കോതമംഗലം ടച്ചുള്ള ‘മന്ദാകിനി’ ലോകഹിറ്റ്; കാനഡയിലെ വൻ തിരക്കിനു പിന്നിലെന്ത്?
കാനഡയിൽ മാത്രമല്ല, ലോകമെങ്ങും മലയാളികളുടെ ചർച്ചാവിഷയമാണ് ഇപ്പോൾ മന്ദാകിനി എന്ന മലബാറി വാറ്റ്. സാമൂഹികമാധ്യമങ്ങളാണ് മന്ദാകിനിയെ ഹിറ്റ് ആക്കിയത്. അതോടെ കാനഡയിലെ കുടിയന്മാരായ മലയാളികളെല്ലാം മന്ദാകിനിയെ തേടിയിറങ്ങുകയായി. പലരും കെയ്സ് കണക്കിന് മന്ദാകിനിയെ സ്വാന്തമാക്കിയെന്നാണ് അടക്കംപറച്ചിൽ.
കാനഡയിൽ മാത്രമല്ല, ലോകമെങ്ങും മലയാളികളുടെ ചർച്ചാവിഷയമാണ് ഇപ്പോൾ മന്ദാകിനി എന്ന മലബാറി വാറ്റ്. സാമൂഹികമാധ്യമങ്ങളാണ് മന്ദാകിനിയെ ഹിറ്റ് ആക്കിയത്. അതോടെ കാനഡയിലെ കുടിയന്മാരായ മലയാളികളെല്ലാം മന്ദാകിനിയെ തേടിയിറങ്ങുകയായി. പലരും കെയ്സ് കണക്കിന് മന്ദാകിനിയെ സ്വാന്തമാക്കിയെന്നാണ് അടക്കംപറച്ചിൽ.
കാനഡയിൽ മാത്രമല്ല, ലോകമെങ്ങും മലയാളികളുടെ ചർച്ചാവിഷയമാണ് ഇപ്പോൾ മന്ദാകിനി എന്ന മലബാറി വാറ്റ്. സാമൂഹികമാധ്യമങ്ങളാണ് മന്ദാകിനിയെ ഹിറ്റ് ആക്കിയത്. അതോടെ കാനഡയിലെ കുടിയന്മാരായ മലയാളികളെല്ലാം മന്ദാകിനിയെ തേടിയിറങ്ങുകയായി. പലരും കെയ്സ് കണക്കിന് മന്ദാകിനിയെ സ്വാന്തമാക്കിയെന്നാണ് അടക്കംപറച്ചിൽ.
ടൊറന്റോ∙ കോതമംഗലംകാരുടെ മനസ്സിൽ വാറ്റിയെടുത്ത മന്ദാകിനി ഇങ്ങനെയങ്ങ് കത്തിപ്പടരുമെന്ന് അവർ പോലും കരുതിയില്ല. കാനഡയിൽ മാത്രമല്ല, ലോകമെങ്ങും മലയാളികളുടെ ചർച്ചാവിഷയമാണ് ഇപ്പോൾ മന്ദാകിനി എന്ന മലബാറി വാറ്റ്. സമൂഹമാധ്യമങ്ങളാണ് മന്ദാകിനിയെ ഹിറ്റ് ആക്കിയത്. അതോടെ കാനഡയിലെ കുടിയന്മാരായ മലയാളികളെല്ലാം മന്ദാകിനിയെ തേടിയിറങ്ങുകയായി. ടൊറന്റോയിൽനിന്ന് മുപ്പതോളം കിലോമീറ്റർ അകലെ വോണിലെ ഒരു ഡിസ്റ്റിലറിയിൽ മാത്രമാണ് ഇപ്പോൾ ഇത് ലഭ്യം. വെള്ളിയാഴ്ച ഷെൽഫിൽ ഇടംപിടിച്ചതിനു പിന്നാലെ ദൂരെനിന്നുപോലും ആവശ്യക്കാരുടെ വിളിയെത്തി. പലരും കെയ്സ് കണക്കിന് മന്ദാകിനിയെ സ്വന്തമാക്കിയെന്നാണ് അടക്കംപറച്ചിൽ.
വാട്സാപ്പിലും ഫെയ്‌സ്ബുക്കിലുമായി മന്ദാകിനി പറന്നുകളിക്കാൻ തുടങ്ങിയതോടെ ആരാണ് ഇതിനു പിന്നിലെന്ന അന്വേഷണത്തിലായി മലയാളിസമൂഹം. ഊഹിച്ചപോലെത്തന്നെ മലയാളികളുടെ ‘തലയാണ്’ ഈ മിക്സിനു പിന്നിൽ. കോതമംഗലംകാരായ സഹോദരങ്ങളും ഇവരുടെ മൂവാറ്റുപുഴക്കാരനായ സുഹൃത്തുമാണ് ഈ വീര്യസംരംഭത്തിന് പിന്നിൽ. കാനഡയിലെ ലണ്ടൻ ഒന്റാരിയോയിലാണ് ഇവർ. ഇവിടെയുള്ള നാട്ടുകാർക്ക് അറിയാമെങ്കിലും തൽക്കാലം പേരുവിവരങ്ങൾ എഴുതേണ്ടെന്നാണ് അഭ്യർഥന. ജമൈക്കൻ, ക്യൂബൻ, പ്യൂർടോ റിക്കോ റമ്മുകളെല്ലാം ലോകത്തിന്റെ മദ്യഷെൽഫിലെ പ്രിയപ്പെട്ട ഇനങ്ങളാണ്. വാറ്റിന് പേരുകേട്ട കേരളത്തിന്റെ പെരുമ എന്തുകൊണ്ട് ലോകത്തിന്റെ മദ്യവിപണിയിൽ എത്തിച്ചുകൂടാ എന്ന ചിന്തയിൽനിന്നാണ് മന്ദാകിനിയുടെ പിറവി.
