‘മമ്മ ഷീനയെ കൊന്നോ...’: ഉത്തരം തേടുന്ന ‘ഡെവിൾസ് ഡോട്ടർ’; വിധി മുഖർജി പറയുന്നു..
'ഞാൻ മമ്മയോടു തിടുക്കത്തിൽ ചോദിച്ചു. ഷീനയ്ക്ക് എന്തു പറ്റി? ഷീന അമ്മയുടെ മകളാണോ? ആണെങ്കിലും എനിക്കു കുഴപ്പമില്ല. ഞാൻ പിണങ്ങില്ല. എന്താണു പറ്റിയത്...’ എന്നോടു കൂളായിരിക്കാനായിരുന്നു മമ്മയുടെ മറുപടി. കൊലപാതകമെന്ന ചില വാക്കുകൾ പൊലീസ് പറയുന്നതു കേട്ടു. പിന്നെ അവർ പീറ്ററിനോടു പറഞ്ഞു, ഇന്ദ്രാണിയെ അറസ്റ്റ് ചെയ്യുകയാണ്, ഷീന ബോറയെ കൊലപ്പെടുത്തിയെന്നതാണു കുറ്റം.
'ഞാൻ മമ്മയോടു തിടുക്കത്തിൽ ചോദിച്ചു. ഷീനയ്ക്ക് എന്തു പറ്റി? ഷീന അമ്മയുടെ മകളാണോ? ആണെങ്കിലും എനിക്കു കുഴപ്പമില്ല. ഞാൻ പിണങ്ങില്ല. എന്താണു പറ്റിയത്...’ എന്നോടു കൂളായിരിക്കാനായിരുന്നു മമ്മയുടെ മറുപടി. കൊലപാതകമെന്ന ചില വാക്കുകൾ പൊലീസ് പറയുന്നതു കേട്ടു. പിന്നെ അവർ പീറ്ററിനോടു പറഞ്ഞു, ഇന്ദ്രാണിയെ അറസ്റ്റ് ചെയ്യുകയാണ്, ഷീന ബോറയെ കൊലപ്പെടുത്തിയെന്നതാണു കുറ്റം.
'ഞാൻ മമ്മയോടു തിടുക്കത്തിൽ ചോദിച്ചു. ഷീനയ്ക്ക് എന്തു പറ്റി? ഷീന അമ്മയുടെ മകളാണോ? ആണെങ്കിലും എനിക്കു കുഴപ്പമില്ല. ഞാൻ പിണങ്ങില്ല. എന്താണു പറ്റിയത്...’ എന്നോടു കൂളായിരിക്കാനായിരുന്നു മമ്മയുടെ മറുപടി. കൊലപാതകമെന്ന ചില വാക്കുകൾ പൊലീസ് പറയുന്നതു കേട്ടു. പിന്നെ അവർ പീറ്ററിനോടു പറഞ്ഞു, ഇന്ദ്രാണിയെ അറസ്റ്റ് ചെയ്യുകയാണ്, ഷീന ബോറയെ കൊലപ്പെടുത്തിയെന്നതാണു കുറ്റം.
എന്നും രാവിലെ കെട്ടിപ്പിടിക്കണം, അതായിരുന്നു പപ്പയും ലാഡ്സും തമ്മിലുള്ള ഉടമ്പടി. ഇല്ലെങ്കിൽ ആ ദിവസം രണ്ടു പേർക്കും മോശമാകുമെന്ന ഒരു ‘വ്യവസ്ഥ’ കൂടി പപ്പ ആ ആലിംഗനക്കരാറിനോടു ചേർത്തു വച്ചു. ഇല്ലെങ്കിൽ ലാഡ്സ് വാക്കു തെറ്റിച്ചാലോ. മൂന്നുവയസ്സുകാരിയിൽനിന്ന് വലുതായപ്പോൾ ഒരു ദിവസം അവളതു മറന്നു. അന്നാകട്ടെ ആകെ മൂഡ് ഓഫ്, ദേഷ്യം, പരിഭവം. അപ്പോഴാണു പപ്പ പറഞ്ഞത്, ഇതെല്ലാം കെട്ടിപ്പിടിക്കാൻ മറന്നു പോയതുകൊണ്ടാണത്രേ. കുറഞ്ഞതൊരു 12 തവണയെങ്കിലും ദിവസം സ്നേഹത്തോടെ കെട്ടിപ്പിടിച്ചാലേ മനുഷ്യനു ജീവിക്കാൻ പറ്റൂവത്രേ! അമ്പരന്ന ലാഡ്സിനോടു പപ്പ പറഞ്ഞു, നമുക്കൊരു കാര്യം ചെയ്യാം 12 തവണയ്ക്കു പകരം 12 സെക്കൻഡ് നീളുന്ന ഒരു ഉഗ്രൻ കെട്ടിപ്പിടിത്തമാകാം ദിവസവും, എന്താ...
ആ പുസ്തകത്തിന്റെ പതിനഞ്ചാം പേജിലാണ് അവൾ ഇതെഴുതിയിരിക്കുന്നത്. ലാഡ്സ് എന്ന ഓമനപ്പേരുള്ള വിധി മുഖർജി; ഇന്ദ്രാണി മുഖർജിയുടെ മകൾ. ഈ ലോകത്ത് വിധി ഏറ്റവും അധികം സ്നേഹിക്കുന്ന പപ്പ– സ്റ്റാർ ഇന്ത്യയുടെ മുൻ മേധാവി പീറ്റർ മുഖർജി.
ആദ്യ ബന്ധത്തിലെ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ 6 വർഷത്തോളമായി ജയിലിൽ വിചാരണത്തടവിലുള്ള അതേ ഇന്ദ്രാണിയുടെ മകൾ. ഇരുപത്തിമൂന്നുവയസ്സുകാരി വിധി. ഇന്ദ്രാണിക്കു മുൻ ഭർത്താവ് സഞ്ജീവ് ഖന്നയിൽ ജനിച്ച പെൺകുട്ടി. പക്ഷേ, എന്റെ അച്ഛൻ എന്ന് അവൾ പറയുന്നത് ഒരേയൊരാളെ മാത്രം; പീറ്റർ മുഖർജിയെ. ഷീന ബോറ കേസിൽ 5 കൊല്ലത്തോളം വിചാരണത്തടവിനു ശേഷമാണു പീറ്ററിനു ജാമ്യം ലഭിച്ചത്.
