1996ൽ അമ്പലപ്പുഴയിലെ വീട്ടിൽ വാക്കുകൾ കിട്ടാതെ ഇരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആരും മറക്കില്ല. മാരാരിക്കുളം പോലെ ഉറച്ച സിപിഎം മണ്ഡലത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ് പരാജിതനായി. ആരു ജയിച്ചു എന്നത് അന്നും ഇന്നും വാർത്തയല്ല. സിപിഎമ്മിനെ അടിപതറാത്ത സംഘടനാ സംവിധാനമാക്കി ഏറെക്കാലം മുന്നോട്ടു നയിച്ച അതേ നേതാവിനാണ് വാക്കുകൾ കിട്ടാത്ത അവസ്ഥയുണ്ടായത്...G Sudhakaran news, Manorama Online

1996ൽ അമ്പലപ്പുഴയിലെ വീട്ടിൽ വാക്കുകൾ കിട്ടാതെ ഇരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആരും മറക്കില്ല. മാരാരിക്കുളം പോലെ ഉറച്ച സിപിഎം മണ്ഡലത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ് പരാജിതനായി. ആരു ജയിച്ചു എന്നത് അന്നും ഇന്നും വാർത്തയല്ല. സിപിഎമ്മിനെ അടിപതറാത്ത സംഘടനാ സംവിധാനമാക്കി ഏറെക്കാലം മുന്നോട്ടു നയിച്ച അതേ നേതാവിനാണ് വാക്കുകൾ കിട്ടാത്ത അവസ്ഥയുണ്ടായത്...G Sudhakaran news, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1996ൽ അമ്പലപ്പുഴയിലെ വീട്ടിൽ വാക്കുകൾ കിട്ടാതെ ഇരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആരും മറക്കില്ല. മാരാരിക്കുളം പോലെ ഉറച്ച സിപിഎം മണ്ഡലത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ് പരാജിതനായി. ആരു ജയിച്ചു എന്നത് അന്നും ഇന്നും വാർത്തയല്ല. സിപിഎമ്മിനെ അടിപതറാത്ത സംഘടനാ സംവിധാനമാക്കി ഏറെക്കാലം മുന്നോട്ടു നയിച്ച അതേ നേതാവിനാണ് വാക്കുകൾ കിട്ടാത്ത അവസ്ഥയുണ്ടായത്...G Sudhakaran news, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ പി.കെ. ചന്ദ്രാനന്ദൻ എന്ന മുൻ സിപിഎം ജില്ലാ സെക്രട്ടറി ജോലി ചെയ്തു കഴിയുമ്പോൾ അർധരാത്രിയായി വണ്ടികളൊക്കെ പോയിട്ടുണ്ടാവും. തെക്ക് ഭാഗത്തേക്ക് പോകുന്ന ഏതെങ്കിലും ചരക്കുലോറി കൈകാണിച്ച് നിർത്തി അതിൽ കയറി അമ്പലപ്പുഴയിലിറങ്ങും. അവിടെനിന്ന് വീട്ടിലേക്ക് നടക്കും. ത്യാഗിയായ ആ കമ്യൂണിസ്റ്റുകാരന്റെ വ്യക്തിത്വത്തിന് മാറ്റു കൂട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ അറിവ്. പുന്നപ്ര– വയലാർ സമരത്തിൽ നേരിട്ടു പങ്കെടുത്ത അപൂർവം സിപിഎം നേതാക്കളിലൊരാളായിരുന്നു ചന്ദ്രാനന്ദൻ. മറ്റു പ്രമുഖരെല്ലാം പിളർപ്പിനെ തുടർന്ന് സിപിഐ പക്ഷത്തായിരുന്നു. 

