ചങ്ങാതീ, ജീവിതത്തിലേക്കലിഞ്ഞ ഉപ്പാകുന്നു ഈ ക്യാംപസ്; നീയോ മഴവില്ലും നിറക്കുടയും!
മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും സ്വപ്‍നങ്ങൾക്കു നിറച്ചാർത്ത് അണിയിക്കുന്നു. റീലും സ്റ്റേറ്റസും പോസ്റ്റും ട്രോളും വിഡിയോയും ഇല്ലാതെ എന്തൂട്ട് ഫൺ എന്നു കുട്ടികളുടെ കോറസ്സ്. സ്നേഹമെന്നാൽ ഡേറ്റയാകുന്നു. ഡേറ്റ തീർന്നാൽ എല്ലാം വിഫലം, ശൂന്യം!college campuses, medical, health, colleges, students, nostalgia, autograph, coronavirus, covid-19,
മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും സ്വപ്‍നങ്ങൾക്കു നിറച്ചാർത്ത് അണിയിക്കുന്നു. റീലും സ്റ്റേറ്റസും പോസ്റ്റും ട്രോളും വിഡിയോയും ഇല്ലാതെ എന്തൂട്ട് ഫൺ എന്നു കുട്ടികളുടെ കോറസ്സ്. സ്നേഹമെന്നാൽ ഡേറ്റയാകുന്നു. ഡേറ്റ തീർന്നാൽ എല്ലാം വിഫലം, ശൂന്യം!college campuses, medical, health, colleges, students, nostalgia, autograph, coronavirus, covid-19,
മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും സ്വപ്‍നങ്ങൾക്കു നിറച്ചാർത്ത് അണിയിക്കുന്നു. റീലും സ്റ്റേറ്റസും പോസ്റ്റും ട്രോളും വിഡിയോയും ഇല്ലാതെ എന്തൂട്ട് ഫൺ എന്നു കുട്ടികളുടെ കോറസ്സ്. സ്നേഹമെന്നാൽ ഡേറ്റയാകുന്നു. ഡേറ്റ തീർന്നാൽ എല്ലാം വിഫലം, ശൂന്യം!college campuses, medical, health, colleges, students, nostalgia, autograph, coronavirus, covid-19,
ക്യാംപസുകൾ ഉറങ്ങാറുണ്ടോ? ഒരു കുഞ്ഞൻ വൈറസ് ലോകത്തെയാകെ അടച്ചുപൂട്ടി വീട്ടിലാക്കിയപ്പോൾ, ഏകാന്തതയിൽ ഉഴറിപ്പോയി നമ്മുടെ ക്യാംപസുകൾ. കാത്തിരിക്കാനും കളിചിരികൾ കേൾക്കാനും തൊടാനും സ്നേഹിക്കാനും ആരുമില്ലാതെ അവ ഒറ്റപ്പെട്ടു. വേനലവധിക്കു രണ്ടുമാസം പൂട്ടുന്നതു പതിവാണെങ്കിലും സ്കൂൾ, കോളജ് ക്യാംപസുകൾ ഇത്രയേറെക്കാലം അനാഥമായിപ്പോയത് ഇപ്പോഴാണ്. മനുഷ്യരെല്ലാം കൊറോണയെപ്പേടിച്ചു മാസ്കിട്ടപ്പോൾ, കുട്ടികളാരും വരാതെയായപ്പോൾ, ‘നാരായണക്കിളിക്കൂടു പോലുള്ളൊരു നാലുകാലോലപ്പുര’ മാത്രമായല്ലോയെന്നു ക്യാംപസുകൾ നൊമ്പരപ്പെട്ടു. ഒന്നര വർഷത്തിലേറെയായി ഉറക്കത്തിലായിരുന്ന കേരളത്തിലെ കലാലയങ്ങളും വിദ്യാലയങ്ങളും ഉണരുകയാണ്, ഡിഗ്രി, പിജി അവസാന വർഷ വിദ്യാർഥികൾക്കായി കോളജുകൾ ഇന്നു ഭാഗികമായി തുറന്നു. 18 മുതൽ കോളജുകളിലെ എല്ലാ ക്ലാസുകളും തുടങ്ങാനാണ് സർക്കാർ തീരുമാനം. അതെ, ക്യാംപസുകൾ ഉണരുകയാണ് വിദ്യാർഥികളുടെ സജീവസംവാദങ്ങളിലേക്കും ആഹ്ലാദാഘോഷങ്ങളിലേക്കും..!