രാജകുമാരിയെപ്പോലെയുള്ള വിധിയുടെ ജീവിതത്തെയാകെ തട്ടിത്തെറിപ്പിച്ച സംഭവങ്ങൾ ഉണ്ടായത് അവളുടെ പതിനെട്ടാം പിറന്നാളിന്റെ തൊട്ടുതലേന്നാണ്; 2015ൽ. അമ്മയുടെയും അച്ഛന്റെയും അറസ്റ്റും ഒറ്റപ്പെടലും ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടവും ഭയവും ആശങ്കകളും ആത്മഹത്യാശ്രമവും മദ്യപാനവും ലോകത്തോടാകെയുള്ള ദേഷ്യവും സ്വയം തിരിച്ചുപിടിക്കാൻ നടത്തിയ യാത്രകളും എല്ലാം വിധിയുടെ കുറിപ്പുകളിലുണ്ട്. പുസ്തകത്തിനു വിധി കൊടുത്ത പേര് ഇങ്ങനെയാണ്; ഡെവിൾസ് ഡോട്ടർ. അതെ പിശാചിന്റെ മകൾ. അങ്ങനെയാണല്ലോ ഇന്ദ്രാണിയെ മാധ്യമങ്ങൾ വിളിച്ചിരുന്നത്.
പുറംചട്ടയിൽ ആ പേരു കാണുമ്പോൾ നമുക്കും തോന്നുക, ഇന്ദ്രാണിയെയാണ് മകൾ പിശാചെന്നു വിളിക്കുന്നത് എന്നാകും. ഒരു പരിധി വരെ അതെ താനും. പക്ഷേ, പതിനെട്ടുകാരിയിൽ നിന്ന് ഇരുപത്തിമൂന്നിലെത്തും വരെയുള്ള 5 വർഷം തന്റെ തന്നെ ഉള്ളിലെ ചില പൈശാചിക ചിന്തകളുടെ കൂടി മകളായിരുന്നു വിധി. പേരു പോലെ തന്നെ വല്ലാത്തൊരു വിധി. നരകത്തിലായിരുന്നു കഴിഞ്ഞ 5 വർഷം. അവിടേക്കു പോയും വന്നും ഇരുന്നതുപോലെയായിരുന്നു ജീവിതം. മുറിവുകളൊന്നും ഉണങ്ങിയിട്ടില്ല, നരകഭീതിയിൽ നിന്നു പൂർണമായി തിരിച്ചുവന്നിട്ടുമില്ല. എങ്കിലും ഇപ്പോൾ ശാന്തമായി ലോകത്തെ നോക്കിക്കാണാൻ കഴിയുന്നു.
ഇനി എന്ത് എന്ന നാളെയെക്കുറിച്ചുള്ള ആശങ്കകൾ വിട്ടുപോയിരിക്കുന്നു. എന്നോട് എന്തിനിതു ചെയ്തു എന്ന് ആരോടെന്നില്ലാതെ ചോദിച്ചിരുന്നതു കുറഞ്ഞിരിക്കുന്നു. യാഥാർഥ്യത്തെ ഉൾക്കൊള്ളാനായിരിക്കുന്നു. ഇനിയും ഒരുപാടു ദൂരം പോകാനുണ്ട് – ‘ഡെവിൾസ് ഡോട്ടർ’ എന്ന പുസ്തകത്തിൽ വിധി പറഞ്ഞുവയ്ക്കുന്നത് ഇതൊക്കെയാണ്.
അന്ന് ഞാൻ അമ്മയോടു ചോദിച്ചു, ഷീന അമ്മയുടെ മകളാണോ?
2015. പ്ലസ്ടു ക്ലാസ് വിട്ടു പതിവുപോലെ വീട്ടിലേക്കു കാർ കാത്തു നിൽക്കുകയായിരുന്നു വിധി. ആകെ ത്രില്ലിലായിരുന്നു അവൾ. നാളെ പതിനെട്ടാം പിറന്നാളാണ്. ബെർത് ഡേയ്ക്കു മുന്നേ തന്നെ പപ്പയും മമ്മയും ചേർന്നു വലിയ ആഘോഷം നടത്തിയിരുന്നു. ഇന്നു കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിയാണ്. പക്ഷേ, ഡ്രൈവർ വരുന്നില്ലല്ലോ, വിളിച്ചിട്ടു കിട്ടുന്നുമില്ല. വീട്ടിൽ വിളിച്ചിട്ട് ആരും ഫോണെടുക്കുന്നില്ല. ഒടുവിൽ പപ്പയെ വിളിച്ചു. അദ്ദേഹം വീട്ടിൽ വിളിച്ചു നോക്കിയിട്ടും രക്ഷയില്ല. പപ്പ പറഞ്ഞതു പോലെ കാബ് പിടിച്ച് അപാർട്മെന്റിലേക്കു പോയി. പക്ഷേ, അവിടെയെത്തിയപ്പോൾ വീടു നിറയെ പൊലീസ്. സോഫയിൽ ശാന്തയായിരിക്കുന്ന മമ്മ ഇന്ദ്രാണി മുഖർജി.
എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. നിങ്ങളാരാ, ഇവിടെയെന്താ ചെയ്യുന്നതെന്ന് പൊലീസുകാരോടു ദേഷ്യപ്പെട്ടു. ഒന്നുമില്ല, ഒന്നുമില്ല എന്ന് മമ്മ പറയുന്നുണ്ടായിരുന്നു. പക്ഷേ, ഒരു ഉൾഭയം. ജോലിക്കു നിൽക്കുന്ന മായാ ദീദിയോടു പൊലീസ് ഷീന ബോറ ആരാണെന്നു ചോദിച്ചത്രേ. പുസ്തകത്തിലെ വാക്കുകളിങ്ങനെ, 'ഞാൻ മമ്മയോടു തിടുക്കത്തിൽ ചോദിച്ചു. ഷീനയ്ക്ക് എന്തു പറ്റി? ഷീന അമ്മയുടെ മകളാണോ? ആണെങ്കിലും എനിക്കു കുഴപ്പമില്ല. ഞാൻ പിണങ്ങില്ല. എന്താണു പറ്റിയത്...’ എന്നോടു കൂളായിരിക്കാനായിരുന്നു മമ്മയുടെ മറുപടി.
വിവരമറിഞ്ഞ് എത്തിയ പപ്പ പീറ്റർ മുഖർജിയുടെ കൈകളിലേക്കു പതിവുപോലെ വിധി ഓടിച്ചെന്നു. പപ്പയായിരുന്നു അവളുടെ എല്ലാം. സുരക്ഷിതത്വവും കോട്ടയും സുഹൃത്തും കെട്ടുറപ്പും എല്ലാം. പക്ഷേ, അന്നത്തെ ആ നെഞ്ചോടു ചേർക്കലിന് അവളുടെ ഉൾവിറ മാറ്റാനായില്ല. കൊലപാതകമെന്ന ചില വാക്കുകൾ പൊലീസ് പറയുന്നതു കേട്ടു. പിന്നെ അവർ പീറ്ററിനോടു പറഞ്ഞു, ഇന്ദ്രാണിയെ അറസ്റ്റ് ചെയ്യുകയാണ്, ഷീന ബോറയെ കൊലപ്പെടുത്തിയെന്നതാണു കുറ്റം. ഒറ്റനിമിഷത്തിൽ വിധിയുടെ വിധി മാറിപ്പോയി. കരയാൻ പോലുമാകാത്ത മരവിപ്പ്, ഭയം. ബഹുമാനത്തോടെ നോക്കിയിരുന്ന കണ്ണുകളിൽ പുച്ഛം, ചിലർക്ക് സഹതാപം. ടിവിയിലാകെ ഇന്ദ്രാണിയുടെ വാർത്ത. അതിനിടെയാണു വിധി ഓർത്തത്, മൂന്ന് വർഷമായല്ലോ ഷീനയോടു സംസാരിച്ചിട്ട് എന്ന്.
