എയർഹോസ്റ്റസ് ചോർത്തിയ ഇന്ത്യൻ രഹസ്യം; ചാരന്മാരുടെ ലക്ഷ്യമെന്ത്? ആരെ വിശ്വസിക്കും?
മലയാളിയായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ എയർഹോസ്റ്റസിനെ ഉപയോഗിച്ച് സിഐഎ വീഴ്ത്തിയ സംഭവം ഉണ്ടായത് കാൽ നൂറ്റാണ്ടു മുൻപാണ്. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഈ ഐബി ഉദ്യോഗസ്ഥനെ എയർ ഹോസ്റ്റസ് തായ്‌ലൻഡിലേക്കു ക്ഷണിച്ചു. തായ്‌ലൻഡിലെ ഹോട്ടൽ മുറിയിൽ വച്ച് എടുത്ത ചിത്രങ്ങൾ ബ്ലാക്മെയിലിന് ഉപയോഗിച്ചു. ഇന്ത്യയുടെ ശ്രീലങ്കൻ ഓപറേഷനെപ്പറ്റിയുള്ള വിവരങ്ങൾ ഈ വഴിക്ക് സിഐഎ ചോർത്തി... Pegasus Controversy. Indian Snooping History
മലയാളിയായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ എയർഹോസ്റ്റസിനെ ഉപയോഗിച്ച് സിഐഎ വീഴ്ത്തിയ സംഭവം ഉണ്ടായത് കാൽ നൂറ്റാണ്ടു മുൻപാണ്. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഈ ഐബി ഉദ്യോഗസ്ഥനെ എയർ ഹോസ്റ്റസ് തായ്‌ലൻഡിലേക്കു ക്ഷണിച്ചു. തായ്‌ലൻഡിലെ ഹോട്ടൽ മുറിയിൽ വച്ച് എടുത്ത ചിത്രങ്ങൾ ബ്ലാക്മെയിലിന് ഉപയോഗിച്ചു. ഇന്ത്യയുടെ ശ്രീലങ്കൻ ഓപറേഷനെപ്പറ്റിയുള്ള വിവരങ്ങൾ ഈ വഴിക്ക് സിഐഎ ചോർത്തി... Pegasus Controversy. Indian Snooping History
മലയാളിയായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ എയർഹോസ്റ്റസിനെ ഉപയോഗിച്ച് സിഐഎ വീഴ്ത്തിയ സംഭവം ഉണ്ടായത് കാൽ നൂറ്റാണ്ടു മുൻപാണ്. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഈ ഐബി ഉദ്യോഗസ്ഥനെ എയർ ഹോസ്റ്റസ് തായ്‌ലൻഡിലേക്കു ക്ഷണിച്ചു. തായ്‌ലൻഡിലെ ഹോട്ടൽ മുറിയിൽ വച്ച് എടുത്ത ചിത്രങ്ങൾ ബ്ലാക്മെയിലിന് ഉപയോഗിച്ചു. ഇന്ത്യയുടെ ശ്രീലങ്കൻ ഓപറേഷനെപ്പറ്റിയുള്ള വിവരങ്ങൾ ഈ വഴിക്ക് സിഐഎ ചോർത്തി... Pegasus Controversy. Indian Snooping History
ചിത്രഗുപ്തന്മാരാണ് രഹസ്യാന്വേഷകർ. ഗുപ്തമായി ചിത്രം മാറ്റിവരച്ച് വ്യക്തിയുടേയോ രാജ്യത്തിന്റേയോ വിധി നിർണയിക്കുക ആണ് ജോലി. ചാരപ്പണി ചെയ്യുന്നവരുടെ ചരിത്രം മനുഷ്യകുലത്തിന്റെ അറിവായ കാലത്തോളം നീളുന്നു. കാലം മാറിയപ്പോൾ സാങ്കേതിക വിദ്യയും വിദഗ്ധരും മുൻനിരയിലേക്കു വന്നു. പെഗസസ് ചോർത്തൽ ഇപ്പോൾ രാജ്യത്തെ രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. അകത്തുനിന്നും പുറത്തുനിന്നും ഉള്ള ചോർത്തൽ ഒരു സത്യമായി മുന്നിൽ നിൽക്കുന്നു. രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി വിവരം ചോർത്തുന്നത് അനിവാര്യം ആകുമ്പോൾ പുറത്തുനിന്നുള്ളവർ ചോർത്തുന്നത് രാജ്യത്തിന്റെ അടിത്തറയിളക്കാൻ പോരുന്ന രാജ്യദ്രോഹം ആയി മാറുന്നു.
