ഗുജറാത്ത് നഷ്ടപ്പെടും: മോദിക്ക് വിശ്വസ്തന്റെ മുന്നറിയിപ്പ്; അപ്രതീക്ഷിതമല്ല ആ ‘മുഖ്യ’ രാജി
കോവിഡിനെ നേരിടുന്നതിലെ പരാജയം വിജയ് രൂപാണിയുടെ മേൽ ചുമത്തുന്നുണ്ട്. കോവിഡ് പാപഭാരം മുഴുവൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ തലയിൽ വച്ചുകെട്ടുന്നു എന്ന ആരോപണവുമുണ്ട്. മോദിയെ ആരും കുറ്റം പറയുന്നില്ല. അതിനാൽ മോദിയെ രക്ഷിക്കാൻ മുഖ്യമന്ത്രിമാരെ ബലികൊടുക്കുന്നു എന്ന ചിന്താഗതിയും പാർട്ടിയിൽ വളരുന്നുണ്ട്.. Gujarath BJP, Manorama News
കോവിഡിനെ നേരിടുന്നതിലെ പരാജയം വിജയ് രൂപാണിയുടെ മേൽ ചുമത്തുന്നുണ്ട്. കോവിഡ് പാപഭാരം മുഴുവൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ തലയിൽ വച്ചുകെട്ടുന്നു എന്ന ആരോപണവുമുണ്ട്. മോദിയെ ആരും കുറ്റം പറയുന്നില്ല. അതിനാൽ മോദിയെ രക്ഷിക്കാൻ മുഖ്യമന്ത്രിമാരെ ബലികൊടുക്കുന്നു എന്ന ചിന്താഗതിയും പാർട്ടിയിൽ വളരുന്നുണ്ട്.. Gujarath BJP, Manorama News
കോവിഡിനെ നേരിടുന്നതിലെ പരാജയം വിജയ് രൂപാണിയുടെ മേൽ ചുമത്തുന്നുണ്ട്. കോവിഡ് പാപഭാരം മുഴുവൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ തലയിൽ വച്ചുകെട്ടുന്നു എന്ന ആരോപണവുമുണ്ട്. മോദിയെ ആരും കുറ്റം പറയുന്നില്ല. അതിനാൽ മോദിയെ രക്ഷിക്കാൻ മുഖ്യമന്ത്രിമാരെ ബലികൊടുക്കുന്നു എന്ന ചിന്താഗതിയും പാർട്ടിയിൽ വളരുന്നുണ്ട്.. Gujarath BJP, Manorama News
ഗുജറാത്തിൽ സമീപകാലത്ത് വന്ന ഏറ്റവും പ്രഫഷനൽ ആയ മുഖ്യമന്ത്രി ആയാണ് വിജയ് രൂപാണിയെ പലരും കാണുന്നത്. നേരേ ചൊവ്വേ പോകാൻ ഇഷ്ടപ്പെടുന്ന വ്യക്തി. ആ മാന്യത സ്ഥാനമൊഴിയുന്നതിലും രൂപാണി പ്രദർശിപ്പിച്ചു. ബനിയ വിഭാഗക്കാരനായ ഇദ്ദേഹത്തിന് ജാതി പിന്തുണ കുറവാണ്. പ്രമുഖ വിഭാഗമായ പട്ടേൽ ആണ് സംസ്ഥാനത്ത് എണ്ണത്തിലും സാമ്പത്തിക ശക്തിയിലും വലുത്.
5 വർഷം മുൻപ്, ആനന്ദി ബെൻ പട്ടേലിനെ മാറ്റുമ്പോൾ ഉപമുഖ്യമന്ത്രിയായിരുന്ന നിതിൻ പട്ടേൽ പിൻഗാമിയാകും എന്നു കരുതി. അപ്പോഴാണ് ജൈന പശ്ചാത്തലമുള്ള രൂപാണി അപ്രതീക്ഷിതമായി വന്നത്. പാർട്ടിയെ വരിഞ്ഞുമുറുക്കാനും അപ്രസക്തമാക്കാനും ശ്രമിക്കുന്ന ജാതിസമവാക്യത്തെ പൊളിച്ചെഴുതാൻ കഴിയുമോ എന്നാണ് രൂപാണിയുടെ പരീക്ഷണത്തിലൂടെ ബിജെപി നോക്കിയത്. എന്നാൽ ജാതിയെ നിർവീര്യമാക്കാനുള്ള ബിജെപി പദ്ധതി പൊളിഞ്ഞുപോയി. പട്ടേൽ സമുദായ സംഘടനയുടെ നേതാവു കൂടിയായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കേണ്ടി വന്നു.
ഏതാനും വർഷങ്ങളായി ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം പട്ടേൽ വിഭാഗവും ബിജെപിയും തമ്മിലുള്ള വിശ്വാസനഷ്ടത്തിന് ഇടവരുത്തിയിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ വരവോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഹാർദിക് പട്ടേൽ കോൺഗ്രസിന്റെ അമരത്തേക്ക് വന്ന സാഹചര്യത്തിൽ ബിജെപിക്ക് അതു കൂടിയേ കഴിയൂ. കഴിഞ്ഞ തവണ 182 സീറ്റുള്ള നിയമസഭയിൽ 99 സീറ്റ് ബിജെപി നേടിയപ്പോൾ 77 സീറ്റ് കോൺഗ്രസിന് കിട്ടി. ഹാർദിക് പട്ടേൽ നടത്തിയ ക്യാംപെയ്ൻ ബിജെപിക്ക് എതിരായി എന്നാണ് പാർട്ടി അന്നു വിലയിരുത്തിയത്.
വിശ്വാസനഷ്ടവും രൂപാണിയും
‘ഹിന്ദുത്വ പരീക്ഷണശാല’ എന്ന് എതിരാളികൾ വെറുപ്പോടെയും ബിജെപി അഭിമാനത്തോടെയും വിശേഷിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് കൈവിട്ടുപോകുന്നത് ബിജെപിക്ക് ചിന്തിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതിഛായാ നഷ്ടമാണ് അങ്ങനെ വന്നാൽ സംഭവിക്കുക. അതിനാൽ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കപ്പെടും.
വിജയ് രൂപാണിയെ മുന്നിൽ നിർത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം ബിജെപിക്ക് നഷ്ടമായതാണ് മുഖ്യമന്ത്രിയെ മാറ്റുന്നതിന് കാരണം. കോവിഡ് കൈകാര്യം ചെയ്തതും ആം ആദ്മി പാർട്ടി ചുവടുറപ്പിച്ചതുമാണ് ബിജെപിയുടെ പരിഭ്രാന്തിക്ക് കാരണങ്ങൾ. അടുത്ത തവണ ജയിക്കാൻ കഴിയില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ.പാട്ടീൽ മോദിയെ ധരിപ്പിച്ചു എന്നാണ് വാർത്തകൾ. മോദിയുടെ ഏറ്റവും വിശ്വസ്തനാണ് സി.ആർ.പാട്ടീൽ.
സംസ്ഥാനത്തെ മുഖ്യ വിഭാഗമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കിയാൽ കൂടുതൽ സാധ്യതയുണ്ടാവും എന്ന് ബിജെപി കണ്ടെത്തി. പുതുതായി വന്ന ഭൂപേന്ദർ പട്ടേലും മികച്ച പ്രതിഛായ ഉള്ളയാളാണ്. അതിനാൽ പ്രതിഛായയും പട്ടേൽ പിന്തുണയും വഴി ഭരണം നിലനിർത്താം എന്ന് പാർട്ടി കരുതുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു നടന്ന 8 മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു. എന്നാൽ അത് മോദിയുടെ പ്രഭാവം മൂലമാണെന്നാണ് പാർട്ടി കണ്ടെത്തിയത്. മുഖ്യമന്ത്രിക്ക് അതിൽ കാര്യമായ റോൾ പാർട്ടി കണ്ടില്ല.
കോവിഡിൽ സംഭവിച്ചത്
കോവിഡ് രോഷം ഗുജറാത്തിലും ശക്തമാണ്. സംസ്ഥാനത്തെ 5% ജനങ്ങൾ ഉള്ള 54 മുനിസിപ്പാലിറ്റികളിൽ മാത്രം 2020 മാർച്ചിനും 2021 ഏപ്രിലിനും ഇടയിൽ 16,000 പേർ കോവിഡ് മൂലം മരിച്ചു എന്നാണ് ഒരു യുഎസ് സന്നദ്ധ സംഘടന കണക്കാക്കിയത്. ഇത് സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ ഭീതിദമായ അവസ്ഥയെ സൂചിപ്പിക്കുന്നു. കോവിഡിന്റെ രണ്ടാം വരവിലാണ് മരണം കൂടുതലായത്. അതു പാരമ്യത്തിലെത്തിയ ഈ വർഷം ഏപ്രിലിൽ മരണനിരക്ക് 480% വർധിച്ചു. ഇത് കോവിഡ് താണ്ഡവമാടിയ ലോകത്തെ മറ്റു പല സ്ഥലങ്ങളേക്കാൾ കൂടുതലാണ്.
കോവിഡിനെ നേരിടുന്നതിലെ പരാജയം വിജയ് രൂപാണിയുടെ മേൽ ചുമത്തുന്നുണ്ട്. എന്നാൽ കോവിഡ് പാപഭാരം മുഴുവൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ തലയിൽ വച്ചുകെട്ടുന്നു എന്ന ആരോപണവുമുണ്ട്. മോദിയെ ആരും കുറ്റം പറയുന്നില്ല. അതിനാൽ മോദിയെ രക്ഷിക്കാൻ മുഖ്യമന്ത്രിമാരെ ബലികൊടുക്കുന്നു എന്ന ചിന്താഗതിയും പാർട്ടിയിൽ വളരുന്നുണ്ട്. മികച്ച പ്രതിഛായ ഉണ്ടായിരുന്നിട്ടും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനനെ ഒഴിവാക്കിയതും ഇതേ കാരണത്താലാണ്.
കരുതലോടെ ബിജെപി
ഏതാനും മാസങ്ങൾക്കു മുൻപ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിന്റെ തലേന്ന് സൂററ്റിലെ വ്യവസായികൾ അടക്കമുള്ള പ്രമുഖരുമായി അമിത് ഷാ നേരിട്ട് ചർച്ച നടത്തി. പല കാരണങ്ങളാൽ ബിജെപിയുമായി തെറ്റി നിൽക്കുകയായിരുന്നു അവർ. വ്യവസായ നഗരമായ സൂററ്റിലെ ഭരണം അഭിമാനമായാണ് പാർട്ടികൾ കാണുന്നത്. അമിത് ഷാ നേരിട്ട് ഇടപെട്ടതോടെ ബിജെപിയുടെ ആശങ്ക നീങ്ങി. 120 അംഗ സഭയിൽ 93 സീറ്റ് നേടി ബിജെപി ഭരണത്തിലെത്തി.
എന്നാൽ യഥാർഥ അദ്ഭുതം മറ്റൊന്നായിരുന്നു. ബാക്കി വന്ന 27 സീറ്റും നേടിയത് കന്നിക്കാരായ ആം ആദ്മി ആയിരുന്നു. സീറ്റ് ഒന്നും കിട്ടാതെ കോൺഗ്രസ് നാണംകെട്ടു. സൂററ്റിൽ വ്യവസായികൾ പിണങ്ങി നിന്നതിനാൽ കോൺഗ്രസുകാർ ചിന്തിച്ചത് ഭരണം തങ്ങൾക്ക് കിട്ടുമെന്നാണ്. അപ്പോഴാണ് അമിത് ഷാ കണക്കുതെറ്റിച്ചത്. എങ്കിലും ആം ആദ്മി മികച്ച നേട്ടമുണ്ടായപ്പോൾ ബിജെപിയും ഞെട്ടി. ഭാവിയിൽ മണ്ണൊലിച്ചുപോകാനുള്ള സാധ്യതയാണ് ബിജെപിയുടെ മുന്നിൽ തെളിഞ്ഞത്.
