ഒരു പെൺകുട്ടി നാടിന് വേണ്ടിയിറങ്ങിയാൽ എന്താകും? ആയിഷയുടെ മറുപടിയായി സിനിമ

ലക്ഷദ്വീപിൽ നടക്കുന്നത് വികസനമല്ല, ബിസിനസ് ആണ്. പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പോസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ല. ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല...Aisha Sulthana movie, Aisha Sulthana sedition case, Manorama Online
ലക്ഷദ്വീപിൽ നടക്കുന്നത് വികസനമല്ല, ബിസിനസ് ആണ്. പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പോസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ല. ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല...Aisha Sulthana movie, Aisha Sulthana sedition case, Manorama Online
ലക്ഷദ്വീപിൽ നടക്കുന്നത് വികസനമല്ല, ബിസിനസ് ആണ്. പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പോസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ല. ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല...Aisha Sulthana movie, Aisha Sulthana sedition case, Manorama Online
ആയിഷ സുൽത്താന വെറുമൊരു പേരല്ല, ഒരു ജനതയുടെ പ്രതീക്ഷയാണിന്ന്. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്ത്, അറബിക്കടലിൽ മുത്തുപോലെ ചിതറിക്കിടക്കുന്ന ലക്ഷദ്വീപ് സമൂഹത്തിന്റെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും പേരായിരിക്കുന്നു ആയിഷ സുൽത്താനയെന്നത്. ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് ഈ വർഷം ഒരു പ്രകൃതിക്ഷോഭം, ടൗട്ടെ ചുഴലിക്കാറ്റിന്റെ രൂപത്തിൽ ആഞ്ഞടിച്ചത്. ലക്ഷദ്വീപിലെ ജനങ്ങൾ ഭരണകൂടത്തിനെതിരെ ഇത്ര ശക്തമായി പ്രതിഷേധിച്ചതും ചരിത്രത്തിലാദ്യമായിട്ടാണ്.
മോഡലായും സിനിമാ നടിയായും സഹസംവിധായികയായും സംവിധായികയായും പ്രവർത്തിച്ചിരുന്ന ആയിഷ ലക്ഷദ്വീപിലെ ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് വന്നതു തീർത്തും അപ്രതീക്ഷിതമായിട്ടാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലിന്റെ കടന്നു വരവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ദ്വീപസമൂഹത്തിൽ സൃഷ്ടിച്ചത് പ്രതിഷേധത്തിന്റെ വൻ തിരയിളക്കങ്ങളായിരുന്നു. ദ്വീപുകളിൽ മാത്രമായി ഒതുങ്ങിക്കൊണ്ടിരുന്ന ആ പ്രതിഷേധത്തെ കടൽ കടത്തി കേരളത്തിലും പിന്നാലെ ഇന്ത്യയൊന്നാകെയും ചർച്ചാ വിഷയമാക്കിയതിലും സമരത്തിനു വൻകരയിലെ ജനങ്ങളുടെ പിന്തുണ നേടിക്കൊടുത്തതിലും ആയിഷ നടത്തിയ സമൂഹമാധ്യമ ഇടപെടലുകളും ടിവി ചർച്ചകളും വലിയ പങ്കുവഹിച്ചിരുന്നു.
എന്നാൽ അതേ ടിവി ചർച്ചകൾ ഉപയോഗിച്ച് ആയിഷയെ നിശബ്ദയാക്കാനും പ്രക്ഷോഭത്തെ തളർത്താനുമുള്ള ശ്രമങ്ങളും നടന്നു. ഭരണകൂടത്തിന്റെ പല നിലപാടുകളും കോടതിയുടെ വിമർശനത്തിനു ഇടയാക്കി. ടിവി ചർച്ചയിൽ വന്ന നാക്കുപിഴയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യം ചെയ്യലിനു പോലും ആയിഷ വിധേയയായി. ലക്ഷദ്വീപ് പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിൽക്കുമ്പോൾതന്നെ തന്റെ ആദ്യ ചിത്രമായ ‘ഫ്ലഷിന്റെ’ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളിലാണ് ആയിഷയിപ്പോൾ.