രണ്ടു വർഷം മുൻപാണ് ആശയം ‘സ്മോളായി’ മനസ്സിൽ കൂടിയത്. അവിടുന്നങ്ങോട്ട് വാറ്റിന്റെ കൂട്ടുമായി ഇവർ പല ഡിസ്റ്റിലറികളും കയറിയിറങ്ങിയെങ്കിലും വോണിലെ ലാസ്റ്റ് സ്ട്രോ ഡിസ്റ്റിലറിയിലെ ഡോൺ ഡിമോന്റെയാണ് മലബാറി വാറ്റ് പരീക്ഷിക്കാൻ തയാറായത്. ഹോർത്തൂസ് മലബാറിക്കസും മലബാറിന്റെ സുഗന്ധവ്യഞ്ജനവഴിയും നാടൻ വാറ്റിന്റെ മഹിമയുമെല്ലാം അക്കമിട്ടുനിരത്തിയാണ് ഈ നാടനെ അവതരിപ്പിച്ചുകൊഴുപ്പിച്ചത്. അങ്ങനെയാണ് നാടൻ വാറ്റ്, മലബാറി വാറ്റ് തുടങ്ങിയ പേരുകളിൽ ചർച്ച ചെയ്തു തുടങ്ങിയ കരിമ്പുരസായനം സാക്ഷാൽ ‘മന്ദാകിനി’യായി അരങ്ങേറ്റംകുറിച്ചത്.
രസക്കൂട്ട് കണ്ടെത്തിയതെങ്ങനെ?
കരിമ്പിൽനിന്നുള്ള ശർക്കരയാണ് പരമ്പരാഗതമായി വാറ്റിന്റെ അടിസ്ഥാന ചേരുവ. മന്ദാകിനിയും പതിവു തെറ്റിച്ചില്ല. ഉഗ്രൻ രസക്കൂട്ടിനായി പലരെയും സമീപിച്ചു. നമ്മുടെ നാടൻ വാറ്റുകാരെല്ലാം ഉഗ്രൻ ക്രാഫ്റ്റ്മാൻമാരാണെന്നും രണ്ടു കലത്തിൽ ഒതുങ്ങുന്നതല്ല ഇവരുടെ കൂട്ടുമഹിമയെന്നും അപ്പോഴാണ് മനസ്സിലായതെന്ന് അണിയറക്കാർ പറയുന്നു. വാഷ് ആർക്കുമുണ്ടാക്കാമെങ്കിലും വാറ്റ് ഉണ്ടാക്കാൻ പാചകക്കാരന്റേതുപോലെത്തന്നെ കൈപ്പുണ്യം വേണം. ഇത്തരത്തിൽ ഇരുപതോളം കൂട്ടുകളാണ് പലരിൽനിന്നായി ലഭിച്ചതും ഡിസ്റ്റലറിയിലെ സാധ്യതകൾ ഇവർ പരീക്ഷിച്ചതും.
പലതും സ്പൈസ് റമ്മിന്റെ ഗണത്തിൽപ്പെടുമെന്നതിനാൽ ഒഴിവാക്കാൻ നിർബന്ധിതമായി. സ്പൈസ് റമ്മിന് വേണ്ടത്ര മാർക്കറ്റില്ലെന്നതുതന്നെ കാരണം. ലോകപ്രശസ്ത റം ആയിരുന്നു ഇവരുടെ ലക്ഷ്യം. അതതു നാടുകൾക്ക് പ്രിയപ്പെട്ട നാടൻസാധനത്തിന് എങ്ങനെ അംഗീകാരം നേടിയെടുക്കാമെന്ന ചിന്തയുമെത്തി. അതുകൊണ്ടുതന്നെ മിതമായ രീതിയിലെ സുഗന്ധവ്യഞ്ജന സ്പർശം നൽകേണ്ടതുള്ളു എന്നു തീരുമാനിച്ചു. സുഗന്ധവ്യഞ്ജനങ്ങൾക്കു പേരുകേട്ട മലബാറിന്റെ ടച്ച് ഉറപ്പിക്കാൻ തീരുമാനിച്ചതോടെയാണ് മലബാറിവാറ്റ് എന്ന സൊയമ്പൻ ആശയത്തിലേക്കെത്തിയത്.
