ചരിത്രം ‘പറന്നു’, റെക്കോർഡുകളുടെ ബഹിരാകാശത്ത് ജെഫ് ബെസോസ്; ഇതെങ്ങനെ?
സീറോ ഗ്രാവിറ്റിയിൽ ക്യാപ്സൂളിൽ പറക്കുന്ന ആ സമയത്താണു പ്രശ്നം. ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരു അനുഭവത്തിലേക്ക് സംഘമെത്തുക. അതിനാൽത്തന്നെ മാനസികമായ ആവേശത്തള്ളിച്ചയിൽ ചില നിർണായക നിർദേശങ്ങൾ പോലും ശ്രദ്ധിക്കാനാകാതെ വരും. അസാധാരണ ശബ്ദങ്ങൾ ഭയപ്പെടുത്തും. യാത്രികൾ ബോധംകെടാനോ... Jeff Bezos Space Flight Live Updates
സീറോ ഗ്രാവിറ്റിയിൽ ക്യാപ്സൂളിൽ പറക്കുന്ന ആ സമയത്താണു പ്രശ്നം. ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരു അനുഭവത്തിലേക്ക് സംഘമെത്തുക. അതിനാൽത്തന്നെ മാനസികമായ ആവേശത്തള്ളിച്ചയിൽ ചില നിർണായക നിർദേശങ്ങൾ പോലും ശ്രദ്ധിക്കാനാകാതെ വരും. അസാധാരണ ശബ്ദങ്ങൾ ഭയപ്പെടുത്തും. യാത്രികൾ ബോധംകെടാനോ... Jeff Bezos Space Flight Live Updates
സീറോ ഗ്രാവിറ്റിയിൽ ക്യാപ്സൂളിൽ പറക്കുന്ന ആ സമയത്താണു പ്രശ്നം. ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരു അനുഭവത്തിലേക്ക് സംഘമെത്തുക. അതിനാൽത്തന്നെ മാനസികമായ ആവേശത്തള്ളിച്ചയിൽ ചില നിർണായക നിർദേശങ്ങൾ പോലും ശ്രദ്ധിക്കാനാകാതെ വരും. അസാധാരണ ശബ്ദങ്ങൾ ഭയപ്പെടുത്തും. യാത്രികൾ ബോധംകെടാനോ... Jeff Bezos Space Flight Live Updates
യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ വിക്ഷേപണത്തറയിൽനിന്ന് ചരിത്രത്തിലേക്കായിരുന്നു ലോക കോടീശ്വരൻ ജെഫ് ബെസോസിന്റെയും ഒപ്പമുള്ള 3 പേരുടെയും പറക്കൽ. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്. എവിടെയും പിഴച്ചില്ല, 10 മിനിറ്റ് 21 സെക്കൻഡിൽ എല്ലാം ശുഭം. 7 മിനിറ്റ് 32–ാം സെക്കന്‍ഡിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിങ്‌പാഡിലേക്കു തിരിച്ചെത്തി. 8 മിനിറ്റ് 25–ാം സെക്കൻഡിൽ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21–ാം സെക്കൻഡിൽ ക്യാപ്‌സൂൾ നിലംതൊട്ടു.
ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച് ആ നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തിയപ്പോൾ പിറന്നത് പല ഗിന്നസ് റെക്കോർഡുകൾ. ഇതാദ്യമായി, ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോർഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കോർഡുകളും ഇതോടൊപ്പം പിറന്നു. യാത്രികകരെല്ലാം സുരക്ഷിതർ. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിൻ സ്പേസ് കമ്പനിക്ക് ഇതു സ്വപ്നസാക്ഷാത്‌കാരത്തിന്റെ നിമിഷം. എങ്ങനെയാണ് ഈ യാത്രയിലേക്ക് ജെഫും സംഘവും എത്തിയത്?
റഷ്യയിൽനിന്ന് ടെക്സസിലേക്ക്...
