‘ചൈന എന്ന ഉറങ്ങുന്ന രാക്ഷസൻ ഉറങ്ങിക്കോട്ടെ. അവൻ ഉണർന്നാൽ ലോകം കീഴ്മേൽ മറിക്കും...’ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ചൈനയെക്കുറിച്ചു പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അറം പറ്റിയിരിക്കുന്നു. ഉണർന്ന ചൈന ഇന്ന് ആകാശത്തും ഭൂമിയിലും വൻശക്തികളെതന്നെ വിറപ്പിക്കുന്നു...Chinese economy, China-US news, Manorama Online

‘ചൈന എന്ന ഉറങ്ങുന്ന രാക്ഷസൻ ഉറങ്ങിക്കോട്ടെ. അവൻ ഉണർന്നാൽ ലോകം കീഴ്മേൽ മറിക്കും...’ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ചൈനയെക്കുറിച്ചു പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അറം പറ്റിയിരിക്കുന്നു. ഉണർന്ന ചൈന ഇന്ന് ആകാശത്തും ഭൂമിയിലും വൻശക്തികളെതന്നെ വിറപ്പിക്കുന്നു...Chinese economy, China-US news, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചൈന എന്ന ഉറങ്ങുന്ന രാക്ഷസൻ ഉറങ്ങിക്കോട്ടെ. അവൻ ഉണർന്നാൽ ലോകം കീഴ്മേൽ മറിക്കും...’ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ചൈനയെക്കുറിച്ചു പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അറം പറ്റിയിരിക്കുന്നു. ഉണർന്ന ചൈന ഇന്ന് ആകാശത്തും ഭൂമിയിലും വൻശക്തികളെതന്നെ വിറപ്പിക്കുന്നു...Chinese economy, China-US news, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചൈന എന്ന രാക്ഷസൻ ഉറങ്ങിക്കോട്ടെ. അവൻ ഉണർന്നാൽ ലോകം കീഴ്മേൽ മറിക്കും...’ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ചൈനയെക്കുറിച്ചു പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അറംപറ്റിയിരിക്കുന്നു. ഉണർന്ന ചൈന ഇന്ന് ആകാശത്തും ഭൂമിയിലും വൻശക്തികളെതന്നെ വിറപ്പിക്കുന്നു. അതോടെ ലോക സമാധാനത്തിനു മുകളിൽ അശാന്തിയുടെ കറുത്ത മേഘങ്ങൾ പടരുന്നു.

ജൂൺ മധ്യത്തോടെ ചൈന തൊടുത്തുവിട്ട ശൂന്യാകാശ നിലയം ലോകത്തിന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടിയിരിക്കുകയാണ്. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ നിലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മൂന്നു യന്ത്രക്കൈകളാണ്. ശൂന്യാകാശനിലയത്തിന്റെ യന്ത്രകൈകൾ പിടിപ്പിച്ച കോർ ക്യാബിനാണ് ആദ്യം വിക്ഷേപിച്ചത്. പിന്നെ പല ഘട്ടങ്ങളായി അനുബന്ധ ഭാഗങ്ങളും. കോർ ക്യാബിനോട് അനുബന്ധ ഭാഗങ്ങൾ ശൂന്യാകാശത്തുവച്ചു ഘടിപ്പിച്ചത് ഈ യന്ത്രക്കൈകളായിരുന്നു. ഈ മൂന്നു കൈകളും ഒരുമിച്ചു ചേർക്കാൻ കഴിയും. അതോടെ അതിന്റെ നീളം 15 മീറ്ററായി വർധിക്കും. നിലയത്തിൽനിന്ന് പുറത്തിറങ്ങുന്ന സഞ്ചാരികളെ ശൂന്യാകാശത്തിൽ നടക്കാനും ഈ കൈകൾ സഹായിക്കും.

ADVERTISEMENT

ഉപഗ്രഹങ്ങളുടെ അന്തകൻ?

