ഇന്ത്യയ്ക്കൊപ്പം കവിക്കും എഴുപത്തിയഞ്ചാം പിറന്നാൾ: മനസ്സു തുറന്ന് കെ. സച്ചിദാനന്ദൻ
‘ഞാന്‍ ജനിച്ചത് ദരിദ്രമെങ്കിലും പ്രത്യാശ നിറഞ്ഞ ഒരു ഇന്ത്യയില്‍ ആയിരുന്നു. ഒരുപക്ഷേ ഞാന്‍ മരിക്കുക ഭയം ഭരിക്കുന്ന ഒരു ഇന്ത്യയിലായിരിക്കും...’–തന്റെ എഴുപത്തഞ്ചാം പിറന്നാൾ വർഷത്തിൽ ഒരിന്ത്യൻ കവി ആശങ്കയോടെ പങ്കുവയ്ക്കുന്ന വാക്കുകളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനൊപ്പം തന്റെ പ്രായവും പങ്കിടുന്ന കവി... K Sachidanandan
‘ഞാന്‍ ജനിച്ചത് ദരിദ്രമെങ്കിലും പ്രത്യാശ നിറഞ്ഞ ഒരു ഇന്ത്യയില്‍ ആയിരുന്നു. ഒരുപക്ഷേ ഞാന്‍ മരിക്കുക ഭയം ഭരിക്കുന്ന ഒരു ഇന്ത്യയിലായിരിക്കും...’–തന്റെ എഴുപത്തഞ്ചാം പിറന്നാൾ വർഷത്തിൽ ഒരിന്ത്യൻ കവി ആശങ്കയോടെ പങ്കുവയ്ക്കുന്ന വാക്കുകളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനൊപ്പം തന്റെ പ്രായവും പങ്കിടുന്ന കവി... K Sachidanandan
‘ഞാന്‍ ജനിച്ചത് ദരിദ്രമെങ്കിലും പ്രത്യാശ നിറഞ്ഞ ഒരു ഇന്ത്യയില്‍ ആയിരുന്നു. ഒരുപക്ഷേ ഞാന്‍ മരിക്കുക ഭയം ഭരിക്കുന്ന ഒരു ഇന്ത്യയിലായിരിക്കും...’–തന്റെ എഴുപത്തഞ്ചാം പിറന്നാൾ വർഷത്തിൽ ഒരിന്ത്യൻ കവി ആശങ്കയോടെ പങ്കുവയ്ക്കുന്ന വാക്കുകളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനൊപ്പം തന്റെ പ്രായവും പങ്കിടുന്ന കവി... K Sachidanandan
‘ഞാന്‍ ജനിച്ചത് ദരിദ്രമെങ്കിലും പ്രത്യാശ നിറഞ്ഞ ഒരു ഇന്ത്യയില്‍ ആയിരുന്നു. ഒരുപക്ഷേ ഞാന്‍ മരിക്കുക ഭയം ഭരിക്കുന്ന ഒരു ഇന്ത്യയിലായിരിക്കും...’–തന്റെ എഴുപത്തഞ്ചാം പിറന്നാൾ വർഷത്തിൽ ഒരിന്ത്യൻ കവി ആശങ്കയോടെ പങ്കുവയ്ക്കുന്ന വാക്കുകളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനൊപ്പം തന്റെ പ്രായവും പങ്കിടുന്ന കവി മറ്റാരുമല്ല, കെ.സച്ചിദാനന്ദനാണ്. മലയാളിക്കും ഇന്ത്യൻ സാഹിത്യാസ്വാദകർക്കും ഇക്കാലമത്രയും കെ.സച്ചിദാനന്ദൻ ആരായിരുന്നു എന്ന ചോദ്യത്തിനു പകരം, എളുപ്പത്തിൽ ഉത്തരം തേടാൻ നല്ലത് അദ്ദേഹം ആരായിരുന്നില്ല എന്നു ചോദിക്കുന്നതായിരിക്കും. നമ്മുടെ ചരിത്രബോധത്തിലും സാഹിത്യാന്വേഷണങ്ങളിലും സാമൂഹികനിലപാടുകളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് അത്രമാത്രം പതിഞ്ഞിട്ടുണ്ട്.
