വെറും 42 വർഷം മാത്രം ജീവിച്ച ഒരു മനുഷ്യൻ 18 വർഷം മാത്രം നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് ഒരു പ്രസ്ഥാനത്തെ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയതിന്റെ അവിശ്വസനീയമായ കഥയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. 1930 ൽ മാത്രം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പി.കൃഷ്ണപിള്ളയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയുറപ്പിച്ചത്... P Krishnapillai

വെറും 42 വർഷം മാത്രം ജീവിച്ച ഒരു മനുഷ്യൻ 18 വർഷം മാത്രം നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് ഒരു പ്രസ്ഥാനത്തെ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയതിന്റെ അവിശ്വസനീയമായ കഥയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. 1930 ൽ മാത്രം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പി.കൃഷ്ണപിള്ളയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയുറപ്പിച്ചത്... P Krishnapillai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും 42 വർഷം മാത്രം ജീവിച്ച ഒരു മനുഷ്യൻ 18 വർഷം മാത്രം നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് ഒരു പ്രസ്ഥാനത്തെ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയതിന്റെ അവിശ്വസനീയമായ കഥയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. 1930 ൽ മാത്രം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പി.കൃഷ്ണപിള്ളയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയുറപ്പിച്ചത്... P Krishnapillai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച കേരളം ഐതിഹ്യ കഥയാണെങ്കിൽ ഗോകർണം മുതൽ കന്യാകുമാരി വരെ ചെങ്കൊടി വീശി കമ്യൂണിസ്റ്റ് കേരളം സൃഷ്ടിച്ച പി.കൃഷ്ണപിള്ള ചരിത്രമാണ്. ലക്ഷക്കണക്കിനു പ്രവർത്തകർ പേരിനു മുന്നിൽ ചേർക്കുന്ന ‘സഖാവ്’ എന്ന മൂന്നക്ഷരംതന്നെ പേരായി മാറിയ കമ്യൂണിസ്റ്റുകാരന്റെ 115–ാം ജന്മദിനമാണിന്ന്– ഓഗസ്റ്റ് 19. അതേ ദിനം തന്നെ ‘സഖാവിന്റെ’ ചരമദിനവുമായത് ചരിത്രത്തിന്റെ ആകസ്മികത മാത്രം!

കമ്യൂണിസത്തിന്റെ കൗമാരം; കൃഷ്ണപിള്ളയുടെ ജീവിതം

ADVERTISEMENT

മനുഷ്യായുസ്സിൽ 18 വർഷം കൗമാരം അവസാനിക്കുന്ന പ്രായമാണ്. വെറും 42 വർഷം മാത്രം ജീവിച്ച ഒരു മനുഷ്യൻ 18 വർഷം മാത്രം നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് ഒരു പ്രസ്ഥാനത്തെ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയതിന്റെ അവിശ്വസനീയമായ കഥയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. 1930ൽ മാത്രം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പി.കൃഷ്ണപിള്ളയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയുറപ്പ‌ിച്ചത്.

കോട്ടയം വൈക്കം പറൂർ കുടുംബത്തിൽ പാർവത്യാർ നാറാപിള്ള എന്ന മയിലേഴ്ത്തു മണ്ണാറപ്പള്ളി നാരായണൻ നായരുടെയും കൊച്ചുപാറു എന്ന പാർവതിയുടെയും 10 മക്കളിലൊരാളായി 1906 ഓഗസ്റ്റ് 19 ന് കൃഷ്ണപിള്ള ജനിച്ചു. പത്തു മക്കളിൽ അമ്മുക്കുട്ടി, ഗൗരിയമ്മ, കൃഷ്ണപിള്ള, നാണപ്പൻ എന്നിവർ മാത്രമേ അതിജീവിച്ചുള്ളൂ. കൃഷ്ണപിള്ളയ്ക്ക് 13 വയസ്സുള്ളപ്പോൾ വസൂരി പിടിപെട്ട് അമ്മ മരിച്ചു. അമ്മ മരിക്കുമ്പോൾ കാണാൻ പോലും കൃഷ്ണപിള്ളയ്ക്കു കഴിഞ്ഞില്ല. അടുത്ത വർഷം അച്ഛനും മരിച്ചു. അതോടെ മലയാളം സ്കൂളിലെ പഠനം അഞ്ചാം ക്ലാസിൽ അവസാനിച്ചു.

