ഓണം, മാവേലി, വാമനന്... വിസ്മയിപ്പിക്കും നമ്മുടെ സ്വന്തം ഓണത്തിന്റെ ഈ ചരിത്രം
മഹാബലിയുമായി ബന്ധപ്പെട്ട മിത്തിന്റെ സൂചനകൾ ഋഗ്വേദത്തിലും മഹാഭാരതത്തിലും രാമായണത്തിലുമുണ്ട്. ബിസി രണ്ടു മുതൽ ഒൻപതുവരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ രൂപം കൊണ്ട വാമന പുരാണത്തിലാണ് ഇതിനെക്കുറിച്ച് കൃത്യമായ പരാമർശമുള്ളത്...Who is Maveli, What is Onam, Malayala Manorama News
മഹാബലിയുമായി ബന്ധപ്പെട്ട മിത്തിന്റെ സൂചനകൾ ഋഗ്വേദത്തിലും മഹാഭാരതത്തിലും രാമായണത്തിലുമുണ്ട്. ബിസി രണ്ടു മുതൽ ഒൻപതുവരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ രൂപം കൊണ്ട വാമന പുരാണത്തിലാണ് ഇതിനെക്കുറിച്ച് കൃത്യമായ പരാമർശമുള്ളത്...Who is Maveli, What is Onam, Malayala Manorama News
മഹാബലിയുമായി ബന്ധപ്പെട്ട മിത്തിന്റെ സൂചനകൾ ഋഗ്വേദത്തിലും മഹാഭാരതത്തിലും രാമായണത്തിലുമുണ്ട്. ബിസി രണ്ടു മുതൽ ഒൻപതുവരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ രൂപം കൊണ്ട വാമന പുരാണത്തിലാണ് ഇതിനെക്കുറിച്ച് കൃത്യമായ പരാമർശമുള്ളത്...Who is Maveli, What is Onam, Malayala Manorama News
ഓണമെന്നത് ഒരു ഋതു സംക്രമണകാലമാണ്. മനസ്സുകളിൽ പ്രസാദാത്മകത നിറയ്ക്കുന്ന പ്രതീക്ഷകളുടെ പൂക്കാലം. പ്രാദേശിക ഭേദമനുസരിച്ചുള്ള വൈവിധ്യമുണ്ട് ഈ ആഘോഷത്തിന്. എങ്കിലും മഹാബലിയെന്ന മിത്ത് ലോകമെമ്പാടുമുള്ള മലയാളികളെ ചേർത്തു നിർത്തുന്നു. ഓണത്തിന്റെ സവിശേഷതകളെക്കുറിച്ച് അധ്യാപകനും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.
ഓണം മിത്തും യാഥാർഥ്യവും
നമ്മുടെ നാട്ടിൽ ചരിത്രം പുരാവൃത്തങ്ങളുടെ രൂപത്തിലാണ് പ്രചരിപ്പിച്ചിരുന്നത്. സങ്കൽപ ചരിത്രവും നാടോടി വിശ്വാസവും ചമൽക്കാര കൽപനകളും കൂടി ചേർന്നതാണു പുരാവൃത്തം. ഫോക്ടെയിൽ, സേക്രഡ് ലോർ എന്നിങ്ങനെ മിത്തുകൾക്ക് ഇനിയും വകഭേദങ്ങളുണ്ട്. പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചതെന്നത് സേക്രഡ് ലോറാണ്. മഹാബലി പ്രജകളെ കാണാൻ എല്ലാ കൊല്ലവും തിരുവോണത്തിന് കേരളത്തിൽ എത്തുമെന്ന വിശ്വാസം മിത്താണ്. ഐതിഹ്യത്തിന് ഒരു ലക്ഷ്യമുണ്ടാകും. മിത്ത് അങ്ങനെയല്ല. അതു വംശ പരമ്പരയിൽക്കൂടി ആവർത്തിക്കും. കൂടിച്ചേർക്കലുകൾ വരും. ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും... അതുകൊണ്ടാണ് ഓണത്തിന്റെ ഉൽപത്തിയെപ്പറ്റി ഇത്രയേറെ കഥകൾ ഉണ്ടാകുന്നത്.
