എന്തുകൊണ്ട് ശിവശങ്കറിന് 1 കോടി കമ്മിഷന്‍ നല്‍കണം?; നിര്‍ണായകം സരിത്തിന്റെ മൊഴി
കണ്ണൂര്‍∙ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം യൂണിടാക്കിനെ ഏല്‍പിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയതായും ഇതിനുള്ള പ്രതിഫലമായാണ് ഒരു കോടി രൂപയുടെ കോഴ | Life Mission Project, M Sivasankar, Sarith, Swapna Suresh, Santosh Eapen,, manorama News, Unitac
കണ്ണൂര്‍∙ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം യൂണിടാക്കിനെ ഏല്‍പിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയതായും ഇതിനുള്ള പ്രതിഫലമായാണ് ഒരു കോടി രൂപയുടെ കോഴ | Life Mission Project, M Sivasankar, Sarith, Swapna Suresh, Santosh Eapen,, manorama News, Unitac
കണ്ണൂര്‍∙ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം യൂണിടാക്കിനെ ഏല്‍പിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയതായും ഇതിനുള്ള പ്രതിഫലമായാണ് ഒരു കോടി രൂപയുടെ കോഴ | Life Mission Project, M Sivasankar, Sarith, Swapna Suresh, Santosh Eapen,, manorama News, Unitac
കണ്ണൂര്‍∙ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം യൂണിടാക്കിനെ ഏല്‍പിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയതായും ഇതിനുള്ള പ്രതിഫലമായാണ് ഒരു കോടി രൂപയുടെ കോഴ അദ്ദേഹത്തിനു ലഭിച്ചതെന്നും ഡോളര്‍ കടത്തു കേസില്‍ പി.എസ്. സരിത്തിന്റെ മൊഴി. തന്റെ പേരിലുള്ള ലോക്കറുകളില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്ത ഒരു കോടിയോളം രൂപ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ ഇടപാടില്‍ എം.ശിവശങ്കറിനുള്ള കോഴയാണെന്നു ഡോളര്‍ കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തിലെ മൊഴിയില്‍, പണം തന്റേതാണെന്നു പറഞ്ഞ സ്വപ്ന പിന്നീടു മൊഴി മാറ്റുകയായിരുന്നു.
അതേസമയം, എം. ശിവശങ്കര്‍ കോഴ ആവശ്യപ്പെട്ടതായോ അദ്ദേഹത്തിനു കോഴ നല്‍കിയതായോ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയില്‍ പറയുന്നില്ല. കോഴ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് എം. ശിവശങ്കറിന്റെ മൊഴിയും. ഡോളര്‍ കടത്തു കേസിലെ കാരണം കാണിക്കല്‍ നോട്ടിസിലാണു ലൈഫ് മിഷന്‍ കോഴയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച മൊഴികള്‍ എടുത്തു ചേര്‍ത്തിരിക്കുന്നത്. ലൈഫ് മിഷന്‍ കോഴയില്‍ നിന്നുള്ള 1.9 ലക്ഷം യൂഎസ് ഡോളര്‍ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയെന്നാണു കേസില്‍ കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസിലെ പ്രതികളായ എം. ശിവശങ്കറും സ്വപ്നയും സരിത്തും ഉള്‍പ്പെടെ 6 പേര്‍ക്കാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
സരിത്തിന്റെ മൊഴിയില്‍ നിന്ന്:
ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന പദ്ധതിയാണു റെഡ് ക്രസന്റ് മുന്നോട്ടുവച്ചിരുന്നത്. പറ്റിയ നിര്‍മാതാക്കളെ കണ്ടെത്തണമെന്നു യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രിയും സ്വപ്നയും എന്നോട് ആവശ്യപ്പെട്ടു. ഇക്കാര്യം സന്ദീപിനെ അറിയിച്ചതു ഞാനാണ്. ഒരു കോടി ദിര്‍ഹത്തിന്റേതാണു പദ്ധതിയെന്നും ഇതില്‍ നിന്ന് 30 ലക്ഷം ദിര്‍ഹം കോണ്‍സുലേറ്റിനു കമ്മിഷനായി ലഭിക്കുമെന്നും ഞാന്‍ സന്ദീപിനോടു പറഞ്ഞിരുന്നു. ബാക്കിയുള്ള 70 ലക്ഷം ദിര്‍ഹത്തില്‍ നിന്ന് 6% കമ്മിഷന്‍ വേണമെന്നു ഞാനും സന്ദീപും ആവശ്യപ്പെട്ടിരുന്നു. സന്ദീപാണു യൂണിടാക്കിനെ പറ്റി പറയുന്നത്.