ക്യാംപസിനോട് ഒരിക്കലും ചേരാത്തൊരു വാക്കാണു ശ്മശാനമൂകത. പക്ഷേ, മനുഷ്യരുടെ ചൂടുംചൂരുമില്ലാതെ കലാലയങ്ങളെല്ലാം ആ ശ്മശാനമൗനത്തിൽ വീർപ്പുമുട്ടി. ‘എന്റെ കുട്ടികളെ കണ്ടോ, അവരെവിടെപ്പോയി’ എന്നു തൂണുകളും മരങ്ങളും ബെഞ്ചും മേശയും ക്ലാസ് മുറികളും കാറ്റിനോടു ചോദിച്ചു കൊണ്ടിരുന്നു. ഒരു നെടുവീർപ്പ് മാത്രമായിരുന്നു മറുപടി. നേരത്തേ പഠിച്ച, ഇപ്പോൾ പഠിക്കുന്ന കലാലയത്തിലേക്ക് ഈ കോവിഡ് കാലത്ത് ആരെങ്കിലും പോയിരുന്നോ? തൃശൂർ ശ്രീ കേരളവർമ കോളജിലേക്ക് അവിചാരിതമായി ഈ അടുത്തകാലത്ത് പോകാനിടയായി. ഇരമ്പമെല്ലാം ഊർന്നുപോയ കടൽ പോലെ, വിരസമായ ഒരാദിതാളമായി കോളജ് നിർവികാരതയോടെ കൈകൾ വിടർത്തി. കിനാവുകൾ കൂടുകൂട്ടിയ പഞ്ചാരമരങ്ങളുടെ കരിമ്പച്ചപ്പ് കണ്ടിട്ടും നീറ്റലായിരുന്നു ഉള്ളിൽ.
‘ഇടിനാദം മുഴങ്ങട്ടെ, കടൽ രണ്ടായി പിളരട്ടെ, ദിക്ക് നാലും കുലുങ്ങട്ടെ, ഭൂമി കോരിത്തരിക്കട്ടെ’ എന്നൊക്കെ കേട്ടു കോരിത്തരിച്ചിരുന്ന ഇടനാഴികളിൽ ചിലന്തികൾ ചുമ്മാ വല നെയ്യുന്നു. നൊസ്റ്റാൾജിയുടെ നെഞ്ചത്താണു മാറാല കെട്ടുന്നതെന്നു ചിലന്തിയോട് ആരാണു സങ്കടം പറയുക? പ്രിയ കവി എം.ആർ.അനൂപിന്റെ കവിതയിലെ വരികളായിരുന്നു ആശ്വാസമന്ത്രം. ‘കാറ്റായി വന്നു നീ, കടലായിരമ്പി നീ, ഉണര്‍വായി ഉയിരായി, തീരാത്ത നിറവായി, നിനവിലൊരു പൂമ്പാറ്റ പലതായി, പലകുറി മൊഴിഞ്ഞൊരാ വാക്കായി...’ കനൽച്ചെന്തീ പോലെ പൂവാക വിടരാത്ത ക്യാംപസുണ്ടോ? മണ്ണും മരവും കല്ലും കഴുക്കോലും സിമന്റും കോൺക്രീറ്റ് കൂടാരവുമല്ല ക്യാംപസ്. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഇതര ജീവനക്കാരും അന്നമൂട്ടുന്നവരും പട്ടിയും പൂച്ചയും കിളികളും കാറ്റുമെല്ലാം ചേർന്ന അദ്ഭുത പ്രപഞ്ചമാണത്. ചിലപ്പോഴെങ്കിലും, അവിടെ ജീവിച്ചവർക്കു മാത്രം മനസ്സിലാകുന്ന ‘ഉട്ടോപ്യ’ ആകുമത്!
