കോപ്പുകൂട്ടി യുഎസ്, ചൈന, റഷ്യ; വരുമോ യുദ്ധം? ലോകമാകെ ഭയത്തിന്റെ ‘ശീതക്കാറ്റ്’
ചരിത്രത്തിൽ ഇതുപോലൊരു ഘോരയുദ്ധം നടന്നിട്ടില്ല, നേരിട്ട് ഒരുതുള്ളി ചോരപോലും പൊടിയാത്ത മഹായുദ്ധം! കോൾഡ് വാർ എന്ന് ഇംഗ്ലിഷിൽ വിളിക്കുന്ന ശീതയുദ്ധം പക്ഷേ ലോകത്തുണ്ടാക്കിയ ആഘാതം അളവറ്റതാണ്. യുഎസും യുഎസ്എസ്ആറും ബലാബലം തെളിയിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ, ലോകം രണ്ടുചേരിയായി. ഭീതിയുടെ അക്കാലം ഓർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും കടുപ്പമേറിയ മഷിയിലാണ് ചരിത്രത്തിൽ അതു രേഖപ്പെടുത്തിയിട്ടുള്ളത്. .. | New Cold War | US | China | Russia | USSR | Manorama Online
ചരിത്രത്തിൽ ഇതുപോലൊരു ഘോരയുദ്ധം നടന്നിട്ടില്ല, നേരിട്ട് ഒരുതുള്ളി ചോരപോലും പൊടിയാത്ത മഹായുദ്ധം! കോൾഡ് വാർ എന്ന് ഇംഗ്ലിഷിൽ വിളിക്കുന്ന ശീതയുദ്ധം പക്ഷേ ലോകത്തുണ്ടാക്കിയ ആഘാതം അളവറ്റതാണ്. യുഎസും യുഎസ്എസ്ആറും ബലാബലം തെളിയിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ, ലോകം രണ്ടുചേരിയായി. ഭീതിയുടെ അക്കാലം ഓർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും കടുപ്പമേറിയ മഷിയിലാണ് ചരിത്രത്തിൽ അതു രേഖപ്പെടുത്തിയിട്ടുള്ളത്. .. | New Cold War | US | China | Russia | USSR | Manorama Online
ചരിത്രത്തിൽ ഇതുപോലൊരു ഘോരയുദ്ധം നടന്നിട്ടില്ല, നേരിട്ട് ഒരുതുള്ളി ചോരപോലും പൊടിയാത്ത മഹായുദ്ധം! കോൾഡ് വാർ എന്ന് ഇംഗ്ലിഷിൽ വിളിക്കുന്ന ശീതയുദ്ധം പക്ഷേ ലോകത്തുണ്ടാക്കിയ ആഘാതം അളവറ്റതാണ്. യുഎസും യുഎസ്എസ്ആറും ബലാബലം തെളിയിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ, ലോകം രണ്ടുചേരിയായി. ഭീതിയുടെ അക്കാലം ഓർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും കടുപ്പമേറിയ മഷിയിലാണ് ചരിത്രത്തിൽ അതു രേഖപ്പെടുത്തിയിട്ടുള്ളത്. .. | New Cold War | US | China | Russia | USSR | Manorama Online
ചരിത്രത്തിൽ ഇതുപോലൊരു ഘോരയുദ്ധം നടന്നിട്ടില്ല, നേരിട്ട് ഒരുതുള്ളി ചോരപോലും പൊടിയാത്ത മഹായുദ്ധം! കോൾഡ് വാർ എന്ന് ഇംഗ്ലിഷിൽ വിളിക്കുന്ന ശീതയുദ്ധം പക്ഷേ ലോകത്തുണ്ടാക്കിയ ആഘാതം അളവറ്റതാണ്. യുഎസും യുഎസ്എസ്ആറും ബലാബലം തെളിയിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ, ലോകം രണ്ടുചേരിയായി. ഭീതിയുടെ അക്കാലം ഓർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും കടുപ്പമേറിയ മഷിയിലാണ് ചരിത്രത്തിൽ അതു രേഖപ്പെടുത്തിയിട്ടുള്ളത്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം മറ്റൊരു ശീതയുദ്ധത്തിനു കോപ്പുകൂട്ടുകയാണോ രാജ്യങ്ങൾ? യുഎസും ചൈനയും യുഎസ്എസ്ആറിന്റെ ഭാഗമായ റഷ്യയും പരസ്പരം തുടരുന്ന കിടമത്സരം അങ്ങനെയൊരു ഭയസന്ദേശം ലോകത്തിനു കൈമാറുന്നുവോ?