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പി കൃഷ്ണപിള്ള സ്മാരകം. ചിത്രം: മനോരമ

ചേച്ചിമാരുടെയും പൊലീസുകാരനായ അമ്മാവന്‍ നാരായണപിള്ളയുടെയും മൂത്ത സഹോദരി അമ്മുക്കുട്ടിയുടെ ഭർത്താവ് ശങ്കരപ്പിള്ളയുടെയും ശിക്ഷണത്തിൽ വളർന്ന കൃഷ്ണപിള്ള കുറച്ചുകാലം ആലപ്പുഴയിൽ സഹോദരി ഗൗരിയമ്മയുടെ ഭർത്താവിനൊപ്പം കയർ തൊഴിലാളിയായിരുന്നു. അധികം വൈകാതെ നാടുവിട്ട് തെക്കൻ തിരുവിതാംകൂറിലെ നാഗർകോവില‍ിലും മറ്റ‍ുമായി അലഞ്ഞു നടന്ന അദ്ദേഹം 1922ൽ വൈക്കത്തു മടങ്ങിയെത്തി, വീടിന്റെ ഭരണമേറ്റെടുത്തു. ജീവിക്കാനായി അരിമുറുക്ക് കട തുടങ്ങി. അതു പൂട്ടിയതോടെ സൈക്കിൾ കടയിലും കാപ്പിക്കടയിലും ജോലിക്കാരനായി. അതോടൊപ്പം വൈക്കത്ത് അക്കാലത്ത് ആരംഭിച്ച ഹിന്ദി വിദ്യാലയത്തില്‍ പഠിക്കാൻ ചേർന്നു. 

ഗാന്ധിയനായി തുടക്കം

ADVERTISEMENT

അക്കാലത്താണ് വൈക്കം സത്യഗ്രഹം നടന്നത്. കൃഷ്ണപിള്ള അതിനു സാക്ഷിയായി. ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായ കൃഷ്ണപിള്ള, കുടുംബം ഭാഗം വച്ച് അതിൽ തന്റെ പങ്ക് 1000 രൂപ ആവശ്യം വരുമ്പോൾ നൽകണമെന്ന കരാർ ഉറപ്പിച്ച് പിന്നെയും നാടുവിട്ടു–1927 ൽ. ഹരിദ്വാറിലും അലഹബാദിലുമായി സന്യാസി വേഷധാരിയായും മറ്റും അലഞ്ഞുതിരിഞ്ഞു. അലഹബാദിലെ സാഹിത്യ സമ്മേളനിൽ രണ്ടു വർഷം പഠിച്ച് സാഹിത്യ വിശാരദ് പാസായി മടങ്ങിയെത്തിയ കൃഷ്ണപിള്ള 300 രൂപ ശമ്പളത്തിൽ മുഴുവൻ സമയ ഹിന്ദി പ്രചാരക് ആയി തൃപ്പൂണിത്തുറയിലെത്തി.

സമരജീവിതം ഉപ്പുസത്യഗ്രഹത്തിലൂടെ

1930ൽ കോഴിക്കോട് നടന്ന ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാൻ കൃഷ്ണപിള്ള ഹിന്ദി പ്രചാരസഭയിലെ ജോലി രാജിവച്ചു. കെ.കേളപ്പനൊപ്പം പയ്യന്നൂരിലേക്കു സത്യഗ്രഹയാത്ര. പിന്നെ, കേരളത്തിലെമ്പാടും കൃഷ്ണപിള്ള പല സമരമുഖങ്ങളിലും സജീവമായി. 1930 നവംബർ 11ന് അറസ്റ്റിലായപ്പോൾ ജയിലിലെ സഹതടവുകാർക്ക് രാഷ്ട്രീയ ക്ലാസുകളും ഹിന്ദി പരിശീലനവും നൽകാനായിരുന്നു കൃഷ്ണപിള്ള സമയം ഉപയോഗിച്ചത്.