എന്നാൽ മിത്തെന്നത് ചരിത്രത്തിന്റെ ഒരംശവും കെട്ടുകഥയുടെ പുറന്തോടും ചേർന്നതാണെന്നു കൂടി ഓർക്കണം. വിരുദ്ധങ്ങളായ ആശയങ്ങൾ പുലർത്തിപ്പോന്ന ഒരു ജനതയെ സമന്വയിപ്പിക്കാനുള്ള ശ്രമമായിരുന്നിരിക്കണം മഹാബലിയെന്ന മിത്ത്. അതു ലക്ഷ്യം കണ്ടുവെന്നുതന്നെ കരുതാം. എന്നാൽ ഓണത്തെപ്പറ്റിയുള്ള അവസാനവാക്ക് ഒരു വെല്ലുവിളിയായി തുടരുകയാണ്. കൃത്യമായ ഉത്തരത്തിലെത്താൻ ചരിത്ര രചയിതാക്കൾക്കു കഴിഞ്ഞിട്ടില്ല. സ്ഥാണുരവിയുടെ തിരുവാറ്റുവായ് പട്ടയത്തിലാണ് ഓണത്തെക്കുറിച്ച് ആദ്യമായി പറയുന്നത്.
‘നെയ്യും പയറും ശർക്കരയും വാഴപ്പഴവും കൂട്ടി വൈദിക ബ്രാഹ്മണർക്ക് തിരുവോണ നാളിൽ സദ്യ നൽകണമെന്നാണു സ്ഥാണു രവിയുടെ പതിനേഴാം ഭരണ വർഷത്തിലെ ലിഖിതത്തിൽ പറയുന്നത്. സ്ഥാണു രവിയുടെ തപതീ സംവരണം നാടകത്തിൽ വാമന മൂർത്തിയെ പ്രത്യേകം സ്തുതിക്കുന്നുമുണ്ട്. എന്തായാലും ഓണമെന്നത് ഒരു ഋതു സംക്രമത്തിന്റെ വിളംബരമാണ്. തെളിഞ്ഞ കാലാവസ്ഥയും മനസ്സുകളിലെ സന്തോഷവുമൊക്കെ അതിനു തെളിവാണ്. മതപരമായ പരിവേഷം വന്നപ്പോൾ ആഘോഷത്തിനു ഭക്തിയുടെ നിറം കൂടിയായി. ജനങ്ങളെ ഒന്നിപ്പിക്കാൻ അത് സഹായിക്കുന്നുണ്ടാകണം.
മഹാബലിയുടെ ആദിരൂപം
മഹാബലിയുമായി ബന്ധപ്പെട്ട മിത്തിന്റെ സൂചനകൾ ഋഗ്വേദത്തിലും മഹാഭാരതത്തിലും രാമായണത്തിലുമുണ്ട്. ബിസി രണ്ടു മുതൽ ഒൻപതുവരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ രൂപം കൊണ്ട വാമന പുരാണത്തിലാണ് ഇതിനെക്കുറിച്ച് കൃത്യമായ പരാമർശമുള്ളത് നർമദാ നദിക്കു സമീപത്തെ ഒരു രാജാവായിട്ടാണ് മഹാബലിയെ വിവരിച്ചിരിക്കുന്നത്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. എന്നാൽ അതു പാതാളത്തിലേക്കല്ല ‘സുതല’ മെന്ന ഒരു ഭാഗത്തേക്കാണ് അദ്ദേഹത്തെ പറഞ്ഞയയ്ക്കുന്നത്. നർമദാ തീരത്ത് അധിവസിച്ചിരുന്ന ജനത കേരളത്തിലേക്കു കുടിയേറിയപ്പോൾ അവരുടെ സങ്കൽപങ്ങളും ഇവിടേക്കു പറിച്ചു നട്ടിരിക്കാം. ആൻഡമാനിലൊക്കെ കുടിയേറിയ കേരളീയർ അവിടത്തെ പല സ്ഥലങ്ങൾക്കും ഏറനാടൻ പ്രദേശങ്ങളുടെ പേരു നൽകിയതുപോലെയുള്ള പ്രതിഭാസമായിരുന്നിരിക്കാമിത്.