ഫ്ലഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ കഴിഞ്ഞ ദിവസംതന്നെ കൊച്ചിയിലെ ഫ്ലാറ്റിൽ കവരത്തി പൊലീസിന്റെ അപ്രതീക്ഷിത ചോദ്യംചെയ്യലിനും ആയിഷ വിധേയയായി. എന്നാൽ, എത്ര തളർത്താൻ നോക്കിയാലും തോൽക്കില്ലെന്ന ഉറപ്പോടെ, കേസിനെ നിയമവഴിയിലൂടെ നേരിടുമെന്നു വ്യക്തമാക്കിയ ആയിഷ, ലക്ഷദ്വീപ് പ്രക്ഷോഭത്തിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും വ്യക്തമാക്കുന്നു. ആയിഷയുടെ ആ പോരാട്ട വഴികളിലൂടെ...
ദ്വീപിന്റെ ശബ്ദമാണ് ഇന്ന് ആയിഷ. ആയിഷയെ നിശബ്ദയാക്കുക എന്നത് ദ്വീപിനെ നിശബ്ദമാക്കുക എന്നതാണ് എന്ന തിരിച്ചറിവാണോ രാജ്യദ്രോഹ കുറ്റവും മറ്റും? ഈ പ്രതിസന്ധിയിൽ ദ്വീപുകാർ എങ്ങനെ പിന്തുണയ്ക്കുന്നു?
എന്റെ സംസാരരീതി കുറയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് എന്റെ ഫോൺ പിടിച്ചെടുത്തത്. അതിൽ അവർ ഏതാണ്ട് വിജയിച്ചു കഴിഞ്ഞു. മാധ്യമങ്ങൾക്ക് എന്നെ ബന്ധപ്പെടാനുള്ള മാർഗമാണ് അവർ അടച്ചു കളഞ്ഞത്. ചോദ്യംചെയ്യൽ പൂർത്തിയാക്കി ഒരു ദിവസം പിന്നിട്ട്, ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ച ശേഷമാണ് അവർ എന്റെ ഫോൺ പിടിച്ചെടുത്തത്. ഒരു മുന്നറിയിപ്പും നൽകാതെയാണ് കവരത്തി പൊലീസ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ വന്നത്.
എന്നെ തളർത്താൻ വീട്ടുകാരെ ബുദ്ധിമുട്ടിക്കുകയാണ് അവർ. എന്നെ കട്ടയ്ക്കു സപ്പോർട്ട് ചെയ്തു നിൽക്കുകയാണ് എന്റെ ലക്ഷദ്വീപുകാർ. കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ. അതിൽ ആണും പെണ്ണും എല്ലാ പാർട്ടിക്കാരുമുണ്ട്. സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ, മനസ്സുകൊണ്ട് ഞങ്ങളുടെ കൂടെയുണ്ട്. മറ്റൊന്നും ഞങ്ങൾക്ക് ഇവിടെയിരുന്നു ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞവരുമുണ്ട്.
സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോൾതന്നെ സാമൂഹിക വിഷയങ്ങളിൽ സമൂഹമാധ്യമത്തിൽ അഭിപ്രായം എഴുതാറുണ്ടെങ്കിലും ഇത്തരം ഒരു സമരത്തിന്റെ മുൻനിരയിലേക്കു വരേണ്ടിവരുമെന്നു എന്നെങ്കിലും ചിന്തിച്ചിരുന്നോ?
ഒരിക്കലും ഇല്ല. കാരണം ഞാൻ സിനിമാക്കാരിയാണ്. സിനിമയിലൂടെ ഞാൻ പ്രതികരിക്കും. കാരണം എനിക്കറിയാവുന്ന മേഖലയാണത്. സിനിമയിലൂടെ ഒരുപാടു കാര്യങ്ങൾ സമൂഹത്തോട് പറയാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ സിനിമയും അത്തരമൊന്നാണ്. പൂർണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘ഫ്ലഷ്’. അതിലൂടെ പെൺകുട്ടികളോട് എനിക്കൊരു സന്ദേശം പറയാനുണ്ട്. ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളോട് എനിക്കൊരു കഥ പറയാനുണ്ട്.
ഞാൻ ഒരു മൈക്ക് എടുത്ത് വിളിച്ചു പറഞ്ഞാൽ കേൾക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സിനിമയിലൂടെ എനിക്ക് പറയാനുള്ളത് മനസ്സിലാക്കും. അതിൽ ഒരു പത്തുപേർക്ക് അതിന്റെ സന്ദേശം മനസ്സിലായാൽ ഞാൻ സന്തോഷവതിയാണ്. തൊട്ടതിനും പിടിച്ചതിനും ആത്മഹത്യ ചെയ്യുന്നത് പെൺകുട്ടികൾക്കിടയിൽ ഇപ്പോൾ കൂടിയിരിക്കുകയാണ്. പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എനിക്കിഷ്ടമല്ല. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. അതു എന്താണെന്നു തിരിച്ചറിയാൻ അവരെ പ്രേരിപ്പിക്കുന്നതാണ് എന്റെ സിനിമ.
അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്നു പറയാറുണ്ട്. ലക്ഷദ്വീപിലെ ഈ പോരാട്ടത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടോ?
ലക്ഷദ്വീപിന്റെ സമരത്തിൽ ഭിന്നതകളില്ല. ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപിലെ സമരങ്ങളും നിയമ പോരാട്ടങ്ങളും നടക്കുന്നത്. ദ്വീപിലെ എല്ലാവർക്കും പുതിയ പരിഷ്കാരങ്ങളോട് എതിർപ്പാണ്. അതുകൊണ്ടാണ് ദ്വീപിലെ ബിജെപി നേതാക്കൾ പോലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് പ്രതിഷേധം അറിയിച്ചത്. ലക്ഷദ്വീപിൽ നടക്കുന്നത് വികസനമല്ല, ബിസിനസ് ആണ്. വികസനം എന്നു പറഞ്ഞാൽ നാട്ടുകാർക്ക് ഉപകാരപ്പെടുന്നതാകണം. അല്ലാതെ അവരെ ദ്രോഹിച്ചു കൊണ്ടുവരുന്നത് വികസനമല്ല, കച്ചവടമാണ്.
എന്താണ് ആയിഷയുടെ കണ്ണിൽ വികസനം?
ഓരോ നാടിനും യോജിക്കുന്നതാകണം അവിടുത്തെ വികസനം. ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വരുമാനം നേടാൻ കഴിയുന്നത് മത്സ്യബന്ധനത്തിലൂടെയാണ്. ദ്വീപിലെ മിക്കവരും മികച്ച നാവികരും മത്സ്യബന്ധനക്കാരുമാണ്. അവർക്ക് അതിനു വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. നോർവെയിൽ തീരദേശത്തുള്ളവർക്ക് മത്സ്യബന്ധനത്തിന് സർക്കാർ മികച്ച സൗകര്യമൊരുക്കിക്കൊടുത്തു. ഇന്നു കടൽവിഭവങ്ങളുടെ കയറ്റുമതിയിലൂടെ ആ രാജ്യം വൻ നേട്ടമാണ് കൊയ്യുന്നത്. എന്നാൽ ഇവിടെ മത്സ്യബന്ധന മേഖലയെ നശിപ്പിക്കുകയാണ്.
ദ്വീപുകളിലേക്ക് വികസനം കൊണ്ടുവരുന്നതിന് പരിധിയുണ്ട്. കാരണം വൻ വികസന പദ്ധതികൾ ദ്വീപ് താങ്ങില്ല. അവിടുത്തെ ലഗൂണുകളാണ് ലക്ഷദ്വീപിനെ സംരക്ഷിച്ചു നിർത്തുന്നത്. വൻ വികസന പദ്ധതികൾ വന്നാൽ ലഗൂണുകളുടെ നാശത്തിനും പിന്നാലെ ദ്വീപിന്റെ നാശത്തിനും കാരണമാകും. ലഗൂണുകൾ ഉണ്ടായിട്ടുകൂടി കര കടലെടുക്കുന്നുണ്ട്. അപ്പോൾ ലഗൂണുകൾ നശിച്ചാലുള്ള അവസ്ഥ കൂടി ഓർത്തുനോക്കൂ.
ടൂറിസം വികസിപ്പിക്കുമ്പോൾ അതു ലക്ഷദ്വീപുകാർക്കും ഉപകാരപ്പെടില്ലേ? നേരത്തേ ബംഗാരം ദ്വീപിൽ ടൂറിസം കേന്ദ്രങ്ങളുണ്ടായിരുന്നല്ലോ?
ബംഗാരത്തു വന്നതുപോലുള്ള ടൂറിസം പദ്ധതികളാണെങ്കിൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപിലും നടപ്പാക്കുന്നതിനും ആർക്കും എതിർപ്പില്ല. പക്ഷേ ഇവിടെ നടക്കുന്നത് അത്തരം പദ്ധതികളല്ല. ടൂറിസം വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കലാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. കവരത്തിയിൽ മാത്രം 130ൽ അധികം കുടുംബങ്ങളോടാണ് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ദ്വീപുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ ടൂറിസം വരുന്നത് ദ്വീപിനു ഗുണകരമാകുമോ?
അതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. നാടിന്റെ അടിസ്ഥാന വികസനം കഴിഞ്ഞിട്ടു വേണം മറ്റുള്ള വികസന പദ്ധതികൾ കൊണ്ടുവരാൻ. ലക്ഷദ്വീപിൽ നല്ലൊരു ആശുപത്രി പോലുമില്ല. എന്റെ ദ്വീപിൽ പോലും ഒരു ഡോക്ടറും നാലു കിടക്കകളും ഒരു ഓക്സിജൻ സിലിണ്ടറുമുള്ള കെട്ടിടമാണ് ആശുപത്രി. കോവിഡ് ബാധിക്കുന്നവരെ സ്കൂളുകളിൽ കൊണ്ട് പാർപ്പിക്കുകയാണ്. അവിടെയുള്ളത് നാലു നഴ്സുമാർ മാത്രവും.
കൂടാതെ ദ്വീപുകാർക്ക് ടൂറിസം പദ്ധതികളിലേർപ്പെടാൻ നിരോധനമാണ്. ആർക്കും സ്വന്തം ഭൂമിയിൽ ഒരു ഹട്ട് നിർമിച്ചു ഹോം സ്റ്റേ നടത്താൻ പോലും അവകാശമില്ല. നാട്ടുകാർക്ക് ടൂറിസം ചെയ്യാൻ അവസരം നൽകാതെ പുറത്തുനിന്ന് ആളെ കൊണ്ടുവന്നു ടൂറിസം പദ്ധതികൾ നടത്തുന്നത് എന്തുപറഞ്ഞാണ് അവർ ന്യായീകരിക്കുക? യാത്രാസൗകര്യങ്ങളും ആശുപത്രി സൗകര്യങ്ങളും ആദ്യം വരട്ടെ, അതിനു ശേഷമല്ലേ ടൂറിസം വികസനം? അതല്ലാതെ ഡെയറി ഫാമുകൾ പൂട്ടാനും എന്തു ഭക്ഷിക്കണം, എന്തു ഭക്ഷിക്കേണ്ട എന്നു കൽപ്പിക്കുന്നതാണോ വികസനം?
ദ്വീപിന്റെ നിലനിൽപ്പിനു കേന്ദ്ര സർക്കാർ വൻ തുക ചെലവഴിക്കുന്നുണ്ടെന്ന ആരോപണം എങ്ങനെ കാണുന്നു?
രാജ്യാന്തര കപ്പൽച്ചാൽ കടന്നു പോകുന്നതു ലക്ഷദ്വീപുകൾക്കു സമീപത്തു കൂടെയാണ്. അവിടുത്തെ ലൈറ്റ് ഹൗസുകളാണ് ആ കപ്പലുകൾക്ക് വഴികാട്ടുന്നത്. കടന്നു പോകുന്ന കപ്പലുകൾ അടയ്ക്കുന്ന നികുതി ബില്യൻ ഡോളറിലേറെയാണ്. ആ നികുതി വിശാഖപട്ടണത്തും കൊച്ചിയിലും ഡൽഹിയിലുമായിട്ടാണ് അടയ്ക്കുന്നത് എന്നതാണ് എന്റെ അറിവ്. അന്തരിച്ച മുൻ എംപി പി.എം.സെയ്യ്ദ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കൂടാതെ മത്സ്യബന്ധനവും മാസ്, കയർ, തേങ്ങ, കൊപ്ര തുടങ്ങിയവയിലൂടെയും നല്ല വരുമാനം ദ്വീപുകാർ നേടുന്നുണ്ട്. പക്ഷേ ഏറ്റവും വലിയ രസം എന്താണെന്നുവച്ചാൽ ദ്വീപിൽ എല്ലാത്തിനും ഇരട്ടി വിലയാണ്. ഉപ്പുതൊട്ടു കർപ്പൂരം വരെ വൻകരയിൽ നിന്ന് എത്തണം. ദ്വീപിൽ ചെറിയ വീടു വയ്ക്കാൻ പോലും ഇരട്ടിച്ചെലവാണ്. കേരളത്തിൽ പെട്രോളിനു സെഞ്ചുറിയടിച്ചപ്പോൾ ലക്ഷദ്വീപിൽ തക്കാളി വില സെഞ്ചുറിയടിച്ച് ഇരിക്കുകയായിരുന്നു. പെട്രോളാകട്ടെ ഡബിൾ സെഞ്ചുറിയും!
ഇത്ര ഉയർന്ന ജീവിതച്ചെലവ് താങ്ങാനുള്ള ശേഷി ലക്ഷദ്വീപ് ജനതയ്ക്കുണ്ടോ?