1931ൽ ഗുരുവായൂർ സത്യഗ്രഹത്തിലെ വൊളന്റിയർമാരായി എ.കെ.ഗോപാലനും പി.കൃഷ്ണപിള്ളയുമെത്തി. ക്ഷേത്രത്തിലെ മണിയടിക്കാനുള്ള അവകാശം എല്ലാവർക്കും വേണമെന്ന ആവശ്യം മന്നത്തു പത്മനാഭൻ ഉന്നയിച്ചു. പി.കൃഷ്ണപിള്ള മണിയടിക്കാൻ കയറിയപ്പോൾ പ്രമാണിമാർ ചുറ്റും നിന്ന് അദ്ദേഹത്തിന്റെ മുതുകിൽ അടിച്ചുകൊണ്ടിരുന്നു– ‘ഉശിരുള്ള നായർ മണിയടിക്കട്ടെ, എച്ചിൽനക്കി നായർ പുറത്തടിക്കട്ടെ’ എന്ന പ്രശസ്തമായ വാചകം അദ്ദേഹം  അപ്പോള്‍ പറഞ്ഞതാണ്. 1932 ജനുവരിയിൽ ജയിലിൽ വച്ചാണ് ഇഎംഎസിനെ പി.കൃഷ്ണപിള്ള പരിചയപ്പെടുന്നത്. ജയിലിൽ നിന്നിറങ്ങിയ കൃഷ്ണപിള്ള തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടു. 

കഞ്ഞിക്കുഴി സ്വദേശി ചെല്ലിക്കണ്ടത്തിൽ രാഘവൻ സൂക്ഷിച്ച പി കൃഷ്ണപിള്ളയുടെ കണ്ണട. ചിത്രം: മനോരമ ആർക്കൈവ്‌സ്
ADVERTISEMENT

കോഴിക്കോട്ടെ ആദ്യ തൊഴിലാളി യൂണിയനായ ‘നെയ്ത്തു തൊഴിലാളി യൂണിയന്’ തുടക്കമിട്ടത് കൃഷ്ണപിള്ളയാണ്. ആദ്യ സെക്രട്ടറിയും അദ്ദേഹമായിരുന്നു. ഒന്നര വർഷത്തോളം ഫറോക്കിൽ പ്രവർത്തിച്ച കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഓട്ടുകമ്പനി തൊഴിലാളികള്‍ വലിയ പണിമുടക്ക് സമരം സംഘടിപ്പിച്ചു. വിവിധ തൊഴിൽ മേഖലകളിൽ യൂണിയനുകൾ ആരംഭിക്കാൻ തുടങ്ങി.

കോൺഗ്രസിൽനിന്നു കമ്യൂണിസത്തിലേക്ക്...

കോൺഗ്രസിലെ സോഷ്യലിസ്റ്റ് വിഭാഗത്തിലേക്കു മാറിയ പി.കൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടു. 1939 ഡിസംബറിൽ പിണറായിയിലെ പാറപ്പുറത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് തുടക്കമിട്ട സമ്മേളനത്തിന്റെ പ്രധാന സംഘാടകനായ കൃഷ്ണപിള്ള കേരളത്തിലെ പാർട്ടിയുടെ ആദ്യ സെക്രട്ടറിയുമായി. കമ്യൂണിസ്റ്റുകാരനായപ്പോഴും ഗാന്ധിജിയോടുള്ള സ്നേഹവും ആദരവും അദ്ദേഹത്തിന് അവസാനകാലം വരെയുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ എഴുതിയിട്ടുണ്ട്.

കൃഷ്ണപിള്ള കാറ്റുപോലെയായിരുന്നു; കേരളത്തിൽ എല്ലായിടത്തും ഒരു അദ്ഭ‍ുത മനുഷ്യനെപ്പോലെ കൃഷ്ണപിള്ള പ്രത്യക്ഷപ്പെട്ടു. കമ്യൂണിസ്റ്റു പാർട്ടിയെ, അധ്വാനിക്കുന്ന മനുഷ്യർക്കിടയിൽ പരിചയപ്പെടുത്തി അതിലേക്ക് ആകർഷിക്കുന്നതും കേഡർ സ്വഭാവമുള്ള നേതാക്കളെയും പ്രവർത്തകരെയും റിക്രൂട്ട് െചയ്യുന്നതും കൃഷ്ണപിള്ള അതിവൈദഗ്ധ്യത്തോടെ ചെയ്തിരുന്നുവെന്ന് ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ പറഞ്ഞിട്ടുണ്ട്. 1939–40, 1942–48 കാലയളവുകളിലായി ഏഴു വർഷമാണു പി. കൃഷ്‌ണപിള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്‌ഥാന സെക്രട്ടറിയായത്. 