എന്നാൽ ലോകം ഭയക്കുന്നത് ഭാവിയിൽ ഈ കൈകൾക്കു മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ അന്തകനാകാൻ കഴിയില്ലേ എന്നാണ്! ചൈന ലക്ഷ്യമിടുന്ന ഒരു രാജ്യത്തിന്റെ ഉപഗ്രഹം ഈ കൈകൾ പിടിച്ചെടുത്തു നശിപ്പിക്കുകയാണെങ്കിൽ, ആ രാജ്യം മാത്രമല്ല, ലോകംതന്നെ ചിലപ്പോൾ നിശ്ചലമായെന്നിരിക്കും. അങ്ങനെ സംഭവിച്ചാൽ മനുഷ്യരാശി തന്നെ ചൈന എന്ന രാക്ഷസന്റെ അടിമയായി മാറും. അങ്ങ് ആകാശത്തിന്റെ അനന്തതയിൽ ഭീഷണിയുമായി ചൈനയുടെ ഈ യന്ത്രക്കൈകൾ ഭൂമിയെ വലം ചെയ്യുമ്പോൾ ഇങ്ങു താഴെ ഭൂമിയിൽ ലോക സാമ്പത്തിക രംഗം തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനും ചൈന തന്ത്രങ്ങൾ മെനയുകയാണ്. ഇതിൽ അവരുടെ ആദ്യ ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ തടസ്സമായ അമേരിക്കൻ ഐക്യനാടുകളെ സാമ്പത്തികമായി തകർക്കുക എന്നുള്ളതും.

അതിനുള്ള ചൈനയുടെ തുറുപ്പുചീട്ട് അവരുടെ കറൻസിയായ യുവാന്റെ ഡിജിറ്റൽ അവതാരമാണ്. ഇതുവരെ ഡിജിറ്റൽ കറൻസി ഇറക്കാൻ കഴിഞ്ഞ പ്രമുഖ രാജ്യം ചൈനയാണ്. അമേരിക്ക പോലും ഇപ്പോഴും അതിനെക്കുറിച്ച് ആലോചിക്കുന്നതേയുള്ളു. ഡിജിറ്റൽ കറൻസി എന്നു കേൾക്കുമ്പോൾ ഇതും ഗൂഗിൾപേ, അലിപേ, പേടിഎം തുടങ്ങിയവ പോലുള്ള ഒരു ഇലക്ട്രോണിക് പേമെന്റ് സംവിധാനമാണെന്നു വിചാരിച്ചേക്കാം. എന്നാൽ അങ്ങനെയല്ല. ഇലക്ട്രോണിക് പ്ലാറ്റ്ഫോമിനു മുകളിൽ ഒരു അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്കു കറൻസി മാറ്റുകയാണ് ചെയ്യുന്നത്. ഇത് പല കണക്കുപുസ്തകങ്ങളിൽ (ലെഡ്ജറുകൾ) രേഖപ്പെടുത്തുന്നുമുണ്ട്.

ഡിജിറ്റൽ യുവാൻ രൂപത്തിൽ പണം നൽകുന്ന ആളിന്റെ സ്മാർട്ട് ഫോണിലെ ഒരു പ്രത്യേക ആപ്പിലെ കീശയിൽ (വാലറ്റ്) നിന്ന് പണം ലഭിക്കുന്ന ആളിന്റെ സ്മാർട്ട് ഫോൺ ആപ്പിലെ കീശയിൽ എത്തുന്നു. കേന്ദ്ര ബാങ്കിന് (ഇവിടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന) ഡിജിറ്റൽ കറൻസിയുടെ ഈ യാത്ര അറിയാനാകും. വാണിജ്യ ബാങ്കുകൾക്ക് ഈ ഇടപാടിൽ ഒരു കാര്യവുമില്ല. കേന്ദ്ര ബാങ്കിൽനിന്ന് ലഭിക്കുന്ന ഇ-പായ്ക്കറ്റിൽ നിന്നാണ് ഫോണിലെ കീശയിൽ ഡിജിറ്റൽ കറൻസി എത്തുന്നത്.

ചൈനീസ് ഡിജിറ്റൽ കറൻസി സ്വീകരിക്കുമെന്ന അറിയിപ്പുമായി ബെയ്‌ജിങ്ങിലെ വാൾമാർട്ട് സ്റ്റോർ. ചിത്രം: GREG BAKER / AFP
ADVERTISEMENT

ഡിജിറ്റൽ കറൻസിയും ക്രിപ്റ്റോ കറൻസിയും തമ്മിലുള്ള വ്യതാസം ക്രിപ്റ്റോ കറൻസി എവിടെ, എന്ന് ഉദ്ഭവിച്ചെന്നോ, ആരാണ് ഇതിനു പിറകിലെന്നോ ഉള്ളതിന് യാതൊരു വിവരവുമില്ല എന്നതാണ്. ഊഹാപോഹങ്ങളാണ് ഇതിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഒരു സർക്കാരോ മറ്റു സ്ഥാപനങ്ങളോ ഇതിന് ഈട് നൽകുന്നില്ല. തകർന്നാൽ കൈവശം വച്ചിരിക്കുന്നവർക്കു പൂർണ നഷ്ടമുണ്ടാകാം. മറിച്ച്, ഡിജിറ്റൽ കറൻസി ഒരു രാജ്യത്തിന്റെ കേന്ദ്രബാങ്ക് ആയിരിക്കും ഇറക്കുക. അതിനു ബാങ്കിന്റെ ഈടുമുണ്ടായിക്കും. ആ രാജ്യത്തിന്റെ കറൻസിയുടെ അദൃശ്യ (വെർച്വൽ) രൂപമാണ് അതിന്റെ ഡിജിറ്റൽ കറൻസി. ഡിജിറ്റൽ യുവാന്റെ നിർമിതിയിൽ ഹാക്കർമാർക്ക് അപ്രാപ്യമായ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെയാണ് ആശ്രയിച്ചിരിക്കുന്നത്.