ഇതൊക്കെയാണെങ്കിലും വളരെ ശ്രമകരമായാണ് അദ്ദേഹം ആലപ്പുഴയിൽ പിടിച്ചുനിന്നതെന്നാണ് ചരിത്രം. ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം ഒക്കെ ആയെങ്കിലും കേരളം ഭരിക്കുന്ന ഉന്നത പദവികളിലേക്കൊന്നും അദ്ദേഹം എത്തിപ്പെട്ടില്ല. അദ്ദേഹം വളർന്നുപോകാത്തതിനു പിന്നിലും ആലപ്പുഴയിലെ വിഭാഗീയതയുടെ സ്പർശമേറ്റ രാഷ്ട്രീയമുണ്ടായിരുന്നു. ഇല്ലാതാക്കാൻ മറ്റുള്ളവർക്ക് കഴിയാത്ത വ്യക്തിത്വമായതിനാൽ ചന്ദ്രാനന്ദൻ തുടർന്നു. എന്നാൽ മറ്റു പലരുടേയും കഥ അങ്ങനെയായില്ല. 

ADVERTISEMENT

ആലപ്പുഴയുടെ രാഷ്ട്രീയം

കനൽ മൂടിക്കിടക്കുകയും പിന്നെ ഇടവേളകളോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്ട്രീയം. 50 വർഷമായി വിഭാഗീയതയുടെ വാർത്തകൾക്കൊപ്പമാണ് ആലപ്പുഴ സിപിഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തിരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാർട്ടിക്ക്. ഏറ്റവും ഒടുവിൽ ജി. സുധാകരനെതിരായ നടപടികളുടെ അടക്കംപറച്ചിലുകളോടെ ആലപ്പുഴ രാഷ്ട്രീയം ചൂടാകുകയാണ്. ചരിത്രം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കും. ആലപ്പുഴയിലും ചരിത്രം ആവർത്തിക്കുകയാണ്. 

ആലപ്പുഴയിലെ പുന്നപ്ര-വയലാർ സ്‌മാരകം. ചിത്രം: മനോരമ

വിഎസ് എന്നും കേന്ദ്രബിന്ദു

1996ൽ അമ്പലപ്പുഴയിലെ വീട്ടിൽ വാക്കുകൾ കിട്ടാതെ ഇരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആരും മറക്കില്ല. മാരാരിക്കുളം പോലെ ഉറച്ച സിപിഎം മണ്ഡലത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ് പരാജിതനായി. ആരു ജയിച്ചു എന്നത് അന്നും ഇന്നും വാർത്തയല്ല. സിപിഎമ്മിനെ അടിപതറാത്ത സംഘടനാ സംവിധാനമാക്കി ഏറെക്കാലം മുന്നോട്ടു നയിച്ച അതേ നേതാവിനാണ് വാക്കുകൾ കിട്ടാത്ത അവസ്ഥയുണ്ടായത്.

ADVERTISEMENT

അന്വേഷണവും നടപടികളും മുറയ്ക്കു നടന്നു. എന്നാൽ പിന്നീടൊരിക്കലും വി.എസ് ആലപ്പുഴയിൽ മത്സരിക്കാൻ ധൈര്യം കാണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ആലപ്പുഴയുടെ ചതിക്കുഴിക്കളെ വി.എസും ഭയന്നു. അതിനെപ്പറ്റി ഏറ്റവും ബോധ്യമുള്ളയാളും വി.എസ്ത‌ന്നെയായിരുന്നു. അഞ്ചു പതിറ്റാണ്ടോളമായി ആ രാഷ്ട്രീയത്തിലൂടെയാണല്ലോ വി.എസും നീന്തിക്കടന്നുപോയത്. 

കെ.ആർ.ഗൗരിയമ്മ, വി.എസ്.അച്യുതാനന്ദൻ

എഴുപതുകളുടെ ആദ്യം. ആലപ്പുഴയിലെ സിപിഎം ചന്ദ്രാനന്ദനും സിബിസി വാര്യരും അടക്കമുള്ളവരുടെ സ്വാധീനത്തിലായിരുന്നു അക്കാലത്ത്. ഉന്നതരായിരുന്നു ഇരുവരും. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു വി.എസ് പ്രവർത്തിച്ചിരുന്നത്. ക്രമേണ 3 കമ്മിറ്റികൾ വി.എസ് അച്യുതാനന്ദന്റെ സ്വാധീനത്തിലേക്ക് വന്നു. ആലപ്പുഴ ടൗൺ കമ്മിറ്റി, കായംകുളം ടൗൺ, ചെങ്ങന്നൂർ ടൗൺ എന്നിവയായിരുന്നു അവ. പിന്നാലെ ജില്ലാ കമ്മിറ്റി ആക്രമണം നേരിട്ടുതുടങ്ങി. അതിന്റെ ആദ്യ വെടിപൊട്ടിയത് സിബിസി വാര്യർക്ക് എതിരായ നീക്കത്തിലൂടെയായിരുന്നു.