ഈ ഭയവും ആശങ്കയും മുന്നിൽക്കണ്ടാണു കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎസിനും ചൈനയ്ക്കും മുന്നറിയിപ്പു നൽകിയത്. പൂർണമായും അറ്റുപോയ ബന്ധം നന്നാക്കാൻ രണ്ടു വൻശക്തികളോടും അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. ‘ഭൂതകാലത്തിൽനിന്നു വ്യത്യസ്തമായ ഒരു ശീതയുദ്ധം എന്തുവില കൊടുത്തും നമ്മൾ ഒഴിവാക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, ഒരുപക്ഷേ, മുൻപത്തേതിനേക്കാൾ കൂടുതൽ അപകടകരവും നിയന്ത്രിക്കാൻ പ്രയാസമുള്ളതുമാകും അത്’– യുഎൻ പൊതുസമ്മേളനത്തിനു മുൻപ് അസോഷ്യേറ്റഡ് പ്രസ്സിന് (എപി) നൽകിയ അഭിമുഖത്തിൽ ഗുട്ടെറസ് പറഞ്ഞു.
‘ദക്ഷിണ ചൈനാ കടലിലെ പരമാധികാരം, മനുഷ്യാവകാശം, സമ്പദ് വ്യവസ്ഥ, സൈബർ സുരക്ഷ എന്നിവയിൽ വ്യത്യസ്താഭിപ്രായം ഉള്ളപ്പോഴും, യുഎസും ചൈനയും വ്യാപാരത്തിലും സാങ്കേതികവിദ്യയിലും കൂടുതൽ ചർച്ച നടത്തണം. നിർഭാഗ്യവശാൽ, ഇന്നു നമുക്ക് ഏറ്റുമുട്ടൽ മാത്രമേയുള്ളൂ. രണ്ടു വൻശക്തികളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടതുണ്ട്. കോവിഡ് വാക്സിനേഷൻ, കാലാവസ്ഥാ വ്യതിയാനം, മറ്റനേകം ആഗോള വെല്ലുവിളികൾ എന്നിവ രാജ്യാന്തര സമൂഹത്തിനുള്ളിൽ, പ്രധാനമായും മഹാശക്തികൾക്കിടയിൽ, ക്രിയാത്മകമായ ബന്ധങ്ങളില്ലാതെ പരിഹരിക്കാനാവില്ല’– ഗുട്ടെറസ് വ്യക്തമാക്കി.
∙ ‘യുഎസ് യുദ്ധത്തിൽ; വിടാതെ ചൈനയും റഷ്യയും’
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലത്താണു യുഎസും ചൈനയും തമ്മിൽ വൈരം കടുത്തതും ‘വ്യാപാരയുദ്ധ’ത്തിനു വഴി തുറന്നതും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ചൈനയെ പ്രതിസ്ഥാനത്തു നിർത്താൻ അമേരിക്കയ്ക്കൊപ്പം മറ്റു രാഷ്ട്രങ്ങളും ചേർന്നു. ജോ ബൈഡൻ പ്രസിഡന്റായപ്പോഴും ചൈനയോടുള്ള നിലപാടിൽ വലിയ മാറ്റത്തിനു യുഎസ് തയാറായില്ല. ‘ഒന്നാം ശക്തിയും ലോക പൊലീസുമായി’ വിരാജിക്കുന്ന യുഎസിനെ വെല്ലാനുള്ള കഠിനയജ്ഞത്തിലാണു ചൈന. പഴയ പ്രതാപമില്ലെങ്കിലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചു റഷ്യയും അരങ്ങിലുണ്ട്.
