അവിവാഹിതനായ ഒറ്റയാൻ, അപ്രതീക്ഷിത സ്ഥലംമാറ്റം; ആർക്കാണ് സുമിത്തിനെ ഭയം?
ഏതു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ, ഏതറ്റം വരെയും പോകാൻ അദ്ദേഹം സഹപ്രവർത്തകരെ അനുവദിച്ചു. അന്വേഷണ സംഘത്തിൽ കക്ഷിരാഷ്ട്രീയ ഇടപെടലുകളോ സമ്മർദങ്ങളോ ഇല്ലാതിരിക്കാൻ ശക്തമായ പിന്തുണ നൽകി. ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും 3 മന്ത്രിമാരെയും സ്പീക്കറെയുമൊക്കെ... Customs Commissioner Sumit Kumar Gold Smuggling Caase
ഏതു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ, ഏതറ്റം വരെയും പോകാൻ അദ്ദേഹം സഹപ്രവർത്തകരെ അനുവദിച്ചു. അന്വേഷണ സംഘത്തിൽ കക്ഷിരാഷ്ട്രീയ ഇടപെടലുകളോ സമ്മർദങ്ങളോ ഇല്ലാതിരിക്കാൻ ശക്തമായ പിന്തുണ നൽകി. ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും 3 മന്ത്രിമാരെയും സ്പീക്കറെയുമൊക്കെ... Customs Commissioner Sumit Kumar Gold Smuggling Caase
ഏതു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ, ഏതറ്റം വരെയും പോകാൻ അദ്ദേഹം സഹപ്രവർത്തകരെ അനുവദിച്ചു. അന്വേഷണ സംഘത്തിൽ കക്ഷിരാഷ്ട്രീയ ഇടപെടലുകളോ സമ്മർദങ്ങളോ ഇല്ലാതിരിക്കാൻ ശക്തമായ പിന്തുണ നൽകി. ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും 3 മന്ത്രിമാരെയും സ്പീക്കറെയുമൊക്കെ... Customs Commissioner Sumit Kumar Gold Smuggling Caase
കണ്ണൂർ ∙ വിവാദമായ കേസുകളിൽ അന്വേഷണം നടക്കുമ്പോൾ, ഏറ്റവുമൊടുവിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാറും കളം വിടുന്നു. രാജ്യത്തിന്റെതന്നെ ശ്രദ്ധയാകർഷിച്ച നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന് അനുബന്ധമായി റജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസിന്റെ അന്വേഷണം പൂർത്തിയാകും മുൻപാണു സുമിത്കുമാറിനെ ഭിവണ്ടിയിലേക്കു മാറ്റിയിരിക്കുന്നത്. സിപിഎം ബന്ധമുള്ള ഗുണ്ടാസംഘങ്ങളിലേക്ക് നീളുന്ന കോഴിക്കോട് വിമാനത്താവള സ്വർണക്കടത്തു കേസ് അന്വേഷണം സുപ്രധാന ഘട്ടത്തിൽ നിൽക്കുമ്പോഴുമാണു സുമിത്കുമാറിന്റെ മാറ്റം. സ്വർണക്കടത്തു കേസ് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച ജോയിന്റ് കമ്മിഷണർ അനീഷ് രാജൻ, അസി. കമ്മിഷണർ എൻ.എസ്.ദേവ് എന്നിവരെ നേരത്തേതന്നെ സ്ഥലം മാറ്റിയിരുന്നു.
സ്വർണക്കടത്തു കേസിലെ ഉറച്ച നിലപാടുകൾ
നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റജിസ്റ്റർ ചെയ്തതുതന്നെ സുമിത് കുമാറിന്റെ ഉറച്ച നിലപാടിനെ തുടർന്നായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന യുഎഇയുടെ തിരുവനന്തപുരം കോൺസുലേറ്റിലേക്കു വന്ന നയതന്ത്ര പാഴ്സൽ തടഞ്ഞിടാനും തുറന്നു പരിശോധിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങളെല്ലാം മനസ്സിലാക്കിത്തന്നെയായിരുന്നു ഇത്. മുൻപ്, നയതന്ത്ര പാഴ്സലുകളിൽ കൈവച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കെല്ലാം കൈ പൊള്ളിയ ചരിത്രമേയുള്ളൂ. യുഎഇ കോൺസുലേറ്റിൽനിന്നുണ്ടായ കടുന്ന സമ്മർദങ്ങളൊന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല.