ചരിത്രത്തിലെ ചിത്രം
കൗടില്യനീതിയിൽ ചാണക്യൻ പറയുന്നത് ‘ചാരേന പക്ഷ്യന്തി രാജാനാ’ എന്നാണ്. രാജാവിന്റെ കണ്ണുകളാണ് ചാരൻ. അഥവാ ചാരനിലൂടെയാണ് രാജാവ് വസ്തുതകളെ കാണുന്നത്. മഹാഭാരതത്തിൽ ധൃതരാഷ്ട്രരോട് ദുര്യോധനനെപ്പറ്റിയുള്ള വിവരങ്ങൾ ചാരൻ വന്നു പറയുന്നുണ്ട്. എന്റെ മകനെപ്പറ്റി മോശം പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്നാണ് ധൃതരാഷ്ട്രർ പറയുന്നത്. അപ്പോൾ വിദുരർ ഉപദേശിക്കുന്നത് ഇങ്ങനെ– സത്യം പറയുന്നവരും സത്യം കേൾക്കുന്നവരും ഇപ്പോൾ കുറവാണ്. അതിനാൽ ചാരൻമാർ വന്നു പറയുന്നത് താങ്കൾ കേൾക്കണം.
രാമായണത്തിൽ രാവണ സഹോദരൻ വിഭീഷണൻ രാമന്റെ ഭാഗത്താണ്. രാവണന്റെ കോട്ടയുടെ ഏതൊക്കെ ഭാഗങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് വിഭീഷണൻ വിവരം കൈമാറുന്നു. രാവണപതനത്തിന് അത് കാരണമാകുന്നു. സ്വപ്നവാസവദത്തം എന്ന ഭാസ രചിതമായ നാടകത്തിൽ രാജാവ് ഗജവശീകരണ തന്ത്രം ഉദയനനിൽനിന്നു ചോർത്തുന്നത് മകളെ വിട്ടാണ്!
ചോർത്താൻ ആർക്കാണ് അനുമതി?
രാജ്യസുരക്ഷയ്ക്ക് രഹസ്യാന്വേഷണ വിഭാഗം വേണം എന്നാണ് വിദഗ്ധരുടെ നിലപാട്. രാജ്യത്തിന്റെ വിശാലമായ താൽപര്യം മുൻനിർത്തുമ്പോൾ വിവരങ്ങൾ രഹസ്യമായി ശേഖരിക്കുന്നത് സ്വസ്ഥ ജീവിതത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്. ഇതിനായി നിയമപരമായ രീതിയിൽ അനുമതി വാങ്ങിയുള്ള ചോർത്തലാണ് നമ്മുടെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം പിന്തുടരുന്നത്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആഭ്യന്തര സെക്രട്ടറിയാണ് അനുമതി നൽകുന്നത്. രാജ്യ താൽപര്യം മുൻനിർത്തി ഏതെങ്കിലും ഒരു വ്യക്തിയുടെ ഫോൺ ചോർത്താനാണ് അനുമതി നൽകുക. എന്നാൽ ഈ സൗകര്യം ഉപയോഗിച്ച് മറ്റുള്ളവരുടെ ഫോണും ചോർത്തുന്നു എന്ന പരാതിയാണ് ഉയർന്നുവരാറുള്ളത്. കേന്ദ്രമന്ത്രി ആയിരിക്കെ തന്റെ ഫോൺ ചോർത്തുന്നു എന്ന് പ്രണബ് മുഖർജിയെ പോലുള്ളവർ പരാതിപ്പെട്ടത് ഓർക്കുക.
