ട്വിറ്ററിനേക്കാൾ മോദിക്കു പ്രിയം? മന്ത്രിയുടെ ‘എക്സ്ക്ലുസിവ്’ കണ്ടന്റും;പിടിച്ചടക്കുമോ ‘കൂ’
ട്വിറ്റർ വരുതിക്കു വരുന്നില്ലെങ്കിൽ കേന്ദ്രം എങ്ങോട്ടു നീങ്ങുമെന്നതിന്റെ സൂചന കൂടിയായിരുന്നു ആ നീക്കം. പുതിയ ഐടി ചട്ടങ്ങൾ പാലിക്കാൻ വമ്പൻ സമൂഹമാധ്യമ കമ്പനികൾ തയാറാകാതിരുന്നപ്പോഴും അതു പാലിച്ചുവെന്ന് ആദ്യം റിപ്പോർട്ട് നൽകിയതും ‘കൂ’ ആയിരുന്നു. കേന്ദ്രവും സാമൂഹമാധ്യമങ്ങളും തമ്മിലുള്ള...Koo app . Aprameya Radhakrishna
ട്വിറ്റർ വരുതിക്കു വരുന്നില്ലെങ്കിൽ കേന്ദ്രം എങ്ങോട്ടു നീങ്ങുമെന്നതിന്റെ സൂചന കൂടിയായിരുന്നു ആ നീക്കം. പുതിയ ഐടി ചട്ടങ്ങൾ പാലിക്കാൻ വമ്പൻ സമൂഹമാധ്യമ കമ്പനികൾ തയാറാകാതിരുന്നപ്പോഴും അതു പാലിച്ചുവെന്ന് ആദ്യം റിപ്പോർട്ട് നൽകിയതും ‘കൂ’ ആയിരുന്നു. കേന്ദ്രവും സാമൂഹമാധ്യമങ്ങളും തമ്മിലുള്ള...Koo app . Aprameya Radhakrishna
ട്വിറ്റർ വരുതിക്കു വരുന്നില്ലെങ്കിൽ കേന്ദ്രം എങ്ങോട്ടു നീങ്ങുമെന്നതിന്റെ സൂചന കൂടിയായിരുന്നു ആ നീക്കം. പുതിയ ഐടി ചട്ടങ്ങൾ പാലിക്കാൻ വമ്പൻ സമൂഹമാധ്യമ കമ്പനികൾ തയാറാകാതിരുന്നപ്പോഴും അതു പാലിച്ചുവെന്ന് ആദ്യം റിപ്പോർട്ട് നൽകിയതും ‘കൂ’ ആയിരുന്നു. കേന്ദ്രവും സാമൂഹമാധ്യമങ്ങളും തമ്മിലുള്ള...Koo app . Aprameya Radhakrishna
ന്യൂഡൽഹി∙ ഐടി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ പ്രതിരോധത്തിലായപ്പോഴെല്ലാം ഉയർന്നുകേട്ട പേരാണ് ‘കൂ’ എന്ന ബദൽ മെയ്ഡ് ഇൻ ഇന്ത്യ പ്ലാറ്റ്ഫോം. കർഷകസമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ അടിമുറുകിയപ്പോഴെല്ലാം ‘കൂ’വിലേക്കുള്ള തള്ളിക്കയറ്റം പതിവുകാഴ്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്രത്തിലെ പ്രധാനികളെല്ലാം ‘കൂ’വിന്റെ വക്താക്കളായി മാറുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അധികാരത്തിലേറി ഒരു മാസത്തിനുള്ള കൂവിൽ അക്കൗണ്ട് തുറന്നു.