അടുത്തിടെ നടന്ന ഒരു സർവേയുടെ റിപ്പോർട്ട് പ്രകാരം, യുഎസും മുഖ്യ എതിരാളികളായ ചൈനയും റഷ്യയും തമ്മിൽ ‘പുതിയ ശീതയുദ്ധം’ നടക്കുകയാണെന്നു ഭൂരിഭാഗം യൂറോപ്യരും വിശ്വസിക്കുന്നു. യൂറോപ്യൻ യൂണിയനും ഈ രാജ്യാന്തര സംഘർഷത്തിൽ കക്ഷിയാണെന്നു യൂറോപ്പുകാർ കരുതുന്നതായും യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ (ഇസിഎഫ്ആർ) പഠനത്തിൽ പറയുന്നതായി ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 12 അംഗരാജ്യങ്ങളിലെ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണു പഠനം തയാറാക്കിയത്.
‘പുതിയ ശീതയുദ്ധം ഉണ്ടെന്നു യൂറോപ്പിലെ പൊതുജനം കരുതുന്നു. പക്ഷേ, അതിൽ എന്തെങ്കിലും ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നില്ല’– ഇസിഎഫ്ആർ ഡയറക്ടർ മാർക്ക് ലിയോനാർഡ് പറഞ്ഞു. സർവേയിൽ പങ്കെടുത്ത 12 രാജ്യങ്ങളിലെ 62% പേരും യുഎസും ചൈനയും തമ്മിൽ ശീതയുദ്ധത്തിലാണെന്നാണു വിശ്വസിക്കുന്നത്. അമേരിക്കയും റഷ്യയും തമ്മിലുള്ള ഭിന്നത കൂടുകയാണെന്ന് 59% പേർ അഭിപ്രായപ്പെട്ടു. 15% യൂറോപ്യർ കരുതുന്നത്, സ്വന്തം രാജ്യം ചൈനയുമായി ശീതയുദ്ധത്തിലാണെന്നാണ്; റഷ്യയുമായി ഭിന്നതയുണ്ടെന്നു പറഞ്ഞതാകട്ടെ 25% പേരും.
യൂറോപ്യൻ യൂണിയൻ ചൈനയുമായി തർക്കത്തിലാണെന്ന് 31% പേരും, അങ്ങനെയല്ലെന്ന് 35% ആളുകളും അഭിപ്രായപ്പെടുന്നു. യൂറോപ്യൻ യൂണിയൻ റഷ്യയുമായി ശീതയുദ്ധത്തിലാണെന്ന് 44% ആളുകൾ ചൂണ്ടിക്കാട്ടി. ‘ആദ്യ ശീതയുദ്ധത്തിൽനിന്നു വ്യത്യസ്തമായി ഇപ്പോൾ യൂറോപ്പിന് അസ്തിത്വപരമായ ഭീഷണിയോ ലോകത്തിൽ ചേരിതിരിവോ ഉണ്ടാകില്ലെന്നാണു പൊതുവേ യൂറോപ്പുകാരുടെ ചിന്ത. യുഎസും റഷ്യയും ചൈനയുമായുള്ള പിരിമുറുക്കങ്ങളേക്കാൾ, യൂറോപ്യൻ താൽപര്യങ്ങളാണു രാഷ്ട്രീയനേതൃത്വം കണക്കിലെടുക്കുന്നത്’– ലിയോനാർഡ് വ്യക്തമാക്കി.
∙ എന്താണ് ശീതയുദ്ധം? നടന്നതെവിടെ?
