ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ജനത്തിന് പ്രയോജനമുണ്ടാകില്ലെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വാദം വിചിത്രമാണെന്ന് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. ഒരു ലീറ്റർ പെട്രോളിന് 30.08 ശതമാനവും ഒരു ലിറ്റർ ഡീസലിന് 22.76 ശതമാനവും ആണ് വിൽപന നികുതിയായി കേരളം ഈടാക്കുന്നത്. എക്സൈസ് ഡ്യൂട്ടിക്ക് പുറമേ അധിക സെസും കേന്ദ്രം ഈടാക്കുന്നതോടെ ഇന്ധനവില 100 രൂപ കവിയും. 

ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ പരമാവധി ഈടാക്കാവുന്നത് 28 ശതമാനം നികുതി ആണ്. കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാനത്തിന് 14 ശതമാനവും നികുതി മാത്രമേ ലഭിക്കൂ. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ 80 രൂപയ്ക്ക് ഒരു ലീറ്റർ പെട്രോൾ ജനങ്ങൾക്ക് കിട്ടുമെന്ന് അർഥം. വേറെ ഉഡായിപ്പ് നികുതികളും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഉണ്ടാകില്ല.

നിലവിൽ ഈടാക്കുന്ന നികുതിക്ക് പുറമേ ഒരു ലീറ്റർ പെട്രോളിൽനിന്നും ഡീസലിൽനിന്നും ഒരു രൂപ വീതം പെട്രോളിയം സെസ് എന്ന ഓമനപ്പേരിൽ ബാലഗോപാൽ മന്ത്രിയും കൂട്ടരും ജനങ്ങളിൽനിന്ന് ഈടാക്കുന്നുണ്ട്. ഈ തുക കിഫ്ബിക്കാണ് ലഭിക്കുന്നത്. 2021 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം പെട്രോളിയം സെസിനത്തിൽ കിഫ്ബിക്ക് ലഭിച്ചത് 2673.71 കോടിയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റിൽനിന്ന് 2673.71 കോടി മന്ത്രി ബാലഗോപാലും കിഫ്ബിയും കൊണ്ടുപോയി.

സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം പരിശോധിച്ചാൽ എന്തുകൊണ്ടാണ് ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തത് എന്ന് മനസ്സിലാകും. സംസ്ഥാന സർക്കാരിന് ഇന്ധന നികുതിയിനത്തിൽ ലഭിച്ചത്: 2016–17: 6875.99 കോടി, 2017–18: 7442.88 കോടി, 2018–19: 8000.49 കോടി, 2019–20: 7906.61 കോടി, 2020-21: 7120.65 കോടി.

പാചകവാതക സിലിണ്ടർ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ട് വില കുറഞ്ഞില്ല എന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. ജിഎസ്ടിയിൽ 5 ശതമാനം നികുതി ആണ് പാചകവാതക സിലിണ്ടറിന് ഈടാക്കുന്നത്. കേന്ദ്രത്തിന് 2.5 ശതമാനവും സംസ്ഥാനത്തിന് 2.5 ശതമാനവും നികുതി ഈ ഇനത്തിൽ ലഭിക്കും. ജിഎസ്ടിയിൽ പാചകവാതകം ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ നിലവിലെ പാചകവാതക കൊള്ളയേക്കാൾ എത്ര ഇരട്ടി തുക ജനങ്ങൾ നൽകേണ്ടി വരുമായിരുന്നു. 

പാചകവാതക സിലിണ്ടറിന്റെ വില 1000 രൂപയോട് അടുക്കുകയാണ്. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയില്ലായിരുന്നെങ്കിൽ 2000 രൂപയെങ്കിലും ജനങ്ങളിൽനിന്ന് വാങ്ങിക്കാമെന്നാണ് മന്ത്രിയുടെ ചിന്ത. ഇന്ധന നികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ജനത്തിന് ഗുണം ഉണ്ടാകും. സംസ്ഥാന സർക്കാരിന് കൊള്ളലാഭം ഉണ്ടാകില്ല. മന്ത്രിയുടെ കള്ളപ്രചാരണം പാർട്ടി ക്ലാസിൽ സഖാക്കളോട് മതി. ഇതുപോലത്തെ മണ്ടത്തരം പറഞ്ഞാൽ അവർ കയ്യടിക്കും. ജനങ്ങളോട് പറയുമ്പോൾ രണ്ട് വട്ടം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Sooranad Rajasekharan against KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com