വാമനനും മഹാബലിയും
ഓണത്തെക്കുറിച്ചു പറയുമ്പോൾ മഹാബലിയും വാമനനുമായി ബന്ധപ്പെട്ട കഥകൾക്കാണ് പ്രാധാന്യം. എന്നാൽ വാമനനെയും മഹാബലിയെയും പ്രതിദ്വന്ദികളായിട്ടല്ല പുരാണങ്ങൾ സങ്കൽപിച്ചിരുന്നത്. 9–12 നൂറ്റാണ്ടുകൾക്കിടയിലുള്ള പെരുമാൾ വാഴ്ചക്കാലത്ത് മഹാബലിയെപ്പറ്റി വ്യത്യസ്തമായ ചിന്ത ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല മഹാബലിയുടെ ഈശ്വരനായിട്ടാണു വാമനനെ കണക്കാക്കിയിരുന്നത്. അക്കാലത്തു സ്ഥാപിച്ചതാണ് തിരുനെൽവേലി ജില്ലയിലെ തിരുക്കുറുങ്കുടി ക്ഷേത്രം. 108 തിരുപ്പതികളിലൊന്നാണത്. മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. അവിടത്തെ ഒരു ശ്രീകോവിലിൽ ഉപദേവന്മാരായി മഹാബലിയെയും വാമനനെയും പൂജിക്കുന്നുണ്ട്.
പണ്ടൊക്കെ ഓണം വാമന മഹോത്സവമായിരുന്നിരിക്കാം. മഹോദയപുരം പെരുമാക്കന്മാരുടെ അവസാന കാലത്തായിരിക്കാം ഇതു മാറിയത്. ബ്രഹ്മസ്വം ഭൂമിയിൽ കൃഷി ചെയ്തിരുന്ന കാരാളരുടെ ഉത്സവമായി ഓണം അപ്പോഴേക്കും മാറിയതായി ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ വിലയിരുത്തുന്നു. ഇതാണ് വാമനനെ പിന്നിലാക്കി മഹാബലി മുന്നിൽ വരാൻ കാരണം. കാരാളരായ പാട്ടക്കാർ അവരുടെ നായക സ്ഥാനത്ത് മഹാബലിയെ പ്രതിഷ്ഠിച്ചുവെന്നു ചുരുക്കം. അതിഥിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നാണു ഗുണപാഠം. വാമനൻ പിന്നീട് പറങ്കികളായും ലന്തക്കാരായും ഇംഗ്ലിഷുകാരായുമെല്ലാമെത്തി.
മഹാബലിയുടെ രൂപവും വിവാദങ്ങളും
മഹാബലിയെ കുടവയറും വണ്ണവുമുള്ള പൊക്കം കുറഞ്ഞ രൂപത്തിൽ സങ്കൽപിച്ചു തുടങ്ങിയതിനു പിന്നിലെ കാരണം വ്യക്തമല്ല. പരസ്യ ഏജൻസികളാണ് അതിനു പിന്നിലെന്ന് ഒരു വാദമുണ്ട്. എന്നാൽ മധ്യ കേരളത്തിൽ തൃക്കാക്കരയപ്പന്റെയും മഹാബലിയുടെയും രൂപം ഒരേപോലെയുളള പിരമിഡ് ആകൃതിയിലാണ്. കളിമണ്ണിലുണ്ടാക്കിയ ഈ പ്രതീകങ്ങൾ ഓണക്കാലത്തെ സവിശേഷതയാണ്. എന്നാൽ മഹാബലിക്ക് മകത്തടിയൻ എന്ന ഒരു പേരുകൂടിയുണ്ട്. ഒരുപക്ഷേ അതാവാം കുടവയറും വണ്ണവുമുള്ള മഹാബലിയെ ചിത്രീകരിക്കാൻ കാരണം.