അകത്തും പുറത്തും ചൂടേറ്റി, ചോര വീഴ്‍ത്തി, പൊടിപാറുന്ന യുദ്ധത്തിനെ ‘ശീത’യുദ്ധം എന്നു വിളിക്കുമോ? ഇല്ല. യുദ്ധം എന്നു പേരുണ്ടെങ്കിലും ‘ശീതയുദ്ധം’ നേരിട്ടുള്ള സൈനികാക്രമണം ആയിരുന്നില്ല. പോരിന്റെയും വീറിന്റെയും കാര്യത്തിൽ ഒട്ടും മോശവുമായിരുന്നില്ല. ലോകത്തെ ഒന്നാം വൻശക്‌തിയാവാൻ അമേരിക്കയും സോവിയറ്റ് യൂണിയനും (യുഎസ്എസ്ആർ) തമ്മിലുണ്ടായ സാമ്പത്തിക-പ്രത്യയശാസ്‌ത്ര പോരാട്ടത്തെയാണു ശീതയുദ്ധം എന്നു ലോകം വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സൈനിക നടപടികൾ ശീതയുദ്ധത്തിലുണ്ടായിട്ടില്ല.
കോൾഡ് വാർ (ശീതയുദ്ധം) എന്ന വിശേഷണം ആദ്യമായി പ്രയോഗിച്ചതു സാഹിത്യകാരൻ ജോർജ് ഓർവൽ (1945 ൽ) ആണെന്നാണു കരുതപ്പെടുന്നത്. അതു പക്ഷേ, യുഎസ്-സോവിയറ്റ് പോരിനെ പരാമർശിച്ചായിരുന്നില്ല. അമേരിക്കൻ രാഷ്‌ട്രീയ പ്രവർത്തകനായിരുന്ന ബർണാഡ് ബറൂഷ് 1947 ൽ സംഭാഷണങ്ങളിൽ കോൾഡ് വാറിനെപ്പറ്റി പറഞ്ഞിരുന്നതായി സൂചനകളുണ്ട്. വാൾട്ടർ ലിപ്‌മാൻ എന്ന പത്രപ്രവർത്തകൻ ‘ദ് കോൾഡ് വാർ’ എന്ന തലക്കെട്ടിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണു കോൾഡ് വാർ അഥവാ ശീതയുദ്ധം എന്ന വാക്ക് പ്രചുരപ്രചാരം നേടിയത്.
ആയുധ മത്സരം, മറ്റുരാജ്യങ്ങളുമായി സൈനികബന്ധം വളർത്താൻ മത്സരം, സാമ്പത്തിക മത്സരം, വ്യാപാര ഉപരോധങ്ങൾ, കമ്യൂണിസ്‌റ്റ്- മുതലാളിത്ത ആശയയുദ്ധം, പ്രചാരണയുദ്ധം, ചാരപ്രവർത്തനം, നയതന്ത്ര സമ്മർദം, മറ്റു രാജ്യങ്ങളുടെ യുദ്ധത്തിൽ കക്ഷിചേരൽ എന്നിവയിലൂടെയാണു ശീതയുദ്ധം സംഹാരരൂപം പൂണ്ടത്. ശീതയുദ്ധം എപ്പോഴെങ്കിലും ആണവയുദ്ധത്തിനു വഴിതെളിക്കുമോ എന്ന ഭീതിയിലായിരുന്നു മറ്റു ലോകരാജ്യങ്ങൾ. രണ്ടാംലോകമഹായുദ്ധത്തിനു ശേഷമായിരുന്നു ശീതയുദ്ധത്തിന് അരങ്ങൊരുങ്ങിയത്. 1991 ൽ സോവിയറ്റ് യൂണിയൻ തകരുംവരെ യുദ്ധം ‘കൊടുമ്പിരി’ കൊണ്ടു.