മമ്മ പറഞ്ഞു, മകൾ സമ്മതിച്ചാലേ കല്യാണമുള്ളൂ...
സഞ്ജയ് ഖന്നയും ഇന്ദ്രാണിയും തമ്മിൽ സ്നേഹിച്ചു വിവാഹിതരായതും വിധി ജനിച്ചതും പിന്നീട് അവർ പിരിഞ്ഞതും പുസ്തകത്തിൽ ഒന്നോ രണ്ടോ വരികളിൽ പറഞ്ഞുപോകുന്നതേ ഉള്ളൂ. ‘ജനിപ്പിച്ച വ്യക്തി’യെന്നല്ലാതെ സഞ്ജീവിനെ ഒരിക്കലും ആ പുസ്തകത്തിൽ അച്ഛനെന്നു വിളിച്ചിട്ടില്ല. എന്റെ അച്ഛൻ എന്നു നൂറായിരം വട്ടം വിധി പറയുന്നത്, മൂന്നാം വയസ്സിൽ അവൾ കണ്ടുമുട്ടിയ പീന്നീട് അവളുടെ എല്ലാമായ പീറ്ററിനെക്കുറിച്ചാണ്.
വിവാഹമോചന സമയത്ത് വിധിയുടെ പൂർണമായ കൈവശാവകാശം കിട്ടാൻ അതുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നെന്ന് ഇന്ദ്രാണി മകളോടു പറയുന്നു. തന്റെ എച്ച്ആർ ബിസിനസ് ഉൾപ്പെടെ എല്ലാം ഒന്നിൽ നിന്നു തുടങ്ങാൻ മുംബൈയിലെത്തിയ ഇന്ദ്രാണിയെ ഒരു പാർട്ടിയിൽ വച്ചു കണ്ടതും കണ്ടപാടേ പ്രണയത്തിന്റെ തീപ്പൊരി ഉള്ളിൽ പാറിയതും പീറ്റർ മുഖർജി പലവട്ടം വിധിയോടു പറഞ്ഞിട്ടുണ്ട്. പപ്പ അതു പറയുന്നതു വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടമായിരുന്നു വിധിക്ക്. അടുപ്പത്തിലായെങ്കിലും വിവാഹക്കാര്യം പറഞ്ഞപ്പോൾ ഇന്ദ്രാണി പീറ്ററിനോടു പറഞ്ഞു, എനിക്കു മൂന്നുവയസ്സുകാരി മകളുണ്ട്. അവൾ സമ്മതിച്ചാലേ വിവാഹം നടക്കൂ.
മുഖത്തേക്കാളും വലിയ കണ്ണുകളുള്ള അവളെ കണ്ടതും കൊച്ചുകയ്യിൽ പിടിച്ചതു മുതൽ അവളെ സ്വന്തം മകളായി നെഞ്ചിലേറ്റിയതും പീറ്റർ എത്രവട്ടം പറഞ്ഞാലും വിധിക്കു മതിയായിരുന്നില്ല. കണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവളറിയാതെ ‘പപ്പ’ എന്നു വിളിച്ചു തുടങ്ങിയത്രേ. ഷീനക്കേസിൽ ജയിലിലായിരിക്കെ പീറ്ററും ഇന്ദ്രാണിയും വിവാഹമോചനത്തിനുള്ള കടലാസിൽ ഒപ്പിട്ടപ്പോഴും വിധി മകളല്ലെന്നു പീറ്റർ കയ്യൊഴിഞ്ഞില്ല.
എന്റെ മുഖത്തടിക്കുന്ന, പപ്പയോട് പൊട്ടിത്തെറിക്കുന്ന മമ്മ
കഴിവും പ്രതിഭയുമുള്ള, ഇച്ഛാശക്തിയും നേതൃഗുണവുമുള്ള ഇന്ദ്രാണി മുഖർജി. പീറ്ററുമായി ചേർന്ന് അവർ തുടങ്ങിയ ഐഎൻഎക്സ് മീഡിയ എന്ന സംരംഭം. പിന്നീട് നയൻഎക്സ് എന്നു പേരുമാറ്റി. മുംബൈയിലെ ‘പവർ കപ്പിൾ’ ആകാൻ അധിക സമയം വേണ്ടിവന്നില്ല ഇരുവർക്കും. പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാം സ്ഥാനത്തായിരുന്നു ഇന്ദ്രാണി. മകൾ വിധിയും അങ്ങനെയാകണമെന്ന അവരുടെ വാശിയെക്കുറിച്ചു പുസ്തകത്തിലുണ്ട്.
‘എപ്പോഴാണ് അമ്മയുടെ മൂഡ് മാറുന്നതെന്നു പറയാൻ പറ്റിയിരുന്നില്ല. പപ്പയോട് പലപ്പോഴും ഒച്ചയിട്ടു ബഹളം വച്ചിരുന്നു. പപ്പയുടെ ആദ്യ ബന്ധത്തിലെ മകൻ രാഹുൽ മുഖർജിയുമായും വഴക്കുണ്ടായിരുന്നു. രാഹുൽ അലസനായി വീട്ടിലിരിക്കുന്നതും അതിനെതിരെ പപ്പ ഒന്നും പറയാത്തതും പതിവു പ്രശ്നങ്ങളായിരുന്നു. സ്വന്തം ബിസിനസ് തുടങ്ങാൻ രാഹുലിനെ പ്രാപ്തനാക്കണമെന്നു പറഞ്ഞുള്ള ബഹളങ്ങളും പതിവായിരുന്നു.
എന്തു ധരിക്കണം, എങ്ങനെ നടക്കണം, എങ്ങനെ പെരുമാറണം, എന്തു പഠിക്കണം, എപ്പോൾ പഠിക്കണമെന്നെല്ലാം മമ്മയുടെ ചിട്ടകളായിരുന്നു. മമ്മ പ്രതീക്ഷിക്കുന്ന മാർക്ക് എനിക്കു കിട്ടാതായിൽ അടിക്കും. എന്തു ചെറിയ കാര്യത്തിനും മുഖമടച്ച് അടിവീണിരുന്നു. പപ്പ ഇടപെട്ടാൽ ഉടൻ അമ്മ പറയും, ഇതു നിങ്ങളുടെ മകളല്ല, എന്റെ മകളാണ്. അവളെ എന്റെ ഇഷ്ടത്തിനു വളർത്തുമെന്ന്. പപ്പയ്ക്ക് എന്നേക്കാൾ ഇഷ്ടം സ്വന്തം മക്കളെയാണെന്നും എന്നോടു മമ്മ പറഞ്ഞിട്ടുണ്ട്.’