യുഎസ് ഡോളറും ഇന്ത്യന്‍ രൂപയുമായി, 3 മില്യന്‍ ദിര്‍ഹത്തിനു തുല്യമായ തുകയാണു ഖാലിദ് അലി ഷൗക്രിക്ക് കവടിയാറില്‍ വച്ച് സന്തോഷ് ഈപ്പന്‍ കൈമാറുന്നത്. കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പണം കൊണ്ടുവയ്ക്കുന്നത്. ഇതില്‍, ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനാണ്. 1.9 ലക്ഷം യുഎസ് ഡോളര്‍ കമ്മിഷനായി ലഭിച്ചെന്നു ഖാലിദ് അലി ഷൗക്രി പിറ്റേന്ന് എന്നോടു പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ട് ഒരു കോടി രൂപ ശിവശങ്കറിനു കമ്മിഷന്‍ നല്‍കണം?
കേരള സര്‍ക്കാര്‍ വഴി നിര്‍മാണം നടത്താനായിരുന്നു റെഡ് ക്രസന്റിനു താല്‍പര്യം. എന്നാല്‍, സര്‍ക്കാര്‍ വഴി പദ്ധതി നടപ്പാക്കുമ്പോള്‍ ഒരുപാടു നടപടിക്രമങ്ങളുണ്ടെന്നും നിര്‍മാണം വൈകുമെന്നും ശിവശങ്കര്‍ പറഞ്ഞു. തുടര്‍ന്നു മുഖ്യമന്ത്രിയും കോണ്‍സല്‍ ജനറലും തമ്മില്‍, സ്വപ്നയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയതും ഫ്‌ലാറ്റ് നിര്‍മാണം കോണ്‍സുലേറ്റ് തന്നെ നേരിട്ടു നടത്താമെന്നു കൂടിക്കാഴ്ചയില്‍ ധാരണയാക്കിയതും ശിവശങ്കറാണ്. കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും സ്വപ്നയും ഖാലിദും തമ്മില്‍ കോണ്‍സുലേറ്റില്‍ നടന്ന യോഗത്തില്‍, യൂണിടാക് 'എ' ക്ലാസ് ബില്‍ഡര്‍മാരാണെന്നും ഒട്ടേറെ പ്രശസ്തമായ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞതു ശിവശങ്കറാണ്. യൂണിടാക്കിനു വ്യക്തിപരമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെയും അവരുടെ വിശ്വാസ്യത റെഡ് ക്രസന്റിനെയും മുഖ്യമന്ത്രിയെയും ബോധ്യപ്പെടുത്തിയതിന്റെയും പേരിലാണു കോണ്‍സല്‍ ജനറലും ഖാലിദും ചേര്‍ന്നു ശിവശങ്കറിന് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയത്.
ഈ കമ്മിഷന്‍ തുക എപ്പോള്‍, എങ്ങനെയാണു ശിവശങ്കറിനു നല്‍കിയത്?
പണം ലോക്കറില്‍ സൂക്ഷിക്കണമെന്നും ആവശ്യം വരുമ്പോള്‍ എടുത്തോളാമെന്നും ശിവശങ്കര്‍ സാര്‍ സ്വപ്നയോടു പറഞ്ഞിരുന്നു. ഇതനുസരിച്ചാണു ഖാലിദിന്റെ കുറവങ്കോണത്തെ ഫ്‌ലാറ്റില്‍ നിന്നു ഞാനും സ്വപ്നയും പണം ലോക്കറിലേക്കു മാറ്റിയത്. ഒരു ലോക്കര്‍ തികയാതെ വന്നപ്പോഴാണു രണ്ടാമത്തെ ലോക്കറിലും കറന്‍സി നോട്ടുകള്‍ വച്ചത്.