പാഴ്സൽ തിരിച്ചയയ്ക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളി. സംശയകരമായ പാഴ്സലിൽനിന്നു 30 കിലോഗ്രാം സ്വർണം കണ്ടെത്തിയതോടെ കസ്റ്റംസ് ഇളക്കിവിട്ടതു വിവാദങ്ങളുടെ കടന്നൽക്കൂടായിരുന്നു. എൻഐഎയും ഇഡിയും ആദായനികുതി വകുപ്പും ഐബിയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനെത്തി. ഇതിനിടെയുണ്ടായ അനാവശ്യ വിവാദങ്ങളുടെ പേരിൽ, ജോയിന്റ് കമ്മിഷണർ അനീഷ് രാജനെയും അസി. കമ്മിഷണർ എൻ.എസ്.ദേവിനെയും സ്ഥലം മാറ്റി. ഇതു സ്വർണക്കടത്ത് കേസ് അന്വേഷണ സംഘത്തിനു തിരിച്ചടിയാവുകയും ചെയ്തു. 2 സ്ഥലംമാറ്റങ്ങളും നടന്നതു സുമിത്കുമാറിന്റെ തലയ്ക്കു മീതെയായിരുന്നു. തടയാൻ അദ്ദേഹത്തിനു സാധിച്ചില്ല. സ്വർണക്കടത്തു കേസ് അന്വേഷണത്തിൽ, നിർണായകമായിരുന്നു ഈ രണ്ടു പേരുടെ സ്ഥലംമാറ്റങ്ങൾ.
പതിവു തെറ്റിച്ചു പ്രതികരണങ്ങൾ, ആരെയും കൂസാതെ
സ്വർണക്കടത്തു കേസ് അന്വേഷണം കക്ഷിരാഷ്ട്രീയക്കാരിലേക്കും സെക്രട്ടേറിയറ്റിലേക്കും ചെന്നെത്തിയപ്പോൾ കേരളത്തിൽ വിവാദക്കൊടുങ്കാറ്റുയർന്നു. പക്ഷേ, അതിലൊന്നും പതറാതെ, ഒരുവേള അതൊക്കെ ആസ്വദിച്ചുതന്നെ അന്വേഷണ സംഘത്തിനു പിറകിൽ കമ്മിഷണർ സുമിത്കുമാറുണ്ടായിരുന്നു. നേരത്തേ മാധ്യമപ്രവർത്തകനായിരുന്ന സുമിത്കുമാറിനു വാർത്തകളുടെ വരയും കുറിയും മസാലക്കൂട്ടുമൊക്കെ കൃത്യമായി അറിയുമായിരുന്നു. നിർത്തേണ്ടയിടത്തു നിർത്തിയും പറയേണ്ടതു പറഞ്ഞും സ്വർണക്കടത്തു കേസിൽ സുമിത്കുമാർ മാധ്യമങ്ങളോടു പരസ്യമായി പ്രതികരിച്ചു.
ഏതെങ്കിലും കേസിനെപ്പറ്റി കസ്റ്റംസ് കമ്മിഷണർമാർ പൊതുവെ പരസ്യ പ്രതികരണത്തിനു മുതിരാറില്ല. പക്ഷേ, കേസിൽ പ്രതിയായ ഏത് ഉന്നതനെയും വെറുതെ വിടില്ലെന്നു പരസ്യമായി പറഞ്ഞു, സുമിത്കുമാർ. അതു വെറും പറച്ചിൽ മാത്രമായില്ല. സ്വർണക്കടത്തു കേസിൽ കോടതിയിൽ കൊടുത്ത റിപ്പോർട്ടുകളിലും കാരണം കാണിക്കൽ നോട്ടിസിലും യുഎഇ കോൺസുലേറ്റിലെ ഏറ്റവും ഉയർന്ന 2 ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിർത്തി കസ്റ്റംസ്. അവരുടെ പങ്കെന്താണെന്നു വ്യക്തമായി അവയിൽ പരാമർശിക്കുകയും ചെയ്തു.
മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, അദ്ദേഹം ദുബായിലേക്കു മടങ്ങിയ ശേഷം കോൺസൽ ജനറലിന്റെ താൽക്കാലിക ചുമതല വഹിച്ച അഡ്മിൻ അറ്റാഷെ റഷീദ് ഖാമിസ് അലി മുസാഖിരി എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ്, വിദേശകാര്യമന്ത്രാലയം വഴി നൽകിയിരിക്കുകയാണു കസ്റ്റംസ്.
കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവനും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് അലി ഷൗക്രി, ഡോളർ കടത്തു കേസിലെ മുഖ്യ പ്രതിയാണ്. കേന്ദ്ര സർക്കാരിനു തന്നെ തലവേദനയുണ്ടാക്കുന്ന തരത്തിലാണു നയതന്ത്ര പ്രതിനിധികൾ സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ പ്രതികളായത്. സമ്മർദങ്ങൾക്കു വഴങ്ങിയിരുന്നുവെങ്കിൽ, നയതന്ത്ര പ്രതിനിധികൾ പ്രതിസ്ഥാനത്തു വരില്ലായിരുന്നു. തന്റെ മൊഴി ചോർന്നതുമായി ബന്ധപ്പെട്ട്, സ്വപ്ന സുരേഷ് മാധ്യമങ്ങൾക്കെതിരെ കോടതിയിൽ നൽകിയ ഹർജിയിൽ, മാധ്യമങ്ങൾക്ക് അനുകൂലമായാണു കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്.
സഹപ്രവർത്തകർക്കു പ്രിയപ്പെട്ടവൻ
സഹപ്രവർത്തകർക്കു പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണു സുമിത്കുമാർ എന്ന ഐആർഎസ് ഓഫിസർ. ഏതു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ, ഏതറ്റം വരെയും പോകാൻ അദ്ദേഹം സഹപ്രവർത്തകരെ അനുവദിച്ചു. അന്വേഷണ സംഘത്തിൽ കക്ഷിരാഷ്ട്രീയ ഇടപെടലുകളോ സമ്മർദങ്ങളോ ഇല്ലാതിരിക്കാൻ ശക്തമായ പിന്തുണ നൽകി.
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും 3 മന്ത്രിമാരെയും സ്പീക്കറെയുമൊക്കെ ബന്ധപ്പെടുത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് കേരളത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്. ആ റിപ്പോർട്ടിൽ, ഒപ്പുവച്ചതു മറ്റാരുമായിരുന്നില്ല, സുമിത്കുമാർ തന്നെയായിരുന്നു. അന്വേഷണ സംഘത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസത്തിന്റെ തുല്യം ചാർത്തൽ മാത്രമായിരുന്നില്ല അത്. കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, മറ്റേതെങ്കിലും ഉദ്യോഗ്സഥൻ അതിൽ ഒപ്പിടുന്നതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു.
സ്വർണക്കടത്തു കേസ് അന്വേഷണം തുടങ്ങിയപ്പോൾ മുതൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ സിആർപിഎഫ് സുരക്ഷ ഏർപ്പാടാക്കാൻ മുൻകയ്യെടുത്തതും സുമിത് കുമാർ തന്നെ. സിആർപിഎഫുകാരെ പിൻവലിച്ചപ്പോൾ, പുനഃസ്ഥാപിക്കാൻ പലതവണ കത്തയയ്ക്കുകയും ചെയ്തു. കോഴിക്കോട് സ്വർണക്കടത്തു കേസിൽ ക്വട്ടേഷൻ സംഘങ്ങളുടെ ബന്ധം വ്യക്തമായപ്പോൾ, കമ്മിഷണറേറ്റിനും സഹപ്രവർത്തകർക്കും വീണ്ടും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയ അദ്ദേഹം. അർജുൻ ആയങ്കിയുടെയും മുഹമ്മദ് ഷാഫിയുടെയും ആകാശ് തില്ലങ്കേരിയുടെയും വീടുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ, സിആർപിഎഫ് സുരക്ഷാ ഭടന്മാരെ ഒപ്പം വിട്ടത് സുമിത്കുമാർ നിർബന്ധം പിടിച്ചാണ്.