ആറു പതിറ്റാണ്ടു മുൻപ്, ലോകത്താദ്യമായി ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയായിരുന്നു സോവിയറ്റ് യൂണിയൻ. ആരെ അയയ്ക്കും ബഹിരാകാശത്തേക്ക്? യാത്രികരെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയ സെൻട്രൽ ഫ്ലൈറ്റ് മെഡിക്കൽ കമ്മിഷനു കർശനമായി ചില നിർദേശങ്ങൾ നൽകാനുണ്ടായിരുന്നു: യാത്രികർക്ക് 25–30 ആയിരിക്കണം പ്രായം. തൂക്കം 72 കിലോഗ്രാമിൽ കൂടരുത്. അഞ്ചടി ഏഴിഞ്ചിനേക്കാൾ ഉയരവും കൂടരുത്. ഈ മാനദണ്ഡങ്ങളിൽത്തട്ടി ഒട്ടേറെ പേരുടെ അവസരം നഷ്ടമായി. തിരഞ്ഞെടുക്കപ്പെട്ടത് റഷ്യൻ സൈനിക പൈലറ്റ് യൂറി ഗഗാറിൻ ഉൾപ്പെടെ 12 പേർ മാത്രം!
1960 മാർച്ച് ഏഴിനായിരുന്നു ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് ഒളിംപിക്സിനു പങ്കെടുക്കാൻ പോകുന്നതിനു സമാനമായ കായിക പരിശീലനം. കരയിലും കടലിലും ആകാശത്തുമെല്ലാമായിട്ടായിരുന്നു ഇത്. പരിശീലനത്തിനിടെ ആകാശത്തുനിന്നു പാരച്യൂട്ടിൽ പറന്നിറങ്ങിയതു മാത്രം 40–50 തവണ! ലാൻഡ് ചെയ്യുന്നതാകട്ടെ കാട്ടിലും തടാകത്തിലും കടലിലുമെല്ലാം. ഒരു വർഷത്തോളം തുടർന്നു ആ പരിശീലനം. ഒടുവിൽ 1961 ഏപ്രിൽ 12ന് വോസ്‌ടോക്ക് 1 ദൗത്യത്തിലൂടെ ആദ്യമായി ബഹിരാകാശത്തെത്തിയതിന്റെ റെക്കോർഡും ഗഗാറിൻ സ്വന്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ ലോകം ആ ചരിത്രപ്പറക്കലിന്റെ അറുപതാം വാർഷികവും ആഘോഷിച്ചു.
അതിനും മൂന്നു മാസത്തിനിപ്പുറം വീണ്ടുമൊരു ബഹിരാകാശ ചരിത്രം കുറിക്കപ്പെട്ടിരിക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പുണ്ടായിരുന്നു അതിന്. പക്ഷേ അതിൽ യാത്ര ചെയ്യുന്നവർക്ക് പ്രായത്തിന്റെ നിയന്ത്രണങ്ങളില്ല. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികനാകാൻ ഒരുങ്ങുന്ന പതിനെട്ടുകാരൻ മുതൽ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികയെന്ന റെക്കോർഡിടാൻ ഒരുങ്ങുന്ന 82കാരി വരെയുണ്ടായിരുന്നു കൂട്ടത്തിൽ. പലര്‍ക്കും പല ഭാരം, പല ഉയരം. മാസങ്ങൾ നീണ്ട പരിശീലനവും വേണ്ടിവന്നില്ല യാത്രയ്ക്ക്. ആകെ രണ്ടു ദിവസത്തെ പരിശീലനം. ശരിക്കുമൊരു വിനോദയാത്ര പോകും പോലെ അവർ നാലു പേർ ബഹിരാകാശത്തേക്കു പറക്കുകയായിരുന്നു.
വിനോദയാത്ര എന്നതു വെറും ഉപമയല്ല, ലോകത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദയാത്രയാണ് ലോക കോടീശ്വരനായ ജെഫ് ബെസോസിന്റെ നേതൃത്വത്തിൽ ജൂലൈ 20ന് നടന്നത്. ആദ്യ യാത്രയുടെ റെക്കോർഡ് ജൂലൈ 11ന് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസന്റെ ഗലാക്റ്റിക് കമ്പനി സ്വന്തമാക്കി. രണ്ടാമതാകാനേ ആമസോൺ കമ്പനി സ്ഥാപകന്‍ കൂടിയായ ജെഫ് ബെസോസിനു സാധിച്ചുള്ളൂ. അദ്ദേഹത്തിന്റെ സ്പേസ് കമ്പനിയായി ബ്ലൂ ഒറിജിന്റെ ‘ന്യൂ ഷെപ്പേർഡ്’ റോക്കറ്റിലേറിയുള്ള ബഹിരാകാശ യാത്രയിൽ പക്ഷേ ഒട്ടേറെ റെക്കോർഡുകളാണ് പിറന്നത്.
ആരാണ് ആ അജ്ഞാതൻ?