‘സിബിസി വാര്യരെ സസ്പെൻഡ് ചെയ്തിരിക്കുന്നു’

ജില്ലാ സമ്മേളനം അറവുകാട് സ്കൂളിൽ നടക്കുകയാണ്. വൈകിട്ട് ഉദ്ഘാടനം കഴിഞ്ഞശേഷം ഭക്ഷണത്തിനായി യോഗം പിരിഞ്ഞു. അപ്പോഴാണ് എസ്. രാമചന്ദ്രൻ പിള്ളയുടെ അനൗൺസ്മെന്റ് മൈക്കിലൂടെ പ്രതിനിധികൾ കേട്ടത്– സഖാക്കളെ, ഒരു സുപ്രധാനകാര്യം അറിയിക്കുകയാണ്. സഖാവ് സിബിസി വാര്യരെ പാർട്ടിയിൽനിന്ന് സസ്പെ‍‍ൻഡ് ചെയ്തിരിക്കുന്നു. ഞെട്ടലുണ്ടാക്കുന്നതായിരുന്നു ആ നീക്കം.

ADVERTISEMENT

മാവേലിക്കരയിൽനിന്നുള്ള, പിൽക്കാലത്ത് എംഎൽഎ ആയ ഗോവിന്ദക്കുറുപ്പ് ആയിരുന്നു വാര്യർക്കെതിരെ പരാതി നൽകിയിരുന്നത്. ബാർ അനുവദിക്കാനായി 5000 രൂപ കൈക്കൂലി വാങ്ങി എന്നതായിരുന്നു പരാതി. അപമാനിതനായ സിബിസി വാര്യർ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്കു പോയി. കേരള രാഷ്ട്രീയത്തിലും നിയമസഭയിലും കോളിളക്കം സൃഷ്ടിക്കുന്ന പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു സിബിസി വാര്യർ. എഴുപതുകളിൽ സിപിഎമ്മിന്റെ ഫയർബ്രാൻഡ്. 1967, 70, 80 വർഷങ്ങളിൽ ഹരിപ്പാട് നിന്ന് ജയിച്ചു. 12 വർഷം നിയമസഭാ സാമാജികനായിരുന്നു. ഒന്നാന്തരം എന്നു പറയാമായിരുന്ന നേതാവായിരുന്നു വാര്യർ. ആ വെല്ലുവിളി അതോടെ അവസാനിച്ചു.  

സിബിസി വാര്യർ. ചിത്രം: മനോരമ

ചരിത്രം ഒരു തവണ കറങ്ങിവന്നു. പിൽക്കാലത്ത് വി.എസ് പക്ഷവും ഔദ്യോഗിക പക്ഷവുമായി ചേരിതിരിഞ്ഞ കാലത്ത് വി.എസ് പക്ഷത്തിനൊപ്പമായി സിബിസി. വി.എസ് പക്ഷത്തിന് എതിരെ നടപടികൾ വന്ന കാലത്ത് വെട്ടിനിരത്തലിന് വാര്യരും ഇരയായി. 2007ൽ അവ‍‍ർക്കൊപ്പം ജില്ലാ കമ്മിറ്റിയിൽനിന്നു പുറത്തായി. ജില്ലാകമ്മിറ്റി അംഗവും ഔദ്യോഗിക പക്ഷക്കാരനുമായ ടി.കെ. ദേവകുമാർ ഹരിപ്പാട്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ ഫലമായിരുന്നു അത്.

പൊളിറ്റ്‌ബ്യൂറോയുടെ നിർദേശമനുസരിച്ചു സംസ്‌ഥാന കമ്മിറ്റിക്കു വാര്യരെ പാർട്ടിയിലേക്കു തിരികെ എടുക്കേണ്ടതായി വന്നു, ഏരിയാ കമ്മിറ്റിയിൽ. എന്നാൽ പ്രമുഖനായ ആ നേതാവിന് പിന്നെ ഉയരാനായില്ല. ബെംഗളൂരുവിലെ മകന്റെ വീട്ടിൽവച്ച് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കാലം പലരും ഓർത്തുവെന്നു മാത്രം. 

