കാടുകളുടെ അപ്പൂപ്പൻ മിയാവാക്കി വിട വാങ്ങി; കേരളത്തിലുമുണ്ട് ‘കുട്ടിക്കാട്’
തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന അദ്ഭുത ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ... Manorama News
തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന അദ്ഭുത ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ... Manorama News
തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന അദ്ഭുത ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ... Manorama News
തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന അദ്ഭുത ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങി. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു.
150–200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി മുന്നോട്ടു വച്ചത്. 1992 ലെ ഭൗമ ഉച്ചകോടിയിലാണ് ഇത് അവതരിപ്പിച്ചത്. ’94 ലെ പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിച്ചു.
ജപ്പാനിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലുമായി നൂറു കണക്കിനു ചെറുകാടുകൾ സൃഷ്ടിക്കുന്നതിനു മിയാവാക്കി നേതൃത്വം നൽകി. ‘മിയാവാക്കി കാടുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ആഗോളതാപനം ചെറുക്കാനും സൂനാമിയെ പ്രതിരോധിക്കാനും പല രാജ്യങ്ങളും മിയാവാക്കി വനവൽക്കരണ മാതൃക പിന്തുടരുന്നുണ്ട്.
പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രശസ്തമായ ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾക്കു മിയാവാക്കി അർഹനായി. പല സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായും പ്രവർത്തിച്ചു. ദ് ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്റ്റ് ദ് പീപ്പിൾ യു ലവ്, പ്ലാന്റ് ട്രീസ് ഉൾപ്പെടെ വനവൽക്കരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവാണ്.
മികച്ച പരിസ്ഥിതി മാതൃകയായി സംസ്ഥാന സർക്കാരും മിയാവാക്കി കാടുകൾ അംഗീകരിച്ചതോടെ കേരളത്തിലും ഇദ്ദേഹം പ്രശസ്തനായിരുന്നു. 2018ൽ തിരുവനന്തപുരത്താണ് ആദ്യ മിയാവാക്കി വനത്തിനു തുടക്കമിട്ടത്. ടൂറിസം വകുപ്പ്, കെ–ഡിസ്ക് എന്നിവയ്ക്കു കീഴിലും സ്വകാര്യ ഭൂമിയിലുമായി എൺപതോളം മിയാവാക്കി കാടുകൾ കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്നു.
1928 ജനുവരി 29ന് ജനിച്ച മിയാവാക്കിയുടെ 92–ാം പിറന്നാൾ ആഘോഷിച്ചു കഴിഞ്ഞ വർഷം ജനുവരി 29ന് തിരുവനന്തപുരത്തു ചാല ഗവ. ഗേൾസ് ഹൈസ്കൂൾ വളപ്പിനകത്ത് ഒരു വനം നട്ടുപിടിപ്പിച്ചിരുന്നു. ഹഡാനോയിലെ നഴ്സിങ് ഹോമിലിരുന്ന് ഓൺലൈൻ ആയി ആ പിറന്നാൾ പരിപാടിയിൽ മിയാവാക്കിയും പങ്കുചേർന്നു.
∙ മിയാവാക്കി ഓർമയിൽ കേരളത്തിലും കുട്ടിക്കാടുകൾ
മിയാവാക്കി വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഓർമയിൽ എൺപതോളം ‘കുട്ടിക്കാടുകൾ’ കേരളത്തിൽ പച്ചപുതച്ച് വളർന്നുയരുന്നു. അര സെന്റ് ഭൂമിയെങ്കിലും വെറുതെ കിടക്കുന്നുണ്ടെങ്കിൽ അവിടെയൊരു കാടുണ്ടാക്കാം എന്നതായിരുന്നു മിയാവാക്കി മുന്നോട്ടുവച്ച ആശയവും വെല്ലുവിളിയും. കാട് എന്നാൽ എല്ലാം തികഞ്ഞ സ്വാഭാവിക വനം! അത്തരമൊന്ന് സ്വാഭാവികമായി രൂപപ്പെടാൻ 150–200 വർഷമെടുക്കുമ്പോൾ വെറും 30 വർഷമാണ് മിയാവാക്കി കാടുകൾ അതേ നിലയിൽ എത്തിച്ചേരാൻ എടുക്കുക എന്നതാണ് ഈ ആശയത്തെ നൂറ്റാണ്ടിലെ മികച്ച പരിസ്ഥിതി ആശയമാക്കിയത്.
2018 ജനുവരിയിൽ മാത്രമാണ് കേരളത്തിൽ ആദ്യ മിയാവാക്കി വനത്തിനു തുടക്കമിടുന്നത്. മൂന്നര വർഷം കൊണ്ടാണ് ഈ ആശയം കേരളത്തിൽ ഇത്ര ‘ജനകീയ’മായത്. സർക്കാർ ഇതൊരു മികച്ച പരിസ്ഥിതി മാതൃകയായി സ്വീകരിച്ചതും ചുരുങ്ങിയ കാലത്തിനിടെ വലിയൊരു മുന്നേറ്റത്തിനു കാരണമായി.