രാമൻ തന്നെ കൃഷ്ണൻ

1948 ഓഗസ്റ്റ് 11. മുഹമ്മ കണ്ണർകാട് ചെല്ലിക്കണ്ടത്തിൽ വീട്ടിലേക്ക് പി.കൃഷ്ണപിള്ള എത്തിയത് സഖാവ് രാമൻ എന്ന അപരനാമത്തിലാണ്. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്. പൊലീസ് തലയ്ക്കു വിലയിട്ട നേതാവിനെ ഒളിവിൽ പാർപ്പിക്കുകയെന്നത് കമ്യൂണിസ്റ്റ് പ്രവർത്തകരുടെ അഭിമാനവും ഉത്തരവാദിത്തവുമായിരുന്നു.

ചെല്ലിക്കണ്ടത്തിൽ വീട്ടിൽ നാണപ്പന്റെ സുഹൃത്തായി ഇടയ്‌ക്കു വന്നു പോകുന്ന രാമൻ പി.കൃഷ്‌ണപിള്ളയാണെന്നു പലർക്കും അറിയില്ലായിരുന്നു. ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ഒൻപതു ദിവസമാണ് കൃഷ്‌ണപിള്ള ഏറ്റവുമൊടുവിലത്തെ ഒളിവുകാലം കഴിച്ചുകൂട്ടിയത്. ആ വീട്ടിലെ പത്തായപ്പുറത്ത് എഴുത്തും വായനയുമായി ‘ രാമൻ‘ കഴിഞ്ഞു. വീട്ടിൽ അടുക്കളപ്പണിക്കുണ്ടായിരുന്ന പെൺകുട്ടിയെ പാചകത്തിൽ സഹായിച്ചു. പാർട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് എഴുതിത്തുടങ്ങി. അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിലെ ചർച്ചകൾക്കു ഗൗരവം കുറവായിരുന്നു. അതേപ്പറ്റിയുള്ള റിപ്പോർട്ടിലെ ഭാഗങ്ങൾ – ‘വിമർശനമുണ്ട്, സ്വയം  വിമർശനമില്ല’ എന്ന തലക്കെട്ടിൽ എഴുതുകയായിരുന്നു അദ്ദേഹം.

ഓഗസ്‌റ്റ് 19. രാവിലെ പത്തുമണിയോടടുത്ത് ഓലപ്പുരയിലെ പത്തായപ്പുറത്ത് കൃഷ്ണപിള്ള പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെക്കുവശത്തുള്ള മുറിയുടെ തെക്കേ വാതിൽ പാളിയിലൂടെ കടന്നുവന്ന പാമ്പ്, കയ്യിൽ ‘പി.കൃഷ്ണപിള്ള’ എന്നു പച്ചകുത്തിയ സ്ഥാനത്തു കടിച്ചത്. നാണപ്പന്റെ അമ്മ പരിഭ്രമിച്ച്, അവിടെയുണ്ടായിരുന്ന തുണി കീറി കൈയ്യിൽ കടിയേറ്റതിനു മുകളിൽ കെട്ടി. അന്നത്തെ നാട്ടറിവു വച്ച് മഞ്ഞളും ചുണ്ണാമ്പും പുരട്ടി. വിവരമറിഞ്ഞ് ചിലർ വിഷഹാരിയെ വിളിക്കാൻ ഓടി. 

ആ സമയം കൃഷ്ണപിള്ള തന്റെ നോട്ടു പുസ്തകത്തിൽ എഴുതി – ‘എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചു വരുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളേ മുന്നോട്ട്. ലാൽസലാം.’ അവിടെയെത്തിയ സി.കെ.മാധവനോട് കൃഷ്ണപിള്ള പറഞ്ഞു– ‘സംഭവിക്കേണ്ടത് സംഭവിച്ചു, സാരമില്ല, എല്ലാവരെയും വിവരമറിയിക്കൂ..’

നാട്ടിലെ വിഷഹാരി കയ്യൊഴിഞ്ഞു. അതിനിടയിൽ സഖാക്കളെല്ലാം ഒത്തുകൂടി. ആലപ്പുഴയിലെ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫിസിലേക്ക് കട്ടിലിൽ കിടത്തി കൃഷ്ണപിള്ളയെ എത്തിച്ചു. അവിടെ നിന്നു കൊല്ലത്തേക്കു കൊണ്ടുപോയി. പല വൈദ്യന്മാരെയും കാണിച്ചെങ്കിലും സഖാവിന്റെ വിപ്ലവജീവിതത്തിന് അപ്പോഴേക്കും അന്ത്യമായിരുന്നു. പുന്നപ്ര രക്തസാക്ഷികളുറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലേക്ക് അവരുടെ വലിയ നേതാവും അധികം വൈകാതെ എത്തിച്ചേർന്നു.