തീർന്നില്ല, ട്വിറ്ററിൽ പോസ്റ്റ് ചെയ്യാത്ത ചില എക്സ്ക്ലൂസിവ് കണ്ടന്റ് മന്ത്രി ‘കൂ’വിൽ പ്രസിദ്ധീകരിച്ചു. ട്വിറ്റർ വരുതിക്കു വരുന്നില്ലെങ്കിൽ കേന്ദ്രം എങ്ങോട്ടു നീങ്ങുമെന്നതിന്റെ സൂചന കൂടിയായിരുന്നു ആ നീക്കം. പുതിയ ഐടി ചട്ടങ്ങൾ പാലിക്കാൻ വമ്പൻ സമൂഹമാധ്യമ കമ്പനികൾ തയാറാകാതിരുന്നപ്പോഴും അതു പാലിച്ചുവെന്ന് ആദ്യം റിപ്പോർട്ട് നൽകിയതും ‘കൂ’ ആയിരുന്നു. കേന്ദ്രവും സാമൂഹമാധ്യമങ്ങളും തമ്മിലുള്ള ഇടച്ചിൽ രൂക്ഷമായതോടെ ‘കൂ’ പൂർണമായും ഒരു ഇന്ത്യൻ ബദൽ എന്ന തരത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ടു.
2020ൽ സർക്കാരിന്റെ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിൽ ജേതാക്കളായിട്ടാണ് ‘കൂ’ ടീമിന്റെ തുടക്കം. ബെംഗളൂരുവാണ് ആസ്ഥാനം. 2021ലെ കണക്കനുസരിച്ച് 10 കോടി ഡോളറാണ് മൂല്യം. കന്നഡയിലായിരുന്നു തുടക്കമെങ്കിലും നിലവിൽ ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറമേ നൈജീരിയയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചുകഴിഞ്ഞു. നൈജീരിയൻ പ്രസിഡന്റിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ട്വിറ്ററിന് നൈജീരിയയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു ബദലായിട്ടാണ് നൈജീരിയൻ സർക്കാർ‘കൂ’വിലേക്ക് ജൂണിൽ വരുന്നത്. ‘കൂ’വിന്റെ ഭാവി പരിപാടികളെക്കുറിച്ചും വിവാദങ്ങളെപ്പറ്റിയും സ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ മനോരമ ഓൺലൈനിനോടു മനസ്സുതുറക്കുന്നു...
‘കൂ’ പ്ലാറ്റ്ഫോമിന്റെ റോഡ്മാപ് എന്താണ്? ഇപ്പോൾ എവിടെയെത്തിനിൽക്കുന്നു? ഇനിയെങ്ങോട്ട്?
2021 തുടക്കത്തിൽ 15 ലക്ഷം പേരായിരുന്നു ‘കൂ’വിന്റെ ഉപയോക്താക്കൾ. ഇപ്പോഴത് 80 ലക്ഷമായി. വെറും 5 മാസം കൊണ്ടായിരുന്നു ഈ മാറ്റം. അടുത്ത 6 മുതൽ 12 മാസം വരെ പത്തിരട്ടി വർധനയാണ് ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ഞങ്ങൾ ആ സമയം കൊണ്ട് 6 മുതൽ 7 കോടി ഉപഭോക്താക്കളിലെത്തും. ഇന്ത്യതന്നെയാണ് ഞങ്ങളുടെ പ്രധാന ഫോക്കസ്. ആഗോള വിപണി എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാനാണ് നൈജീരിയയിൽ സാന്നിധ്യമുറപ്പിച്ചത്.
നൈജീരിയയിൽനിന്നു പഠിക്കുന്ന പാഠങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും മറ്റു രാജ്യങ്ങളിലേക്കുള്ള എൻട്രി. സൗത്ത്–ഈസ്റ്റ് ഏഷ്യ, സൗത്ത് അമേരിക്ക, ഈസ്റ്റ് യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം. അതത് രാജ്യങ്ങളിലെ പ്രാദേശികഭാഷാ കമ്യൂണിറ്റികളെയായിരിക്കും ഞങ്ങൾ കൂടുതലായി ലക്ഷ്യം വയ്ക്കുക. വിവരസുരക്ഷയുമായി ബന്ധപ്പെട്ട ജിഡിപിആർ കംപ്ലയൻസ് പൂർത്തിയാക്കുന്നതോടെ യൂറോപ്പിലേക്കും കടക്കാനാകും.
ഐടി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ കംപ്ലയൻസ് റിപ്പോർട്ട് ‘കൂ’ പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. 2385 പോസ്റ്റുകൾ റിമൂവ് ചെയ്തെന്നാണ് റിപ്പോർട്ട് പറയുന്നത്. കണ്ടന്റ് മോഡറേഷൻ എങ്ങനെയാണ് നടത്തുന്നത്?
