എതിർപാളയത്തിൽ നിന്ന് ഒരാളെ ചാടിച്ചു കൊണ്ടു വരുന്നതിനെ പോച്ചിങ്(വേട്ടയാടൽ) എന്നാണു മാനേജ്മെന്റ് വിദഗ്ധർ വിളിക്കാറുള്ളത്. ഒരാൾ പോകുമ്പോൾ അയാളുടെ മികവു നഷ്ടമാകുന്നു എന്നതു മാത്രമല്ല, അതുവരെ നിന്ന സ്ഥലത്തെ ചില രഹസ്യങ്ങൾ കൂടിയാണു നഷ്ടമാകുന്നത്...Party defections Kerala

എതിർപാളയത്തിൽ നിന്ന് ഒരാളെ ചാടിച്ചു കൊണ്ടു വരുന്നതിനെ പോച്ചിങ്(വേട്ടയാടൽ) എന്നാണു മാനേജ്മെന്റ് വിദഗ്ധർ വിളിക്കാറുള്ളത്. ഒരാൾ പോകുമ്പോൾ അയാളുടെ മികവു നഷ്ടമാകുന്നു എന്നതു മാത്രമല്ല, അതുവരെ നിന്ന സ്ഥലത്തെ ചില രഹസ്യങ്ങൾ കൂടിയാണു നഷ്ടമാകുന്നത്...Party defections Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എതിർപാളയത്തിൽ നിന്ന് ഒരാളെ ചാടിച്ചു കൊണ്ടു വരുന്നതിനെ പോച്ചിങ്(വേട്ടയാടൽ) എന്നാണു മാനേജ്മെന്റ് വിദഗ്ധർ വിളിക്കാറുള്ളത്. ഒരാൾ പോകുമ്പോൾ അയാളുടെ മികവു നഷ്ടമാകുന്നു എന്നതു മാത്രമല്ല, അതുവരെ നിന്ന സ്ഥലത്തെ ചില രഹസ്യങ്ങൾ കൂടിയാണു നഷ്ടമാകുന്നത്...Party defections Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മാറിമറിഞ്ഞ കേരള രാഷ്ട്രീയത്തിൽ പലരും പുതിയ താവളങ്ങളിലേക്കു  ചേക്കേറിക്കൊണ്ടിരിക്കുകയാണ്. തൊട്ടു തലേദിവസം വരെ പ്രവർത്തിച്ച പ്രത്യയശാസ്ത്രത്തിൽനിന്നും ഒരുനാൾ പടിയിറങ്ങി എതിർ കൂടാരങ്ങളിലേക്കു കയറിച്ചെല്ലുകയാണു ചിലർ. കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാറിന്റെയും മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.വി.ഗോപിനാഥിന്റെയും പാർട്ടി വിടൽ അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു.

ഒറ്റ ദിവസം കൊണ്ട് ദേശാഭിമാനി വരിക്കാരനും സിപിഎം ജില്ലാ സമ്മേളനത്തിന്റെ ചുമതലക്കാരനുമായി കെ.പി.അനിൽകുമാർ മാറി. ഖദറിട്ടു നടന്ന കോൺഗ്രസുകാരനായ അനിൽകുമാറിനെ സഖാവ് അനിൽകുമാറായി ഒരു മടിയും കൂടാതെ സിപിഎം സ്വീകരിച്ചു. എതിർപാളയത്തിലെത്തി വിജയിച്ചവർ മാത്രമല്ല, പിന്നീട് ഒന്നുമാകാതെ പോയവരും നിരവധിയുണ്ട്. ഒരു ആവേശത്തിന് ഇറങ്ങിപ്പുറപ്പെട്ട് തൽക്കാലം കിട്ടിയ ചെറിയ സ്ഥാനങ്ങൾ കൊണ്ടും പദവി കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നവരും നിരവധി.

ADVERTISEMENT

പോച്ചിങ് മുതൽ ഹെഡ് ഹണ്ട് വരെ!