ക്യാംപസുകളിൽ പഠിക്കുന്നവരും ഈ കോവിഡ് കാലത്ത് പുറത്തിറങ്ങിയവരുമായ വിദ്യാർഥികൾ അനുഭവിക്കുന്ന വിഷമം മാറ്റാനുള്ള മരുന്നു കിട്ടുക നന്നേ പ്രയാസമാണ്. ന്യൂജൻ പിള്ളേരുടെ ആഘോഷങ്ങളിൽ മതിമറന്ന് ഉന്മാദിക്കേണ്ടതിനു പകരം ഉറങ്ങാനായിരുന്നു ക്യാംപസിന്റെ വിധി. ലോറിയും ക്രെയിനും ഫയര്‍എന്‍ജിനും കെഎസ്ആര്‍ടിസി ബസ്സുമെല്ലാം കയറ്റി പുതിയ കുട്ടികൾ ‘പൊളിച്ചുകളഞ്ഞ വിശുദ്ധിയുടെ’ ഉത്സവത്തുടർച്ചയ്ക്കാണ് ഇടർച്ചയുണ്ടായത്. ആകാശമാണ് അതിരെന്നു പഠിച്ചുതുടങ്ങിയ ‘വീട്ടുകുട്ടികളുടെ’ സ്വപ്നങ്ങളിന്മേലാണ് കോവിഡ് നിഴൽ വീഴ്‌ത്തിയത്. സൗഹൃദങ്ങളുടെ, പുതുരുചികളുടെ, പുതുകാഴ്ചകളുടെ വർണാഭ ലോകമാണു മുരടിച്ചു പോയത്. വിമർശനമുണ്ടെങ്കിലും, ക്യാംപസ് രാഷ്ട്രീയത്തിന്റെ കുറവുകൂടിയാണ്, പ്രണയപ്പകയുടെ പേരിൽ ജീവനെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്.
അവരവരിലേക്കു ചുരുങ്ങാൻ തുടങ്ങിയ, അവനവനിസത്തിനു വേഗം കൂടിയ കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. കുട്ടികൾക്കും ചെറുപ്പക്കാർക്കും നേരെ ഇക്കാര്യത്തിൽ വിരൽ ചൂണ്ടുമ്പോൾ, ഈ ലോക്ഡൗണിൽ മറ്റെന്തു ചെയ്യാനാണ്, മൊബൈൽ ഫോണിൽ തലപൂഴ്‍ത്തുകയല്ലാതെ എന്നവർ തിരിച്ചു ചോദിക്കുന്നു. ചേർന്നിരുന്ന്, ചേർത്തു പിടിച്ച്, തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന, കൂടെക്കൂട്ടുന്ന അധ്യാപകർ ഓർമകളിലേക്കു പിന്മാറി. ഊഷ്മളമായ അധ്യാപക–വിദ്യാർഥി ബന്ധം കേട്ടുകേൾവിയാകുന്നു ഓൺലൈൻ ഉലകത്തിൽ. ആണ്‍, പെണ്‍ വേര്‍തിരിവില്ലാത്ത യുവത്വമാണ് ഇന്നിന്റെ അടയാളം. മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും സ്വപ്‍നങ്ങൾക്കു നിറച്ചാർത്ത് അണിയിക്കുന്നു. റീലും സ്റ്റേറ്റസും പോസ്റ്റും ട്രോളും വിഡിയോയും ഇല്ലാതെ എന്തൂട്ട് ഫൺ എന്നു കുട്ടികളുടെ കോറസ്സ്. സ്നേഹമെന്നാൽ ഡേറ്റയാകുന്നു. ഡേറ്റ തീർന്നാൽ എല്ലാം വിഫലം, ശൂന്യം!
