കോവിഡ്: ആ ‘ഗോൾഡൻ പീരിയഡിലാണ്’ രക്ഷ; വാക്സീൻ മൂന്നാം ഡോസും വന്നേക്കാം
കോവിഡ് രോഗികളെ രക്ഷിക്കാൻ കഴിയുന്ന ഒരു ഗോൾഡൻ പീരിയഡ് ഉണ്ട്. അതു പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം. വാക്സീനെടുത്ത് ആറുമാസം കഴിയുമ്പോൾ അതിന്റെ ഫലപ്രാപ്തി കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ ഗുണം ഇല്ലാതാകുന്നുവെന്ന് അതിന് അർഥമില്ല. വാക്സീൻ ക്ഷാമം കാരണം ഇപ്പോൾ നമുക്ക് അതു ചിന്തിക്കാൻ കഴിയില്ല. എന്നാൽ അതും വേണ്ടി വരുമെന്ന് ഉറപ്പാണ്.
കോവിഡ് രോഗികളെ രക്ഷിക്കാൻ കഴിയുന്ന ഒരു ഗോൾഡൻ പീരിയഡ് ഉണ്ട്. അതു പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം. വാക്സീനെടുത്ത് ആറുമാസം കഴിയുമ്പോൾ അതിന്റെ ഫലപ്രാപ്തി കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ ഗുണം ഇല്ലാതാകുന്നുവെന്ന് അതിന് അർഥമില്ല. വാക്സീൻ ക്ഷാമം കാരണം ഇപ്പോൾ നമുക്ക് അതു ചിന്തിക്കാൻ കഴിയില്ല. എന്നാൽ അതും വേണ്ടി വരുമെന്ന് ഉറപ്പാണ്.
കോവിഡ് രോഗികളെ രക്ഷിക്കാൻ കഴിയുന്ന ഒരു ഗോൾഡൻ പീരിയഡ് ഉണ്ട്. അതു പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം. വാക്സീനെടുത്ത് ആറുമാസം കഴിയുമ്പോൾ അതിന്റെ ഫലപ്രാപ്തി കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ ഗുണം ഇല്ലാതാകുന്നുവെന്ന് അതിന് അർഥമില്ല. വാക്സീൻ ക്ഷാമം കാരണം ഇപ്പോൾ നമുക്ക് അതു ചിന്തിക്കാൻ കഴിയില്ല. എന്നാൽ അതും വേണ്ടി വരുമെന്ന് ഉറപ്പാണ്.
കേരളത്തിൽ കോവിഡ് പ്രതിരോധവും ചികിത്സയും പ്രധാനപ്പെട്ട ഒരുഘട്ടത്തിലേക്കു കടക്കുകയാണ്. അടച്ചു പൂട്ടലിൽനിന്നു തുറക്കലിലേക്കു ചിന്ത മാറുകയാണ്. വിദ്യാലയാന്തരീക്ഷം തിരികെ കൊണ്ടുവരുന്ന കാര്യത്തിലെ ചർച്ചകളും സജീവമായി. ഭാഗികമായിട്ടാണെങ്കിലും, ഒക്ടോബർ നാലു മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുകയാണ്. ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാക്സീനുമായി ബന്ധപ്പെട്ട ആശങ്കകൾ, ആരോഗ്യകരമായ പ്രതിരോധ മാർഗങ്ങൾ, കേരളം കോവിഡിനെ പ്രതിരോധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ആരോഗ്യ പ്രവർത്തകും പ്രമേഹ ചികിത്സാ ഗവേഷകനുമായ ഡോ.ജ്യോതിദേവ് കേശവദേവ് മനോരമ ഓൺലൈനിനോടു സംവദിക്കുന്നു...
‘ഇനി വേണ്ടത് അടച്ചു പൂട്ടലല്ല’
കോവിഡിനെ നേരിടാൻ ഇനി വേണ്ടത് അടച്ചു പൂട്ടലല്ല. ഫലപ്രദമായ ചികിത്സ നടപ്പിലാക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ നോക്കുക. അവർ പൂട്ടിയിട്ടുകൊണ്ടല്ല രോഗവ്യാപനം കുറച്ചത്. ആ സാഹചര്യത്തിലേക്കു കേരളം പതിയെ പതിയെ നീങ്ങേണ്ടി വരും. സ്കൂളുകൾ തുറക്കേണ്ടതും അനിവാര്യതയാണ്. പക്ഷേ അതിനു മുൻപ് വിശദമായ പഠനം നടത്തേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം താറുമാറായതുകൊണ്ടും ഭാവി അന്ധകാരത്തിലായതുകൊണ്ടുമാണു സ്കൂളുകൾ തുറക്കേണ്ടി വരുന്നത്. രോഗം പൂർണമായി ഇല്ലാതായതു കൊണ്ടല്ല ഒരു തുറക്കലിലേക്കു നീങ്ങുന്നതെന്ന ബോധ്യമാണു നമ്മളെ നയിക്കേണ്ടത്.