അശ്ലീല ഉള്ളടക്കം, വിദേഷ്വം പ്രചരിപ്പിക്കുന്ന ഉള്ളടക്കം എന്നിവ നിസ്സംശയംതന്നെ നീക്കം ചെയ്യും. മറ്റുള്ള കാര്യങ്ങളിൽ ഞങ്ങൾ സ്വയം തീരുമാനമെടുക്കുകയല്ല ചെയ്യാറുള്ളത്. ഉപയോക്താക്കളുടെ പങ്കാളിത്തത്തോടെയും ഫീഡ്ബാക്കിനും അനുസരിച്ചായിരിക്കും. ഇതിനു പുറമേ നിയമ ഏജൻസികളിൽനിന്ന് വരുന്ന ടേക്ക് ഡൗൺ റിക്വസ്റ്റുകളും പരിഗണിക്കും.
മാനുവൽ കണ്ടന്റ് മോഡറേഷൻ സാധ്യമാണോ? അതോ ടെക്നോളജി ഉപയോഗിക്കുന്നുണ്ടോ?
മെഷീൻ ലേണിങ് അൽഗോരിതവും മാനുവൽ പരിശോധനയുമുണ്ട്.
പ്രാദേശിക ഭാഷകളിൽ ശ്രദ്ധയൂന്നുന്ന കമ്പനി എന്ന നിലയിൽ ഉപയോക്താക്കളുടെ എണ്ണം വർധിക്കുമ്പോൾ കണ്ടന്റ് മോഡറേഷൻ പ്രശ്നമാകില്ലേ?
ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്കായി ഡീപ് ടെക്നോളജി ഞങ്ങൾ വികസിപ്പിക്കുന്നുണ്ട്. ശരിയാണ്, പ്രാദേശിക ഭാഷകളിൽ ശ്രദ്ധയൂന്നാത്തവർക്ക് ഇക്കാര്യം ഇപ്പോൾ ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങൾ പ്രാദേശിക ഭാഷകളിൽ ഊന്നൽ കൊടുക്കുന്നുവെന്നതാണ് യാഥാർഥ്യം.
പുതിയ ഐടി ചട്ടങ്ങളിലേക്കു വരാം. ട്രേസബിലിറ്റി എന്ന വിഷയത്തിൽ വലിയൊരു ചർച്ച നടക്കുന്നത് അറിയാമല്ലോ. ഒരു കണ്ടന്റ് ആദ്യം പോസ്റ്റ് ചെയ്ത ഫസ്റ്റ് ഒർജിനേറ്ററിനെ ട്രേസ് ചെയ്യാൻ കമ്പനികൾക്കാവണം എന്നാണു ചട്ടം. ഈ ട്രേസിങ് സ്വകാര്യതാലംഘനമാണെന്ന വാദമാണ് വാട്സാപ് അടക്കമുള്ള മിക്ക കമ്പനികളും സ്വീകരിക്കുന്നത്. ഇതിലെന്താണ് അഭിപ്രായം?
ഓപൺ നെറ്റ്‍വർക്കുകളും പ്രൈവറ്റ് നെറ്റ്‍വർക്കുകളുമുണ്ട്. ‘കൂ’ ഒരു ഓപൺ നെറ്റ്‍വർക്കാണ്. ഒരു കണ്ടന്റ് ആദ്യം ആരു പറഞ്ഞുവെന്നത് വളരെ വിസിബിൾ ആണ്. ഞങ്ങളുടേത് ഓപൺ ആയതുകൊണ്ടുതന്നെ ട്രേസബിലിറ്റി ഞങ്ങൾക്കൊരു പ്രശ്നമല്ല. ഒരു വിഷയം ആരു തുടങ്ങിവച്ചുവെന്നത് വളരെ കൃത്യമായി അറിയാം.