ഓരോ ദിവസവും അദ്ദേഹം കവിയായും കഥാകാരനായും വിവർത്തകനായും സാമൂഹികവിമർശകനായും പുനരവതരിച്ചുകൊണ്ടിരുന്നു. സമകാലീന ഇന്ത്യയിൽ ഇതുപോലെ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരിന്ത്യൻ സാഹിത്യാന്വേഷിയുണ്ടോ എന്നു സംശയമാണ്. ഇന്ത്യൻ കാവ്യസരണിയുടെ ആഗോള പ്രതിനിധിയായും ലോകകവിതയുടെ നമ്മുടെ നാട്ടിലേക്കുള്ള കവാടമായും ഒരേസമയം അദ്ദേഹം വർത്തിച്ചു. എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം രാജ്യത്തിന്റെ സവിശേഷസാഹചര്യത്തെ സ്വന്തം രാഷ്ട്രീയനിലപാടുകളിലൂടെ അവതരിപ്പിക്കുകയാണ്.
സ്വതന്ത്രം എന്നതിനു പകരം ഇന്ത്യ അർധസ്വതന്ത്രം എന്ന പദവിയിലേക്ക് താഴ്ത്തപ്പെട്ടുവെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വലിയ സങ്കടങ്ങളുടെയും ഒപ്പം സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെയും കാലമായിരുന്നു തനിക്ക് കോവിഡ് കാലമെന്നു പറയുമ്പോഴും രണ്ടാമത്തേതുകൊണ്ട് ആദ്യത്തേതിനെ താന്‍ മറികടക്കുന്നുവെന്ന് ഉറച്ച ശുഭാപ്തിവിശ്വാസത്തോടെ വിളിച്ചുപറയുന്ന കവി മനുഷ്യരാശിയുടെ പ്രത്യാശയുടെ, വെളിച്ചംവിതറിയ ഭാവിയുടെ പ്രതിനിധിയായി മാറുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലാണെങ്കിൽ...ഒന്നും അവസാനവാക്കായി എടുക്കാതിരിക്കുക, അന്വേഷിക്കുക, സ്വയം പുതുക്കുക. ഒരു ഗ്രന്ഥത്തിലും എല്ലാ സത്യവും ഉണ്ടെന്നു കരുതാതിരിക്കുക, കാരണം ജീവിതം മാറിക്കൊണ്ടേയിരിക്കുന്നു, ലോകവും. നിര്‍ഭയരായി സത്യം പറയുക, അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ തയാറാവുക. ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തിനൊപ്പം തന്റെ എഴുപത്തഞ്ചാം വയസ്സും കടന്നുവരുന്ന കവി കെ.സച്ചിദാനന്ദൻ സമകാലീന അവസ്ഥകളോട് പ്രതികരിക്കുന്നു;
ഇത് ഇന്ത്യൻ സ്വാതന്ത്യത്തിന്റെയും താങ്കളുടെയുടെയും എഴുപത്തഞ്ചാം പിറന്നാൾ ആണല്ലോ. 75 വർഷം കൊണ്ട് ഇന്ത്യയിലുണ്ടായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ മാത്രമല്ല, ഇന്ത്യാവിഭജനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം കൂടിയാണ്. രണ്ടിനെയും നയിച്ച നല്ലതും ചീത്തയുമായ മൂല്യങ്ങള്‍ക്കു നാം അവകാശികളാണ്. സ്വാതന്ത്ര്യം നമുക്ക് ഒരു വലിയ സ്വപ്നം തന്നു- മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച ഒരു രാഷ്ട്രത്തിന്റെ സ്വപ്നം. പാക്കിസ്ഥാന്‍ സ്വന്തം രാഷ്ട്രത്തെ ഏകശിലാരൂപമായ ഒരു മതരാഷ്ട്രമാക്കാനും പൗരസ്വത്വത്തെ മതാടിസ്ഥാനത്തില്‍ നിര്‍വചിക്കാനും തീരുമാനിച്ചപ്പോള്‍, നമ്മുടെ നേതാക്കള്‍ വിഭജനം ഇരുവശത്തും ഏൽപിച്ച മുറിവുകള്‍ മറന്ന് ഇന്ത്യയെ ഒരു മതേതരരാഷ്ട്രമാക്കാനും സ്വന്തം മതം നിലനിര്‍ത്താനും മാറാനും വേണ്ടെന്നു വയ്ക്കാനുമുള്ള മൗലികാവകാശങ്ങളും ആരാധനാസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള ജനാധിപത്യാവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ നല്‍കാനും ക്രമേണ സമത്വോന്മുഖമായ ഒരു ക്ഷേമരാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനുമാണ് തീരുമാനിച്ചത്.