എന്റെ ഹീറോ, എന്റെ പപ്പ; ഞങ്ങളുടെ സ്നേഹയാത്രകൾ
പപ്പയായിരുന്നു വിധിയുടെ ഹീറോ. രണ്ടു പേരും തമ്മിലുള്ള കളിതമാശകളും ഒരുമിച്ചുള്ള യാത്രകളും രസങ്ങളുമെല്ലാം പുസ്തകത്തിലെ എല്ലാ അധ്യായങ്ങളിലും കടന്നു വരുന്നു. മറ്റൊരാളുടെ മകളെ സ്വന്തം മകളാക്കിയ പീറ്റർ മുഖർജിയാണ് താൻ കണ്ട ഏറ്റവും നല്ല മനുഷ്യനെന്നു വിധി പറയുന്നു. ‘രാജകീയ ജീവിതമാണു പപ്പ തന്നത്. എല്ലാ കുട്ടികളും സ്കൂൾ ബസിൽ പോകുമ്പോൾ എന്നെ സ്കൂളിൽ കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും പ്രത്യേക കാറും ഡ്രൈവറും ആയയും ഉണ്ടായിരുന്നു.
ഒരു ദിവസം ഡ്രൈവറെ പറ്റിച്ച് ഞാൻ കൂട്ടുകാരി ഇഷയ്ക്കൊപ്പം ബസിൽ കയറിപ്പോന്ന ദിവസം എന്നെ ആരോ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞു പപ്പ ഭയങ്കര ബഹളമായിരുന്നു. ആറാം ക്ലാസിൽ പഠനം യുകെയിലേക്കു മാറിയപ്പോൾ പപ്പ അടുത്തില്ലാത്തതു കൊണ്ടാണ് ഏറ്റവും സങ്കടപ്പെട്ടത്. ഒടുവിൽ പപ്പയും മമ്മയും യുകെയിലേക്കു വന്നു. എന്നെ പിരിഞ്ഞിരിക്കാൻ പപ്പയ്ക്കു വയ്യായിരുന്നു. 2012ൽ ഷീന കൊല്ലപ്പെട്ടെന്നു പറയുന്ന ദിവസങ്ങളിൽ ഞാനും പപ്പയും ഞങ്ങളുടെ പ്രിയപ്പെട്ട യാത്രകളിൽ ഒന്നിലായിരുന്നു.’
എല്ലാ വിഷയത്തിനും എ ഗ്രേഡ് കിട്ടാത്തതിൽ മമ്മയ്ക്കു വലിയ ദേഷ്യമായിരുന്നെന്നും വിധി പറയുന്നു. നിയമം പഠിക്കണം, അഡ്വക്കേറ്റ് ആകണം, നല്ല ഒരാളെ വിവാഹം ചെയ്യണം എന്നെല്ലാം നിരന്തരം പറയുമായിരുന്നു. എപ്പോഴും ചൂടുള്ള തീനാളം പോലെയായിരുന്നു മമ്മ. ആ ചൂടിൽ വെന്തപ്പോൾ വിധി റിബലായി. മമ്മ പറയുന്നതിനെ എല്ലാം എതിർത്തു. വാശി തീർക്കാനെന്നപോലെ പപ്പയെ കൂടുതൽ സ്നേഹിച്ചു. മമ്മയെ വെറുപ്പാണെന്നു പറയാതെ പറഞ്ഞു. പക്ഷേ, അതിനിടയിലും വിധിക്ക് ഒന്നറിയാമായിരുന്നു, മമ്മയ്ക്ക് തന്നെ ഇഷ്ടമാണെന്ന്. പക്ഷേ, ആ സ്നേഹം എന്തോ അവളെ മോഹിപ്പിച്ചില്ല.
വിധിക്ക് ആരായിരുന്നു ഷീന? ആരാണ് രാഹുലും റാബിനും?
പീറ്റർ മുഖർജിയുടെ ആദ്യവിവാഹത്തിലെ പുത്രന്മാരാണു രാഹുലും റാബിനും. ഇരുവർക്കും സ്വാഭാവികമായും ഇന്ദ്രാണിയോടും മകളോടും അടുപ്പമില്ലായിരുന്നു. എന്നാൽ, രണ്ടു ‘വല്യേട്ടന്മാർ’ ഉണ്ടെന്ന ഗമയിലായിരുന്നു വിധി. അതു നിന്റെ സ്വന്തം ചേട്ടന്മാരല്ലെന്ന് ഇന്ദ്രാണി എത്രവട്ടം തിരുത്തിയിട്ടും ഫലമുണ്ടായില്ല. ആഴത്തിലുള്ള സഹോദരസ്നേഹം എന്നൊന്നും പറയാനാകില്ലെങ്കിലും രാഹുലും റാബിനും വിധിയുമായി അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ബന്ധം ഉടലെടുക്കുകതന്നെ ചെയ്തു. ഇതിനിടെയാണ് ഷീന ബോറയുടെ വരവ്.
ഇന്ദ്രാണിയെപ്പോലെത്തന്നെയുള്ള മുഖം, പഠനത്തിലും അതേ മിടുക്ക്. ഷീന തന്റെ ഇളയസഹോദരിയാണെന്ന് ഇന്ദ്രാണി വീട്ടിൽ പറഞ്ഞു. എന്തോ ആദ്യ കാഴ്ചയിൽ തന്നെ വിധിയും ഷീനയുമായി അടുത്തു. പ്രായത്തിൽ വളരെയേറെ വ്യത്യാസമുണ്ടെങ്കിലും ഒന്നിച്ചു കളിച്ചുവളർന്ന സഹോദരിമാരെപ്പോലെ പ്രത്യേക സ്നേഹം. ഇതിനിടെയാണു രാഹുലും ഷീനയുമായി പ്രണയം മൊട്ടിട്ടത്. ഇന്ദ്രാണിയും പീറ്ററും ഇത് അറിഞ്ഞപ്പോൾ എതിർത്തില്ല. പക്ഷേ, രാഹുലിന്റെ അലസ ജീവിതശൈലിയിൽ ഇന്ദ്രാണിക്കു കലശലായ ദേഷ്യമുണ്ടായിരുന്നെന്ന് വിധി പുസ്തകത്തിൽ പറയുന്നു.