∙ ഒരു സെന്റിൽ 162 ചെടി
ഒരു സെന്റിൽ ഏതാണ്ടു 162 ചെടി. അതാണു മിയാവാക്കി കാടുണ്ടാക്കാൻ വേണ്ടത്. തദ്ദേശീയമായ, എല്ലാ വിഭാഗത്തിലും (കള്ളിച്ചെടിയും കളയും വള്ളിച്ചെടിയും മുതൽ മാമരങ്ങൾ വരെ) പെട്ട ചെടികൾ തന്നെ നട്ടുവളർത്തണം. സൂര്യപ്രകാശത്തിനായി മത്സരിച്ചു ചെടികൾ പാർശ്വവളർച്ച ഉപേക്ഷിച്ച് മുകളിലേക്കു കുതിച്ചു വളരും (താരതമ്യേന 5 ഇരട്ടി കൂടുതൽ വേഗത്തിൽ). മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം വയ്ക്കും, 20 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാടിന്റെ രൂപത്തിലെത്തും.
വനമായി രൂപപ്പെട്ടാൽ 9000 വർഷം വരെ നിലനിൽക്കും– ഇതാണു മിയാവാക്കി വിജയകരമായി നടപ്പാക്കിയത്. കേരളത്തിൽ 10 ജില്ലകളിലായി 12 സ്ഥലങ്ങളിലാണു കെ–ഡിസ്ക് മിയാവാക്കി വനം നട്ടുപിടിപ്പിക്കുന്നത്. ഏതാണ്ട് 1.6 ഏക്കർ മിയാവാക്കി കാട് അങ്ങനെ ഉണ്ടാകും. ഇതു കൂടാതെ ടൂറിസം വകുപ്പിനു കീഴിലും മിയാവാക്കി കാടുകൾ നിർമിക്കുന്നു. സ്വകാര്യ ഭൂമിയിലേതും കൂടി കണക്കാക്കുമ്പോൾ ഈ 3 വർഷത്തിനിടെ എൺപതോളമായി കുട്ടിക്കാടുകൾ.
∙ എന്തിനാണ് മിയാവാക്കി കാട് ?
ശുദ്ധവായു, പക്ഷിമൃഗാദികൾക്കു വാസസ്ഥാനം, വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങൾക്കു വേരുറപ്പിക്കാൻ ഇടം, ആഗോള താപനത്തിനു പരിഹാരം– ഒരു കാടിന്റെ ധർമമെല്ലാം ഈ കുട്ടിക്കാടുകളും നിറവേറ്റും. ജപ്പാൻ ഉൾപ്പെടെ രാജ്യങ്ങളിൽ കുതിച്ചുയരുന്ന തിരമാലകളെ ചെറുക്കാനും ഇപ്പോൾ മിയാവാക്കി കാടുകൾ ഉപയോഗിക്കുന്നു.
∙ ഒടുവിൽ പങ്കെടുത്തതും കേരളത്തിലെ ചടങ്ങിൽ
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കേരളത്തിൽ സംഘടിപ്പിച്ച, തന്റെ 92–ാം പിറന്നാൾ ആഘോഷമാണ് മിയാവാക്കി പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങ്. 2020 ജനുവരി 29ന് ചാല ഗവ.ഗേൾസ് ഹൈസ്കൂളിനകത്തു മിയാവാക്കിയോടുള്ള ആദരസൂചകമായി ഒരു കാടിനു രൂപം നൽകിക്കൊണ്ടായിരുന്നു ഹൃദ്യമായ ആ പിറന്നാൾ ആഘോഷം. കേരള ഡവലപ്മെന്റ് ആൻഡ് സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) ഏറ്റെടുത്ത പരിസ്ഥിതി പദ്ധതികളിൽ പ്രധാനമാണു മിയാവാക്കി വനവൽക്കരണം.
കെ–ഡിസ്കിന്റെ ഇതിലെ ആദ്യ സംരംഭമായിരുന്നു ചാല സ്കൂളിലെ കാടു നിർമാണം. ഇൻവിസ് മൾട്ടിമീഡിയ എന്ന സ്ഥാപനത്തിന്റെ സിഎസ്ആർ പ്രവർത്തന ഭാഗമായി ജീവനക്കാരും പരിസ്ഥിതി പ്രവർത്തകരും ചേർന്നു കാടിനുള്ള നിലമൊരുക്കി, നടാനുള്ള തൈകൾ എത്തിച്ചു. വിദ്യാർഥികൾ ആ ചെടികൾ നട്ടു. പരിപാലനം കെ–ഡിസ്ക്കിനാണ്. 10 സെന്റിൽ 1603 ചെടികളാണ് ഇവിടെ നട്ടിരിക്കുന്നത്.