എന്നാൽ പിൽക്കാലത്ത് ഒരു കോമാളിയുടെ രൂപത്തിലേക്കു മഹാബലി പരിവർത്തനപ്പെട്ടുവെന്നതിൽ തർക്കമില്ല. അതിനെതിരായ ഒരു ചിന്ത പരക്കെ ഉണ്ടായിരുന്നു. അതിന്റെ ഒരു വക്താവായിരുന്നു തിരുവിതാംകൂറിലെ ചിത്തിരതിരുനാളിന്റെ സഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ. പലയോഗങ്ങളിലും അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം ഓർമിപ്പിക്കുകയുണ്ടായി. അങ്ങനെയാണ് അദ്ദേഹം ഉറച്ച ശരീരവും ഉയരവുമുള്ള മഹാബലിയുടെ ചിത്രം വരപ്പിച്ച് പ്രിന്റുകളെടുത്തു പ്രചരിപ്പിച്ചത്. അത് രാജാ രവിവർമ വരച്ചതാണെന്നൊക്കെ കരുതുന്നവരുണ്ട്. അതു ശരിയല്ല. ആർടിസ്റ്റ് നമ്പൂതിരി മലയാള മനോരമയ്ക്കു വേണ്ടി വരച്ചതാണ് മഹാബലിയുടെ മറ്റൊരു മികച്ച ചിത്രം. ബലിഷ്ഠനായ മണ്ണിന്റെ മകനെയാണ് അദ്ദേഹം ആവിഷ്കരിച്ചത്.
വാമന ക്ഷേത്രങ്ങൾ
കേരളത്തിൽ വാമന മൂർത്തിക്ക് പ്രതിഷ്ഠകൾ കുറവാണ്. തൃക്കാക്കരയിലാണ് പ്രധാന വാമന ക്ഷേത്രം. വിഗ്രഹം മഹാവിഷ്ണുവാണെങ്കിലും സങ്കൽപം വാമനനായിട്ടാണ്. എറണാകുളം ജില്ലയിലെ വെള്ളൂരിലുള്ളതും തിരുവനന്തപുരത്തെ വാമനപുരം, കരമനയാറിന്റെ തീരത്തുള്ള ത്രിവിക്രമ മംഗംലം എന്നിവയുമാണു മറ്റു ക്ഷേത്രങ്ങൾ. ഇനിയുമുണ്ട് പ്രാദേശിക പ്രശസ്തി മാത്രമുള്ള ക്ഷേത്രങ്ങൾ. കവിയൂർ ക്ഷേത്രത്തിൽ വാമനാവതാരം തടിയിൽ കൊത്തിവച്ചിട്ടുണ്ട്. ചുവർ ചിത്രങ്ങളിലെയും ദാരുശിൽപങ്ങളിലെയും ദശാവതാരങ്ങളിലും വാമനനുണ്ട്. കേരളത്തിനു പുറത്തുള്ള വാമന പ്രതിഷ്ഠകളിൽ പ്രധാനം തിരുപ്പതിയിലെ ബാലാജി വിഗ്രഹമാണ്,
കാണം വിറ്റും ഓണമുണ്ണുമ്പോൾ
ഓണം പ്രാചീന കാലം മുതൽ മലയാളികളുടെ ദേശീയ ഉത്സവമാണ്. പോർച്ചുഗീസുകാരുൾപ്പെടെയുള്ള മധ്യകാലത്തെ വിദേശ സഞ്ചാരികൾ കേരളത്തിൽ ഓണം ആഘോഷിച്ചിരുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്നുണ്ട്. കാണം വിറ്റും ഓണം ഉണ്ണുകയെന്ന സങ്കൽപത്തെ അതിൽ ചിലരൊക്കെ കളിയാക്കുന്നുണ്ട്. പാകമാകുന്നതിനു മുൻപ് പച്ചക്കറികൾ കിട്ടിയ വിലയ്ക്കു വിൽക്കുന്ന സമീപനത്തെയാണ് അവർ വിമർശിക്കുന്നത്. ഓണം ശരിക്കും വിളവെടുപ്പു കാലമല്ല. കന്നിമാസത്തിലാണ് ശരിയായ വിളവെടുപ്പു നടക്കേണ്ടത്. എന്നാൽ കിഴങ്ങു വർഗങ്ങൾ ചിങ്ങമാസത്തിൽ പാകമായിരിക്കും. പച്ചക്കറികൾക്കു കുറച്ചു കൂടി കാത്തിരിക്കണം. പക്ഷേ ഓണത്തിന് പച്ചക്കറികൾ എത്താറുണ്ട്. വിളവു പൂർത്തിയാകുന്നതുവരെ കാത്തിരിക്കാനുള്ള ഈ വൈമുഖ്യത്തെയായിരിക്കാം ഒരുപക്ഷേ അവർ വിമർശിച്ചത്. ചിലപ്പോൾ ഓണം നേരത്തേയാകും ഇത്തവണ അത്തം കർക്കിടകത്തിലായിരുന്നല്ലോ.