കോളജിൽ ഷീനയുടെ പഠനം അൽപം പിന്നിലേക്കായതോടെ ഇന്ദ്രാണി ഇടഞ്ഞു, രാഹുലിന്റെ സ്വാധീനമാണെന്നു പറഞ്ഞു വഴക്കായി. ബന്ധം തുടരരുതെന്നു കർശനമായി വിലക്കി. അതിനിടെ ഒരു ദിവസമാണ് ഷീന ആ ബോംബ് പൊട്ടിച്ചത്– താൻ ഇന്ദ്രാണിയുടെ മകളാണെന്ന് അവൾ വിധിയോടും രാഹുലിനോടും പറഞ്ഞു. രാഹുൽ വഴി ഇക്കാര്യമറിഞ്ഞ പീറ്റർ മുഖർജി ഇതു ചോദിച്ചതോടെ ഇന്ദ്രാണി സകലനിയന്ത്രണവും വിട്ടു പൊട്ടിത്തെറിച്ചത്രേ. വലിയ ബഹളങ്ങൾക്കൊടുവിൽ ഇന്ദ്രാണി പറഞ്ഞു, ‘ഞാൻ ഡിഎൻഎ ടെസ്റ്റ് ചെയ്തു കാണിക്കാം, നിങ്ങൾക്കു വിശ്വാസമാകട്ടേ.’ അതോടെ പീറ്ററും വിധിയും വിശ്വസിച്ചു– ഇന്ദ്രാണിക്കെതിരെ രാഹുലും ഷീനയും ചേർന്നു ചില കരുനീക്കങ്ങൾ നടത്തിയതാകാമെന്നു വിശ്വസിച്ചു. പക്ഷേ, അവരെ വെറുക്കാൻ വിധിക്കോ പീറ്ററിനോ ആയിരുന്നില്ല.
വലിയ ബഹളങ്ങളുടെ ദിവസങ്ങളായിരുന്നു അത്. രാഹുലിനും പീറ്ററിനും എതിരെ ഇന്ദ്രാണി നിരന്തരം സംസാരിച്ച നാളുകൾ. എന്നും വീട്ടിൽ അശാന്തിയും ഒച്ചപ്പാടും. അതിനിടെയാണു വിധി ബ്രിട്ടനിലേക്കു പോയതും പീറ്ററും ഇന്ദ്രാണിയും അനുഗമിച്ചതും. അവിടെയെത്തിയതിനു ശേഷവും വഴക്കു പതിവായതോടെ ഷീനയെക്കുറിച്ചു ചോദിക്കുന്നതു പീറ്റർ നിർത്തി. ഇന്ദ്രാണി മറ്റൊരു നിബന്ധന കൂടി വച്ചു; വിധിയോ പീറ്ററോ രാഹുലും ഷീനയുമായി സംസാരിക്കരുത്. പക്ഷേ, അവർ അത് അനുസരിച്ചില്ല. പലപ്പോഴും കോൺഫറൻസ് ഫോൺകോളിലൂടെ അവർ നാലുപേരും ഒരുപാടു സംസാരിച്ചു, വിശേഷങ്ങൾ കൈമാറി. പിന്നീടെപ്പോഴോ രാഹുൽ അകന്നുപോയതിനെക്കുറിച്ചും അധികം സംസാരിക്കുന്നയാൾ അല്ലായിരുന്നെങ്കിലും തന്റെ ജീവിതത്തെ നല്ല രീതിയിൽ റാബിൻ സ്വാധീനിച്ചതെങ്ങനെയെന്നും ‘ഡെവിൾസ് ഡോട്ടറിൽ’ വിശദമായി പറയുന്നുണ്ട്.
പെട്ടെന്നൊരുനാൾ ഷീന എവിടെപ്പോയി?
2012ൽ ഇന്ദ്രാണി ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിൽ പോയപ്പോൾ വിധിയും പീറ്ററും ബ്രിട്ടനിൽ ഉല്ലാസയാത്രയിലായിരുന്നു. മടങ്ങിയെത്തിയ ഇന്ദ്രാണി തിരയടങ്ങിയ കടൽ പോലെ ആയിരുന്നത്രേ. രാഹുലും ഷീനയുമായി പിണങ്ങിയെന്നും തുടർപഠനത്തിനായി ഷീന യുഎസിലേക്കു പോയെന്നും ഇന്ദ്രാണി പറഞ്ഞു. തന്നോടു പറയാതെ പോയതെന്തെന്നു പകച്ച വിധി പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതിനിടെ, ഒരു ദിവസം പരിഭ്രാന്തനായി രാഹുൽ വിളിച്ചു വിധിയോടു പറഞ്ഞു – ഷീന എന്നോടു പറയാതെ എങ്ങും പോകില്ല. വിളിച്ചിട്ടു കിട്ടുന്നില്ല. മെയിലിനു മറുപടിയില്ല. യുഎസിൽ പഠനത്തിരക്കിലുള്ള ഷീനയെ ശല്യപ്പെടുത്തരുതെന്നായിരുന്നു ഇന്ദ്രാണിയുടെ നിലപാട്.
ഇതിനിടെ ഷീനയെ കാണാനില്ലെന്നു രാഹുൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. മുംബൈ എയർപോർട്ടിനു സമീപമാണ് അവസാനമായി മൊബൈൽ സിഗ്നൽ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചപ്പോൾ അവൾ യുഎസിലേക്കു പോയതാണെന്നുതന്നെ എല്ലാവരും കരുതി. എന്തുകൊണ്ടാണ് മമ്മയെ അന്നു കൂടുതൽ ചോദ്യം ചെയ്യാത്തത്? ഷീനയോടു സംസാരിക്കണമെന്നു പറഞ്ഞു വഴക്കുണ്ടാക്കാത്തത് എന്തുകൊണ്ടാണ്? 3 വർഷങ്ങൾക്കിപ്പുറം ഷീനയുടെ കൊലപാതക വാർത്ത അറിഞ്ഞപ്പോൾ വിധി സ്വയം ചോദിച്ചുപോയത് ഇതാണ്. ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നതും.
കേസ്, അറസ്റ്റ്, കൈവിട്ട ജീവിതം
ഇന്ദ്രാണിയുടെ അറസ്റ്റോടെ വിധിയുടെ ജീവിതമാകെ മാറിപ്പോയി. ടിവി ചാനലുകളിൽ നിറംപിടിപ്പിച്ച കഥകൾ. ഇന്ദ്രാണിക്കു പല പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്നതടക്കം ഗോസിപ്പുകൾ. അന്നു പതിനെട്ടുകാരിയായിരുന്ന വിധിക്കു പിന്നാലെയും ചില ദേശീയ ചാനലുകൾ ഓടിയെത്തി. പുറത്തിറങ്ങാൻ വയ്യാത്ത വിധം, അൽപം പോലും സ്വകാര്യതയ്ക്ക് അവകാശമില്ലാത്തവിധമായി വിധിയുടെ ജീവിതം.
കുറ്റവാളിയുടെ മകൾക്കും അതേ സ്വഭാവമാണെന്ന മട്ടിൽ ചിലർ അടക്കം പറയുകയും ചെയ്തു. അതുകൊണ്ടാണ് പീറ്റർ നിർബന്ധിച്ച് അവളെ ലണ്ടനിലേക്കു ബിരുദപഠനത്തിന് അയച്ചത്. അതിനിടയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ അവൾ ഇന്ത്യയിലെത്തി. ജയിലിൽ മമ്മയെ കണ്ടു പൊട്ടിക്കരഞ്ഞു. മമ്മ ഷീനയെ കൊന്നോ എന്നു ചോദിച്ചുകൊണ്ടിരുന്നു. നിർത്താതെയുള്ള കരച്ചിലും നീ കരുതുന്നതു പോലെയല്ല കാര്യങ്ങളെന്ന വക്കുപൊട്ടിയ വാക്കുകളും മാത്രമേ ഇന്ദ്രാണിയിൽ നിന്നു പുറത്തുവന്നുള്ളൂ.