എതിർപാളയത്തിൽനിന്ന് ഒരാളെ ചാടിച്ചു കൊണ്ടു വരുന്നതിനെ പോച്ചിങ് (വേട്ടയാടൽ) എന്നാണു മാനേജ്മെന്റ് വിദഗ്ധർ വിളിക്കാറുള്ളത്. ഒരാൾ പോകുമ്പോൾ അയാളുടെ മികവു നഷ്ടമാകുന്നു എന്നതു മാത്രമല്ല, അതുവരെ നിന്ന സ്ഥലത്തെ ചില രഹസ്യങ്ങൾ കൂടിയാണു നഷ്ടമാകുന്നത്. വൻകിട കമ്പനികളുടെ ഉയർന്ന എക്സിക്യൂട്ടീവുകളെ ഇങ്ങനെ ചാടിച്ചു കൊണ്ടു വരുന്നതിനായി ‘ഹെഡ് ഹണ്ട്’ എന്ന പേരിൽ എച്ച്ആർ കൺസൾട്ടൻസികൾതന്നെ പ്രവർത്തിക്കുന്നുണ്ട്.

പോകുന്ന ആളിന്റെ കഴിവും നെറ്റ്‌വർക്കും റിസോഴ്സും ആണ് വിജയത്തിന്റെ തോത് നിശ്ചയിക്കുന്നത്. വളരെ ഉയർന്ന ആളുകൾ അല്ലാത്തതിനാലും പോകുന്ന നേതാവിനൊപ്പം വളരെ കുറഞ്ഞ ആളുകൾ മാത്രമേ കൂടെ പോകൂ എന്നുള്ളതു കൊണ്ടും രാഷ്ട്രീയത്തിൽ വലിയ അപകടമുണ്ടാകുന്നില്ലെന്നു മാത്രം.

പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളിലേക്ക് എതിർ പാളയത്തിൽനിന്നു ചിലരെ നോട്ടമിട്ടു വൻ വാഗ്ദാനം നൽകി റാഞ്ചുന്നത് കേരള രാഷ്ട്രീയത്തിൽ പതിവുള്ളതല്ല. എന്നാൽ രാഷ്ട്രീയ പാർട്ടികൾ കോർപറേറ്റ് രീതികൾ പ്രയോഗിക്കുന്ന കാലത്ത് ഇതും വിദൂരമല്ല. പെട്ടെന്ന് ഒരു ദിവസം എതിർ പാളയത്തിലേക്കു ചുവടുമാറ്റേണ്ടി വരുമ്പോൾ മാനസികമായോ പ്രത്യയശാസ്ത്രപരമായോ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണു കേരളത്തിൽ ഇത്തരത്തിൽ പാർട്ടി മാറിയെത്തിയ ചിലർ.

ADVERTISEMENT

‘ഒരു ദിവസത്തെ പ്രകോപനമല്ല, നിരന്തര അപമാനം’

കെപിസിസി അംഗവും ഡിസിസി പ്രസിഡന്റും ഒക്കെയായി ഒരു കാലത്ത് കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്നു ടി.കെ.ഹംസ. പിന്നീട് സിപിഎമ്മിലെത്തുന്ന കാഴ്ചയാണു കേരളം കണ്ടത്. എന്നാൽ അന്നു പാർട്ടി വിട്ടത് ഏതെങ്കിലും ഒരു സംഭവത്തിന്റെ പ്രകോപനം കൊണ്ടല്ലെന്ന പക്ഷക്കാരനാണ് ഹംസ. ‘വിദ്യാർഥി സംഘടനാ കാലം മുതൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. പരസ്പരം കാലു വാരലാണ് കോൺഗ്രസിന്റെ പ്രധാന പ്രവർത്തനം. അങ്ങനെ നിരന്തരം കാലുവാരലിനു വിധേയനായപ്പോഴാണു പാർട്ടി വിട്ടത്.