1933 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. അയൽരാജ്യങ്ങളിലേക്കും പിന്നീട് പടിഞ്ഞാറൻ യൂറോപ്പിലേക്കും കമ്യൂണിസം വ്യാപിപ്പിക്കാൻ സ്‌റ്റാലിൻ ശ്രമങ്ങൾ ശക്‌തമാക്കിയതോടെ വൈരാഗ്യം വർധിച്ചു. സോവിയറ്റ് ഭരണം സ്‌റ്റാലിനിൽനിന്നു നികിത ക്രൂഷ്‌ചേവും യുഎസ് ഭരണം ഹാരി എസ്. ട്രൂമാനിൽനിന്ന് ഐസൻഹോവറും ഏറ്റെടുത്തപ്പോഴും ശത്രുത തീവ്രമായി. അമേരിക്കൻ ചാരസംഘടനയായ സിഐഎയും സോവിയറ്റ് ചാരസംഘടന കെജിബിയും പരസ്പരം നയതന്ത്ര- ആയുധ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ മത്സരിച്ചതിനും ലോകം സാക്ഷ്യം വഹിച്ചു.
അറുപതുകളുടെ ഒടുക്കം മുതൽ എൺപതുകളുടെ തുടക്കം വരെ പോരിനു ചെറിയൊരു ശമനമുണ്ടായി. മിഖായേൽ ഗൊർബച്ചോവ് സോവിയറ്റ് ഭരണം ഏറ്റെടുത്തതോടെ വൈരം കൂടി. 1979 ൽ സോവിയറ്റ് യൂണിയൻ അഫ്‌ഗാനിസ്‌ഥാനിൽ കടന്നുകയറിയത് ആഗോളതലത്തിൽ പ്രതിഷേധത്തിനു കാരണമായി. 1980 ലെ മോസ്‌കോ ഒളിംപിക്‌സ് മിക്ക പടിഞ്ഞാറൻ രാജ്യങ്ങളും ബഹിഷ്‌കരിച്ചു. 1991 ൽ ഗൊർബച്ചോവിന്റെ സോവിയറ്റ് കമ്യൂണിസ്‌റ്റ് ഭരണം തകർന്നതോടെ ശീതയുദ്ധത്തിന്റെ പ്രസക്‌തി പതുക്കെ ഇല്ലാതായി. യുഎസ്എസ്ആർ തകർന്നെങ്കിലും ആ സ്ഥാനത്തു റഷ്യ കരുത്തരായി വളർന്നു. ഇന്നു റഷ്യയെയും ചൈനയെയും പ്രതിരോധിക്കേണ്ട അവസ്ഥയിലാണു യുഎസ്.
∙ സോവിയറ്റ് യൂണിയന്റെ വളർച്ചയും തകർച്ചയും
മഹത്തായ ഒക്ടോബർ വിപ്ലവത്തോടെയാണു സോവിയറ്റ് യൂണിയന്റെ ഉദയം. സർ നിക്കോളാസ് രണ്ടാമനെ പുറത്താക്കി അധികാരമേറ്റ സർക്കാരിനെ ബോൾഷെവിക്കുകൾ അട്ടിമറിച്ചു. 1917 ഒക്ടോബർ 24, 25 തീയതികളിലായിരുന്നു ഒക്ടോബർ വിപ്ലവം എന്നറിയപ്പെുന്ന സായുധ വിപ്ലവം നടന്നത്. പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ലെനിൻ അവരോധിക്കപ്പെട്ടു. 1922 ൽ സമീപരാജ്യങ്ങളെ കൂട്ടിച്ചേർത്തു യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് എന്ന യുഎസ്എസ്ആർ ജന്മമെടുത്തു. ലെനിന്റെ മരണശേഷം ചുമതലയേറ്റ സ്റ്റാലിൻ, രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്ത് സർവാധിപത്യം പുലർത്തി.