ഫോൺ സർക്കാർ നിയന്ത്രണത്തിൽ ആയിരുന്ന കാലത്ത് അനുമതിയോടെയുള്ള ഫോൺ ചോർത്തലിന് പ്രാധാന്യം കൂടുതലുണ്ടായിരുന്നു. മൊബൈൽ കാലഘട്ടം ആയതോടെ അനുമതിയുടെ പ്രാധാന്യം നേർത്തുപോയി. സ്വകാര്യവിവരങ്ങൾ പലപ്പോഴും നമ്മുടെ നിയന്ത്രണത്തിനും അപ്പുറമാകാം. ചോർത്തലിന് വിധേയരാകാൻ സാധ്യതയുള്ളവർ മൊബൈൽ ഫോണും സാമൂഹികമാധ്യമങ്ങളും ഒഴിവാക്കുന്നതാണ് ബുദ്ധി എന്നാണ് വിദഗ്ധർ പറയുന്നത്. റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) മേധാവിയായിരുന്ന കാലത്ത് താൻ മൊബൈൽ ഉപയോഗിച്ചിട്ടേ ഇല്ല എന്ന് പ്രമുഖനായ ഒരു വ്യക്തി പറഞ്ഞിട്ടുണ്ട്. കാരണം ലളിതമാണ്– ഏത് ഇലക്ട്രോണിക് ഉപകരണവും ചോർത്താൻ കഴിയും.
എന്തിന് ചോർത്തണം?
രാജ്യത്തിന്റെ നിലനിൽപിന് രഹസ്യാന്വേഷണ വിഭാഗം കരുത്താർജിക്കേണ്ടതുണ്ടെന്നാണ് പൊതു നിലപാട്. മുഖ്യമായും ദേശവിരുദ്ധ നിലപാടുകളെയാണ് ചെറുക്കേണ്ടത്. ഏതു രാജ്യത്തിനും അതു ചെയ്യേണ്ടിവരും. ഇല്ലെങ്കിൽ ദേശവിരുദ്ധശക്തികൾ ഉയർന്നുവരികയും രാജ്യം വിഭജിക്കപ്പെടുകയും ചെയ്യും. ഇന്ത്യയിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി), റോ എന്നിവയാണ് പ്രമുഖ രഹസ്യാന്വേഷണ സംഘടനകൾ. വിദേശ രാജ്യങ്ങളിലെ വിവരങ്ങൾ ആണ് റോ ശേഖരിക്കുന്നത്. രാജ്യത്തിനകത്തെ കാര്യങ്ങൾ ഐബിയും. ഭരണഘടന സംരക്ഷിക്കുന്നതിനുള്ള നടപടികൾ, വിദേശ രാജ്യങ്ങളിൽനിന്നുള്ള ചാരസംഘടനകളുടെ പ്രവർത്തനം തടയുക (കൗണ്ടർ ഇന്റലിജൻസ്) എന്നിവയാണ് ഐബിയുടെ ലക്ഷ്യം. ഐഎസ്ആർഒ ചാരക്കേസിൽ ഐബി ഇടപെട്ടത് അതിനു പിന്നിൽ പാക്ക് ചാരസംഘടനയുടെ ഇടപെടലുണ്ട് എന്ന വിവരങ്ങളുടെ പേരിലാണ്.
ടെക് ഇന്റൽ, ഹ്യൂമൻ ഇന്റൽ എന്നീ അടിസ്ഥാന വിഭജനം രഹസ്യാന്വേഷണ വിഭാഗത്തിലുണ്ടാകും. യഥാക്രമം സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണവും വ്യക്തികളെ ബന്ധപ്പെട്ടുള്ള നിരീക്ഷണവും ആണ് ഇവ. വ്യക്തികളിൽനിന്ന് വിവരങ്ങൾ ചോർത്താൻ ദീർഘകാലമെടുത്തുള്ള വ്യക്തിബന്ധം സൃഷ്ടിക്കേണ്ടിവരാറുണ്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻമാരുടെ മിടുക്ക് തെളിയുന്നത് ഈ രംഗത്താണ്.