ദ്വീപിൽ അടുത്തിടെ പിരിച്ചുവിട്ട ജോലിക്കാർ മിക്കവരും 10,000 മുതൽ 15,000 രൂപവരെയുള്ള ശമ്പളത്തിനു ജോലി ചെയ്തിരുന്നവരാണ്. ആ പണത്തിനു ജീവിക്കാനുള്ള ഒരു രീതി അവർ ആർജിച്ചിരുന്നു. എന്നാൽ അവരെ പിരിച്ചു വിട്ടതിലൂടെ നൂറുകണക്കിനു കുടുംബങ്ങൾ പ്രതിസന്ധിയിലായി.
ലക്ഷദ്വീപിലെ പ്രതിഷേധങ്ങളുടെ പുതുമ വ്യത്യസ്തമായ സമരങ്ങളായിരുന്നു. കടലിനടിയിലും ഓലമടൽ പെറുക്കി നടത്തിയ സമരവുമെല്ലാം ദേശീയ ശ്രദ്ധയാകർഷിച്ചു. ആരാണ് ഇത്തരം പുതുമയേറിയ സമരാശയങ്ങളുടെ പിന്നിൽ?
കോവിഡും ലോക്ഡൗണും മൂലം കൂട്ടം ചേർന്നുള്ള സമരങ്ങൾക്ക് സാധ്യതയില്ല. അതിനാൽതന്നെ വീടുകൾ കേന്ദ്രീകരിച്ചുള്ള സമരത്തിനാണ് ലക്ഷദ്വീപ് ഫോറം മുൻകൈ എടുക്കുന്നത്. ലക്ഷദ്വീപിലെ ഓരോ സമരവും അതു ചെയ്തവർതന്നെ പ്ലാനിട്ട് നടപ്പിലാക്കിയതാണ്. കടലിനടിയിലുള്ള സമരം ആ ചെറുപ്പക്കാർതന്നെ ചിന്തിച്ച് നടപ്പിലാക്കിയതാണ്. പാത്രം കൊട്ടലും വീടുകളിലെ ഉപവാസവും ഓലമടൽ സമരവും എല്ലാം അങ്ങനെ നടപ്പിലായവയാണ്.
ലക്ഷദ്വീപുകാരുടെ സമരത്തിനോട് കേരളത്തിന്റെ മനോഭാവത്തെ എങ്ങനെ നോക്കി കാണുന്നു?
കേരളത്തെ ലക്ഷദ്വീപിന്റെ ഒരു ഭാഗമായാണ് ദ്വീപുകാർ കണക്കാക്കുന്നത്. കേരളം മറ്റൊരു നാടായി ദ്വീപിൽ ആർക്കും തോന്നില്ല. അത്രയ്ക്കാണ് ആത്മബന്ധം. ദ്വീപിലെ ഔദ്യോഗിക ഭാഷ മലയാളമാണ്, വിദ്യാർഥികൾ അവിടെ പഠിക്കുന്നത് കേരള സിലബസാണ്. വളർച്ച മുതൽ എന്തിനും ഏതിനും കേരളത്തിലേക്കാണ് വരുന്നത്. എന്താവശ്യത്തിനും ലക്ഷദ്വീപ് ആദ്യം കൈനീട്ടുന്നത് കേരളത്തിനു നേർക്കാണ്. ഈ പ്രശ്നമുണ്ടായപ്പോഴും കൈനീട്ടിയത് കേരളത്തിനു നേർക്കാണ്. കേരളം എന്നത്തെയും പോലെ ഞങ്ങളെ ചേർത്തു പിടിക്കുകയും ചെയ്തു.
വ്യാപാര ബന്ധങ്ങൾ കേരളത്തിൽനിന്നു മംഗളൂരുവിലേക്കു മാറ്റുമ്പോൾ എന്തു പ്രതിസന്ധിയാണ് പ്രതീക്ഷിക്കുന്നത്?