മിയാവാക്കിയുടെ ശിഷ്യൻ ജപ്പാനിലെ യോക്കോഹാമ നാഷനൽ യൂണിവേഴ്സിറ്റിയിലെ പ്രഫ. ഫുജിവാറയെയും മിയാവാക്കിയുടെ പുസ്തക രചനയിലെ പങ്കാളി എൽജീൻ ഒ.ബോക്സിനെയും ആ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു. അവരാണ് ഉദ്ഘാടനം നിർവഹിച്ചത്. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്ന മിയാവാക്കി അപ്പൂപ്പൻ ‘സ്കൈപ്പി’ൽ പ്രത്യക്ഷപ്പെട്ടു തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ഭൂപടത്തിൽ മാത്രം കണ്ടിട്ടുള്ള കേരളത്തിൽ തന്റെ പിറന്നാൾ ഇപ്രകാരം ആഘോഷിക്കുന്നതിൽ അദ്ദേഹം ശരിക്കും അമ്പരന്നു. പൊട്ടിച്ചിരിച്ചും കൈ കൊട്ടിയും കുട്ടികളെപ്പോലെ ആഹ്ലാദിച്ചു.
അടുത്ത വർഷം സ്കൈപ്പിൽ വീണ്ടും കാണാമെന്ന് അറിയിച്ചു. പക്ഷേ അനാരോഗ്യം മൂലം അതു നടന്നില്ല. കഴിഞ്ഞ വർഷം ജപ്പാനിൽ മിയാവാക്കിയുടെ 92–ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ നിശ്ചയിച്ചിരുന്നു. പക്ഷേ കോവിഡ് പിടിമുറുക്കിയതിനാൽ അതു നടന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനാൽ ഈ വർഷത്തെ ആഘോഷവും നടന്നില്ല.
കർശന കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രിയപ്പെട്ടവർക്ക് ഒരു നോക്കു പോലും കാണാനാകാതെ ഒടുവിൽ മിയാവാക്കി വിടവാങ്ങി. വിഖ്യാതമായ ബ്ലൂ പ്ലാനറ്റ് പ്രൈസ് 78–ാം വയസ്സിൽ ഏറ്റുവാങ്ങി മിയാവാക്കി പറഞ്ഞു: എനിക്കിനിയും 30 കൊല്ലം കൂടി ജീവിക്കണം. ചെടികൾ നടാൻ. ജീവാരണ്യങ്ങൾ സൃഷ്ടിക്കാൻ. മറ്റൊന്നും എനിക്കു വേണ്ട. 15 വർഷം അദ്ദേഹം ആ വാക്കു പാലിച്ചു..
∙ കേരളത്തിലെ ആദ്യ മിയാവാക്കി കാട്
പുളിയറക്കോണം മൂന്നാംമൂട്ടിലെ മൂന്നു സെന്റിലായിരുന്നു കേരളത്തിലെ ആദ്യ മിയാവാക്കി കാട്. ഇൻവിസ് മൾട്ടിമീഡിയ മാനേജിങ് ഡയറക്ടർ എം.ആർ.ഹരിയാണ് 2018 ജനുവരിയിൽ മിയാവാക്കി മാതൃക സ്വീകരിച്ചത്. മൂന്നു സെന്റിൽ അഞ്ഞൂറോളം ചെടികൾ. മൂന്നാം വർഷത്തിൽ 30 അടിയും പിന്നിട്ടു പൊങ്ങുകയാണ് ഈ മരങ്ങൾ.
പുളിയറക്കോണത്തെ മിയാവാക്കി കാട് വിജയിച്ചതോടെ ടൂറിസം വകുപ്പ് ഇത് ഏറ്റെടുത്തു. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഓർഗാനിക് കേരള മിഷൻ സൊസൈറ്റി, കൾച്ചറൽ ഷോപ്പെ എന്നീ സംഘടനകളാണു ടൂറിസം വകുപ്പിനു വേണ്ടി മിയാവാക്കി പദ്ധതി കൈകാര്യം ചെയ്യുന്നത്. ജനങ്ങൾക്കു മിയാവാക്കി മോഡൽ പരിചയപ്പെടുത്താൻ തിരുവനന്തപുരം കനകക്കുന്ന് വളപ്പിനകത്തും ഒരു കാടുണ്ട്. രണ്ടു വർഷം പ്രായമായ ഈ കാട് 5 സെന്റ് സ്ഥലത്ത് 426 ചെടികൾ തിങ്ങിനിറഞ്ഞതാണ്.
English Summary: Grandfather of forests Akira Miyawaki passes away, Miyawaki's life story