സംഘടനകൾക്കകത്ത് നുഴഞ്ഞുകയറിയോ തങ്ങളുടെ ഏജന്റിനെ നിയോഗിച്ചോ ആയിരിക്കും പലപ്പോഴും രഹസ്യങ്ങൾ ചോർത്തുക. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർ ഡബിൾ ഏജന്റുമാരാവും എന്നതാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരിടുന്ന ഒരു ഭീഷണി. രാജ്യത്തെ ഞെട്ടിച്ച പല സംഭവങ്ങളിലും മുൻകൂർ വിവരം നൽകാൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പരാജയപ്പെട്ട സന്ദർഭങ്ങളും ധാരാളം. ഭരണാധികാരികൾ അവസരത്തിനൊത്ത് ഉയരാതെ പോകുന്നതാണ് ഈ അവസ്ഥയ്ക്ക് ഒരു കാരണം.
ഇന്ദിരയുടെ മരണത്തിനും മുൻപേ...
ബിയന്ത് സിങ്, സത്‌വന്ത് സിങ് എന്നീ അംഗരക്ഷകരുടെ വെടിയേറ്റാണ് പ്രധാനമന്ത്രി പദത്തിലിരിക്കെ ഇന്ദിരാഗാന്ധി മരിച്ചത്. ബ്ലൂസ്റ്റാർ ഓപറേഷന്റെ പശ്ചാത്തലത്തിൽ സിഖ് സമുദായത്തിലെ അസ്വസ്ഥതകൾ ഐബി നിരീക്ഷിച്ചിരുന്നു. അംഗരക്ഷകരിൽ ഉൾപ്പെട്ട ഈ രണ്ടുപേരുടേയും മാനസികമായ മാറ്റങ്ങളെപ്പറ്റി ഐബി പ്രധാനമന്ത്രിക്ക് മുന്നറിയിപ്പു നൽകുകയും അവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു രാഷ്ട്രീയ വിവാദത്തിന് ഇടവരുത്തുമെന്ന് ആയിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. ഒടുവിൽ അത് ഇന്ദിരാഗാന്ധിയുടെ വധത്തിലേക്കും നയിച്ചു.
രാജീവ് വധത്തിന്റെ കാര്യത്തിലും ഐബി ശേഖരിച്ച വിവരങ്ങൾ പ്രയോജനപ്പെട്ടില്ല എന്നാണ് സൂചന. ശിവരശൻ, പൊട്ടു അമ്മൻ, പുലി പ്രഭാകരൻ എന്നിവരുടെ നീക്കങ്ങൾ ചോർത്താൻ കഴിഞ്ഞെങ്കിലും കൃത്യമായ തുടർനടപടികൾ ഉണ്ടായില്ല. ചുരുക്കത്തിൽ ഇന്ദിര വധം, രാജീവം വധം എന്നിവ രഹസ്യാന്വേഷണ പിഴവ് ആയാണു വിലയിരുത്തുന്നത്.
ഇത്തരം വീഴ്ചകൾ വരുമ്പോഴും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകാറില്ല. ‘സോഫ്ട്’ നടപടികളാണു പലപ്പോഴും. ഈ ഏജൻസികളെ ഭരണാധികാരികൾക്ക് ആവശ്യമുണ്ട് എന്നതാണ് കാരണം. ഈ ഏജൻസികളുടെ പ്രതിഛായ നഷ്ടമാകാതിരിക്കുക എന്നതും പരിഗണിക്കാറുണ്ട്. മുംബൈയിൽ 10 വർഷം മുൻപു നടന്ന ഭീകരാക്രമണത്തിലും ഇന്റലിജൻസ് വീഴ്ച ചർച്ചയായിരുന്നു. അന്നത്തെ മേധാവിയെ പിന്നീട് ഗവർണർ തസ്തിക നൽകി മാറ്റുകയാണ് ഉണ്ടായത്.