ഏകദേശം 206 കോടി രൂപ കൊടുത്ത്, ബെസോസിന്റെ ആദ്യ ബഹിരാകാശ യാത്രയിൽ ഒപ്പം ചേരാൻ ഒരു അജ്ഞാതനുണ്ടായിരുന്നു. എന്നാല്‍ യാത്രയ്ക്ക് ഏതാനും ദിവസം മുൻപ് അദ്ദേഹം പറഞ്ഞു– ‘ഇപ്പോൾ യാത്ര ചെയ്യാൻ സമയമില്ല, ഷെഡ്യൂൾ ചെയ്ത മറ്റു ചില പരിപാടികളുണ്ട്. അടുത്ത തവണയാകട്ടെ, ഞാൻ വരാം...’ ബെസോസ് ഞെട്ടിയില്ല, പകരം ഞെട്ടിപ്പിക്കുന്ന മറ്റൊരു തീരുമാനമെടുത്തു. 18 വയസ്സുള്ള ഒലിവർ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാർഥിയെ ബഹിരാകാശത്തേക്കു കൊണ്ടു പോകുമെന്നു പ്രഖ്യാപിച്ചു. ഒലിവറാകട്ടെ ആകെ ത്രില്ലടിച്ച അവസ്ഥയിലും.
ഡച്ചുകാരനായ ഈ വിദ്യാർഥി പക്ഷേ സൗജന്യമായല്ല യാത്ര പോകുന്നത്. ബ്ലൂ ഒറിജിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയിൽ ആദ്യമായി പണം നൽകുന്ന വ്യക്തിയാണ് ഈ ചെറുപ്പക്കാരൻ. പക്ഷേ പണം എത്രയെന്നു പറയില്ല, അതു രഹസ്യം! ബഹിരാകാശത്തു പോയി തിരിച്ചെത്താനുള്ള 11 മിനിറ്റ് യാത്രയ്ക്കാണ് ശതകോടികളെന്നോർക്കണം!
കഴിഞ്ഞ വർഷം ഹൈസ്കൂൾ ഗ്രാജ്വേഷനു ശേഷം ഒരു വർഷത്തോളം ഒലിവർ പഠനത്തിൽനിന്ന് ‘ഓഫെടുത്തിരുന്നു’. പൈലറ്റ് ലൈസൻസെടുക്കുകയായിരുന്നു ലക്ഷ്യം. സ്വകാര്യ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ സോമർസെറ്റ് ക്യാപിറ്റൽ പാർട്‌ണേഴ്സിന്റെ സിഇഒയാണ് ഒലിവറിന്റെ പിതാവ് ജുഷ് ഡീമൻ. 100 കോടി ഡോളറിലേറെയാണ് ജുഷിന്റെ ആസ്തി (20,000 കോടി ഡോളറിലേറെയാണ് ജെഫ് ബെസോസിന്റെ ആസ്തി)
ജൂഷിനു പറക്കാനാണു സത്യത്തിൽ ന്യൂ ഷെപ്പേഡ് പേടകത്തിൽ ‘സീറ്റ്’ പിടിച്ചിരുന്നത്. എന്നാൽ കന്നിപ്പറക്കലിനുതന്നെ ടിക്കറ്റ് ലഭിച്ചതോടെ അദ്ദേഹം അവസരം മകനു കൈമാറുകയായിരുന്നു. ‘ഒലിവറിന്റെ എന്നത്തെയും വലിയ സ്വപ്നമായിരുന്നു ബഹിരാകാശ യാത്ര. നാലാമത്തെ വയസ്സു മുതൽ ആകാശവും ചന്ദ്രനും റോക്കറ്റുകളുമായിരുന്നു അവന്റെ ലോകം...’ സോമർസെറ്റ് ക്യാപിറ്റൽ പാർട്‌ണേഴ്സ് കമ്പനി വാർത്താക്കുറിപ്പിൽ പറയുന്നു. മകന്റെ ബഹിരാകാശ യാത്രയ്ക്കു സാക്ഷ്യം വഹിക്കാൻ പിതാവും യുഎസിലെത്തിയിരുന്നു.