പക്ഷേ, തുടങ്ങിവച്ചയാൾ ആ കണ്ടന്റിന്റെ യഥാർഥ സ്രഷ്ടാവല്ലെങ്കിൽ എന്തുചെയ്യും? ഉദാഹരണത്തിന് അയാൾക്ക് മറ്റൊരു പ്ലാറ്റ്ഫോമിൽനിന്ന് ലഭിച്ച ഒരു ചിത്രം പങ്കുവച്ചതാണെങ്കിൽ പ്രശ്നമാകില്ലേ? അതിന്റെ പേരിൽ ഒരു വ്യക്തി കുറ്റക്കാരനാകുന്നത് അന്യായമാണെന്നാണ് വാദം...
ഇക്കാര്യത്തിൽ ഞങ്ങൾക്കൊരു ജഡ്ജ്മെന്റിൽ എത്താൻ കഴിയില്ല. ഫസ്റ്റ് ക്രിയേറ്റർ എന്നുദ്ദേശിക്കുന്നത് കണ്ടന്റിന്റെ ക്രിയേറ്ററിനെയാണെന്നാണ് മനസ്സിലാക്കുന്നത്. പകരം ആര് ആദ്യം പോസ്റ്റ് ചെയ്തുവെന്നോ ഷെയർ ചെയ്തുവെന്നോ അല്ല. ആരാണ് ആ കണ്ടന്റ് നിർമിച്ചതെന്നാണ് യഥാർഥ ചോദ്യം.
കേന്ദ്രസർക്കാർ ‘കൂ’വിലേക്ക് നീങ്ങുന്നുവെന്ന സൂചന വന്നുകഴിഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്യാത്ത കണ്ടന്റാണ് ഐടി മന്ത്രി അടുത്തയിടയ്ക്ക് ‘കൂ’ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്. എങ്ങനെ കാണുന്നു?
ഇന്ത്യയെ ആഴത്തിൽ ബന്ധിപ്പിക്കുകയെന്നതാണു ഞങ്ങളുടെ ലക്ഷ്യം. നിലവിൽ അൺകണക്റ്റഡ് ആയി കിടക്കുന്ന വലിയൊരു ജനതയാണ് ഞങ്ങളുടെ ലക്ഷ്യം. ഇംഗ്ലിഷ് ഫസ്റ്റ് ആയുള്ള ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന, പ്രാദേശിക ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് ഞങ്ങളുടെ വലിയൊരു വിഭാഗം ഉപയോക്താക്കളും. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട പല വ്യക്തികളും അവരുമായി സംവദിക്കാൻ കൂ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുന്നുണ്ട്.
ലോകത്തോടു മൊത്തമായി വിളിച്ചുപറയുന്നതിനു പകരം ഇന്ത്യയുടെ താഴേത്തട്ടിലേക്ക് പറയാനുള്ള മെസേജുകൾ ഉണ്ടാകാം. ഉദാഹരണത്തിന് കർണാടക രാജ്യോത്സവ (കന്നഡ ദിനം) സംബന്ധിച്ച കാര്യമാണെങ്കിൽ അത് കന്നഡ കമ്യൂണിറ്റിയിലേക്ക് പോകണമെന്നു മാത്രമായിരിക്കും ഒരാൾ ആഗ്രഹിക്കുക. അത്തരത്തിൽ ‘കൂ’ പ്ലാറ്റ്ഫോമിനു വലിയ സാധ്യതയുണ്ട്.
ട്വിറ്റർ ഇന്ത്യയിൽ നേരിട്ട പ്രതിസന്ധിയാണ് ‘കൂ’ പ്ലാറ്റ്ഫോമിന്റെ വളർച്ചയ്ക്കു കാരണമെന്ന് വിമർശകർ പറയുന്നുണ്ട്?
ഒരിക്കലുമില്ല. ഞങ്ങൾക്ക് തീർത്തും വ്യത്യസ്തമായ ഒരു വിപണിയാണുള്ളത്. 2019 നവംബറിലാണ് പ്ലാറ്റ്ഫോം നിർമിക്കുന്ന്. 2020 മാർച്ചിൽ ലോഞ്ചും ചെയ്തു. അന്നൊന്നും ട്വിറ്ററിന് ഒരു പ്രശ്നവുമില്ലായിരുന്നല്ലോ. ഇംഗ്ലിഷ് ഭാഷ വശമില്ലാത്തവരെ പരസ്പരവും ഇംഗ്ലിഷ് കമ്യൂണിറ്റിയുമായും ബന്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ട്വിറ്റർ നല്ല നിലയിലായിരുന്നോ അല്ലയോ എന്നു നോക്കിയിട്ടില്ല ഞങ്ങൾ ‘കൂ’ ആരംഭിച്ചത്.