കോവിഡ് മഹാമാരിയെത്തുടർന്ന് 2020 മാർച്ചോടെയാണ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഉൾപ്പെടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. വീണ്ടും ക്യാംപസിലേക്ക് വിദ്യാർഥികളെത്തുമ്പോൾ, വിദ്യാഭ്യാസരീതി അപ്പാടെ മാറിയിരിക്കുന്നു. പൂർണമായും ഓഫ്‌ലൈൻ പഠനമെന്നത് ഇനിയുണ്ടാകില്ലെന്നാണു വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്. ഓൺലൈനും ഓഫ്‌ലൈനും ഇടകലർന്ന രീതിയാകും വരുംകാലത്തുണ്ടാവുക. ഓൺലൈനിൽ ഒരുപടി മുന്നിലാണു വിദ്യാർഥികൾ എന്നതിനാൽ അധ്യാപകർക്കു പാഠ്യവിഷയത്തിൽ മാത്രമല്ല, ഡിജിറ്റൽ ഇടപാടിലും ശേഷി വേണമെന്ന അവസ്ഥയുമുണ്ട്. കുട്ടികളുടെ കളിചിരികളില്ലാത്ത, ആർപ്പുവിളികൾ ഇല്ലാത്ത, മണിയടികൾ ഇല്ലാത്ത ഇടത്തെ ഇനി ഉണർത്തണം.
‘പിജിക്ക് ചേർന്ന വർഷമാണു കൊറോണ വരുന്നത്. ഡിഗ്രി മൂന്നു വർഷവും നന്നായി ആഘോഷിച്ചിരുന്നു. അതുപോലെ ആയിരിക്കുമെന്നു കരുതി. കുറച്ചു മാസങ്ങൾ മാത്രമെ ക്ലാസിൽ പോയുള്ളൂ. പുതിയ കോളജ്, കൂട്ടുകാർ... പൊരുത്തപ്പെട്ടു വരുമ്പോഴേക്കും ലോക്ഡൗണായി. കോളജിൽ പോകേണ്ടല്ലോ, വീട്ടിലിരിക്കാമല്ലോ എന്നൊക്കായാണു തോന്നിയത്. രാവിലെ കൂട്ടുകാരെല്ലാം ചേർന്നു ബസ്സിലാണു പോകുക. ബസ്സിറങ്ങി നടന്നെത്തുമ്പോഴേക്കും ക്ലാസിലെത്താൻ വൈകും. സാറ് എന്തെങ്കിലും പറയും, നമ്മളത് കേൾക്കാത്ത മട്ടിലിരിക്കും. ലാബിലും കുസൃതികൾ ഒപ്പിക്കും. ടീച്ചറുടെ ചീത്ത കേൾക്കുമ്പോൾ വിഷമമാകും. അതൊന്നും ഇനിയില്ലല്ലോ എന്ന സങ്കടമാണിപ്പോൾ’– വടക്കാഞ്ചേരി ശ്രീ വ്യാസ എൻഎസ്എസ് കോളജിലെ എംഎസ്‌സി ഫിസിക്സ് നാലാം സെമസ്റ്റർ വിദ്യാർഥി പി.ആർ.അമ്പിളി പറയുന്നു.