നേതാക്കളെ കണ്ടെത്തിയ കൃഷ്ണപിള്ള

പി.കൃഷ്ണപിള്ളയുടെ മരണത്തിന്റെ 9–ാം വാർഷികം വന്നപ്പോഴേക്കും അദ്ദേഹം അടിത്തറയിട്ട കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഭരണത്തിലെത്തിയിരുന്നു. കേരളത്തിൽ പി.കൃഷ്ണപിള്ള കണ്ടെത്തി വളർത്തിയെടുത്ത പലരും പിൽക്കാലത്തു വലിയ നേതാക്കളായി. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ, മന്ത്രിയായിരുന്ന കെ.ആർ.ഗൗരിയമ്മ തുടങ്ങിയവർ അതിൽ ചിലർ മാത്രം. പ്രവർത്തകരിൽനിന്നു നേതാക്കളെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കൃഷ്ണപിള്ളയുടെ പാടവം പ്രസിദ്ധമാണ്.

തങ്കമ്മയും പ്രണയവും

1940ൽ വൈക്കത്തു വച്ച് അറസ്റ്റിലായ പി.കൃഷ്ണപിള്ളയെ ആദ്യം തിരുവനന്തപുരത്തെ ജയിലിലേക്കാണ് അയച്ചത്. വാർഡർമാർ തടവുകാരെ മർദ്ദിക്കുന്നതു ചോദ്യം ചെയ്ത് കൃഷ്ണപിള്ള അവിടെയും നേതാവായതോടെ ജയിൽ മാറ്റി– ശുചീന്ദ്രത്തിനു സമീപമുള്ള എടലാക്കുടി എന്ന ദ്വീപ് ജയിലിലേക്ക്.

1941 ഒക്ടോബർ 7. ശുചീന്ദ്രം ക്ഷേത്രത്തിലെ ജീവനക്കാരനായ പോറ്റ‍ിയുടെ മകളായ തങ്കമ്മ ഹിന്ദി വിദ്യാലയത്തിലേക്കു പോകുമ്പോഴാണ് പൊലീസുകാരനായ അയ്യപ്പൻ പിള്ള അവരെ സമീപിച്ചത്. തടവുകാരനായ കോൺഗ്രസുകാരന് വായിക്കാൻ ഹിന്ദി പുസ്തകം വേണമെന്നായിരുന്നു ആവശ്യം. തങ്കമ്മ പുസ്തകം കൈമാറി. കൃഷ്ണപിള്ളയ്ക്കു വേണ്ടിയായിരുന്നു അയ്യപ്പൻപിള്ള പുസ്തകം വാങ്ങിയത്. ആ പുസ്തകം അഞ്ചു ദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഹിന്ദിയിൽ ഒരു കത്ത്– ‘ആപ് കാ നാം ക്യാ ഹെ?’ എന്ന ചോദ്യമായിരുന്ന‍ു അതിലുണ്ടായിരുന്നത്. ക്രമേണ തങ്കമ്മയ്ക്കു കൃഷ്ണപിള്ള പതിവായി കത്തെഴുതിത്തുടങ്ങി. അതിൽ രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണുണ്ടായിരുന്നത്. 

കൃഷ്ണപിള്ളയ്ക്കു വേണ്ടി തങ്കമ്മ പലർക്കും കത്തുകളെഴുതിത്തുടങ്ങി. രാഷ്ട്രീയവുമായി തങ്കമ്മയുടെ ബന്ധം തുടങ്ങിയത് അങ്ങനെയാണ്. ഒരിക്കൽ ജയിലിൽനിന്നു കുളിക്കാൻ പുഴയിലേക്കു വരുന്ന വഴി തങ്കമ്മയും കൃഷ്ണപിള്ളയും തമ്മിൽ കണ്ടു. കൃഷ്ണപിള്ള തന്റെ പ്രണയം കത്തിലൂടെ തങ്കമ്മയെ അറിയിച്ചു. ജയിലിൽ നിന്നിറങ്ങിയ കൃഷ്ണപിള്ള തങ്കമ്മയുടെ വീട്ടിലെത്തി വിവാഹ‍ാലോചന നടത്തി. അധികം വൈകാതെ വിവാഹം കഴിഞ്ഞു. പിന്നീട് കേരളമെമ്പാടും സഖാവിനൊപ്പം സഞ്ചരിച്ച് തങ്കമ്മയും രാഷ്ട്രീയ പ്രവർത്തകയായി.