ബഹിരാകാശ പദ്ധതിയിലേക്കു യുവതലമുറയെ ആകർഷിക്കാനുള്ള പ്രചോദനമാണ് ഒലിവറെന്നാണ് ബ്ലൂ ഒറിജിൻ സിഇഒ ബോബ് സ്മിത്ത് പറഞ്ഞു. വരുന്ന സെപ്റ്റംബറിൽ നെതർലൻഡ്‌സിലെ യൂട്രെക്ട് സർവകലാശാലയിൽ ഫിസിക്സ് പഠനം ആരംഭിക്കാനിരിക്കുകയാണ് ഒലിവർ. അവിടെ ഒരുപക്ഷേ ബഹിരാകാശത്തു പോകാത്ത അധ്യാപകർ ബഹിരാകാശ ശാസ്ത്രത്തിൽ ക്ലാസെടുക്കുമ്പോൾ തന്റെ യാത്രാനുഭവം വിവരിക്കാനുള്ള സുവർണാവസരം കൂടി ലഭിക്കും ഒലിവറിന്. ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡും ഇനി ഒലിവറിനു സ്വന്തം. റഷ്യൻ ബഹിരാകാശ യാത്രികനായ യെർമന്‍ തിത്തോവ് ആയിരുന്നു, ഇതുവരെ ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 1961ൽ 25–ാം വയസ്സിലായിരുന്നു യാത്ര. ഏപ്രിലിൽ യൂറി ഗഗാറിന്റെ യാത്ര കഴിഞ്ഞ് നാലാം മാസമായിരുന്നു യെർമന്റെ ആ റെക്കോർഡ് യാത്ര.
60 വർഷം കാത്തിരുന്ന യാത്ര!
വാലി ഫങ്കിനെ സംബന്ധിച്ചടത്തോളം തന്റെ എൺപത്തിരണ്ടാം വയസ്സിലെ മധുര പ്രതികാരം കൂടിയായിരുന്നു ഈ യാത്ര. 1960കളിൽ നാസയുടെ മെർക്കുറി ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്കു പോകാനിരുന്നതായിരുന്നു വാലി. എന്നാൽ വനിതയാണെന്ന കാരണത്താൽ അവസരം നിഷേധിക്കപ്പെട്ടു. അന്നു മുതൽ കൊതിയോടെ കണ്ണെറിഞ്ഞ ആകാശത്തേക്കായിരുന്നു ഇപ്പോൾ വാലിയുടെ യാത്ര. ക്ഷണിക്കപ്പെട്ട അതിഥിയായാണ് ബെസോസ് വാലിയെ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1939ൽ ന്യൂമെക്സിക്കോയിലാണ് വാലിയുടെ ജനനം. പൈലറ്റായിരുന്ന അവർ 20,000 മണിക്കൂറിനടുത്ത് വിമാനം പറത്തിയിട്ടുണ്ട്. ഒട്ടേറെ പേരെ പരിശീലിപ്പിക്കുകയും ചെയ്തു. 1961ൽ നാസ നടപ്പാക്കാനിരുന്ന മെർക്കുറി ദൗത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട 13 വനിതകളിൽ ഒരാൾ വാലിയായിരുന്നു. അന്ന് ആ യാത്ര നടന്നിരുന്നെങ്കിൽ ഒരുപക്ഷേ ലോകത്തിലെ ആദ്യ ബഹിരാകാശ യാത്രികയും അവരായിരുന്നേനെ. പിന്നെയും രണ്ടു വർഷം കഴിഞ്ഞ് 1963ലാണ് റഷ്യയിൽനിന്നുള്ള വാലന്റീന തെരഷ്കോവ ബഹിരാകാശത്തേക്കു പറന്ന ആദ്യ വനിതയെന്ന റെക്കോർഡിട്ടത്. എന്നാൽ ഈ യാത്രയിൽ വാലിയെ കാത്തും ഒരു റെക്കോർഡിരിപ്പുണ്ടായിരുന്നു. ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രികയുടെ റെക്കോർഡ്. യുഎസ് യാത്രികനായ ജോൺ ഗ്ലെന്നിന്റെ പേരിലായിരുന്നു അതിതുവരെ. 1998ൽ അദ്ദേഹം യാത്ര തിരിക്കുമ്പോൾ പ്രായം 77!