കോൺഗ്രസ് ‘പഠിക്കാത്ത കുട്ടി’
ഒന്നും പഠിക്കാത്ത കുട്ടിയും കൃത്യമായി പഠനവും പരിശീലനവും നടത്തുന്ന കുട്ടിയും മത്സരിച്ചാൽ പരീക്ഷയിൽ ആരാവും ജയിക്കുക? ഉത്തരം പ്രത്യേകം പറയേണ്ടതില്ല. ഇതാണ് ഗുജറാത്ത് രാഷ്ട്രീയം നിരീക്ഷിക്കുന്നവർ പറയുന്നത്. പഠിക്കാത്ത കുട്ടി കോൺഗ്രസ് തന്നെയാണെന്ന് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ തിരഞ്ഞെടുപ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു.
ബിജെപിയുടെ കയ്യിലേക്ക് അധികാരം പോയ ആദ്യകാലങ്ങളിൽ കോൺഗ്രസ് പ്രകടിപ്പിച്ച അലസതയാണ് അവരെ നശിപ്പിച്ചത്. ‘എത്രയായാലും ഇന്നല്ലെങ്കിൽ നാളെ ഞങ്ങളുടെ കയ്യിലേക്ക് വരും. ഞങ്ങളല്ലേ ആകെയുള്ള ബദൽ?’ ഇങ്ങനെയായിരുന്നു കോൺഗ്രസ് നേതാക്കൾ ചോദിച്ചിരുന്നത്. ഭരണം മാറിവരുമെന്ന് കേരളത്തിലെ കോൺഗ്രസിനെപ്പോലെ ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളും വിശ്വസിച്ചു. അങ്ങനെയിരിക്കെയാണ് ആംആദ്മി പോലുള്ള ബദലുകൾ ഉയർന്നു വന്നത്.
പുതുമയുള്ളതോ ഭാവനാപൂർണമോ ആയ ഒരു പരിപാടിയും കുറേ വർഷങ്ങളായി ഗുജറാത്തിൽ കോൺഗ്രസ് പാർട്ടി ചെയ്യുന്നില്ല. അധ്വാനിച്ചാൽ അധികാരം പിടിക്കാനുള്ള അടിത്തറയുള്ള സംസ്ഥാനത്താണ് ഈ ദുർഗതി. ആന്ധ്രയുടെ ചരിത്രം കോൺഗ്രസിന് മാതൃകയാകേണ്ടതാണ്. ചന്ദ്രബാബു നായിഡു ഒരു ‘ന്യൂജെൻ’ മുഖ്യമന്ത്രിയായി തിളങ്ങിനിൽക്കുന്ന കാലത്താണ് പദയാത്രകളിലൂടെ കോൺഗ്രസിനെ രാജശേഖര റെഡ്ഡി പുനരുജ്ജീവിപ്പിച്ചത്. എന്നാൽ സമാനമായ ഒരു പദ്ധതിയും ഗുജറാത്തിലെ കോൺഗ്രസിന്റെ പക്കലില്ല. പൊളിറ്റിക്കൽ അജൻഡ ഒന്നുമില്ലാത്ത പാർട്ടി. പണവും ഇല്ല. സ്ഥാനമാനങ്ങൾ കിട്ടുന്നില്ല എന്നതിനാൽ ആരും ഒപ്പം നിൽക്കാൻ താൽപര്യം കാണിക്കുന്നുമില്ല.
ആം ആദ്മിയും സൂററ്റ് മാതൃകയും
ജാതി രാഷ്ട്രീയത്തിൽ അഭയം തേടുകയാണ് ബിജെപി. ഈ ആരോപണം ഉന്നയിക്കുന്നത് ആംആദ്മി പാർട്ടി. ബിജെപിക്കു നേരെ അനുദിനം വളരുന്ന അസംതൃപ്തിയാണ് സംസ്ഥാനത്ത് ആംആദ്മി പാർട്ടി വളരുന്നതിന്റെ പൊരുൾ. കോൺഗ്രസിന്റെ വോട്ടുബാങ്കിലേക്കാണ് അവർ കടന്നുകയറുന്നത്. ബിജെപിയുടെ ബി ടീം എന്നൊക്കെ ആക്ഷേപിക്കുകയല്ലാതെ മറ്റൊന്നും കോൺഗ്രസിന് ചെയ്യാൻ കഴിയുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിൽ പത്തിൽ താഴെ സീറ്റുകളെങ്കിലും ആംആദ്മി നേടും എന്നാണ് വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയെ മാറ്റിയത് ആം ആദ്മി പാർട്ടിയുടെ ആദ്യജയം ആണെന്നാണ് നേതാക്കൾ പ്രതികരിക്കുന്നത്. ഇക്കാര്യം ചില ഗുജറാത്തി പത്രങ്ങളും സ്ഥിരീകരിക്കുന്നു. ഉത്തരാഖണ്ഡിലും ഗുജറാത്തിലും പാർട്ടി ശക്തിപ്പെടാൻ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയെ മാറ്റാൻ തീരുമാനിച്ചതെന്ന് ആംആദ്മിയും പറയുന്നു.
കോൺഗ്രസിന് ബിജെപിയെ നേരിടാൻ കരുത്തില്ലെന്നും അവർ ‘ഒത്തുതീർപ്പ് പ്രതിപക്ഷം’ ആണെന്നും ആംആദ്മി തിരിച്ചടിക്കുന്നു. സൂററ്റ് മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷമായത് അവരെ ആവേശം കൊള്ളിക്കുന്നു. ഇനി നിയമസഭയിലേക്ക് ഒരു കൈ നോക്കും. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ പാർട്ടി വെല്ലുവിളി ഉയർത്തുന്നതിനാലാണ് നേതാക്കൾക്ക് എതിരെ ആദായനികുതി വിഭാഗം നോട്ടിസ് അയയ്ക്കുന്നതെന്ന ആരോപണവും പാർട്ടി ഉന്നയിക്കുന്നു.
ഹാർദിക് പട്ടേലിന് അധ്വാനം കൂടും!
ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് ആണ് ഹാർദിക് പട്ടേൽ. പട്ടേൽ പക്ഷത്തേക്ക് ബിജെപി വരുമ്പോൾ ഹാർദിക് പട്ടേലിന്റെ അധ്വാനം കൂടും. ആം ആദ്മി ബിജെപിയുടെ ബി ടീം എന്നാണ് പട്ടേൽ പറഞ്ഞത്. കോൺഗ്രസ് വിജയിക്കും എന്ന ഘട്ടം ആയപ്പോൾ വോട്ട് പിളർത്തി ബിജെപിയെ ജയിപ്പിക്കാനാണ് ആംആദ്മി ശ്രമിക്കുന്നത്. ആംആദ്മിയുടെ പോസ്റ്ററുകളും ബോർഡുകളും പ്രദർശിപ്പിക്കാൻ അനുവദിക്കുന്ന സർക്കാർ കോൺഗ്രസിന് ആ അനുമതി നൽകാത്തത് ഇതിന്റെ ഉദാഹരണമാണ്.
സൂററ്റ് മുനിസിപ്പാലിറ്റിയിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും അത് ഇനി ആവർത്തിക്കില്ലെന്നുമാണ് ഹാർദിക് പറയുന്നത്. ഒക്ടോബർ 3ന് ഗാന്ധിനഗർ കോർപറേഷൻ തിരഞ്ഞെടുപ്പു നടക്കുകയാണ്. ബിജെപിയാണ് നിലവിൽ ഭരണം നടത്തുന്നത്. ആംആദ്മി അവിടെ ആദ്യമായി മത്സരിക്കുന്നുണ്ട്. അടുത്ത സംസ്ഥാനഭരണത്തിന്റെ ചില സൂചനകൾ അവിടെയും തെളിഞ്ഞുവരും.
English Summary: Guajarat Lessons: What does Vijay Rupani's Resignation Means for BJP and Opposition Parties?