ഗൗരിയമ്മയ്ക്ക് എതിരെ ‘ആക്ഷേപം’

പാർലമെന്ററി വ്യാമോഹം, ഇതായിരുന്നു ആദ്യ നിയമസഭ മുതൽ കണ്ട ഗൗരിയമ്മയ്ക്ക് എതിരെ ഉയർന്ന ‘ആക്ഷേപം’. പാർട്ടിയുടെ മുകൾത്തട്ടിൽനിന്നുള്ള അപ്രീതിയാണ് സിപിഎമ്മിന്റെ എക്കാലത്തെയും സ്റ്റാർ നേതാവായിരുന്ന ഗൗരിയമ്മയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. എന്നാൽ അതിനു വേണ്ട ‘ഗ്രൗണ്ട് വർക്ക്’ നടന്നത് ആലപ്പുഴയിൽ ആയിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ ദേശാഭിമാനി ലേഖകനായിരുന്ന ജി. ശക്തിധരൻ ഇക്കാര്യം അടുത്തിടെ പുറത്തുപറഞ്ഞിരുന്നു.

ഗൗരിയമ്മയെ പുറത്താക്കുന്നതിനു മുന്നോടിയായി ശക്തിധരനെ എകെജി സെന്ററിൽ വിളിച്ചുവരുത്തിയ പാർട്ടി ഉന്നതർ അദ്ദേഹത്തിനു മുന്നിൽ ഗൗരിയമ്മയ്ക്ക് എതിരായ പാരാതികളുടെയും അന്വേഷണ റിപ്പോർട്ടുകളുടെയും കൂമ്പാരം തന്നെ നൽകി. അവയെല്ലാം ആലപ്പുഴയിൽനിന്നുതന്നെ വന്നതായിരുന്നു. ഗൗരിയമ്മയുടെ കാലത്ത് ജില്ലാ കൗൺസിൽ പ്രസിഡന്റ് ആയിരുന്നു ജി. സുധാകരൻ. ഗൗരിയമ്മ എന്ന എംഎൽഎ ആണോ ജില്ലാ കൗൺസിൽ പ്രസിഡന്റ് ആണോ അധികാരത്തിൽ മുന്നിൽ എന്നായിരുന്നു അക്കാലത്ത് ചർച്ചയായ ഒരു തർക്കം എന്ന് ഇന്ന് ആലോചിക്കുമ്പോൾ ആർക്കും കൗതുകം തോന്നും.

ജി. സുധാകരൻ, പിണറായി വിജയൻ, കെ. ആർ ഗൗരിയമ്മ. ചിത്രം: മനോരമ

1992 ഡിസംബർ ആറിനാണു സംസ്‌ഥാന കമ്മിറ്റി ഗൗരിയമ്മയെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തുന്നത്. യുഡിഎഫ്. സർക്കാർ അധികാരത്തിലിരുന്ന വേളയിൽ ആലപ്പുഴ വികസനത്തിനു രൂപീകരിച്ച സമിതിയിൽ ഗൗരിയമ്മ ഭാഗഭാക്കായത് ഒരു കാരണം മാത്രമായിരുന്നു. ’93 ആദ്യം അവർ പാർട്ടിയിൽനിന്നു പൂർണമായി ഒഴിവാക്കപ്പെട്ടു. ചന്ദ്രാനന്ദനും കെ.കെ. കുമാരനും ഒക്കെ ജില്ലാ സെക്രട്ടറിമാർ ആയിരിക്കുമ്പോൾ പാർട്ടിക്കു വേണ്ട ധനസമാഹരണം അടക്കമുള്ള ചുമതലകൾ ചെയ്തിരുന്നത് ഗൗരിയമ്മയായിരുന്നു.