60 അടിയിലെ അദ്ഭുതം
ജെഫ് ബെസോസും സഹോദരൻ മാർക് ബെസോസും ചേരുന്നതോടെ യാത്രാസംഘം പൂർണം. ഇവർക്കായി ന്യൂ ഷെപ്പേഡ് എന്ന പേടകമാണ് ഒരുക്കിയത്. ക്രൂ ക്യാപ്സൂളും ബൂസ്റ്റർ റോക്കറ്റും ഉൾപ്പെടെ 60 അടിയാണ് ന്യൂ ഷെപ്പേഡിന്റെ ഉയരം. 15 ക്യുബിക് മീറ്റർ വലുപ്പമുള്ള ക്രൂ ക്യാപ്സൂളിൽ ഒരേസമയം ആറു പേർക്കിരിക്കാം. ആകാശത്തേക്കുള്ള കുതിപ്പിൽ അതിവേഗം കൈവരിക്കാനും തിരികെ ഇറങ്ങുമ്പോള്‍ ഡ്രാഗ് ബ്രേക്ക് നിയോഗിച്ച് വേഗം കുറയ്ക്കാനുമെല്ലാം ശേഷിയുള്ളതാണ് ബൂസ്റ്റർ റോക്കറ്റ്. ഇത് സുരക്ഷിതമായി താഴെയിറക്കി പുനരുപയോഗിക്കുകയും ചെയ്യാം.
പൂർണമായും ഓട്ടണമസ് ആയിരുന്നു യാത്ര. അതായത്, ന്യൂഷെപ്പേഡിനെ യാത്രികരിൽ ആരും നിയന്ത്രിക്കേണ്ടി വന്നില്ല. ഭൂമിയിലിരുന്നായിരുന്നു കംപ്യൂട്ടർ വഴി അതിന്റെ നിയന്ത്രണം. യാത്രക്കാർക്ക് ബഹിരാകാശക്കാഴ്ചകൾ കാണാനും പഠിക്കാനും യാത്രയിലുടനീളം അവസരം ലഭിക്കുന്ന അവസ്ഥ. വിശാലമായ കാഴ്ചയ്ക്കു സഹായിക്കും വിധമുള്ള വാതിലുകളും ക്യാപ്‌സൂളിലുണ്ട്. ന്യൂമെക്സിക്കോയിൽനിന്നായിരുന്നു റിച്ചഡ് ബ്രാൻസനും സംഘവും പറന്നത്. ബെസോസാകട്ടെ പടിഞ്ഞാറൻ ടെക്സസിൽനിന്നും. ഗവേഷകരല്ലാതെ സാധാരണക്കാരുമായി, ആദ്യമായിട്ടാണ് ഒരു പൈലറ്റില്ലാ പേടകം ബഹിരാകാശത്തേക്കു കുതിക്കുന്നത്. ബ്ലൂ ഒറിജിൻ കമ്പനിയിലെ വിദഗ്ധരോ ജീവനക്കാരോ ഒപ്പമില്ല.
വിദഗ്ധരുടെ പോലും സഹായമില്ലാതെ ബഹിരാകാശത്തേക്കു പോയി വരാം എന്നാണ് അതിലൂടെ ബെസോസ് വ്യക്തമാക്കുന്നതും. അതേ സമയം വെർജിൻ ഗലാക്റ്റിക്കിന്റെ യാത്രാ സംഘത്തിൽ നാസയിൽനിന്നു വിരമിച്ച നിക്കോളസ് പാട്രിക്ക് ഉൾപ്പെടെ 2 പൈലറ്റുമാരും വെർജിൻ ഗലാക്റ്റിക്കിന്റെ മുഖ്യ ആസ്ട്രോനട്ട് ഇൻസ്ട്രക്ടറും മുഖ്യ ഓപറേഷൻസ് എൻജീനിയറുമെല്ലാമാണ് ഉണ്ടായിരുന്നത്. കുത്തനെ പറന്നുയരുകയും കുത്തനെ വന്നിറങ്ങുകയും ചെയ്യുന്ന വെർട്ടിക്കൽ ടേക്ക് ഓഫ്, വെർട്ടിക്കൽ ലാൻഡിങ് സാങ്കേതിക വിദ്യയിലാണ് ന്യൂ ഷെപ്പേഡിന്റെ പറക്കൽ. അതിനാൽത്തന്നെ നീളൻ റൺവേയും ആവശ്യമില്ല.