ആഘോഷത്തിലെ വൈവിധ്യങ്ങൾ
തെക്കൻ കേരളം മധ്യകേരളം ഉത്തര കേരളം എന്നിവിടങ്ങളിൽ ഓണാഘോഷത്തിനും അനുഷ്ഠാനങ്ങൾക്കും വൈവിധ്യമേറെയാണ്. ഉത്തര മലബാറിലും തെക്കേ മലബാറിലും പോലും രണ്ടു തരത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഉത്തര മലബാറിൽ ചിങ്ങം ഒന്നു മുതൽ കൃഷ്ണ ഗാഥ വായിക്കും. കർക്കിടകത്തിൽ രാമായണം വായിക്കുന്നതു പോലെയാണത്. മധ്യകേരളത്തിലോ തെക്കൻ കേരളത്തിലോ ആ പതിവില്ല. അവിടെ ആഘോഷം രണ്ടു ദിവസമാണ്. ഉത്രാടത്തിനും തിരുവോണത്തിനും. ഓണ സദ്യയിൽ മീൻ കൂട്ടുന്നതു നിഷിദ്ധമല്ല. അത് അനിവാര്യമാണെന്നല്ല. പൂക്കളം ഉണ്ടെങ്കിലും വിപുലമല്ല. ഊഞ്ഞാലും ഊഞ്ഞാൽ പാട്ടുമുണ്ടായിരുന്നു.
ഭർത്താക്കന്മാർ ഉത്രാടത്തിന് ഭാര്യമാരുടെ വീടുകളിൽ പോയി കാണണമെന്ന വ്യവസഥയുമുണ്ടായിരുന്നു. ഓണത്തപ്പൻ തെയ്യവുമായും എത്തും. കോഴിക്കോടു സാമൂതിരിമാരും പ്രൗഢിയോടെയാണ് ഓണം ആഘോഷിച്ചിരുന്നത്. അതിനെപ്പറ്റി സാമൂതിരി രേഖകളിൽനിന്നു മനസ്സിലാക്കാം. അവർ ഓണക്കാലത്തു പ്രഭുക്കന്മാരെ ക്ഷണിച്ചു വരുത്തി ഉപഹാരങ്ങൾ നൽകുമായിരുന്നു. ഏറ്റവും സങ്കീർണമായ ഓണച്ചടങ്ങുകൾ മധ്യ കേരളത്തിലാണ്. തൃക്കാക്കര കേന്ദ്രമാക്കിയാണതു പണ്ടേ നടക്കുന്നത്. എഡി 800നും 1102നുമിടയ്ക്ക് തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരിച്ചിരുന്ന കുലശേഖര കാലഘട്ടത്തിലെ സ്ഥാണു രവിവർമന്റെ കാലത്താണിതു തുടങ്ങിവച്ചതെന്നു ചരിത്രകാരന്മാർ പറയുന്നു.
കൊച്ചിയിലെ രാജാക്കന്മാർ അവരെ പെരുമാൾമാരുടെ നേർ അവകാശികളായിട്ടാണു കാണുന്നത്. അവർ മട്ടാഞ്ചേരിയിലായിരുന്നപ്പോഴും തൃപ്പൂണിത്തുറയിലേക്കു വരുമ്പോഴും പിന്നീട് ഹിൽപാലസിലേക്കു മാറിയപ്പോഴേക്കും അത്തച്ചമയത്തിന്റെ ഭാഗമായി എഴുന്നള്ളത്തുകൾ ഉണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ തൃക്കാക്കരയിലേക്ക് രാജാവ് എഴുന്നള്ളിയിരുന്നു. തൃക്കാക്കര ഭരിച്ചിരുന്ന ഇടപ്പള്ളി രാജാക്കന്മാർ സാമൂതിരി പക്ഷത്തേക്കു കൂറുമാറിയപ്പോൾ കൊച്ചിരാജാക്കന്മാർക്കു തൃക്കാക്കരയിലേക്കു പോകാൻ കഴിയാതെ വന്നു. തൃപ്പൂണിത്തുറ കൊട്ടാരത്തിൽനിന്ന് ആരംഭിച്ച് പൂർണത്രയീശ ക്ഷേത്ര സമീപത്ത് അവസാനിക്കുന്ന വിധത്തിലേക്കായി പിന്നീട് അത്തച്ചമയ എഴുന്നള്ളത്തുകൾ .