തിരികെ ലണ്ടനിൽ ചെന്നപ്പോഴായിരുന്നു അടുത്ത വെള്ളിടി. പീറ്ററും അറസ്റ്റിലായി. വിധിയുടെ മനസ്സ് ചിന്നിച്ചിതറി. കരഞ്ഞുകരഞ്ഞു തളർന്ന അവൾ ഉറങ്ങിയില്ല. എന്നോട് ഇതു ചെയ്യാൻ ഞാനെന്തു തെറ്റു ചെയ്തു എന്ന് ആകാശത്തേക്കു നോക്കി ആരോടോ അവൾ ചോദിച്ചു കൊണ്ടിരുന്നു. കൊട്ടാരത്തിന്റെ ആഡംബരത്തിലും സുരക്ഷിതത്വത്തിലും നിന്ന് വിധി പെട്ടെന്നു വഴിയിരികിൽ ഒറ്റപ്പെട്ടു നിൽക്കുന്ന കുട്ടിയായി. പീറ്ററിന്റെ മകളായി മുഖർജി കുടുംബം കണ്ടിരുന്ന വിധി, പൊടുന്നനെ അവർക്ക് ഇന്ദ്രാണിയുടെ മാത്രം മകളായി. പീറ്ററിനെ ജയിലിൽ കയറ്റിയ ശത്രുവിന്റെ മകളായി. പിശാചിന്റെ മകൾ.
മമ്മയോടു തീരാത്ത ദേഷ്യം, വെറുപ്പ്; മദ്യത്തിൽ അഭയം
മമ്മയോടായിരുന്നു വിധിയുടെ ദേഷ്യം മുഴുവൻ. പപ്പയെക്കൂടി ചതിച്ചെന്ന മനോഭാവം. യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനോ പ്രശ്നങ്ങളെ നേരിടാനോ കരുത്തില്ലാതിരുന്ന ആ പതിനെട്ടുകാരി ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം തുടങ്ങി. സദാസമയം കൂട്ടുകാരോടൊപ്പം. രാവെളുക്കുവോളം പാർട്ടികളിൽ. കാരണം ഉറങ്ങാനും ഒറ്റയ്ക്കു കിടക്കാനും അവൾക്കു ഭയമായിരുന്നു. വിഷാദരോഗത്തിന്റെ ചാട്ടുളികൾ വിധിയെ ചേർത്തുപിടിച്ചത് ആരും അറിഞ്ഞില്ല, അവൾ പോലും.
എല്ലാറ്റിനോടും വെറുപ്പ്. നിലതെറ്റിയ മദ്യപാനവും കോളജിലെ പൊങ്ങച്ച ജീവിതത്തിലുള്ള മടുപ്പും എല്ലാം ചേർന്നപ്പോൾ പലവട്ടം ഇട്ടു മുഷിഞ്ഞു പിഞ്ഞാറായ തുണിക്കഷണം പോലെയായി വിധി. രാത്രികളിൽ ഉറക്കെയുള്ള കരച്ചിൽ, ഇടയ്ക്കിടെ എത്തുന്ന പാനിക് അറ്റാക്കുകൾ. ഭയവും ആശങ്കയും നാണക്കേടും ഒറ്റപ്പെടലും എല്ലാം ഇരച്ചെത്തുന്ന നിമിഷങ്ങളിൽ നെഞ്ചിടിപ്പ് കൂടി, നിലതെറ്റി വിധി വീണുപോകുമായിരുന്നു. ശ്വാസം പോലും കിട്ടാതെ പിടച്ചുപോകുന്ന നിമിഷങ്ങൾ. പിന്നീടൊരിക്കൽ തെറപ്പിസ്റ്റ് പറയുമ്പോഴാണ് ഇതു പാനിക് അറ്റാക്ക് ആണെന്നു വിധിക്കു മനസ്സിലാകുന്നത്.
ബാക്ക് പാക്കും തൂക്കി മാച്ചുപിച്ചുവിലേക്ക്...
കൂട്ടുകാരി ജൂണുമൊത്ത് ഇതിനിടെ പെട്ടെന്നു വിധി തെക്കേ അമേരിക്കയിലേക്ക് ഒരു യാത്രപോയി. അമ്മയും അച്ഛനും ജയിലിൽ കിടക്കുമ്പോൾ യാത്രയ്ക്കൊരുങ്ങിയ മകളെ എല്ലാവരും കളിയാക്കി. പക്ഷേ, വിധിക്ക് എല്ലാറ്റിൽനിന്നും ഓടിപ്പോകാനാണ് അന്നു തോന്നിയത്. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെ നിലതെറ്റിയ മനസ്സിനെ കൂട്ടുപിടിച്ചുള്ള യാത്ര. ഉയരത്തിൽ നിന്നു തലകുത്തനെ ചാടിയും വലിയ മലകളിൽ അള്ളിപ്പിടിച്ചു കയറിയും ചെയ്യാവുന്ന സാഹസങ്ങൾ എല്ലാം ചെയ്തും ഓർമകളെ ഓടിക്കാൻ ശ്രമിച്ചുകൊണ്ടുള്ള യാത്ര. ഇതിനിടെ, ഗൂഗിളിൽ ഇന്ദ്രാണി എന്നു ടൈപ് ചെയ്തു നോക്കും. പുതിയ കഥകൾ കണ്ട് മനസ്സ് വീണ്ടും കുനിയുമ്പോൾ വീണ്ടും കുടിക്കും, വീണ്ടും മല കയറും.
പെറുവിൽ കവർച്ചക്കാരുടെ കയ്യിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബാറിലെ ജോലിയിൽനിന്നു സ്വരുക്കൂട്ടിയെടുത്ത കാശുകൊണ്ടായിരുന്നു യാത്രയെങ്കിലും നാട്ടിൽ ടിവി ചാനലുകളെഴുതി– വിധിക്ക് ഒന്നിലും കൂസലില്ല, കാശ് ധൂർത്തടിച്ച് വിദേശയാത്ര. മാച്ചുപിച്ചുവിലെ കാട്ടുമധ്യത്തിൽ ഇരുന്നപ്പോൾ ശരീരത്തിലൂടെ പ്രവഹിച്ച ഊർജത്തിൽ നിന്ന് വീണു കിട്ടിയ ശക്തിയിൽ വിധി പലതും ചിന്തിച്ചു. ജീവിതം അടുക്കിപ്പെറുക്കണമെന്നുറപ്പിച്ച് ലണ്ടനിൽ എത്തിയെങ്കിലും വീണ്ടും വിഷാദം പിടികൂടി. എല്ലാം പഴയപടി. പഠനം പാതിയിൽ അവസാനിപ്പിച്ച് തിരികെ ഇന്ത്യയിലെത്തി.