എന്നാൽ വിർജിൻ ഗലാക്റ്റിന്റെ വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനം വഹിക്കാൻ ഒരു കാരിയർ വിമാനം വേണമായിരുന്നു. വൈറ്റ്‌നൈറ്റ് 2 എന്ന ആ വിമാനത്തിൽ ആകാശത്തെത്തിച്ച്, വിഎസ്എസ് യൂണിറ്റിയെ ആകാശത്തുവച്ച് ‘റിലീസ്’ െചയ്ത് റോക്കറ്റ് ജ്വലിപ്പിച്ച് ബഹിരാകാശത്തേക്ക് കുതിക്കുന്ന രീതിയായിരുന്നു റിച്ചഡിന്റേത്. അതിനാൽത്തന്നെ കാരിയർ വിമാനത്തിന് റൺവേ അത്യാവശ്യമായിരുന്നു. റിച്ചഡിന്റെയും ബെസോസിന്റെയും ബഹിരാകാശ ദൗത്യങ്ങൾ പക്ഷേ ഭൂമിയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കുന്നില്ല.
ന്യൂ ഷെപ്പേഡ് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരെയുള്ള കാർമൻ രേഖ കടന്നു പോവുകയാണു ചെയ്യുന്നത്. 106 കിലോമീറ്റര്‍ വരെ എത്തിയെന്നും കരുതുന്നു. രാജ്യാന്തര തലത്തിൽ ബഹിരാകാശ അതിർത്തിയായി നിർണയിച്ചിരിക്കുന്ന രേഖയാണിത്. യാത്രയ്ക്കു ശേഷം മണിക്കൂറിൽ 1.6 കിലോമീറ്റർ വേഗത്തിലായിരുന്നു ക്രൂ ക്യൂപ്സൂളുമായുള്ള പാരച്യൂട്ട് ടെക്സസിലെ മരുപ്രദേശത്തു തിരികെ ലാൻഡ് ചെയ്തത്. വെർജിൻ ഗലാക്റ്റിക്കിന്റെ ഫ്ലൈറ്റ് സമുദ്രനിരപ്പിൽനിന്ന് 86 കിലോമീറ്റർ ഉയരെ വരെയാണ് എത്തിയത്.
ആരുണ്ടാകും ആകാശത്ത് സഹായിക്കാൻ?
അതേസമയം ബ്ലൂ ഒറിജിൻ കമ്പനിയിലെ വിദഗ്ധരെ യാത്രയിൽ ഉൾപ്പെടുത്താത്തിനെതിരെ കമ്പനിയിൽതന്നെ മുറുമുറുപ്പുണ്ട്. ആറു പേർക്ക് യാത്ര ചെയ്യാം ന്യൂ ഷെപ്പേഡിൽ. എന്നാൽ പോയത് നാലു പേർ മാത്രം. ഉപയോക്താവിന് കൂടുതൽ മെച്ചപ്പെട്ട അനുഭവം ഉറപ്പാക്കാനാണത്രേ ഇത്. എന്നാൽ കമ്പനി വിദഗ്ധർ കൂടിയുണ്ടായിരുന്നെങ്കിൽ ആവശ്യം വേണ്ട ഡേറ്റ ശേഖരിക്കാനും ടെക്നിക്കൽ പ്രശ്നങ്ങൾ മനസ്സിലാക്കാനും സാധിക്കുമായിരുന്നു. കമ്പനിയുടെ കന്നിയാത്രയാണ് ഇതെന്നും ഓർക്കണം. വരുംകാല യാത്രകളിൽ നിർണായകമായേനെ ഇത്തരത്തിൽ ശേഖരിക്കുന്ന ഡേറ്റ.
മണിക്കൂറിൽ 3540 കിലോമീറ്റർ വേഗത്തിലാണ് പേടകത്തിന്റെ യാത്ര. അതിനാൽത്തന്നെ കൂട്ടത്തിൽ ഒരു ആസ്ട്രോനോട്ട് കൂടിയുണ്ടായിരുന്നെങ്കിൽ യാത്രക്കാർ കുറച്ചുകൂടി ‘കംഫർട്ടബ്ള്‍’ ആയിരുന്നേനെയെന്നും വിദഗ്ധർ പറയുന്നു. രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് സംഘത്തിന്റെ യാത്ര. യാത്രക്കാരെ സഹായിക്കാൻ താഴെ രണ്ട് സ്റ്റാഫ് അംഗങ്ങളുണ്ടായിരുന്നു. യാത്രയിലുടനീളം ഇവർക്ക് ഹെഡ്സെറ്റിലൂടെ നിർദേശങ്ങൾ ലഭിച്ചുകൊണ്ടേയിരുന്നു. ‘ഒരു അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് പോലെ സുഖപ്രദം..’ എന്നാണ് കമ്പനി വക്താവ് പറയുന്നത്. എന്നാൽ മേഖലയിലെ വിദഗ്ധർക്ക് മറ്റൊരു ആശങ്കയുമുണ്ടായിരുന്നു.