‘കൂ’ പ്ലാറ്റ്ഫോമിന് രാഷ്ട്രീയ ചായ്‍വുണ്ടെന്നും ഇല്ലെന്നും വാദമുണ്ട്?
‘കൂ’ ഒരു ഓപൺ പ്ലാറ്റ്ഫോമാണ്. ഒരു പ്രത്യേക ഗ്രൂപ്പിനു വേണ്ടിയല്ല നിലകൊള്ളുന്നത്. എല്ലാവരെയും ഇതിൽ അക്കൗണ്ട് തുടങ്ങാനാണ് ഞങ്ങൾ ക്ഷണിക്കുന്നത്. ‘കൂ’ ഇന്ത്യയുടെ പ്രതിഫലനമാണ്. ഒരു ഇന്ത്യക്കാരന് ഇഷ്ടമുള്ള എന്തും ഈ പ്ലാറ്റ്ഫോമിലുണ്ടാകും. ക്രിക്കറ്റ്, രാഷ്ട്രീയം അങ്ങനെയെന്തും. എല്ലാവരുടേതുമാണ് ഇന്ത്യ. അതുപോലെ തന്നെയാണ് കൂ. പരസ്പരബഹുമാനത്തിൽ അധിഷ്ഠിതമായ ആവിഷ്കാരസ്വാതന്ത്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
നിലവിൽ കൂ പ്ലാറ്റ്ഫോം വരുമാനമുണ്ടാക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. എന്നായിരിക്കും അതിലേക്കുള്ള ചുവടുവയ്പ്?
നിലവിൽ വരുമാനമുണ്ടാക്കുന്നില്ല. കുറച്ചുവർഷങ്ങൾക്കുള്ളിൽ ഞങ്ങൾ പ്രതീക്ഷിച്ച സ്കെയിലിൽ എത്തുമ്പോൾ അതു പ്രതീക്ഷിക്കാം.
ഭാവിയിൽ പരസ്യങ്ങൾ വന്നാൽ ഉപഭോക്താവിനെ ടാർഗറ്റ് ചെയ്യാനുള്ള ഡേറ്റ പരസ്യക്കാരുമായി പങ്കുവയ്ക്കുമോ?
നിലവിൽ ഞങ്ങൾ പരസ്യങ്ങൾ നൽകുന്നേയില്ല. അതുകൊണ്ട് ഈ ചോദ്യത്തിനു പ്രസക്തിയില്ല.
എത്ര വലുതാണ് നിങ്ങളുടെ ടീം? റിക്രൂട്ട്മെന്റ്?
ജനുവരി വരെ 35 പേരായിരുന്ന ഞങ്ങളുടെ ടീം ഇപ്പോൾ 200 ആയി. ഇനിയും സ്മാർട് ആയ ആളുകളെ കൂടുതൽ റിക്രൂട്ട് ചെയ്യാൻ തന്നെയാണ് തീരുമാനം.
മലയാളത്തിലേക്ക് എന്നാണ് കൂ പ്ലാറ്റ്ഫോമിന്റെ വരവ്?
മലയാള ഭാഷയിൽ ‘കൂ’ ഏകദേശം ഒരു മാസത്തിനകം ലഭ്യമാകും. കമിങ് സൂൺ ലിസ്റ്റിൽ മലയാളമുണ്ട്. അധികം വൈകാതെ കേരളത്തിനായി കമ്യൂണിറ്റി മാനേജരെ ഉൾപ്പെടെ നിയമിക്കും. മലയാളം ഞങ്ങളെ സംബന്ധിച്ച വളരെ പ്രധാനമാണ്.
English Summary: Exclusive Interview with 'Koo' Founder CEO Aprameya Radhakrishna