ഓണത്തിനു കടകൾ തുറന്നതും ഒരു പ്രതിസന്ധിയെ അതിജീവിക്കാനായിരുന്നു. രോഗം മാറിയതുകൊണ്ടായിരുന്നില്ല. എല്ലാം മാറിയെന്ന തെറ്റിദ്ധാരണ നല്ലതല്ല. അത്തരം ഒരു സന്ദേശം പ്രചരിപ്പിക്കുകയുമരുത്. കൃത്യമായ ഹോംവർക്ക് അത്യാവശ്യമാണ്. എത്ര പേർക്കു രോഗം വന്നു, ഗുരുതരമായി, അതിന്റെ കാരണങ്ങൾ എന്തൊക്കെ? കോവിഡ് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി മാറിയതിനു കാരണങ്ങൾ എന്താണ്? കുട്ടികൾക്കു രോഗം വന്നത് കുടുംബാംഗങ്ങളിൽ നിന്നാണോ? എന്നിവയൊക്കെ പരിശോധിക്കണം, പഠിക്കണം. ഘട്ടംഘട്ടമായി മാത്രമേ സ്കൂളുകൾ തുറക്കാവൂ. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ അപ്പോൾ നടപടി വേണം. അടച്ചു പൂട്ടലല്ല ചികിത്സയാണു വേണ്ടതെന്ന കാര്യവും ഓർമയിലുണ്ടാകണം.
‘മരണത്തിനു പിന്നിൽ ചില പ്രത്യേക കാരണങ്ങളും...’
ഒരു വർഷം മുൻപ് കോവിഡ് പ്രത്യക്ഷപ്പെട്ടപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്ന് ഫലപ്രദമായ ചികിത്സ ഇല്ലാതെ ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര മേഖല അമ്പരന്നു നിൽക്കുകയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. രാജ്യാന്തരതലത്തിൽത്തന്നെ ഫലപ്രദമായ ചികിത്സാ മാനദണ്ഡങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൽ വന്നു കഴിഞ്ഞു. പുതിയ ഗവേഷണ ഫലങ്ങൾ, മരുന്ന് പരീക്ഷണങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുന്നതിനനുസരിച്ച് കോവിഡ് ചികിത്സയും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. അപകട സാധ്യത കൃത്യമായി കണ്ടെത്താനും ചികിത്സ നൽകാനും കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനാകും. കോവിഡാനന്തര ലക്ഷണങ്ങൾ തടയാനും കഴിയും. അതു വൈകുന്നിടത്താണു പ്രശ്നം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രതിരോധ ശേഷി കൂടി വരികയാണ്. അത് വാക്സിനേഷനിലൂടെ കൈവരിച്ച നേട്ടമാണ്. കോവിഡിനെ ആദ്യഘട്ടം മുതൽ ഫലപ്രദമായി നേരിടാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. നമുക്കു തിരിച്ചടിയുണ്ടായത് മരണങ്ങൾ തടയുന്നതിലാണ്. ഇന്ത്യയിലെ ശരാശരി നോക്കുമ്പോൾ ഇവിടെ മരണ നിരക്ക് പകുതിയിലും കുറവാണ്. എങ്കിലും ഒട്ടേറെ മരണങ്ങൾ ഉണ്ടായിയെന്നത് മറച്ചു വയ്ക്കാൻ കഴിയില്ല. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ മരണങ്ങളുണ്ടാകാൻ കാരണം ഇവിടത്തെ ആരോഗ്യ രംഗത്തെ ചില പ്രത്യേകതകളാണ്.
ഇന്ത്യയിലെ ശരാശരി പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളതു കേരളത്തിലാണ്. ഇന്ത്യയിൽ 8 ശതമാനം പേർക്ക് പ്രമേഹം ഉള്ളപ്പോൾ ഇവിടെ അത് 22 ശതമാനമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധ ജനങ്ങളും വൃക്ക രോഗികളും ഹൃദ്രോഗികളും കേരളത്തിലാണ്. ഇതൊക്കെ കോവിഡിന്റെ മരണ നിരക്കു കൂട്ടുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങളാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നു വേർതിരിക്കുന്നത്. ഓരോരുത്തരുടെയും പ്രമേഹം, രക്ത സമ്മർദം, കൊളസ്ട്രോൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ കോവിഡ് വരുന്നതിനു മുൻപുതന്നെ ശരിയായ ദിശയിലാണോ എന്ന് ഉറപ്പു വരുത്തിയാൽ നമുക്കു മരണ നിരക്ക് വീണ്ടും കുറയ്ക്കാൻ കഴിയും. ആ ഉറപ്പാണ് ലഭിക്കേണ്ടത്.
‘ആ ഗോൾഡൻ പീരീഡാണ് രക്ഷകൻ’
ലോക്ഡൗൺ വന്നതോടെ ദിനചര്യ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് വ്യായാമം, നടപ്പ് എന്നിവ. അതുകാരണം മറ്റ് രോഗങ്ങൾ വർധിച്ചു. മൂന്നു മാസത്തിലൊരിക്കൽ നടത്തേണ്ടിയിരുന്ന പരിശോധന നിലച്ചു. ഇതിനിടയിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിക്കുന്നതു വഴി പലരും കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ നിർത്തുന്ന സാഹചര്യവുമുണ്ടായി. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ പോയാൽ മതിയെന്നാണു കോവിഡുമായി ബന്ധപ്പെട്ട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരോടു പറയുന്നത്. അത് കേവലം നിരീക്ഷണം മാത്രമാക്കാതെ നോക്കുകയാണു വേണ്ടത്.
ഓരോ നാലുമണിക്കൂറും രക്ത സമ്മർദം, രക്തത്തിലെ ഓക്സിജന്റെ അളവ് രക്തത്തിലെ പഞ്ചസാര തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിക്കണം. നേരിയ മാറ്റങ്ങൾ കണ്ടാൽതന്നെ ചികിത്സ ആരംഭിക്കണം. എന്നാൽ ശാരീരിക ബുദ്ധിമുട്ടു വരുമ്പോൾ മാത്രമാണു പലരെയും ആശുപത്രിയിലെത്തിക്കുന്നത്. ഇതു മരണ സാധ്യത വർധിപ്പിക്കും. കോവിഡ് രോഗികളെ രക്ഷിക്കാൻ കഴിയുന്ന ഒരു ഗോൾഡൻ പീരിയഡ് ഉണ്ട്. അതു പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം.
ഓക്സിജൻ ലെവൽ കുറയുന്നതുപോലെയുള്ള ഘട്ടത്തിൽതന്നെ മരുന്നു കൊടുക്കണം. ലാബ് ടെസ്റ്റുകൾ നടത്തണം. പൾസ് ഓക്സിമീറ്ററും ഗ്ലൂക്കോമീറ്ററും വീടുകളിൽ ലഭ്യമാക്കിയാൽ കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. രോഗം ഭേദമായി വീട്ടിൽ തിരികെ വരുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാതിരിക്കുകയെന്നതാണ് അതിൽ പ്രധാനം. സ്ത്രീകളിൽ പലരും വീട്ടിലെത്തിയാലുടൻ പതിവുപോലെ വീട്ടിലെ ജോലികളിൽ ഏർപ്പെടാറുണ്ട്. ഇത് ഒഴിവാക്കുകയാണു വേണ്ടത്.
‘വേണം ഡെത്ത് ഓഡിറ്റ്’
കോവിഡ് മരണത്തിന്റെ കാരണങ്ങളെപ്പറ്റി ഒരു വ്യക്തമായ ഓഡിറ്റ് ആവശ്യമാണ്. മരണ കാരണമെന്താണ്? വൈകി ആശുപത്രിയിൽ വന്നതാണോ? വീടുകളിൽവച്ച് ചികിത്സിച്ചതുകൊണ്ടാണോ? എത്ര പേർക്ക് പ്രമേഹം അനിയന്ത്രിതമായി ആശുപത്രിയിലും നിലനിന്നു? കുട്ടികളിൽ എത്ര പേർക്ക് വിവിധതരം അസുഖങ്ങൾ വന്നു? എത്ര പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചു? എത്രപേർ സർക്കാർ ആശുപത്രിയിൽ മരിച്ചു എന്നിവ പരിശോധിക്കണം. ഇവയുൾപ്പെടെ അൻപതിലേറെ കാര്യങ്ങൾ പഠിക്കണം. ഇതൊക്കെ പരിശോധിച്ചാൽ നമുക്ക് കൃത്യമായ കാരണം കണ്ടെത്താം.