രാഷ്ട്രീയത്തിലെ ‘ദുരുപയോഗം’
രാജ്യസുരക്ഷ എന്ന ലക്ഷ്യമാണ് രഹസ്യാന്വേഷണ ഏജൻസികളുടെ പ്രധാന ഉത്തരവാദിത്തം എങ്കിലും രാഷ്ട്രീയ പ്രതിയോഗികളെ കണ്ടെത്താനും നിരീക്ഷിക്കാനും ഏജൻസികളെ ഉപയോഗിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയത്തിൽ ഇടപെടുക എന്നത് ഇത്തരം ഏജൻകളുടെ ദുരുപയോഗമായാണ് കാണുന്നത്. എന്നാൽ രാഷ്ട്രീയ മേധാവികൾ അതിനു നിർബന്ധിക്കുന്നു എന്നാണ് പരാതി ഉയരാറുള്ളത്. കോൺഗ്രസ് നേതാവ് വൈബി ചവാൻ സിഐഎയുടെ ചാരനായിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. സിന്ധ് പിടിച്ചെടുക്കാനുള്ള ഇന്ദിരാഗാന്ധിയുടെ പദ്ധതി ചോർത്തിക്കൊടുത്തു എന്ന ആരോപണവും അക്കാലത്ത് ചവാനെതിരെ ഉയർന്നുവന്നു.
അതേസമയം അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കന്മാരുടെ വിവരങ്ങൾ ചോർത്തുകയും അവരെ ബ്ലാക്മെയിൽ ചെയ്യുന്ന പദ്ധതികൾ നടപ്പാക്കി എന്ന വിവാദവും ചർച്ചയായി. ജനാധിപത്യം നിലനിൽക്കുന്ന 70 രാജ്യങ്ങളിലെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന് അതത് പാർലമെന്റുകളുടെ നിയന്ത്രണമുണ്ട്. എന്നാൽ ഇന്ത്യയിൽ ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് ഐബി. സ്വാഭാവികമായും രാഷ്ട്രീയ മേധാവികൾക്ക് സ്വാധീനിക്കാം. ഇതാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നേരിടുന്ന ഏറ്റവും വലിയ പരാധീനതയും.
വീഴും ഈ മൂന്നു കാര്യങ്ങളിൽ!
പണം, പെണ്ണ്, പ്രത്യയശാസ്ത്രം എന്നീ മൂന്നു കാര്യങ്ങളിലാണ് ഇരകൾ വീണുപോകുന്നതെന്നാണ് ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ മേഖലയുടെ പൊതു സിദ്ധാന്തം. മലയാളിയായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ എയർഹോസ്റ്റസിനെ ഉപയോഗിച്ച് സിഐഎ വീഴ്ത്തിയ സംഭവം ഉണ്ടായത് കാൽ നൂറ്റാണ്ടു മുൻപാണ്. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഈ ഐബി ഉദ്യോഗസ്ഥനെ എയർ ഹോസ്റ്റസ് തായ്‌ലൻഡിലേക്കു ക്ഷണിച്ചു. തായ്‌ലൻഡിലെ ഹോട്ടൽ മുറിയിൽ വച്ച് എടുത്ത ചിത്രങ്ങൾ ബ്ലാക്മെയിലിന് ഉപയോഗിച്ചു.
ഇന്ത്യയുടെ ശ്രീലങ്കൻ ഓപറേഷനെപ്പറ്റിയുള്ള വിവരങ്ങൾ ഈ വഴിക്ക് സിഐഎ ചോർത്തി. സിഐഎ ആവശ്യപ്പെട്ട സ്ഥലത്ത് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ കൊണ്ടുവയ്ക്കുന്ന രീതിയാണു പിന്തുടർന്നത്. ഇന്ത്യയുടെ രഹസ്യങ്ങൾ പുറത്തുപോകുന്നതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ ഉദ്യോഗസ്ഥൻ കുടുങ്ങിയത്. സർവീസിൽനിന്ന് അദ്ദേഹം പുറത്തായി. കേരളത്തിൽ പിൽക്കാലത്ത് രാഷ്ട്രീയ വിവാദമായ പാമോലിൻ ഇറക്കുമതി ഇടപാടിൽ വിദേശ രാജ്യത്തുനിന്ന് ഇടപെട്ടതിൽ ഈ വ്യക്തിയുമുണ്ടായിരുന്നു.