അമേരിക്കയെ തളയ്ക്കാൻ

ഡോളറിനു മൂക്കുകയറിട്ടാലേ അമേരിക്കയെ തളക്കാൻ കഴിയൂവെന്നു ചൈനയ്ക്ക് അറിയാം. ആയുധങ്ങളേക്കാൾ കൂടുതൽ ഡോളറിന്റെ ശക്തികൊണ്ടാണ് അമേരിക്ക ലോകത്തെ നിയന്ത്രിക്കുന്നത്. ലോക വ്യാപാരത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ചൈനയേക്കാൾ വളരെ പിറകിൽ രണ്ടാം സ്ഥാനത്താണ് അമേരിക്ക. പക്ഷെ പറഞ്ഞിട്ടുകാര്യമില്ല, ഡോളറിന്റെ ശക്തികൊണ്ട് അമേരിക്ക ലോക കമ്പോളം അടക്കി ഭരിക്കുന്നു. ലോകത്തിൽ നടക്കുന്ന വ്യാപാരത്തിന്റെ 50 ശതമാനത്തിലധികം ഡോളറിലാണ് നടക്കുന്നത്. ഡോളറിനെ തളർത്താൻ ആഗ്രഹിക്കുന്ന ചൈനയ്ക്കുപോലും ഒരു പരിധി വരെയെങ്കിലും ഡോളറിൽ വ്യാപാരം നടത്തേണ്ടി വരും. അത്ര ശക്തമാണ് ലോക വിപണിയിൽ ഡോളറിന്റെ പങ്ക്‌. 2020ൽ, 2591 ശതകോടി ഡോളർ മൂല്യം വരുന്ന കയറ്റുമതിയായിരുന്നു ചൈന നടത്തിയിരുന്നത്. ഇതിൽ 281 ശതകോടി ഡോളറിലാണ് നടത്തിയത് .

അമേരിക്കൻ ഡോളർ.ചിത്രം: AFP

ലോകരാജ്യങ്ങളിലെ വിദേശനാണയ കരുതൽ ശേഖരത്തിലെ (ഫോറിൻ എക്സ്ചേഞ്ച് റിസർവ്) 61 ശതമാനവും ഡോളറാണ്. കേന്ദ്ര ബാങ്കുകൾ, അവരുടെ രാജ്യത്തിന്റെ വിദേശ ഇടപാടുകൾക്കും, വിദേശ വിപണിയിൽനിന്ന് ഇറക്കുമതിക്കും, വിദേശനിക്ഷേപങ്ങൾക്കും മറ്റുമായാണ് വിദേശനാണയ കരുതൽ ശേഖരം ഉണ്ടാക്കുന്നത്. ഡോളർ, യൂറോ, പൗണ്ട്, യെൻ, യുവാൻ തുടങ്ങിയവയാണ് ഇതിൽ പെടുന്നത്. രാഷ്ട്രീയമായും, സാമ്പത്തികമായും ദുർബലമായ രാജ്യങ്ങളുടെ കറൻസികളുടെ മൂല്യം എപ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് രാജ്യാന്തര ഇടപാടുകളിൽ അവ പൊതുവെ സ്വീകരിക്കപ്പെടില്ല. അതിനു പകരം മൂല്യത്തിൽ ചാഞ്ചാട്ടമില്ലാത്ത ശക്തമായ കറൻസികൾ കൊടുക്കേണ്ടി വരും.

ADVERTISEMENT

കയറ്റുമതിയിൽനിന്നുമാണ് ഭൂരിപക്ഷം രാജ്യങ്ങൾക്കും കരുതൽ ശേഖരത്തിലേക്കുള്ള വിദേശ നാണയങ്ങൾ (കറൻസികൾ) ഒരു പരിധിവരെ ലഭിക്കുന്നത്. ഡോളറിന്റെ കരുതൽ ശേഖരം വർധിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ചെയ്യുന്നത് അമേരിക്കയുടെ ട്രഷറി വകുപ്പ് ഇറക്കുന്ന കടപ്പത്രം വാങ്ങുക എന്നതാണ്. വിനിമയത്തിനു യാതൊരു തടസ്സവുമില്ലാത്ത ഈ കടപ്പത്രം ഏതാണ്ട് ഡോളറിനു തുല്യമായാണ് കരുതുന്നത്. ഇങ്ങനെ അമേരിക്കയുടെ കടപ്പത്രങ്ങൾ മറ്റു രാജ്യങ്ങൾ വാങ്ങിക്കൂട്ടുന്നു എന്നു പറഞ്ഞാൽ അതിനർഥം അമേരിക്കയ്ക്കു വളരെ കുറഞ്ഞ നിരക്കിൽ വായ്പ എടുക്കാൻ കഴിയുന്നു എന്നാണ്. 30 വർഷ ട്രഷറി കടപ്പത്രത്തിന് വർഷം 1.5 ശതമാനം പലിശയാണ് നൽകുന്നത്. ഡോളർ ലോക വിപണിയെ നിയന്ത്രിക്കുന്നതിനാലാണ് മറ്റു രാജ്യങ്ങൾ കുറഞ്ഞ നിരക്കിൽ അമേരിക്കയ്ക്കു വായ്പ നല്കാൻ നിർബന്ധിതമാകുന്നത്.

അവസാനിക്കുമോ ഡോളർ ആധിപത്യം?

ഓരോ രാജ്യത്തിന്റെയും കൈയിലുള്ള ഡോളർ ശേഖരം അമേരിക്കൻ നിയമങ്ങൾക്കു വിധേയമാണ്. ഈ ഡോളർ ശേഖരങ്ങൾ കൈകാര്യം ചെയ്യന്ന ബാങ്കുകൾക്ക് അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ ബാങ്കുകളിലൂടെ അമേരിക്ക ഈ ഡോളർ ശേഖരങ്ങളെ നിയന്ത്രിക്കുന്നു. അമേരിക്കൻ നയങ്ങളെ എതിർക്കുക, അവർ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് അവരുമായി വ്യാപാര-വ്യവസായങ്ങളിൽ പങ്കാളി ആകാൻ വിസമ്മതിക്കുക, അവരുടെ ശത്രു രാജ്യങ്ങളുമായി ചങ്ങാത്തംകൂടുക, അവരുമായി വ്യാപാര-വ്യവസായ പങ്കാളിത്തത്തിൽ ഏർപ്പെടുക, അവരിൽനിന്ന് സാങ്കേതിക വിദ്യ സ്വീകരിക്കുക, തുടങ്ങി അമേരിക്ക തെറ്റെന്നു പറയുന്ന ‘കുറ്റങ്ങൾ’ ചെയ്യുന്ന രാജ്യങ്ങൾക്കു മേൽ അമേരിക്ക ഡോളർ നിരോധനം (സാംക്‌ഷൻ) ഏർപ്പെടുത്തും.

ചൈനീസ് യുവാനും യുഎസ് ഡോളറും. ചിത്രം: NICOLAS ASFOURI / AFP

ആ രാജ്യങ്ങളുടെ ഡോളർ ശേഖരം കൈകാര്യം ചെയ്യന്ന ബാങ്കുകളോട് അമേരിക്ക എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. അതോടെ നിരോധനം നേരിടുന്ന രാജ്യത്തിന് മറ്റു രാജ്യങ്ങളുമായോ, മറ്റു രാജ്യങ്ങൾക്ക് ആ രാജ്യവുമായോ ഡോളറിൽ ഒരു ഇടപാടും നടത്താൻ സാധിക്കാതെ വരും. ഏതെങ്കിലും ബാങ്ക്, അമേരിക്കയുടെ നിർദേശത്തെ മറികടന്ന് നിരോധനം നേരിടുന്ന രാജ്യത്തിന്റെ ഡോളർ ശേഖരം തുടർന്നു കൈകാര്യം ചെയ്യുകയാണെകിൽ ആ ബാങ്കിൽനിന്ന് ഫെഡറൽ റിസർവ് വൻ പിഴ ഈടാക്കും. 2015ൽ അമേരിക്കയുടെ വിലക്ക് നേരിട്ടിരുന്ന ക്യൂബ, ഇറാൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഡോളർ പേമെന്റുകൾ കൈകാര്യം ചെയ്തതിനു ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബസിനു ഫെഡറൽ റിസർവ് 9 ശതകോടി ഡോളറാണ് പിഴയിട്ടത്. ഇന്ത്യയും ചൈനയും റഷ്യയും ഉൾപ്പെടെ ലോകത്തിലെ എല്ലാ പ്രമുഖ രാജ്യങ്ങളും അമേരിക്ക ഏകപക്ഷീയമായി ഏർപ്പെടുത്തുന്ന ഈ വിലക്ക് അനുഭവിക്കുകയോ, അനുഭവിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്.