സ്വപ്നയുടെ മൊഴിയില്‍ നിന്ന്:
മുഖ്യമന്ത്രിയും യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറലും എം. ശിവശങ്കറും പങ്കെടുത്ത യോഗത്തിലാണ്, ഫ്‌ലാറ്റ് നിര്‍മാണ കരാറുകാരെ തീരുമാനിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും യുഎഇ കോണ്‍സുലേറ്റ് തന്നെയായിരിക്കണമെന്ന ധാരണയിലെത്തിയതെന്നാണു കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌നയുടെ മൊഴി. ഡോളര്‍ കടത്തു കേസിലെ കാരണം കാണിക്കല്‍ നോട്ടിസിലാണ് മൊഴികള്‍ എടുത്തു ചേര്‍ത്തിട്ടുള്ളത്.
2020 ഒക്ടോബര്‍ 10നു സ്വപ്ന നല്‍കിയ മൊഴിയില്‍ നിന്ന്:
'30 ലക്ഷം യുഎഇ ദിര്‍ഹമാണ് (6 കോടിയോളം രൂപ) ഫ്‌ലാറ്റ് നിര്‍മാണത്തില്‍ കമ്മിഷന്‍ ഇനത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. ഇതില്‍ നിന്നുള്ള 1.9 ലക്ഷം യുഎസ് ഡോളറാണു ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് മസ്‌കത്ത് വഴി കെയ്‌റോയിലേക്കു കടത്തിയത്. മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് അര്‍ഹതപ്പെട്ട ബാക്കി തുകയില്‍ നിന്നാണ് എനിക്ക് ഒരു കോടി രൂപ തന്നത്. ഇതാണ്, എസ്ബിഐയിലെയും ഫെഡറല്‍ ബാങ്കിലെയും ലോക്കറുകളില്‍ സൂക്ഷിച്ചത്.'
എന്നാല്‍, നവംബര്‍ 27ന് നല്‍കിയ മൊഴിയില്‍, സ്വപ്ന ഇതു മാറ്റിപ്പറയുന്നു.
'ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ തുകയെന്ന നിലയില്‍ എം. ശിവശങ്കറിനു കൈമാറാനായി, ഖാലിദ് അലി ഷൗക്രിയാണു പണം എന്നെ എല്‍പിച്ചത്. എണ്ണി നോക്കാത്തതിനാല്‍, എത്രയുണ്ടെന്നറിയില്ല. പദ്ധതി നിര്‍വഹണം പൂര്‍ണമായി യുഎഇ കോണ്‍സുലേറ്റിനെ ഏല്‍പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതിനു പിറകില്‍ ശിവശങ്കറിന്റെ ശ്രമമുണ്ട്. ഇതേത്തുടര്‍ന്നാണു കരാറുകാരെ തീരുമാനിക്കാന്‍ കോണ്‍സല്‍ ജനറലിനു സാധിച്ചത്. ഒരാഴ്ചയോളം ഈ കമ്മിഷന്‍ തുക ഖാലിദിന്റെ കുറവങ്കോണത്തെ അപാര്‍ട്‌മെന്റിലാണു സൂക്ഷിച്ചിരുന്നത്. ഇന്ത്യ വിടുകയാണെന്നതിനാല്‍, പണം അവിടെ നിന്നു മാറ്റണമെന്ന് ഖാലിദ് ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ ആവശ്യപ്രകാരമാണു ഞാനും സരിത്തും ഖാലിദിന്റെ വീട്ടില്‍ നിന്നു പണം കൈപ്പറ്റിയത്. കറന്‍സി നിറയ്ക്കാന്‍ ഒരു ലോക്കര്‍ തികയാതെ വന്നതോടെയാണു 2 ലോക്കറുകളിലായി വച്ചത്. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നു. പണം ആവശ്യം വരുമ്പോള്‍ അറിയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ വീട് നിര്‍മാണത്തിനു സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.'
ആദ്യമൊഴിയില്‍ ഒരു കോടി രൂപ തനിക്കു സമ്മാനമായി ലഭിച്ചുവെന്നു പറയുന്ന സ്വപ്ന, തിരുത്തിയ മൊഴിയില്‍ പക്ഷേ, തുക എത്രയാണെന്നറിയില്ലെന്നാണു പറയുന്നത്. സരിത്തിന്റെ മൊഴിയിലാകട്ടെ, ഒരു കോടി രൂപയാണെന്നു വ്യക്തമാക്കുന്നുമുണ്ട്.