എത്ര ചോർത്താം?
എത്ര ശ്രമിച്ചാലും 20–25 ശതമാനം വിവരങ്ങൾ മാത്രമേ ചോർത്താനാവൂ എന്നാണു വിദഗ്ധർ പറയുന്നത്. എങ്കിലും അതു വളരെ നിർണായകമാണ്. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ പിന്തുടരുക എന്നതും വളരെ പ്രധാനമാണ്. അത്തരത്തിലുള്ള അന്വേഷണം വൈകുമ്പോൾ അത്യാഹിതങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കാം. ഉദാഹരണത്തിന് അമേരിക്കയിൽ സെപ്റ്റംബർ 11 ആക്രമണം സിഐഎ മുൻകൂട്ടി കണ്ടിരുന്നുവെന്നാണു പറയപ്പെടുന്നത്. അവർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ മുൻഗണനാക്രമത്തിൽ അതു വിലയിരുത്തുന്ന സമയമായപ്പോഴേക്കും ആക്രമണം നടന്നുകഴിഞ്ഞിരുന്നു. വിവരത്തള്ളിച്ചകൾക്കിടയിൽനിന്ന് കൃത്യമായി വേണ്ടത് കണ്ടെത്തുകയും ശ്രമകരമാണ്.
ഭരണകൂടത്തിന്റെ താൽപര്യം സംരക്ഷിക്കാനായി രഹസ്യാന്വേഷണ വിഭാഗങ്ങൾ ‘അനുസരണ’ കാട്ടുമ്പോൾ വൻ പ്രത്യഘാതങ്ങളാണ് ഉണ്ടാകുന്നത്. ഗുജറാത്തിൽ നടന്ന വ്യാജഏറ്റുമുട്ടലുകളുടെ കാര്യത്തിൽ ഐബി ആരോപണ വിധേയമായിട്ടുണ്ട്. ഭീമകോറേഗാവ് കേസിൽ (എൽഗാർ പരിഷദ് കേസ്) പ്രതിചേർക്കപ്പെട്ടവരുടെ ലാപ്ടോപുകളിൽ അവരറിയാതെ വ്യാജ സന്ദേശങ്ങൾ ഉൾപ്പെടുത്തി എന്ന പരാതി ഇപ്പോൾ രാജ്യത്ത് സജീവ ചർച്ചയാണ്. മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു അറസ്റ്റിലായി ജയിലിൽ കഴിയുന്നവർ.
ഇതിൽ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ലാപ്‌ടോപ്, അറസ്റ്റിലാകുന്നതിനു 20 മാസം മുൻപേതന്നെ ചാര സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിയന്ത്രണത്തിലാക്കിയിരുന്നുവെന്നും, അതിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ സ്ഥാപിച്ചിരുന്നുവെന്നും ആഴ്സണൽ കൺസൽട്ടിങ് എന്ന അമേരിക്കൻ സൈബർ-സുരക്ഷാ കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. മലയാളിയായ റോണാ വിത്സന്റെ ലാപ്‌ടോപ്പിലും ഇതുപോലെ കൃത്രിമം നടന്നതായി ആരോപണമുണ്ട്. ജെഎൻയു വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദും സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. 2019ൽ രാജ്യദ്രോഹക്കുറ്റം ചാർത്തി ജയിലിൽ അടയ്ക്കുമ്പോൾ പ്രധാന തെളിവായി പോലീസ് പറഞ്ഞത് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങൾ ആയിരുന്നു.