ആത്മഹത്യാശ്രമം, കോടതിയിലെ വഴക്ക്
‘പപ്പയോട്, ഞങ്ങളോട്, നമ്മളോട് എന്തിനിതു ചെയ്തു, മതിയായില്ലേ? അഭിസാരിക...’ – മമ്മയെ കോടതിയിൽ കണ്ടപ്പോൾ അലറിക്കൊണ്ടാണു വിധി പാഞ്ഞടുത്തത്. നിർത്താതെ കരഞ്ഞുകൊണ്ട് ടാക്സിയിൽ തിരികെ വീട്ടിലെത്തിയ അവൾ മദ്യക്കുപ്പികളുമായി മുറിയിൽ കയറി കതകടച്ചു. അലറിക്കരഞ്ഞും തലയിണ മുഖത്തമർത്തി നെഞ്ചുപൊട്ടുമാറു കൂകിവിളിച്ചും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് കയ്യിൽകിട്ടിയ ഗുളികകളെല്ലാം വാരി വിഴുങ്ങിയത്. കണ്ണു തുറന്നപ്പോൾ ആശുപത്രിയിൽ. ജീവൻ തിരിച്ചുകിട്ടിയ അന്നാണ് വിധി അടുത്ത തിരിച്ചുവരവിനൊരുങ്ങിയത്. പലവട്ടം വീണ്, പലവട്ടം തിരിച്ചുവരാൻ നോക്കി പരാജയപ്പെട്ട വിധിയുടെ അടുത്ത ശ്രമം.
ജീവിതത്തിനാകെ ടൈംടേബിളുണ്ടാക്കി, ബാർസിലോനയിൽ ഇന്റർനാഷനൽ ബിസിനസിൽ ബിരുദത്തിനു ചേർന്നു. കോൾ സെന്ററിൽ ജോലി. വ്യായാമം, മെഡിറ്റേഷൻ. അൽപം മാറ്റങ്ങളുണ്ടായെങ്കിലും ഇടയ്ക്കെല്ലാം വിധി വീണ്ടും വീണുപോയി. ഇതിനിടെ കൗൺസലിങ് തെറപ്പി തുടങ്ങി. നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കാനായത് അൽപം ആശ്വാസമായി. ഒളിച്ചോടുന്നതിനു പകരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും ഭയങ്ങളെയും ആശങ്കകളെയും മുഖത്തോടു മുഖം നേരിടാനും ആരംഭിച്ചു. പാനിക് അറ്റാക്കുകളെപ്പോലും സ്വീകരിച്ചു.
ന്യൂയോർക്കിലേക്ക് ഉൾപ്പെടെ പിന്നെയും യാത്രകൾ. സ്വയം തിരിച്ചറിയാനുള്ള ഷാഡോ വർക് എന്ന പ്രാക്ടീസ്. മമ്മയോടു ക്ഷമിക്കാനുള്ള തീവ്രപരിശ്രമം. പപ്പയ്ക്കു കത്തുകൾ എഴുതുമ്പോഴും 3 വർഷത്തിലേറെയായി വിധി മമ്മയ്ക്ക് ഒറ്റവാക്കുപോലും കുറിച്ചിരുന്നില്ല. തിരിച്ചുവരാനുള്ള കഠിന പരിശ്രമത്തിനിടയ്ക്കാണ് അടുത്ത ഷോക്ക് – പീറ്ററിന് ഹാർട്ട് അറ്റാക്ക്. ഓപ്പൺ ഹാർട്ട് സർജറിക്കു ശേഷം പപ്പ ജീവിതത്തിലേക്കു തിരിച്ചുവന്നെങ്കിലും വിധി വീണ്ടും കെട്ടുവിട്ട പട്ടം പോലെയായിരുന്നു. ഇന്ദ്രാണിയോടുള്ള വെറുപ്പ് വീണ്ടും കൂടി. പക്ഷേ, പതിയെ വിധി ആത്മവിശ്വാസവും ജീവിതവും തിരിച്ചു പിടിച്ചു.
രണ്ടാനച്ഛന്റെ ബലാൽസംഗം; രക്ഷപ്പെടാൻ വീടുവിട്ട ഇന്ദ്രാണി
മമ്മയെ മനസ്സിലാക്കാനുള്ള വെമ്പലിലായിരുന്നു വിധി പിന്നീട്. രണ്ടാനച്ഛൻ തന്നെ രണ്ടു വട്ടം ബലാൽസംഗം ചെയ്തെന്നും രക്ഷപ്പെടാനായാണു കൊച്ചുപ്രായത്തിൽ വീടുവിട്ടതെന്നും ഇന്ദ്രാണി പീറ്ററിനോടു പറഞ്ഞിരുന്നു. ഇതറിഞ്ഞപ്പോൾ വിധിക്ക് അമ്മയോട് സഹതാപമായി. അസമിലെ ഗുവാഹത്തിയിൽ നിന്ന് ഒറ്റയ്ക്കു മുംബൈയിലെത്തിയ മിടുക്കിയായ ഇന്ദ്രാണി ബോറ. നഗരത്തിന്റെ ചതിക്കുഴികളിൽ പലവട്ടം വീണുവീണു നടക്കാൻ പഠിച്ചവൾ. പീറ്ററുമായുള്ള വിവാഹത്തോടെ ഇന്ദ്രാണി മുഖർജിയായവൾ. ഒറ്റയ്ക്കൊരു മീഡിയ സാമ്രാജ്യം കെട്ടിപ്പടുത്തവൾ.
തൊട്ടതിനും പിടിച്ചതിനും ഒച്ചയിടുന്ന ഇന്ദ്രാണിയായി അവർ മാറിയിട്ടുണ്ടെങ്കിൽ അതു പല ജീവിത സാഹചര്യങ്ങളുമാകാമെന്ന ചിന്ത വിധിയിൽ മൊട്ടിട്ടു. ഏതു വഴക്കിനിടയിലും അമ്മ തന്നെ സ്നേഹിച്ചിരുന്നെന്നതിൽ വിധിക്കു സംശയമുണ്ടായിരുന്നില്ല. ആ തുരുമ്പിൽ പിടിച്ചായി വിധിയുടെ ജീവിതം പിന്നീട്. അമ്മയും മകളും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് കൂട്ടുകാരെപ്പോലെ ഒന്നിച്ച കുറെ നാളുകൾ അവൾ ഓർമിച്ചെടുത്തു. അമ്മയെ ജയിലിൽ കണ്ട്, അഭിസാരികയെന്നു വിളിച്ചതിനു മാപ്പുചോദിച്ച് വിധി കരഞ്ഞു. ‘ഞാനോ മറ്റാരെങ്കിലുമോ നിന്റെ സന്തോഷത്തിനോ സങ്കടത്തിനോ കാരണമാകരുത്. നിന്റെ വികാരങ്ങൾക്ക് നീ തന്നെ ഉത്തരവാദിയാകണം,’ ഇന്ദ്രാണിയുടെ ആ വാക്കുകളിൽ വിധി ഒരു പ്രകാശം കണ്ടു. മകൾക്ക് മാനസികവും ആത്മീയവുമായി കരുത്തുകിട്ടാനുള്ള പുസ്തകങ്ങളും ലേഖനങ്ങളും പറഞ്ഞുകൊടുത്താണ് ഇന്ദ്രാണി തിരിച്ചയച്ചത്. ജർമൻ ആത്മീയ ഗുരു എകാർട് ടോളെയുടെ ‘ഈ നിമിഷത്തിൽ ജീവിക്കൂ’ എന്ന സന്ദേശം വിധിയെ വളരെ സ്വാധീനിച്ചു.