സംസ്ഥാനം മുഴുവനുമുള്ള പാർട്ടിക്കാരുടെ അഭിലാഷങ്ങളെ നിരാകരിച്ചുകൊണ്ടാണ് ഗൗരിയമ്മയ്ക്ക് എതിരെ വിഭാഗീയ നീക്കമുണ്ടായത്. അക്കാലത്ത് സിപിഎമ്മിൽ മേധാവിത്വം ഉണ്ടായിരുന്നത് സിഐടിയു വിഭാഗത്തിനാണ്. അവർക്ക് തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഗൗരിയമ്മയുടെ പ്രവർത്തനരീതി പിടിച്ചില്ല. പിൽക്കാലത്ത് വിഎസ് തരംഗത്തിന്റെ കാലത്ത് ഇതേ സിഐടിയു വിഭാഗം നേതാക്കൾ പുറത്തേക്കു പോകുകയോ അപ്രസക്തരാകുകയോ ചെയ്തു. 

ആഞ്ചലോസ് അപ്രസക്തനായില്ല

1997. ആഞ്ചലോസ് സിപിഐയിൽ ചേരുന്ന വാർത്തകൾ വന്നപ്പോൾ അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ പറഞ്ഞത് പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും എന്നായിരുന്നു. ആ ഭീഷണി സി.കെ. ചന്ദ്രപ്പൻ ഒരു ചിരിയിലൊതുക്കി. ആലപ്പുഴയുടെ പുത്രനായ സി.കെ. ചന്ദ്രപ്പൻ ഇടപെട്ടാണ് ആഞ്ചലോസിനെ സിപിഐയിലേക്ക് കൊണ്ടുവന്നത്. ഒരു കമ്യൂണിസ്റ്റുകാരനെ കമ്യൂണിസ്റ്റു വിരുദ്ധ താവളത്തിലേക്ക് തള്ളിവിടരുതെന്നായിരുന്നു ചന്ദ്രപ്പന്റെ നയം. അതിനാൽ വിഎസ് അച്യുതാനന്ദന്റെ ‘മീൻ പെറുക്കി ചെറുക്കന്റെ’ രാഷ്ട്രീയം അവസാനിച്ചില്ല. സിപിഐ ജില്ലാ സെക്രട്ടറി പദവിയിലേക്ക് ആഞ്ചലോസ് എത്തി. 

സി.കെ.ചന്ദ്രപ്പൻ

കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആയിരിക്കെയാണ് യുവത്വത്തിന്റെ ഗ്ലാമറോടെ 1987ൽ മാരാരിക്കുളത്ത് ആഞ്ചലോസ് മത്സരിച്ചത്. അപ്പോൾ 25 വയസ്സ്. 1991 ആയപ്പോൾ മാരാരിക്കുളത്ത് വിഎസ് മത്സരിച്ചു. ലോക്സഭയിലേക്ക് മത്സരിച്ച ആഞ്ചലോസ് വക്കം പുരുഷോത്തമനെ തോൽപിച്ച് ജയന്റ് കില്ലറായി. എന്നാൽ 1996 ആയപ്പോഴേയ്ക്കും കാലം മാറി. സുധീരനോട് ആഞ്ചലോസ് തോറ്റു, മാരാരിക്കുളത്ത് വി.എസും.

വി.എസിന്റെ തോൽവിയോടെ നടപടികൾക്ക് തുടക്കമിട്ടു. ആഞ്ചലോസും അതിൽ ഉൾപ്പെട്ടു. അടുത്തതവണ സി.എസ്. സുജാതയാണ് മത്സരിച്ചത്. അത്തവണ സുജാതയ്ക്ക് വോട്ടുകുറഞ്ഞു എന്ന ആരോപണം ആഞ്ചലോസിൽ ചുമത്തി. പുറത്തേക്ക് പോയി. സിപിഐയിൽ വന്ന ശേഷം ആലപ്പുഴ മത്സരിച്ചപ്പോൾ സിപിഎം വോട്ടുമറിച്ചെന്ന പരാതിയും അന്വേഷണവും പിൽക്കാലത്ത് ഉണ്ടായി. 

സുശീല ഗോപാലന് അകന്നുപോയ അവസരം 

1996ൽ വിഎസ് മാരാരിക്കുളത്ത് തോറ്റു. അതോടെ പാർട്ടിക്ക് മറ്റൊരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടിയിരുന്നു. ഗൗരിയമ്മയെപ്പോലെ മുഖ്യമന്ത്രി പദവിയിലേക്കു പരിഗണിക്കപ്പെടും എന്നു കരുതിയ നേതാവാണ് സുശീല ഗോപാലൻ. നിരവധി തവണ ലോക്സഭാംഗവും നിയമസഭാംഗവുമായ പ്രഗത്ഭ. ആലപ്പുഴയുടെ പുത്രി. അവർ അത്തവണ ജയിച്ചിരുന്നു. മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിച്ചത് സംസ്‌ഥാന കമ്മിറ്റിയിലെ വോട്ടെടുപ്പായിരുന്നു. ഇ.കെ. നായനാരും സുശീലയുമായിരുന്നു സ്‌ഥാനാർഥികൾ.

ഇ.കെ.നായനാർ

അന്നു കരുത്തരായിരുന്ന സിഐടിയു പക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന സുശീലയ്‌ക്ക് സ്ഥാനം ഉറപ്പായിരുന്നു. എന്നാൽ വെറും രണ്ടു വോട്ടിന് ആ അവസരം അകന്നുപോയി. തന്നെ പരാജയപ്പെടുത്തിയ സിഐടിയു വിഭാഗത്തിന് അവസരം കിട്ടരുതെന്ന് വി.എസ് ചിന്തിച്ചതോടെയാണ് സുശീല പരാജിതയായത്. വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയം ഗ്രൂപ്പിൽ അധിഷ്ഠിതമാണെന്ന് പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുള്ള ആളായിരുന്നു സുശീല. 

ജി. സുധാകരനും ശൈലീമാറ്റവും

കൊല്ലത്ത് എംഎ പഠനത്തിന്റെ തുടക്കത്തിൽ രാഷ്ട്രീയത്തിൽ അത്ര സജീവമായിരുന്നില്ല ജി. സുധാകരൻ. രണ്ടാം വർഷം ആയപ്പോഴേക്കും കൊല്ലം ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ എൻ. ശ്രീധരന്റെ സ്വാധീനത്തിൽ പെട്ടു. പിന്നീട് ആലപ്പുഴയിൽ വന്ന് സജീവമായി. തൊഴിലാളി വർഗ ശൈലിയല്ല സുധാകരന്റേതെന്ന് എന്നായിരുന്നു പാർട്ടിയിലെ എതിരാളികളുടെ തുടക്കം മുതലേയുള്ള പറച്ചിൽ. മാടമ്പി രീതിയാണെന്നും ആരോപണങ്ങളുയർന്നു. ഒരു മാടമ്പി കുടുംബത്തിലല്ല അദ്ദേഹം ജനിച്ചത് എന്നത് മറ്റൊരു വസ്തുത. കൂടെ നിൽക്കുന്നവരെ സഹായിക്കുന്നതാണ് ആ ശൈലി.

കൂടെ നിൽക്കുന്ന പലരും സംശുദ്ധിയും ശേഷിയും ഉള്ളവർ ആയിരുന്നില്ല. ജനകീയനെങ്കിലും കലഹപ്രിയനായ നേതാവ്. മുൻപറഞ്ഞ ചുഴികളും മലരികളും നിറഞ്ഞ രാഷ്ട്രീയത്തിൽ ജി. സുധാകരനും ഏതെങ്കിലും വശത്ത് ഉണ്ടായിരുന്നു. ഗൗരിയമ്മ പുറത്താകുമ്പോഴും ആഞ്ചലോസ് പുറത്തേക്ക് പോകുമ്പോഴും വി.എസ് തോൽക്കുമ്പോഴും ജി. സുധാകരൻ ആലപ്പുഴയിൽ ശക്തനായ നേതാവായിരുന്നു. ജില്ലയിൽനിന്നുള്ള മന്ത്രിയും എംപിയും അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വളർന്നുവന്നവരാണ്. എന്നാൽ വോട്ടുകുറഞ്ഞു എന്ന ആരോപണവും അതേപ്പറ്റിയുള്ള ചർച്ചകളും അദ്ദേഹത്തിന് എതിരായ നീക്കങ്ങളുടെ തുടക്കം ആണ്. 