‘ഡിഗ്രിക്കൊന്നും ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുപോയിരുന്നില്ല. പിജിക്കാണ് കുറച്ചുനാളെങ്കിലും കൊണ്ടുപോയത്. ഭക്ഷണം കൊണ്ടുവരാത്തതൊന്നും പ്രശ്നമല്ല. ക്ലാസിലെ എല്ലാവരും ഭക്ഷണം പങ്കിട്ടാണ് കഴിക്കുക. ഇനി കൂട്ടുകാരുടെ പാത്രത്തിൽനിന്ന് വാരിക്കഴിക്കാനും വെള്ളക്കുപ്പിയെടുത്തു കുടിക്കാനുമൊക്കെ മടി തോന്നുന്നുണ്ട്. ധൈര്യമില്ല എന്നും പറയാം. ഒരുമിച്ച് ബെഞ്ചിൽ മുട്ടിയിരിക്കാനും, ചറപറ വർത്തമാനം പറയാനും സാധിക്കുമോ? എൻസിസി, എൻഎസ്എസ്, ടൂറിസം ക്ലബ് പോലുള്ള ആക്ടിവിറ്റികളൊക്കെ പഴയതു പോലെ ആകില്ലല്ലോ? തിരക്കുള്ള ബസ്സിൽ വട്ടംകൂടിനിന്നു വർത്തമാനം പറയുന്നത്, കടല കൊറിക്കുന്നത്, ലെയ്സ് തിന്നുന്നത്...
കോളജിൽനിന്നുള്ള ടൂർ ഇല്ലാതായതു വലിയൊരു മിസ്സാണ്. അതിനാൽതന്നെ ആഴത്തിലുള്ള സൗഹൃദങ്ങൾ ഉണ്ടായില്ലെന്നും തോന്നുന്നു. ഓണാഘോഷത്തിനു സദ്യയൊരുക്കുന്നതും, സാരിയുടുത്ത് പെൺകുട്ടികളും മുണ്ടുടുത്ത് ആൺകുട്ടികളും ഒറ്റ ഡ്രസ് കോഡിൽ വരുന്നതും എല്ലാം കൊറോണ തടഞ്ഞു. കഴിക്കാനല്ലാതെ മാസ്ക് ഊരിയാൽ സാറുമാർ വന്ന് വഴക്ക് പറയും. ബാന്റ് സെറ്റ്, ഡിജെ, ശിങ്കാരിമേളം തുടങ്ങിയ ആഘോഷങ്ങളിൽ പെൺകുട്ടികൾ മതിമറന്ന് തുള്ളിച്ചാടും. പുറത്ത് അതിനുള്ള അവസരം കുറവാണല്ലോ. അതും കോവിഡ് കട്ടെടുത്തു’– നഷ്ടമാകുന്ന സ്നേഹസൗഹൃദങ്ങളെ ഓർത്ത് അമ്പിളി പറഞ്ഞു.
‘കോളജിനെ മനസ്സിലേക്ക് സ്വീകരിച്ചു തുടങ്ങുന്ന സമയത്തായിരുന്നു ലോക്ഡൗൺ. പരിചയക്കേടെല്ലാം മാറി സജീവമായത് രണ്ടാം സെമസ്റ്ററിലാണ്. സ്കൂളിലെ കൂട്ടുകാരെപ്പോലെ കോളജിലും അടുപ്പമായി വരുന്നതേയുള്ളൂ. അപ്പോഴായിരുന്നു ടെക് ഫെസ്റ്റ്. അതു ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ടാക്കി. ക്ലാസ് കട്ട് ചെയ്തും അല്ലാതെയും ഒരുമിച്ചു ഭക്ഷണം കഴിക്കാനും കളിക്കാനും പോയിത്തുടങ്ങി. ഫ്രണ്ട്സുമായുള്ള കണക്‌ഷനും കോളജ് ലൈഫും എൻജോയ് ചെയ്യുമ്പോഴേക്കും കോവിഡ് വന്ന് അതെല്ലാം തടസ്സപ്പെടുത്തി. പിന്നെ ഓൺലൈൻ ക്ലാസായി. ഉഴപ്പാനുള്ള അവസരമാണല്ലോ എന്നു സന്തോഷിച്ചു’– ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥി സി.വൈഷ്‍ണവ് പറയുന്നു.