ചൈനയുടെ വിദേശ നാണയ കരുതൽ ശേഖരത്തിന്റെ 75 ശതമാനവും ഡോളറോ, ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ള അമേരിക്കൻ ട്രഷറി കടപ്പത്രങ്ങളോ അതുപോലുള്ള ആസ്തികളോ ആണ്. അതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് ഏതു നിമിഷവും ചൈനയെ നിരോധനക്കുടുക്കിൽ പെടുത്താം. കറൻസികളുടെ വിനിമയങ്ങളിലും ഇന്റർമീഡിയറി (ഇടനില) കറൻസിയാണ് ഡോളർ. രണ്ടു കറൻസികളുടെ മൂല്യം താരതമ്യപ്പെടുത്തുന്നത് ഈ രണ്ടു കറൻസികളുടെയും മൂല്യങ്ങൾ ഡോളറിന്റെ മൂല്യവുമായി ബന്ധപ്പെടുത്തിയാണ്.

ചൈനീസ് ബാങ്കിൽനിന്നുള്ള കാഴ്ച. ചിത്രം: STR / AFP

ഉദാഹരണത്തിന്, ദുബായിൽ ജോലിചെയ്യുന്ന ഒരാൾ 1,000 ദിർഹം ഇന്ത്യയിലേക്ക് അയയ്ക്കുന്നു എന്നു കരുതുക. അയാൾ പണം അയയ്ക്കുന്ന സമയം 1,000 ദിർഹത്തിന് എത്ര ഇന്ത്യൻ രൂപ കിട്ടും എന്ന് എങ്ങനെയാണു കണക്കാക്കുക? ആ സമയം 1,000 ദിർഹത്തിന് എത്ര ഡോളർ കിട്ടുമെന്ന് നോക്കും. ആ ഡോളറിന് എത്ര ഇന്ത്യൻ രൂപ കിട്ടുമെന്ന് നോക്കും. അതായിരിക്കും അയാളുടെ ഇന്ത്യയിലുള്ള റുപ്പി അക്കൗണ്ടിൽ എത്തുന്ന തുക. ലോകത്തു നടക്കുന്ന നാണയ വിനിമയങ്ങളിൽ 80 ശതമാനത്തിലേയും ഇടനില കറൻസി ഡോളറാണ്.

ഡോളർ ഇടനില കറൻസിയായ നാണയ വിനിമയങ്ങൾ നടക്കുന്നത് സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻസ്) സിസ്റ്റത്തിലൂടെയാണ്. രാജ്യാന്തര ധന വിനിമയത്തിനായി 11,000 ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന സഹകരണ സംരംഭമാണ് സ്വിഫ്റ്റ് സിസ്റ്റം. ഒരു ദിവസം 6 ലക്ഷം കോടി ഡോളറിനു തുല്യമായ ഇടപാടുകളാണ് സ്വിഫ്റ്റ് സിസ്റ്റം നടത്തുന്നത്. ഇടപാടുകളിൽ ഭൂരിഭാഗവും ഡോളറിലുള്ളതായിരിക്കും. അതിവേഗം, സുരക്ഷിതമായി പണം കൈമാറാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.

ഇലക്ട്രോണിക് ചൈനീസ് യുവാൻ സ്വീകരിക്കുമെന്ന അറിയിപ്പ്. ഷാങ്ഹായ് ഷോപ്പിങ് മാളിൽനിന്നുള്ള കാഴ്‌ച. ചിത്രം: STR / AFP

ലോകവിപണിയിലെ വമ്പിച്ച ഡിമാന്റാണ്‌ ഫ്രീ-ഫ്ലോട്ട് കറൻസി ആയിട്ടും ഡോളറിന്റെ മൂല്യം താഴാതെ നിർത്തുന്നത്. സർക്കാരിന്റെ ഇടപെടൽ ഇല്ലാതെ, സ്വർണമോ അതുപോലെ മൂല്യ സ്ഥിരതയുള്ള മറ്റു വസ്തുക്കളുമായി ബന്ധിപ്പിക്കാതെ, വിപണിയിലെ ആവശ്യവും ലഭ്യതയും മാത്രം വിനിമയ നിരക്ക് നിശ്ചയിക്കുന്ന കറൻസികളെയാണ് ഫ്രീ-ഫ്ലോട്ട് കറൻസികൾ എന്ന് പറയുന്നത്. ഇപ്പോഴുള്ള ഡോളറിന്റെ ഈ ഡിമാൻഡ് തകർന്നാൽ അമേരിക്ക എന്ന വൻശക്തി മൂക്കും കുത്തി വീഴും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടനെപ്പോലെ മറ്റൊരു ദുരന്തകഥയാകും അമേരിക്കയും.