ഈ ലിബറല്‍ മൂല്യങ്ങളാണ് ഇന്ത്യയെ പാക്കിസ്ഥാനില്‍നിന്ന് ഇന്നോളം വ്യത്യസ്തമാക്കി നിലനിര്‍ത്തിയത്. നാം ആ വഴിയില്‍ കുറേ മുന്നേറുകയും ചെയ്തു. ധനാധിപത്യം, ഉദ്യോഗസ്ഥ പ്രഭുത്വം, സവര്‍ണമേധാവിത്തം, പുരുഷമേധാവിത്തം തുടങ്ങിയ പ്രതിലോമപ്രവണതകള്‍ നമ്മെ പിന്നോട്ടു വലിച്ചു കൊണ്ടിരുന്നതിനാല്‍ പലപ്പോഴും നാം ലക്ഷ്യത്തില്‍ നിന്നകലുകയോ ലക്ഷ്യത്തിലേക്കുള്ള നമ്മുടെ ദൂരം കൂടുകയോ ചെയ്തു എന്നതു ശരിതന്നെ, എങ്കിലും സാവധാനം നാം ആ ലക്ഷ്യം നേടാനുള്ള സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും- വിശേഷിച്ചും നെഹ്റുവിന്റെ കാലത്ത്- രൂപം നല്‍കി. അങ്ങിനെ പഞ്ചവത്സര പദ്ധതികള്‍ വന്നു, പല തലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു, ചരിത്രം, ശാസ്ത്രം, സാമൂഹ്യ വിജ്ഞാനീയം, തത്വചിന്ത തുടങ്ങിയവയില്‍ ഗവേഷണത്തിന് ദേശീയതലത്തില്‍ സ്ഥാപനങ്ങളുണ്ടായി, ദേശീയപരീക്ഷണശാലകളുണ്ടായി,
ചിത്ര-ശിൽപകലകള്‍ക്കും സാഹിത്യത്തിനും സംഗീത-നാടകാദികള്‍ക്കും വേണ്ടി മൂന്നു അക്കാദമികളുണ്ടായി, ജനാനുകൂലമായ നിയമങ്ങളുണ്ടായി. ഭരണഘടന പാവനമായി കരുതപ്പെട്ടു. കോടതികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടു. സര്‍ക്കാര്‍ വിമര്‍ശനം ദേശദ്രോഹമായി ഒരിക്കലും കരുതപ്പെട്ടില്ല, പ്രതിപക്ഷാഭിപ്രായം ആരായാതെ ഒരു സുപ്രധാന നിയമവും പാസ്സാക്കപ്പെട്ടില്ല (അടിയന്തിരാവസ്ഥയെ ഞാന്‍ ഒരു അപവാദാവസ്ഥയായി കാണുന്നു) എന്നാല്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുകയും വിഭജനത്തിന്റെ ശക്തികള്‍ മേല്‍ക്കൈ നേടുകയും ചെയ്തിരിക്കുന്നു.
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു, ഹിംസ സ്വാഭാവികമെന്ന പോലെ അംഗീകരിക്കപ്പെടുന്നു, അതിന്റെ പ്രണേതാക്കള്‍ നേതൃത്വം കയ്യാളുന്നു, ഒരു വിഭാഗം ജനത അപരവൽക്കരിക്കപ്പെടുന്നു, ഭക്ഷണം മുതല്‍ ആവിഷ്കാരം വരെ എല്ലാം നിയന്ത്രിക്കപ്പെടുന്നു, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പോലും പലപ്പോഴും സംശയാസ്പദമായി തോന്നിക്കുന്നു. അസമത്വം ഭീഷണമായി വർധിക്കുന്നു, കോർപറേറ്റ്- ഹിന്ദുത്വ താൽപര്യങ്ങളാണ് ദേശീയതാൽപര്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. തങ്ങള്‍ കൊന്ന ഗാന്ധിയെയും തങ്ങള്‍ ഭയന്ന അംബേദ്കറെയും-അവരുടെ ആദര്‍ശങ്ങളെയല്ല, ആ വിഗ്രഹങ്ങളെ- സ്വാംശീകരിക്കാനും നെഹ്റുവിനെ തമസ്കരിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഞാന്‍ ജനിച്ചത് ദരിദ്രമെങ്കിലും പ്രത്യാശ നിറഞ്ഞ ഒരു ഇന്ത്യയില്‍ ആയിരുന്നു, ഒരുപക്ഷേ ഞാന്‍ മരിക്കുക ഭയം ഭരിക്കുന്ന ഒരു ഇന്ത്യയിലായിരിക്കും.
75 വർഷത്തിനിപ്പുറം ഇന്ത്യൻ ജനാധിപത്യം ഭദ്രമാണോ?
ഒട്ടുമല്ല. ഭരണഘടന അനുനിമിഷം ചോദ്യം ചെയ്യപ്പെടുന്നു. ജനഭാഗധേയത്തെ മുഴുവന്‍ ബാധിക്കുന്ന നിയമങ്ങള്‍- മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്ന പൗരത്വാവകാശഭേദഗതി നിയമം, ചരിത്രപരമായ കാരണങ്ങളാല്‍ കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദത്തിന്റെ തിരസ്കാരം, കര്‍ഷകരെ വന്‍ കുത്തകകള്‍ക്ക് അടിമകളാക്കുന്ന കാര്‍ഷികനിയമങ്ങള്‍, വിദ്യാഭ്യാസത്തെ അതിന്റെ അടിസ്ഥാനലക്ഷ്യങ്ങളില്‍നിന്ന് അകറ്റിക്കളയുന്ന പുതിയ വിദ്യാഭ്യാസനയം, തൊഴില്‍ നിയമങ്ങളിലും വിവരാവകാശ നിയമത്തിലും ഖനനനിയമങ്ങളിലും വനാവകാശനിയമങ്ങളിലും പരിസ്ഥിതിനിയമങ്ങളിലുമുണ്ടായ വെള്ളം ചേര്‍ക്കല്‍ ഇവ ചില ഉദാഹരണങ്ങള്‍ മാത്രം- പൊതുസമ്മതി തേടാതെ നടപ്പാക്കപ്പെടുന്നു.
കഴിഞ്ഞ ആറു വര്‍ഷത്തെ ഭരണത്തില്‍ 12 കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായി, 40 ‘ശതകോടിപതി’കളുണ്ടായി, സാമ്പത്തികനിലയിൽ ലോകത്തില്‍ അഞ്ചാമത്തേതില്‍ നിന്ന് 164-ാമത്തേതായി, അവശ്യ സാധനങ്ങളുടെ- പാചകവാതകം അടക്കം -വില മുന്‍പെങ്ങുമില്ലാത്ത വിധം വർധിച്ചു, ലാഭമുണ്ടാക്കിയിരുന്ന പൊതുമേഖലയിലെ കമ്പനികള്‍ പോലും സ്വകാര്യവൽക്കരിക്കപ്പെട്ടു, വർഗീയയുദ്ധങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു, കലാകാരന്മാര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍ ഇവര്‍ പലപ്പോഴായി പല രീതികളില്‍ ആക്രമിക്കപ്പെട്ടു.
ഭരണകൂട വിമര്‍ശകരെ- വ്യക്തികളെയും മാധ്യമങ്ങളെയും- കള്ളക്കേസ്സുകളില്‍ കുടുക്കി ജയിലിലിടുകയോ അവര്‍ക്കെതിരെ നടപടികള്‍ ആരംഭിക്കുകയോ ചെയ്തു, കരിനിയമങ്ങളെ രാഷ്ട്രീയായുധമാക്കി, ഫെഡറല്‍ തത്വങ്ങളെ തുടര്‍ച്ചയായി കാറ്റില്‍ പറത്തി അമിതകേന്ദ്രീകരണം നടപ്പാക്കി, മനുഷ്യാവകാശപ്പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞു, സ്വതന്ത്രം എന്നതിന് പകരം ഇന്ത്യ അർധസ്വതന്ത്രം എന്ന പദവിയിലേക്ക് താഴ്ത്തപ്പെട്ടു. അപ്പോള്‍ ജനാധിപത്യം എവിടെ നില്‍ക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
75 വയസ്സു പിന്നിടുമ്പോൾ സ്വന്തം കാവ്യജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു? കാവ്യലോകത്ത് ഇന്ത്യൻ കാവ്യസരണിയുടെ സ്ഥാനത്തെ എങ്ങനെ കാണുന്നു?