വ്യാപാരികളെ സംബന്ധിച്ച് ഇതു വളരെ മോശം തീരുമാനമാണ്. ലക്ഷദ്വീപുകാരെ സംബന്ധിച്ചിടത്തോളം മംഗളൂരു, ബേപ്പൂർ, കൊച്ചി തുറമുഖങ്ങൾ അത്യാവശ്യമാണ്. ഒരു തുറമുഖത്തെ മാത്രം ആശ്രയിച്ചു ലക്ഷദ്വീപിന്റെ വാണിജ്യമേഖലയ്ക്കു നിലനിൽക്കാനാകില്ല. പലയിടത്തു നിന്നുള്ള ചരക്കുകൾ എത്തിയാൽ മാത്രമെ വാണിജ്യമേഖലയിൽ പുരോഗതിയുണ്ടാകൂ. ഒട്ടേറെ ചെറുകിട വ്യാപാരികൾ ഇത്തരം തീരുമാനങ്ങൾ മൂലം തകർന്നു പോകും. പല സാധനങ്ങൾക്കും വൻ വിലക്കയറ്റവുമുണ്ടാകും.
രാജ്യദ്രോഹക്കുറ്റത്തിനു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോൾ ആശങ്ക തോന്നിയോ?
മുൻകൂർ ജാമ്യം നേടിയിട്ടു പോയതിനാൽ തെല്ലും ആശങ്കയുണ്ടായിരുന്നില്ല. പക്ഷേ, ഞാൻ ജാമ്യം എടുക്കാതെ പോയിരുന്നെങ്കിൽ അവർ എന്നെ ജയിലിലടയ്ക്കുമായിരുന്നു. അങ്ങനെ വന്നാൽ ലക്ഷദ്വീപിലെ ജനം കോവിഡിനെ വകവയ്ക്കാതെ സമരവുമായി പുറത്തിറങ്ങുമായിരുന്നു. പ്രതികരണം കൂടും. അങ്ങനെ വന്നാൽ ലക്ഷദ്വീപിന്റെ വിഷയം ഒതുങ്ങിപ്പോകുകയും സമരത്തിൽനിന്നുള്ള പൊതുശ്രദ്ധ എന്നിലേക്കു ഒതുങ്ങിപ്പോകുകയും ചെയ്യുമായിരുന്നു.
പിന്നെ എന്നെ ദ്വീപിൽനിന്നു പുറത്താക്കാനുള്ള ദൗത്യത്തിലേക്ക് തിരിയുകയും സമരം ഒതുക്കപ്പെടുകയും ചെയ്യപ്പെട്ടേനെ. അതുകൊണ്ടാണ് മുൻകൂർ ജാമ്യം തേടിയത്. അറസ്റ്റ് ചെയ്താലുടൻ ജാമ്യം നേടി പറത്തുവരാനും പ്രതിഷേധ പ്രകടനങ്ങൾ ഇല്ലാതാക്കാനും കഴിയും. അല്ലാതെ അവരെ ഭയന്നിട്ടില്ല മുൻകൂർ ജാമ്യം തേടിയത്. തെറ്റുചെയ്യാത്തിടത്തോളം അവരെ ഭയപ്പെടേണ്ട ആവശ്യം എനിക്കില്ല. ലക്ഷദ്വീപിലെ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള ഒരു ടൂളായിരുന്നു എനിക്കെതിരെയുള്ള കേസ്.
‘ബയോ വെപ്പൺ’ എന്ന വാക്ക് അറിഞ്ഞുകൊണ്ടുതന്നെ ചാനൽ ചർച്ചയിൽ പ്രയോഗിച്ചതാണോ?
ഞാൻ പ്രഫുൽ പട്ടേലിന്റെ നയങ്ങളെയാണ് ബയോ വെപ്പൺ എന്നു ഉദേശിച്ചത്. ചാനൽ ചർച്ചയിൽ വന്ന തർക്കങ്ങൾക്കൊടുവിൽ അത് എങ്ങനെയാണ് പ്രേക്ഷകരിലേക്ക് എത്തിയതെന്ന് ചർച്ചയ്ക്കു ശേഷം ചാനലിന്റെ യൂട്യൂബിൽ വന്ന വിഡിയോ കണ്ടപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. അതിൽ എനിക്കുള്ള വിശദീകരണം നൽകാൻ ചാനലിനെ സമീപിച്ചെങ്കിലും അവർ എനിക്ക് അവസരം നിഷേധിക്കുകയാണ് ചെയ്തത്. ഞാൻ ലക്ഷദ്വീപിന്റെ പ്രതിനിധിയല്ല എന്നാണ് അവർ കാരണം പറഞ്ഞത്. പിന്നെ എന്തിനു ചാനൽ ചർച്ചയ്ക്ക് വിളിച്ചുവെന്നു ചോദിച്ചതിനു അവർക്കു മറുപടിയുമുണ്ടായില്ല.
ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേലിന്റെ സംഘത്തോടൊപ്പം വന്ന ആൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഒരു വർഷത്തോളം സീറോ കോവിഡ് കേസിൽ ലക്ഷദ്വീപ് നിൽക്കാൻ കാരണം അവിടുത്തെ കൃത്യമായ ക്വാറന്റീൻ രീതികൾ മൂലമായിരുന്നു. എന്നാൽ പ്രഫുൽ പട്ടേലും സംഘവും ക്വാറന്റീനിൽ നിൽക്കാതെ ലക്ഷദ്വീപിലെ ദ്വീപുകളിൽ കറങ്ങി നടക്കുകയായിരുന്നു. അവരിൽ നിന്നാണ് ലക്ഷദ്വീപിൽ കോവിഡ് പടർന്നത്.
ലക്ഷദ്വീപിനു വേണ്ടി ശബ്ദമുയർത്തി രാജ്യദ്രോഹ കുറ്റത്തിന്റെ പേരിൽ ആരോപണ വിധേയയായപ്പോൾ എങ്ങനെയായിരുന്നു വീട്ടുകാരുടെ പ്രതികരണം?
എനിക്ക് ഉമ്മയും ബാപ്പയും രണ്ട് അനിയന്മാരുമാണ്. ബാപ്പ മരിച്ചിട്ട് നാലുവർഷമായി. ഹാർട്ട് അറ്റാക് വന്നതിനെ തുടർന്നു ലക്ഷദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടു മൂത്രത്തിൽ പഴുപ്പാണെന്നു പറഞ്ഞു മൂന്നു ദിവസം മെഡിക്കൽ ഇവാക്വേഷൻ അനുവദിച്ചില്ല. ഒടുവിൽ ഞാൻ ബഹളമുണ്ടാക്കിയിട്ടാണ് നാലാം ദിവസം കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും ആരോഗ്യനില മോശമായതിനാൽ രണ്ടു ദിവസത്തിനകം ബാപ്പ മരിക്കുകയായിരുന്നു. അതിനു പിന്നാലെ രണ്ടുമാസം കഴിഞ്ഞപ്പോൾ ഒരു അനിയനും മരിച്ചു. പിന്നെയുള്ളത് ഉമ്മയും ഏറ്റവും ഇളയ അനിയനുമാണ്. അവരെ ഞാൻ കൊച്ചിയിലേക്ക് കൊണ്ടുവന്നു.
ബാപ്പയുടെ മരണത്തോടെയാണ് ഞാൻ സത്യത്തിൽ ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ മുന്നോട്ടുകൊണ്ടുവരാൻ തുടങ്ങിയത്. മംഗളൂരു സ്വദേശിനിയാണ് എന്റെ ഉമ്മ. ഉമ്മയാണ് എനിക്ക് ധൈര്യം പകരാറ്. ‘നീ പോയി പറയൂ, നീ പോയി ചെയ്യൂ’ എന്നെല്ലാം ഉമ്മ പറയും. ‘ഇതു നിന്റെ കടമയാണ് നീ ചെയ്യേണ്ട കാര്യങ്ങൾ നീ തന്നെ ചെയ്യണം’ എന്ന് ഉമ്മ പറയും. ഇനി നാളെ ഞാനില്ലാതായാൽ പോലും ഉമ്മ മുന്നോട്ടു പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുള്ള കരുത്ത് ബാപ്പയുടെ വിയോഗം മുതൽ ഞങ്ങളുടെ കുടുംബം നേടിയെടുത്തിട്ടുണ്ട്.
ലക്ഷദ്വീപ് സമരത്തെ തുടർന്നുണ്ടായ അനുഭവങ്ങൾ സിനിമയാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നു പറഞ്ഞു. ലക്ഷദ്വീപിന്റെ കഥ പറയുന്നതോ അതോ സമരകഥകൾ പറയുന്നതാണോ മനസ്സിലുള്ള സിനിമ?
ഒരു പെൺകുട്ടി ഒരു നാടിന്റെ കാര്യത്തിനു വേണ്ടി ഇറങ്ങുമ്പോൾ അവൾ സ്വയം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, അതാണ് ഉദ്ദേശിക്കുന്നത്. ഇതുപോലെ എത്രയോ സ്ഥലത്ത് പെൺകുട്ടികളുണ്ടാകും. അവർ വാ തുറക്കാൻ മടിക്കും. മടിക്കരുത് എന്നാണ് എന്റെ മെസേജ്. എന്തുണ്ടെങ്കിലും തരണം ചെയ്യാൻ പ്രാപ്തിയുണ്ടാക്കുക, പെൺകുട്ടികളിലും ആൺകുട്ടികളിലും. ചുരുക്കി പറഞ്ഞാൽ ഒരു പോരാളിയാക്കി മാറ്റുക.