തിരിച്ചടികൾ സ്വയം നശിക്കാനുള്ള ന്യായീകരണമല്ല
താവോയിസം ഉൾപ്പെടെയുള്ള വിചാരധാരകളിലൂടെ, ഉത്തരാഖണ്ഡിലെ കസർ േദവീക്ഷേത്രത്തിന്റെ അന്തരീക്ഷം സമ്മാനിക്കുന്ന പോസിറ്റിവ് എനർജിയിലൂടെ വിധിയുടെ പുസ്തകം പിന്നീടു നമ്മെ കൊണ്ടുപോകുന്നു. സ്വയം കണ്ടെത്താനും പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാനുമുള്ള തിരിച്ചറിവിന്റെ യാത്രകൾ. ‘കണ്ടില്ലേ, ജീവിതം എന്നോട് എത്ര ക്രൂരതകാട്ടിയിരിക്കുന്നു. ഞാൻ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടിയത് അതുകൊണ്ടാണ്. ഞാൻ ഇരയാണ്. എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്തത് ഈ പ്രശ്നങ്ങൾ കൊണ്ടാണ്. അതുകൊണ്ടുതന്നെ എന്നെ കുറ്റപ്പെടുത്തുകയേ ചെയ്യരുത്.’ തുടങ്ങിയ സ്വയം ന്യായീകരണങ്ങളെന്ന പിശാചിൽ നിന്നു പുറത്തുവരികയാണു താൻ ശരിക്കു ചെയ്തതെന്നു വിധി പറയുന്നു.
ആരുടെയും കുറ്റത്തിന്റെ പേരിൽ തന്റെ തല താഴരുതെന്ന് ധൈര്യവതിയായി. കുറ്റവാളികളായി ആരും ജനിക്കുന്നില്ലെന്ന വലിയ സത്യത്തിന്റെ കൈ പിടിച്ച് മമ്മയെ സ്നേഹിക്കാൻ ശ്രമിച്ചു. ഏത് ഇരുട്ടിലുമുള്ള നന്മയുടെ നുള്ളുകൾ പെറുക്കിയെടുക്കാൻ പഠിച്ചു. ജീവിതം പണത്തിന്റെയോ ആഡംബരത്തിന്റെയോ പിന്നാലെയുള്ള ഓട്ടമല്ലെന്നു തിരിച്ചറിഞ്ഞു. കലയുടെയും എഴുത്തിന്റെയും ലോകത്തിലേക്കു കടന്നു ചെന്നു. ബിരുദം പൂർത്തിയാക്കി. മനുഷ്യനിലെ നന്മയിൽ പ്രതീക്ഷയർപ്പിച്ച്, സ്നേഹത്തിലും കരുണയിലും വിശ്വസിച്ചു ജീവിക്കാൻ തീരുമാനിച്ച വിധി – 5 വർഷം തന്നെ പഠിപ്പിച്ച കാര്യങ്ങൾ അക്കമിട്ടു പറയുന്നത് വായിച്ചിരിക്കേണ്ടതാണ്. കുടുംബം നാനാവിധമായപ്പോൾ നെടുംതൂണായി നിന്ന അമ്മായിയാണ് വിധിയുടെ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മുടിഞ്ഞുപോയ പുത്രിയിൽ നിന്ന് മിടുക്കിയിലേക്കുള്ള അവളുടെ തിരിച്ചുവരവിൽ അഭിമാനത്തോടെയുള്ള വാക്കുകളാണതിൽ.
മമ്മ ഷീനയെ കൊന്നുവോ? ഇനിയും ചോദ്യങ്ങളുണ്ടേറെ
നിനക്കു വേണ്ടി ഞാൻ എന്റെ നിരപരാധിത്വം തെളിയിക്കും – ഇന്ദ്രാണി പറഞ്ഞ ഈ വാക്കുകളിലേക്ക് ഉറ്റുനോക്കുകയാണ് വിധി. ചുരുളഴിയേണ്ട കഥകൾ പലതുമുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അത് ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങാനുള്ള ആർജവം മമ്മ കാണിക്കണമെന്ന് വിധി പറയുന്നു. എന്തു സംഭവിച്ചാലും മമ്മയെയും പപ്പയെയും താൻ സ്നേഹിക്കുമെന്ന ഉറപ്പും കൊടുക്കുന്നു. ലോകം പിശാചെന്നു വിളിക്കുന്നവളുടെ മകൾ എഴുതിയ പുസ്തകം അവൾ സമർപ്പിച്ചിരിക്കുന്നതും ആ ‘പിശാചി’ന് തന്നെയാണ്.
‘എന്നെ അളവില്ലാതെ സ്നേഹിച്ച, എനിക്ക് എല്ലാം തന്ന മമ്മയ്ക്ക്. മമ്മയെ എനിക്ക് മനസ്സിലായിട്ടില്ല. അവരുടെ ചില തീരുമാനങ്ങളോ പ്രവർത്തികളോ പിടികിട്ടിയിട്ടുമില്ല. വരും കാലങ്ങളിൽ എനിക്കു ചില ഉത്തരങ്ങൾ കിട്ടുമെന്നു തന്നെയാണു പ്രതീക്ഷ. ഈ പുസ്തകം ഞാൻ മമ്മയ്ക്കു സമർപ്പിക്കുകയാണ്. ഞങ്ങൾക്കു നഷ്ടപ്പെട്ട 5 വർഷത്തിനിടയിലെ എന്നെ ശരിക്കു മനസ്സിലാക്കാൻ മമ്മയ്ക്ക് ഇതിലൂടെ കഴിയട്ടെ. ഞാൻ പോരാടിയ യുദ്ധങ്ങൾ അമ്മ അറിയട്ടെ. ഈ പുസ്തകം എഴുതുന്നതായിരുന്നു എന്റെ മുറിവുണക്കൽ...’
English Summary: Indrani Mukerjea's Daughter Vidhie Tells her Story through the Book - Devil's Daughter