‘ഓൺലൈൻ ക്ലാസിൽ നമ്മുടെ വെർച്വൽ സാന്നിധ്യം മാത്രമേയുള്ളൂ. ടീച്ചർ നമ്മളെ കാണാതെ ക്ലാസ് എടുത്തുകൊണ്ടിരിക്കും. ക്ലാസ് കേൾക്കാം, ഒപ്പം വാട്സാപ് നോക്കാം, കിടന്നുറങ്ങുക പോലും ചെയ്യാം. ഇതു പഠനത്തെ ദോഷകരമായി ബാധിച്ചു. ഒന്നും രണ്ടും സെമസ്റ്ററിൽ ഞാൻ സെക്കൻഡ് ടോപ്പറായിരുന്നു. എത്ര ഉഴപ്പാണെന്നു പറഞ്ഞാലും ഓഫ്‍ലൈൻ ക്ലാസിൽ അറിയാതെയെങ്കിലും ടീച്ചർ പറയുന്നതു തലയ്ക്കകത്തു കയറും. ഓൺലൈനിൽ അത്ര ഫോക്കസ് കിട്ടില്ല. മടി പിടിച്ചു, പുസ്തകം തുറന്നുനോക്കാൻ തോന്നിയില്ല. ഓൺലൈന് ആയിട്ടായിരുന്നു ഇന്റേണൽ പരീക്ഷ. നോക്കിയെഴുതിയും മറ്റും കുഴപ്പമില്ലാതെ കടന്നുകൂടി. മൂന്നാം സെമസ്റ്റർ പരീക്ഷ ഓഫ്‍ലൈനായാണ് നടത്തുകയെന്നു സർവകലാശാല പറഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
പഠനം വളരെ ടഫ് ആയി. ക്ലാസു കൂടി ഡിജിറ്റൽ ആയതോടെ ഓൺലൈനിൽനിന്ന് ഇറങ്ങിവരാൻ പറ്റാത്ത അവസ്ഥ. കഷ്ടപ്പെട്ടാണ് എന്തെങ്കിലുമൊക്കെ വായിച്ചു മനസ്സിലാക്കിയത്. സമൂഹമാധ്യമങ്ങളും ഓൺലൈനും ഓഫ്‍ലൈൻ ക്ലാസും ബാലൻസിലാണു നേരത്തേ കൊണ്ടുപോയിരുന്നത്. ഇപ്പോൾ എല്ലാം കുഴഞ്ഞുമറിഞ്ഞു. ആദ്യ സെമസ്റ്ററുകളിലെപ്പോലെ ടോപ്പറാകാൻ പറ്റില്ലെന്നു മനസ്സിലായി. ഇപ്പോൾ പഠിപ്പില്ല, സമൂഹമാധ്യമങ്ങൾ മാത്രമെയുള്ളൂ. വീട്ടുകാരുമായും കൂട്ടുകാരുമായും പുറംലോകവുമായുള്ള ബന്ധം കുറഞ്ഞു. ഐവി, ട്രിപ്പ് ഒക്കെ മിസ്സായി. ക്ലാസിൽ പോകേണ്ട, വീട്ടിലിരിക്കാം, സിനിമ കാണാം, ഗെയിം കളിക്കാം എന്നൊക്കെയാണ് ആദ്യം തോന്നിയത്. ആറു മാസം കഴിഞ്ഞപ്പോഴേക്കും മടുത്തു. 90 ശതമാനം കുട്ടികളും ഓഫ്‍ലൈൻ ക്ലാസ് മതിയെന്നാകും പറയുക. ഞാനും ഓൺലൈൻ ക്ലാസ് വെറുത്തു’– ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ദുരിതം വൈഷ്‍ണവ് വിവരിച്ചു.