അതിനിടയിൽ തങ്കമ്മ ഗർഭിണിയായി. പ്രസവിച്ചത് ഇരട്ടക്കുട്ടികളെയായിരുന്നെങ്കിലും ജനനത്തോടെ ആ കുഞ്ഞുങ്ങൾ മരിച്ചു. കൃഷ്ണപിള്ള മരിക്കുമ്പോൾ തങ്കമ്മ തിരുവനന്തപുരത്തായിരുന്നു. സഖാവിന് അസുഖമാണെന്ന് അറിയിച്ച് തങ്കമ്മയെ ആലപ്പുഴയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ആലപ്പുഴ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫിസിൽ തങ്കമ്മയെ കാത്തിരുന്നത് ജീവനില്ലാത്ത സഖാവിന്റെ ദേഹമാണ്.

‘അന്നു ഞാൻ വീണ്ടും കൃഷ്ണ‌പിള്ളയെ കണ്ടു...’
പി.കെ.മേദിനി, വിപ്ലവ ഗായിക

‘1945 ആണെന്നു തോന്നുന്നു. രണ്ടാം ലോകയുദ്ധത്തെത്തുടർന്ന് ക്ഷാമത്തിന്റെ കാലം. ഞാൻ തുമ്പോളി സ്കൂളിൽ പഠിക്കുന്നു. 12 വയസ്സു കാണും. അന്നു ഞങ്ങൾക്ക് അരിയും പയറും റേഷനായി സ്കൂളിൽനിന്നു കിട്ടുമായിരുന്നു. ഒരു ദിവസം വീട്ടിലെത്തുമ്പോൾ ചേട്ടൻ ബാവയ്ക്കൊപ്പം ഒരു മനുഷ്യനെ കണ്ടു. അദ്ദേഹം അൽപ്പം ചക്കരക്കാപ്പി തരാമോ എന്നു ചോദിച്ചു. ഞാൻ അകത്തു പോയി ചക്കരക്കാപ്പിയും എന‍ിക്കു കിട്ടിയ അരിയും പയറുംകൊണ്ട് ഭക്ഷണവും തയാറാക്കി അദ്ദേഹത്തിനു കൊടുത്തു. ‌

പി.കെ മേദിനി, കെ.ആർ ഗൗരിയമ്മ. ചിത്രം: മനോരമ

അദ്ദേഹം ഒരു തുണിയിൽ ഒരു കെട്ട് പുസ്തകങ്ങൾ പൊതിഞ്ഞ് എന്നെ ഏൽപിച്ചിട്ട് അകത്തു വയ്ക്കാൻ പറഞ്ഞു. അതിൽനിന്ന് ഒരു പുസ്തകം എനിക്കും തന്നു. ഇഎംഎസിന്റെ നിരോധിക്കപ്പെട്ട ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന പുസ്തകമായിരുന്നു അത്. ആ പുസ്തകം തന്ന മനുഷ്യൻ ആരെന്ന് അറിയില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുഖം ഞാൻ ഒരിക്കലും മറക്കില്ല.

കുറച്ചുകാലം കഴിഞ്ഞ്, സഖാവ് പി.കൃഷ്ണപിള്ള പാമ്പു കടിയേറ്റു മരിച്ചുവെന്ന് ഞാൻ കേട്ടു. അദ്ദേഹത്തിന്റെ മൃതദേഹം ആലപ്പുഴ ആറാട്ടുവഴിയിലെ ഞങ്ങളുടെ വീടിനടുത്ത് കയർ തൊഴിലാളി വർക്കേഴ്സ് യൂണിയൻ ഓഫിസിൽ ഉണ്ടെന്നറിഞ്ഞ് തിക്കിത്തിരക്കി ഞാൻ അവിടെയെത്തി. വീട്ടിലെത്തി പുസ്തകം തന്ന്, വാത്സല്യത്തോടെ സംസാരിച്ച ആ മനുഷ്യനായിരുന്നു ‘സഖാവ്’ എന്ന് അന്നാണ് എനിക്കു മനസ്സിലായത്. കുറച്ചു വർഷം മുൻപ് അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത വസന്തത്തിന്റെ കനൽ വഴികൾ എന്ന സിനിമയുടെ സെറ്റിൽ ചെല്ലുമ്പോൾ കൃഷ്ണപിള്ളയെ ഞാൻ വീണ്ടും കണ്ടു! കൃഷ്ണപിള്ളയായി അഭിനയിക്കാനെത്തിയ തമിഴ്നടൻ സമുദ്രക്കനിക്ക് അദ്ദേഹവുമായി വളരെ സാദൃശ്യമുണ്ടായിരുന്നു.’