പഞ്ചവത്സര പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. വ്യവസായങ്ങൾ ദേശസാൽക്കരിച്ചു. നിർബന്ധിത കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കി. ലോകത്തെ വൻ ശക്തികളിലൊന്നായി യുഎസ്എസ്ആർ രൂപം മാറി. പിന്നാലെ യുഎസും യുഎസ്എസ്ആറും തമ്മിലുള്ള ശീതയുദ്ധത്തിനും തുടക്കമായി. പ്രതിരോധ – സൈനിക ബജറ്റ് പടിപടിയായി ഇരുകൂട്ടരും വർധിപ്പിച്ചു. ബഹിരാകാശ രംഗത്തും മത്സരം മുറുകി. ബ്രഷ്നേവിന്റെ മരണശേഷം (1982) ആന്ത്രപ്പോവും ചെർണങ്കോയും വന്നെങ്കിലും അധികകാലം അധികാരത്തിലുണ്ടായില്ല. യുഎസിനെതിരെ കരുത്തനായ നേതാവ് എന്ന നിലയിൽ മിഹയിൽ ഗൊർബച്ചോവ് രംഗപ്രവേശം ചെയ്തു.
1986ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ 27–ാം പാർട്ടി കോൺഗ്രസിൽ പെരിസ്ട്രോയിക്ക (പുനർനിർമാണം), ഗ്ലാസ്നോസ്ത് (സുതാര്യത) എന്നീ നയങ്ങൾ ഗൊർബച്ചോവ് അവതരിപ്പിച്ചു. സാമ്പത്തിക വളർച്ചയായിരുന്നു പെരിസ്ട്രോയിക്കയുടെ ലക്ഷ്യം. പതിറ്റാണ്ടുകൾ നീണ്ട ഇരുമ്പുമറ നീക്കി അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കിയതായിരുന്നു ഗ്ലാസ്നോസ്ത്. ക്ഷാമവും പൂഴ്ത്തിവയ്പും സോവിയറ്റ് ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ശീതയുദ്ധത്തിന്റെ വേഗം പതിയെ കുറഞ്ഞു. 1917നു ശേഷം നടന്ന ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ മിക്ക പ്രമുഖരും പരാജയപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽനിന്നു സൈന്യത്തെ പിന്‍വലിച്ചതും ഇക്കാലത്താണ്. വാഴ്സ ഉടമ്പടി പ്രകാരം കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലെ സോവിയറ്റ് സൈന്യത്തെ പിൻവലിച്ചതോടെ റുമാനിയയും ചെക്കോസ്ലോവാക്യയും അടക്കമുള്ള രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് ഭരണം തകർന്നു. യൂണിയന്റെ ഭാഗമായ ബാൾട്ടിക് രാജ്യങ്ങളിൽ (എസ്തോണിയ, ലാത്വിയ, ലിത്വേനിയ) എന്നിവിടങ്ങളിലും അർമീനിയയിലും 1987 മുതൽതന്നെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ നടന്നിരുന്നു. മോൾഡോവ, ബെലാറസ്, ജോർജിയ, യുക്രെയ്ൻ എന്നിവിടങ്ങളിലും സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടു ജനം തെരുവിലിറങ്ങി.
സോവിയറ്റ് യൂണിയനെ ഒരുമിച്ചുനിർത്താൻ ഗോര്‍ബച്ചേവ് ഒരു ശ്രമം കൂടി നടത്തി. ഹിതപരിശോധനയിൽ 9 റിപ്പബ്ലിക്കുകളിലെ 76.4% പേർ യൂണിയന് അനൂകൂലമായി വോട്ടുചെയ്തു. എസ്തോണിയ, ലാത്വിയ, അർമേനിയ, ജോർജിയ, മോൾഡോവ എന്നിവർ പങ്കെടുത്തില്ല. പിന്നാലെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റായി ബോറിസ് യെൽസിൻ തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ, സോവിയറ്റ് യൂണിയൻ നിലനിർത്താൻ ശക്തമായ നേതൃത്വം വേണമെന്ന് സർക്കാരിലെയും പാർട്ടിയിലെയും ഒരുവിഭാഗത്തിനു തോന്നി. പുതിയ യൂണിയൻ കരാർ ഒപ്പിടുന്നതിന്റെ തലേന്ന് (1991 ഓഗസ്റ്റ് 19) ഇവർ ഗൊർബച്ചോവിനെ ക്രിമിയയിലെ അവധിക്കാല വസതിയിൽ തടങ്കലിലാക്കി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കസഖിസ്ഥാനിലായിരുന്ന യെൽസിൻ, അട്ടിമറി വിവരമറിഞ്ഞതോടെ മോസ്കോയിലേക്കു പുറപ്പെട്ടു. ‘നടന്നത് വിപ്ലവമല്ല, പിന്തിരിപ്പന്മാർ ജയിക്കരുത്’ എന്ന് ജനക്കൂട്ടത്തോടു യെൽസിൻ ആഹ്വാനം ചെയ്തു. മടിച്ചുനിന്ന സൈന്യവും ജനത്തിനൊപ്പം ചേർന്നു. ഓഗസ്റ്റ് 21ലെ അട്ടിമറി പരാജയപ്പെട്ടു. വീട്ടുതടങ്കലിലായിരുന്ന ഗൊർബച്ചോവ് മോസ്കോയിൽ തിരിച്ചെത്തിയെങ്കിലും പക്ഷേ, അധികാരം കേന്ദ്രീകരിക്കാനോ യുഎസ്എസ്ആർ വിഘടിക്കുന്നതു തടയാനോ കഴിഞ്ഞില്ല. രാജ്യങ്ങൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനാധിപത്യ റഷ്യയുടെ ആദ്യ പ്രസിഡന്റായി യെൽസിൻ. സമത്വസുന്ദരലോകം വാഗ്ദാനം ചെയ്ത കമ്യൂണിസ്റ്റ് രാഷ്ട്രസങ്കൽപമായ യുഎസ്എസ്ആർ കാമ്പുണങ്ങി മുരടിച്ചു.
∙ ശീതയുദ്ധത്തിന് ഇല്ലെന്ന് ബൈഡനും ഷിയും
പുതിയ യുദ്ധമില്ലെന്ന നിലപാടിലാണു പുറമേയ്ക്കെങ്കിലും യുഎസും ചൈനയും. ‘നിരന്തരമായ യുദ്ധം എന്ന അധ്യായം യുഎസ് അവസാനിപ്പിക്കുന്നു. നയതന്ത്രം, വികസനം, ജനാധിപത്യം എന്നിവയെപ്പറ്റി പുതിയ അധ്യായം തുടങ്ങുകയാണ്. പുതിയ ശീതയുദ്ധം ആഗ്രഹിക്കുന്നില്ല’– കഴിഞ്ഞ ദിവസം യുഎൻ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വീണ്ടും ശീതയുദ്ധമോ വിഭജിക്കപ്പെട്ട ലോകമോ ആഗ്രഹിക്കുന്നില്ല. കടുത്ത വിയോജിപ്പുണ്ടെങ്കിലും, ആഗോള വെല്ലുവിളികൾ നേരിടുന്നതിനു സമാധാന തീരുമാനമെടുക്കുന്ന ഏതു രാജ്യത്തോടൊപ്പവും പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘അമേരിക്ക ശക്തമായി മത്സരിക്കും, സഖ്യകക്ഷികൾക്കുവേണ്ടി നിലകൊള്ളും. സൈനിക ശക്തി, സാമ്പത്തിക ബലപ്രയോഗം, സാങ്കേതിക ചൂഷണം എന്നിവയിലൂടെ ദുർബല രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള വൻശക്തികളുടെ ശ്രമങ്ങളെ എതിർക്കും. ലോകം സന്ദിഗ്ധ ഘട്ടത്തിലാണു നിൽക്കുന്നത്. മാനവരാശി നേരിടുന്ന പ്രതിസന്ധികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണു നമ്മുടെ ഭാവി. ജനാധിപത്യ യുഗത്തിന് അന്ത്യമായെന്നു പ്രഖ്യാപിക്കാൻ സ്വേച്ഛാധിപതികൾ ശ്രമിച്ചേക്കാം, പക്ഷേ അവർ തെറ്റിദ്ധാരണയിലാണ്. നാറ്റോ, യൂറോപ്യൻ യൂണിയൻ, ക്വാഡ്, ആഫ്രിക്കൻ യൂണിയൻ തുടങ്ങിയ സഖ്യങ്ങൾക്കും സംഘടനകൾക്കും ഒപ്പം പ്രവർത്തിക്കുന്നതിനായിരിക്കും മുൻഗണന’– ബൈഡൻ വിശദീകരിച്ചു.