ഓരോ രോഗിയുടെയും മരണ കാരണം കമ്മിറ്റികൾ വച്ചു കണ്ടെത്തുക സാധ്യമല്ല. ഇക്കാര്യത്തിൽ ഊഹാപോഹങ്ങളും ശരിയല്ല. ഇവിടെ ആവശ്യം ശാസ്ത്രീയമായ ഗവേഷണ രീതികളാണ്. ഇങ്ങനെ ചെയ്‌താൽ കോവിഡിനു മാത്രമല്ല ഏറ്റവും കൂടുതൽ മരണങ്ങൾക്കു കാരണമാകുന്ന പ്രമേഹത്തെയും നമുക്ക് വളരെ നല്ല രീതിയിൽ തടയുവാൻ കഴിയും. അടുത്തിടെ നടന്ന പഠനത്തിൽ തെളിഞ്ഞത് 86% കോവിഡ് മരണങ്ങളിലും രക്തത്തിലെ പഞ്ചസാര അനിയന്ത്രിതമായിരുന്നു എന്നതാണ്. ഇതിൽ കോവിഡ് വന്നതിനു ശേഷം പഞ്ചസാരകൂടിയവരും പെടുന്നു.
‘വാക്‌സിനേഷൻ ഒരു നഷ്ടവുമുണ്ടാക്കില്ല’
വാക്സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് പലർക്കും സംശയമുണ്ടെന്നത് വളരെ ശരിയാണ്. ഒരു വാക്സീനും നൂറു ശതമാനം ഫലപ്രദമല്ലെന്നതാണു സത്യം. ഡെൽറ്റ വേരിയന്റ് വന്ന ശേഷം 20 മുതൽ 25 ശതമാനം വരെ വാക്‌സീന്റെ ഫലപ്രാപ്തി കുറഞ്ഞിട്ടുണ്ട്. എന്നാൽ വാക്സീന്റെ വരവോടെ രോഗം വരുന്നതു തടയാൻ കഴിയുന്നുവെന്നതു മാത്രമല്ല രോഗം കാരണമുള്ള മറ്റു പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിഞ്ഞിട്ടുണ്ട്. 2 ഡോസ് വാക്‌സീൻ എടുത്തവരിൽ 99.9 ശതമാനം മരണങ്ങളും തടയാൻ കഴിഞ്ഞിട്ടുണ്ട്.
ആശുപത്രി വാസം, വെന്റിലേറ്റർ എന്നിവ ഉപയോഗിക്കുന്നതിൽ വൻ കുറവു വന്നു. വാക്സീൻ എടുത്തവർക്കാണ് ഇത്തരം അതിജീവനം സാധ്യമായത്. അമേരിക്കയിൽ പോലും1300ൽ അധികമാണ് ഒരു ദിവസം ഇപ്പോൾ മരണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മരണങ്ങൾ പലതും വാക്സീനെതിരെ ശബ്ദമുയർത്തിയ പ്രദേശങ്ങളിലാണ്. ചില പഠനങ്ങളിൽ കാണുന്നത് കോവിഷീൽഡിന് ഫൈസറിനേക്കാളും ഗുണമേന്മയുണ്ടെന്നാണ്. അതുകൊണ്ട് നമുക്ക് ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ല.
‘സ്പാനിഷ് ഫ്ലൂവിന്റെ ആശങ്കകൾ ഒഴിഞ്ഞിട്ടില്ല’
നൂറു വർഷം മുൻപ് ഉണ്ടായ സ്പാനിഷ് ഫ്ലൂവിന്റെ ആശങ്ക ഇപ്പോഴും തുടരുകയാണ്. ആയിരകണക്കിനു മരണങ്ങളാണ് ഫ്ലൂ കാരണം ഇപ്പോഴും ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ വൈറസിനും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഫ്ലൂ വൈറസ്, കൊറോണയെപ്പോലെത്തന്നെ നിരന്തരം രൂപമാറ്റം ഉണ്ടാകുന്ന ഒന്നാണ്. അതിനു വാക്സീൻ കണ്ടു പിടിക്കാൻ 20 വർഷം വേണ്ടി വന്നു. 100 വർഷം കഴിഞ്ഞിട്ടും ഇൻഫ്ലുവൻസ വാക്‌സീൻ (ഫ്ലൂ വാക്‌സിൻ) നമ്മൾ എല്ലാ വർഷവും എടുത്തുകൊണ്ടിരിക്കുകയാണ്.