ജി.സുധാകരൻ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം.

സംശുദ്ധം എന്ന് പറയാവുന്ന പ്രതിച്ഛായയാണ് സുധാകരന്. അതിന് ജനസമ്മതിയുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നീങ്ങണമെങ്കിൽ ആ പ്രതിഛായ തകർക്കണം. തിരഞ്ഞെടുപ്പിന് മുഴുവൻ ഫണ്ടും കൈമാറിയില്ല എന്ന ആരോപണം മുഖ്യമായും ഉയർത്തുന്നതിനു കാരണവും അതാണ്. സംസ്ഥാന നേതൃത്വത്തിന്റെ ആശീർവാദത്തോടെയാണ് ഒരു വിഭാഗം അദ്ദേഹത്തിന് എതിരെ തിരിയുന്നതെന്ന വാദത്തിനാണ് വിശ്വാസ്യത കൂടുതൽ. 

ഇനിയെന്ത്? 

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ജി. സുധാകരൻ പോയില്ല. പകരം കാർത്തികപ്പള്ളിയിൽ ആയുർവേദ ചികിത്സയിലേക്ക് കടന്നു. മനസ്സിനു പിടിക്കാത്ത കാര്യങ്ങൾ വരുമ്പോൾ പ്രതിഷേധിക്കുന്നതാണ് ആ ശൈലി. അതിനാൽ ഏതെങ്കിലും തരത്തിലുള്ള തരംതാഴ്ത്തൽ നടപടിയുണ്ടായാൽ ജി. സുധാകരന് പാർട്ടിക്കുള്ളിൽ നിൽക്കാൻ ബുദ്ധിമുട്ടു വരും. പാർട്ടിയുടെ രീതി അനുസരിച്ച് കൂടെ നിൽക്കാനും ആരുമുണ്ടാകില്ല. മറ്റുള്ളവർക്ക് വിധേയനായി നിൽക്കുന്ന ശൈലി അദ്ദേഹത്തിന് പരിചിതമല്ല. ചുരുക്കത്തിൽ, കീഴടങ്ങി നിൽക്കാൻ സുധാകരന് ആവില്ല.

2016ൽ പുന്നപ്ര വയലാൽ വാർഷിക വാരാചരണത്തിൽ ജി.സുധാകരൻ, വി.എസ്.അച്യുതാനന്ദൻ തുടങ്ങിയവർ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം.

സംസ്ഥാനത്ത് ഏറ്റവും വലിയ വിജയം നേടിയ ആലപ്പുഴ ജില്ലയിൽ ‘തോൽവി പഠിക്കാൻ’ കമ്മിഷൻ വരുന്നതിന്റെ സാംഗത്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. വോട്ടുകുറവ് സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഉണ്ടായി. എന്നാൽ ഏറ്റവും മികച്ച പ്രതിഛായയുള്ള വ്യക്തിക്കെതിരെ ആണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴയുടെ വിഭാഗീയ രാഷ്ട്രീയത്തിന് ഇതിനേക്കാൾ നല്ല തെളിവ് വേറെയില്ല.

തിരഞ്ഞെടുപ്പിനു ശേഷം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സുധാകരൻ അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്നു. ചർച്ചകൾ ഉപസംഹരിച്ച സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞത് 20 വർഷത്തിനു ശേഷം ആദ്യമായി ഉൾപ്പാർട്ടി ചർച്ച നടന്നു എന്നായിരുന്നു. അതൊരു സൂചനയാണ്. ചർച്ചകൾക്കൊപ്പം ഒരുപാട് സംഭവങ്ങൾ പുറത്തുവന്നേക്കാം. ജി. സുധാകരന് പാർട്ടിയുടെ പുറത്തേക്കുള്ള വഴിയാണ് തെളിയുന്നതെങ്കിൽ ആലപ്പുഴയിലെ ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലെ ഇരയായി അദ്ദേഹം മാറും. 

English Summary:  Is G Sudhakaran a Victim of Alappuzha Group Politics? History of Group Politics in Alppuzha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT