9/11:കത്തിയെരിഞ്ഞ് ഒരു വിമാനം പ്രസിഡന്റിന് നേരെയും? ആ പകൽ ബുഷ് നേരിട്ടതെങ്ങനെ?
മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചിറങ്ങിയതോടെ നാലാമത്തെ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. വൈറ്റ് ഹൗസിലേക്ക് ഇരച്ചെത്തിയ ഉദ്യോഗസ്ഥർക്ക് ഒറ്റക്കാര്യമേ രാജ്യത്തെ പരമാധികാര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നുള്ളു- കഴിയുന്നത്ര വേഗത്തിൽ ഇറങ്ങി ഓടുക! Manorama News
മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചിറങ്ങിയതോടെ നാലാമത്തെ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. വൈറ്റ് ഹൗസിലേക്ക് ഇരച്ചെത്തിയ ഉദ്യോഗസ്ഥർക്ക് ഒറ്റക്കാര്യമേ രാജ്യത്തെ പരമാധികാര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നുള്ളു- കഴിയുന്നത്ര വേഗത്തിൽ ഇറങ്ങി ഓടുക! Manorama News
മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചിറങ്ങിയതോടെ നാലാമത്തെ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. വൈറ്റ് ഹൗസിലേക്ക് ഇരച്ചെത്തിയ ഉദ്യോഗസ്ഥർക്ക് ഒറ്റക്കാര്യമേ രാജ്യത്തെ പരമാധികാര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നുള്ളു- കഴിയുന്നത്ര വേഗത്തിൽ ഇറങ്ങി ഓടുക! Manorama News
20 വർഷം മുൻപ്, 2001 സെപ്റ്റംബർ 11 ചൊവ്വാഴ്ച: അമേരിക്കയെയും ലോകത്തെയാകെയും ഞെട്ടിച്ചുകൊണ്ടു നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വ്യത്യസ്ത വിവരണങ്ങൾ പത്രങ്ങളിലൂടെയും ടിവിയിലൂടെയുമെല്ലാം ലോകം കണ്ടു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളൊന്നിന്റെ നേർചിത്രമായിരുന്നു അവയെല്ലാം. ഭീതിയുടെ നിഴലിൽ അമേരിക്ക വിറങ്ങലിച്ചു നിന്ന പകൽ, നികത്താനാവാത്ത നഷ്ടങ്ങളുടെ കണക്കെടുപ്പുമായി കടന്നുപോയ മാസങ്ങൾ, വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പ്രതികാരം... എല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.
എന്നാൽ, ആ ദിവസം സംഭവിച്ച കാര്യങ്ങളെ അന്നത്തെ യുഎസ് പ്രസിഡന്റ് കണ്ടതെങ്ങനെയാണ്? വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ‘9/11: ഇൻസൈഡ് ദ് പ്രസിഡന്റ്സ് വാർ റൂം’ എന്ന ഡോക്യുമെന്ററിയിൽ. ഇന്നത്തേതുപോലെ ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാതെ, പ്രസിഡന്റ് ബുഷ് ഈ പ്രതിസന്ധി നേരിട്ടതെങ്ങനെ എന്നാണ് ആപ്പിൾ ടിവി ബ്രോഡ്‌കാസ്റ്റ് ചെയ്ത ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്. ഭീകരാക്രമണം നടന്ന രാവിലെ 8.40 മുതൽ വേൾഡ് ട്രേഡ് സെന്ററിന്റെ രണ്ടാമത്തെ ടവർ തകർന്നുവീണ 10.20 വരെയുള്ള രണ്ടു മണിക്കൂറോളം സമയത്തെ കാര്യങ്ങൾ ഡോക്യുമെന്ററിയെ അവലംബിച്ചു പുനർവായിക്കാം.
∙ സെപ്റ്റംബർ 11, 2001, ചൊവ്വ, രാവിലെ 6.40: പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ് ഫ്ലോറിഡയിലെ ലോങ്ബോട് കീ എന്ന ചെറുപട്ടണത്തിൽ രാവിലെ ജോഗിങ്ങിനിറങ്ങി. ബുഷിന്റെ സുഹൃത്തായ ബ്ലൂംബെർഗ് റിപ്പോർട്ടർ റിച്ചഡ് കെയ്ൽ, ഏതാനും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് വെളിച്ചം വീഴും മുൻപേ 5 കിലോമീറ്റർ ഓടിത്തീർത്തത്. നല്ല ഓട്ടക്കാരനായ റിച്ചാർഡ് കെയ്‌ലിനെ ഓടിത്തോൽപിക്കുക എന്നതായിരുന്നു അന്നു രാവിലത്തെ ബുഷിന്റെ ദൗത്യം. ഓട്ടം കഴിഞ്ഞ് രാജ്യത്തെ സ്ഥിതിവിശേഷങ്ങൾ സിഐഎ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ വിവരിച്ചു കേൾപ്പിച്ചു. തന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളിലേക്കു വെളിച്ചം വീശുന്നതിനായി ഫ്ലോറിഡയിലെ എമ്മ ഇ.ബുക്കർ നഴ്സറി സ്കൂളിൽ സന്ദർശനമായിരുന്നു പ്രസിഡന്റിന്റെ ആദ്യത്തെ പരിപാടി.
∙ രാവിലെ 8.00: ന്യൂയോർക്ക് നഗരം പതിവിലേറെ പ്രശാന്തമായിരുന്നു. തെളിഞ്ഞ ആകാശം, പ്രസന്നമായ കാലാവസ്ഥ, ഇളംവെയിൽ. നഗരവാസികളുടെ മനസ്സിൽ ഊർജം പകരുന്ന അന്തരീക്ഷം. തിരക്കേറിയ ഒരു ബിസിനസ് ദിവസം അതിന്റെ പതിവുകളിൽ മുഴുകി. വാഷിങ്ടൻ ഡിസിയിൽ വൈസ് പ്രസിഡന്റ് ഡിക് ചെയ്നി സിഐഎ ഉദ്യോഗസ്ഥരുടെ വിശദമായ യോഗത്തിലായിരുന്നു. അൽ ഖായിദ വളരെ ഗൗരവമായി എന്തോ ആസൂത്രണം ചെയ്യുന്നെന്ന ഒഴുക്കൻ വിവരണമല്ലാതെ എടുത്തു പറയത്തക്കതായി മറ്റൊന്നും അന്ന് സിഐഎ ഉദ്യോഗസ്ഥർ വൈസ് പ്രസിഡന്റിനോട് പറഞ്ഞില്ല. രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മറ്റൊരു യോഗത്തിൽ വിമാനം റാഞ്ചൽ ശ്രമങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെ മുൻകരുതൽ വേണമെന്നതായിരുന്നു ഒരു നിർദേശം.
∙ രാവിലെ 8.14 : രാവിലെ 7.59ന് ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽനിന്നു ലൊസാഞ്ചൽസിലേക്കു പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുന്നില്ല എന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. അൽപസമയത്തിനുള്ളിൽതന്നെ ഫ്ലൈറ്റ് 11 റാഞ്ചപ്പെട്ടതായി എയർ ട്രാഫിക് കൺട്രോൾ സ്ഥിരീകരിച്ചു. 11 ജീവനക്കാരും 76 യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
അതേ സമയം, ഫ്ലോറിഡയിലെ നഴ്സറി സ്കൂളിലേക്കുള്ള യാത്രയിലായിരുന്നു പ്രസിഡന്റ് ബുഷ്. അൽപം മുൻപ് അവസാനിച്ച സിഐഎ യോഗത്തിൽ രാജ്യം ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ ഭീഷണി നേരിടുന്നതായുള്ള സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പതിവുപോലെ അൽ ഖായിദ എന്ന ഭീഷണിയെപ്പറ്റി അന്നും പരാമർശമുണ്ടായി. അവർ എന്തോ കാര്യമായി ആസൂത്രണം ചെയ്യുന്നുണ്ടെന്നതിനപ്പുറം മറ്റൊന്നും അതിലുണ്ടായിരുന്നില്ല.
∙ രാവിലെ 8.46: ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചുകയറി. തീർത്തും അപ്രതീക്ഷിതവും അസാധാരണവുമായ അപകടം. ടിവി ചാനലുകൾ തൽസമയം സംപ്രേഷണം ആരംഭിച്ചു. ഇരട്ട ടവറുകളിലൊന്ന് കത്തിയെരിയുന്ന ദൃശ്യങ്ങൾ കണ്ട് അമേരിക്ക വിറങ്ങലിച്ചു നിന്നു. ടിവി ചാനൽ റിപ്പോർട്ടർമാർക്ക് അപ്പോഴും എന്താണ് സംഭവിച്ചതെന്നു വ്യക്തമായിരുന്നില്ല. ഒരു വിമാനാപകടം എന്നതിനപ്പുറത്തേക്ക് മറ്റൊന്നും ആരുടെയും മനസ്സിൽ വന്നില്ല. ആളുകളുടെ മനസ്സിൽ ആശങ്കയോടൊപ്പം ആശയക്കുഴപ്പവും നിറഞ്ഞു.
പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്ന ബ്ലൂംബെർഗ് റിപ്പോർട്ടർ റിച്ചഡ് കെയ്ൽ പ്രസിഡന്റിനൊടൊപ്പമുള്ള പ്രഭാതസവാരിയെപ്പറ്റി വിവരിക്കാൻ ന്യൂയോർക്കിലുള്ള സുഹൃത്തിനെ വിളിച്ചു. എന്നാൽ, ഫോണെടുത്ത സുഹൃത്തിന്റെ ശബ്ദത്തിലെ ഭീതി അസാധാരണമായതെന്തോ സംഭവിച്ചെന്ന സൂചന നൽകി. പ്രസിഡന്റിന്റെ വാഹനവ്യൂഹം ഫ്ലോറിഡയിലെ നഴ്സറി സ്കൂളിലെത്തുമ്പോഴേക്കും വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലൊന്നിൽ ഒരു ചെറുവിമാനം ഇടിച്ചുകയറിയ വാർത്ത ഒപ്പമുള്ള ഉദ്യോഗസ്ഥർ അറിഞ്ഞു കഴിഞ്ഞിരുന്നു. പ്രസിഡന്റ് സ്കൂളിലെത്തിയാലുടൻ അടിയന്തര ചർച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ടെലിഫോൺ ലൈനിൽ കാത്തിരിക്കുകയായിരുന്നു.
∙ രാവിലെ 8.54: എമ്മ ഇ.ബുക്കർ സ്കൂളിലെ വിദ്യാർഥികൾ പ്രസിഡന്റ് ബുഷിനെ സ്വാഗതം ചെയ്തു. ഏതാനും മിനിറ്റ് മുൻപ് ന്യൂയോർക്കിൽ നടന്ന വിമാനാപകടത്തെപ്പറ്റി ആരും പ്രസിഡന്റിനെ അറിയിച്ചിരുന്നില്ല. അദ്ദേഹം കുട്ടികളോടൊപ്പം സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾതന്നെ സിഐഎ സ്കൂളിൽ ഒരുക്കിയ വാർത്താവിനിമയ സംവിധാനത്തിലൂടെ പ്രസിഡന്റ് ബുഷ് കോണ്ടലീസ റൈസുമായി സംസാരിച്ചു. പൈലറ്റിന്റെ പിഴവു മൂലമോ യന്ത്രത്തകരാറു മൂലമോ സംഭവിച്ച ഒരു വിമാനാപകടം എന്നതിനപ്പുറം ഒന്നും റൈസിനോ ബുഷിനോ അപ്പോൾ അറിയാമായിരുന്നില്ല.
അതൊരു യാത്രാവിമാനമാണെന്ന സൂചന പോലും ആർക്കുമുണ്ടായിരുന്നില്ല. വഴിതെറ്റി വന്ന പ്രൊപ്പല്ലർ വിമാനമാണെന്നായിരുന്നു പ്രാഥമികനിഗമനം. ആ അപകടം രാജ്യസുരക്ഷയെ ബാധിക്കുന്ന, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ തുടക്കമാണെന്നൊരു സംശയം ഒപ്പമുണ്ടായിരുന്ന സിഐഎ ഉദ്യോഗസ്ഥർക്കും ഉണ്ടായില്ല. അതുകൊണ്ടുതന്നെ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സ്കൂളിലെ പരിപാടിയുമായി മുന്നോട്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ അനുവദിച്ചു.
∙ രാവിലെ 9.00: ന്യൂയോർക്ക് നഗരം അതിനോടകം പൊലീസും അഗ്നിശമനസേനയും പൊതിഞ്ഞു കഴിഞ്ഞിരുന്നു. വേൾഡ് ട്രേഡ് സെന്ററിൽ ഇടിച്ചുകയറിയത് യാത്രാവിമാനമാണെന്ന് വൈകാതെ സ്ഥിരീകരിച്ചു. കറുത്ത പുകയിൽ മുങ്ങിനിൽക്കുന്ന നഗരത്തിന്റെ വിദൂരദൃശ്യങ്ങോടൊപ്പം ദുരന്തം നേരിട്ടുകണ്ട ദൃക്സാക്ഷികളുടെ വിവരണം ടിവി ചാനലുകളിൽ വന്നുകൊണ്ടിരുന്നു. വിമാനത്തിന്റെ എൻജിന് എന്തെങ്കിലും തകരാർ ഉള്ളതായോ പൈലറ്റിന് എന്തെങ്കിലും ആശയക്കുഴപ്പമുള്ളതായോ തോന്നിയില്ലെന്നു ദൃക്സാക്ഷികൾ വിവരിച്ചു. വേൾഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചുകയറ്റുക എന്ന ലക്ഷ്യത്തോടെ വേഗത്തിൽ വിമാനം പറന്നെത്തുകയായിരുന്നു എന്ന് പലരും ഉറപ്പിച്ചു പറഞ്ഞു.
അതേ സമയം, ഫ്ലോറിഡയിലെ സ്കൂൾ കെട്ടിടത്തിൽ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു താൽക്കാലിക വാർറൂം ഒരുക്കുകയായിരുന്നു. ടെലിഫോൺ സംവിധാനങ്ങളും ഹോട്ട്‌ലൈനുമൊക്കെ തയാറായെങ്കിലും ഒടു ടിവി ഇല്ലാതിരുന്നതിനാൽ ന്യൂയോർക്കിൽ സംഭവിക്കുന്നതെന്താണെന്നത് കൃത്യമായി അവർ അറിയാൻ വൈകി.
∙ രാവിലെ 9.03: കത്തിയെരിയുന്ന ഇരട്ട ടവറുകളിലൊന്നിന്റെ തത്സമയദൃശ്യം ടിവി ചാനലുകൾ കാണിച്ചുകൊണ്ടിരിക്കെ ദൂരെനിന്നു മറ്റൊരു വിമാനം വേൾഡ് ട്രേഡ് സെന്ററിനെ ലക്ഷ്യമാക്കി എത്തുന്നത് അമേരിക്കയിലെന്നല്ല, ലോകം മുഴുവനുമുള്ള ടിവി പ്രേക്ഷകർ കണ്ടു. ആദ്യ അപകടത്തെപ്പറ്റി ദൃക്സാക്ഷികൾ വിവരിച്ചതുപോലെ, കൃത്യമായ ലക്ഷ്യത്തിലേക്കെന്ന പോലെ ഒരു ശങ്കയുമില്ലാതെ രണ്ടാമത്തെ വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ രണ്ടാമത്തെ ടവറിലേക്ക് ഇടിച്ചു കയറി. 8.14ന് ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 767 വിമാനമായിരുന്നു അത്. 51 യാത്രക്കാരും 9 ജീവനക്കാരും എരിഞ്ഞടങ്ങി.
ആദ്യത്തെ അപകടത്തെത്തുടർന്ന് അവിടേക്കെത്തിയ ജനക്കൂട്ടം തലയ്ക്കു മുകളിൽ ഒരു അഗ്നിഗോളം കണ്ടു വിറങ്ങലിച്ചു. കൂട്ടനിലവിളികൾ നഗരത്തെ വിഴുങ്ങി. ഫ്ലോറിഡയിലെ വാർറൂമിൽ ദൃശ്യങ്ങൾ തത്സമയം കണ്ടുകൊണ്ടിരുന്ന അമേരിക്കയിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥരുടെ സംഘം നിശബ്ദമായി. ഇത് അമേരിക്കയ്ക്കു നേരെയുള്ള ആക്രമണമാണ് എന്ന തിരിച്ചറിവ് അപ്പോൾ മാത്രമാണ് അവർക്കുണ്ടായത്. ഒപ്പം, ഈ ദുരന്തം മൂലമുണ്ടാകുന്ന ജീവഹാനിയെക്കുറിച്ച് ആലോചിച്ച് അവർ ഭയചകിതരായി.
മറ്റൊരു വിമാനം ഫ്ലോറിഡയിലെ നഴ്സറി സ്കൂളിലേക്ക് ഇടിച്ചുകയറാനുള്ള സാധ്യത അവരെ ആശങ്കപ്പെടുത്തി. പ്രസിഡന്റ് ബുഷ് ഈ സമയത്ത് ഇവിടെയാണെന്നത് ഒരു രഹസ്യമല്ല. വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലേക്കു വിമാനം ഇടിച്ചുകയറ്റാൻ കഴിഞ്ഞവർക്ക് സ്കൂളിലേക്ക് വിമാനം ഇടിച്ചിറക്കുന്നത് നിസ്സാരമായിരിക്കുമെന്നത് അവരെ ഭയപ്പെടുത്തി.
പ്രസിഡന്റ് ബുഷ് അപ്പോഴും ക്ലാസ് മുറിയിൽ കുട്ടികൾക്കൊപ്പം തന്നെയായിരുന്നു. രണ്ടാമതൊരു വിമാനം വേൾഡ് ട്രേഡ് സെന്ററിൽ ഇടിച്ചു കയറിയെന്ന വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. പ്രസിഡന്റിനെ എത്രയും വേഗം അവിടെനിന്നു മാറ്റണം എന്ന ചിന്തയിൽ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രു കാർഡ് ക്ലാസ് മുറിയിലേക്കു കടന്നുചെന്ന് അദ്ദേഹത്തിന്റെ ചെവിയിൽ വിവരം പറഞ്ഞ ശേഷം മടങ്ങി.
ടീച്ചറുടെ കസേരയിൽ അലസമായിരിക്കുകയായിരുന്ന ബുഷ് അനങ്ങിയില്ല. ക്ലാസിൽ ‘പെറ്റ് ഗോട്ട്’ വായിച്ചുകൊണ്ടിരുന്ന കുട്ടിയിൽനിന്നു കണ്ണെടുക്കാതെ ശാന്തമായ മുഖത്തോടെ ബുഷ് അതേനില തുടർന്നു. വിദ്യാഭ്യാസ വിദഗ്ധനായ സിഗ് എംഗൽമാൻ എഴുപതുകളിൽ തയാറാക്കിയ ഇംഗ്ലിഷ് വായനാപരിശീനത്തിനുള്ള വർക്ക്ബുക്കിലെ ഒരു അധ്യായമായിരുന്നു ‘പെറ്റ് ഗോട്ട്’.
പക്ഷേ, അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്നും വലിഞ്ഞുമുറുകിയ ചുണ്ടുകളിൽനിന്നും പ്രക്ഷുബ്ധമായ മനസ്സിന്റെ വ്യാപാരങ്ങൾ സഹപ്രവർത്തകർ വായിച്ചെടുത്തു. എന്നാൽ, കയ്യിൽ നഴ്സറി പാഠപുസ്തകവുമായി കുട്ടികൾ വായിക്കുന്ന താളത്തിൽ അദ്ദേഹം തലയാട്ടിയും കസേരയിൽ ഇളകിയും കാത്തിരുന്നു. പുറമെ ശാന്തനായി കാണപ്പെട്ടെങ്കിലും പ്രസിഡന്റിന്റെ വലിഞ്ഞു മുറുകിയ മുഖഭാവത്തിൽനിന്ന്, അതീവ ഗുരുതരമായതെന്തോ സംഭവിച്ചുകഴിഞ്ഞെന്നത് കുട്ടികൾക്കും മനസ്സിലായി. കുട്ടികൾ ‘പെറ്റ് ഗോട്ട്’ വായിച്ച 7 മിനിറ്റ് സമയം വർക്ബുക്ക് കയ്യിൽപ്പിടിച്ച് വിദൂരതയിൽ കണ്ണുനട്ടിരുന്ന പ്രസിഡന്റിന്റെ ദൃശ്യം 2004ൽ പുറത്തിറങ്ങിയ ‘ഫാരൻഹീറ്റ് 9/11’ എന്ന ഡോക്യുമെന്ററിയിലൂടെ പിന്നീട് പ്രസിദ്ധമായി.
ക്ലാസ് മുറിയുടെ കോണിൽ കാത്തുനിൽക്കുകയായിരുന്ന പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഓരോ നിമിഷവും ഓരോ മണിക്കൂറുകളായി തോന്നി. കുട്ടികൾ വായന അവസാനിപ്പിക്കുന്ന നിമിഷം ഇടപെടാൻ അവർ തയാറായിനിന്നു. ചെയ്യേണ്ടത് എന്താണെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞിരുന്നു; അടുത്ത വിമാനം സ്കൂളിലേക്ക് ഇടിച്ചിറങ്ങും മുൻപ് അദ്ദേഹത്തെ അവിടെ നിന്നു മാറ്റണം, സ്കൂൾ പൂർണമായി ഒഴിപ്പിക്കണം.
അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് ബുഷും അതിനോടകം തീരുമാനിച്ചിരുന്നു. സ്കൂളിൽ ഒരുക്കിയിരുന്ന മുറിയിലേക്ക് അദ്ദേഹം എത്തി. ന്യൂയോർക്കിൽനിന്നും വാഷിങ്ടണിൽനിന്നും ശേഖരിച്ച വിവരങ്ങൾ എല്ലാം ഉദ്യോഗസ്ഥർ പ്രസിഡന്റിനു കൈമാറി. പ്രസിഡന്റ് ബുഷ് ആദ്യം വിളിച്ചത് വൈസ് പ്രസിഡന്റ് ഡിക് ചെയ്നിയെ ആണ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നവർ വിലയിരുത്തി. വേൾഡ് ട്രേഡ് സെന്ററിനു നേർക്കുണ്ടായത് ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് ഇരുവരും സ്ഥിരീകരിച്ചു. തുടർന്നുള്ള സുരക്ഷാനടപടികൾക്ക് ആ സ്ഥിരീകരണം നിർണായകമായി.
∙ രാവിലെ 9.16: സോളിസിറ്റർ ജനറൽ തിയഡോർ ഓൾസെന്റെ ഓഫിസിലേക്ക് അദ്ദേഹത്തിന്റെ ഭാര്യയും ഫോക്സ് ന്യൂസ് അവകാരകയുമായ ബാർബറയുടെ കോൾ എത്തി. രാവിലെ വിമാനത്തിൽ കയറിയ ബാർബറയുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയോടെ ഇരിക്കുമ്പോഴാണ് ആശ്വാസമായി ആ ഫോൺ കോൾ എത്തിയത്. എന്നാൽ, താൻ സഞ്ചരിക്കുന്ന വിമാനം റാഞ്ചപ്പെട്ടിരിക്കുകയാണെന്ന സന്ദേശം മാത്രമാണ് ബാർബറ നൽകിയത്. അതോടെ ആ കോൾ കട്ടായി. അതേ സമയത്തുതന്നെ ബാർബറ ഉൾപ്പെടെ അനേകം യാത്രക്കാർ ഉള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77 റഡാർ ബന്ധം വിച്ഛേദിച്ചതായും വേൾഡ് ട്രേഡ് സെന്റർ ലക്ഷ്യമാക്കി നീങ്ങുന്നതായും എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു. ഇതോടെ മൂന്നാമതൊരാക്രമണം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചു.
∙രാവിലെ 9.25: അമേരിക്കയുടെ ആകാശത്തുള്ള ഏതു വിമാനവും അമേരിക്കയ്ക്ക് എതിരായ ആയുധമായി മാറിക്കൊണ്ടിരിക്കുകയാണെന്നു മനസ്സിലായതോടെ ഫെഡറൽ ഏവിയേഷൻ വകുപ്പ് അടിയന്തരമായി വിമാനഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്താൽ രാജ്യമൊട്ടാകെ നിർദേശം നൽകി. ഇനിയൊരറിയിപ്പുണ്ടാകും വരെ ഒരു വിമാനവും എവിടെനിന്നും ടേക്ക് ഓഫ് ചെയ്യരുതെന്നായിരുന്നു നിർദേശം. ഏതാണ്ട് അതേ സമയത്തുതന്നെ നാലാമത്തെ വിമാനവും റാഞ്ചിയതായി എയർ ട്രാഫിക് കൺട്രോളിൽനിന്ന് സന്ദേശമെത്തി. യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 93 ആയിരുന്നു റഡാർ ബന്ധം വിച്ഛേദിച്ചത്. ഒപ്പം വിമാനത്തിൽനിന്നുള്ള ഉച്ചത്തിലുള്ള നിലവിളികളും അവ്യക്തമായ ആക്രോശങ്ങളും എയർ ട്രാഫിക് കൺട്രോളിനു ലഭിച്ചു. വിമാനത്തിനുള്ളിൽ ബോംബ് ഉണ്ടെന്ന സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു.
ആദ്യത്തെ രണ്ടു വിമാനങ്ങൾ ഇടിച്ചുകയറിയതുവരെയുള്ള വിവരങ്ങൾ മാത്രം കൈവശമുള്ള പ്രസിഡന്റ് ബുഷ് ഏതാനും മിനിറ്റുകൾക്കകം ഫ്ലോറിഡയിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. അപകടത്തെപ്പറ്റി ചുരുങ്ങിയ വാചകങ്ങളിൽ വിവരിച്ചു, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു, ഏതാനും നിമിഷം മൗനമായി നിന്നു, നന്ദി പറഞ്ഞു മടങ്ങി.
പ്രസിഡന്റിനെ സുരക്ഷിതമായി അവിടെനിന്നു മാറ്റാൻ ലക്ഷ്യമിട്ട സിഐഎ തുടർന്ന് അദ്ദേഹത്തെ ലിമോസിനിൽ വിമാനത്താവളത്തിലേക്കു കൊണ്ടുപോയി. അജ്ഞാതരായ ആക്രമികൾ അമേരിക്കയുടെ സുപ്രധാന വ്യാപാര കേന്ദ്രത്തിലേക്ക് വിമാനങ്ങൾ ഇടിച്ചുകയറ്റുകയും കൂടുതൽ വിമാനങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരിക്കുന്ന ആ സമയത്ത് അമേരിക്കൻ പ്രസിഡന്റിന് ഏറ്റവും സുരക്ഷിതമായ ഇടം ആകാശമാണെന്നായിരുന്നു സിഐഎയുടെ വിലയിരുത്തൽ.
പ്രസിഡന്റിന്റെ എയർ ഫോഴ്സ് വൺ പറക്കാനൊരുങ്ങി നിൽക്കെ അദ്ദേഹത്തെയും വഹിച്ചുകൊണ്ടുള്ള ലിമോസിൻ വാഹനം ഏതാണ്ട് പറന്നുതന്നെയാണു വിമാനത്താവളത്തിലേക്ക് കുതിച്ചത്. അദ്ദേഹത്തിന്റെ യാത്രാപഥം സുരക്ഷിതമാക്കാനായി അതിനോടകം റോഡുകൾ എല്ലാം അടച്ചിരുന്നു. അതിനു പുറമേ പ്രസിഡന്റിന്റെ വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരുവശത്തുമായി സുരക്ഷാവാഹനങ്ങൾ അതേ വേഗത്തിൽ ഒപ്പം പാഞ്ഞു. ഒരു കാർബോംബ് ആക്രമണം ഉണ്ടായാൽ പ്രസിഡന്റിനെ രക്ഷിക്കാൻ വേണ്ടിയായിരുന്നു അത്.
അതേ സമയം, വാഷിങ്ടനിൽ ആശങ്കകൾ പെരുകിവന്നു. റാഞ്ചപ്പെട്ട രണ്ടു വിമാനങ്ങൾ ആകാശത്തു പറന്നുകൊണ്ടിരിക്കെ അതിലൊരു വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77 വാഷിങ്ടൻ ലക്ഷ്യമാക്കി കുതിക്കുന്നതായി എയർ ട്രാഫിക് കൺട്രോളും സ്ഥിരീകരിച്ചു. മിനിറ്റുകൾക്കകം വിമാനം വൈറ്റ് ഹൗസിൽ ഇടിച്ചിറങ്ങുമെന്ന സംശയം ബലപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ വൈസ് പ്രസിഡന്റ് ഡിക് ചെയ്നിയുടെ ഓഫിസിലേക്ക് ഇടിച്ചു കയറി. അദ്ദേഹത്തെ ബെൽറ്റിൽ പിടിച്ചുയർത്തി തോളിൽ പിടിച്ചു തള്ളിക്കൊണ്ട് മുന്നോട്ട് പാഞ്ഞു.
വൈറ്റ് ഹൗസിനുള്ളിലെ സുരക്ഷാ ബങ്കറിലേക്ക് നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തെ മാറ്റി. വൈറ്റ് ഹൗസിന് 10 കിലോമീറ്റർ വരെ അടുത്തെത്തിയ വിമാനം പൊടുന്നനെ വലത്തേക്കു തിരിഞ്ഞു വഴിമാറിപ്പോയതോടെ ആദ്യത്തെ ആശങ്ക ഒഴിഞ്ഞു. എന്നാൽ, വിമാനത്തിന്റെ അടുത്ത ലക്ഷ്യം ഏതെന്ന ആശയക്കുഴപ്പം വർധിച്ചു. ഈ ആക്രമണങ്ങൾക്കും വിമാനം റാഞ്ചലുകൾക്കും പിന്നിൽ ആരാണ്? എന്താണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യം തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതിരുന്ന മണിക്കൂറുകളിൽ അടുത്ത ആക്രമണം എങ്ങനെയാണെന്നും എവിടെയാണെന്നും ആർക്കും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.
∙ രാവിലെ 9.37 : വൈറ്റ്ഹൗസിനു നേരേയെത്തി വഴിതിരിഞ്ഞുപോയ വിമാനം അൽപ സമയത്തിനുള്ളിൽ ആകാശത്തു വൃത്താകാരത്തിൽ പറന്നു വീണ്ടും വൈറ്റ്ഹൗസ് ലക്ഷ്യമാക്കി നീങ്ങി. നിമിഷങ്ങൾക്കുള്ളിൽ അമേരിക്കയുടെ അഭിമാനമായ സൈനിക ആസ്ഥാനമന്ദിരമായ പെന്റഗണിലേക്ക് വിമാനം ഇടിച്ചിറങ്ങി. ന്യൂയോർക്കിൽ മാത്രമെന്ന് കരുതിയ ആക്രമണം വാഷിങ്ടനിലേക്ക് വ്യാപിച്ചെന്ന തിരിച്ചറിവ് കൂടുതൽ ആശങ്ക പടർത്തി. മൂന്നാമത്തെ വിമാനം ഇടിച്ചുകയറിയതോടെ കേവലം ഒരു ആക്രമണമല്ല, അതൊരു യുദ്ധമാണെന്ന തിരിച്ചറിവിലേക്ക് പ്രസിഡന്റ് ബുഷ് എത്തി. ആദ്യവിമാനം ഇടിച്ചുകയറിയപ്പോൾ അപകടമാണെന്ന് കരുതി, രണ്ടാമത്തേത് കൂടിയായപ്പോൾ അതൊരു ആക്രമണമാണെന്ന് മനസ്സിലായി. മൂന്നാമത്തെ വിമാനം ഒരു യുദ്ധപ്രഖ്യാപനമായിരുന്നു- പ്രസിഡന്റ് ബുഷ് പറഞ്ഞു.
സോളിസിറ്റർ ജനറൽ തിയഡോർ ഓൾസെൻ, തന്റെ ഓഫിസിൽനിന്നു 2 കിലോമീറ്റർ മാത്രം അപ്പുറത്തുള്ള പെന്റഗണിൽ ഇടിച്ചിറങ്ങിയത് ഭാര്യ ബാർബറ സഞ്ചരിച്ചിരുന്ന വിമാനമാണെന്നു തിരിച്ചറിഞ്ഞ് വിറങ്ങലിച്ചിരുന്നു. അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 757 വിമാനമായിരുന്നു അത്. 8.20ന് വാഷിങ്ടൻ ഡാലസ് വിമാനത്താവളത്തിൽനിന്നു ലൊസാഞ്ചൽസിലേക്കു പുറപ്പെട്ട വിമാനം; അതിൽ 6 ജീവനക്കാരും ബാർബറ ഉൾപ്പെടെ 53 യാത്രക്കാരും.
കാര്യങ്ങൾ നിയന്ത്രണാതീതമായി മാറുകയാണെന്നു തോന്നിയതോടെ ഫെഡറൽ ഏവിയേഷൻ വകുപ്പ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു- അമേരിക്കയുടെ ആകാശത്തു പറക്കുന്ന വിമാനങ്ങൾ, അത് ഏതായാലും എങ്ങോട്ടു പോകുന്നതായാലും എത്രയും വേഗം ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുക. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു വിമാനസർവീസ് പൂർണമായും നിർത്തിവയ്ക്കുന്നത്.
മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചിറങ്ങിയതോടെ നാലാമത്തെ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. വൈറ്റ് ഹൗസ് എത്രയും വേഗം ഒഴിപ്പിക്കുക എന്നതു മാത്രമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. വൈറ്റ് ഹൗസിലേക്ക് ഇരച്ചെത്തിയ ഉദ്യോഗസ്ഥർക്ക് ഒറ്റക്കാര്യമേ രാജ്യത്തെ പരമാധികാര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നുള്ളു- കഴിയുന്നത്ര വേഗത്തിൽ ഇറങ്ങി ഓടുക!
നിമിഷങ്ങൾക്കുള്ളിൽ വാഷിങ്ടനിന്റെ രൂപം മാറി. വൈറ്റ് ഹൗസിൽനിന്ന് പ്രാണൻ കയ്യിൽപിടിച്ച് ഇറങ്ങിയോടുന്ന ജീവനക്കാർ. അടുത്ത നിമിഷം പാഞ്ഞെത്തുന്ന വിമാനത്തെ ഭയന്ന് കാറുകൾ റോഡിന്റെ നടുവിൽ ഓഫാക്കി, തുറന്ന ഡോർ അടയ്ക്കാൻ പോലും കൂട്ടാക്കാതെ ഇറങ്ങിയോടുന്ന ജനം. അന്തരീക്ഷമാകെ നിറഞ്ഞു നിൽക്കുന്ന പുക, എങ്ങും മരണഭീതി.
ഫ്ലോറിഡയിൽ എയർഫോഴ്സ് വൺ വിമാനത്തിൽ കയറാൻ പ്രസിഡന്റ് ബുഷും സംഘവും എത്തിയപ്പോൾ ആശങ്കയായി അടുത്ത സന്ദേശമെത്തി. എയർഫോഴ്സ് വൺ വിമാനവും ഭീകരരുടെ ലക്ഷ്യമാകാം. ഒരു പക്ഷേ, റൺവേയുടെ അരികിൽ പുറത്ത് ഒരു മിനി റോക്കറ്റ് ലോഞ്ചറുമായി ഭീകരർ കാത്തിരിക്കുന്നുണ്ടാകാം. ഭീതി വ്യാപിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ബുഷ് സംഘത്തിലെ എല്ലാവരെയും വിമാനത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തിരികെ നിലത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയില്ലാതെയാണ് പലരും അന്നാ വിമാനത്തിൽ കയറിയത്. ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലം അമേരിക്കൻ പ്രസിഡന്റിന്റെ അരികിൽ ആണെന്നു കരുതിയവർക്ക് അപ്പോൾ ലോകത്തെ ഏറ്റവും അപകടം പിടിച്ച സ്ഥലത്താണ് തങ്ങളെന്ന് മനസ്സിലായി.
എയർഫോഴ്സ് വൺ റൺവേയിലൂടെ ഓട്ടം പൂർത്തിയാക്കി പറന്നുയരുന്നതിന്റെ സുരക്ഷാവെല്ലുവിളി എല്ലാവരെയും ആശങ്കപ്പെടുത്തി. വിമാനത്തിന്റെ ക്യാപ്റ്റൻ കേണൽ ടിൽമൻ അതിനൊരു പരിഹാരം നിർദേശിച്ചു. വിമാനം നേരേ എതിർദിശയിലേക്കു തിരിക്കുക, റൺവേയിലൂടെ ഏറെ സഞ്ചരിക്കാതെ കുത്തനെ മുകളിലേക്ക് പറന്നുയരുക. നിർദേശം അംഗീകരിക്കപ്പെട്ടു. പ്രസിഡന്റിനെ സുരക്ഷിതനായി ഇരുത്തി. എല്ലാവരും ഇരുന്നു സീറ്റ്‍ബെൽറ്റ് ധരിച്ചെന്ന് ഉറപ്പുവരുത്തി. നിമിഷങ്ങൾക്കകം മുന്നോട്ടു കുതിച്ച എയർഫോഴ്സ് വൺ റൺവേയിൽ നേരേ ആകാശത്തേക്ക് പറന്നുയർന്നു. ബോയിങ് 747 വിമാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരശ്ചീനമായ ടേക്ക് ഓഫ്!