പി. കൃഷ്‌ണപിള്ള - ജീവിതരേഖ

∙ 1906 ഓഗസ്‌റ്റ് 19 ന് വൈക്കം പാറൂർ തറവാട്ടിൽ നാരായണൻ നായരുടെയും പാർവതിയുടെയും മകനായി ജനനം.

∙ 13-ാം വയസ്സിൽ അച്‌ഛനും 14-ാം വയസ്സിൽ അമ്മയും നഷ്‌ടപ്പെട്ട പി. കൃഷ്‌ണപിള്ള ചെറുപ്പത്തിൽ തന്നെ പഠിപ്പു നിർത്തി ആലപ്പുഴയിലെ ഒരു കയർ ഫാക്‌ടറിയിൽ തൊഴിലാളിയായി. തുടർന്നു നാടുവിട്ടു.

∙ 1922 ൽ ജന്മനാടായ വൈക്കത്ത് തിരിച്ചെത്തി. ചില ജോലികൾ ചെയ്യുകയും ഹിന്ദി പഠിക്കുകയും ചെയ്തു.

∙ 1927 ൽ കേരളം വിട്ട് അലഹബാദിൽ നിന്നു ഹിന്ദി സാഹിത്യ വിശാരദ് ബിരുദമെടുത്തു.

∙ 1929 ൽ തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലി തുടങ്ങി.

∙ 1930 - ജോലി രാജിവച്ച് മുഴുവൻ സമയ പൊതുപ്രവർത്തകനിലേക്ക്. 1930 മാർച്ചിൽ  ഉപ്പു സത്യഗ്രഹത്തിൽ പങ്കടുത്തു. കോഴിക്കോട് മുതൽ പയ്യന്നൂർ വരെ നടന്ന ഉപ്പു സത്യഗ്രഹ മാർച്ചിൽ പങ്കെടുത്ത 23 വോളണ്ടിയർമാരിൽ ഒരാൾ. തുടർന്ന് ജയിലിലേക്ക്. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ബംഗാളിൽ നിന്നുള്ള വിപ്ലവകാരികളുമായി പരിചയപ്പെടുന്നു. ആശയപരമായി ഗാന്ധിസത്തിൽ നിന്ന് അകലുന്നു.

∙ 1931ൽ ജയിൽ മോചിതനായി. ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നു. വീണ്ടും ജയിലിലേക്ക്. 1932ൽ ജയിലിൽ നിന്നു തിരിച്ചു വരുന്ന ഇദ്ദേഹം തൊഴിലാളി സംഘാടനത്തിൽ ഏർപ്പെടുന്നു. തുടർന്ന് കോഴിക്കോട്ടെ പ്രഥമ തൊഴിലാളി സംഘടന- കൈത്തറിത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു. തുടർന്ന് 1935-ൽ അഖിലകേരള ട്രേഡ് യൂണിയൻ നിലവിൽ വരുന്നു. പി. കൃഷ്‌ണപിള്ള സെക്രട്ടറി.

∙ 1934 - ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളാനന്തരം സോഷ്യലിസ്‌റ്റ് ആശയക്കാർ ചേർന്ന് കോൺഗ്രസ് സോഷ്യലിസ്‌റ്റു പാർട്ടിയുണ്ടാക്കി. തുടർന്ന് കോഴിക്കോട് ചേർന്ന കോൺഗ്രസ് സോഷ്യലിസ്‌റ്റു പാർട്ടിയുടെ പ്രഥമ സംസ്‌ഥാനസമ്മേളനത്തിൽ കൃഷ്‌ണപിള്ള ജനറൽ സെക്രട്ടറി. സ്‌റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പ്രക്ഷോഭങ്ങളിൽ മുഖ്യ പങ്കു വഹിച്ചു.

∙ 1937 - കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്‌റ്റു ഗ്രൂപ്പ് രൂപം കൊള്ളുന്നു. കൃഷ്‌ണപിള്ള സെക്രട്ടറി. ഇ.എം.എസ്, എൻ.സി.ശേഖർ, കെ. ദാമേദരൻ എന്നിവർ നേതൃനിരയിൽ.

∙ 1939 - പിണറായി സമ്മേനം. കൃഷ്‌ണപിള്ള സെക്രട്ടറിയായി കേരളത്തിൽ കമ്മ്യൂണിസ്‌റ്റു പാർട്ടി നിലവിൽ വരുന്നു. തുടർന്ന് കൃഷ്‌ണപിള്ള ഒളിവിൽ പോകുന്നു.

∙ 1940 - അറസ്‌റ്റിലാവുന്നു. വീണ്ടും ജയിലിലേക്ക്. തിരുവനന്തപുരം സെൻട്രൽ, കന്യാകുമാരി എന്നിവിടങ്ങളിൽ ജയിൽ വാസം. ജയിൽ വാസത്തിനിടയിൽ തങ്കമ്മയുമായി പരിചയപ്പെടുന്നു.

∙ 1942 - ജയിൽ വിമുക്‌തനായ പി. കൃഷ്‌ണപിള്ള വിവാഹിതനായി. ബോംബെയിൽ നടന്ന കമ്മ്യൂണിസ്‌റ്റു പാർട്ടി കേന്ദ്ര പ്ലീനത്തിൽ പങ്കടുക്കുന്നു.

∙ 1943- കോഴിക്കോട്ടു നടന്ന കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ പ്രഥമ സമ്മേളനത്തിൽ കൃഷ്‌ണപിള്ളയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആ വർഷം തന്നെ ബോംബെയിൽ നടന്ന കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ കൃഷ്‌ണപിള്ള കേന്ദ്രകമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

∙ 1946 - പാപ്പിനിശ്ശേരി ആറോൺ മിൽ സമരത്തിൽ മുഖ്യ പങ്കു വഹിക്കുന്നു. പുന്നപ്ര വയലാർ സമരത്തിലും മലബാറിലെ വിവിധ കർഷക സമരങ്ങളിലും നേതൃത്വപരമായ പങ്കു വഹിക്കുന്നു.

∙ 1948 - കൽക്കത്തയിൽ നടന്ന കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ (കൽക്കത്താ തിസീസിലൂടെ വിവാദമായ) വീണ്ടും കൃഷ്‌ണപിള്ള കേന്ദ്രകമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി നിരോധിക്കപ്പെട്ടതോടെ അദ്ദേഹം വീണ്ടും ഒളിവിലായി. ഇതിനിടെ 1946 ലും അദ്ദേഹം ഒളിവിൽ കഴിഞ്ഞിരുന്നു.

∙ 1948 - ഓഗസ്‌റ്റ് 19 ഒളിവു ജീവിതത്തിനിടെ ആലപ്പുഴയിലെ മുഹമ്മക്കടുത്തുള്ള കണ്ണാർക്കാട് ചെല്ലിക്കണ്ടത്തിൽ വീട്ടിൽ വച്ച് പി. കൃഷ്‌ണപിള്ള പാമ്പു കടിയേറ്റു മരിച്ചു.

∙ പി.കൃഷ്ണപിള്ള മരിച്ച കണ്ണർകാട് ചെല്ലിക്കണ്ടത്തിൽ വീട് ഇന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ്. കൃഷ്ണപിള്ള സ്മാരകമായി സംരക്ഷിക്കുന്ന ഈ വീടിനും വീടിനു മുന്നിലെ കൃഷ്ണപിള്ളയുടെ ശിൽപത്തിനും നേരെ 2013 ഒക്ടോബർ 31 ന് ആക്രമണമുണ്ടായത് വിവാദമായിരുന്നു.

∙ പി.കൃഷ്ണപിള്ള ജനിച്ച വൈക്കം പറൂർ വീടിരുന്ന പുരയിടം സിപിഐ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ വർഷം വിലയ്ക്കു വാങ്ങി. 

English Summary: Remembering Communist Legend P Krishna Pillai on his Birth and Death Anniversary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT