‘അന്തിമയുദ്ധത്തിന് ആയുധം സംഭരിച്ചിരുന്നു താലിബാന്; തകരാം യുഎസ്–പാക്ക് ബന്ധവും’
1996ൽ താലിബാനു ഭരണം സ്ഥാപിക്കാൻ എല്ലാ സഹായവും ചെയ്തു കൊടുത്തത് പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ്. ആശയപരമായും മതപരമായും അഫ്ഗാനിസ്ഥാനുമായി ഒരേ ആശയം പങ്കിടുന്ന പാക്ക് സൈന്യം പരമ്പരാഗത ശത്രുവായ ഇന്ത്യയ്ക്കെതിരെ രക്ഷാകവചമായി താലിബാനെ കരുതുന്നു. അതേസമയം, താലിബാനെ പിന്തുണച്ചുകൊണ്ടുതന്നെ യുഎസുമായുള്ള സൗഹൃദം നിലനിർത്താനുള്ള പാക്കിസ്ഥാന്റെ അപകടകരമായ നിലപാട് ഏറെനാൾ മുൻപോട്ടു കൊണ്ടുപോകാനാവില്ല Taliban in Afghan
1996ൽ താലിബാനു ഭരണം സ്ഥാപിക്കാൻ എല്ലാ സഹായവും ചെയ്തു കൊടുത്തത് പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ്. ആശയപരമായും മതപരമായും അഫ്ഗാനിസ്ഥാനുമായി ഒരേ ആശയം പങ്കിടുന്ന പാക്ക് സൈന്യം പരമ്പരാഗത ശത്രുവായ ഇന്ത്യയ്ക്കെതിരെ രക്ഷാകവചമായി താലിബാനെ കരുതുന്നു. അതേസമയം, താലിബാനെ പിന്തുണച്ചുകൊണ്ടുതന്നെ യുഎസുമായുള്ള സൗഹൃദം നിലനിർത്താനുള്ള പാക്കിസ്ഥാന്റെ അപകടകരമായ നിലപാട് ഏറെനാൾ മുൻപോട്ടു കൊണ്ടുപോകാനാവില്ല Taliban in Afghan
1996ൽ താലിബാനു ഭരണം സ്ഥാപിക്കാൻ എല്ലാ സഹായവും ചെയ്തു കൊടുത്തത് പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ്. ആശയപരമായും മതപരമായും അഫ്ഗാനിസ്ഥാനുമായി ഒരേ ആശയം പങ്കിടുന്ന പാക്ക് സൈന്യം പരമ്പരാഗത ശത്രുവായ ഇന്ത്യയ്ക്കെതിരെ രക്ഷാകവചമായി താലിബാനെ കരുതുന്നു. അതേസമയം, താലിബാനെ പിന്തുണച്ചുകൊണ്ടുതന്നെ യുഎസുമായുള്ള സൗഹൃദം നിലനിർത്താനുള്ള പാക്കിസ്ഥാന്റെ അപകടകരമായ നിലപാട് ഏറെനാൾ മുൻപോട്ടു കൊണ്ടുപോകാനാവില്ല Taliban in Afghan
2001 സെപ്റ്റബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വാർഷികാചരണത്തിനു മുന്നോടിയായി ചരിത്രത്തിൽ മറക്കാനാകാത്ത ഒരു സംഭവം കൂടി നടന്നു. 20 വർഷത്തെ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സേന പിൻമാറി. 20 വർഷങ്ങൾക്കിപ്പുറവും യുഎസിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവാണ് സെപ്റ്റംബർ 11.
അമേരിക്കയുടെ പിൻമാറ്റം പൂർത്തിയാകുകയും താലിബാൻ ഭരണത്തിലേറുകയും ചെയ്തതോടെ അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സങ്കീർണ വിഷയമായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ഇനിയെന്ത് എന്ന ചോദ്യം ഇന്ത്യയെ മാത്രമല്ല യുഎസിനെ പോലും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മലയാളിയും യുഎസ് ഗവൺമെന്റിലെ ഓഫിസ് ഓഫ് ഗവ. വൈഡ് പോളിസി എക്സിക്യുട്ടിവ് ഡയറക്ടറും വിദേശനയ രൂപീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുമായ ഫാ. ഡോ. അലക്സാണ്ടർ കുര്യൻ മലയാള മനോരമ സീനിയർ അസി. എഡിറ്റർ ജോൺ കക്കാടിനോടു സംസാരിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദികൻ കൂടിയായ ഇദ്ദേഹം അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെ ഒരു നയതന്ത്രജ്ഞൻ എന്ന നിലയിൽ മാത്രമല്ല, മാനുഷികമായ കണ്ണിലൂടെയും കാണുന്നു. അതും തന്റെ ഹൃദയത്തെ സ്പർശിച്ച കാര്യങ്ങളെ വ്യക്തിപരമായി വിശകലനം ചെയ്ത്. യുഎസിന്റെ ഇടപെടലിലൂടെയാണെങ്കിലും ഇടയ്ക്കു ലഭിച്ച സ്വാതന്ത്ര്യവും പ്രതീക്ഷാനിർഭരമായ ജീവിതവും നഷ്ടപ്പെട്ട പകപ്പിലാണ് അഫ്ഗാൻ ജനതയെന്ന് അവിടെ പല തവണയായി യു എസ് മിഷനു വേണ്ടി പ്രവർത്തിച്ച ഫാ. ഡോ. അലക്സാണ്ടർ കുര്യൻ വ്യക്തമാക്കുന്നു.
അഫ്‌ഗാൻ വനിതകളെ, അവരുടെ അവകാശങ്ങളെ ഇനി എങ്ങനെ പരിരക്ഷിക്കാനാകും?
ഇരുളടഞ്ഞ ഭാവിയും നഷ്ടപ്പെട്ട സ്വപ്നങ്ങളും മാത്രം മുന്നിൽ കാണുന്ന സ്ത്രീസമൂഹം അനിശ്ചിതത്വത്തിന്റെ ഇരുട്ടറയിലേക്ക് തള്ളപ്പെട്ടു എന്നതാണ് ലഭിക്കുന്ന സൂചനകൾ. 2001 മുതൽ 19,000 കോടിയിലേറെ രൂപയാണ് അഫ്ഗാനിൽ ലിംഗസമത്വത്തിനു വേണ്ടി മാത്രം ചെലവഴിച്ചത്. അമ്മമാരുടെ ആരോഗ്യം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വനിതകളുടെ രാഷ്ട്രീയ പ്രവേശനം എന്നീ മേഖലകൾക്കാണ് പ്രാധാന്യം കൊടുത്തത്.
ഇതിലൂടെ ചില മേഖലകളിൽ സ്ത്രീ–പുരുഷ സമത്വം സാധ്യമാക്കാൻ കഴിഞ്ഞു. എന്നാൽ രാജ്യാന്തര സഹായം ലഭിച്ചിട്ടും ചില പദ്ധതികൾ വേണ്ടത്ര ശോഭിച്ചില്ല. ലഹളകളും അരാജകത്വവും ഇതേത്തുടർന്നുള്ള അമേരിക്കൻ പട്ടാള ഇടപെടലുകളും മൂലം വനിതകളുടെ യാത്രകളും ആരോഗ്യ പരിരക്ഷയും സേവനങ്ങൾക്കുള്ള സാധ്യതകളും തടസ്സപ്പെടുകയായിരുന്നു.
അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ശ്രമങ്ങളിൽ വൈറ്റ് ഹൗസ് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി വാദിച്ചവരും പ്രവർത്തിച്ചവരും പാർശ്വവൽക്കരിക്കപ്പെട്ടു. യുഎസ് ഇടപെടലിനെക്കുറിച്ചും തങ്ങളുടെ രാജ്യത്തിന്റെ ഭാവിയെപ്പറ്റിയും അഫ്ഗാൻ വനിതകൾക്ക് വ്യത്യസ്തമായ ചിന്താഗതികളാണ്. ഇക്കാര്യം ആ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെട്ടതിൽനിന്ന് എനിക്കു മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകള്‍ വരെയുള്ള കാലയളവിൽനിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ, രാഷ്ടീയ, സാമ്പത്തിക രംഗങ്ങളിൽ സ്ത്രീപങ്കാളിത്തം ഏറെ വർധിച്ചിരുന്നു അഫ്ഗാനിൽ.
അതേസമയം താലിബാൻ നിയന്ത്രിത മേഖലകളിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. പുതുതായി ഉരുത്തിരിഞ്ഞ സാഹചര്യത്തിൽ ലിംഗസമത്വത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ, വനിതാ മാധ്യമപ്രവർത്തകർ, ജഡ്ജിമാർ തുടങ്ങിയവരെ മുൻഗണനാ പട്ടികയിലുൾപ്പെടുത്തി ഒഴിപ്പിക്കുന്നതിനോ അടിയന്തര വീസ നൽകുന്നതിനോ സുരക്ഷിത സ്ഥലത്തേക്കു മാറ്റുന്നതിനോ അഭയാർഥികളായി പലയിടങ്ങളിൽ ചിതറിപ്പോയവർക്ക് സഹായമെത്തിക്കുന്നതിനോ അമേരിക്കയും നേറ്റോ സംഖ്യവും മുൻകയ്യെടുക്കേണ്ടതുണ്ട്. അമേരിക്ക കഴിഞ്ഞ 20 വർഷം കൊണ്ട് ഏകദേശം 147 ലക്ഷം കോടി രൂപയാണ് ഇവിടെ യുദ്ധച്ചെലവുകൾക്കു മാത്രമായി ചെലവഴിച്ചതെന്നും ഓർക്കണം.
പ്രതീക്ഷ നൽകാത്ത മന്ത്രിസഭ; താലിബാന്റെ തിരിച്ചുവരവ്
കർക്കശക്കാരായ നേതാക്കന്മാരെ ഉൾപ്പെടുത്തിയാണ് താലിബാൻ പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. പുതിയ ഭരണകൂടത്തിൽ സ്ത്രീകളോ ന്യൂനപക്ഷ സമുദായ നേതാക്കളോ പ്രതിപക്ഷമോ പോലുമില്ല. ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി എഫ്ബിഐയുടെ തീവ്രവാദ ലിസ്റ്റിലെ പ്രധാനിയും അൽ ഖായിദയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണ്. താലിബാനിലെതന്നെ ഏറ്റവും ക്രൂരമായ വിഭാഗമാണ് ഹഖാനി നെറ്റ്‌വർക്ക്.
അമേരിക്കയുടെ അധിനിവേശത്തെത്തുടർന്ന് മരണ സംഘങ്ങളുണ്ടാക്കുകയും ആളുകളെ കൂട്ടമായി തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അതിന്റെ വിഡിയോ പുറത്തു വിടുകയും ചെയ്തിരുന്നു ഈ ഭീകര ശൃംഖല. ആത്മീയവും രാഷ്ട്രീയവും സൈനികവുമായ അധികാരം കയ്യാളുന്ന ഇപ്പോഴത്തെ താലിബാൻ പരമോന്നത നേതാവ് ശരിയത്ത് ഭരണം നടപ്പാക്കുമെന്നും ഉറപ്പിച്ചു കഴിഞ്ഞു.
അന്തിമ യുദ്ധത്തിനായി താലിബാൻ വർഷങ്ങളായി തയാറെടുപ്പ് നടത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമീപ നഗര പ്രദേശങ്ങളിലും അവർ വേരുറപ്പിച്ചു. അഫ്ഗാൻ സേനയിൽനിന്നു വൻതോതിൽ ആയുധശേഖരങ്ങൾ പിടിച്ചെടുത്തു സംഭരിച്ചുവയ്ക്കുകയും ചെയ്തു. സാമ്പത്തിക സ്രോതസ് വിപുലീകരിക്കാൻ പല മാർഗങ്ങൾ സ്വീകരിച്ചിരുന്ന അവർ മയക്കുമരുന്നു കടത്തിനുമപ്പുറം സമ്പന്നമായ സായുധസേനാവിഭാഗത്തെ സൃഷ്ടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ താലിബാന്റെ മുന്നേറ്റം ശൂന്യതയിൽനിന്നുണ്ടായതല്ല.
നേറ്റോ യുദ്ധം ഔദ്യോഗികമായി 2014ൽ സമാപിച്ചതിനു ശേഷം ക്രമസമാധന ചുമതലയേറ്റ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ നിന്നു പ്രക്ഷോഭങ്ങളെ നേരിടാൻ കഴിഞ്ഞില്ല. അമേരിക്കയുടെ സാമ്പത്തിക സഹായവും ഉപദേശവും പരിശീലനവും ഉണ്ടായിട്ടുപോലും... അഫ്ഗാൻ സൈന്യത്തിലെ ഏറ്റവും കരുത്തുറ്റ വിഭാഗമായിരുന്ന അഫ്ഗാൻ സ്പെഷൽ ഫോഴ്സിനെ അമിതമായി ജോലി ചെയ്യിക്കുകയും അതു വഴി അവരെ ശാരീരികമായി തളർത്തുകയും ചെയ്തു.
താലിബാന്റെ ആക്രമണങ്ങൾ വർധിച്ചിട്ടും സൈന്യം വേണ്ടത്ര ആയുധങ്ങൾ ലഭിക്കാതെയും കൃത്യമായി ശമ്പളം ലഭിക്കാതെയും ബുദ്ധിമുട്ടി എന്നതും തകർച്ചയ്ക്ക് ആക്കം കൂട്ടി. ഭരണതലത്തിലുണ്ടായ അഴിമതിയുടെ കാഠിന്യം മൊത്തം സംവിധാനത്തെ തളർത്തി. ലഹളകൾ ഒതുക്കാനുള്ള തന്ത്രം മെനയേണ്ട ഭരണകൂടത്തിൽനിന്നു വേണ്ടത്ര പിന്തുണ ലഭിച്ചതുമില്ല. അമേരിക്ക പിന്മാറുകയാണെന്ന പ്രഖ്യാപനം താലിബാനും അനുകൂല ശക്തികൾക്കും കരുത്തു പകർന്നപ്പോൾ അഫ്ഗാനിസ്ഥാൻ പട്ടാളത്തിന്റെ ആത്മവിശ്വാസം കെടുത്തുന്നതായി പരിണമിച്ചു.
ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവവും വ്യക്തമായ തന്ത്രങ്ങളിലെ പാളിച്ചയും കൂടിയായപ്പോൾ മുന്നേറിയെത്തിയ താലിബാന്റെ മുൻപിൽ അവർ ഉരുകിയൊലിച്ചു പോയി. യുഎസ് പിൻമാറിയില്ലായിരുന്നുവെങ്കിലും അഫ്ഗാൻ ഭരണകൂടം അസ്ഥിരതയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 2020ൽ ട്രംപ് പ്രഖ്യാപിച്ച സേനാ പിന്മാറ്റത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ താലിബാൻ തയാറായില്ല. റെക്കോർഡ് തകർക്കുന്ന രീതിയിലുള്ള കൊലപാതകങ്ങളും സാധാരണ ജനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും വർധിച്ചുവന്നു.
യുഎസ് ഇനി എന്തു ചെയ്യും?
യുഎസ് നേരത്തേ നൽകിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം അഫ്ഗാനിസ്ഥാനു തുടർന്നും ലഭിക്കണമെങ്കിൽ താലിബാൻ ഭരണകൂടത്തിന് അംഗീകാരം നൽകേണ്ടിവരും. എന്നാൽ, താലിബാൻ ക്രൂരത തുടരുകയും താലിബാന്റേതല്ലാത്ത നേതാക്കളെ ഭരണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ അംഗീകാരം നൽകാൻ യുഎസ് തയാറാകില്ല. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ചിതറിപ്പോയ അഭയാർഥികളായി മാറിയവർക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും വേണം.
സമാധാന മാർഗത്തിലേക്കെത്താൻ താലിബാന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചതാണ്. 2020ലെ ഒത്തുതീർപ്പിനു ശേഷവും പ്രതികാര നടപടികളുടെ ഭാഗമായി കൊലപാതകങ്ങളും കീഴടങ്ങുന്ന പട്ടാളക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കലുമാണ് അവിടെ നടക്കുന്നത്. സമാധാനത്തെപ്പറ്റി വായ്നിറയെ സംസാരിക്കുന്ന താലിബാന്റെ പ്രവർത്തനങ്ങൾ സമാധാനശ്രമങ്ങളെ പരിഹസിക്കുന്നതാണ്.
അനിവാര്യമെങ്കിൽ വാഷിങ്ടണ് താലിബാന്റെ നിയമസാധുതതന്നെ ഇല്ലാതാക്കാൻ കഴിയും. രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളുമായി ബന്ധപ്പെടുന്നത് തടയാൻ കഴിയും. താലിബാനുമായുള്ള വാണിജ്യ ബന്ധം പൂർണമായി നിർത്തലാക്കാൻ അതിർത്തി രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്താൽ അഫ്ഗാൻ ഒറ്റപ്പെടും.
അമേരിക്ക മറ്റു രാജ്യങ്ങളെ വിളിച്ചു കൂട്ടി അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഉച്ചകോടി നടത്തേണ്ടത് അത്യാവശ്യമാണെന്ന് എനിക്കു തോന്നുന്നു. അമേരിക്കയ്ക്ക് അഫ്ഗാനിൽ കടിച്ചു തൂങ്ങിക്കിടക്കുന്നതിനേക്കാൾ മറ്റു വിഷയങ്ങളിൽ നോട്ടം എത്തിക്കേണ്ടതുണ്ട്. ചൈനയുമായുള്ള തന്ത്രപ്രധാനമായ മത്സരം, ആഗോള ഭീകര പ്രവർത്തനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
താലിബാനും മയക്കുമരുന്നും... പാക്ക് നിലപാട് എന്താണ്?
അനധികൃത മയക്കുമരുന്നു കടത്തിന് സഹായം ചെയ്തു കൊടുക്കുന്നതാണ് താലിബാന്റെ പ്രധാന വരുമാന മാർഗം. അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ പോപ്പി കൃഷിക്കാരിൽനിന്നും ഹെറോയിൻ ഉൽപാദകരിൽ നിന്നും നികുതി പിരിക്കുന്നുണ്ട്. ഇന്ധന വ്യാപാരികൾ, അനധികൃത ഖനനം നടത്തുന്നവർ തുടങ്ങിയവരിൽനിന്ന് വൻതോതിൽ നികുതി ഈടാക്കുന്നതിലൂടെയും വൻ വരുമാനമാണ് ലഭിക്കുന്നത്. വർഷം തോറും 11,000 കോടിയിലേറെ രൂപ ഈയിനത്തിൽ താലിബാനു ലഭിക്കുന്നതായാണ് നേറ്റോയുടെ പഠനത്തിൽ കണ്ടെത്തിയത്.
1996ൽ താലിബാനു ഭരണം സ്ഥാപിക്കാൻ എല്ലാ സഹായവും ചെയ്തു കൊടുത്തത് പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ്. ആശയപരമായും മതപരമായും അഫ്ഗാനിസ്ഥാനുമായി ഒരേ ആശയം പങ്കിടുന്ന പാക്ക് സൈന്യം പരമ്പരാഗത ശത്രുവായ ഇന്ത്യയ്ക്കെതിരെ രക്ഷാകവചമായി താലിബാനെ കരുതുന്നു. അതേസമയം അഫ്ഗാൻ അഭയാർഥികൾ പാക്ക്–അഫ്ഗാൻ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. ഇതുമൂലം പാക്കിസ്ഥാൻ-അഫ്ഗാൻ സാഹോദര്യം ഇസ്‌ലാമാബാദിലെ രാഷ്ട്രീയ സ്ഥിരതയില്ലാത്ത ഭരണകൂടത്തിന് സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. കൂടാതെ താലിബാൻ ഭരണം പിടിച്ചതിലൂടെ പാക്കിസ്ഥാനി താലിബാന്റെ കരുത്തു വർധിക്കുന്നതും ഭീഷണിയാണ്.
താലിബാനെ പിന്തുണച്ചുകൊണ്ടുതന്നെ അമേരിക്കയുമായി സൗഹൃദം നിലനിർത്താനുള്ള പാക്കിസ്ഥാന്റെ അപകടകരമായ നിലപാട് ഏറെനാൾ മുൻപോട്ടു കൊണ്ടുപോകാനാവില്ല. അമേരിക്കയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ലഹളകൾ പാക്ക് - അമേരിക്കൻ ബന്ധത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. സാമ്പത്തിക താൽപര്യങ്ങളാണ് പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനിൽ ഉള്ളതെന്നാണ് ഭാഷ്യം. ഏതായാലും കഴിഞ്ഞ 40 വർഷമായുള്ള യുഎസ്- പാക്ക് ബന്ധത്തിന് നിർണായകമാണ് വരുംനാളുകൾ. പാക്കിസ്ഥാന്റെ നിലപാടായിരിക്കും ഇക്കാര്യത്തിൽ നിർണായകം.
അഫ്‌ഗാനിൽ അമേരിക്കയുടെ ‘എതിരാളികൾ’?
അമേരിക്ക കളമൊഴിഞ്ഞതോടെ മേഖലയിലെ ശക്തികളായ ചൈന, റഷ്യ, ഇറാൻ തുടങ്ങി അമേരിക്കയുടെ ശക്തരായ എതിരാളികൾ രംഗം കീഴടക്കും. എന്നാൽ ഭീകരപ്രവർത്തനം ഇല്ലാത്തതും സ്ഥിരതയുള്ളതുമായ ഭരണസംവിധാനമാണ് അഫ്ഗാനിസ്ഥാനിൽ ഈ രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നതാണ് വാസ്തവം.
രാജ്യാന്തര അംഗീകാരത്തിന് താലിബാൻ കാണുന്ന പ്രധാന മാർഗങ്ങളിലൊന്ന് ചൈനയുടെ പിന്തുണയാണ്. അഫ്ഗാനിസ്ഥാനിൽ സംജാതമായ അസ്ഥിരതയ്ക്കു തടയിടാൻ റഷ്യയിലേക്കും ചൈനയിലേക്കുമാണ് അവർ ഉറ്റുനോക്കുന്നത്. എന്നാൽ ഭീകരപ്രവർത്തനം അഫ്ഗാനിസ്ഥാന്റെ അതിർത്തിയും കടന്ന് തങ്ങളുടെ രാജ്യത്തും എത്തുമെന്ന ആശങ്ക ഇരു രാജ്യങ്ങൾക്കുമുണ്ട്. അതുകൊണ്ടാണ് തമ്മിൽ ശീതസമരം നിലനിൽക്കെത്തന്നെ 10,000 പട്ടാളക്കാർ, യുദ്ധവിമാനങ്ങൾ, വെടിക്കോപ്പുകൾ തുടങ്ങിയവ അണിനിരത്തി ചൈനയുടെ നിൻജാ സ്വയംഭരണ പ്രദേശത്ത് സംയുക്ത സൈനികാഭ്യാസം നടത്തിയത്.
ഇതിനിടെ ജോ ബൈഡന്റെ സൈനിക പിന്മാറ്റ പ്രഖ്യാപനത്തെ അമേരിക്കൻ ജനതയിലെ ഭൂരിഭാഗവും സർവാത്മനാ സ്വാഗതം ചെയ്തു. ഈയിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് അതാണ് സൂചിപ്പിക്കുന്നത്. അമേരിക്കയുടെ പിൻമാറ്റം കൃത്യസമയത്താണെന്ന് പ്രായപൂർത്തിയായവരിൽ 54% ആളുകളും അഭിപ്രായപ്പെട്ടപ്പോർ 42% പേരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്.
‘എണ്ണയായിരുന്നില്ല യുഎസിന്റെ ലക്ഷ്യം’
പലതവണയായി 18 മാസത്തോളം ഫാ.ഡോ. അലക്സാണ്ടർ കുര്യൻ അഫ്ഗാനിസ്ഥാനിൽ താമസിച്ചിട്ടുണ്ട്. ഇറാക്കിലെ പോലെത്തന്നെ അഫ്ഗാനിസ്ഥാനിലും അമേരിക്കയുടെ പ്രവർത്തന കേന്ദ്രം സജ്ജമാക്കുന്നതിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ആദ്യ കാബൂൾ യാത്ര പാക്കിസ്ഥാനിലെ പെഷാവറിൽനിന്ന് കാർ മാർഗം ഖൈബർ ചുരം വഴിയായിരുന്നു. അന്ന് ചുരത്തിൽ എതിരേറ്റത് വൻ ബോംബ് സ്ഫോടനം. ഒരാഴ്ചയ്ക്കു ശേഷമാണ് വീണ്ടും പോകാൻ കഴിഞ്ഞത്.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അനന്തമായി നീളുന്ന പർവത നിരകൾ ഭീകര പ്രവർത്തകർക്ക് ഒളിച്ചിരിക്കാനും കൂടുതൽ പേരെ ഉൾക്കൊള്ളാനും പറ്റിയ ഭൂമികയാണ്. ഒരാളെ കൊന്നാൽ പിറ്റേന്ന് 10 പേർ ആ സ്ഥാനത്തെത്തുന്നതാണ് അവസ്ഥ. അമേരിക്ക അവിടെ കോടാനുകോടി ഡോളർ മുടക്കിയത് എണ്ണയോ മറ്റു പ്രകൃതി വിഭവങ്ങളോ പ്രതീക്ഷിച്ചല്ല, പകരം അവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്ക് പരിഷ്കൃത സമൂഹത്തിനു വേണ്ട സൗകര്യം ഒരുക്കുക, സ്വാതന്ത്ര്യവും നിയമ പരിപാലനവും ഉറപ്പാക്കുക എന്നിവ ലക്ഷ്യം വച്ചാണ്. എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ആകെത്തുക എല്ലാറ്റിൽനിന്നും താലിബാന് നേട്ടമുണ്ടായി എന്നാണ്. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ അഫ്ഗാൻ ജനത തന്നെ തീരുമാനിക്കണം.
അഫ്ഗാനിസ്ഥാനിൽ അഭയം തേടി, താലിബാന്റെ തണലിൽ ഭീകര പ്രവർത്തനം നടത്തുവരെ ഉന്മൂലനം ചെയ്ത് ലോകത്തു സമാധാനം സ്ഥാപിക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണ് യുഎശ് അഫ്‌ഗാനിൽ ഇടപെട്ടത്. ഇത്തവണ സെപ്റ്റംബർ 11 ആചരണം ഒട്ടേറെ ഓർമകൾ അമേരിക്കൻ ജനതയുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതായി മാറി. 20 വർഷത്തെ ഭീകരാക്രമണത്തിന്റെ ഭയപ്പാടിൽനിന്ന് മനസിനെ മോചിപ്പിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസം.
അതേസമയം തങ്ങളെ കാത്തു പരിപാലിക്കുന്നതിനിടെ ജീവൻ ബലികഴിക്കേണ്ടി വന്ന പട്ടാളക്കാരുടെ ഓർമകളിൽ നിറയുന്ന കണ്ണീർ. ആ കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ടാവും ഓരോ അമേരിക്കക്കാരനും ഇത്തവണ സെപ്റ്റംബർ 11 അനുസ്മരിച്ചത്. ഒപ്പം അഭിമാനത്തിന്റെ തിളക്കവും അവരുടെ മനസ്സിൽ നിറഞ്ഞിട്ടുണ്ടാകണം. കാരണം ആ പട്ടാളക്കാർ ജീവൻ കൊടുത്തത് സ്വന്തം രാജ്യത്തിനു വേണ്ടി മാത്രമല്ല, സമാധാനം കാംക്ഷിക്കുന്ന ലോകജനതയ്ക്കു കൂടെ വേണ്ടിയാണ്.
English Summary: Fr Dr Alexander Kurien, Senior Executive in US, Talks About Afghanistan Crisis and Taliban Terror