ടി.കെ.ഹംസ

യൂത്ത് കോൺഗ്രസ് സെക്രട്ടറിയായി, കെപിസിസി അംഗമായി, കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിര കോൺഗ്രസിൽ ഉറച്ചു നിന്നു. 1980ൽ പാർട്ടിക്കു വേണ്ടി മത്സരിച്ചു, തോറ്റു. പക്ഷേ 1982ൽ അനുകൂല സാഹചര്യമുണ്ടായപ്പോൾ കോൺഗ്രസ് എന്നെ പരിഗണിച്ചില്ല. കുറെ നാളായി നടക്കുന്ന അപമാനം കണ്ടില്ലെന്നു നടിച്ച് ആത്മാഭിമാനം കളയേണ്ട എന്നു തോന്നി. അങ്ങനെയാണ് സിപിഎം പിന്തുണയോടെ മത്സരിച്ചു വിജയിച്ചത്. അന്നു മുതൽ സിപിഎം എല്ലാ പിന്തുണയും തന്നു.

കോൺഗ്രസ് വിട്ടു രണ്ടു വർഷം കഴിഞ്ഞ് 1984ൽ സിപിഎമ്മിൽ അംഗത്വം എടുത്തു. 3 തവണ എംഎൽഎയും ഒരു തവണ മന്ത്രിയും എംപിയുമായി. മഞ്ചേരി മണ്ഡലം പുനർനിർണയം നടത്തിയപ്പോഴാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. പിന്നീട് പ്രവാസി ക്ഷേമ ബോർഡ്, മാപ്പിള കലാ അക്കാദമി എന്നിവയുടെ ചെയർമാനാക്കി. ഇപ്പോൾ വഖഫ് ബോർഡ് ചെയർമാനാണ്. പാർട്ടിയിലും ഏരിയ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള പ്രാതിനിധ്യം തന്നു. ഒരുപാടു കാലത്തെ ദുരനുഭവവും നിരന്തര അപമാനവും തോന്നിയതു കൊണ്ടാണു പാർട്ടി വിട്ടത്. അതിൽ ഒരു ഖേദവും പിന്നീട് തോന്നിയിട്ടില്ല. കോൺഗ്രസുകാരനാകുന്നതിനു മുൻപ് ഞാൻ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. അതിനാൽ കോൺഗ്രസിൽനിന്നിറങ്ങി സിപിഎമ്മിന്റെ സംഘടനാ ചട്ടക്കൂടിലേക്കു മാറാൻ വലിയ പ്രയാസമൊന്നും തോന്നിയില്ല,’– ടി.കെ.ഹംസ പറയുന്നു.

ADVERTISEMENT

ഞാനാണു ശരിയെന്നു കാലം തെളിയിച്ചു: എ.പി.അബ്ദുല്ലക്കുട്ടി

എസ്എഫ്ഐ മുതൽ സിപിഎമ്മിൽ പ്രവൃത്തിക്കുകയും പിന്നീട് പാർട്ടി വിട്ട് കോൺഗ്രസിലേക്കും അവിടെനിന്നു ബിജെപിയിലേക്കും മാറിയ ആളാണ് കണ്ണൂരുകാരനായ എ.പി.അബ്ദുല്ലക്കുട്ടി. ‘എന്റേത് ഒരിക്കലും കാലു മാറ്റമല്ല, എന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളാൻ കഴിയുന്ന പാർട്ടിയിലേക്കു മാറുകയാണു ചെയ്തത്. ഏതു പാർട്ടിയിലേക്കു മാറിയാലും മാറ്റത്തിന്റെ കാരണം കൃത്യമായി വിശദീകരിക്കാൻ നമുക്കു കഴിയണം. മോദിയുടെ വികസന മാതൃക പുകഴ്ത്തിയതിനാണു സിപിഎമ്മും കോൺഗ്രസും എന്നെ പുറത്താക്കിയത്. എന്റെ വാദമാണു ശരിയെന്നു കാലം തെളിയിച്ചതാണ്,’– അബ്ദുല്ലക്കുട്ടി പറയുന്നു.

അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിക്കൊപ്പം.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്കു വന്ന അബ്ദുല്ലക്കുട്ടി 1999, 2004 തിരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ നിന്നുള്ള സിപിഎം എംപിയായിരുന്നു. 2009 ലാണ് സിപിഎമ്മുമായി വഴിപിരിയുന്നത്. തുടർന്നു കോൺഗ്രസിൽ ചേർന്നു. 2009 ലെ ഉപതിരഞ്ഞെടുപ്പിലും 2011ലും കോൺഗ്രസ് ടിക്കറ്റിൽ കണ്ണൂരിൽനിന്നു നിയമസഭയിലെത്തി. 2016ൽ തലശ്ശേരിയിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനു ശേഷം ബിജെപിയിലെത്തി. നിലവിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആണ്.

‘വിശ്വാസം സംബന്ധിച്ച നിലപാടുകളും മോദി സ്തുതിയുമായിരുന്നു ഞാനും പാർട്ടിയും ഇടയാൻ കാരണമായത്. വിശ്വാസവും വികസനവും സംബന്ധിച്ചു കേരള സമൂഹത്തിൽ അന്നു ഞാൻ ഉയർത്തിയ വിഷയം ഇന്നു സിപിഎമ്മിനെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തെ സംബന്ധിച്ച പാർട്ടി നിലപാട് മാറ്റണം എന്നു സിപിഎം ഔദ്യോഗികമായി ഇപ്പോൾ പറയുന്നു. ഗുജറാത്ത് വികസന മാതൃകയെ പുകഴ്ത്തിയ നിലപാട് ഉപേക്ഷിക്കാതെ തന്നെയാണു കോൺഗ്രസിൽ ചേർന്നത്. 2009ൽ കണ്ണൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, ഈ നിലപാട് തള്ളിപ്പറയണമെന്നു കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതിനു ഞാൻ തയാറായില്ല. അതുകൊണ്ടാണ് എനിക്ക് ഒരു മടിയും കൂടാതെ ബിജെപിയിൽ അംഗത്വം എടുക്കാൻ കഴിഞ്ഞത് ’– അബ്ദുല്ലക്കുട്ടി പറയുന്നു.

‘ഗുജറാത്ത് മോഡൽ വികസനത്തെ പിന്തുണച്ചതിന് ആദ്യം ഒരു വർഷത്തെ സസ്പെൻഷനാണു പാർട്ടി വിധിച്ചത്. വിമർശനം തുടർന്നതോടെ 2009 മാർച്ചിൽ പാർട്ടിക്കു പുറത്താക്കി. അന്ന് എംപിയായിരുന്നു. മോദി സ്തുതിയെ തുടർന്ന് കോൺഗ്രസിൽനിന്നു പുറത്താക്കുകയായിരുന്നു. വികസനം സംബന്ധിച്ച എന്റെ കാഴ്ചപ്പാട് അന്നും ഇന്നും ഒരു പോലെയാണ്. അതുകൊണ്ട് പാർട്ടി മാറിയതിൽ ഒരിക്കൽ പോലും പ്രയാസം നേരിടേണ്ടി വന്നിട്ടില്ല’’– അബ്ദുല്ലക്കുട്ടി പറയുന്നു.

സിപിഎമ്മിൽ മാത്രം പോകരുതെന്നു പറഞ്ഞു: ഒ.കെ.വാസു

കണ്ണൂരിൽ സിപിഎമ്മും ബിജെപിയും മുഖാമുഖം നേരിട്ടു കൊണ്ടിരിക്കുന്ന സമയത്താണു പാനൂരിൽനിന്നു ബിജെപി നേതാവ് ഒ.കെ.വാസുവും എ.അശോകനും പാർട്ടി വിടുന്നത്. ജില്ലാ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ മൂർച്ഛിച്ചതിനിടെ ഇവരുടെ നേതൃത്വത്തിൽ നമോ വിചാർ മഞ്ച് എന്ന പേരിൽ സംഘടന രൂപീകരിച്ചു. ഇതേ തുടർന്നു പാർട്ടി പുറത്താക്കിയതോടെയാണു അനുഭാവികളുമായി സിപിഎമ്മിൽ ചേർന്നത്. ‘ജനാധിപത്യ പാർട്ടിയെന്ന നിലയിലാണ് ബിജെപിയിൽ അത്രയും കാലം പ്രവർത്തിച്ചത്. അവിടെ ജനാധിപത്യം അൽപം പോലുമില്ല എന്നു മനസ്സിലായതോടെയാണു പാർട്ടി വിട്ടത്.