‘കുറച്ചുനാൾ മാത്രമെ കോളജിൽ പോകാനായുള്ളൂ. കുറെ മാസങ്ങൾ വീട്ടിലിരുന്നു. പ്രാക്ടിക്കലിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം കോളജിൽ പോയത്. ടൂർ പോകാൻ പറ്റിയില്ല, ഐവിയും നടന്നില്ല. ഞങ്ങളെ സീനിയേഴ്സ് റാഗ് ചെയ്തിരുന്നു. എന്നാൽ ജൂനിയേഴ്‍സിനെ റാഗ് ചെയ്യാൻ ഞങ്ങൾക്ക് അവസരമുണ്ടായില്ല. പഠനം കുഴപ്പമില്ലാതെ പോകുന്നുണ്ട്. ഹോസ്റ്റലിലെ കഥപറച്ചിലും പാട്ടുകൂട്ടവും മിസ്സായി. സുഹൃത്തുക്കളോടുള്ള അടുപ്പം കുറഞ്ഞു. ഹോസ്റ്റലിൽനിന്നും കറങ്ങാൻ പോകാമെന്നും സിനിമ കാണാമെന്നും പദ്ധതിയിട്ടെങ്കിലും കൊറോണ വില്ലനായി. കോളജിൽനിന്നു പോയ ടീച്ചർമാരെ നേരിട്ടു യാത്രയാക്കാൻ പറ്റിയില്ല. ടീച്ചർക്കു വാവയുണ്ടായതു പോലുള്ള സന്തോഷങ്ങളിൽ പങ്കെടുക്കാനും കോവിഡ് തടസ്സംനിന്നു’– ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബിഎസ്‍സി ബയോടെക്നോളജി അവസാനവർഷ വിദ്യാർഥി രേഷ്മ രവി പറഞ്ഞു.
എത്രയെത്രെ നിറവാർന്ന ഉത്സവങ്ങളാണു നഷ്ടമായതെന്ന് ഓരോ കുട്ടിയും നെടുവീർപ്പെടുന്നു. ഓണത്തിന്, ക്യാംപസുകളിലെ ഓണത്തുമ്പിക്ക് ചന്തമേറും, മാവേലിക്കും പുലികൾക്കും വീര്യമേറും. കസവിൻ തിളക്കമാകും കോളജിന്. പൂക്കള മത്സരങ്ങളിൽ, വടംവലിയിൽ, ഉറിയടിയിൽ ആവേശം മാനംമുട്ടും. സദ്യയും സെൽഫിയും പായസമധുരമായി ഓർമത്തുമ്പിൽ ഊഞ്ഞാലാടും. ഫ്ലാഷ് മോബും ഫാഷൻ ഷോയും നാടകവും ഫ്യൂഷൻ മ്യൂസിക്കും മുദ്രാവാക്യങ്ങളും അടിതടകളും ഓളം വെട്ടുന്ന ക്യാംപസ്. ചിരികൾ മാത്രമുള്ള കോളജ് ഡേ. ആർപ്പുവിളികളുടെ പാട്ടോളങ്ങൾ. അരങ്ങിലും അണിയറയിലും കയ്യടിയും ബഹളവുമായി നിറയുന്ന കലോത്സവ രാപകലുകൾ. അടുപ്പുകൂട്ടി, കുട്ടികളൊരുക്കുന്ന കഞ്ഞി കുടിച്ച് സ്റ്റേജിൽ കയറുന്ന പാവങ്ങളുടെയും, ‘മുന്തിയ ഭക്ഷണം’ കിട്ടുന്ന പണക്കാരുടെയും കോളജിൽ, അന്നത്തിനെല്ലാം ഒരേ സ്വാദാണ്– സൗഹൃദം. ചങ്ങാതീ, ജീവിതത്തിലേക്ക് അലിഞ്ഞുചേർന്ന ക്യാംപസ് ഉപ്പാകുന്നു നമ്മൾ!
English Summary: Kerala Campuses back to action after Covid