.
English Summary: Naxallite Memories of Late Balussery Appu