കർശന നടപടി
കള്ളക്കടത്തിനു കൂട്ടു നിൽക്കുന്നുവെന്നു വ്യക്തമായാൽ, കീഴുദ്യോഗസ്ഥർക്കെതിരെ കർക്കശ നടപടിയെടുക്കാനും സുമിത്കുമാർ തയാറായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ സിബിഐയും ഡിആർഐയും േചർന്നു നടത്തിയ പരിശോധനയിൽ, കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ഒരു ബാച്ചിലെ മുഴുവൻ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു സുമിത്കുമാർ. പരിശോധന നടന്ന് 24 മണിക്കൂറിനകം 4 പേരെയാണ് സസ്പെൻഡ് ചെയ്തത്. സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണു സസ്പെൻഷനിലായത്. മുകളിൽനിന്നുള്ള കനത്ത സമ്മർദത്തെ അതിജീവിച്ചായിരുന്നു ഇത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയ, സംസ്ഥാനത്തെ മറ്റു പല കേസുകളിലും ഇതേ നിലപാടുതന്നെയായിരുന്നു സുമിത്കുമാറിന്. സംശയത്തിന്റെ നിഴലിലുള്ള ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ നിയോഗിക്കരുതെന്ന് എന്നും ആവശ്യപ്പെടാറുണ്ടായിരുന്നു സുമിത്കുമാർ. ഈ കർക്കശ നിലപാടുകളെല്ലാം സുഹൃത്തുക്കളെക്കാളേറെ ശത്രുക്കളെ സൃഷ്ടിക്കാനാണു സഹായിച്ചതെന്നു മാത്രം.
കള്ളക്കടത്തിനെതിരെ സന്ധിയില്ലാതെ
കള്ളക്കടത്തുകാർക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു സുമിത്കുമാറിന്റേത്. ഒരുപക്ഷേ, അമിതാവേശമെന്നു വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള പോരാട്ടം. തിരുവനന്തപുരം വിമാനത്താവളത്തിൽ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ വിദേശനിർമിത വിദേശമദ്യഷോപ്പിന്റെ േകസോടെയാണു സുമിത്കുമാർ ശ്രദ്ധയാകർഷിക്കുന്നത്. കേസിന്റെ അന്വേഷണവുമായോ അന്വേഷണ സംഘവുമായോ നേരിട്ടു കമ്മിഷണർക്കു ബന്ധമില്ല. പക്ഷേ, പ്ലസ് മാക്സ് അന്വേഷണ സംഘത്തിന് ഏതറ്റം വരെയും പോകാൻ ധാർമിക പിന്തുണ നൽകിയും ആവശ്യമായ അനുമതികൾ കേന്ദ്രത്തിൽനിന്നു സംഘടിപ്പിച്ചും അന്വേഷണ സംഘത്തിന് അനുകൂലമായ റിപ്പോർട്ടുകൾ തയാറാക്കിയും അദ്ദേഹം നിലപാടു വ്യക്തമാക്കി.
മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിൽ മദ്യം നൽകിയതായി രേഖയുണ്ടാക്കി, പ്ലസ് മാക്സ് 3 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചുവെന്നായിരുന്നു കസ്റ്റംസിന്റെ കേസ്. ഈ കേസിൽ, പ്ലസ് മാക്സിന്റെ പരാതിയെ തുടർന്ന് ഡ്യൂട്ടി ഫ്രീ ഷോപ് തുറക്കാൻ മേലുദ്യോഗസ്ഥനായ കസ്റ്റംസ് ചീഫ് കമ്മിഷണർ ഉത്തരവിട്ടെങ്കിലും സുമിത്കുമാർ അനുസരിച്ചില്ല. ഷോപ് തുറക്കാൻ സുമിത്കുമാർ അനുവദിച്ചില്ല.