ഏതാണ്ടു സമാനമായ ആശയമാണു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും യുഎൻ പൊതുസഭയിൽ പങ്കുവച്ചത്. ‘രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കൈകാര്യം ചെയ്യണം. ഏറ്റുമുട്ടലും പുറത്താക്കലും ഒഴിവാക്കാൻ ലോക നേതാക്കളോട് അഭ്യർഥിക്കുന്നു. സമാധാനം, വികസനം, സമത്വം, നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവ മാനവികതയുടെ പൊതു മൂല്യങ്ങളാണ്, അവയ്ക്കായി നിലകൊള്ളണം. ചൈന വിദേശത്തു പുതിയ കൽക്കരി വൈദ്യുതി പദ്ധതികൾ നിർമിക്കില്ല. ഹരിതോർജവും കുറഞ്ഞ കാർബൺ ബഹിർഗമനവുമുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിൽ മറ്റു വികസ്വര രാജ്യങ്ങൾക്കുള്ള പിന്തുണ വർധിപ്പിക്കും’– ഷി പറഞ്ഞു.
‘രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും കൈകാര്യം ചെയ്യണം. ഒരു രാജ്യത്തിന്റെ വിജയം മറ്റൊരു രാജ്യത്തിന്റെ പരാജയത്തെ അർഥമാക്കുന്നില്ല. എല്ലാ രാജ്യങ്ങളുടെയും പൊതുവായ വികസനവും പുരോഗതിയും ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണു ലോകം. പരസ്പര ബഹുമാനം, തുല്യത, നീതി, സഹകരണം എന്നിവ അടിസ്ഥാനമാക്കിയുള്ള പുതിയതരം രാജ്യാന്തര ബന്ധങ്ങൾ നമ്മൾ കെട്ടിപ്പടുക്കണം’– ഷി വ്യക്തമാക്കി. ബൈഡന്റെ പ്രസംഗത്തിനു പിന്നാലെയാണു ഷിയും സഹകരണവഴിയേ പ്രസംഗിച്ചത്.
അപ്പോൾ, ശാന്തസുന്ദര ലോകമാണോ നമ്മെ ഇനി കാത്തിരിക്കുന്നത്? യുഎസിന്റെയും ചൈനയുടെയും പ്രസിഡന്റുമാർ തേൻപുരട്ടിയ വാക്കുകളിൽ സംസാരിച്ചെങ്കിലും ഉള്ളിൽ അഗ്നിപർവതം പുകയുകയാണെന്നാണു നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. തോളിൽ കയ്യിട്ടുള്ള ഭായി–ഭായി കളിക്കൊന്നും രണ്ടുപേരും തയാറുമല്ല. പുതിയ ലോകക്രമത്തിൽ പരമാവധി സൈനിക, ആയുധശേഷികൾ സംഭരിക്കാൻ ഇരുവരും ശ്രമിക്കുന്നു. ആയുധ കരാറുകളും മറ്റുമായി റഷ്യയും താപമാപിനിയെ തിളപ്പിക്കുന്നു. ലോകശക്തികളിലെ കരുത്തരെ കണ്ടെത്താൻ ബഹിരാകാശം കളമാക്കാനും മൂന്നു രാജ്യങ്ങളും പണമെറിയുന്നുണ്ട്. മൂന്ന് ആണവശക്തികൾ പോർമുന കൂർപ്പിക്കുമ്പോൾ, ഭയത്തിന്റെ തണുത്ത കാറ്റ് ലോകമാകെ അലയടിക്കുകയാണ്.
English Summary: World feels new cold war may start between US, China and Russia- In Depth Analysis