വന്നൂ ഡിജിറ്റൽ യുവാൻ

അമേരിക്കയുടെ ഈ ഡോളർ മേധാവിത്തം തകർത്താലേ ചൈനയ്ക്ക് അമേരിക്കയിൽനിന്ന് നേരിടുന്ന സാമ്പത്തിക നിരോധനത്തിൽനിന്ന് രക്ഷപെടാനാകൂ, ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ കഴിയൂ. അതിനു വേണ്ടത് ഡോളറിന്റെ ഇന്നുള്ള ഡിമാൻഡ് കുറയ്ക്കുക എന്നുള്ളതാണ്. അതിനുള്ള പണിയാണ് ഇപ്പോൾ ചൈന എടുത്തുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ഡിജിറ്റൽ യുവാൻ എന്ന ആശയം 2014ൽ ചൈനയുടെ മനസ്സിൽ വീഴുന്നത്. അത് ഇപ്പോൾ ഏതാണ്ട് പൂർണതയിൽ എത്തിക്കഴിഞ്ഞു. ചൈന യുവാന് ഡിജിറ്റൽ രൂപം നിർമിച്ചത് വിപണിയിൽ മത്സരിക്കേണ്ടിവരുന്ന ഡോളറിനേക്കാളും പൗണ്ടിനേക്കാളും യൂറോയെക്കാളും യെന്നിനെക്കാളും പതിന്മടങ്ങു വേഗത്തിൽ യുവാൻ ആവശ്യക്കാരുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വേഗം ഇന്നത്തെ വിപണിയിൽ ഒരു പ്രധാന ഘടകമാണല്ലോ.

ചൈനയിൽനിന്നുള്ള ദൃശ്യം. ചിത്രം: Mauricio VALENZUELA / AFP

കറൻസി വിനിമയത്തിനായി സ്വിഫ്റ്റ് സിസ്റ്റത്തിന് പകരമായി പുതിയ സംവിധാനം ചൈന ഒരുക്കിക്കഴിഞ്ഞു. ചൈനാസ് ക്രോസ് ബോർഡർ ഇന്റർബാങ്ക് പേയ്മെന്റ് (സിഐപിഎസ്) സിസ്റ്റം എന്ന ഈ സംവിധാനം പ്രവർത്തനവും ആരംഭിച്ചു. 2019ൽ സിഐപിഎസ് ഒരു ദിവസം 90 രാജ്യങ്ങളിൽ നിന്നുള്ള 980 ധനകാര്യസ്ഥാപനങ്ങളുടെ 135.7 ശതകോടി യുവാന്റെ (20.4 ശതകോടി ഡോളറിന്റെ) ഇടപാടുകളാണ് നടത്തിയിരുന്നത്. സ്വിഫ്റ്റിലെ ഒരു ദിവസത്തെ ഇടപാടുകളുമായി ഇത് താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും, സ്വിഫ്റ്റിന് പകരമായി മറ്റൊരു സംവിധാനം ചൈന ഒരുക്കി എന്നത്, അവരുടെ തന്ത്രങ്ങളെയാണ് വെളിവാക്കുന്നത്.

ചെറുരാജ്യങ്ങളെ ലക്ഷ്യമിട്ട്...

ചൈനയുടെ അടുത്ത ശ്രമം യുവാൻ അവരുടെ അതിർത്തിക്ക് പുറത്തായി (ക്രോസ്-ബോർഡർ) കൂടുതൽ എത്തിക്കുക എന്നുള്ളതാണ്. അതിനായി അവർ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് അവരുമായി ശക്തമായ വാണിജ്യ, സാമ്പത്തിക ഇടപാടുകളുള്ള ചെറു സാമ്പത്തിക രാജ്യങ്ങളെയാണ്. അവർക്കു ചൈനയുമായുള്ള എല്ലാ ഇടപാടുകളും യുവനിൽ നടത്താൻ ആവശ്യപ്പെടും. വലിയ വിലകൊടുത്തു ഡോളർ വാങ്ങികൊണ്ടിരിക്കുന്ന പലപ്പോഴും അമേരിക്കയുടെ വിലക്കിന്റെ രുചി അറിഞ്ഞിട്ടുള്ളവർക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് എന്ന പദ്ധതിയിൽ പങ്കാളികളായ 70 രാജ്യങ്ങളോടും തങ്ങളുമായുള്ള ഇടപാടുകൾ യുവാനിൽ നടത്താൻ പറയും (2013ൽ ചൈന ആരംഭിച്ച രാജ്യാന്തര പശ്ചാത്തല വികസന നികേഷേപ പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്)