ഇക്കാര്യത്തിൽ, ചീഫ് കമ്മിഷണറുടെ ഉത്തരവിനെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകാൻ പോലും ധൈര്യം കാണിച്ചു, കീഴുദ്യോഗസ്ഥനായ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ. കേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോർജിനെയും കസ്റ്റംസ് പ്രതി ചേർത്തിരുന്നു. കള്ളക്കടത്തു കേസുകളുടെ അന്വേഷണത്തിൽ, സഹപ്രവർത്തകർക്ക് ഇത്രമാത്രം ഊർജവും പിന്തുണയും പകർന്ന കമ്മിഷണർ വേറെയില്ലെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർതന്നെ പറയുന്നു.
ആക്രമണഭീഷണി?
സുമിത്കുമാറിനു നേരെ ആക്രമണ ഭീഷണിയുണ്ടെന്ന കസ്റ്റംസ് പരാതിയിൽ കൊണ്ടോട്ടിയിൽ ഒരു കേസും കൊച്ചിയിൽ 3 കേസുകളും നിലവിലുണ്ട്. സ്വർണക്കടത്തു സംഘം ആക്രമിക്കാൻ ശ്രമിച്ചുവെന്നും വഴിയിൽ തടഞ്ഞെന്നുമാണു കൊണ്ടോട്ടിയിലെ പരാതിയിൽ പറയുന്നത്. പക്ഷേ, ഇക്കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. കൊച്ചിയിലും സമാന രീതിയിലാണു പരാതി. ഇവിടെയും അക്രമിസംഘത്തെ പറ്റി പൊലീസിനു തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
സ്ഥലം മാറ്റം അനവസരത്തിലോ?
2017ലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായി സുമിത്കുമാർ കൊച്ചിയിൽ ചുമതലയേൽക്കുന്നത്. 3 വർഷം പൂർത്തിയായതിനാൽ, സ്ഥലംമാറ്റത്തിൽ സാങ്കേതികമായി പ്രശ്നമൊന്നുമില്ല. പതിവു സ്ഥലം മാറ്റമാണെന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതും. പക്ഷേ, ഏറെ വിവാദമുയർത്തിയ ഡോളർ കടത്തു കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നിൽക്കുകയാണ്.
സിപിഎം ബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങൾക്കു പങ്കുണ്ടെന്നു വ്യക്തമായ കോഴിക്കോട് വിമാനത്താവള സ്വർണക്കടത്തു കേസ് അന്വേഷണവും നിർണായക ഘട്ടത്തിലാണ്. ഇതുരണ്ടും പരിഗണിച്ചു സുമിത്കുമാറിനെ മാറ്റാതിരിക്കാമായിരുന്നു എന്ന അഭിപ്രായക്കാരാണു സഹപ്രവർത്തകരിൽ പലരും. മാറ്റിയതെന്തു കൊണ്ടാണെന്നതിനെ പറ്റിയുള്ള അഭ്യൂഹങ്ങളും കിംവദന്തികളും ചർച്ചകളിൽ നിറയുന്നുമുണ്ട്. മാറ്റം അന്വേഷണത്തെ എത്രകണ്ടു ബാധിക്കുമെന്നതു കണ്ടറിയേണ്ട കാര്യമാണ്.
അവിവാഹിതനായ ഒറ്റയാൻ
അവിവാഹിതനാണു സുമിത്കുമാർ. സിവിൽ സർവീസുകാരുടെ കുടുംബത്തിൽനിന്നുള്ളയാൾ. ബിഹാറിൽ വേരുകളുള്ള കുടുംബ പശ്ചാത്തലം. സുമിത്കുമാർ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. നിയമത്തിൽ, ന്യൂയോർക്ക് സർവകലാശാലയിൽനിന്നു ബിരുാദനന്തര ബിരുദം നേടിയിട്ടുണ്ട്, ഈ മുൻകാല പത്രപ്രവർത്തകൻ.
English Summary: How Customs Preventive Commissioner Sumit Kumar Brings Changes in Kerala Gold/Dollar Smugglig Case?