സന്തോഷ് ഈപ്പന്റെ മൊഴിയില്‍ നിന്ന്:
തൃശൂരില്‍ 100 ഫ്‌ലാറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്ന് എുന്റെ പാര്‍ട്ണര്‍ വിനോദിനു ലഭിച്ച ഫോണ്‍ കോളില്‍ നിന്നാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്കു യൂണിടാക് എത്തുന്നത്. 2019 ജൂണിലായിരുന്നു ഇത്. കമ്പനിയിലെ 2 ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു വച്ച് സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി ചര്‍ച്ച നടത്തി. കമ്മിഷന്‍ അഡ്വാന്‍സായി വേണമെന്നായിരുന്നു അവരുടെ ആവശ്യം. അതു പറ്റില്ലെന്നു പറഞ്ഞ്, ഞങ്ങള്‍ പദ്ധതി ഉപേക്ഷിച്ചതായിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം, പ്രപ്പോസല്‍ വീണ്ടും ഞങ്ങളെ തേടിയെത്തി. മുന്‍കൂര്‍ പണം നല്‍കണമെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി നേരിട്ടു ചര്‍ച്ച നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച്, ഹാബിറ്റാറ്റ് നേരത്തെ തയാറാക്കിയ, വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റിന്റെ പ്ലാനും വിശദാംശങ്ങളും കോണ്‍സുലേറ്റ് അയച്ചു തന്നു. തുടര്‍ന്ന്, തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെത്തി ഖാലിദ് അലി ഷൗക്രിയുമായും സ്വപ്നയുമായും ചര്‍ച്ച നടത്തി.
100 ഫ്‌ലാറ്റുകള്‍, കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി 12 കിടക്കകളുള്ള ആശുപത്രി എന്നിവ 10 ലക്ഷം യുഎഇ ദിര്‍ഹം (18.75 കോടി രൂപ) ചെലവിട്ടു നിര്‍മിക്കാനായിരുന്നു കോണ്‍സുലേറ്റന്റെ പദ്ധതി. കോണ്‍സുലേറ്റ് ഭാവിയില്‍ തിരുവനന്തപുരത്തും ഹൈദരാബാദിലും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ പറ്റിയും ഖാലിദും സ്വപ്നയും പറഞ്ഞിരുന്നു. 2019 ജൂലൈ പകുതിയില്‍, ഹോട്ടലില്‍ ഖാലിദും സ്വപ്നയുമായി വീണ്ടും ചര്‍ച്ച നടത്തി. 30 ലക്ഷം ദിര്‍ഹം (5.6 കോടി രൂപ) ആണ് അവര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്. 20 ലക്ഷം ദിര്‍ഹം ഫ്‌ലാറ്റ് നിര്‍മാണത്തിനും 10 ലക്ഷം ദിര്‍ഹം ആശുപത്രി നിര്‍മാണത്തിനുമാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. ഫ്‌ലാറ്റ് നിര്‍മാണച്ചെലവിന്റെ 40% തുക മുന്‍കൂര്‍ നല്‍കാമെന്ന് അവര്‍ സമ്മതിച്ചതോടെ, കമ്മിഷന്‍ ഞങ്ങളും അംഗീകരിച്ചു. 9 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനും രൂപരേഖയുടെ ത്രിമാന ചിത്രങ്ങളും മറ്റും 2-3 ദിവസത്തിനകം തയാറാക്കാനും അവര്‍ ആവശ്യപ്പെട്ടു. കമ്മിഷന്‍ യുഎസ് ഡോളറില്‍ നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. സരിത്ത്, യദു, സന്ദീപ് എന്നിവര്‍ക്ക് 6% കമ്മിഷന്‍ നല്‍കാമെന്നും ധാരണയായി.
