ADVERTISEMENT

തിരുവനന്തപുരം∙ ഡിസിസി അധ്യക്ഷ പട്ടികയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. പ്രഖ്യാപിച്ച പേരുകള്‍ ആരായാലും കോണ്‍ഗ്രസ് പ്രസിഡന്‍റാണ് നിയമിച്ചിരിക്കുന്നതെന്നും എവിടെയെങ്കിലും കുറവുകളുണ്ടെങ്കില്‍ അതു തിരുത്താനും പ്രസിഡന്‍റിന് കഴിയുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. എ.കെ.ആന്‍റണി ഈ വക കാര്യങ്ങളില്‍ കാട്ടിയ മാതൃക ഇപ്പോഴത്തെ നേതാക്കള്‍ സ്വീകരിക്കണമെന്നും ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം:

എ.കെ. ആന്‍റണിയുടെ മാതൃക ഇന്നത്തെ നേതാക്കളും കാണിക്കണം.

നൂറു ദിവസത്തെ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും ശേഷം 14 ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പാര്‍ട്ടി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ കോണ്‍ഗ്രസുകാരനും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍നിന്നു മാറി നില്‍ക്കേണ്ടിവന്ന ഗതികേടിൽനിന്നു കരകയറണമെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം, മൂകത പൂണ്ടു കിടക്കുന്ന കോണ്‍ഗ്രസ് ഓഫിസുകള്‍ പ്രവര്‍ത്തന നിരതമാകണം.

എ.കെ. ആന്‍റണി കെപിസിസി പ്രസിഡന്‍റും കെ.കരുണാകരന്‍ പാര്‍ട്ടി ലീഡറുമായി വന്ന കാലം മുതല്‍ നിലനില്‍ക്കുന്ന പാര്‍ട്ടി സംഘടനാ രൂപീകരണം നാലു പതിറ്റാണ്ടായി തുടരുകയാണ്. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും പ്രവര്‍ത്തകരുമായി കെപിസിസി പ്രസിഡന്‍റ് ആവശ്യമായ ചര്‍ച്ചകള്‍ ചെയ്തു സമര്‍പ്പിക്കുന്ന പേരുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ച് ഡിസിസി പ്രസിഡന്‍റുമാരെ നിയമിക്കുകയാണ് പതിവ്. 2001ല്‍ ഞാന്‍ കൊല്ലം ഡിസിസി പ്രസിഡന്‍റായതും അങ്ങനെയാണ്.

പിന്നീട് ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ലീഡറും രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്‍റുമായി വന്നപ്പോഴും ആ നില തുടര്‍ന്നു. 2005 മുതല്‍ കഴിഞ്ഞ നിയമസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുവരെ അവര്‍ രണ്ടു പേരുമാണ് നിയമനങ്ങള്‍ക്കു തുല്യം ചാര്‍ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സര്‍വക‌ാല പരാജയം പുതിയ നേതൃത്വത്തെ അവരോധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധി‌തമാക്കി. കെ.സുധാകരന്‍ പിസിസി പ്രസിഡന്‍റും വി.ഡി.സതീശന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായതിനു ശേഷം കെപിസിസിയും ഡിസിസികളും അടിമുടി പുനഃസംഘടിപ്പിക്കാന്‍ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനം ഹൈക്കമാന്‍ഡും അംഗീകരിച്ചു. അതിനുവേണ്ടി വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ നൂറു ദിവസങ്ങളായി നടന്നത്.

പല തവണ പേരുകളില്‍ മാറ്റങ്ങള്‍ വരുത്തി. അവസാനം പ്രഖ്യാപിച്ച പേരുകള്‍ ആരായാലും കോണ്‍ഗ്രസ് പ്രസിഡന്‍റാണ് നിയമിച്ചിരിക്കുന്നത്. എവിടെയെങ്കിലും കുറവുകളുണ്ടെങ്കില്‍ അതു തിരുത്താനും പ്രസിഡന്‍റിന് കഴിയും. അതുകൊണ്ട് പുതിയ നേതാക്കള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അവസരങ്ങളും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കണം. 2005 നു ശേഷം എ.കെ.ആന്‍റണി ഈ വക കാര്യങ്ങളില്‍ കാട്ടിയ മാതൃക ഇപ്പോഴത്തെ നേതാക്കളും സ്വീകരിക്കണമെന്നാണ് അഭ്യര്‍ഥന. ചാനലുകളിലും മാധ്യമങ്ങളിലും കോണ്‍ഗ്രസിന്‍റെ മുഖം വികൃതമാകുമ്പോള്‍ രക്ഷപ്പെട്ടു പോകുന്നത് രണ്ട് ഫാസിസ്റ്റ് സര്‍ക്കാരുകളാണ്. കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്.

English Summary: Sooranad Rajasekharan on DCC president list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com