ചാരക്കേസിനൊടുവിൽ...
മലയാളികൾക്ക് ഏറ്റവും പരിചിതമായ കേസാണ് ഐഎസ്ആർഒ ചാരക്കേസ്. മാലി സ്വദേശികളായ വനിതകളും രണ്ടു ശാസ്ത്രജ്ഞന്മാരും ഏതാനും ഇടനിലക്കാരും അടങ്ങുന്നവർ രാജ്യരഹസ്യം ചോർത്തി എന്നതായിരുന്നു 1994ൽ ഉയർന്നുവന്ന ആരോപണം. ഐബി നൽകിയ സൂചനകൾ അനുസരിച്ച് കേരള പൊലീസ് പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ നടന്ന അറസ്റ്റും അന്വേഷണവും കേരള രാഷ്ട്രീയത്തിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. രാജ്യാന്തര ബന്ധം തെളിഞ്ഞതോടെയാണ് കേസ് സിബിഐക്ക് കൈമാറാൻ കേരള പൊലീസ് തീരുമാനിച്ചത്.
1996ൽ ഈ കേസ് കെട്ടിച്ചമച്ചതാണ് എന്ന ആരോപണത്തോടെയാണ് സിബിഐ അവസാനിപ്പിച്ചത്. അതോടെ ഐബി അടക്കമുള്ളവർ പ്രതിക്കൂട്ടിലാവുകയും പുതിയ വിവാദവും കേസും ആരംഭിക്കുകയും ചെയ്തു. ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ എം.കെ. ധർ, സിബിഐ കേസ് അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ച് പുസ്തകം രചിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഗൂഢാലോചനയെപ്പറ്റി പുതിയ അന്വേഷണം സിബിഐ തുടങ്ങുകയും സുപ്രീം കോടതി അന്വേഷണത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു.
എന്താണ് നിയമവശം?
ഇന്ത്യയിൽ സ്വകാര്യത ഒരു മൗലികാവകാശമാണ്. രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തുന്ന കടന്നുകയറ്റം അതിനാൽ മൗലികാവകാശ ലംഘനമാണ്. 2017ലെ പുട്ടസ്വാമി വിധിയിൽ ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇത്തരം കടന്നുകയറ്റങ്ങൾ തടയേണ്ട ഉത്തരവാദിത്തവും സർക്കാരിനുണ്ട്. അതുകൊണ്ടാണ് ഫോൺചോർത്തൽ പോലുള്ള നടപടികൾ നിയമവിധേയമായി മാത്രമേ ചെയ്യാവൂ എന്ന നിയമം കർശനമാക്കിയിട്ടുള്ളത്. സുപ്രീം കോടതി ഫോൺചോർത്തലിന് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് 2017ൽ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നതും.
ചോർത്തലിന് 60 ദിവസത്തേക്കാണ് അനുമതി നൽകാൻ കഴിയുക. ഈ അനുമതിതന്നെ ഒരു റിവ്യൂ കമ്മിറ്റി പരിശോധിക്കും. റിവ്യൂ കമ്മിറ്റി നിർദേശിച്ചാൽ മാത്രമേ ചോർത്തൽ അനുമതി ദീർഘിപ്പിക്കാൻ കഴിയൂ. സമൂഹ മാധ്യമങ്ങളുടെ കാര്യത്തിലും ഈ നിയമവും തുടർന്നുണ്ടായ കൂട്ടിച്ചേർക്കലും ബാധകമാണ്. ഈ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് ഒരു വിദേശ രാജ്യം നമ്മുടെ രാഷ്ട്രീയ പ്രമുഖർ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ ചോർത്തിക്കൊണ്ടിരുന്നത്. അതിർത്തികൾ നിരപ്പാക്കിക്കൊണ്ടുള്ള സാങ്കേതിക വിദ്യയുടെ വളർച്ചയാണ് അതിന് അവരെ സഹായിച്ചത്.
English Summary: History and Evolution of Snooping in India- An Analysis amid Pegasus Row