ഇപ്പോഴിത് ഡോൺ ഡിമോന്റെയുടെ കരവിരുതിൽ, കാനഡയിലെ ഒരു ചെറിയ നഗരത്തിലുള്ള അദ്ദേഹത്തിന്റെ ഡിസ്റ്റലറിയിൽ മാത്രമാണ് ലഭ്യമെങ്കിലും രാജ്യാന്തര വിപണിതന്നെ ഇവരുടെ സ്വപ്നം. വോൺ നഗരത്തിലും പരിസരങ്ങളിലും ഊബറിലും സാധനം എത്തും. കാനഡയിൽ എവിടെനിന്നും ഓൺലൈനിൽ ബുക്ക് ചെയ്തും വരുത്തിക്കാം. മലബാർ ബിരിയാണിയും പൊറോട്ടയുംപോലെ ഇനി മലബാറിന്റെ വാറ്റും തീൻമേശകളിലെത്തുമെന്നു ചുരുക്കം. ഇവിടുത്തെ മദ്യവിൽപന ശാലകളിലെ റാക്കിൽ ഇടംപിടിക്കാൻ പക്ഷേ ഇനിയും കടമ്പകളേറെ.
ആരാണ്, എന്താണ് മന്ദാകിനി?
വാക്കിന്റെ അർഥം ‘ശാന്തമായി ഒഴുകുന്നവൾ’ എന്നൊക്കെയാണെങ്കിലും മന്ദാകിനി പ്രശസ്തമായ നദികൂടിയാണ്. ഇതുകൂടാതെ സിനിമാബന്ധമുള്ള രണ്ടു കാര്യങ്ങളും പേരിടീലിൽ സ്വാധീനം ചെലുത്തി. 1985ലിറങ്ങിയ ഹിന്ദി ചിത്രം ‘രാം തേരി ഗംഗാ മെയ്‌ലി’ ഫെയിം നടി മന്ദാകിനിയും ‘മറിയം വന്ന് വിളക്കൂതി’ എന്ന മലയാളം സിനിമയിലെ മന്ദാകിനി എന്ന ലഹരിവസ്തുവുമാണ് കനേഡിയൻ മന്ദാകിനിയുടെ സിനിമാബാന്ധങ്ങൾ. കുപ്പിയിലെ ലേബലിലെ എഴുത്താണ് മന്ദാകിനിയെ ഇത്രവേഗം ലോക മലയാളികളുടെ അന്തിചർച്ചകളിലെത്തിച്ചത്.
നാടൻ വാറ്റ് എന്നതിനുപുറമെ ദേശി ദാരൂ, നാട്ട് ചരക്ക്, നാടൻ വാറ്റ്, നാട്ടു സാര എന്നിങ്ങനെ ഹിന്ദിയിലും പഞ്ചാബിയിലും തെലുങ്കിലും തമിഴിലുമൊക്കെ എഴുതിപിടിപ്പിച്ചു. കാനഡയിലെ പേരെടുത്ത കുടിയന്മാരെ എല്ലാം മന്ദാകിനിയിലേക്ക് ആകർഷിക്കുകതന്നെ ഈ വിപണനതന്ത്രത്തിന്റെ ലക്ഷ്യം. മന്ദാകിനിയെക്കുറിച്ചുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയതോടെ മലയാളിബുദ്ധി ഉദിച്ചു- ഇത് ഇനി അനധികൃതമോ മറ്റോ ആണോ? എന്തായാലും ആ അന്വേഷണത്വരയാണ് ഏത് ഡിസ്റ്റിലറിയിലാണ് ഇതു കിട്ടുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിലേക്ക് കാര്യങ്ങളെത്തിയത്. അതോടെ അന്വേഷണാത്മക ഉൽസുകതയുടെ ഹാപ്പി അവേഴ്സിന് അറുതിയായി.
പക്ഷേ നാടൻസ്നേഹികളാകട്ടെ എങ്ങനെ ഒരെണ്ണം സംഘടിപ്പിക്കാമെന്ന ചിന്തയിലായി. കിലോമീറ്ററുകൾ അകലെനിന്നുപോലും വോണിലെത്തി സാധനം കയ്യിലാക്കിയവർ ഏറെ. മലയാളികളുടെ സ്വഭാവമറിയാമെന്നതിനാൽ വാർത്ത പുറത്തായതിനു തൊട്ടുപിന്നാലെ അണിയറക്കാർ ഡിസ്റ്റിലറിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവം നേരാണോ, ഒറിജിനലാണോ എന്നൊക്കെയറിയാനുംകൂടി കണ്ണാടിപാളികളിലൂടെ ഒളിഞ്ഞുനോക്കാനെത്തിയവരുടെ ലക്ഷ്യം മന്ദാകിനി തന്നെയാണെന്ന് അതുകൊണ്ടുതന്നെയാണ് ഡിസ്റ്റിലറിക്കാർക്ക് വേഗത്തിൽ മനസിലായതും ‘കേറിവാടാ മക്കളെ’ എന്നു പറഞ്ഞു വിളിച്ചുകയറ്റിയതും…
English Summary: What is Mandakini, the New Malabari Arrack in Canada and Who is Behind it?