യുഎസ് ഡോളർ. ചിത്രം: AFP

രാജ്യത്തെ ഫ്രീ ട്രേഡ് സോണുകളിൽ പ്രവർത്തിക്കുന്ന വിദേശസ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നതാണ് മറ്റൊരു തന്ത്രം. അങ്ങനെ ഈ ഫ്രീ സോണുകളെ ഭാവിയിൽ യുവാനെ അന്താരാഷ്ട്ര ഉപയോഗങ്ങളിൽ എത്തിക്കുന്ന ചാലക ശക്തികളാക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. വിനോദസഞ്ചാരത്തിനും മറ്റ്‌ ആവശ്യങ്ങൾക്കുമായി വിദേശ രാജ്യങ്ങളിൽ പോകുന്ന പൗരന്മാരോട് അവരുടെ യാത്രയിൽ കഴിയുന്നത്ര യുവാൻ ചെലവാക്കാൻ ചൈന പ്രേരിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ നിരോധനം നേരിടുന്ന ചൈനയും റഷ്യയും അവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അവരുടെ കറൻസികളിലൂടെ നടത്താൻ തീരുമാനിച്ചു കഴിഞ്ഞു.

ഇപ്പോൾ ഏതാണ്ട് പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞ ലോകത്തിലെതന്നെ പ്രമുഖ വ്യവസായ കേന്ദ്രമായ ഹോങ്കോങ്ങിനെ യുവാന്റെ അന്താരാഷ്ട്ര ഓപ്പറേഷന്റെ ‘ബേസ്’ ആക്കാനാണ് ചൈന പരിപാടിയിട്ടിരിക്കുന്നത്. ക്യാപിറ്റൽ അക്കൗണ്ട് കൺവെർട്ടിബിലിറ്റി ചൈന നടപ്പാക്കി കഴിഞ്ഞു. അതോടെ ചൈനയിലുള്ള നിക്ഷേപത്തിനുള്ള ധന ഇടപാടുകൾക്ക്‌ ഏത് കറൻസിയും അനുവദിക്കും. ഇത് കൂടുതൽ നിക്ഷേപം രാജ്യത്തിലേക്ക് ആകർഷിക്കുന്നതോടൊപ്പം ഡോളറിന്റെ ആവശ്യം അൽപമായെങ്കിലും കുറയ്ക്കും. സിംഗപ്പുർ ഡോളർ, കൊറിയൻ വോൺ, തായ് ബാത്ത്, റഷ്യൻ റൂബിൾ തുടങ്ങി 12 കറൻസികൾ യുവനിലേക്കു തിരിച്ചും മാറ്റുന്നതിനുള്ള ഫീസ് ചൈന അടുത്തിടെ എടുത്തുകളയുകയും ചെയ്തിരുന്നു!

പിടിച്ചുകുലുക്കുമോ അമേരിക്കൻ ‘വൻതൂണിനെ?’

ഇത്തരത്തിലെല്ലാം യുവാന്റെ ഡിമാൻഡ് ലോകത്ത് പതുക്കെ കൂട്ടികൊണ്ടുവരുക എന്ന തന്ത്രം നടപ്പാക്കിക്കൊണ്ടിരിക്കുയാണ് ചൈന. യുവാൻ ഒരു അന്താരാഷ്ട്ര കറൻസി ആക്കിമാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത മനോരാജ്യം എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. യുവാൻ സർക്കാരിന്റെ അതീവ നിയന്ത്രണത്തിലുള്ള ഒരു കറൻസിയാണ് എന്നതാണ് നിരത്തുന്ന കാരണം. അതൊരു അന്താരാഷ്ട്ര റിസർവ് കറൻസി ആകണമെങ്കിൽ, അതിനെ നിയന്ത്രണങ്ങളിൽനിന്ന് മുക്തമാക്കണം. അതിനു ലോകത്തെവിടയും നിയന്ത്രങ്ങൾ ഇല്ലാതെ എത്തിച്ചേരാൻ കഴിയണം എന്നാണ് അവരുടെ പക്ഷം.