എന്റെ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോള്‍ 50 വര്‍ഷം തികഞ്ഞു, ആദ്യത്തെ നിരൂപണഗ്രന്ഥം പ്രകാശിപ്പിച്ചിട്ട് 51ഉം. അധ്വാനമൊന്നും വെറുതെയായിട്ടില്ല എന്നുതന്നെയാണ് തോന്നല്‍; ഇടശ്ശേരി പറഞ്ഞപോലെ, ‘വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും/ കുനിഞ്ഞെങ്കിലൊരു പിലാവില പെറുക്കാന്‍/ കുടിച്ചിട്ടുണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി’. മലയാളത്തില്‍ കവിത, നാടകം, കഥ, രണ്ടു ഭാഷകളില്‍ പരിഭാഷ, നിരൂപണം, ലേഖനം: ഇവയെല്ലാം എന്റെ ജീവിതത്തിനു അര്‍ഥവും ദിശയും നല്‍കിയിട്ടുണ്ട്, ജീവിച്ചിരിക്കുന്നു എന്ന തോന്നല്‍ നല്‍കിയിട്ടുണ്ട്.
ഒരു പാട് സ്നേഹം ലോകമെമ്പാടും നിന്ന് അവ എനിക്ക് തന്നു, മിക്ക ഇന്ത്യന്‍ ഭാഷകളിലേയ്ക്കും പ്രധാന ലോകഭാഷകളിലേയ്ക്കും പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു, ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങള്‍ അവരുടെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു, ലോകമെമ്പാടുംനിന്ന് അംഗീകാരങ്ങള്‍ വന്നു.
അതിനേക്കാളെല്ലാം പ്രധാനം എന്റെ ആദ്യവായനക്കാരായ മലയാളികള്‍ നല്‍കിയ ഹൃദയസ്പര്‍ശിയായ സ്നേഹമാണ്. ഈയിടെ ആത്മകഥാപരമായ ഒരു പുസ്തകത്തിന് വേണ്ടി എന്റെ പുസ്തകങ്ങളുടെയും ഞാന്‍ എഡിറ്റ് ചെയ്തതും വിവര്‍ത്തനം ചെയ്തതുമായ പുസ്തകങ്ങളുടെയും മാഗസിനുകളുടെയും പട്ടിക തയാറാക്കേണ്ടി വന്നപ്പോള്‍ ഇതെല്ലാം എപ്പോള്‍ ചെയ്തു എന്ന് ഞാന്‍ ശരിക്കും വിസ്മയിച്ചു പോയി,
എഴുപതു വയസ്സു വരെ ഞാന്‍ ഉപജീവനത്തിനായിക്കൂടി- അതിനു മാത്രമല്ലെങ്കിലും- മറ്റു ജോലികള്‍ ചെയ്തിരുന്നു എന്നു കൂടി ഓര്‍ക്കുമ്പോള്‍ അദ്ഭുതം വർധിക്കുന്നു. എപ്പോഴും ഒരു തുടക്കക്കാരനായി സ്വയം കണ്ടതാകാം, ഇതു വരെ എഴുതിയതിനെക്കുറിച്ചുള്ള അസംതൃപ്തിയാകാം, ജീവിതം ഹ്രസ്വമാണെന്ന സ്ഥിരമായ ബോധ്യമാകാം, ഇനിയും ഭാഷയ്ക്ക് വേണ്ടി ഏറെ ചെയ്യാനുണ്ട് എന്ന ധൃതിയാകാം, എനിക്ക് ഇത്രയേറെ ഊര്‍ജം നല്‍കിയത്, നല്‍കുന്നത്.
പുതുതലമുറയോട് പറയാനുള്ളത്?
പുതുതലമുറയെ ഉപദേശിക്കാന്‍ മാത്രം ഞാന്‍ പഴയ തലമുറയായി എന്ന് തോന്നുന്നില്ല. സമകാലീനനായി ജീവിക്കുന്ന ഒരാളും പഴയ തലമുറക്കാരനാകുന്നില്ല. ഞാന്‍ എന്നോട് തന്നെ പറയുന്നതാണ് എനിക്ക് മറ്റുള്ളവരോടും പറയാനുള്ളത്: ജീവിതം ചെറുതാണ്, പക്ഷേ നിസ്സാരമല്ല. നാം നിരന്തരം അത് നിർമിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുകയാണ്, അതുകൊണ്ട് അത് ഒരു ഉൽപന്നമല്ല, പ്രക്രിയയാണ്. ഉറച്ചു നില്‍ക്കുന്നത് വീഴും, ചലിച്ചു കൊണ്ടിരിക്കുന്നത് നില നില്‍ക്കും എന്ന കന്നഡശൈവകവി ബസവയുടെ വചനം എപ്പോഴും ഓര്‍ക്കുക, ചലിച്ചു കൊണ്ടേയിരിക്കുക, പുറത്തും അകത്തും. ഒന്നും അവസാനവാക്കായി എടുക്കാതിരിക്കുക, അന്വേഷിക്കുക, സ്വയം പുതുക്കുക. ഒരു ഗ്രന്ഥത്തിലും എല്ലാ സത്യവും ഉണ്ടെന്നു കരുതാതിരിക്കുക, കാരണം ജീവിതം മാറിക്കൊണ്ടേയിരിക്കുന്നു, ലോകവും.
പുതിയ ചോദ്യങ്ങള്‍ക്ക് പഴയ ഉത്തരങ്ങള്‍ നല്‍കുന്നവരെ സൂക്ഷിക്കുക. നിങ്ങള്‍ എഴുത്തുകാരനോ എഴുത്തുകാരിയോ ആണെങ്കില്‍ ഒഴിഞ്ഞ പേജില്‍ മുന്നേറുക; നിങ്ങള്‍ക്ക് മുന്‍മാതൃകകളില്ല, അതുകൊണ്ടു തന്നെ നിങ്ങള്‍ മാതൃകകള്‍ സൃഷ്ടിക്കുന്നുമില്ല. പഴയ നിര്‍വചനങ്ങളില്‍ വീഴാതിരിക്കുക. നിര്‍ഭയരായി സത്യം പറയുക, അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ തയാറാവുക.
എഴുത്തുകാരെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു കാര്‍ട്ടൂണ്‍ ഇക്കാലത്ത് പ്രചരിക്കുകയുണ്ടായി: ഒരാള്‍ മുറിയില്‍ ഒറ്റയ്ക്ക് കുനിഞ്ഞിരുന്ന് എഴുതിക്കൊണ്ടിരിക്കുകയാണ്, അതേ ചിത്രം മൂന്നു തവണ ആവര്‍ത്തിക്കുന്നു, ശീര്‍ഷകം മാത്രം മാറുന്നു: എഴുത്തുകാരന്‍ രോഗകാലത്തിനു മുന്‍പ്, എഴുത്തുകാരന്‍ രോഗകാലത്ത്, എഴുത്തുകാരന്‍ രോഗകാലത്തിനു ശേഷം. ഇതില്‍ ലളിതവൽക്കരണം ഉണ്ടാകാം, പക്ഷെ വലിയ ഒരു സത്യവും ഉണ്ട്. എഴുത്തുകാര്‍ക്ക് ഏകാന്തത ഒട്ടും പുതിയതല്ല. സമൂഹത്തെക്കുറിച്ച് എഴുതാന്‍ പോലും സമൂഹത്തില്‍ നിന്ന് അയാള്‍ക്ക് / അവള്‍ക്ക് ഒരകലം പാലിച്ചേ തീരൂ. അതേ സമയം അയാള്‍ / അവള്‍ പുറത്തെ ലോകത്തെ അകത്തിരുന്ന് അറിയാതിരിക്കുന്നില്ല, അതും അയാളുടെ / അവളുടെ അകത്തിന്റെ ഭാഗമാണ്.
ആഗോളജീവിതം മാറ്റിമറിച്ച കോവിഡ് താങ്കളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം?
വ്യക്തിപരമായി എനിക്ക് ഇക്കാലത്ത് ഒട്ടേറെ സുഹൃത്തുക്കള്‍ നഷ്ടപ്പെട്ടു, പലരെയും ഈ മഹാമാരി കൊണ്ടുതന്നെ. പലര്‍ക്കും കഠിനമായ ദിനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. ഡല്‍ഹിയില്‍ ജീവിക്കുന്നതിനാല്‍ കുടിയേറ്റത്തൊഴിലാളികളുടെ- എല്ലാ നഗരവും നിർമിച്ച് സ്വന്തമായി ഒരു നാടും ഇല്ലാതായവരുടെ- ദുരിതങ്ങള്‍ എനിക്കു കാണേണ്ടി വന്നു, സാധാരണ ജനങ്ങളുടെ കഷ്ടപ്പാടുകളും. ഡല്‍ഹിയിലെ രണ്ടാം തരംഗം ഭീകരമായിരുന്നു, നിസ്സംഗമായ ഭരണകൂടങ്ങള്‍, ശ്വാസം മുട്ടി മരിക്കുന്ന, മരിച്ചു കഴിഞ്ഞിട്ടും അനാഥത്വം അനുഭവിക്കുന്ന, മനുഷ്യര്‍. എന്റെ കുടുംബത്തെയും രോഗം വെറുതെ വിട്ടില്ല.