∙ രാവിലെ 9.58: രണ്ടു വിമാനങ്ങൾ ഇടിച്ചു കയറിയ വേൾഡ് ട്രേഡ് സെന്ററിനു ചുവട്ടിൽനിന്ന് ടിവി റിപ്പോർട്ടർമാർ ദൃശ്യങ്ങൾ കാണിച്ചു വിവരിക്കവെ ആദ്യം വിമാനം ഇടിച്ചുകയറിയ ടവർ തകർന്നു വീഴാൻ തുടങ്ങി. പൊലീസും മാധ്യമപ്രവർത്തകരും രക്ഷാപ്രവർത്തകരും ജനങ്ങളുമെല്ലാം ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നിട്ടും അനേകം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പൊടിപടലം തെരുവുകളെ വിഴുങ്ങി. മരണത്തിന്റെ മുഖം ടിവി ക്യാമറകളിലൂടെ ലോകം നേരിട്ടുകണ്ടു. എയർഫോഴ്സ് വൺ വിമാനത്തിലിരുന്നു ദൃശ്യങ്ങൾ കണ്ട പ്രസിഡന്റ് ബുഷ് ഉൾപ്പെടെയെല്ലാവരും പതറി. എത്രയും വേഗം വാഷിങ്ടനിലേക്ക് തിരിച്ചുപോകണമെന്ന് ബുഷ് വാശിപിടിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ സിഐഎ അത് എതിർത്തു. ഇക്കാര്യത്തിൽ പ്രസിഡന്റുമായി സിഐഎ ഉദ്യോഗസ്ഥർ വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തു.
തുടർന്ന് സുരക്ഷിതമായ ഇടങ്ങളിൽ ഇറങ്ങി വൈറ്റ് ഹൗസ് ബങ്കറിലുള്ള വൈസ് പ്രസിഡന്റുമായി ചർച്ചകൾ നടത്തിയും മാധ്യമങ്ങളോട് ഏതാനും വാക്കുകൾ സംസാരിച്ചും അന്നു വൈകുന്നേരം വരെ പ്രസിഡന്റ് എയർഫോഴ്സ് വൺ വിമാനത്തിലായിരുന്നു. ഇടയ്ക്ക് എയർഫോഴ്സ് വൺ ആകാശത്തു വച്ച് ആക്രമിക്കപ്പെടാനുള്ള സാധ്യത പരിഗണിച്ച് രണ്ട് യുദ്ധവിമാനങ്ങൾ വിമാനത്തിന്റെ ഇടത്തും വലത്തുമായി ഒപ്പം പറന്നു തുടങ്ങിയതോടെയാണ് മരണം മുന്നിൽക്കണ്ട് വിമാനത്തിലിരുന്ന പ്രസിഡന്റിന്റെ സഹയാത്രികർക്ക് അൽപമെങ്കിലും ആശ്വാസമായത്.
∙ രാവിലെ 10.00: റാഞ്ചപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം ആകാശത്തു കണ്ടെത്തി. വിമാനം മറ്റെവിടെയെങ്കിലും ഇടിച്ചിറക്കാനുള്ള സാധ്യത നിലനിൽക്കെ സൈനികനടപടിയെക്കുറിച്ച് സിഐഎ വൈസ് പ്രസിഡന്റിനോട് അഭിപ്രായമാരാഞ്ഞു. അൽപനേരത്തെ ആലോചനയ്ക്കു ശേഷം ആ യാത്രാവിമാനം വെടിവച്ചിടാൻ വൈസ് പ്രസിഡന്റ് ഉത്തരവു നൽകി. വളരെ സങ്കീർണമായിരുന്നു ആ തീരുമാനം. അമേരിക്കൻ പൗരന്മാർ സഞ്ചരിക്കുന്ന യാത്രാവിമാനം അമേരിക്കൻ സൈന്യംതന്നെ വെടിവച്ചുവീഴ്ത്തുക. തീരുമാനം തെറ്റോ ശരിയോ എന്നു പുനർവിചിന്തനം നടക്കുന്നതിനിടെ 10.03ന് വിമാനം നിലംപതിച്ചു. എന്നാൽ, സൈന്യം വെടിവച്ചിട്ടതായിരുന്നില്ല അത്.
വിമാനത്തിനുള്ളിലെ യാത്രക്കാർ കോക്പിറ്റിലേക്ക് ഇടിച്ചുകയറുകയും അങ്ങനെ വിമാനം തുറസ്സായ സ്ഥലത്തു തകർന്നു വീഴുകയുമായിരുന്നെന്നാണു വിലയിരുത്തൽ. മറ്റു മൂന്നു വിമാനങ്ങളും ഇടിച്ചിറക്കിയതുപോലെ ഈ വിമാനം മറ്റൊരിടത്ത് ഇടിച്ചുകയറ്റാതിരിക്കാൻ വിമാനത്തിലെ യാത്രക്കാർ സ്വയം രക്തസാക്ഷികളാവുകയായിരുന്നു എന്നാണ് നിഗമനം. മറ്റിടങ്ങളിൽ നടന്ന ആക്രമണങ്ങളെപ്പറ്റി അതിനോടകം ഈ വിമാനത്തിലെ യാത്രക്കാർ ഫോണിലൂടെ അറിഞ്ഞിരുന്നു. 8.42ന് ന്യൂവേക്ക് വിമാനത്താവളത്തിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്കു പുറപ്പെട്ട വിമാനത്തിൽ 7 ജീവനക്കാരും 33 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 4 ഭീകരരും!
∙ രാവിലെ 10.20 : വേൾഡ് ട്രേഡ് സെന്ററിലെ ദുരന്തമുഖത്തേക്ക് കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരുന്നു. പലരും എരിയുന്ന കെട്ടിടത്തെ നോക്കി പൊട്ടിക്കരഞ്ഞു. ചിലർ കൈ കോർത്തു പിടിച്ച് പ്രാർഥിച്ചു. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ രണ്ടാം ടവറും നിലംപൊത്തി. തകരുകയായിരുന്നില്ല, ഉരുകി നിലംപതിക്കുകയായിരുന്നു അത്!
English Summary: Inside the President's War-room: A Chilling Account of 9/11 Incident from 8.40 am to 10.20 am