എന്നാൽ കോവിഡിനെതിരായ വാക്സീൻ പെട്ടെന്നുതന്നെ വികസിപ്പിക്കാൻ കഴിഞ്ഞു. ഇൻഫ്ലുവൻസ കാരണമുള്ള മരണങ്ങൾ ഇപ്പോഴും ഉണ്ടെന്നത് വസ്തുതയാണ്. അതുപോലെത്തന്നെ കൊറോണ വൈറസും മനുഷ്യരിൽതന്നെ നിലനിർക്കുവാനായി രൂപഭാവങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനും ഇൻഫ്ലുവൻസയ്ക്കും സമാനതകളുണ്ട്. അതിനെ അതിജീവിച്ച് പ്രതിരോധം ആർജിക്കുകയാണ് വേണ്ടത്. കോവിഡിന്റെ കാര്യത്തിലും അതാണു സംഭവിക്കാൻ പോകുന്നത്. ഭാവിയിൽ ഇൻഫ്ലുവൻസയ്ക്കെന്ന പോലെ കോവിഡിനെതിരെയും വർഷാവർഷം വാക്സീൻ എടുക്കേണ്ടി വന്നേക്കാം
‘മൂന്നാം ഡോസും വേണ്ടി വരും’
വാക്സീനെടുത്ത് ആറുമാസം കഴിയുമ്പോൾ അതിന്റെ ഫലപ്രാപ്തി കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ ഗുണം ഇല്ലാതാകുന്നുവെന്ന് അതിന് അർഥമില്ല. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ, പ്രായമുള്ളവർ, കാൻസർ പോലെയുള്ള രോഗങ്ങൾക്കു ചികിത്സിക്കുന്നവർ എന്നിവർക്ക് അമേരിക്കയിലൊക്കെ മൂന്നാം ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്.
വാക്സീൻ ക്ഷാമം കാരണം ഇപ്പോൾ നമുക്ക് അതു ചിന്തിക്കാൻ കഴിയില്ല. എന്നാൽ അതും വേണ്ടി വരുമെന്ന് ഉറപ്പാണ്. വാക്‌സീൻ സ്വീകരിക്കാൻ പോകുന്ന ഇടങ്ങളിൽ ഒരുപാട് തിരക്കില്ല എന്ന് ഉറപ്പു വരുത്തുന്നതും രോഗവ്യാപനം തടയാൻ ആവശ്യമാണ്.
‘ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം വേണം’
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ 10 മുതൽ 30 ദിവസത്തിലൊരിക്കൽ രാജ്യാന്തരതലത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. അത് അപ്പോൾ നമുക്കു ലഭിക്കണമെന്നല്ല. പഠനങ്ങളിൽ പ്രയോജനമില്ല എന്നു തെളിഞ്ഞ മരുന്നുകൾ മാസങ്ങളോളം രോഗികൾക്ക് നൽകി വന്നിരുന്നു. എന്നാൽ അടുത്ത കാലത്തായി തുടർവിദ്യാഭ്യാസം മെച്ചപ്പെടുന്നതായാണ് കാണുന്നത്. ഡോക്ടർമാർക്കും നഴ്‌സുമാർക്കും മാസത്തിലൊരിക്കൽ പരിശീലനം നൽകണം. അത് ഔദ്യോഗികമായി ഡോക്യുമെന്റ് ചെയ്യണം.
ഏറ്റവും പുതിയ ചികിത്സ ഏതാണ്, ഏറ്റവും നല്ല ചികിത്സ ഏതാണ് തുടങ്ങിയ കാര്യത്തിലും കൃത്യമായ വിവരം ലഭ്യമാക്കണം. ഈ പരിശീലനം നഴ്സുമാർക്കും ലഭ്യമാക്കണം. പിഎച്ച്സി പോലെയുള്ള മൈക്രോ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കു കാര്യങ്ങൾ എത്തുകയാണ്. ടെലി മെഡിസിന്റെ സാധ്യതയും വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ചികിത്സയിൽ 99% ഫലപ്രാപ്തിയുള്ള വെർച്യുൽ കോവിഡ് ഐപി എന്ന ചികിത്സാ മോഡലിനെകുറിച്ച് ഞങ്ങൾ ഈയിടെ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.സ്വകാര്യ മേഖലയിൽ കിട്ടുന്ന സൗകര്യങ്ങൾ ഇപ്പോഴും പൊതുമേഖലയിൽ പൂർണമായി ഇല്ല. രോഗികളുടെ എണ്ണം കൂടുമ്പോൾ ശരിയായ ചികിത്സ നൽകാൻ കഴിയാതെ വരുന്നു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ മാത്രമേ ഇനി ചികിത്സ സാധ്യമാവുകയുള്ളൂ.