46 കൊല്ലം പ്രവർത്തിച്ച പാർട്ടിയിൽനിന്നു ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കിയത്. അനുരഞ്ജന ചർച്ചയിൽ ബിജെപി നേതാക്കൾ മുന്നോട്ടു വച്ച ഉപാധി, എവിടെ വേണമെങ്കിലും പോകാം, സിപിഎമ്മിൽ മാത്രം പോകരുത് എന്നായിരുന്നു. എന്നാൽപ്പിന്നെ അവിടെത്തന്നെ പോകാമെന്നു തീരുമാനിച്ചു. അങ്ങനെ ഒരു താൽപര്യം വ്യക്തമാക്കിയപ്പോൾ പൂർണ പിന്തുണയോടെയാണു സിപിഎം സ്വീകരിച്ചത്. പാനൂരിൽ സ്വീകരണ യോഗത്തിൽ ആയിരക്കണക്കിനു സിപിഎം അനുഭാവികളോടു ഞാൻ ക്ഷമ ചോദിച്ചു.

ഒ.കെ.വാസു

ഇത്രയും നാൾ ഞാൻ നിങ്ങളെ നാക്കു കൊണ്ടു ദ്രോഹിച്ചു, ആരെയും ശാരീരികമായി ആക്രമിച്ചിട്ടില്ല. എന്നോടു ക്ഷമിക്കണമെന്ന് പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് അവർ എന്നെ സ്വീകരിച്ചത്. അന്നു മുതൽ സിപിഎം എല്ലാ പരിഗണനയും നൽകി. പാർട്ടിയിൽ ലോക്കൽ കമ്മിറ്റിയിൽ അംഗത്വം നൽകി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കി. ഇപ്പോൾ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ആയി തുടരുന്നു. അന്നു പാർട്ടി വിട്ടത് ശരിയായ തീരുമാനമാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത് ’– ഒ.കെ.വാസു പറയുന്നു.

സ്ഥാനരാഷ്ട്രീയത്തിന്റെ പങ്കെന്ത്?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ലതിക സുഭാഷിന്റെ തല മൊട്ടയടിക്കൽ പ്രതിഷേധം കേരളം ഏറെ ചർച്ച ചെയ്തതാണ്. തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായ ലതിക, പിന്നീട് എൻസിപിയിൽ ചേർന്നു. മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജ് പാർട്ടി വിട്ടു സിപിഎമ്മിലെത്തിയപ്പോൾ ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനമാണു നൽകിയത്. 3 വർഷം കഴിഞ്ഞു ശോഭന ജോർജ് സ്ഥാനത്തുനിന്നു മാറുമ്പോഴും പകരം വരുന്നതും മറ്റൊരു മുൻ കോൺഗ്രസുകാരനും ഇടതു സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പാണ്.

ശോഭന ജോർജ്

2001ൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കു വന്ന ചെറിയാൻ ഫിലിപ്പിന് പാർലമെന്ററി രംഗത്ത് അർഹിക്കുന്ന സ്ഥാനം കിട്ടിയില്ലെന്ന അഭിപ്രായം സിപിഎമ്മിലുണ്ട്. മൂന്നു തവണ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും ഉറച്ച സീറ്റുകളിലായിരുന്നില്ല. രണ്ടു വട്ടം രാജ്യസഭയിലേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെടുകയും ചെയ്തു. 2006ലെ എൽഡിഎഫ് ഭരണത്തിൽ കെടിഡിസി ചെയർമാനായിരുന്നു. കഴിഞ്ഞ സർക്കാരിൽ നവകേരള മിഷൻ കോഓർഡിനേറ്ററായി.