പരീക്ഷിത്തു തമ്പുരാനാണ് ഏറ്റവും ഒടുവിൽ അത്തച്ചമയ എഴുന്നള്ളത്ത് നടത്തിയ അവസാനത്തെ കൊച്ചി രാജാവ്. അദ്ദേഹം പല്ലക്കിൽ പോകുന്നതിനു പകരം തുറന്ന കാറിൽ പല്ലക്ക് സ്ഥാപിച്ച് അതിലാണ് യാത്ര ചെയ്തത്. എഴുന്നള്ളത്തിൽ തൃപ്പൂണിത്തുറ പള്ളിയിലെ കത്തനാരും ഇസ്‍ലാം ആരാധനാലയത്തിലെ പുരോഹിതനും അനുഗമിക്കുമായിരുന്നു. ഇത് മത സൗഹാർദ സങ്കൽപത്തിന്റെ കൂടി വിളംബരമായി. ഇപ്പോൾ പ്രതീകാത്മകമായി ഈ ചടങ്ങുകൾ രാജാവില്ലാതെ നടക്കുന്നു. പൂവിളിയും പൂപ്പാട്ടും നാവേറു പാട്ടും മത്സരങ്ങളുമൊക്കെ മധ്യകേരളത്തിലെ ഓണാഘോഷത്തെ കൂടുതൽ വർണാഭമാക്കുന്നു. ആറന്മുളയിലെ ഉത്തൃട്ടാതി വള്ളംകളിയിൽ മലയാളിയുടെ ഒരുമയും പ്രൗഢിയും കാണാം. ആറന്മുള ക്ഷേത്രത്തിലേക്കു വരുന്ന തിരുവോണത്തോണിയിൽ ഭക്തിയുടെ പൂർണതയുമുണ്ട്.
ഓണവില്ല് സമർപ്പണം
തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓണവില്ല് സമർപ്പിക്കൽ വ്യത്യസ്തമായ ഒരു ആചാരമാണ്. ഇത് മധ്യ കേരളത്തിലോ വടക്കൻ കേരളത്തിലോ ഇല്ല. അഞ്ചടി വരെ നീളമുള്ള രണ്ടറ്റവും വീതികുറഞ്ഞ ഒരു പലകയാണ് ഓണവില്ല് എന്നറിയപ്പെടുന്നത്. അതിൽ പട്ടുനൂലുകൊണ്ടുള്ള കുഞ്ചലമാണ് ഞാണിനു പകരം. പ്ലാവിന്റെ തടിയിലാണതു നിർമിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് അനന്തശയനം, ശ്രീകൃഷ്ണ ലീല, ശാസ്താവിന്റെ അവതാര മാഹാത്മ്യം എന്നിവയൊക്കെ അതിൽ ആലേഖനം ചെയ്തിട്ടുണ്ടാകും. ഓണവില്ലു നിർമിക്കാൻ അവകാശം തോട്ടകത്തെ ആശാരിമാർക്കായിരുന്നു. അവരുടെ പിന്മുറക്കാരെന്നു കരുതുന്ന കരമനയിലെ ഒരു വിശ്വകർമ കുടുംബമാണ് ഇപ്പോൾ അതു നിർമിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മികച്ച ഓണവില്ലുകൾ കാണാൻ കഴിയും. തോട്ടകത്തെ ആശാരിമാർ ഇത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിക്കുമ്പോൾ അവിടത്തെ സുരക്ഷാ ചുമതലയുള്ള കരണത്താൽ കുറുപ്പ് ഏത് ഏറ്റു വാങ്ങി ഒറ്റക്കൽ മണ്ഡപത്തിനു പുറത്തുള്ള അഭിശ്രവണ മണ്ഡപത്തിൽ കൊണ്ടു വയ്ക്കും. പുഷ്പാഞ്ജലി സ്വാമിയാരും പെരിയ നമ്പിയും ചേർന്ന് അതെടുത്ത് പ്രതിഷ്ഠകളുടെ മുന്നിൽ പട്ടുവിരിച്ചു സമർപ്പിക്കും. വില്ല് ഒരു പ്രതീകമാണ്. മനസ്സാകുന്ന കാട്ടിലെ ധർമാർഥ കാമമോക്ഷങ്ങളാകുന്ന ദുഷ്ടമൃഗങ്ങളെ വേട്ടയാടാനായി ഭഗവാനു ദാസനായ മഹാരാജാവ് വില്ലു സമർപ്പിക്കുന്നുവെന്നാണതിനു പിന്നിലെ സങ്കൽപം