ബഹിരാകാശത്ത് അൽപ സമയത്തേക്ക് ക്യൂപ്സൂളിലെ സീറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ബെൽറ്റ് സംഘാംഗങ്ങള്‍ വിടുവിക്കും. സീറോ ഗ്രാവിറ്റിയിൽ ക്യാപ്സൂളിൽ പറക്കുന്ന ആ സമയത്താണു പ്രശ്നം. ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരു അനുഭവത്തിലേക്ക് സംഘമെത്തുക. അതിനാൽത്തന്നെ മാനസികമായ ആവേശത്തള്ളിച്ചയിൽ ചില നിർണായക നിർദേശങ്ങൾ പോലും ശ്രദ്ധിക്കാനാകാതെ വരും. അസാധാരണ ശബ്ദങ്ങൾ ഭയപ്പെടുത്തും. യാത്രികൾ ബോധംകെടാനോ പരുക്കേൽക്കാനോ സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളിലെല്ലാം പരിശീലനം ലഭിച്ച ഒരു ബഹിരാകാശ യാത്രികൻ ഒപ്പമുണ്ടാകുന്നത് ഏറെ സഹായിക്കും– വിദഗ്ധർ നിരീക്ഷിക്കുന്നു. ഇത്തരമൊരു അനുഭവം സംഘത്തിന് ഉണ്ടായിരുന്നോയെന്ന് വരുംനാളുകളിൽ വ്യക്തമാകും. എന്നാൽ ക്രൂ ക്യാപ്സൂളിൽനിന്നിറങ്ങിയ നാലു യാത്രികരുടെയും മുഖം വിളിച്ചു പറഞ്ഞത് യാത്രയിൽ യാതൊരു കുഴപ്പവുമില്ലായിരുന്നു എന്നാണ്. കൗബോയ് തൊപ്പിവച്ച് ചിരിച്ചായിരുന്നു ജെഫ് പുറത്തിറങ്ങിയതുതന്നെ.
കൂട്ടത്തിൽ വാലി ഫങ്കിനു മാത്രമാണ് അൽപമെങ്കിലും പരിശീലനം ലഭിച്ചിരുന്നത്. അതുപക്ഷേ 1960കളിലായിരുന്നു. അതിനു ശേഷമുണ്ടായ മാറ്റങ്ങൾ അത്രയേറെയാണ്. ‘സാധാരണക്കാരനു പോലും എളുപ്പത്തിൽ പോയി വരാനാകുന്ന ഇടമാണ് ബഹിരാകാശം എന്നു കാണിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം...’ എന്നാണ് യാത്രയെപ്പറ്റി ബ്ലൂ ഒറിജിൻ വക്താവ് പറഞ്ഞത്. അതിനാൽത്തന്നെ യാത്രികന് ഒരു ചെറിയ പ്രശ്നം പോലും വരാത്ത നിധം സംരക്ഷണം ഉറപ്പു വരുത്തേണ്ടത് കമ്പനിയുടെ ആവശ്യവുമാണ്. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലായിരുന്നു വിദഗ്ധരുടെ പിന്തുണയില്ലാതെയുള്ള ന്യൂ ഷെപ്പേഡിലെ യാത്രയും.
തീപാറുന്ന ടൂറിസം!
‘ബഹിരാകാശത്തുനിന്ന് ഭൂമിയെ കാണുന്നത് നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളയും. അതു ഭൂമിയുമായുള്ള നിങ്ങളുടെ ബന്ധത്തെ മാറ്റിമറിക്കും, കൂടുതൽ മനുഷ്വത്വപരമായി മാറും ആ ബന്ധം..’ കഴിഞ്ഞ മാസം ഒരു വിഡിയോ സന്ദേശത്തിൽ ബെസോസ് പറഞ്ഞതാണിത്. ന്യൂ ഷെപ്പേഡിന്റെ വിജയകരമായ ഈ യാത്രയ്ക്കൊടുവിൽ മറ്റൊന്നു കൂടി മാറിമറിയുമെന്നത് ഉറപ്പ്– ടൂറിസത്തിന്റെ പരമ്പരാഗത മുഖം. ടെക്ക് ലോകത്തെ മറ്റൊരു ശതകോടീശ്വരനായ ഇലൻ മസ്ക്കും ബഹിരാകാശ ടൂറിസത്തിലേക്കിറങ്ങുകയാണ്. അദ്ദേഹത്തിന്റെ കമ്പനി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സൂളിൽ അയക്കുന്നവർക്ക് ദിവസങ്ങൾ നീളുന്ന ബഹിരാകാശ അനുഭവമാണു വാഗ്ദാനം. മാത്രവുമല്ല, ഭൂമിയുടെ ഭ്രമണപഥത്തിലേക്കു കടക്കുകയും ചെയ്യും.
‘ഞാനിതൊരു മത്സരമായല്ല കാണുന്നത്. ബഹിരാകാശത്തേക്ക് ഒരു പാതയൊരുക്കുകയാണ്. അതുവഴി വരുംതലമുറയ്ക്ക് ബഹിരാകാശത്ത് അതുല്യമായ കാര്യങ്ങൾ ചെയ്യാനാകും...’ അൻപത്തിയേഴുകാരനായ അമേരിക്കൻ കോടീശ്വരൻ ബെസോസ് ഇങ്ങനെ പറയുന്നുണ്ടെങ്കിലും, ഇനി താണ്ടാൻ വൻകരകൾ മാത്രമല്ല നീലാകാശവുമുണ്ടെന്ന വെല്ലുവിളി മനുഷ്യനു മുന്നിലേക്കു വയ്ക്കുകയാണ് ഈ പദ്ധതികളുടെയെല്ലാം ലക്ഷ്യമെന്നത് നീലാകാശംപോലെ വ്യക്തം. സ്വിസ് ബാങ്കായ യുബിഎസിന്റെ നിഗമനം പ്രകാരം അടുത്ത ഒരു ദശാബ്ദത്തിനിടെ പ്രതിവർഷം 300 കോടി ഡോളർ മൂല്യമുള്ള ബിസിനസ് എന്ന കണക്കിലായിരിക്കും ബഹിരാകാശ ടൂറിസം മേഖലയിൽ ഇടപാട് നടക്കുക. യാത്രികരെ തേടിയുള്ള പോരാട്ടത്തിന്റെ മുൻനിരയിലുണ്ടാകുന്നതാകട്ടെ ലോക കോടീശ്വരന്മാരുടെ കമ്പനികളും. ബഹിരാകാശത്തേക്കുള്ള യാത്രയ്ക്കു വേണ്ടി, ഭൂമിയിൽ തീപാറുമെന്നത് ഉറപ്പ്.
ബ്ലൂ ഒറിജിന്റെ ആദ്യയാത്രയ്ക്കുതന്നെ ഏകദേശം 143 രാജ്യങ്ങളിലെ 6000 പേരാണ് ലേലത്തിൽ പങ്കെടുത്തത്. അതിൽതന്നെ ഏറ്റവും ഉയർന്ന തുകയായ 206 കോടി രൂപ മുന്നോട്ടുവച്ച വ്യക്തിയാണ് ‘സമയമില്ലാത്ത’ കാരണത്താൽ പിന്മാറിയത്. സെപ്റ്റംബർ–ഒക്ടോബറിലായി അടുത്ത യാത്രയുമുണ്ടാകും. പിന്മാറിയ അജ്ഞാതനും ഒരുപക്ഷേ ആ യാത്രയിലുണ്ടാകുമെന്നും ബ്ലൂ ഒറിജിൻ ചീഫ് എക്സിക്യുട്ടിവ് ബോബ് സ്മിത്ത് പറയുന്നു. പൊതുജനത്തിന് ഇനി എന്നാണ് ബഹിരാകാശത്തേക്ക് വിനോദയാത്ര പോകാനാവുക? എത്ര രൂപയുടെ പാക്കേജായിരിക്കും ലഭ്യമാക്കുക? യാത്രികർക്കുള്ള മാനദണ്ഡങ്ങൾ, യോഗ്യത... ചോദ്യങ്ങളേറെയാണ് ജെഫ് ബെസോസിനൊപ്പം ബഹിരാകാശത്തേക്ക് ഉയരുന്നത്. വരുംനാളുകളിൽ ഉറപ്പായും ലഭിക്കും, ഇവയ്ക്കെല്ലാമുള്ള ഉത്തരം.
English Summary: What are World's Richest Man Jeff Bezos' Plans in First Space Flight and Blue Origin's Dreams on Space Tourism?