സ്വന്തം നാട്ടിൽ ആദ്യത്തെ സിനിമ; എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?
പൂർണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനിമയാണ് ‘ഫ്ലഷ്’. അതിൽ ദ്വീപിലെ ജനങ്ങളുടെ പച്ചയായ ജീവിതമുണ്ട്. ലക്ഷദ്വീപ് വിഷയത്തിൽ ഞാൻ എന്തുകൊണ്ട് മുൻകയ്യെടുത്ത് മുൻനിരയിൽനിന്നു പ്രതികരിച്ചുവെന്നുള്ളതിനുള്ള മറുപടിയും ആ സിനിമയിലുണ്ട്. ക്രൂ മെംബേഴ്സ് അടക്കം 41 പേരുള്ള ഒരു ചെറിയ സംഘത്തെ ഉപയോഗിച്ചാണ് ഞാൻ ആ സിനിമ പൂർത്തിയാക്കിയത്. ഈ 41 പേരും ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് ഷൂട്ട് പൂർത്തിയാക്കി മടങ്ങിയത്. ഞങ്ങൾ ലക്ഷദ്വീപിൽ ചെല്ലുമ്പോൾ ക്വാറന്റീൻ വ്യവസ്ഥ ലക്ഷദ്വീപ് ഭരണകൂടം ഒഴിവാക്കിയിരുന്നെങ്കിലും ഏഴുദിവസം ക്വാറന്റീൻ പൂർത്തിയാക്കിയാണ് ഞങ്ങൾ ഷൂട്ടിങ് തുടങ്ങിയത്. നാലുദ്വീപുകളിൽ ഷൂട്ടിങ്ങിനു അനുമതിയുണ്ടായിരുന്നെങ്കിലും അപ്പോഴേയ്ക്കും കോവിഡ് പടർന്നതിനാൽ അഗത്തിയിലും ബംഗാരത്തുമായി ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
ഏതു രീതിയിലാണ് ലക്ഷദ്വീപ് സമരത്തിന്റെ ഭാവി? അഡ്മിനിസ്ട്രേറ്റർ നയങ്ങൾ മാറ്റിയാൽ സമരങ്ങൾ അവസാനിക്കുമോ?
നയങ്ങൾ മാറ്റിയാലും ലക്ഷദ്വീപിലെ സമരം തുടരും. പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പേസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ല. ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് ലക്ഷദ്വീപ് ഭരിക്കാൻ യോഗ്യൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം കൊണ്ടുവരാൻ നല്ലൊരു ഉദ്യോഗസ്ഥനു കഴിയും. ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ സമരങ്ങൾ തുടരും. ജയിലിന്റെ വിസ്തൃതി വർധിപ്പിച്ചാലും എല്ലാവരെയും അറസ്റ്റ് ചെയ്താലും ജയിലിലും സമരം തുടരും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതെ ദ്വീപിലും കോടതി വഴി നിയമപരമായും ലക്ഷദ്വീപിന്റെ പോരാട്ടം തുടരും.
ലക്ഷദ്വീപ് സമൂഹത്തിലെ ചെത്ത്‌ലത്ത് സ്വദേശിനിയാണ് ആയിഷ. പ്ലസ് ടുവരെ കേരള സിലബസിൽ ലക്ഷദ്വീപിൽ പഠിച്ചു. പിന്നീട് ബിഎ മലയാളം പഠിക്കാനുള്ള ആഗ്രഹം കാരണം തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളജിൽ പഠനം പൂർത്തിയാക്കി. തുടർന്നു ടിവി ചാനലുകളിൽ വിഡിയോ ജോക്കിയായും മോഡലായും പ്രവർത്തിച്ചു. സിനിമയോടുള്ള ഇഷ്ടം മൂലം ക്യാമറയ്ക്കു മുന്നിലും പിന്നീട് ക്യാമറയ്ക്കു പിന്നിലും പ്രവർത്തിച്ചു. ഒട്ടേറെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോഷ്യേറ്റായും പ്രവർത്തിച്ചു. തന്റെ ആദ്യത്തെ സ്വതന്ത്ര സിനിമയായ ഫ്ലഷിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളിലാണിപ്പോൾ.
English Summary: Exclusive Interview with Aisha Sulthana on Lakshadweep Controversy, New Projects, Politics etc.