അപ്രത്യക്ഷനായ ഹനുമാൻ പണ്ഡാരം
തുമ്പിതുള്ളൽ കോലടിക്കളി തുടങ്ങിയ വിനോദങ്ങളും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ ആവണി ഉത്സവവുമായി ഇതിനെ ബന്ധിപ്പിച്ചിരുന്നു. ആവണിയെ വരവേൽക്കുന്ന ഒരു ചടങ്ങാണ്. തിരുവിതാംകൂർ രാജകുടുംബവും ഓണത്തിനു വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഊഞ്ഞാലിടുമായിരുന്ന തിരുവനന്തപുരത്തെ വയസ്സൻ മാവ് പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ വലിയ കൊട്ടാര വളപ്പിൽ ഇപ്പോഴുമുണ്ട്. നാടൻ പൂക്കളായ തുമ്പയും മുക്കുറ്റിയും തെറ്റിയും നന്ത്യാർവട്ടവും പിച്ചിയും മുല്ലയും ജമന്തിയുമൊക്കെ കൊണ്ടുള്ള അത്തപ്പൂക്കളമായിരുന്നു മറ്റൊന്ന്.
അനിഴം തിരുനാൾ മാർത്താണ്ഡ വർമയുടെ കാലം മുതൽ തോവാളപ്പൂക്കൾ പ്രശസ്തമായിരുന്നുവെങ്കിലും ക്ഷേത്ര ആവശ്യങ്ങൾക്കാണവ ഉപയോഗിച്ചിരുന്നത്. അത് ഓണപൂക്കളങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഓണപ്പന്തുകളി, ഓണത്തല്ല് എന്നിവയൊക്കെ പഴയകാല വിനോദങ്ങളായിരുന്നു. ട്രോഫിയെന്നത് വാഴക്കുലയാണ്. അത് ജയിക്കുന്നവർക്ക് എടുക്കാമായിരുന്നു. അവരത് തോൽക്കുന്നവർക്കും പങ്കുവച്ചിരിക്കണം. ഓണത്തുമ്പ എന്ന ഒരു പുല്ല് ദേഹത്തു വച്ചു കെട്ടിയുള്ള കരടി കളിയുമുണ്ടായിരുന്നു.
ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് സവിശേഷമായ മുഖംമൂടിയും ഉടുക്കുമായി വിരുന്നു വരുന്ന ഹനുമാൻ പണ്ഡാരത്തോടു പേടി കലർന്ന ഇഷ്ടമായിരുന്നു. ഹനുമാൻ പണ്ഡാരമൊക്കെ ഇപ്പോഴത്തെ തലമുറയ്ക്ക് ഓർമകളിൽ പോലുമില്ല. പിന്നീട് ഓണക്കാലത്ത് ഇറങ്ങുന്ന സിനിമകൾ, ഓണം വിശേഷാൽപ്പതിപ്പ് ഓണം ബംപർ ലോട്ടറി എന്നിവയെപ്പറ്റിയായി ചർച്ച. സർക്കാരിന്റെ ഓണഘോഷവും വിരുന്നെത്തി. ഈ കോവിഡ് കാലത്ത് സർക്കാർ ഓണാഘോഷവുമില്ല. നാടൻ കലാകാരന്മാരും പട്ടിണിയിലാണ്. എങ്കിലും മലയാളിക്ക് ഓണം മറക്കാനും ഒഴിച്ചുകൂടാനും കഴിയാത്ത ഒരു ആഘോഷമാണ്. സമൃദ്ധിയുടെ നാളെകൾക്കു വേണ്ടി പ്രതീക്ഷ വെടിയാതെ കാത്തിരിക്കാനുള്ള ക്ഷമയുടെ സന്ദേശം അതു പങ്കുവയ്ക്കുന്നു.
English Summary: Historian Dr. M G Sasibhooshan Talks About the History of Onam, Vamana and Mahabali