ചൈനയിൽ ആകെ യുവാൻ വ്യാപാരം 1000 കോടി പിന്നിട്ട വിവരം സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നു. ചിത്രം: STR / AFP

എന്നാൽ യുവാൻ സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന് വളരെയധികം മുക്തമായിരിക്കുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. 2015ലെ സ്റ്റാൻഡേർഡ് ആൻഡ് ചാർട്ടേർഡ് ബാങ്കിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത് 2010 മുതൽ രാജ്യാന്തര വ്യാപാരത്തിൽ യുവാന്റെ ഉപയോഗം 21 ഇരട്ടിയായി വർധിച്ചു എന്നാണ്. 2020 ആകുമ്പോഴേക്കും ചൈനയുടെ ചരക്കു വ്യാപാരത്തിന്റെ പകുതിയും യുവാനിലായിരിക്കും നടക്കുക എന്നാണ് റിപ്പോർട്ട് പറയുന്നത്. ഐഎംഎഫ് റിപ്പോർട്ടനുസരിച്ച്, 2016ൽ ഏറ്റവും അധികം ഉപയോഗിച്ച അഞ്ച് കറൻസികളിൽ ഒന്ന് യുവാനാണ്. ഡോളർ, യൂറോ, യെൻ, പൗണ്ട് എന്നിവയാണ് മറ്റു നാല് കറൻസികൾ.

ചൈനയുടെ ഡിജിറ്റൽ യുവാൻ അമേരിക്കൻ അധികാരത്തിന്റെ നെടുംതൂണിനെ കുലുക്കും എന്നാണ് ദ് വാൾസ്ട്രീറ്റ് ജേർണൽ വിലയിരുത്തൽ. ഏറ്റവും പ്രബലമായ റിസർവ് കറൻസിയായ ഡോളറിനെ തകർക്കുക എന്ന ചൈനയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് അമേരിക്കൻ സർക്കാരിലെ ചില ഉന്നതർ ഡിജിറ്റൽ യുവാനെ കാണുന്നത്. അതോടെ ബൈഡൻ ഭരണകൂടം ഡിജിറ്റൽ യുവാൻ പരിപാടി കൂടുതൽ ആഴത്തിൽ നിരീക്ഷിക്കാൻ തുടങ്ങി. ട്രഷറി വിഭാഗം, സ്റ്റേറ്റ് ഡിപ്പാർട്മെന്റ്, പെന്റഗൺ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ എന്നീ ഏജൻസികൾ ഇപ്പോൾ ഡിജിറ്റൽ യുവാനെക്കുറിച്ച് സംയുക്തമായി പഠിക്കുകയാണ്.

ഇനിയും പതിറ്റാണ്ടുകൾ ഡോളർ അതിന്റെ മേൽക്കൈ നിലനിർത്തും എന്ന് വിശ്വസിക്കുന്നവരുണ്ട്. 1944ലെ ബ്രെട്ടൻവുഡ്‌സ് കരാറനുസരിച്ച് ഡോളർ റിസർവ് കറൻസി ആയി മാറിയ അന്നത്തെ അമേരിക്ക അല്ല ഇന്നത്തെ അമേരിക്ക. ലോക ജിഡിപിയിൽ അമേരിക്കയുടെ ഷെയർ താഴേക്കാണ്. ലോകത്തെ പണമിടപാടുകളിൽ 46 ശതമാനത്തോളമേ ഡോളറിൽ നടക്കുന്നുള്ളൂ. വിപണി അനുകൂലമായതുകൊണ്ടാണ് ഡോളർ പരുക്കില്ലാതെ നിൽക്കുന്നത്. വിപണിയിലെ കാലാവസ്ഥ മാറുകയാണ്. മറിച്ച് ചൈനയുടെ സാമ്പത്തിക അടിസ്ഥാനങ്ങളെല്ലാം വളരെ ശക്തമാണ്. പിന്നെ, ജയിച്ചേ മതിയാകു എന്ന അവരുടെ വാശിയും. രാക്ഷസനല്ലേ, യുദ്ധത്തിൽ ഒരു നിയമവും നോക്കില്ല. ജയം മാത്രമായിരിക്കും ലക്ഷ്യം. യുദ്ധത്തിലും, പ്രേമത്തിലും എന്തും ശരിയാണെന്നാണല്ലോ പ്രമാണം. ഈ യുദ്ധത്തിൽ രാക്ഷസൻ ശൂന്യാകാശത്തിൽ കറങ്ങുന്ന അവന്റെ യന്ത്രകൈകളെ കൂടെ കൂട്ടിയാലോ? യുദ്ധം പ്രതീക്ഷിക്കുന്നതിൽ നേരത്തേ തീരും. അത് ലോക സാമ്പത്തിക ഭൂപടം മാറ്റി വരക്കും.

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

English Summary: China Looking to Overtake USA to Become World's Biggest Economic Power