എറണാകുളത്തേക്കു മടങ്ങുന്നതിനിടെ, സ്വപ്ന വാട്‌സാപ് കോള്‍ വിളിച്ച് ഫ്‌ലാറ്റുകളുടെ എണ്ണം കൂട്ടാന്‍ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടതായി പറഞ്ഞു. കമ്മിഷന്‍ 25 ലക്ഷം ദിര്‍ഹമായി കുറയ്ക്കാമെന്നും അവര്‍ പറഞ്ഞു. പിന്നീടു നടന്ന ചര്‍ച്ചയില്‍, ഫ്‌ലാറ്റ് പദ്ധതിയില്‍ നിന്ന് 10 ലക്ഷം ദിര്‍ഹവും ആശുപത്രിയില്‍ നിന്ന് 10 ലക്ഷം ദിര്‍ഹവുമെന്ന കണക്കില്‍, 20 ലക്ഷം ദിര്‍ഹം കമ്മിഷനായി നല്‍കാമെന്ന് അന്തിമധാരണയായി. ഫ്‌ലാറ്റുകള്‍ യൂണിടാക്കും ആശുപത്രി സെയ്ന്‍ വെഞ്ചേഴ്‌സും നിര്‍മിക്കാമെന്നു വെവ്വേറെ കരാറുകളൊപ്പിട്ടു.
കരാറിലെ ചില വ്യവസ്ഥകളെ പറ്റി അപ്പോള്‍ തന്നെ കോണ്‍സുലേറ്റിനെ ആശങ്കകളറിയിച്ചിരുന്നു. പദ്ധതിയുടെ സ്ഥലവിസ്തീര്‍ണം, പണമിടപാട്, ജിഎസ്ടി, ബാങ്ക് ഗാരന്റി തുടങ്ങിയ കാര്യങ്ങളിലാണു പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്. എല്ലാം ശരിയാക്കാമെന്നു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വാക്കു നല്‍കി. ഓഗസ്റ്റ് ഒന്നിനോ രണ്ടിനോ കോണ്‍സുലേറ്റില്‍ നിന്നു മൊബിലൈസേഷന്‍ അഡ്വാന്‍സ് പേമെന്റ് ലഭിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായുണ്ടാക്കിയ ധാരണപ്രകാരം കമ്മിഷന്‍ നല്‍കുന്നതിനായി ഞങ്ങളുടെ 2 ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 2 തവണകളായി 3.8 കോടി രൂപ പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്നിന് 2.2 കോടി രൂപയും രണ്ടിന് 1.6 കോടി രൂപയുമാണു പിന്‍വലിച്ചത്. 3.8 കോടി രൂപയില്‍, ഒരു ഭാഗമാണു ഡോളറിലേക്കു മാറ്റിയത്. ബാക്കി ഇന്ത്യന്‍ രൂപയായിരുന്നു. ഓഗസ്റ്റ് രണ്ടിനു രാത്രിയിലാണു പണം ഖാലിദിനു കൈമാറിയത്.
സ്വപ്ന നിര്‍ദേശിച്ച പ്രകാരം, പണവുമായി കവടിയാറില്‍ കഫെ കോഫിഡെക്കു സമീപത്തു കാറില്‍ കാത്തു നില്‍ക്കുകയായിരുന്നു. ഒരു വാഹനം അവിടെയെത്തുമെന്നാണു പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോള്‍, നീല നമ്പര്‍ പ്ലേറ്റുള്ള, കോണ്‍സുലേറ്റിന്റെ വാഹനം എന്റെ കാറിനു മുന്നില്‍ വന്നു നിന്നു. പണമടങ്ങിയ ബാഗ് ഞാന്‍ കാറില്‍ കൊണ്ടുവച്ചു. ഡ്രൈവര്‍ സീറ്റില്‍ ഖാലിദായിരുന്നു. വന്ന അതേഭാഗത്തേക്കു കാര്‍ ഓടിച്ചു പോയി. 2 മണിക്കൂറിനു ശേഷം, കാലി ബാഗുമായി സ്വപ്ന ഇതേ സ്ഥലത്തേക്കു വന്നു. ഇതിനു ശേഷം, ഞങ്ങള്‍ എറണാകുളത്തേക്കു മടങ്ങി.
ഓഗസ്റ്റ് 4നു ശേഷം സന്ദീപ്, സരിത്ത് തുടങ്ങിയവര്‍ക്കുള്ള കമ്മിഷന്‍ എന്ന നിലയില്‍ 60 ലക്ഷം രൂപ 3 തവണകളായി സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ഐഎസ്ഒ മോങ്ക് ട്രേഡിങ്ങിനു ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഖാലിദിനു നല്‍കിയ പണം, ഖാലിദ് കെയ്‌റോയിലേക്കു കടത്തിയതായും സ്വപ്നയും സരിത്തും അന്ന് ഖാലിദിനൊപ്പം യാത്ര ചെയ്തതായും സ്വപ്ന പിന്നീടൊരു ദിവസം പറഞ്ഞിരുന്നു. കൂടുതല്‍ കരാറുകള്‍ നല്‍കാമെന്നു ജമാല്‍ ഹുസൈന്‍ അല്‍സാബിയും ഖാലിദ് അലി ഷൗക്രിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു ഖാലിദിനു കമ്മിഷന്‍ നല്‍കിയത്.
30 ലക്ഷം ദിര്‍ഹമാണു മൊത്തം കമ്മിഷനെന്നു സ്വപ്നയുടെ മൊഴിയുണ്ടല്ലോ?
അതേക്കുറിച്ചറിയില്ല. തുടക്കത്തിലുള്ള ധാരണ അതായിരുന്നു. പക്ഷേ, ഫ്‌ലാറ്റുകളുടെ എണ്ണം നൂറില്‍ നിന്നു 140 ആക്കിയപ്പോള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കമ്മിഷന്‍ കുറയ്ക്കുകയായിരുന്നു. നല്‍കിയ കമ്മിഷന്‍ സംബന്ധിച്ചു കൃത്യമായ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും രേഖകളുമുണ്ട്.
എം. ശിവശങ്കറിനെ കണ്ടതെന്തിനാണ്?
11 മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ടതിനാല്‍, പദ്ധതിയുടെ അനുമതിയും മറ്റും സുഗമമാക്കാനാണു ശിവശങ്കറിനെ കണ്ടത്.
സ്വപ്നയ്ക്കു മൊബൈല്‍ ഫോണ്‍ നല്‍കിയിട്ടുണ്ടോ?
യുഎഇ ദേശീയദിനത്തില്‍ അതിഥികള്‍ക്കു സമ്മാനിക്കുന്നതിനായി 2019 ഡിസംബര്‍ ഒന്നിനു സ്വപ്നയ്ക്ക് 6 ഐഫോണുകള്‍ നല്‍കിയിരുന്നു. ഇതിലൊന്നു കോണ്‍സല്‍ ജനറലിനുള്ളതാണെന്നും വിലകൂടിയതായിരിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്. വിലകൂടിയ മറ്റൊരു മോഡല്‍ ഐഫോണ്‍ വാങ്ങുകയും െചയ്തു.
അതേസമയം, കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടതു പ്രകാരമാണു കോണ്‍സുലേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്നാണു ശിവശങ്കറിന്റെ മൊഴി. കോണ്‍സല്‍ ജനറലിനെ മാത്രമാണു പരിചയമുണ്ടായിരുന്നത്. അന്നത്തെ യോഗത്തില്‍ സ്വപ്നയോ സരിത്തോ പങ്കെടുത്തിട്ടില്ല. യൂണിടാക്കിനെ കരാറുകാരായി ഒരു പദ്ധതിയിലേക്കും ശുപാര്‍ശ ചെയ്തിട്ടില്ല. ഒരു കമ്പനിയുടെ പേര് വന്നപ്പോള്‍, ആ കമ്പനി സര്‍ക്കാരിന്റെ കരിമ്പട്ടികയിലില്ലാത്തതാണെന്നു പരിശോധിച്ചു പറഞ്ഞു കൊടുത്തിട്ടുണ്ട്. മറ്റൊരു വിവരവും കൈമാറിയിട്ടില്ല. അതിനപ്പുറം ആ കമ്പനിയുടെ ആധികാരികതയെ പറ്റി ഒന്നുമറിയില്ല.' ശിവശങ്കര്‍ പറഞ്ഞു.
English Summary: Sarith statement on giving 1 crore commission for M. Sivasankar in Life mission Project