മനുഷ്യന്‍ എന്ന നിലയിലും കവി എന്ന നിലയിലും ഈ അവസ്ഥകളോട് ഞാന്‍ പ്രതികരിക്കാന്‍ ശ്രമിച്ചു. എന്റെ പുതിയ കവിതാസമാഹാരത്തിലെ പല രചനകളിലും ഈ അവസ്ഥയുടെ നിഴലുകളുണ്ട്. ഈ കാലത്തെക്കുറിച്ച് ലോകമെമ്പാടും എഴുതപ്പെട്ട കവിതകളുടെ ഒരു സമാഹാരവും ഞാന്‍ (അമേരിക്കയിലുള്ള നിശി ചൗളയുമൊത്ത്) എഡിറ്റ് ചെയ്തു, പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ‘സിങ്ങിങ് ഇന്‍ ദ് ഡാര്‍ക്ക്’ എന്ന ഇംഗ്ലിഷ് സമാഹാരത്തില്‍ മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള കവിതകളുണ്ട്. അതിന്റെ രണ്ടാം ഭാഗം പോലെ മറ്റൊരു സമാഹാരവും ‘ഗ്രീനിങ് ദി എര്‍ത്ത്’ പെന്‍ഗ്വിന്‍തന്നെ പ്രകാശിപ്പിക്കുന്നു. മലയാളത്തിലും ഇംഗ്ലിഷിലും ഞാന്‍ ഇതു വരെ സമാഹരിക്കാത്ത ലേഖനങ്ങളുടെ പല സമാഹാരങ്ങളും ഇക്കാലത്ത് പുറത്തിറങ്ങി. ഇംഗ്ലിഷില്‍ ഞാന്‍ തന്നെ പരിഭാഷ ചെയ്ത എന്റെ കവിതകളുടെ നാലു സമാഹാരങ്ങളും.
നീട്ടിവച്ചിരുന്ന ഒരു പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഭക്തി-സൂഫി കവിതകളുടെ നാലു സമാഹാരങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി. അതില്‍ രണ്ടെണ്ണം പുറത്തു വന്നു; കബീറിന്റെ കവിതകള്‍–‘ദൈവവുമായുള്ള സംഭാഷണങ്ങള്‍’, കന്നഡ വചനകവിതകള്‍–‘ശിവോഹം’. രണ്ടെണ്ണം അച്ചടിയിലാണ്; തുക്കാറാമിന്റെ കവിതകള്‍, ബുള്ളേ ഷായുടെ സൂഫി കവിതകള്‍. അഞ്ചാമത്തേത് തയാറാവുന്നു. ഇനിയും ഈ പരമ്പര തുടര്‍ന്നേക്കാം.
സ്ഥാപിത മതങ്ങള്‍ക്ക് പുറത്തു വളര്‍ന്ന ഒരു ആത്മീയതയുടെ ഈ സാക്ഷ്യങ്ങള്‍ക്ക്, വർഗീയവിദ്വേഷത്തിന്റെയും മതമൗലികവാദങ്ങളുടെയും ഇക്കാലത്ത് സവിശേഷമായ പ്രസക്തിയുണ്ടെന്നു ഞാന്‍ കരുതുന്നു. ഷെയ്ക്സ്പിയറുടെ സോണറ്റുകളുടെ (ഗീതകങ്ങള്‍) സമ്പൂര്‍ണ വൃത്തപരിഭാഷയും അവതാരികയും തയാറായി, കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുന്നു ഇപ്പോള്‍. അങ്ങനെ വലിയ സങ്കടങ്ങളുടെയും ഒപ്പം സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെയും കാലമായിരുന്നു എനിക്ക് ഈ കാലം- രണ്ടാമത്തേതു കൊണ്ട് ആദ്യത്തേതിനെ ഞാന്‍ മറികടക്കുന്നു എന്ന് പറയാം.
English Summary: Exclusive Interview with Writer K Sachidanandan