മാസ്‌ക്ക് ബുദ്ധിമുട്ടായാൽ എന്തു ചെയ്യും?
കോവിഡുമായി ബന്ധപ്പെട്ട് ഫലപ്രദമായ പ്രതിരോധ ശീലങ്ങൾ വളർത്തിയെടുക്കുകയെന്നതാണു പ്രധാനം. ഇടയ്ക്കിടെ കൈകഴുകണമെന്ന കാര്യം കഴിഞ്ഞ കാലങ്ങളിൽനിന്നു നാം പഠിച്ചു കഴിഞ്ഞു. എന്നാൽ എപ്പോഴൊക്കെയാണ് അതു വേണ്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏവിടെയെങ്കിലും തൊട്ടതിനു ശേഷം മൂക്കിലോ വായിലോ കണ്ണിലോ ചുണ്ടിലോ വിരൽ കൊണ്ടു വരുന്നതിനു മുൻപ് കൈ കഴുകുകയെന്നതാണ് വളരെ പ്രധാനം. ആഹാരം കഴിക്കാൻ മാസ്ക് ഒഴിവാക്കുമ്പോഴാണു പലർക്കും രോഗം വരുന്നത്. അത്തരം ഘട്ടത്തിൽ തുറന്ന അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.
നല്ല മാസ്ക് ഉപയോഗിക്കുകയെന്നതു വളരെ പ്രധാനമാണ്. പലരും ഇടയ്ക്കിടെ മാസ്ക് ഊരുന്നത് നിവൃത്തിയില്ലാത്തതുകൊണ്ടാണ്. മാസ്കിന്റെ ബ്രാൻഡ് ആഴ്ചയിലൊരിക്കൽ മാറ്റി പരീക്ഷിക്കുകയാണ് അതിനുള്ള പരിഹാരം. ഇങ്ങനെ മാറ്റിമാറ്റി വയ്ക്കുമ്പോൾ അനുയോജ്യമായ മാസ്ക് നമുക്കു ക്രമേണ കണ്ടെത്താൻ കഴിയും. രോഗബാധിതനായ ഒരാൾ മാസ്ക് വയ്ക്കാതെ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ രോഗാണു ഒരു മണിക്കൂർ വരെ അവിടെത്തന്നെ തങ്ങി നിൽക്കും. അതുകൊണ്ട് മാസ്ക് അനിവാര്യമാണ്. പ്രത്യേകിച്ച് അടഞ്ഞു കിടക്കുന്ന പ്രദേശങ്ങളിൽ. പൊതു സ്ഥലങ്ങളോ പാർക്കോ വലുതാണെങ്കിൽ പോലും നമുക്ക് മാസ്ക് ഇല്ലാതെ നിൽക്കാൻ കഴിയില്ല.
ചികിത്സ വൈകിപ്പിക്കുന്നതാണ് മറ്റൊരു പ്രശ്നം. കേരളത്തിൽ ഇപ്പോഴും ഏറ്റവും കൂടുതൽ മരണങ്ങൾക്കും കാരണം പ്രമേഹവും അതുകൊണ്ടുണ്ടാകുന്ന മറ്റു ഗുരുതര രോഗങ്ങളുമാണ്. ഇത് 80% വരെ തടയുവാൻ കഴിയുന്നതാണെങ്കിലും, അതു സാധിച്ചിട്ടില്ല എന്നതു മറക്കരുത്. കോവിഡിൽ നമുക്ക് ഈ നഷ്‌ടം സംഭവിക്കരുത്. ആറുമാസത്തിലൊരിക്കൽ രോഗ പരിശോധനകൾ നടത്തുക. കൃത്യമായി മരുന്നുകൾ കഴിക്കുക. എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാൽ ഉടൻ ചികിത്സ നടത്തുക. ഇതൊക്കെയാണെങ്കിലും പ്രതിരോധ ശേഷിക്ക് ആവശ്യം വ്യായാമവും ഉറക്കവുമാണെന്നതും മറക്കരുത്.
English Summary: What are the Preventive Measures for Covid 19? Dr. Jothydev Kesavadev Explains...