മുസ്‌ലിം ലീഗ് വിട്ട് ഇടത് സഹയാത്രികരായ, കോഴിക്കോട് ജില്ലക്കാരായ കാരാട്ട് റസാഖും പ‌ി.ടി.എ. റഹീമും പിന്നീട് എംഎൽഎമാരായി. പ്രാദേശികമായ പ്രശ്നങ്ങളെ തുടർന്ന് വിവിധ പാർട്ടികളിലേക്കു ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നത് നിരവധി പേർ. കോൺഗ്രസിൽനിന്നു സിപിഎമ്മിലേക്കും സിപിഎമ്മിൽനിന്നു സിപിഐയിലേക്കും സിപിഎമ്മിൽനിന്നു ബിജെപിയിലേക്കും തിരിച്ചും ആളുകൾ മാറിക്കൊണ്ടിരിക്കുന്നു.

അണികൾക്കില്ലാത്ത മൂല്യം, നേതാക്കൾക്കുമില്ല: എം.എൻ.കാരശ്ശേരി

മൂല്യാധിഷ്ഠിത ജീവിതം, രാഷ്ട്രീയ പ്രവർത്തനം എന്നിവ ഇല്ലാതായതിന്റെ ചില ലക്ഷണങ്ങളാണ് നേരം വെളുക്കുമ്പോഴുള്ള ഈ കൂടുമാറ്റമെന്ന് സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ എം.എൻ.കാരശ്ശേരി പറയുന്നു. ‘രാഷ്ട്രീയത്തിൽ മാത്രമല്ല, സമൂഹത്തിലെ മൊത്തത്തിലുള്ള ജീർണതയുടെ ഫലമാണിത്. ശുപാർശ ചെയ്യാൻ അധികാരമില്ലാത്ത ഒരു രാഷ്ട്രീയ പ്രവർത്തകനെ അണികളോ ജനങ്ങളോ നമ്മുടെ നാട്ടിൽ അംഗീകരിച്ചു കൊടുക്കാറുണ്ടോ? പഞ്ചായത്ത് അംഗത്തിനും ലോക്കൽ സെക്രട്ടറിക്കും തങ്ങൾ വലിയ അധികാര കേന്ദ്രമാണെന്നു തോന്നുന്നത് അതുകൊണ്ടാണ്.

എം.എൻ.കാരശ്ശേരി

വർഷങ്ങളായി ഒു പാർട്ടിയിൽ വിശ്വസിച്ചിട്ടും വീടിനു മുന്നിലെ റോഡ് നേരെയാക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി മാറുന്ന കുടുംബങ്ങളുണ്ടല്ലോ നമ്മുടെ നാട്ടിൽ. ഇതൊന്നും നേതാക്കളുടെ  മാത്രം കുറ്റമല്ല, ഇവിടുത്തെ ജനങ്ങളുടെയും അണികളുടെയും കൂടി കുഴപ്പമാണ്. അധികാര സ്ഥാനത്തെത്തുക എന്നതാണ് രാഷ്ട്രീയത്തിലിറങ്ങുന്ന ഓരോരുത്തരുടെയും പരമമായ ആവശ്യം. അത് ഒരു സ്ഥലത്തു കിട്ടാതാകുമ്പോൾ അടുത്ത സ്ഥലത്തേക്കു പോകുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതിനേക്കാൾ താൽപര്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്കാണ് കേരളത്തിന്റെ പോക്ക്. ഇങ്ങനെ മാറാൻ കഴിയുന്നതാണ് പ്രത്യയശാസ്ത്രം എന്നു വിചാരിക്കുന്ന അനുയായികളുള്ള നാട്ടിൽ ഇത്തരം പാർട്ടി മാറുന്നവർ ഇനിയും ഉണ്ടാകും’– കാരശ്ശേരി പറയുന്നു.

English Summary: Why Senior Political Leaders Are Changing their Parties in Kerala: An Analysis